രണ്ടു തുള്ളികൾ പതിയെ ഒലിച്ചിറങ്ങുന്നു. ചെറുതല്ലാത്ത രണ്ടേ രണ്ടു തുള്ളികൾ. കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിലായിരുന്നു അവ രണ്ടും ജനിച്ചത്. 'ഹ' എന്നായിരുന്നു രണ്ടുപേരുടെയും പേര്. സൗകര്യത്തിനായി ഒരാളെ ഏഹ എന്നും ഒരാളെ ബീഹ എന്നും വിളിക്കുന്നു. ഏഹയും ബീഹയും പരസ്പരം മുമ്പ് കണ്ടിട്ടില്ല. ആദ്യമായി ഇന്നലെ കണ്ടു. പിതാക്കൾ മുമ്പ് ചെയ്തത് പോലെ അവരും ഒരാളെയെങ്കിലും തേടുന്നു. ഒന്നിച്ചു മരിക്കാൻ മാത്രം. ജീവിക്കാൻ അവർക്കിടയിൽ ധാരാളമായി പലതുമുണ്ടെങ്കിലും, സമയമുണ്ടാവാറില്ല. സമയത്തെ ഓർക്കാറുമില്ല. ഒരിക്കലും ഓർക്കപ്പെടാൻ ആഗ്രഹിക്കാത്ത നിസ്വാർത്ഥനാണ് സമയം. "സമയമെടുക്കാതെ ജീവിക്കൂ"
സമയം പറഞ്ഞുകൊണ്ടിരിക്കും.
"നീയെന്തേ ധൃതിപ്പെട്ട്?"
"ഒന്നുല്ല"
"പിന്നെന്തേ പായുന്നത്"
" ഒന്നുല്ല"
ഏഹയും ബീഹയും പരിചയപ്പെട്ടു.
സാവധാനം, സാവധാനം, ചില്ലുപാളിയുടെ മിനുസമുള്ള ചർമത്തിലൂടെ രണ്ടുപേരും കഥ പറഞ്ഞിഴഞ്ഞു തുടങ്ങി.
"ഞാനിന്നലെ ഒരു സ്വപ്നം കണ്ടു"
"ഇന്നലെയോ"
"ആ.."
[ തിരുത്ത്: ഏഹയും ബീഹയും കഴിഞ്ഞ രാത്രിക്കു മുമ്പേ ഉണ്ടായിരുന്നു. പക്ഷെ, ജനിച്ചിട്ടില്ലായിരുന്നു. നിസ്സംശയം, സധൈര്യം ഞാനിത് അറിയിക്കുന്നു ]
എന്റെ ഊഴമായപ്പോൾ ഞാനും മേഘത്തിൽ നിന്ന് ചാടിയിരുന്നു. ഒരു വിഷയത്തിൽ വല്ലാതെ ചിന്തിച്ചും ചിരിച്ചും നടക്കുമ്പോഴായിരുന്നു ചാടാനുള്ള ഉത്തരവ് വന്നത്. അഗാധമായ ഒരു ഗർത്തത്തിലേക്ക്, അത്യാവേശത്തോടെ, കൂർത്ത്കൂർത്ത്, പാഞ്ഞു വരുമ്പോൾ കൂടെ ഒരുപാടു പേരുണ്ടായിരുന്നു. എല്ലാം 'അപരിചിതർ'. മിണ്ടാനാരും താല്പര്യപ്പെടാത്ത ഭാവത്തിലായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ ഉറങ്ങാൻ തന്നെ തീരുമാനിച്ചു.
കടലിന്റെ അസ്ഥിവാരത്തിനു മുകളിലൂടെ ചോരയും തീയും തുപ്പിത്തുപ്പി വലിയൊരു തീക്കടൽ ഓളംകാട്ടി വരുന്നു. കരയിൽ ചൂടേറാനും തുടങ്ങി. ഞാനും നീയും മാത്രമായിരുന്നില്ല, പേരറിയാത്ത പലരും കടപ്പുറത്ത് കണ്ണൊലിപ്പിച്ചു ആ കാഴ്ച നടുക്കത്തോടെ നോക്കി നിന്നു.
നിസ്സഹായത (നോട്ടം/തേട്ടം)
നിസ്സഹായത (ചോദ്യം/ഉത്തരം)
വികാരഭരിതം (ഉലകം)
ആ നൈമിഷിക സങ്കോചത്തിൽ നിന്ന് ഞെരിപിരി കൊണ്ട്, ഞെട്ടറ്റുവീണ് ഉണർച്ച കിട്ടി.
ഏഹയുടെ മുഖം വിവർണവും വിരൂപവുമായി മാറി. ബീഹ, സ്വപ്നത്തിന്റെ ഉപരിതലം കേട്ട് അകക്കാമ്പ് തേടി. അടുത്തടുത്തുള്ള പൊട്ടുതുള്ളികളെ കൂട്ടിപ്പിടിച്ച് ഏഹ വീണ്ടും വിരൂപമായി.
"നിനക്കെന്തെങ്കിലും പിടികിട്ടിയോ?"
"ഇല്ല"
"മ്മ്മ്"
സൂര്യൻ ഉടലു കുടഞ്ഞ് ശരിയായി നിന്നു. ചില്ലുപാളിയിലും മറ്റൊരു സൂര്യൻ ജ്വലിച്ചു. ആകമാനം ചിതറി പൂണ്ട മഴനൂലുകൾ പുളഞ്ഞുപുളഞ്ഞു. പുളിനഗോളങ്ങളുടെ ഇലാസ്തികഭാവം ചൂഴ്ന്ന് വെളിച്ചം കിനിഞ്ഞിറങ്ങി.
"ഒരു മീറ്റർ ദൂരം മാത്രമേ നമ്മളിനി തമ്മിൽ കാണൂ" ഏഹയുടെ നിരാശഭാവം ബീഹ ശ്രദ്ധിച്ചു. "അതായത് ഒരു മീറ്റർ ആയുസ്സ് മാത്രം, അല്ലേ" ബീഹയും നിരാശയിൽ കൂടി.
ഏഹയും ബീഹയും പതിഞ്ഞിറങ്ങിക്കൊണ്ടിരുന്നു. തണുപ്പിലും ചൂടിലും തേഞ്ഞു തേഞ്ഞ് രണ്ടുപേരും പല വഴിക്കായി പിരിഞ്ഞു.
നിഗൂഢമായ പ്രതലങ്ങളാണ് ഇപ്പോൾ മുറിച്ചു നടക്കുന്നതെന്ന് രണ്ടുപേർക്കും തോന്നി. ഒറ്റപ്പെടൽ അതിയായി അനുഭവപ്പെടുന്നുണ്ട്. ഋതുക്കൾ മാറിമാറി വരുന്നു. വഴിപിരിഞ്ഞു പോയവർ ഇഴപിരിഞ്ഞ് വീണ്ടും ഒലിച്ചു. കുറച്ചധികം ഒപ്പം നടന്ന്, ഒടുക്കം വഴി മാറി വീണ്ടും ഒലിച്ചു. അവർ അവരായി പരിണമിച്ചുവെന്ന് അവർക്കും മനസ്സിലായില്ല. ആശ്ചര്യപ്പെട്ടിട്ടുമില്ല. പക്ഷെ, ഓർമയുടെ വരികളിൽ രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങിയതും പരിണമിച്ച് പരിണമിച്ച് പലതായിപ്പോയതും കുടുങ്ങിക്കിടക്കുന്നുണ്ട്. അവസാനമായി, അവസാനിക്കുന്നതിന് ഒരു സെന്റീമീറ്റർ മുമ്പ്, ബീഹയും സ്വപ്നം പറഞ്ഞു.
ശനിയും ശുക്രനും വ്യാഴവും ആകാശത്ത് ഒഴുകിപ്പരക്കുന്നു. ഭൂമി വെളിച്ചരഹിതം. തീ പോയ തിരിപോലെ പുകച്ചുരുളുകളുടെ ബഹിർഗമന ചിത്രമായി സൂര്യൻ ശോഷിച്ചു നിൽക്കുന്നു. നിമിഷങ്ങൾ നിമിഷങ്ങളാണെന്ന് മാത്രം ദുഃഖത്തോടെ, നിരാശ്രയരായി, ഉൾക്കൊള്ളേണ്ടിവരുന്ന അവസ്ഥ.
തൊട്ടടുത്ത വീട്ടിൽ ഒരു മംഗലവും നടക്കുന്നു.
പക്ഷെ, ബീഹയുടെ സ്വപ്നം കേൾക്കാൻ ഏഹയില്ല. ഏഹ മരിച്ചിട്ടില്ലെന്ന് ബീഹയുടെ മനസ്സ് പറയുന്നു. മറവിക്കു മുമ്പേ ജനിച്ചവർ, മറ്റൊരു ലോകത്ത് മരിക്കുമല്ലോ. അവിടെ ഞാനും ഒരു മറവിയുടെ മറവിൽ ഒളിഞ്ഞിരിക്കുന്നെന്ന് അവനറിഞ്ഞാൽ മതിയെന്ന് മാത്രമേ ബീഹയുടെ മനസ്സ് വെമ്പുന്നൊള്ളു. എനിക്ക് മരിക്കാൻ ഇനി ഒരു മില്ലിമീറ്റർ മാത്രമൊള്ളു.
മണ്ണിലടക്കം ചെയ്യപ്പെട്ട ഏഹയും ബീഹയും കുറച്ചുനേരം മരിച്ചുതന്നെ കിടന്നു. പുരാണം പറഞ്ഞ കഥകളും ചൊല്ലുകളും വ്യർഥമായെന്ന് അടുത്ത നിമിഷം അവർ തിരിച്ചറിഞ്ഞു. മണ്ണിലലിഞ്ഞെന്ന് നമ്മൾ കരുതിയ തുള്ളികൾ താഴെ, താഴെ, കണ്ണുതുറന്ന് മണ്ണിലലിയുന്നു. മണ്ണിനെയറിയുന്നു. സാഗരം പൂകുന്നു.
മുമ്പേ മരിച്ചുപോയ പിതാക്കളെല്ലാം സാഗരസമാനം, അനുപമവിതാനം ചിരിച്ചൊളിയുന്നു. ഏഹയുടെ വികാരഭരിതമായ സ്വപ്നം പലപ്പോളായി ബീഹ ഓർക്കുന്നു. ബീഹയുടെ കേൾക്കാ കഥകൾ ഏഹ സങ്കല്പിച്ചു കൂട്ടുന്നു. ആ രണ്ടു പുളിനഗോളങ്ങൾ മറ്റൊരു ജന്മത്തിനായി തിരതല്ലിത്തുടങ്ങി. അപ്പോഴുമപ്പോഴും ചനുപിനെയായി തുള്ളികൾ മരണം കൊതിച്ച് ചാറിക്കൊണ്ടേയിരുന്നു. മേലെ, ഒരു പുന്നാരമഴയും ഉരുവംകൊണ്ടു തുടങ്ങി.