KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

മൻസ മൂസയും ആഫ്രിക്കൻ ജ്ഞാന നഗരങ്ങളും

ഇബ്രാഹീം ബാദുഷ

മാലി സാമ്രാജ്യത്വത്തിന്റെ പത്താം ഭരണാധികാരി, Keita Dynasty യിൽ 1280 ൽ ജനിച്ച, ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി കരുതപ്പെടുന്ന മൻസ മൂസ (Mansa Moosa)/കങ്കൺ മൂസ (Kankan Mūsā)പശ്ചിമാഫ്രിക്കയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഭരണാധികാരികളിൽ പ്രധാനിയാണ്. 1312 (AD)ൽ സഹോദരൻ മൻസ അബുബക്കർ (Mansa Abubacker)തന്റെ സമുദ്ര പര്യവേക്ഷണത്തിനു വേണ്ടി സിംഹാസനം ഉപേക്ഷിച്ച അവസരത്തിലാണ് മൻസ മൂസ മാലിയുടെ ഭരണം ഏറ്റെടുക്കുന്നത്. മൻസ അബുബക്കർ എല്ലായ്പ്പോഴും അറ്റ്ലാന്റ്റിക്ക് സമുദ്ര (Atlantic sea)ത്തിൽ അകൃഷ്ടനായിരുന്നുവെന്നും ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും അടിമകളുമടങ്ങുന്ന രണ്ടായിരം കപ്പൽ വ്യൂഹവുമായി അദ്ദേഹം സമുദ്ര പര്യവേക്ഷണത്തിന് പോയിരുന്നതായും പതിനാലാം നൂറ്റാണ്ടിലെ അറബ് ചരിത്രകാരൻ ശിഹാബ് അൽ ഉമാരി (Shihab Al-umari)സാക്ഷ്യപ്പെടുത്തുന്നുണ്ട്. യൂറോപ്പ് ആഭ്യന്തര സംഘർഷങ്ങളാൽ പുകഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് തന്റെ രാജ്യത്തെ സ്വർണ, ധാതു ഖനികൾ ഉപയോഗപ്പെടുത്തി സമ്പന്നമായ സാമ്രാജ്യം രൂപപ്പെടുത്തുകയായിരുന്നു മൻസ മൂസ. ബ്രിട്ടീഷ് മ്യൂസിയത്തിന്റെ കണക്കുപ്രകാരം ലോകത്തെ മൊത്തം വിതരണത്തിൽ പകുതിയിലധികം സ്വന്തമാക്കിയ മാലി സാമ്രാജ്യം ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിർമാതാക്കളുടെ നാടു കൂടിയായിരുന്നു. ഗണ്യമായ ഉപ്പ്, സ്വർണ നിക്ഷേപങ്ങൾ, ഖനനം, ആനക്കൊമ്പ് വ്യാപാരം എന്നിവയിൽ നിന്നും മൻസ മൂസയുടെ സമ്പത്ത് കുതിച്ചുയർന്നതായി നാഷണൽ ജിയോഗ്രാഫിക് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തി ദേശ സ്വയംപര്യാപ്തത സാധ്യമാക്കുന്നതോടൊപ്പം തന്റെ നാട്ടിലെ പ്രജകളെ കൂടി സമ്പന്നരാക്കി ദാരിദ്രത്തെ തുടച്ചു നീക്കാനുള്ള ശ്രമങ്ങളാണ് മൻസ മൂസ സ്വീകരിച്ചിരുന്നത്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ റുഡോൾഫ് ബുച്ച് (Rudolf Butch)മൻസ മൂസ വിവരണാതീതനായ സമ്പന്നനായിരുന്നുവെന്നും അദ്ദേഹത്തിന്റെ സമ്പത്ത് ഒരു നിശ്ചിത സംഖ്യയിലേക്ക് ചുരുക്കുക അസാധ്യമാണെന്നും അഭിപ്രായപ്പെടുന്നു. ഭരണാധികാരി എന്ന നിലയിൽ മധ്യകാല ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള സമ്പത്തിന്റെ സ്രോതസ്സിലേക്ക് മൻസ മൂസക്ക് പരിധിയില്ലാത്ത പ്രവേശനം ഉണ്ടായിരുന്നുവെന്നും, സ്വർണവും മറ്റിതര ചരക്കുകളും വ്യാപാരം നടത്തുന്ന പ്രധാന വാണിജ്യ കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ പ്രദേശത്തുണ്ടായിരുന്നതായും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബ്ലോക്ക്‌ മ്യൂസിയം ഓഫ് ആർട്ടിൽ ആഫ്രിക്കൻ കലയിൽ വൈദക്ത്യം നേടിയ കത്ലീൻ ബ്ലിക്ഫോർഡ് (Kathleen Blickford Berzot) കുറിക്കുന്നുണ്ട്.


1324-1325 (AD)യിൽ മാലിയിൽ നിന്നും 4000 മൈൽ അപ്പുറമുള്ള വിശുദ്ധ മക്കയിലേക്ക് 10,000 പേരടങ്ങുന്ന യാത്രാസംഘവുമായുള്ള മൻസ മൂസയുടെ ഹജ്ജ് യാത്രയെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹത്തായ തീർത്ഥാടനമായി Medici : the magnificent വിശേഷിപ്പിക്കുന്നു. യാത്രക്കാരിൽ ഭൂരിഭാഗം പേരും പേർഷ്യൻ പട്ടും സ്വർണ ബ്രോക്കേഡും ധരിച്ചിരുന്നു. യാത്രാ വാഹനമായി ഉപയോഗിച്ചിരുന്ന ഒട്ടകങ്ങളുടെ മേൽ ഏകദേശം 136kg (300 pound)സ്വർണത്തിന്റെ ചാക്ക് വെച്ച് കെട്ടിയിരുന്നതായി അൽ -ഉമാരി (Al-Umari) രേഖപെടുത്തുന്നു. ഈ സമ്പാദ്യങ്ങളത്രയും വഴിയോരങ്ങളിൽ ദാനമായും, ധർമ്മമായും, പുണ്യപ്രവർത്തനങ്ങളിലായും ചിലവഴിക്കാനാണ് മൻസ മൂസ താൽപ്പര്യപ്പെട്ടിരുന്നത്. യാത്രാമദ്ധ്യേ മൻസ മൂസയും സംഘവും കൈറോയിൽ താമസിക്കുകയും വൻ തോതിലുള്ള സമ്പത്ത് മിസ്റിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുകയും ചെയ്തു. പ്രസ്തുത ദാനം 12 വർഷം മിസ്റിനെ സമ്പൽ സമൃദ്ധമാക്കിയിരുന്നതായി ചരിത്രക്കാരന്മാർ രേഖപെടുത്തുന്നു.12 വർഷത്തിന് ശേഷം കൈറോ സന്ദർശിച്ച അൽ -ഉമാരി (Al -Umari) ഒരു ദശലക്ഷം ജനസംഖ്യയുള്ള മിസ്ർ നിവാസികൾ ഇപ്പോഴും മൻസ മൂസയെ സ്തുതിക്കുന്നതായി അടയാളപ്പെടുത്തുന്നു. യു എസ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ Smart assest.com ന്റെ കണക്കുപ്രകാരം സ്വർണത്തിന്റെ മൂല്യത്തകർച്ച കാരണം മൻസ മൂസയുടെ തീർത്ഥാടനം മിഡിൽ ഈസ്റ്റിൽ ഉടനീളം 1.5 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടത്തിനിടയാക്കിയിരുന്നു.


തീർത്ഥാടനാനന്തരം തന്റെ രാജ്യത്തേക്ക് മടങ്ങി വന്ന മൻസ മൂസ വിശുദ്ധ ഭൂമിയിൽ നിന്നും നിപുണരും പ്രഗൽപരുമായ നിരവധി പണ്ഡിതരെയും, കവികളെയും, വാസ്തു ശില്പ കലാകാരന്മാരെയും കൂടെ കൂട്ടിയിരുന്നു. ഇവരെ ഉപയോഗപ്പെടുത്തി തന്റെ സാമ്രാജ്യത്തിനകത്ത് വിശാലമായ വൈജ്ഞാനിക നഗരം പണിയാനുള്ള ദൗത്യത്തിന്റെ ഭാഗമായിരുന്നു അത്. ഇതിന്റെ ശ്രമഫലമായി രൂപം കൊണ്ടതാണ് തിമ്പുക്‌തു എന്ന ചരിത്ര പ്രസിദ്ധമായ നഗരം. ഈജിപ്തുമായും, വടക്കേ ആഫ്രിക്കയിലെ മറ്റെല്ലാ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായും നേരിട്ട് കാരവൻ ബന്ധമുള്ള ലോകത്തിലെ മുഖ്യ വാണിജ്യ നഗരമായിരുന്നു തിമ്പുക്തു. നഗരത്തിനകത്തെ ജിംഗരേബർ മസ്ജിദ് (Djingareyber mosque) ന്റെ ശിൽപ്പി ആന്തലോഷ്യൻ കവിയും ആർക്കിടെക്റ്റുമായ അബു ഇസ്ഹാക് അസ്സാഹിലി (Abu Ishaq as-Sahili) യാണ്.


ഇതിന് പ്രതിഫലമായി രാജാവ് 200kg(440lb)സ്വർണം നൽകിയിരുന്നതായി റിപ്പോർടുകളുണ്ട്. 1375 CE യിൽ സ്പാനിഷ് കാർട്ടോ ഗ്രാഫർമാർ സ്ഥാപിച്ച കറ്റാലൻ അറ്റ്ലസ് ഒരു കയ്യിൽ സ്വർണ കട്ടിയും മറുകയ്യിൽ സ്വർണ വടിയും പിടിച്ച് സിംഹാസനത്തിലിരിക്കുന്ന മൻസ മൂസയുടെ ചിത്രീകരണം പശ്ചിമേഷ്യയിലെ അദ്ദേഹത്തിന്റെ അധിപത്യത്തെ കാണിക്കുന്നു. മുസ്ലിം പണ്ഡിതരെകൊണ്ട് ഖുർആനിക് സ്കൂളും, മദ്രസ്സയും, യൂണിവേഴ്സിറ്റിയും സ്ഥാപിച്ച മൻസ മൂസ വിദ്യാഭ്യാസപരവും സംസ്കാരികവുമായ തലത്തിലേക്ക് മാലി സാമ്രാജ്യത്വത്തെ വഴി നടത്തുകയായിരുന്നു. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങൾ എത്രമാത്രം ഫലപ്രദമായിരുന്നുവെന്നതിനെ കുറിച്ച് The Walking Qur'an: Islamic Education, Embodied Knowledge, and History in West Africa എന്ന രചനയിൽ റൂഡോൾഫ് വെയർ (Rudolph Ware) സംസാരിക്കുന്നുണ്ട്. തിമ്പുക്‌തുവിനു പുറമേ നൈജർ, സെനഗൽ, ഗിനിയ, ഗാമ്പിയ, മൗറിത്താനിയ, ബുർക്കിനൊ ഫാസോ, ഐവറി കോസ്റ്റ് തുടങ്ങിയ നഗരങ്ങൾ കൂടി പണി കഴിപ്പിച്ചത് മൻസ മൂസയാണ്. വിദ്യാർത്ഥികളെയും ഗവേഷകരെയും മൊറോകോയിലെ 'ഫെസ്'(Fez)പോലുള്ള വൈജ്ഞാനികനഗരങ്ങളിലേക്ക് തന്റെ പൂർണ സാമ്പത്തിക ചിലവിൽ പറഞ്ഞയക്കുകയും പഠനാനന്തരം തന്റെ നാട്ടിൽ അധ്യാപനം നടത്താൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു മൻസ മൂസ.


ചരിത്രത്തിലും ഖുർആനിക ദൈവ ശാസ്ത്രത്തിലും താൽപ്പര്യമുള്ള പണ്ഡിതമാർ തിമ്പുക്തുവിലെ പള്ളിയെ ഒരു അധ്യാപന കേന്ദ്രമാക്കുകയും അവിടങ്ങളിൽ ചർച്ചകൾ, സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രൂപം കൊണ്ടതാണ് University of Sankore എന്ന മഹത്തായ സർവകലാശാല. ഉപ -സഹാറൻ ആഫ്രിക്ക (Sub-Saharan Africa )യിൽ പ്രവർത്തിക്കുന്ന പുരാതനമായ യൂണിവേഴ്സിറ്റിയാണിത്. 1549 മുതൽ 1583 വരെ സോങായി സാമ്രാജ്യത്തി (Songhai empire)ന്റെ ഭരനാധികാരിയായിരുന്ന ആസ്കിയ ദാവൂദ് (Askia Daoud)ന്റെ കാലത്ത് യൂണിവേഴ്സിറ്റി കൂടുതൽ മാറ്റങ്ങൾക്ക് വിധേയമായി. അക്കാലത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ നിർബന്ധിതവും ഐച്ഛികവുമായ പഠനങ്ങളിൽ ഏർപ്പെട്ടിരുന്നു. നിർബന്ധിത പഠനങ്ങളിൽ തത്ത്വചിന്ത, ഇസ്ലാമിക നിയമം, ഖുർആൻ വ്യാഖ്യാനം, ഭാഷാ പഠനം, വിപുലമായ വ്യാകരണം എന്നിവ ഉൾപ്പെടുന്നു.10 വർഷമായിരുന്നു സർവകലാശാലയിലെ ബിരുദ പഠനം. കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദാനന്തരം വസ്ത്രങ്ങൾ, ഉപ്പ്, കന്നുകാലികൾ, പണം എന്നിവ സമ്മാനമായി ലഭിച്ചിരുന്നു. അബു അബ്ദുല്ല, ആഗ് മുഹമ്മദ് ഇബ്ൻ ഉസ്മാൻ, ആഗ് മുഹമ്മദ് ഇബ്ൻ അൽ-മുഖ്താർ അൻ-നവാഹി, മുഹമ്മദ് ബഗയോഗോ അസ്-സുഡാൻ അൽ വംഗാരി അൽ-തിംബുക്തി, അബു അൽ-അബ്ബാസ് അഹമ്മദ് ബുറിയു ഇബ്ൻ മോഡിബോ മുഹമ്മദ് അൽ-കബൂരി തുടങ്ങിയ പണ്ഡിതന്മാരായിരുന്നു യൂണിവേഴ്സിറ്റിയിലെ പ്രധാന അധ്യാപകർ. തത്ത്വചിന്ത മുതൽ ഭാഷാ പഠനം വരെയുള്ള വിഷയങ്ങളിൽ 60-ലധികം ഗ്രന്ഥങ്ങൾ എഴുതിയ അഹ്മദ് ബാംബ( Ahmad Bamba)യാണ് പള്ളിയിലെയും സർവകലാശാലയിലെയും ഏറ്റവും ശ്രദ്ധേയനായ പ്രൊഫസർ. 1591 ലെ മൊറോക്കൻ സോങ്ഹായ്(Moroccan Songhai)അധിനിവേശത്തിനുശേഷം യൂണിവേഴ്സിറ്റി ആക്രമിക്കപ്പെടുകയും പല ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.


സമ്പത്തിന്റെ കൃത്യമായ വിനിമയ ശീലം ചരിത്രത്തിന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു മൻസ മൂസ. ഇസ്ലാമിന്റെ ദാന ശീലത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട അദ്ദേഹം തന്റെ സമ്പത്ത് മുഴുക്കയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയായിരുന്നു. 1337ൽ മൻസ മൂസ ഭരണമവസാനിപ്പിക്കുന്ന സമയത്ത് 400 ഓളം വൻ നഗരങ്ങൾ മാലി സാമ്രാജ്യത്വത്തതിന്റെ കീഴിലുണ്ടായിരുന്നു. ശേഷം ഭരണം ഏറ്റെടുത്ത അദ്ദേഹത്തിന്റെ മക്കൾക്ക് സാമ്രാജ്യം നിയന്ത്രിക്കാൻ സാധിക്കാതെ പോയതും, അമിതമായ യൂറോപ്യൻ അധിനിവേഷവും മാലി സാമ്രാജ്യത്തിന്റെ പതനത്തിലേക്ക് നയിച്ചു. റൂഡോൾഫ് വാർ (Rudolph Ware)ന്റെ നിരീക്ഷണമനുസരിച്ച് നൂറ് വർഷം കൂടി മൻസ മൂസ ഭരണം നടത്തിയിരുന്നെങ്കിൽ ഇന്ന് നമ്മൾ വായിക്കുന്ന ലോകത്തിന്റെ ചിത്രം തന്നെ മാറിയേനെ. അക്ഷരാർത്ഥത്തിൽ മാലി ക്ക് ഭൂപടത്തിൽ ഇടം വാങ്ങി കൊടുത്തത് പോലും മൻസ മൂസയാണ്. ആദ്യമായൊരു കറ്റാലിയൻ മാപ്പിലാണ് മാലിയെ അടയാളപ്പെടുത്തിയത്. ലയൺ ഓഫ് മാലി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മൻസ മൂസ അക്കാലത്ത് തന്നെ ധാരാളം വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ട്. ലണ്ടനിലെ സ്കൂൾ ഓഫ് ആഫ്രിക്കൻ ആൻഡ് ഓറിയന്റൽ സ്റ്റഡീസിലെ ലൂസി ദ്യൂരൻ (Lucy Duran)പറയുന്നത് ചരിത്രകാരന്മാരായ മാലിയൻ ഗ്രിയോട്സ് (Malian griots) അദ്ദേഹത്തെ വിമർശിച്ചിരുന്നുവെന്നാണ്. മൻസ മൂസ സാമ്രാജ്യത്തിന് പുറത്ത് പ്രാദേശിക വിഭവങ്ങൾ പാഴാക്കിയതായി അവർ കരുതുന്നു. ഇത്തരത്തിൽ കൃത്യമായ ഇടപെടലിലൂടെയും സാമ്പത്തിക വിനിമയത്തിലൂടെയും ഒരു സാമ്രാജ്യത്വത്തെ സമുദ്ധരിച്ച മൻസ മൂസയുടേത് കൂടിയാണ് ഇന്നിന്റെ ചരിത്രം. ചരിത്രത്തിന്റെ അന്വേഷണ താളുകളിൽ ഇനിയെങ്കിലും വിസ്മരിക്കപ്പെടാതിരിക്കട്ടെ മൻസ മൂസയെ പോലെയുള്ള ഭരണാധികാരികളെയും അവരുടെ പരിഷ്കാരങ്ങളെയും.

Articles

Related Posts

Loading