മലബാറിലെ മുസ്ലിം ജീവിതത്തിൽ മതത്തിന് ഏറെ പ്രാധാന്യം നൽകിപ്പോരാറുണ്ട്. തലമുറകളിലേക്ക് അതിനെ പകർന്നു നൽകാനും ഇവർ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. മതപരമായ ചിഹ്നങ്ങളെ വളരെ പ്രാധാന്യത്തോടെ കാണുവാൻ ചെറുപ്പം മുതലേ കുരുന്നുകളെ ഇവർ പരിശീലിപ്പിക്കുന്നു. പുരുഷന്മാർ പൊതുവെ ജോലിയാവശ്യങ്ങൾക്കായി മിക്ക സമയവും വീടിന്റെ പുറത്തായത് കൊണ്ട് തന്നെ കുരുന്നുകളിൽ മതത്തിന്റെ മൂല്യങ്ങളും ധാർമികതയും പകർന്നു നൽകുക എന്ന കർത്തവ്യം മിക്കപ്പോഴും സ്ത്രീകൾക്കാണ്. അവർ കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോഴും അവരെ ഉറക്കുമ്പോഴും ചരിത്ര പുരുഷൻമാരുടെയും നബിമാരുടെയും സ്വഹാബികളുടെയും (നബിയുടെ അനുചരന്മാർ) കഥ പറഞ്ഞു കൊടുക്കുകയും അതിലൂടെ മൂല്യങ്ങൾ കൈമാറുകയും ചെയ്യുന്നു. അവർ കുട്ടികളെ ഒരുമിച്ചിരുത്തി മൗലിദുകളും മാലകളും ആലപിക്കുകയും, ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുന്നു. എന്നാൽ അത്യാധുനിക കാലത്ത് മതത്തിനോടുള്ള താല്പര്യം പുതു തലമുറയിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കെ മുതിർന്നവരുടെ അഭയ കേന്ദ്രമാവുകയാണ് ഓൺലൈൻ മജ്ലിസുകൾ. അതിൽ നിന്നും അവർ അറിവ് നുകരുകയും നഷ്ടപ്പെട്ടുവെന്ന് കരുതുന്ന ദിക്റുകളും മാലകളും പാരായണം ചെയ്യുകയും ചെയ്യുന്നു. ഈ ലേഖനം ശ്രദ്ധ ചെലുത്താൻ ഉദ്ദേശിക്കുന്നത് ഇത്തരം ഓൺലൈൻ മജ്ലിസുകളുടെ വളർച്ച എങ്ങിനെയാണ് ഗാർഹിക മത വ്യവഹാരത്തിൽ (practice) മാറ്റങ്ങൾ കൊണ്ട് വന്നത് എന്നതാണ്. ഇവിടെ പരാമർശിക്കുന്ന സ്ത്രീകൾ അല്പം മുതിർന്ന പേരമക്കളൊക്കെയുള്ള സ്ത്രീകളാണ്.
ഗാർഹിക മത വ്യവഹാരങ്ങൾ
വീടുകളിലൂടെ പ്രചരിക്കുന്ന മത മൂല്യങ്ങളൊക്കെ ഉൾച്ചേർന്നതിനെയാണ് ഡൊമസ്റ്റിക് റിലീജിയൻ കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. എണ്പതുകളിലേക്ക് (80) കടന്ന ഫാത്തിമ എന്നവർ തങ്ങളുടെ റമളാനിലെ താമസഛേ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, "ഞാൻ ആഴ്ചയിൽ മൂന്ന് ദിവസം മകന്റെ വീട്ടിലും ബാക്കി ദിവസങ്ങൾ മകളുടെ വീട്ടിലുമാണ് കഴിയാറ്. രണ്ടു പള്ളികളിലെയും ക്ലാസ്സുകളുള്ള ദിവസമനുസരിച്ച് അതിന് പോകാനുള്ള എളുപ്പത്തിനാണ് ഇങ്ങിനെ ചെയ്യുന്നത്." ഇത് മലബാറിലെ സ്ത്രീകളിലെ അറിവിനോടുള്ള ആർത്തി മനസ്സിലാക്കി തരുന്നതാണ്. പഴയ കാലം മുതലേ തുടർന്ന് വരുന്ന ഈ പ്രവണത ഇന്നും മധ്യവയസ്കരായ അല്ലെങ്കി അതിനും മുകളിൽ പ്രായമായ സ്ത്രീകളിൽ ഇന്നും കാണാവുന്നതാണ്. പല മുസ്ലിം ആഘോഷങ്ങളിലും (ഉറൂസ്) മജ്ലിസുകളിലും സ്ത്രീകളുടെ സാന്നിധ്യമാണ് ഏറെയുണ്ടാവാറുള്ളത്. പുരുഷന്മാർ പൊതുവെ സംഘാടനത്തിലും മറ്റുമായി തിരക്കിലാകുമ്പോൾ വളരെ ശ്രദ്ധാപൂർവ്വം ഉസ്താദുമാരുടെ പ്രഭാഷണങ്ങൾക്ക് ചെവി കൊടുക്കാറുള്ളത് സ്ത്രീകളാണ്. അവർക്ക് ഇത്തരം ഒരുമിച്ചു കൂടലുകൾ പരിചയം പുതുക്കാനും വിവരങ്ങൾ പങ്കു വെക്കാനുമുള്ള അവസരം കൂടിയാണ്. പഴയ കാലത്ത് ഇതായിരുന്നു നാട്ടിലെ മുഴുവൻ സ്ത്രീകളെയും ഒരുമിച്ചു കൂട്ടുന്ന സംഗമങ്ങൾ. വളരെ ദൂരം നടനായിരുന്നു പലരും എത്തിയിരുന്നത്. ഉറൂസിന് തോണിയിൽ പോയ ഓർമ്മകൾ പലരും സംസാരത്തിനിടെ സൂചിപ്പിക്കുകയുണ്ടായി. ഇത്രയേറെ പ്രയാസപ്പെട്ട് അവർ മജ്ലിസുകളിലേക്ക് ഓടിയടുത്തത് അഭയത്തിന് വേണ്ടിയാണ്. സ്ത്രീകളെക്കുറിച്ചുള്ള പഠനങ്ങളിൽ ഇത്തരത്തിലുള്ള സംഗമങ്ങളിലെയും മറ്റും പങ്കെടുക്കൽ (participation) വലിയ ശ്രദ്ധാ കേന്ദ്രമാണ്. (Moberg I962; Bourguignon et al. I983; Mernissi 1977).
ഓരോ സമയവും ദീനിയായ (religious) കർമ്മങ്ങളിൽ നിരതരാവാൻ ഇവിടുത്തെ സ്ത്രീകൾ വളരെയധികം ശ്രമിക്കുന്നത് കാണാം. ഓരോ ദിവസവും അനേകം മതകീയ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുകയും, പവിത്രമായ വചനങ്ങൾ പാരായണം ചെയ്യുകയും, ചെറിയ വിഹിതം ദാനം ചെയ്യുകയും ദിവ്യമായ വസ്തുക്കളെ (object) ചുംബിക്കുകയും ചെയ്യുന്നു. അവരുടെ തുച്ഛമായ വരുമാനത്തിന്റെ ഒരു ഭാഗം പള്ളികളിലേക്കും മതകീയ ചടങ്ങുകളിലേക്കുമായി (rituals) നീക്കി വെക്കപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതത്തിലുടനീളം ദൈവികത വ്യാപിച്ചിരിക്കുന്നു. മിക്ക സംഭാഷണങ്ങളും ഒടുങ്ങുന്നത് "എല്ലാം പടച്ചോന്റെ കയ്യിലാണ്" അല്ലെങ്കിൽ "പടച്ചോനല്ലേ വലിയോൻ, എല്ലാം നല്ലതിനായിരിക്കും" എന്ന് പറഞ്ഞാകും. ജനനവും മരണവും മറ്റെല്ലാ ചടങ്ങുകളും മതപരമായാ ചടങ്ങുകളുടെ ബന്ധപ്പെട്ടു കിടക്കുന്നവയാണിവർക്ക്. മനുഷ്യ ജീവിതം അത്യത്ഭുതകരമായ ദൈവിക പടപ്പിന്റെ ചെറിയൊരു ഭാഗമാണ് എന്നുള്ളതിലേക്കാണ് ഇതെല്ലം ചൂണ്ടുന്നത്. ചുരുക്കത്തിൽ, അധിതികളായെത്തുന്നവർക്ക് സുഭിക്ഷമായ ഭക്ഷണം നൽകുന്നതിൽ പേര് കേട്ട മലബാർ, അതിന്റെ കാരണത്തിലേക്ക് അന്വേഷിക്കുമ്പോൾ ദൈവികമായ പ്രതിഫലത്തിനായാണെന്ന് മനസ്സിലാകും. പള്ളികളിലെ ഉസ്താദുമാരുടെ ഭക്ഷണം ഓരോ ദിവസവും ഓരോ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്രവണതയാണ് മലബാറിൽ അനുഷ്ഠിച്ച് പോരുന്നത്. എന്നാൽ അന്നേ ദിവസം വളരെ പവിത്രമായ ദിവസമായി കണ്ട് "ഇന്ന് ഉസ്താദിന്റെ ചെലവിന്റെ ദിവസാണ്" എന്നും പറഞ്ഞ് മറ്റ് എല്ലാ പരിപാടികളും ഒഴിവാക്കി ഭക്ഷണം പാകം ചെയ്യുന്നതിൽ ഏർപ്പെടും. അറിവിനോടും മതത്തിന്റെ ശിആറിനോടും (അടയാളങ്ങൾ) പ്രകടമായ സ്നേഹത്തിന്റെ ഭാഗമാണിത്. അറിവ് പഠിക്കുന്ന കുട്ടികളോടും മലബാറിലെ സ്ത്രീകൾക്ക് വലിയ ആദരവും ബഹുമാനവുമാണ്. ഇതെല്ലം അവരുടെ അറിവിനോടുള്ള സ്നേഹവും ബഹുമാനവുമാണ് വ്യക്തമാക്കുന്നത്. ചുരുക്കത്തിൽ ഈമാൻ (വിശ്വാസം) ഉണ്ടെങ്കിൽ സമയം, സ്ഥലം തുടങ്ങി എല്ലാം ദൈവത്തിന്റെ പ്രഭ നിറഞ്ഞതാണ് എന്നാണ് ഇവർ മനസ്സിലായ്ക്കുന്നത്. ഗീർട്സിനെ (Clifford Geertz) തുടർന്ന് കൊണ്ട് പല നരവംശശാസ്ത്രജ്ഞരും ആത്യന്തികമായ ജീവിതം, മരണം, ദുരിതം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ഒന്നായാണ് മതത്തെ കാണുന്നത് (Geertz I969).
ജീവിതവും, മരണവും, ദുരിതവുമെല്ലാം ഗാർഹികമായ ഉത്കണ്ഠയാണെന്നിരിക്കെ, 'ഗാർഹിക മതം' എന്ന പദം (term) കുറച്ചുകൂടി ലഘുവായ (minor) മതപരമായ ചര്യകളെയാണ് സൂചിപ്പിക്കാനാണ് നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഉപയോഗിക്കുന്നത്. പതിനഞ്ച് വോളിയം അടങ്ങിയ പുതിയ എൻസൈക്ലോപീഡിയ ഓഫ് റിലീജിയനിൽ മുസ്ലിംസ്, ഹിന്ദുസ്, ക്രിസ്ത്യൻസ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയവരുടെ ഗാർഹിക ചര്യകളുടെ ഉദാഹരണങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് (I987: vol. 4, 400-I7). മതം എന്ന അനുഭവം (experience) ജൻഡർ സ്പെസിഫിക് ആയാണ് മനസ്സിലാക്കാൻ കഴിയുന്നത്. മതപരമായ ജീവിതവും സന്ദേഹങ്ങളും അവർ സ്ത്രീകളുമായാണ് പങ്കുവെക്കാറുള്ളത്. വീട്ടിൽ നിന്നും ഒരിക്കൽ ഉമ്മയുടെ സഹോദരി മറ്റേ സഹോദരിയോട് പറയുന്നത് ഇങ്ങിനെയാണ്, "ഇന്നലെ മദനീയം ക്ലാസ്സിൽ ഉസ്താദ് നരകത്തിലേക്ക് പോകേണ്ടി വരുന്ന വിശ്വാസ്സികളെയാണ് പരാമർശിച്ചത്. അമലുകൾ (deeds) കുറഞ്ഞത് കാരണം നരകത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുമ്പോൾ അവർ അട്ടഹസിക്കും. മാലാഖ ചോദിക്കും, നിങ്ങൾ ഏത് വിഭാഗത്തിൽ പെട്ടവരാണ്? ഇത് പോലെ അട്ടഹസിക്കുന്നവരെ ഞാൻ മുൻപ് കണ്ടില്ലല്ലോ എന്ന്. അവരിപ്പോൾ മാലാഖയോട് നബി തങ്ങളെ ഒന്ന് കാണിച്ചു തരാമോ എന്ന് ആവശ്യപ്പെടും, പക്ഷെ അവരെ നരകത്തിലേക്കെറിയും. അവസാനം ഇതറിഞ്ഞ നബി സുജൂദിൽ വീണ് കിടക്കും.
അല്ലാഹുവിനോട് അപേക്ഷിക്കും അവരെ രക്ഷപ്പെടുത്താൻ, അങ്ങിനെ നബി അവരെ രക്ഷപ്പെടുത്തും. പക്ഷെ മദനീയവും ഉസ്താദ് പറഞ്ഞു, സമാധാനിക്കണ്ട നരകത്തിലെ ചൂട് ഒരു നിമിഷം പോലും നമുക്ക് സഹിക്കാൻ കഴിയില്ല എന്നാണ്. അത് കേട്ടത് മുതൽ ഞാനും സഹലയും (മകൾ) വലിയ വിഷമത്തിലാണ്." എന്നും പറഞ്ഞ് നിസ്കാരപ്പായയിലേക്ക് കയറി. ഒരിക്കൽ മതപഠന ക്ലാസ്സുകൾ കുറിച്ച് സംസാരിച്ചപ്പോഴും "അവിടെ ചെല്ലുമ്പോൾ നമുക്ക് പരസ്പരം പങ്കു വെക്കാൻ കഴിയും" എന്ന് പറഞ്ഞ അതിലെ പങ്കുവെക്കലിലും മതപരമായത് അടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാകും.
മുസ്ലിം ലോകത്തിലെ എല്ലാ ഭാഗത്തും, ആത്മീയപരമായ അറിവുകളും ഇസ്‌ലാമിക പാഠങ്ങളും പ്രചരിപ്പിക്കുന്നത് വഅളുകളിലൂടെയാണ്. മലബാറിലെ മുസ്ലിം സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഈ വഅളുകൾക്ക് വലിയ പങ്കുണ്ട് (അൻവർ ഹനീഫ). മതപരമായ അറിവുകൾ കൈവരിക്കുന്നതിനും ധാർമിക ജീവിതത്തെ രൂപപ്പെടുത്തുന്നതിനും കാലങ്ങളോളം ഇവ മുഖ്യ മാർഗമായി നിലനിന്നിട്ടുണ്ട്. ആത്മീയമായ പുണ്യപ്രവർത്തികളും, ഖുർആനിക പാഠങ്ങളും, പ്രവാചക വചനങ്ങളും, കർമ്മശാസ്ത്ര നിയമങ്ങൾ, തുടങ്ങിയവയാണ് ഈ പ്രഭാഷണങ്ങളുടെ പ്രധാന ഉള്ളടക്കം. ഗ്രാമം അല്ലെങ്കിൽ മഹല്ല് അടിസ്ഥാനത്തിലുള്ള ഇത്തരം മജ്ലിസുകൾ മാപ്പിളരുടെ നിത്യചര്യയായിട്ടാണ് നിലനിന്നിരുന്നത്. അവിടെ നിന്നും സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുകയും, അത് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും, ദാനധർമ്മങ്ങൾക്കും, മതസ്ഥാപനങ്ങളുടെ നിർമാണത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു. ഇവ സ്വതവേ ഓഡിറ്റോറിയങ്ങളിലോ, കടൽത്തീരങ്ങളിലോ, തുറസ്സായ സ്ഥലങ്ങളിലോ, പ്രത്യേകിച്ച് പള്ളികളോട് ചേർന്ന് നിൽക്കുന്ന ഇടങ്ങളിലോ ആണ് നടത്താറുള്ളത്. (Najiya V Safi) ഒരുപാട് മതപരമായ സംഗമങ്ങൾ വലിയ തോതിൽ നടന്നു കൊണ്ടിരിക്കെയാണ് മഹാമാരിയായി കോവിഡ് വരുന്നത്. അതിനു ശേഷം വലിയ തോതിൽ സംഗമങ്ങൾ നടത്താൻ കഴിയാതെ വന്നപ്പോഴാണ് മജ്ലിസുകൾ ഓൺലൈനിലേക്ക് മാറുന്നത്. മജ്ലിസുകളിൽ ശാരീരിക പങ്കാളിത്തം സാധ്യമാകാതെ വന്നപ്പോൾ ഓൺലൈൻ മജ്ലിസുകളെ അവലംബിക്കുക മാത്രമായിരുന്നു രക്ഷ. കോവിഡ് കാലഘട്ടത്തിൽ തൊണ്ണൂറിലധികം രാജ്യങ്ങളിൽ 'പ്രാർത്ഥന' എന്ന പദം വളരെയധികം തിരയപ്പെട്ട പദമായി നിരീക്ഷിക്കപ്പെടുന്നു. ഒരുപാട് ഗവേഷകർ മതവും വിശ്വാസവും ആഗതത്തെയും (trauma) ദുരിതത്തെയും (distress) അതിജീവിക്കാൻ ഏറെ സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട് (Faith in a time of crisis). മതം മനുഷ്യ ജീവിതത്തിന് അർഥം നൽകുന്നു. ആഗാതങ്ങൾ നാം ആരാണ്, എന്താണ് നമ്മുടെ ലക്ഷ്യം (purpose) എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് അർത്ഥവത്തായ മറുപടികൾ നൽകാൻ വിശ്വാസം നമ്മെ സഹായിക്കുന്നു.
ഇത് കാരണമാണ് പലപ്പോഴും ആഗാതങ്ങൾക്ക് ശേഷം വിശ്വാസത്തിൽ ഔന്നിത്യം ഉണ്ടാകുന്നത്. മലബാറിലെ വിശ്വാസികൾ ആപത്ത് ഘട്ടങ്ങളിലെ അഭയമായി വിശ്വാസത്തെ കൂട്ട് പിടിച്ചതിന് വലിയ ഉദാഹരണമാണ് മൻഖൂസ് മൗലിദ്. മലബാറിലെ തീരദേശ പ്രദേശങ്ങളിൽ വസൂരി, പ്ലേഗ് രോഗം, മറ്റ് പ്രകൃതി ദുരന്തങ്ങളുടെയും നിരന്തര ഭീതി നിറഞ്ഞിരുന്നു. അങ്ങിനെ അവിടുത്തെ നിവാസികൾ അവരുടെ ആത്മീയ ഗുരുവായ ഷെയ്ഖ് മഖ്ദൂമിനെ കാര്യങ്ങൾ ബോധിപ്പിച്ചു. ശൈഖവറുകൾ ഗൗരവമായി കാര്യത്തെ കാണുകയും, മുൻകാല ആത്മീയ നേതാക്കളുടെ പാത പിന്തുടർന്ന് ഒരു മൗലിദ് രചിക്കുകയും ചെയ്തു. ഈ മൗലിദിലെ ചില ഭാഗങ്ങൾ മറ്റ് മൗലിദിൽ നിന്നെടുത്ത് ചുരുക്കുകയും, ബാക്കി ശൈഖവർകൾ എഴുതുകയും ചെയ്തു. പിന്നീട് ശൈഖവർകൾ ഈ മൗലിദ് എല്ലാ വീടുകളിലും പള്ളികളിലും പാരായണം ചെയ്യാൻ ആവശ്യപ്പെട്ടു (ഷഫീഖ് ഹുദവി).
ഡിജിറ്റലൈസ്‌ഡ് സ്‌പൈസസ്
COVID-19 ന്റെ അതിവേഗ വ്യാപനവും തുടർന്നുണ്ടായ ക്വാറൻ്റൈൻ നടപടികളും ജനങ്ങളിൽ ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിച്ചു. മലബാർ മേഖലയിൽ ദുരിതകാലങ്ങളിൽ വിശ്വാസികൾക്ക് പിന്തുണയും മാർഗനിർദ്ദേശവും നൽകുന്നതിൽ മതനേതാക്കൾക്ക് ചരിത്രപരമായി ഒരു പ്രധാന പങ്കുണ്ട്, മങ്കൂസ് മൗലിദ് പോലുള്ള ജനപ്രിയ സാഹിത്യങ്ങൾ ഇവയെ സാക്ഷ്യം വഹിക്കുന്നു. എന്നിരുന്നാലും, പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം, ഉലമാക്കൾക്ക് (മത പണ്ഡിതന്മാർക്ക്) അവരുടെ സാധാരണ പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇത് അറിവ് നേടുന്നതിനും ധാർമ്മിക ജീവിതം രൂപപ്പെടുത്തുന്നതിനും തടസ്സങ്ങളുണ്ടാക്കി. പള്ളികൾ അടച്ചതും, സാമൂഹിക ഒത്തുചേരലുകൾക്ക് പരിമിതികൾ വന്നതും, സംഭാവനകൾ കുറഞ്ഞതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കുറവുണ്ടാക്കി. പള്ളികൾ അടച്ചത്, പ്രസംഗങ്ങൾ നടത്തി സംഭാവനകൾ സ്വീകരിച്ചിരുന്ന മുതഅല്ലിമീങ്ങളുടെ (പരമ്പരാഗത മതപഠനത്തിലെ വിദ്യാർത്ഥികൾ) ഉപജീവനത്തെയും ബാധിച്ചു. മൊത്തത്തിൽ, മഹാമാരി മലബാറിലെ സമൂഹത്തിൻ്റെ മതപരമായ ആചാരങ്ങളെയും സാമൂഹിക ക്ഷേമത്തെയും കാര്യമായി ബാധിച്ചു. കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം, മുസ്ലീം മതപ്രഭാഷകർക്ക് അവരുടെ അനുയായികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ വഴികൾ കണ്ടെത്തേണ്ടിവന്നു. പരമ്പരാഗതമായ വഅ്‌ള് മജ്‌ലിസുകൾക്കും മറ്റ് നേരിട്ടുള്ള ആശയവിനിമയങ്ങൾക്കും പകരമായി അവർ യൂട്യൂബ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയ വെർച്വൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ തുടങ്ങി. തൽഫലമായി, മലബാറിലെ വിവിധ സുന്നി, മുജാഹിദ് വിഭാഗങ്ങളിൽ നിന്നുള്ള ഇസ്ലാമിക പ്രഭാഷകരുടെ യൂട്യൂബ് ചാനലുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി.
ഇസ്ലാമിക പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യുന്ന വിവിധ ചാനലുകൾ ലഭ്യമാണ്. ചില ചാനലുകളിൽ ഒരു പ്രഭാഷകൻ മാത്രമായിരിക്കും പ്രസംഗം നടത്തുന്നത്, എന്നാൽ മറ്റു ചില ചാനലുകളിൽ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒന്നിലധികം പ്രഭാഷകരുണ്ടാകും. ചില ചാനലുകൾ ദിവസം ഒരിക്കൽ തത്സമയ സെഷനുകൾ പ്രക്ഷേപണം ചെയ്യുമ്പോൾ, മറ്റ് ചില ചാനലുകളിൽ പ്രഭാഷകർ ദിവസത്തിൽ രണ്ടുതവണ വരെ വരാറുണ്ട്. എന്നാൽ ചില ചാനലുകൾ ഇടയ്ക്കിടെ മാത്രമാണ് സെഷനുകൾ പ്രക്ഷേപണം ചെയ്യുന്നത്.
'വോയ്സ് ഓഫ് സഫുവാൻ സഖാഫി പത്തപ്പിരിയം', 'മദനീയം ലത്തീഫ് സഖാഫി', 'വോയ്സ് ഓഫ് വലിയുദ്ദീൻ ഫൈസി' എന്നീ ചാനലുകൾ പ്രധാനമായും ഖുർആൻ പഠനങ്ങൾ, ഇസ്ലാമിക ചരിത്രം, ആത്മീയ-ഭക്തിപരമായ കാര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പ്രഭാഷണങ്ങൾ ഒരൊറ്റ പ്രഭാഷകൻ ഒരു കൂട്ടം എപ്പിസോഡുകളായിട്ടാണ് നടത്തുന്നത്. ഈ പ്രഭാഷണങ്ങൾ പൂർണ്ണമായും തത്സമയ സെഷനുകളിലൂടെയാണ് നടത്തുന്നത്.
ഈ ചാനലുകൾക്കും അവയുടെ എപ്പിസോഡുകൾക്കും ആകർഷകമായ പേരുകളാണുള്ളത്. "വോയ്സ് ഓഫ്..." പോലുള്ള ചില പൊതുവായ പദങ്ങളും പ്രയോഗങ്ങളും അവർ ഉപയോഗിക്കുന്നു. അതുപോലെ "അറിവിൻ നിലാവ്", "അറിവിൻ വെളിച്ചം" എന്നിങ്ങനെ പ്രാസത്തിലുള്ള പേരുകളും കാണാം.
ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാൽ, ചില സെഷനുകൾക്ക് ഏകദേശം ഒരു ലക്ഷം വരെ തത്സമയ കാഴ്ചക്കാരെ ദിവസവും ലഭിക്കുന്നുണ്ട്, കൂടാതെ ദിവസാവസാനം കാഴ്ചക്കാരുടെ എണ്ണം മൂന്ന് ലക്ഷം വരെ കടക്കാറുമുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഇത് അഭൂതപൂർവമായ ഒരു സംഭവവികാസമാണ്.
ചില പരമ്പരാഗത വഅ്‌ള് മജ്‌ലിസുകളിൽ രോഗശാന്തിക്കായി വെള്ളം, തേൻ തുടങ്ങിയവ വെക്കാറുണ്ടായിരുന്നതിനു പുറമെ, ഇപ്പോൾ വിശ്വാസികൾ മരുന്നുകൾ, കടകളുടെയും വാഹനങ്ങളുടെയും താക്കോലുകൾ, പേനകൾ തുടങ്ങിയവ പ്രഭാഷകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് സ്ക്രീനിനു മുന്നിൽ കൊണ്ടുവയ്ക്കുന്നു. ഈ വെർച്വൽ മജ്‌ലിസിൽ വെച്ചാൽ ഈ സാധനങ്ങൾക്ക് ബറക്കത്ത് (അനുഗ്രഹം) ലഭിക്കുമെന്നും, ഒരു പ്രത്യേക കാലയളവിൽ തുടർച്ചയായി ഇതിൽ പങ്കെടുത്താൽ തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകുമെന്നും ആളുകൾ വിശ്വസിക്കുന്നു.
വെർച്വൽ പ്രഭാഷണ സെഷനുകൾ അവയുടെ എളുപ്പത്തിലുള്ള ലഭ്യത കാരണം കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്. പരമ്പരാഗത വഅ്‌ള് മജ്‌ലിസുകളിൽ നിന്ന് വ്യത്യസ്തമായി, നല്ല ഇന്റർനെറ്റ് സൗകര്യമുള്ള, ഭൂമിശാസ്ത്രപരമായോ (geographical) വിഭാഗപരമായോ (sectarian) ഉള്ള തടസ്സങ്ങളില്ലാതെ ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള വിശ്വാസികൾക്ക് വെർച്വൽ സെഷനുകളിൽ പങ്കെടുക്കാൻ കഴിയും. സ്വന്തം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും, ഓൺലൈൻ സെഷനുകളിൽ പങ്കെടുക്കാൻ സാധിക്കുന്നു. പ്രത്യേകിച്ചും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത പ്രായമായവർക്ക് ഇത് വലിയ രീതിയിൽ പ്രയോജനകരമായിട്ടുണ്ട്. ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കും, കോവിഡ്-19 ബാധിച്ച് നിർബന്ധിത ക്വാറന്റൈനിലുള്ളവർക്കും, ഈ വെർച്വൽ ഒത്തുചേരലുകളിൽ പങ്കെടുക്കാനാകുന്നത് അവർക്ക് ആശ്വാസവും പുറംലോകവുമായി ബന്ധമുള്ളതായി തോന്നാനും സഹായിക്കുന്നു.
വെർച്വൽ ഒത്തുചേരലുകളുടെ ഒരു പ്രധാന നേട്ടം, വിശ്വാസികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച്, സൗകര്യപ്രദമായ സമയത്ത് വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും എന്നതാണ്. അമുസ്ലിങ്ങൾക്ക് പോലും തങ്ങളുടെ സഹമതസ്ഥർ അറിയുമോ എന്ന ഭയമില്ലാതെ ഇസ്ലാമിക വെർച്വൽ പരിപാടികളിൽ എളുപ്പത്തിൽ പങ്കെടുക്കാൻ സാധിക്കുന്നു.
പരിപാടികൾ പലപ്പോഴും റെക്കോർഡ് ചെയ്യുകയും യൂട്യൂബ് ചാനലുകളിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നതിനാൽ, വിശ്വാസികൾക്ക് അവരുടെ സൗകര്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കുന്നു. നേരിട്ടുള്ള പങ്കാളിത്തത്തിന് പലപ്പോഴും യാത്ര ആവശ്യമാണ്, ഇത് വിലയേറിയ സമയം നഷ്ടപ്പെടുത്തും. വെർച്വൽ ഒത്തുചേരലുകൾ സമയം ലാഭിക്കുകയും, തത്സമയ ചാറ്റ് ബോക്സുകളിലൂടെയും പുതുതായി ഉണ്ടാക്കിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രഭാഷകരുമായി ബന്ധപ്പെടാനും സംശയങ്ങൾ ചോദിക്കാനും പ്രാർത്ഥനകൾ ആവശ്യപ്പെടാനും എളുപ്പമാക്കുന്നു.
ചില പ്രഭാഷകർ തങ്ങളുടെ പരിപാടികൾ Facebook, Zoom, YouTube പോലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഒരേ സമയം സ്ട്രീം ചെയ്യാറുണ്ട്. ഇത് ഓൺലൈൻ പങ്കാളിത്തം വർദ്ധിപ്പിക്കുകയും പ്രേക്ഷകർക്ക് സൗകര്യപ്രദമായ രീതിയിൽ പ്രഭാഷകരുമായി ബന്ധപ്പെടാൻ അവസരമൊരുക്കുകയും ചെയ്യുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ വഴി സംഭാവനകൾ സ്വീകരിക്കാറുണ്ട്. പരസ്യങ്ങളിലൂടെയും പ്രക്ഷേപണത്തിലൂടെയും വലിയ വരുമാനം ലഭിക്കുന്നുണ്ട്. ഈ സംഭാവനകൾ പ്രധാനമായും ആംബുലൻസ് സേവനങ്ങൾ, ആശുപത്രികളിലേക്ക് വീൽചെയറുകൾ നൽകുക, കുടിവെള്ള വിതരണം ചെയ്യുക, ഭവനനിർമ്മാണ പദ്ധതികൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഈ വരുമാനം മതപ്രഭാഷകരുടെ പ്രതിഫലം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതുപോലെ പ്രഭാഷകർ ഉപയോഗിക്കുന്ന ക്യാമറകൾ, മൈക്രോഫോണുകൾ, കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ തത്സമയ സ്ട്രീമിംഗ് ഉപകരണങ്ങളുടെ നിലവാരം ഉയർത്താനും ഇത് ഉപയോഗിക്കുന്നു.
കോവിഡ്-19 മഹാമാരിയുടെ സമയത്ത്, മരുന്നുകൾ വൈറസിനെ ചികിത്സിക്കാൻ ഫലപ്രദമല്ലെന്ന് ആളുകൾക്ക് മനസ്സിലായപ്പോൾ, നീണ്ട പ്രാർത്ഥനകൾക്ക് പ്രാധാന്യവും സ്വീകാര്യതയും വർധിച്ചു. ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ കോവിഡ്-19 നെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ഡോക്ടർമാരുമായുള്ള സംവാദങ്ങളും ആളുകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മീയത വർദ്ധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ജനങ്ങൾ വിശ്വാസത്തിന്റെ ഉറപ്പിൽ പ്രതീക്ഷയോടെ ജീവിതം നയിച്ചു.
പരമ്പരാഗത പ്രഭാഷണ സദസ്സുകളിൽ നിന്നും ഡിജിറ്റൽ മജ്ലിസുകളിലേക്കുള്ള മാറ്റം പലരും പല രൂപേനെയാണ് കാണുന്നത്. "സദസ്സുകളിൽ പോകുമ്പോൾ പലപ്പോഴും സംസാരത്തിലേർപ്പെടുകയും പ്രഭാഷണം പൂർണ്ണമായും കേൾക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും, എന്നാൽ ഓൺലൈൻ മജ്ലിസുകളാവുമ്പോൾ അങ്ങിനെയുള്ള പ്രതിസന്ധികൾ ഉണ്ടാകുന്നില്ല". എന്നാൽ പ്രായം ചെന്ന ചിലർ പറയുന്നത്, "സദസ്സുകളിൽ ചെന്നിരിക്കുമ്പോഴാണ് കൂടുതൽ അനുഭൂതി ലഭിക്കുന്നത്" എന്നാണ്. ഓൺലൈൻ മജ്ലിസുകൾ കാരണം വീടുകളിൽ അനുഷ്ടിച്ചു പോരുന്ന ചര്യകൾ നിലച്ചു പോകുന്നതിനെ പാട്ടി ചോദിച്ചപ്പോൾ പറഞ്ഞത്, "ലോകത്ത് നിന്നും ദീനിനോടുള്ള താല്പര്യം കുറഞ്ഞിരിക്കുന്നു. അന്ത്യനാളോടടുക്കുന്നത് കൊണ്ടാണത്. അപ്പോൾ കുട്ടികളെ ഒരുമിച്ചിരുത്തി ചൊല്ലാൻ നിന്നാൽ നമ്മുടെ ചൊല്ലൽ കൂടി ഇല്ലാതാവും. എങ്കിലും പേരമക്കളൊക്കെ മജ്ലിസുകൾ കേൾക്കുകയും ദിക്റുകൾ ചൊല്ലുകയും ചെയ്യുന്നുണ്ട്", എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. ഇത്തരം മജ്ലിസുകൾ വളരെ പ്രാഥമികമായ ദിക്റുകൾ പറഞ്ഞു കൊടുക്കുകയും നല്ല അറിവുകൾ പകർന്നു നൽകുകയും ചെയ്യുന്നതാണ് സ്ത്രീകളിൽ കൂടുതൽ ഇതിനോടുള്ള പ്രിയം വർധിക്കാൻ കാരണമെന്ന് നിരീക്ഷണങ്ങളിൽ നിന്ന് മനസ്സിലായിട്ടുണ്ട്.
പക്ഷെ ഇത്രെയേറെ വിശാലമായ രൂപത്തിൽ ഓൺലൈൻ മജ്ലിസുകൾ നടക്കുന്നുണ്ടെങ്കിലും അത് കാരണമായി മലബാറിലെ ഗാർഹികമായി അനുഷ്ഠിച്ച് പോന്നിരുന്ന പല ആചാരങ്ങളും സമ്പ്രദായങ്ങളും എടുത്ത് നീക്കപ്പെട്ടു. സ്ത്രീകൾ തങ്ങളുടെ ഫോണുകളിലേക്ക് ചുരുങ്ങുകയും individual centric ആവുകയും ചെയ്ത കാരണത്താൽ പഴയ കാലം തൊട്ടേ മലബാറിൽ ഇസ്‌ലാം പ്രചരിച്ച ഗാർഹിക മത പരിസരം ശോഷിച്ച് പോയി എന്ന വസ്തുതയാണ് ഉണ്ടായത്. കുട്ടികളെ മജ്ലിസുകളിൽ പങ്കെടുപ്പിക്കാൻ മുതിർന്നവർ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും പരാജയമാണ് ഫലം. മുൻപുണ്ടായിരുന്ന ഒരുമിച്ചിരിക്കലിലൂടെ ചേർന്ന് വന്നിരുന്ന ധാർമിക മൂല്യങ്ങളും വിശ്വാസങ്ങളും നഷ്ടപ്പെടുക വഴി മലബാറിന്റെ സ്വതമാണ് നഷ്ടപ്പെടുക.
ഉപസംഹാരം
ഒരുപാട് പേരോട് സംസാരിക്കുകയും നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിന്നും മനസ്സിലായത്, ഓൺലൈൻ മജ്ലിസുകളുടെ കടന്നു വരവോടെ മാത്രമല്ല ഗാർഹിക മതം ശോഷിച്ചു വരുന്നത്. ഗാർഹിക മതം അടിസ്ഥാനമായും നഷ്ടപ്പെടുന്നത് യുവ തലമുറയിലുള്ള മതത്തിനോടുള്ള താല്പര്യമില്ലായ്മയിൽ നിന്ന് കൂടി ഉണ്ടാകുന്നതാണ്. എങ്കിലും ഒരുമിച്ചിരുന്നുള്ള സദസ്സുകളും ഓൺലൈൻ മജ്ലിസുകളുടെയും സമ്മിശ്രമായ രൂപമായിരിക്കും മതത്തിന്റെ വളർച്ചക്ക് ഏറെ അനുയോജ്യം.