പൂർവ്വകാല മുസ്‌ലിംകൾക്ക് സാക്ഷരതയോടുള്ള പ്രതിബദ്ധതയുടെ ഫലമായി ഇസ്‌ലാമിക ലോകത്തിന്റെ തുടക്കത്തിൽ തന്നെ ധാരാളം ലൈബ്രറികൾ സ്ഥാപിക്കപ്പെട്ടതായി കാണാം. മസ്ജിദുകൾ, മദ്രസകൾ (സ്കൂളുകൾ), ബൈത്ത് അൽ-ഹിക്മ (ഗവേഷണ സ്ഥാപനങ്ങൾ) എന്നിവിടങ്ങളിലായി ഗ്രന്ഥങ്ങളുടെ ഒരു വൻ ശേഖരം തന്നെ ഉണ്ടായിരുന്നു. മസ്ജിദ് ലൈബ്രറികൾ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ, കൂടുതൽ മതേതര ശാസ്ത്ര സാങ്കേതിക അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബൈത്തുൽ ഹിക്മ സ്ഥാപിക്കപ്പെട്ടു. ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിലെ ചില പ്രധാന ലൈബ്രറികളാണ് ചിത്രത്തിൽ,
അൽ-ഖറവിയ്യാൻ ലൈബ്രറി, ഫെസ്, മൊറോക്കോ
859-ൽ ഫാത്തിമ എൽ-ഫിഹ്രിയ എന്ന മുസ്‌ലിം വനിത സ്ഥാപിച്ച ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ലൈബ്രറികളിൽ ഒന്നാണ് ഇത്. ആഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള ലൈബ്രറിയെന്നും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വർക്കിംഗ് ലൈബ്രറി എന്നും ബഹുമതികളുള്ള അൽ ഖറവിയ്യാൻ ഇന്നും ഉപയോഗത്തിലുണ്ട്.

അൽ-ഖറവിയ്യാൻ ലൈബ്രറിയിൽ 4,000 അപൂർവ ഗ്രന്ഥങ്ങളുടെയും ഈ പ്രദേശത്തെ പ്രശസ്ത പണ്ഡിതന്മാർ എഴുതിയിട്ടുള്ള പുരാതന അറബി കയ്യെഴുത്തുപ്രതികളുടെയും ശേഖരം കാണാം. കൈയെഴുത്തുപ്രതികളിൽ വിശുദ്ധ ഖുർആനിന്റെ ഒമ്പതാം നൂറ്റാണ്ടിലെ പതിപ്പും തത്ത്വചിന്തകനായ അവെറോസ് (Averroes )എഴുതിയ ഇസ്ലാമിക നിയമശാസ്ത്രത്തെക്കുറിച്ചുള്ള ഒരു കൈയെഴുത്തുപ്രതിയും ഉൾപ്പെടുന്നു.
ബൈത്തുൽ ഹിക്മ (ജ്ഞാന ഭവനം), ബാഗ്ദാദ്, ഇറാഖ്
അബാസിയ്യ ഖലീഫ ഹാറൂൺ അൽ-റഷിദ് (786-809) സ്ഥാപിച്ച ഒരു ഗവേഷണ-വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ബൈത്തുൽ ഹിക്മ. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ അഭിവൃദ്ധി പ്രാപിച്ചിരുന്ന ഇത് അദ്ദേഹത്തിന്റെ പുത്രൻ ഖലീഫ അൽ-മഅമൂന്റെ (813-833) കീഴിലാണ് അവസാനിച്ചത്.

ഈ ജ്ഞാന ഭവനത്തിലേക്ക് വിവരങ്ങൾ, ആശയങ്ങൾ, സംസ്‌കാരം എന്നിവ പരസ്പരം പങ്കിടാൻ അൽ-മഅമൂൻ ലോകമെമ്പാടുമുള്ള പണ്ഡിതന്മാരെ വിളിച്ചുവരുത്തി. മുസ്ലീം പണ്ഡിതന്മാരെ കൂടാതെ, ഹിന്ദു, ജൂത, ക്രിസ്ത്യൻ പണ്ഡിതന്മാർ ഇവിടെ പഠിക്കുകയും ധാരാളം പുസ്തകങ്ങൾ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. അൽ-മാമുൻ ബൈസന്റൈൻ ചക്രവർത്തി തിയോഫിലോസിലേക്ക് ഒരു ദൂതനെ അയയ്ക്കുന്നു. (Photo)
ദാറുൽ ഇൽമ് (ദാറുൽ ഹികം)കെയ്‌റോ, ഈജിപ്ത്
ഫാത്തിമി രാജവംശത്തിലെ ആറാമത്തെ ഖലീഫ അൽ-ഹക്കീം ബി-അംർ അള്ളാ ( Al-Hakim bi-Amr Allah)യുടെ കീഴിൽ AD 1005 -ൽ സ്ഥാപിതമായി. ഇവിടെ ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യാമിതി, ദൈവശാസ്ത്രം, വ്യാകരണം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ പണ്ഡിതന്മാർ പഠിപ്പിച്ചു.

ഈജിപ്തിലെ ഈ വിജ്ഞാന ഭവനം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വായനശാലകൾ തുറന്നിരുന്നു. ലോകമെമ്പാടുമുള്ള വിവിധ വിഷയങ്ങളിൽ പുസ്തകങ്ങൾ ശേഖരിച്ചു . അതിന്റെ സുവർണ കാലത്ത്, ആദ്യകാല നാഗരികതകളെക്കുറിച്ചുള്ള 18,000 കൈയെഴുത്തുപ്രതികൾ ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ വാല്യങ്ങൾ ലൈബ്രറിയിൽ ഉണ്ടായിരുന്നു.
സെൻട്രൽ ലൈബ്രറി ഓഫ് അസ്താൻ ഖുദ്‌സ് റസാവി, മഷാദ്, ഇറാൻ
1457-ന് മുമ്പ് സ്ഥാപിതമായ ഇതിന് 1.1 ദശലക്ഷത്തിലധികം വാല്യങ്ങൾ ഉണ്ട്. ഇസ്‌ലാമിക ചരിത്രത്തിന്റെ പുരാതന കാലത്തെ നിരവധി കൈയെഴുത്തുപ്രതികളും അപൂർവ കൃതികളും അടങ്ങുന്ന ഇസ്ലാമിക ഗവേഷണത്തിനുതകുന്ന ഒരു അന്താരാഷ്ട്ര കേന്ദ്രമാണിത്.

ബുയിദ് രാജവംശത്തിന്റെ അമീറായിരുന്നു അദുദ് അൽ-ദൗള (Adud al-Daula )ഷിറാസിൽ ഇസ്‌ലാമിന്റെ ആരംഭം മുതൽ തന്റെ കാലം വരെ എഴുതിയ പുസ്തകങ്ങളുള്ള ഒരു ഗംഭീരമായ ലൈബ്രറി സ്ഥാപിച്ചു. രാജകൊട്ടാരത്തിനകത്തായിരുന്നു കെട്ടിടം. പ്രശസ്തരായ ശാസ്ത്രജ്ഞർക്ക് മാത്രമേ ലൈബ്രറിയിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
The Library of Ğāmi’ Banī ‘Umayya al-Kabīr, Umayyad Mosque, Syria
ഖലീഫ വാലിദ് ഒന്നാമനാണ് ഈ ലൈബ്രറിയുടെ സ്ഥാപകൻ. ഹസ്രത്ത് ഉസ്മാൻ (റ) തയ്യാറാക്കിയ ഖുർആനിന്റെ മഷാഫേ-ഉസ്മാനി ഈ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു. ഹസ്രത്ത് ഉസ്മാൻ (റ) സിറിയയിലേക്ക് അയച്ച ഈ ഖുർആന്റെ ഒരു പകർപ്പ് ഇബ്നു ബത്തൂത്ത ഇവിടം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ബുഖാറ ലൈബ്രറി, ഉസ്ബെക്കിസ്ഥാൻ
സമാനിദ് ഭരണാധികാരിയായിരുന്ന ബുഖാറയിലെ സുൽത്താൻ അമീർ നൂഹ് ഇബ്നു മൻസൂർ (976-997) ഉസ്ബെക്കിസ്ഥാനിൽ സ്ഥാപിച്ച പ്രവിശാലമായ ലൈബ്രറിയാണിത്. വിഖ്യാത ഭിഷഗ്വരനും കവിയുമായ ഇബ്നു സീന (1037) തന്റെ അറിവിന്റെ ഭൂരിഭാഗവും ഇവിടെ നിന്നാണ് സമ്പാദിച്ചിട്ടുള്ളത്.
ലൈബ്രറി മ്യൂസിയം,ഹാസ്റ്റ് ഇമാം സ്‌ക്വയർ, താഷ്കന്റ്, ഉസ്ബെക്കിസ്ഥാൻ
ഈ സമുച്ചയത്തിൽ തില്ല ഷെയ്ഖിന്റെ മസ്ജിദ്, ബരാഖാന മദ്രസ, അബൂബക്കർ ശാഷിയുടെ മഖ്‌ബറ എന്നിവ ഉൾപ്പെടുന്നു. ലൈബ്രറി-മ്യൂസിയത്തിൽ, വിശുദ്ധ ഗ്രന്ഥങ്ങളുടെയും വിലയേറിയ കൈയെഴുത്തുപ്രതികളുടെയും ഒരു അമൂല്യശേഖരവും ഇവിടെ കാണാനാവും.

ലൈബ്രറി ഓഫ് ഗസ്നി, അഫ്ഗാനിസ്ഥാൻ
സുൽത്താൻ മഹ്മൂദ് (998-1030) സ്ഥാപിച്ച ഈ ലൈബ്രറി ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. കലകളെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം ഉസാരി, അസാദി തുസി, അൻസൂരി എന്നിവരുൾപ്പടെയുള്ള മധ്യേഷ്യയിൽ നിന്നുള്ള കവികളെ ഇവിടേക്ക് ക്ഷണിച്ചു .പ്രശസ്തകവി ഫെർദോസി (1020) അദ്ദേഹത്തിന് ഷാഹ്നാമേ എന്ന കവിത സമ്മാനിച്ചുട്ടുണ്ട്.
സുലെയ്‌മാനിയെ ലൈബ്രറി, തുർക്കി
തുർക്കിയിലെ ഏറ്റവും വലിയ കൈയെഴുത്തുപ്രതി ലൈബ്രറി. ഇസ്ലാമിക കൈയെഴുത്തുപ്രതികളുടെ ലോകത്തിലെ ഏറ്റവും വിപുലമായ ശേഖരങ്ങളിലൊന്ന് ഇവിടെയാണ് സംരക്ഷിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച രണ്ട് മദ്രസകളിലായാണ് സുലൈമാനിയ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.

ലൈബ്രറി ഓഫ് സൈബ് അൽ-നിസ, മുഗൾ ഇന്ത്യ
മുഗൾ രാജകുമാരി സൈബ് അൽ-നിസ (1638-1702) ഒരു മികച്ച പണ്ഡിതയായിരുന്നു. അവരുടെ രാജകീയ കോടതി ഒരു അക്കാദമി (ബൈത്ത് അൽ-ഉലൂം) കൂടിയായിരുന്നു, അവിടെ വിവിധ വിജ്ഞാന ശാഖകളിലെ പണ്ഡിതന്മാർ പുസ്തകങ്ങൾ സമാഹരിക്കുകയും രചനകൾ നടത്തുകയും ചെയ്തു. അവരുടെ ലൈബ്രറിയിൽ ഒരു വലിയ ശേഖരം ഉണ്ടായിരുന്നു. ലാഹോറിലാണ് സൈബ് അൽ-നിസയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
ടിപ്പു സുൽത്താന്റെ ലൈബ്രറി (1752-1799)
നവീന വിദ്യാഭ്യാസത്തിനായി അദ്ദേഹം ഒരു സ്കൂൾ സ്ഥാപിച്ചപ്പോൾ വിവിധ പഠനശാഖകളിലെ ഗ്രന്ഥങ്ങളടങ്ങിയ ഒരു ലൈബ്രറിയും അവിടെ സ്ഥാപിച്ചു. എല്ലാ സുൽത്താൻ വാല്യങ്ങളും തുകൽ കൊണ്ട് ബന്ധിപ്പിച്ചിരുന്നു. സൈനിക ഉദ്യോഗസ്ഥർക്കായി ഒരു വലിയ ലൈബ്രറിയോടുകൂടിയ ഒരു പരിശീലന വിദ്യാലയവും അദ്ദേഹം പണിതു.

തിംബുക്തുവിലെ ലൈബ്രറികൾ
14-ആം നൂറ്റാണ്ട് മുതൽ 17-ആം നൂറ്റാണ്ട് വരെ, തിംബക്തു ഒരു വൈജ്ഞാനിക-വ്യാപാര കേന്ദ്രമായിരുന്നു. പ്രസിദ്ധമായ സങ്കോർ മസ്ജിദ് പോലെയുള്ള പള്ളികൾ സ്ഥിതി ചെയ്യുന്നത് അവിടെയാണ്. അക്കാലത്തെ വിദ്യാഭ്യാസത്തിന്റെയും പാണ്ഡിത്യത്തിൻ്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു തിമ്പുക്തു.കൂടാതെ അപൂർവ കൈയെഴുത്തുപ്രതികൾ ശേഖരിച്ച ലൈബ്രറികളും അവിടെ ഉണ്ടായിരുന്നു.
ജിംഗരേ ബെർ മസ്ജിദ് , മാലി
1327-ൽ മാലി ചക്രവർത്തി മൻസ മൂസ നിർമ്മിച്ചതാണിത്.മാലിയിലെ ഏറ്റവും പഴയതും ഒരുപക്ഷേ ഏറ്റവും പ്രശസ്തവുമായ ലൈബ്രറിയായ 'ഇമാം ബെൻ എസ്സയൂ' (Imam Ben Essayouh )ലൈബ്രറി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.സോങ്ഹായ് സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് തിമ്പുക്തുവിൽ 25,000 ലധികം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചിരുന്നു.

മമ്മ ഹൈദര കൊമറേറ്റീവ് ലൈബ്രറി, മാലി
ഈ ലൈബ്രറിയിലെ കൈയെഴുത്തുപ്രതികളുടെ എണ്ണം 700,000 ആയി കണക്കാക്കപ്പെടുന്നു. ക്യൂറേറ്ററായ അബ്ദുൽ കാദർ ഹൈദരയുടെ മുന്നിലുള്ള ഗ്ലാസ് കെയ്‌സിനുള്ളിൽ പന്ത്രണ്ടാം നൂറ്റാണ്ടിലെ ചിത്രീകരിച്ച ഖുർആൻ കാണാം.
Source Credit: Twitter.com/baytalfann
വിവർത്തനം: സിനാൻ യഹ് യ