KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

മലബാറും സമുദ്രാനന്തര സമ്പർക്കങ്ങളുടെ ബഹുമൊഴി സ്വത്വരൂപീകരണവും

ഡോ:പി. കെ. യാസർ അറഫാത്ത്

Malaibar Archives, Malaibar Foundation

ബഹുമൊഴി (polyglossic) മലയാളഭാഷ അടിസ്ഥാനമാക്കി തുറമുഖ നഗര പ്രദേശങ്ങളിലെ അറബി-മലയാളം രൂപം പ്രാപിക്കുന്നത്, ഫസാദിന്റെ കാലത്തെ കാർഷിക മേഖലയായ മലബാറിലെ ഒരു പ്രാദേശിക ലിഖിത പ്രാധാന്യത്തിൽ നിന്നാണ്. കൊളോണിയൽ പൂർവ്വ ഇന്ത്യൻ മഹാസമുദ്ര തുറമുഖങ്ങളെ ലാംബോൺ വിശേഷിപ്പിച്ചത് പ്രകാരം, പുതിയ മുസ്ലിംങ്ങൾക്ക് 'ബഹുമൊഴി ശബ്ദസങ്കലന'മായി(polyglot soundscape) രൂപം കൊണ്ട ബഹുമൊഴികളുള്ള പരിഷ്കൃതമലയാളം പരിചിതമായിരുന്നു. ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുള്ള ലിഖിതമായ തരിസാപ്പള്ളി ചെമ്പ് തകിട്, കൊളോണിയലിസത്തിനു മുമ്പേ കേരളത്തിലുള്ള ബഹുമൊഴി തുറമുഖങ്ങളുടെ ആദ്യകാലത്തെ ദൃശ്യപരവും വാചകപരവുമായ തെളിവായി കണക്കാക്കാം.


ഈ ബഹുമൊഴി ലിഖിതത്തിൽ അറബി, പേർഷ്യൻ, ഹീബ്രു, സംസ്കൃതം, തമിഴ്, മലയാളം എന്നിവയുൾപ്പെടെ നിരവധി ഭാഷകളൊടൊപ്പം നഗരങ്ങളിലെ ഉന്നതരുടെ ഒന്നിലധികം ഭാഷാ പശ്ചാത്തലങ്ങളെ സൂചിപ്പിക്കുന്ന പഹ്ലവി, കൂഫിക്, വട്ടെഴുത്ത് തുടങ്ങിയ ലിഖിതസമ്പ്രദായങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വിവിധ ഭാഷ - ലിപി പരിസരങ്ങളിലെ പണ്ഡിതന്മാരുടെയും വ്യാപാരികളുടെയും അഭയാർത്ഥികളുടെയും ആവർത്തിച്ചുള്ള സഞ്ചാരങ്ങളായിരുന്നു മലബാറിന്റെ ബഹുമൊഴി വികാസത്തിന്റെ പ്രാഥമിക കാരണം.


കൊളോണിയൽ പൂർവ്വകാലത്തെ മലബാർ ഇത്തരം സംഘങ്ങൾക്ക് അവരുടെ സാമൂഹിക ആചാരങ്ങളും, ആചാരാനുഷ്ഠാനങ്ങളും, ലൈംഗിക മാനദണ്ഡങ്ങളുമെല്ലാം പിന്തുടർന്ന് തന്നെ സമാധാനപരമായ ജീവിതം നയിക്കാൻ ഇടം നൽകിയിരുന്നു. ഇബ്നു ബത്തൂത്തയുടെ സൂചനകളിൽ നിന്ന്, പേർഷ്യൻ, അറബിക്, ചൈനീസ്, മലയാളം, സംസ്കൃതം എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്ന വിവിധ ഭാഷാ-ലിഖിത സംഘങ്ങൾക്ക് മലബാർ ആതിഥ്യമരുളിയിരുന്നു എന്നും കാണാം.


വിവിധ പ്രദേശങ്ങളിലെ തീരദേശ പാതകൾ, പട്ടണങ്ങൾ, സത്രങ്ങൾ എന്നിവയിലൂടെ ഒത്തുകൂടിയ പലായനം ചെയ്തവരും അടിമകളുമടങ്ങുന്ന സംഭാഷകർ, ദല്ലാളുമാർ, പണ്ഡിതന്മാർ, യാത്രക്കാർ, എഴുത്തുകാർ, വിദ്യാർത്ഥികൾ, സൈനികർ, തീർത്ഥാടകർ, കരകൗശല വിദഗ്ധർ തുടങ്ങിയ വിവിധ സാമൂഹിക-തൊഴിൽ സംഘങ്ങൾ തുല്യമായി മലബാർ കടൽത്തീരത്തെ ബഹുമൊഴി സവിശേഷതയെ രൂപപ്പെടുത്തി. ഇന്ത്യൻ മഹാസമുദ്ര തുറമുഖങ്ങളിലെ, പ്രത്യേക ഭക്ഷണരീതികളെക്കുറിച്ചുള്ള, ഹ്രസ്വ വിവരണങ്ങളിൽ താലം (dish/ tray) പോലുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതിന് ഇബ്നു ബത്തൂത്തയെ പ്രേരിപ്പിച്ചത് ഈ ബഹുഭാഷാ അന്തരീക്ഷമാണെന്ന് ഉദാഹരണമായി ലംബോൺ ചൂണ്ടിക്കാട്ടുന്നുണ്ട്.


പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഒരു പ്രാദേശിക പണ്ഡിതൻ എഴുതിയ അറബി ഗ്രന്ഥമായ ഖിസ്സത് ശകർവതി ഫർമദും അത്തരം സ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ അജ്ഞാതനായ രചയിതാവ് തന്റെ വായനക്കാരിൽ ആപേക്ഷികമായ ഭാഷാ പ്രഭാവം സൃഷ്ടിക്കുന്നതിനായി 'ചക്രവർത്തി' അല്ലെങ്കിൽ 'പരമാധികാരി' എന്ന് സൂചിപ്പിക്കുന്ന മറ്റു അറബി പദപ്രയോഗങ്ങൾക്ക് ബദലായി 'ചക്രവർത്തിൻ' എന്ന സംസ്കൃത പദം അറബിവത്കരിച്ച് 'ശകർവതി' എന്നാണ് ഉപയോഗിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയുടെ സാന്നിധ്യത്തിൽ വെച്ച് ഇസ്ലാം ആശ്ലേഷിക്കുകയും ഹജ്ജ് കർമ്മം ചെയ്യുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന മലബാർ ഭരണാധികാരി ചേരമാൻ പെരുമാളിനെ പുകഴ്ത്താനായിരുന്നു ഈ വാക്ക് ഉപയോഗിച്ചത്.


ഫസാദിന്റെ കാലത്തിന് മുമ്പ് ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരകണ്ണിയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ പട്ടണമായിരിക്കെ തന്നെ കോഴിക്കോട്, ഏറ്റവും കൂടുതൽ ബഹുമൊഴി ഭാഷകരെ ആകർഷിച്ചതിൽ അതിശയിക്കാനില്ല. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലബാർ സന്ദർശിച്ച വർതേമ കൊളോണിയൽ കാലത്തിനു മുമ്പ് കോഴിക്കോട് നിലനിന്നിരുന്ന ഭാഷാപരമായ ബഹുസ്വരതയെ സംബന്ധിച്ച് കാര്യമായ വിവരങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഇബ്നു ബത്തൂത്തയിൽ നിന്നുള്ള മുൻകാല വിവരങ്ങളെ പിന്തുണച്ചുകൊണ്ട് അറബി, മന്ദാരിൻ (ചൈനീസ്), സ്പാനിഷ്, സ്വാഹിലി, പേർഷ്യൻ, മലായ എന്നീ ഭാഷകൾ സംസാരിക്കുന്ന വിവിധ ഭാഷാ-ലിഖിത സമൂഹങ്ങളുടെ സാന്നിധ്യവും വർത്തേമ ശ്രദ്ധിക്കുന്നുണ്ട്. തമിഴ്, കൊങ്കണി, ഗുജറാത്തി, ബംഗാളി, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന തദ്ദേശീയരായ വ്യാപാരികളും നഗരത്തിന്റെ ബഹുമൊഴി പശ്ചാത്തലത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സമാനമായി, തുർക്കി, കെയ്റോ, അലക്സാണ്ട്രിയ തുടങ്ങിയ മറ്റ് ഭാഷാ പ്രദേശങ്ങളുമായുളള മലബാറിന്റെ ബന്ധങ്ങളെ ഉയർത്തിക്കാട്ടുന്നതിനൊപ്പം പേർഷ്യൻ, ഗുജറാത്തി, ഡെക്കാനി എന്നിവ സംസാരിക്കുന്ന വ്യാപാരികളെയും ബാർബോസ വിവരിക്കുന്നുണ്ട്. അപ്രകാരം, കൊൽക്കത്ത, മദ്രാസ് തുടങ്ങിയ കൊളോണിയൽ മെട്രോപോളിസുകൾ പതിനെട്ടാം നൂറ്റാണ്ടിൽ 'പോളിഗ്ലോട്ട് സിറ്റികൾ' ആയി ഉയരുന്നതിന് മുമ്പേ, വൈവിധ്യമാർന്ന ഭാഷാ-ലിഖിത സമൂഹങ്ങൾ തമ്മിലുള്ള നിരവധി ഇടപെടലുകൾ, പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മലബാറിനെ ഒരു ആധുനിക ബഹുമൊഴി വൻശക്തിയായി രൂപപ്പെടുത്തിയിരുന്നു. ഒരു ബഹുമൊഴി കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ പരിണാമം ഇന്ത്യൻ മഹാസമുദ്രത്തിലും അതിനുമപ്പുറവുമുള്ള മറ്റ് ഭാഷാ പ്രദേശങ്ങളുമായുള്ള ബന്ധത്തിന്റെയും വളരെ മുമ്പുതന്നെയുള്ള ഇസ്ലാമിന്റെ ആഗമനത്തിന്റെയും മലബാറിന്റെ നീണ്ട ചരിത്രത്തിന്റെയും ഫലമായിരുന്നു. എന്തായാലും പോർച്ചുഗീസ് സാന്നിധ്യത്തിന്റെ ആവിർഭാവത്തിന് മുമ്പ് തന്നെ സമുദ്രത്തിലെ ദിനചര്യകളിൽ ' അറബി ഭാഷ അതിൻ്റെ ആധിപത്യം പുലർത്തൽ തുടർന്നിരുന്നു എന്നാണ് ഈ പ്രദേശത്ത് നിന്നുള്ള തെളിവുകൾ കാണിക്കുന്നത്.


പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യൻ മഹാസമുദ്രത്തിലെ നാവിക ശൃംഖലകളിൽ ആധിപത്യം പുലർത്തുന്ന ഭാഷയിൽ നിന്ന് ഭാഷാ ആശ്രിതത്വത്തിലേക്കുള്ള അതിന്റെ വളർച്ച മലബാറിലെ പ്രാദേശിക പ്രഭുക്കന്മാരിലും തുറമുഖ പട്ടണ രാജാക്കന്മാരിലും അറബി ഭാഷ പഠിക്കാനുള്ള ഗണ്യമായ ഉത്സാഹത്തിന് കാരണമായിത്തീർന്നു, സാമൂതിരി ഭരണാധികാരികളും അറബി പഠിച്ചതായി പറയപ്പെടുന്നുണ്ട് . പതിനാലാം നൂറ്റാണ്ടിൽ ഇസ്ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് അറബി പഠിച്ച അത്തരത്തിലുള്ള ചില പ്രാദേശിക പ്രഭുക്കന്മാരെ ഇബ്നു ബത്തൂത്ത പരാമർശിക്കുന്നുണ്ട്. ഈ സാഹചര്യം പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിലനിന്നിരുന്നതിനാൽ, അറബി പണ്ഡിതന്മാരെ വ്യാഖ്യാതാക്കളായി നിയമിച്ച സാമൂതിരി ഭരണാധികാരിയുമായി ആശയവിനിമയം നടത്തുന്നതിന് അറബി സംസാരിക്കുന്ന ദ്വിഭാഷ സംഭാഷകരുടെ സേവനങ്ങളിലേക്ക് പോർച്ചുഗീസ് പ്രതിനിധികൾ നിർബന്ധിതരായിരുന്നു. സാമൂതിരിയുടെ കൊട്ടാരത്തിൽ സ്പാനിഷും മലയാളവും സംസാരിച്ചിരുന്ന മാർട്ടിൻ അഫോൺസോയുടെയും (Martin Affonso) ടുണീഷ്യൻ ബഹുഭാഷാ പണ്ഡിതനായ മോൺകെയ്ഡിന്റെയും (Moncaide) സഹായം വാസ്കോഡ ഗാമ സ്വീകരിച്ചതായി പോർച്ചുഗീസ് ഉപദാനങ്ങളിൽ കാണാം.


പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസ് ഭരണാധികാരികളുമായി ഇടനിലക്കാരായ ജാതികളിൽ നിന്നുള്ള അമുസ്ലിം തദ്ദേശീയപ്രമുഖരും പ്രാദേശികഭരണാധികാരികളും അറബിയിൽ എങ്ങനെ ആശയവിനിമയം നടത്തിയിരുന്നുവെന്ന് മുസഫർ ആലമും സഞജയ് സുബ്രഹ്മണ്യവും വിശദമായി വിവരിക്കുന്നുണ്ട്. നേരത്തെ, പതിനാലാം നൂറ്റാണ്ടിലെ മഗ്രിബിലെ നഗരകേന്ദ്രങ്ങളിൽ ഭാഷാ ആധിപത്യവും ഭാഷാ ആശ്രിതത്വവുമായി പരിണമിച്ച അറബി ഭാഷയെ ചുറ്റിപ്പറ്റിയുള്ള അത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ, "അവർ സ്ഥാപിച്ചതോ അവരെ നിയന്ത്രിക്കുന്നതോ ആയ രാഷ്ട്രത്തിന്റെയോ വംശത്തിന്റെയോ ഭാഷയെയാണ് നഗര ജനസംഖ്യയുടെ ഭാഷാഭേദങ്ങൾ പിന്തുടരുന്നത് " എന്ന് ഇബ്നു ഖൽദൂൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്രകാരം, മലബാറിൽ അറബി വ്യാപാരികളെ സാമ്പത്തികമായി ആശ്രയിക്കുന്ന തദ്ദേശീയരായ വരേണ്യവർഗങ്ങളും ജനങ്ങളും നയതന്ത്രം, വാണിജ്യം, തുറമുഖ നഗര ഭരണം എന്നിവയുടെ കാര്യത്തിലും ഇതേ മാതൃക പിന്തുടർന്നിരിക്കാം . കാർഷിക മേഖലയായ കോഴിക്കോടിലെ മലയാളം സംസാരിക്കുന്ന പ്രദേശവാസികൾക്കും ഭാഷാ ആശ്രിതത്വത്തിന്റെ പ്രായോഗികമായ പഠനത്തോടുള്ള ജിജ്ഞാസ കുറവായിരുന്നില്ല.


കേരളത്തിലെ തദ്ദേശീയരായ രചയിതാക്കളെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലുമുള്ള ബഹുഭാഷാ പദപ്രയോഗങ്ങൾ സ്വാധീനിക്കാൻ തുടങ്ങി എന്നാണ് പതിനാലാം നൂറ്റാണ്ടിന്റെ ഉണ്ണിയാച്ചി ചരിതം പോലുള്ള ആദ്യകാല മണിപ്രവാളഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള വായന സൂചിപ്പിക്കുന്നത്. മലബാറിലെ കച്ചവടക്കാരെയും വ്യാപാരികളെയും വിവരിക്കുമ്പോൾ പ്രദേശത്തെ മുസ്‌ലിംകളെ "അല്ലാഹുവിന്റെ ആളുകൾ" എന്ന അർഥത്തിൽ അള്ളാഹുർ എന്ന പദമാണ് ഗ്രന്ഥകർത്താവ് ഉപയോഗിച്ചത്. അതനുസരിച്ച് അറബിഭാഷ കൊണ്ട് പരിചയപ്പെടുത്താനുള്ള പ്രദേശങ്ങളും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ആഫ്രിക്കൻ തുറമുഖങ്ങളുമായുള്ള വ്യാപാരത്തിന് പ്രധാനമായിത്തീർന്ന അറബിഭാഷയുമായി ഇടപഴകാനുള്ള അവരുടെ കഴിവും സമുദ്രവ്യാപാരത്തിൽ നിന്നുള്ള സാമ്പത്തികവസരങ്ങളിൽ അമുസ്ലിം വ്യാപാരികളെ ധൈര്യപ്പെടുത്തി.


നയതന്ത്രപരവും വാണിജ്യപരവുമായ താൽപ്പര്യങ്ങൾ കൂടാതെ ബഹുമൊഴികൾ അറിയുന്ന പുതുമുസ്ലിംങ്ങൾ പതിനാലാം നൂറ്റാണ്ടിൽ തന്നെ മതപരമായ ആവശ്യങ്ങൾക്കായി അറബി ഭാഷ പഠിക്കാൻ ഗണ്യമായ ശ്രമങ്ങൾ നടത്തിയിരുന്നു. അറബിയുമായുള്ള അവരുടെ പരിചയം മസ്ജിദുകൾ, ദർസുകൾ എന്നിവയുടെയും ഖാസിമാർ പോലുള്ള മലബാറിലെ മത അധികാരികളെയും ചുറ്റിപ്പറ്റിയുള്ള വിശ്വാസ ശീലങ്ങളുടെ വികസിച്ചുകൊണ്ടിരുന്ന നഗരശൃംഖലയിലൂടെയായിരുന്നു. അറബി ഗ്രന്ഥങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുന്ന പട്ടണങ്ങളിലെ വിശ്വാസ-ഭക്തിസ്ഥാപനങ്ങളുടെ കീഴിൽ ഒരു വിശ്വാസ സമൂഹമായി അവർ രൂപപ്പെട്ടു. അവിടെ അറബി പഠിക്കാനായി പുതിയ മുസ്ലിംകൾ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയെന്ന് പ്രതീക്ഷിക്കാം.


ഇബ്നു ബത്തൂത്തയുടെ അഭിപ്രായത്തിൽ, മുസ്ലിം പണ്ഡിതന്മാർ നൂറ്റാണ്ടുകളോളം ഇസ്ലാമിക വിജ്ഞാനം പ്രചരിപ്പിക്കാൻ 'സംസാരിക്കുക, കേൾക്കുക, മനഃപാഠമാക്കുക' എന്ന രീതിയെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇത്തരം ഗ്രന്ഥങ്ങൾ മനഃപാഠമാക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ പുതുമുസ്ലിംകളുടെ മതകീയസ്വത്വത്തിന്റെ പരമാവധി മൗലികതയായി നിലകൊണ്ടിരുന്നു. അവർ പുതുതായി നേടിയ മതപരമായ സ്വത്വത്തിന്റെ പ്രധാന ഭാഗമായി കണക്കാക്കുന്ന ഈ പഠനരീതിയിലൂടെ പുതുമുസ്ലിംങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലെ തുറമുഖങ്ങളിലെ അറബിയുടെ ലോകത്തേക്ക് പ്രവേശിക്കുകയും ഖുർആൻ മനഃപാഠമാക്കുന്നതിന്റെ ആദ്യ ചുവടുകൾ വെക്കുകയും ചെയ്തു . സ്വർഗീയഭാഷ എന്ന നിലയിലുള്ള അറബി ഭാഷയുമായുള്ള അവരുടെ അടിസ്ഥാനബന്ധം മൂലം ബഹുസ്വരമായ മലയാളം അവരുടെ മതേതര ദൈനംദിന ലോകത്തിന്റെ ഭാഷയായി നിലനിന്നിരിക്കെ തന്നെ സദ്ഗുണമുള്ള ഒരു വിശ്വാസി എന്ന നിലയിലുള്ള അടിസ്ഥാനകാര്യങ്ങളിൽ ഒന്നിനെ പ്രതിനിധീകരിച്ചിരുന്നു . കൂടാതെ, മസ്ജിദുകൾ പോലുള്ള ഇസ്ലാമിക ഭക്തിസ്ഥാപനങ്ങൾ പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഒമാൻ, ബാഗ്ദാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അറബി സംസാരിക്കുന്ന ഉലമാക്കളുടെ മേൽനോട്ടത്തിന് കീഴിലായിരുന്നു. മലബാറിലെ ഇസ്ലാമിക മതസ്ഥാപനങ്ങളാണ് കർഷകരായ പുതുമുസ്ലിംകൾക്ക് ഒരു എഴുത്തുപഠനത്തിൽ പരിശീലനം നേടാനുള്ള പ്രഥമഅവസരം നൽകിയത്.


ഇതിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും താഴ്ന്ന സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ളവരും പ്രാദേശിക വട്ടെഴുത്ത് കൈയെഴുത്തുപ്രതി സമ്പ്രദായവുമായും അതിൽ നിന്ന് ഉത്ഭവിച്ചതും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളം ലിപിയായി രൂപീകരിക്കപ്പെട്ടതുമായ കോലെഴുത്തുമായും മലയാൻമയുമായും പരിചയം കുറഞ്ഞവരും ആയിരുന്നു. താഴ്ന്ന സാമൂഹിക വിഭാഗങ്ങൾക്ക് ഇടപഴകുന്നത് സാമൂഹികമായും ശാരീരികമായും നിരോധിതമായിരുന്ന ഈ ലിപിശൈലികൾ മതസ്ഥാപനങ്ങളിൽ വല്ലാതെ സംസ്കൃതവത്കൃതമായ മലയാളഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിക്കുന്നതിൽ വ്യാപകമായിരുന്നു. ഈ ഗ്രന്ഥങ്ങളുടെ പ്രതിപാദ്യ വിഷയം സൂചിപ്പിക്കുന്നത്, പ്രദേശത്തെ ഉയർന്ന ജാതിസമുദായങ്ങളുടെ ധാർമ്മികവും സാമൂഹികവുമായ വിഷയങ്ങളിൽ മാത്രം ശ്രദ്ധയുണ്ടായിരുന്ന ഒരു ബ്രാഹ്മണ ജ്ഞാനത്തിൽ നിന്ന് അവ എങ്ങനെ ഉയർന്നുവന്നുവെന്നാണ്. മിക്ക ഗ്രന്ഥങ്ങളും പുരാണകഥകളും ബ്രാഹ്മണ ആചാരങ്ങളും കൈകാര്യം ചെയ്തവയും പ്രബല ജാതി വിഭാഗങ്ങളിൽപ്പെട്ട എഴുത്തുകാർ എഴുതിയതും പ്രചരിപ്പിച്ചതും ആണ്.


ഇസ്ലാമിലേക്കുള്ള പ്രാരംഭവും അറബി ഭാഷയുടെ പ്രാഥമിക അധ്യാപനം നടന്ന ദർസ് പോലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളും മലബാറിലെ സുസ്ഥിരമായ ഒരു ഗ്രന്ഥ സമ്പ്രദായവുമായുള്ള പുതുഇസ്ലാമികളുടെ ആദ്യ ഏറ്റുമുട്ടലാവണം .


ഗർശുനി മലയാളത്തെക്കുറിച്ചുള്ള (പഴയ മലയാളം അക്ഷരങ്ങളുമായി ഇടകലർത്തി സുറിയാനി അക്ഷരമാലയിൽ മലയാളം എഴുതിയത്) പെർസെലിന്റെ (Perczel) കൃതി, പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഒരു പുതിയ മതത്തിലേക്കുള്ള പ്രവേശനം ഭ്രൂണാവസ്ഥയിലുള്ള ക്രിസ്ത്യാനികളെ അവരുടെ മാതൃഭാഷയിലുള്ള മതപരമായ ഇടപെടലുകൾക്കായി ഒരു പുതിയ ലിപി സ്വീകരിക്കാൻ എങ്ങനെ പ്രചോദിപ്പിച്ചു എന്ന് വ്യക്തമാക്കുന്നുണ്ട്.


അതുപോലെ, വാമൊഴിസാഹിത്യമായ പുതുമുസ്ലിമിന്റെ അറബി ലിപിയുമായുള്ള വർദ്ധിച്ചുവന്ന മതകീയ ആത്മാവബോധവും സഹവാസവും കൊളോണിയൽ പൂർവ്വ കാലഘട്ടത്തിൽ അറബി-മലയാള ലിപിയുടെ സാവധാനത്തിലുള്ള വ്യാപനത്തിലേക്ക് നയിച്ചു. എന്തായാലും , മലബാറിലെ ഇസ്ലാമിക പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളെ ഗഹനമായതും വിശാലവുമായ ഇടത്തിന്റെ വ്യാപ്തിക്ക് വേണ്ടി ലളിതമായ ശൈലിയിൽ കഥകളാൽ നിറഞ്ഞ കാവ്യശൈലി തുടർന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അറബി മലയാളം ലിപി രൂപപ്പെടുത്തിയത് ആരാണ് എന്ന അടിസ്ഥാന ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം നൽകാൻ ഈ ഘടകങ്ങൾ നമ്മെ സഹായിക്കുന്നു.


ഒരു നിശ്ചിത കാലയളവിൽ ധാരാളം പേരിലൂടെ പരിണാമപ്പെടുന്നതിനാൽ ലിപികളുടെ രൂപപെടലിന്റെ അന്വേഷണം എല്ലായ്പ്പോഴും ഒരു എഴുത്തുകാരന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും പ്രചോദനങ്ങൾക്കും അപ്പുറത്തേക്ക് പോകണമെന്ന് പ്രീ-ആധുനിക ഭാഷകളുടെയും ലിപികളുടെയും പണ്ഡിതന്മാർ വാദിക്കുന്നുണ്ട്. അതിനാൽ, അറബി-മലയാള ലിപി കണ്ടുപിടിച്ചതിന്റെ അംഗീകാരം, ഭാഷാപരവും ഗ്രന്ഥപരവുമായ സർഗ്ഗാത്മകതയുള്ള നിരവധി ബഹുമൊഴി മുസ്ലീം എഴുത്തുകാരുടെ സ്വമേധയാ ഉള്ള പ്രവർത്തനങ്ങളിലാണ് തിരയേണ്ടത്.


നൂറ്റാണ്ടുകളായി ഇസ്ലാമിക ഗ്രന്ഥങ്ങൾ, പ്രബോധനസമ്പ്രദായങ്ങൾ, ദൈവശാസ്ത്ര പ്രഭാഷണങ്ങൾ എന്നിവയുമായുള്ള അറബി ലിപിയിലെ ഇടപെടൽ, വിപുലീകൃത അറബി അക്ഷരമാലകളിൽ ബഹുമൊഴി തീരദേശ മലയാളം രേഖപ്പെടുത്തുന്നതിനുള്ള ഈ ലിപ്യന്തരണ സമ്പ്രദായത്തിന്റെ പരിണാമത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരിക്കണം. ഈ പ്രക്രിയയിൽ, അറബി-മലയാള എഴുത്തുകാർ അറബി അക്ഷരമാലകളുടെ സാധ്യതകൾ വിപുലീകരിച്ചുകൊണ്ട് ആവശ്യമായ അക്ഷരവിന്യാസങ്ങളും ഉപയോഗപ്രദമായ വ്യഞ്ജനാക്ഷരങ്ങളും ഉണ്ടാക്കി.


എന്നാൽ മുഹിയുദ്ദീൻ മാലയ്ക്ക് മുമ്പുള്ള അറബി-മലയാള ലിപികളിലെ ഭാഷാപരമായ തെളിവുകളുടെ അഭാവം ലിപിയുടെ മന്ദഗതിയിലുള്ള പുരോഗതിയെ സൂചിപ്പിക്കുമെങ്കിലും, ഈ ഗ്രന്ഥത്തിലെ ഘടനയും സവിശേഷതകളും ഖാസി മുഹമ്മദിന്റെ ആത്മവിശ്വാസവും അറബി-മലയാളത്തെ ഫസാദിന്റെ യുഗത്തിന്റെ അവസാനത്തോടെ പ്രായോഗികമായ ആശയവിനിമയത്തിനുള്ള ഒരു സുസ്ഥിരമായ ഒരു ഘട്ടത്തിൽ എത്തിയതായി സൂചിപ്പിക്കുന്നുണ്ട്.


എന്നാൽ തന്നെയും, ഈ ലിപി തദ്ദേശീയരായ മുസ്ലീങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാലും പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ അറബി-മലയാള ലിപിയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും മലബാറിലെ മറ്റൊരു തുറമുഖ നഗരത്തിലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിനാലും ഖാദി മുഹമ്മദിന്റെ നഗരമായ കോഴിക്കോടിന്റെ വിശാലമായ ജനസംഖ്യാരൂപത്തിന് പതിനേഴാം നൂറ്റാണ്ടിന് മുമ്പുള്ള ലിപിയുടെ പ്രചാരത്തിന്റെ ജനസംഖ്യാശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ പശ്ചാത്തലത്തിലേക്ക് സൂചന നൽകാൻ സാധിക്കും.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ, കോഴിക്കോട് മുനിസിപ്പൽ പ്രദേശത്ത് ഏകദേശം 30,000 മുസ്ലീങ്ങൾ താമസിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിലുണ്ടായിരുന്ന തുറമുഖപട്ടണത്തെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായി വളരെ വലിയ പ്രദേശമായിരുന്നു ഇത്. 1806-ൽ, കൊളോണിയൽ മലബാർ ജില്ലയിലെ (ഇന്നത്തെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളും തൃശ്ശൂരിന്റെ ചില ഭാഗങ്ങളും) മൊത്തം മുസ്ലീങ്ങളുടെ എണ്ണം ഏകദേശം 17,0000 ആയിരുന്നു, ഓരോ ജില്ലയിലും ശരാശരി 34,000 ആളുകൾ. ഖാസി മുഹമ്മദ് മുഹ്യിദ്ദീൻമാല രചിച്ചതിന് ശേഷം ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് കഴിഞ്ഞാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ സംഖ്യ കണക്കാക്കിയത്. മറ്റൊരു ബ്രിട്ടീഷ് ഔദ്യോഗിക രേഖ അനുസരിച്ച്, പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലബാറിലെ മൊത്തം ജനസംഖ്യ വിശാലമായ ഭൂമിശാസ്ത്ര പരിധിയിൽ ചിതറിക്കിടക്കുന്ന നിലയിൽ ഏകദേശം 14,0000 ആയിരുന്നു. ഏകദേശം അരനൂറ്റാണ്ട് മുമ്പുള മുസ്ലീം ജനസംഖ്യയുടെ ചെറിയ തോത് ഈ കണക്കുകൾ കാണിക്കുന്നുണ്ട് .


1871 ലെ സെൻസസ് അനുസരിച്ച് കോഴിക്കോട് നഗരത്തിലെ മൊത്തം ജനസംഖ്യ 48,000 ആയിരുന്നു. 1871 മുതൽ 1901 വരെ, നഗരത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് സ്ഥിരമായി ഉയർന്നതായിരുന്നു, 1891 നും 1901 നും ഇടയിൽ ഇത് 16 ശതമാനത്തിലെത്തി. ഈ കണക്കുകൾ വ്യക്തമാക്കുന്നത് കോഴിക്കോട് നഗരത്തിലെ പതിനാറാം നൂറ്റാണ്ടിലെ ജനസംഖ്യയെക്കുറിച്ചുള്ള "50,000 ൽ കുറയാത്തത്" എന്ന സുബ്രഹ്മണ്യത്തിന്റെ വിലയിരുത്തൽ സമകാലിക യൂറോപ്യൻ വിവരണങ്ങളിൽ നിന്ന് സംഭവിച്ച പിഴവായിരിക്കാം. പോർച്ചുഗൽ പോലുള്ള ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യൻ സഞ്ചാരികൾ സാഹിത്യപരവും മതപരവും രാഷ്ട്രീയവുമായ അജണ്ടകളുടെ ഭാഗമായി ദക്ഷിണേഷ്യയിലെ ജനസംഖ്യയെ പെരുപ്പിച്ചു കാണിക്കാൻ ശ്രമിച്ചുവെന്ന വസ്തുത അത് അവഗണിക്കുന്നുണ്ട്. ഉദാഹരണത്തിന്, പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലുടനീളം ഏറ്റവും കുറഞ്ഞ ജനസാന്ദ്രത രേഖപ്പെടുത്തിയ പ്ലേഗ്-അനന്തര പോർച്ചുഗലിൽ നിന്ന് വന്ന, ബാർബോസ ദക്ഷിണേഷ്യയിലെ താരതമ്യേന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിച്ചതായി തോന്നുന്നു.


മെച്ചപ്പെട്ട നഗര സൗകര്യങ്ങൾ, ഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്തി കേന്ദ്രങ്ങൾ, വിപുലമായ സാമൂഹിക സംവേദനാത്മക ഇടങ്ങൾ എന്നിവയുള്ള വാണിജ്യപരമായി ഊർജ്ജസ്വലമായ കൊളോണിയൽ മുനിസിപ്പാലിറ്റി എന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ആകെ ജനസംഖ്യ 50,000 ൽ താഴെയാണെങ്കിൽ പതിനാറാം നൂറ്റാണ്ടിലെ താരതമ്യേനേ ചെറിയ കോഴിക്കോടിൽ ഇത്ര തന്നെ നിവാസികൾ ഉണ്ടാകുമായിരുന്നില്ല. കൂടാതെ, നഗരം നിരന്തരമായ അക്രമം, വലിയ തോതിലുള്ള പിൻവലിയൽ, ഫസാദിന്റെ യുഗത്തിലെ വാണിജ്യ തകർച്ച, എന്നിവയാൽ നശിപ്പിക്കപ്പെട്ടിരുന്നു. അതിനാൽ, മൊത്തം ജനസംഖ്യയുടെ 20 ശതമാനം മുസ്ലിംകളെ പ്രതിഷ്ഠിച്ച ബാർബോസയുടെ കണക്ക് സാധുതയുള്ളതായി കണക്കാക്കിയാലും, പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നഗരത്തിലെ തദ്ദേശീയ മുസ്ലിംകളുടെ എണ്ണം കുറച്ചു ചില ആയിരങ്ങളെക്കാൾ കവിയില്ല.


പ്രത്യേകിച്ചും, പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ കോഴിക്കോട് നഗരം ഉൾപ്പെടെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ തുറമുഖങ്ങളിൽ പോർച്ചുഗീസുകാർ അറബ് വ്യാപാരികളെ അടിച്ചമർത്താൻ തുടങ്ങിയതോടെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള മാപ്പിളമാരും അവരുടെ ആശ്രിതരും ഉൾപ്രദേശങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതോടെ അവരുടെ എണ്ണം വീണ്ടും കുറഞ്ഞു.


മുൻകാല പണ്ഡിതന്മാർ നാം വിശ്വസിക്കാൻ ആഗ്രഹിക്കുന്നതുപോലെ, ഫസാദിന്റെ കാലഘട്ടത്തിലോ അതിനുമുമ്പോ വിപുലമായ ഒരു അറബി-മലയാള ലിഖിതത്തിന്റെ അസാധ്യതയിലേക്കാണ് ഇത്തരം ഘടകങ്ങൾ വിരൽ ചൂണ്ടുന്നത്. അതുപോലെ, പൂർണ്ണമായ ആർക്കൈവൽ ഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാടോടിക്കഥകൾ എന്നിവയുടെ അക്ഷരാർത്ഥത്തിലുള അഭാവം, ഒരുകാലത്ത് സമ്പന്നമായിരുന്ന കോഴിക്കോട് നഗരത്തിലും കണ്ണൂർ പോലുള്ള മറ്റ് തുറമുഖപട്ടണങ്ങളിലും പതിനേഴാം നൂറ്റാണ്ടിനു മുമ്പ് ഇത്തരം ലിപികളുടെ വളർച്ചയ്ക്ക് അനിവാര്യമായ ഒരു വ്യവസ്ഥയായ അറബി-മലയാളം സാക്ഷരതയേയും സാഹിത്യത്തെയും അതിന്റെ വിപുലമായ ജനപ്രീതിയേയും സ്ഥിരതയേയും നിഷേധിക്കുന്നു.


മലബാറിലും മറ്റുമുള്ള പോർച്ചുഗീസ് അക്രമങ്ങളെക്കുറിച്ച് മുസ്ലീങ്ങളുമായി ആശയവിനിമയം നടത്താൻ അറബി ഉപയോഗിച്ചിരുന്ന ഖാസി മുഹമ്മദ് ഉൾപ്പെടെയുള്ള ഉലമകളുടെ മനോഭാവവും ഈ അഭാവം വിശദീകരിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അറബി-മലയാളം ആശയവിനിമയ സാക്ഷരതയ്‌ക്കൊപ്പം സുസ്ഥിരമായ ഒരു ലിഖിത പക്വതയിൽ എത്തിയിരുന്നെങ്കിൽ, ഖാസി മുഹമ്മദിനെപ്പോലുള്ള മുസ്‌ലിം എഴുത്തുകാർ തങ്ങളുടെ ആശങ്കകൾ ഈ മാധ്യമത്തിൽ അറിയിക്കുമായിരുന്നു.


പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലബാറിന്റെ ഉൾപ്രദേശങ്ങളിൽ എത്തിത്തുടങ്ങിയ മാപ്പിളമാരുടെ സാമൂഹ്യ പരിണാമത്തിന്റെ ഭാഗമായി, പിന്നീടാണ് അറബി-മലയാള ലിപി അക്ഷരരൂപത്തിൽ അവിടങ്ങളിൽ എത്തിയിരിക്കുന്നത് എന്നാണ് അനുമാനിക്കാൻ സാധിക്കുന്നത്. എന്നാൽ തന്നെയും, പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിലെ മുസ്‌ലിംകളുടെ ദുർബലമായ സ്ഥാനങ്ങളെ ചുറ്റിപ്പറ്റിയുള്ള തന്റെ സാങ്കൽപ്പിക കാവ്യാത്മക ആവിഷ്‌കാരങ്ങളിലൂടെ സമകാലിക വേദനയും ഭാവനകളും പ്രകടിപ്പിച്ച കുഞ്ഞായിൻ മുസ്ലിയാരെപ്പോലുള്ള പതിനെട്ടാം നൂറ്റാണ്ടിലെ പ്രാദേശിക ഭാഷാ പണ്ഡിതന്മാർ തന്നെയാണ് ഈ ലിപി ജനകീയമായാക്കിയതും ഉൾഭാഗങ്ങളിൽ പ്രചരിപ്പിച്ചതും.


എന്തായാലും, പ്രാദേശികഭാഷയിലോ / ലിപിയിലോ എഴുതുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ പോലും മാപ്പിളമാർക്കിടയിൽ ഒരു സാധാരണ ശീലമായി മാറിയിട്ടില്ല. ഇത് മനസ്സിലാക്കുമ്പോൾ, പതിനാറാം നൂറ്റാണ്ടിന്റെ അവസാനപകുതിക്ക് മുമ്പ് അറബി-മലയാള ലിപികളുടെയും സാഹിത്യരചനകളുടെയും വിപുലമായ പ്രചാരത്തെക്കുറിച്ചുള്ള നിരവധി മുൻകാല ഭാവനകളും നിഗമനങ്ങളും ചരിത്രപരമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്ന് പറയേണ്ടിവരും.

Literature
History

Related Posts

Loading