KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

മലയാള സാഹിത്യത്തിൽ 'ബഷീറാ'കാനുള്ള (അ)സാധ്യതകൾ

വി എം കെ നൂറാനി

സാധ്യതകളെ അന്വേഷിക്കുകയാണ്. അസാധ്യതയെ കണ്ടെത്തുകയല്ല. എന്നാൽ അതിൽ ചെന്നെത്തുമെന്ന് ഭയമുണ്ട്. കാരണം, 'ബഷീറി'ൻ്റെ സാധ്യതയാണ്. അതും മലയാള സാഹിത്യത്തിൽ. ബഷീറിൻ്റെ എഴുത്തുകളെ നിർണ്ണയിച്ച രണ്ട് സംഭവങ്ങളിലൊന്ന് അദ്ദേഹത്തിൻ്റെ സത്യാന്വേഷണ യാത്രകളാണ്. അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. സഞ്ചാരം (സഫർ) എന്നാണോ, അലച്ചിൽ (സിയാഹ) എന്നാണോ അതിന് പറയുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ആ യാത്രകൾ യാദൃശ്ചികമായിരുന്നു. ഗസ്സാലിയോടും മൻസൂർ ഹല്ലാജിനോടും പി കെ പോക്കർ ബഷീറിനെ താരതമ്യം ചെയ്യുന്നത് ഈ സത്യന്വേഷണ സന്ദർഭത്തിലാണ്.(1) സാധാരണക്കാരുടെ, സാഹിത്യ സഞ്ചാരികളുടെ യാത്രയുടെ സ്വഭാവങ്ങളായ ഒരുക്കവും ലക്ഷ്യവുമൊന്നും അതിനുണ്ടായിരുന്നില്ല. ഗുസ്തിക്കാരനാകാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ്റെ അഭ്യാസമായി അതിനെ ഒരു നിലക്ക് കാണാം.


മലയാളത്തിലേക്കുള്ള (സാഹിത്യം പിന്നീട് അംഗീകരിച്ചതാണ്) ബഷീറിൻ്റെ കടന്നു വരവിനെ അദ്ദേഹം വിവരിക്കുന്നത് നോക്കൂ. ''ഞാൻ എഴുത്തുകാരനായത് യാദൃച്ഛിക സംഭവമൊന്നുമല്ല. ഒമ്പതു കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി. രാജ്യങ്ങൾ അടച്ചു വലവീശിയമാതിരിയാണ് കറങ്ങിയത്. അനിശ്ചിതമായ കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോൾ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി; സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി, എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി.''


ഇനി 'ബഷീർ' എഴുതാൻ ഒരു കാരണം കൂടി അദ്ദേഹം പറയുന്നുണ്ട്. താൻ വായിച്ച കഥകളിൽ മുസ്‌ലിം കഥാപാത്രങ്ങളെല്ലാം കള്ളന്മാരും തെമ്മാടികളുമാണ്. എന്നാൽ ബഷീറിൻ്റെ പരിചയത്തിലുള്ള ആരും അങ്ങനെയല്ല. ഈ രണ്ട് കാരണങ്ങളെയും പിന്തുടർന്നുകൊണ്ടല്ലാതെ ബഷീറിനെ വായിച്ചാൽ അതിലൊരു പൂർണ്ണതയില്ലായ്മ ബോധ്യപ്പെടും. പ്രത്യേകിച്ച് എം എച്ച് ആറും, ഡാബ്സിയും മലയാളികളുടെ വിനോദാനന്ദങ്ങളുടെ സംസ്കാരികാധീശത്വത്തെ (cultural capital) വഴിതിരിച്ചു വിടുന്ന സമകാലിക സാമൂഹ്യ സന്ദർഭത്തിൽ. മഴയുടെ പര്യായമാണ് മയ എന്ന് പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ കലാകാരൻ തൻ്റെ രാഷ്ട്രീയ മുദ്രാവാക്യമായി പ്രഖ്യാപിക്കുന്ന കലാ പരിസരത്ത്. ലോകം ആധരിച്ച മലയാളത്തിലെ മഹാ പ്രതിഭകളിലൊരാളായ കമല സുരയ്യയുടെ മതപരിവർത്തനത്തെ കുറിച്ച് "കമല സുരയ്യ മലയാളികള്‍ക്ക് ഇപ്പോഴും ഒരു ദുരൂഹസമസ്യയാണ്. അവരെ അപരിചിതത്വത്തോടെ നോക്കുന്നവരാണ് ഏറെയും. സ്വാതന്ത്ര്യത്തിന്റെ മഹനീയത മനസ്സിലാകാത്ത സമൂഹമാണോ ഇത്? എപ്പോഴും നിയന്ത്രണങ്ങളിലും പരിമിതികളിലും സ്വയം തളച്ചിടാന്‍ ആഗ്രഹിക്കുന്നവര്‍! കമലാസുരയ്യ മാറിയുടത്തു പരീക്ഷിച്ച ഉടുപുടവകള്‍കണ്ട് ഇപ്പോഴും ഭയക്കുന്നവര്‍. അങ്ങനെയെങ്കില്‍ തന്നെയും, ചിലര്‍ക്കെങ്കിലും സ്വയം വിമര്‍ശനാത്മക പരീക്ഷണങ്ങളില്‍ കമലയുടെ ജീവിതം പാഠവും ആശ്രയവുമാണ്. കമലാസുരയ്യയെ പരിചയമായി തുടങ്ങുകയും അവര്‍ക്കൊപ്പം നടക്കാന്‍ ശീലിക്കുകയും ചെയ്യുന്നവര്‍ക്ക് തങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും ആത്മാവബോധത്തിന്റെയും വഴിയിലാണെന്നു ഉറപ്പിക്കാം" (2)എന്ന് വി. വിജയകുമാർ പ്രസ്താവന നടത്തിയ സാംസ്കാരിക സന്ദർഭത്തിൽ.


മതാത്മകത, ‘ബഷീറി’ലെ അസാധ്യതകൾ

ബഷീറിൻ്റെ എഴുത്തുകൾക്ക് സൗന്ദര്യമുണ്ട്. കൗതുകങ്ങൾ ധാരാളമുണ്ട്. അതിലെല്ലാം ഉപരിയായി വായനക്കാരനോടൊപ്പം സഞ്ചരിക്കാനും, മുന്നെ സഞ്ചരിക്കാനും അവകൾക്ക് കഴിയുന്നുണ്ട്. പൂർവ്വാധുനികതയിൽ ‘ഇരുന്നു’കൊണ്ട് ഉത്തരാധുനിക ചിന്തകൾ പങ്കുവെക്കാൻ ബഷീറിനായത് അങ്ങനെയാണ്. ചുരുക്കത്തിൽ ഒരു കാലാതിവർത്തിത്വം ബഷീർ കൃതികൾക്ക് അവകാശപ്പെടാനാകും. എന്നാൽ ബഷീറിൻ്റെ എഴുത്തിലേക്കുള്ള കടന്നു വരവിലേക്ക് ചിന്തിക്കുമ്പോൾ അതിനെല്ലാം ഒരു സന്ദർഭോചിതമായ, ചരിത്രപരമായ വശം കൂടി കാണാൻ കഴിയും. ഇത്തരം വ്യത്യസ്തതകൾക്കെല്ലാം പുറമെ 'ബഷീർ വായനകൾ' അതിലെറെ കൗതുകങ്ങൾ നിറഞ്ഞതാണ്. ആ കൗതുകങ്ങളിൽ ചിലതിനെ വിമർശനാത്മകമായി തന്നെ വിലയിരുത്തേണ്ടതുണ്ട്.


അതോടൊപ്പം വായിക്കാതെയും നിരൂപണ വിധേയനാകുന്ന, വായനാനുഭവങ്ങൾ പങ്കുവെക്കപ്പെടുന്ന കഥകളും കഥാപാത്രങ്ങളുമുള്ള എഴുത്തുകാരനാണ് ബഷീർ. അതുകൊണ്ടാണ് എൽ പി ക്ലാസ്സുകളിലടക്കം ബഷീർ ദിനവും, വാരവും കഥാപാത്രാവിഷ്കാരങ്ങളുടെ അകമ്പടിയോടെ ആഘോഷിക്കപ്പെടുന്നത്.


ബഷീർ വായനകൾക്ക് ട്രെൻഡുകൾ രൂപപ്പെടാറുണ്ട്. ഓരോ കാലഘട്ടത്തിലും ഓരോ പരിപ്രേക്ഷ്യങ്ങൾ അതിൽ രൂപപ്പെടാറുമുണ്ട്. കുറച്ചു കാലങ്ങളായി ബഷീറിൻ്റെ ആത്മീയതയാണ് സജീവമായ വായന. നാടുചുറ്റലിനൊടുവിൽ ആദ്യമായി എഴുതുന്ന പാത്തുമ്മയുടെ ആടിൻ്റെ കഥാ സന്ദർഭവും, മാന്ത്രികപ്പൂച്ചയിലെ കഥാ ആഖ്യാനവും, അനർഘനിമിഷത്തിലെ ഉള്ളടക്കവും ഈ രീതിയിലുള്ള വായനകൾക്ക് ആക്കം കൂട്ടിയ ഘടകങ്ങളാണ്. ഒപ്പം എഴുത്തുകളിൽ പ്രകടിപ്പിച്ച ഭൗതിക വിരക്തി, പ്രകൃതി സ്നേഹം, ദൈഷണിക ആലോചനകളുടെ ആവിഷ്കാരങ്ങൾ, അഭൗതിക ചിന്തകൾ തുടങ്ങിയവ ബഷീറിൻ്റെ എഴുത്തിന് പുറത്തുള്ള വ്യക്തി ജീവിതത്തിലും പരിചയക്കാർ എടുത്തു പറയുന്നുണ്ട്. മുസ്ലിം മത പണ്ഡിതൻ കൂടിയായ നജീബ് മൗലവി ഈ വീക്ഷണത്തെ ബഷീറിൻ്റെ സ്മരണയിൽ കൊണ്ടുവരുന്നുണ്ട്. അതിങ്ങനെയാണ്,


നമ്മുടെ ബഷീറും ഒരു മുസ്ലിമാണ്. പരമകാരുണികനായ റബ്ബിൽ പ്രതീക്ഷയുള്ള മുസ്‌ലിം. പരപ്രേരണയില്ലാതെ മദ്യപാനം തന്നിൽനിന്നുള്ള ഉൾവിളിമൂലം നിർത്തിയ മുസ്‌ലിം. നോക്കൂ. അടുത്തറിയുന്ന എം.ടി തന്റെ ഗുരുവിനെക്കുറിച്ചെഴുതി. "വർഷങ്ങൾ കഴിഞ്ഞു. ആളുകൾ പറഞ്ഞു, ബഷീർ കൂടുതൽ മതഭക്തനായി! പലർക്കും അമ്പരപ്പു തോന്നി. 'ന്റപ്പൂപ്പ' യും മറ്റും എഴുതിയ ബഷീർ ഈശ്വര വിശ്വാസിയായിരുന്നു. മതഭക്തനുമായിരുന്നു. എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാനൊരു മുസൽമാനാണു! പിശുക്കിന്റെ പേരിൽ ഞാൻ പലപ്പോളും പരിഹസിക്കാറുള്ള അദ്ദേഹം മറുകൈ അറിയാതെ ദാനം ചെയ്ത കഥകൾ സ്വീകരിച്ചവർ വന്നു സ്വകാര്യമായി പറഞ്ഞിട്ടുണ്ട്".


ഇതാ പൊൻകുന്നം വർക്കി സുഹൃത്തിനെ പറ്റി: "രണ്ടു ബഷീർ എന്റെ ഓർമ്മയിലുണ്ട്. കുടിക്കുന്ന ബഷീറും കുടി നിർത്തിയ ബഷീറും. ബഷീറിലെ വീണ്ടുവിചാരക്കാരനാണ് രണ്ടാമത്തെ ബഷീറിന്റെ സ്രഷ്ട്ടാവ്." "നിസ്കാരത്തെ അവൻ ബഹുമാനിക്കും എന്നാൽ നിസ്കരിക്കില്ല". എന്ന് പറഞ്ഞ വർക്കിയുടെ ബഷീറിന് പകരം ഒ. എൻ.വി പരിചയപ്പെടുത്തുന്ന മറ്റൊരു ബഷീർ. "ഞങ്ങൾ എല്ലാം ഉറങ്ങിക്കിടക്കുമ്പോൾ ആ മുറിയുടെ (തൃശ്ശൂരിലേ സാഹിത്യ അക്കാദമി ഗസ്റ്റ് റൂം) ഒത്ത മധ്യത്തിൽ ഒരു തോർത്തു വിരിച്ചിരുന്നു പലപ്പോഴും ബഷീർ നിസ്കരിക്കുന്ന ചിത്രം ഞാൻ ഓർക്കുന്നു. ബഷീർ പരമാകാരുണികനെന്നു പലപ്പോഴും വിശേഷിപ്പിക്കാറുള്ള ആ സ്നേഹമഹാശക്തിയിൽ ആത്മലയം പൂണ്ടിരിക്കുന്ന ആ ഇരിപ്പ്, കുനിഞ്ഞു നിലത്തു നെറ്റി മുട്ടിക്കുന്നത് നിശ്ശബ്ദതക്ക് ഒരു പോറലുമേൽപ്പിക്കാതെ ഞങ്ങൾ നോക്കിയിരുന്നിരുന്നു".(3)


ബഷീർ സൂഫിയാണെന്ന് ആദ്യം പറഞ്ഞത് മുസ്ലീംകളല്ലെന്ന കൗതുകം ചിലയാളുകൾ നിരീക്ഷിച്ചിട്ടുണ്ട്. എന്തായിരിക്കും അതിൻ്റെ കാരണമെന്നതാണ് അതിലും കൗതുകമുള്ള കാര്യം. അത് ഇതാകാം എന്ന് ചിലർ പറയുന്നു, ‘ബഷീറി’നെ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ബഷീറിൻ്റെ സാഹിത്യം തള്ളാതെ സ്വീകരിക്കാനുള്ള ഒരു മാർഗ്ഗമാണ് സൂഫിസം.(4) മതാതീത സൂഫിസം എന്ന ആശയം പടിഞ്ഞാറിലെല്ലാം വ്യാപകമാണല്ലോ. Waking Up: A Guide to Spirituality Without Religion എന്ന സാം ഹാരിസിൻ്റെ പുസ്തകം ഈ വിഷയത്തിൽ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം വിമർശകർ പോലും ബഷീറിനെ സ്വീകരിച്ചു.


എന്നാൽ ഈ മതാത്മക പരിസരത്തെ ഉൾക്കൊള്ളാനുള്ള മടി ഇനിയും മാറിയിട്ടില്ല കേരളീയ ബൗദ്ധിക വായനക്കാരിൽ. ആചാരപരിഷ്കരണം വാദിക്കുന്ന ബഷീർ മാല എഴുതിയ എം എൻ കാരശ്ശേരിക്ക് ബഷീറിൻ്റെ ആത്മീയത പ്രകൃതിയാണത്രെ.(5) ഇരുട്ടത്ത് വെളിച്ചമില്ലാതെ സഞ്ചരിക്കുന്ന ബഷീറിനോട് നിങ്ങളെങ്ങനെയാണ് ഒറ്റക്ക് സഞ്ചരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ അല്ലാഹു ഉണ്ടല്ലോ കൂടെ എന്ന് കാരശ്ശേരിയോട് തന്നെ ബഷീർ മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്നതിൽ ഒരു ചിരിയുടെ ഗൗരവമെ ഉള്ളൂ.


മറ്റൊരു വസ്തുത പ്രകൃതി വിവരണങ്ങളിലൂടെയാണ് പലരും ബഷീറിലെ മിസ്റ്റിക്കിനെ കാണാൻ ശ്രമിച്ചത്. പ്രണയിക്കാനും പ്രണയം പങ്കിടാനും ബഷീറിന് മനുഷ്യര്‍ തന്നെ വേണമെന്നില്ല. പ്രകൃതിയും മറ്റു ജീവജാലങ്ങളും ഒക്കെയാവാം. ഇത് ബഷീറിന്റെ പ്രപഞ്ചവീക്ഷണവുമായി ബന്ധപ്പെട്ടതാണ്, മതാത്മകവുമാണ്. ഇവിടെയൊക്കെ നീലാകാശം / അനന്തവിഹായസ് എന്നൊക്കെപ്പറയാവുന്ന ഒരു രൂപകം ബഷീര്‍ക്കഥകളിലുണ്ട്. ബഷീറിന്റെ സൂഫി-മിസ്റ്റിക് ഭാവനകള്‍ കുറേക്കൂടി വെളിച്ചപ്പെടുത്തുന്ന നീലനിറമാണ് അത് എന്ന് ഡോ ഉമർ തറമേൽ നിരീക്ഷിക്കുന്നത് അത്തരത്തിലുള്ള ഒരു കാഴ്ചയാണ്. (6)


ബഷീറിലെ സാമുദായിക സ്നേഹിയെയും ഉൾക്കൊള്ളാൻ അവർ മടി കാണിക്കുന്നു. ബഷീറിൻ്റെ കഥാപാത്രങ്ങളിൽ മുസ്‌ലിംകളും കള്ളന്മാരുണ്ടത്രെ. “ഒരു മുസ്‌ലിം രാജാവ് നല്ലവനായി ചരിത്രത്തിൽ രേഖപ്പെടുത്തണമെങ്കിൽ ഒന്നുകിൽ അയാൾ ഇസ്‌ലാമിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം. അല്ലെങ്കിൽ ഹിന്ദുക്കളിൽ നിന്നും മുസ്‌ലിംകളിൽ നിന്നുമുള്ള സ്ത്രീകളെ ഇഷ്ടം പോലെ വിവാഹം കഴിച്ച് സോഷ്യലിസ്റ്റെങ്കിലുമാകണം. എങ്കിൽ അയാൾ മഹാനാകും” എന്ന് ബഷീർ ദ മുസ്‌ലിം, ഖുർആനും ബഷീറും തുടങ്ങിയ നിരുപണ ഗ്രന്ഥങ്ങൾ എഴുതിയ ഇബ്രാഹിം ബേവിഞ്ച അഭിപ്രായപ്പെടുന്നുണ്ട്.(7) സാഹിത്യ നിരൂപണത്തിൻ്റെയും സാംസ്കാരിക വിമർശനത്തിൻ്റെയും രീതിശാസ്ത്രത്തിൽ ഇസ്‌ലാമിക സൗന്ദര്യദർശനത്തിൻ്റെ സാധ്യതകൾ അന്വേഷിച്ച നിരൂപകൻ എന്ന നിരീക്ഷണത്തിന് വിധേയനായ വ്യക്തിയാണ് ബേവിഞ്ച എന്ന പ്രത്യേകതകൂടി ഈ അഭിപ്രായത്തെ ഉദ്ധരിക്കാൻ ഇവിടെ കാരണമായിക്കാണുന്നുണ്ട്. രാജാവിൻ്റെ സ്വഭാവത്തിന് സമാനമായി ഒരു സാഹിത്യകാരനെയും ചർച്ചചെയ്യാൻ ചില അഇസ്‌ലാമിക മാനദണ്ഡങ്ങൾ വേണമെന്ന ദാർഷ്ട്യത്തെയാണ് മുകളിൽ പറയാൻ ശ്രമിച്ചത്.


ഇസ്‌ലാമിനെ കുറിച്ച് അത്ര ബോധവാനല്ലാത്ത ബഷീറ് പക്ഷെ സാംസ്കാരികമായി മുസ്‌ലിം പ്രതിനിധാനം ആഗ്രഹിച്ച വ്യക്തിയാണ്. “അനൽഹഖ്” എന്ന കഥ പൂർണ്ണമായി ഇസ്‌ലാമിൻ്റെ ആദർശങ്ങളോട് യോജിക്കാതെ നിൽക്കുമ്പോഴും അതിൻ്റെ വിശ്വാസപരമായ ശരിയെ ടിപ്പണിയായി പിന്നീട് ബഷീർ തന്നെ കുട്ടിച്ചേർത്തതും അതുകൊണ്ടാകാം. എന്നാൽ ഈ ടിപ്പണിയെ ഉദ്ധരിച്ചും ബഷീറിലെ ഇസ്‌ലാം വിശ്വാസ പരിവർത്തന ആലോചനകൾ മാത്രമാണ് ചില നിരൂപകന്മാർ കാണാൻ ശ്രമിക്കുന്നത്. മുസ്‌ലിമായ ബഷീറിന് മാത്രമല്ല, ഉറൂബിനെയും എം ടി യെയും അവരുടെ മുസ്‌ലിം പക്ഷപാതിത്വത്തെ ആരോപിച്ചു കൊണ്ട് “സ്റ്റീക്കിങ് അഡ്മിറേഷൻ” എന്ന് ശ്രീകണ്ടൻ നായർ പരിഹസിച്ചിട്ടുണ്ട്.(8)


“മതവും വിശ്വാസവുമൊക്കെ അവരവരുടെ സ്വകാര്യ കാര്യമാണെന്നും അത് മനുഷ്യർക്കിടയിലെ സൗഹൃദങ്ങളെയും കൂട്ടായ്മകളെയും ഇല്ലാതാക്കാൻ ഉപയോഗിക്കരുത് എന്നും നിർബന്ധ ബുദ്ധി പുലർത്തിയ ചിന്തയും സാഹിത്യവുമായിരുന്നു ബഷീറിൻ്റെത്“ എന്ന “പുരോഗമന” ആലോചന പങ്കുവെക്കുന്ന കെ ടി കുഞ്ഞിക്കണ്ണനും ഇത്തരത്തിലൊരു രീതിശാസ്ത്രമാണ് മുന്നോട്ട് വെക്കുന്നത്. ബഷീറിനെയും മാർക്സിനെയും താരതമ്യം ചെയ്ത് എഴുതുന്ന ലേഖനത്തിൽ മാർക്സിനെ കുറിച്ചുള്ള ബഷീറിൻ്റെ വാക്കുകളെ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്, ‘‘അദ്ദേഹത്തിന്റെ ചിന്തകള്‍ ഈ ലോകത്തില്‍തന്നെ ഒതുങ്ങിനിന്നു. ജീവിതവുമായി ബന്ധപ്പെടാത്ത പ്രശ്നങ്ങളെപ്പറ്റിയോ ഗഹനങ്ങളായ ഇതരചിന്തകളെപ്പെറ്റിയോ ചര്‍ച്ചചെയ്യാന്‍ മാര്‍ക്സ് ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെയുള്ള മഹാചിന്തകന്മാരെ, തത്വചിന്തകന്മാരെ താത്വികചിന്തകന്മാരെന്ന് പറഞ്ഞ് അദ്ദേഹം പരിഹസിച്ചിരുന്നു.’’ ബഷീറിൻ്റെ ഈ വാക്കുകളെ കെ ടി കുഞ്ഞിക്കണ്ണൻ വായിക്കുന്നത് ഇങ്ങനെയാണ്, “അതേ, മാര്‍ക്സിന് മനുഷ്യര്‍ക്കന്യമായതൊന്നും വിഷയമായിരുന്നില്ലെന്നും മനുഷ്യന്റെതായ ഒന്നും അദ്ദേഹം അന്യമായിക്കണ്ടിരുന്നില്ലെന്നുമാണ് ബഷീര്‍ എഴുതുന്നത്. മനുഷ്യന്റെവിശപ്പും പ്രണയവും കാമവും വെറുപ്പും സ്നേഹവും എല്ലാമായിരുന്നല്ലോ ബഷീറിന്റെയും വിഷയങ്ങള്‍.”(9) എത്രത്തോളം വൈരുദ്ധ്യമുണ്ട് ഈ വായനയിൽ എന്ന് നോക്കൂ. മാർക്സിൻ്റെ ഭൗതികാലോചനകളുടെ പരിമിതിയും അതിനപ്പുറത്തേക്ക് ചിന്തിക്കുന്നവരോടുള്ള അദ്ദേഹത്തിൻ്റെ പുച്ഛവുമാണ് ബഷീർ പ്രകടിപ്പിച്ചത്. ബഷീറും മാർക്സ് പുച്ഛിച്ച ദാർശനികരിൽ ഒരാളാണെന്ന് അവരുടെ രചനകളും ജീവിതവും വായിച്ചാൽ മനസ്സിലാകും.


ഫ്രാൻസിസ് കാഫ്കയുടെ സാഹിത്യ രൂപത്തോട് ബഷീറിനെ സാദൃശ്യപ്പെടുത്തുന്ന നിരീക്ഷണം നടത്തിയിട്ടുണ്ട് നിരൂപകൻ റഫീഖ് ഇബ്രാഹിം.(10) എന്നാൽ അത് മൈനർ ലിറ്ററേച്ചറിൻ്റെ സവിശേഷ സ്വഭാവത്തിലേക്ക് മാത്രം ചുരുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കാഫ്കയെ പരിചയപ്പെടുത്തിക്കൊണ്ട് പറയുന്ന വിശേഷണങ്ങളെ ബഷീറിലെക്ക് സൂക്ഷ്മമായി താരതമ്യം ചെയ്യാൻ അദ്ദേഹം മുതിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ആ വിഷയത്തിൽ അവർ തമ്മിൽ ഒരു ബന്ധവുമില്ലെന്ന തീർപ്പിലേക്കും അദ്ദേഹം എത്തുന്നു. കാഫ്കയുടെ എഴുത്തുകൾ അന്യതാത്വത്തിൻ്റെയും അസ്തിത്വ ദുഃഖത്തിൻ്റെയും ഇരുണ്ട ഗലികളാകുമ്പോൾ ബഷീർ പ്രസാദാത്മകതയുടെയും നർമ്മോക്തിയുടെയും മധുരാനുഭൂതിയാണ് പകരുന്നതെന്ന് റഫീഖ് ഇബ്രാഹിം വ്യവച്ഛേദിച്ചു പറയുന്നുണ്ട്. എന്നാൽ ബഷീറിൻ്റെ ആഖ്യാനങ്ങളിലെ അന്യതാത്വത്തിൻ്റെയും കഥാപാത്രങ്ങൾക്കുള്ളിലെ അസ്തിത്വ ദുഃഖങ്ങളെയും അതിലെല്ലാമുപരിയായി ബഷീറെന്ന ആഖ്യാദാവിൻ്റെ തന്നെ സാഹിത്യ സംഭവത്തോടുള്ള ആദ്യകാലത്തെയും പലരൂപത്തിൽ ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന, അതിൻ്റെ ഒരു രൂപമാണ് ഇതുവരെ പറയാൻ ശ്രമിച്ചത്, മനോഭാവത്തിനകത്തെ വരേണ്യബോധത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സാഹിത്യ ജീവിത പ്രതിസന്ധിയുടെ ഒരു ഭാഗത്തെയും കാണാൻ ശ്രമിക്കുന്നില്ല എന്ന കാര്യം വ്യക്തമാണ്.


ബഷീറൊരു സാധ്യതയുമാണ്

എഴുത്തും വായനയും രാഷ്ട്രീയമായും സാമൂഹിക കർതൃത്വമായും കാണുന്ന ചിലരെങ്കിലും നമുക്കു ചുറ്റുമുണ്ട്. എങ്കിലും ആത്മാഭിമാനത്തിന്റെയും സ്വാർത്ഥ നിസ്വാർത്ഥതയുടെയും പൊയ്മുഖങ്ങളാണ് അതികവും. പലരും താനൊരു എഴുത്തുകാരനാണെന്ന് തുറന്ന് പറയാൻ മടി കാണിക്കുന്നവരാണ്. എന്നാൽ ബഷീർ അത് തുറന്നു പറയുന്നു. തൻ്റെ മജ്ജയിലും മാംസത്തിലും അലിഞ്ഞു ചേർന്നതാണ് എഴുത്തെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. എഴുതി ജീവിക്കുമെന്ന് വീമ്പ് പറയുന്നു. ബഷീറിൻ്റെ കഥാപാത്രങ്ങൾക്കുമുണ്ട് ഈ വ്യത്യസ്തത. അദ്ദേഹം തെരഞ്ഞെടുത്ത ഭാഷാ ശൈലിയും, പ്രമേയങ്ങളും ഇത് കൂടുതൽ പ്രകടമാക്കുന്നുണ്ട്. ബഷീറിനെ വായിക്കുമ്പോൾ ചിരിവരുന്നവരും, അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോഴേക്കും മുഖത്ത് പരിഹാസവും, ഓർമ്മയിൽ ഒരുപാട് പദപ്രയോഗങ്ങളും കടന്നുവരുന്നവരുമാണ് അതികപേരും. ബഷീറിന്റെ ഓരോ കഥാപാത്രങ്ങളുടെ ജീവിതത്തിന്റെ ആഴവും അദ്ദേഹത്തിന്റെ പദപ്രയോഗങ്ങളുടെ വലിയൊരു രാഷ്ട്രീയ കർതൃത്വത്തെയും പിന്നീട് വന്ന പഠനങ്ങൾ തുറന്ന് കാണിക്കുന്നുണ്ടെങ്കിലും. ഭൂമിയുടെ അവകാശികൾ വായിക്കുന്നവർ ബഷീറിന്റെ വീടും ചുറ്റുപാടും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് അതിനെ കുറിച്ചുള്ള പഠനം മുന്നോട്ടു വെക്കുന്നുണ്ട്. ഒരിക്കൽ വായിച്ചവർക്ക് പോലും അതിലെത്രത്തോളം അദ്ദേഹത്തിന്റെ അനുഭവം പച്ചയായി വിവരിച്ചിട്ടുണ്ടെന്ന് മനസ്സിലാകില്ല.


"ജീവിച്ചിരിക്കെ ഫിക്ഷൻ നൽകുന്ന ഉദ്വേഗ-ത്രിൽ ഉളവാക്കാനുള്ള അവകാശം മറ്റൊരു എഴുത്തുകാരനുമായി പങ്കുവെക്കാൻ ബഷീർ സമ്മതിച്ചിട്ടില്ല" എന്ന് തോമസ് മാത്യു പറയുന്നത് കൃത്യമാണ്. അദ്ദേഹത്തിന്റെത് അനുഭവങ്ങളായിരുന്നു, കുറച്ചു ജീവിതങ്ങളും. അതായിരുന്നു എല്ലാ മാതൃകകളും എന്ന് ഓരോ ബഷീർ വായനകളും തെളിയിക്കുന്നു. ബഷീറിന്റെ കഥകളിൽ ഏതൊക്കെയാണ് 'കഥ'കൾ എന്നറിയാൻ നമ്മൾ ബുദ്ധിമുട്ടും. ഏതൊക്കെയാണ് ബഷീറെന്നറിയാനും.


ബഷീറിൻ്റെ ജനപ്രിയ പരിവേഷം പക്ഷെ ബഷീറിൻ്റെ രാഷ്ട്രീയ സാഹിത്യ കർതൃത്വത്തെ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ സാംസ്കാരിക ജീവിതത്തിലെ ബഷീർ ഒരു ചരിത്ര പുരുഷനും എന്നാൽ അതിനകത്ത് തന്നെ പൂർണ്ണമായി ശീതളീകരിക്കപ്പെടാത്ത പ്രതിഭയും സാഹിത്യകാരനുമാണ്. അതിനൊടൊപ്പം അനുകരണീയനല്ലാതായി തീരുന്നു ബഷീർ. ബഷീറെന്ന മുസ്‌ലിമിനെ സാഹിത്യ മലയാളം എന്നും ഓർക്കേണ്ടത് ഈ രൂപത്തിലാകേണ്ടിയിരുന്നതാണ്. അതിനൊരു തുടർച്ച ബഷീറും ആഗ്രഹിച്ചിട്ടുണ്ടാകും. അത്രമേൽ തൻ്റെ മത സംസ്കാരത്തെയും സൗന്ദര്യത്തെയും ബഷീർ മനപൂർവ്വം സാഹിത്യമാക്കിയിട്ടുണ്ട്. അതിനെ അംഗീകരിക്കാനും ആ സാംസ്കാരിക വൈവിധ്യത്തെ ആസ്വദിക്കാനും മലയാളികൾക്ക് കൂടുതൽ സാധ്യമായ കാര്യമാണ്. അത്തരം ആഖ്യാനങ്ങളുടെ നിലയെ ചോദ്യം ചെയ്ത രീതിയെ നേരിട്ടത് മറ്റൊരു രീതിശാസ്ത്രത്തെ ചൂണ്ടിക്കാണിച്ചായിരുന്നു. അതായിരുന്നു കെട്ടു കല്യാണം സാഹിത്യത്തിന് വിഷയമാകാമെങ്കിൽ മാർക്കക്കല്യാണവും സാഹിത്യത്തിന് വിഷയമാകാം എന്ന് എം പി പോൾ പറഞ്ഞതിൻ്റെയും ആന്തരിക മാനം.


ഏറ്റവുമൊടുവിൽ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ബഷീർ ഒരു അഭ്യാസിയായിരുന്നു. ധീരനായ സ്വത്വവാദി. ബഷീറിനെ കുറിച്ചുള്ള നേരിട്ടനുഭവങ്ങൾ കാച്ചി അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും (ബഷീറിനോട് നേരിട്ട് സംസാരിച്ച പലരും അദ്ദേഹം പറയാത്ത കാര്യങ്ങൾ കെട്ടിച്ചമച്ച് പറഞ്ഞ് വിവാദങ്ങളുണ്ടാക്കിയ ഒരു സന്ദർഭം കെ ഇ എൻ ബഷീറിനെ വിമർശിച്ചതിൻ്റെയും അതിന് ബഷീർ എഴുതിയ മറുപടി കത്തിൻ്റെയും വെളിച്ചത്തിൽ മനസ്സിലാക്കാവുന്നതാണ്) ബഷീർ രചനകൾ അതിന് സമ്മതിക്കില്ല. പക്ഷെ വായനയുടെ സാധ്യതകൾ അനവധിയാണ്. നിങ്ങൾ ഏത് കാലത്ത് നിന്ന് വായിച്ചാലും ബഷീർ നിങ്ങളോട് പ്രതികരിക്കുന്നുണ്ടാകും. ആ വായനകളിൽ നിങ്ങളൊരു മനുഷ്യനായാൽ മതി. ഒരു അംഗീകാരവും അതിന് പിന്നിലായി ബഷീർ ആഗ്രഹിക്കുന്നില്ല. ഒരു ജ്ഞാനപീഠവും ബഷീറിനെയും അർഹിക്കുന്നില്ലെന്ന ദാർഷ്ട്യം അതിൽ കണ്ടാൽ അതൊരു അസ്വാഭാവികതയല്ല. "മഹത്വത്തെ ആദരിക്കുമ്പോഴാണ് നാം മഹത്വത്തിന്റെ വഴിയിൽ സഞ്ചരിച്ചു തുടങ്ങുന്നത്. ഡോ വൈക്കം മുഹമ്മദ് ബഷീർ എന്ന് അറിയപ്പെടാൻ തുടങ്ങിയിരുന്നെങ്കിൽ അദ്ദേഹം ചെറുതായിപ്പോകുമായിരുന്നു" എന്ന് എം തോമസ് മാത്യു പറയുന്നതിലെ സൗന്ദര്യം അതാണ്. (-, ബഷീറിന്റെ കഥകൾ 101 പഠനങ്ങൾ, എഡിറ്റർ: പോൾ മണലിൽ) ആയതിനാൽ അറിയുക മലയാള സാഹിത്യത്തിലെ വിശാലമായ ഒരു ‘സാധ്യത’കൂടിയാണ് ബഷീർ.


Foot Notes:

1- ഓർമ്മകളിലെ യമണ്ടൻ സുൽത്താൻ
2- മാധവിക്കുട്ടിയുടെ മതപരിവർത്തനം വി. വിജയകുമാർ
3- 1994 സെപ്തംബർ ലക്കം ബുൽബുൽ മാസികയിൽ നജീബ് മൗലവി എഴുതിയ കുറിപ്പിലെ ഭാഗം. "അനുസ്മരണക്കുറിപ്പുകൾ" എന്ന അദ്ദേഹത്തിൻ്റെ പുസ്തകത്തിലും ഇത് വായിക്കാം.
4- സ്വഭാവവും സ്വഭവനവും - ഹുദൈഫ റഹ്മാൻ (പ്രഭാഷണം)
5- ബഷീറിൻ്റെ ആത്മീയത - എം എൻ കാരശ്ശേരി
6- ബഷീറും എഴുത്തുകാരനും: സിനിമയിലെ റീ - മേക്കുകള്‍- ഡോ. ഉമർ തറമേൽ
7- ഇബ്രാഹിം ബേവിഞ്ച: നിരൂപണത്തിലെ വേറിട്ടൊരു ഖരാക്ഷരം - ജമീൽ അഹ്മദ് (മാധ്യമം വീക്ക്ലി)
8- ibid
9- ഗാന്ധിജിയും മാര്‍ക്സും ബഷീറും- കെ.ടി. കുഞ്ഞിക്കണ്ണൻ
10- അസംബന്ധം ബഷീർ- റഫീഖ് ഇബ്രാഹിം

Literature
Muslim
Basheer

Related Posts

Loading