KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

മഷ്റബിയ്യ: ഇസ്ലാമിക വാസ്തുവിദ്യയിലെ മായാ ജാല(ക)ക്കഥകൾ

അമീൻ അഷ്റഫ് മാളിക്കുന്ന്

ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വളരെ യാദൃശ്ചികമായാണ് മഷ്റബിയ്യ വാസ്തുവിദ്യയെ പറ്റി ഒരു ലഘുകുറിപ്പ് ഞാൻ വായിക്കാനിടയാകുന്നത്. രസകരമായ വസ്തുതയെന്തെന്നാൽ ഡൽഹി മുഗൾ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകളുടെ സുപ്രധാന സൂക്ഷിപ്പ് കേന്ദ്രമാണെന്നതും, മുഗൾ സ്മാരകങ്ങൾ മേൽപ്പറഞ്ഞ രീതിയുടെ ശ്രേഷ്ഠ ശേഖരങ്ങളാണെന്നതുമാണ്. വായിച്ചറിഞ്ഞ ചാരുത നേരിട്ടറിയാനുള്ള കൊതിയും കൗതുകവുമായാണ് പിന്നീട് ആ മഹാനഗരത്തിലൂടെ ഞാൻ നടന്നത്.


സമയക്കുറവ് മൂലം ഒരുപാടൊന്നും ഡൽഹിയെ അനുഭവിക്കാനായില്ലെങ്കിലും മറ്റു പല പ്രധാന സ്ഥലങ്ങളോടൊപ്പം ഹുമയൂൺ ടോമ്പും ഞങ്ങൾ സന്ദർശിച്ചു. ഹുമയൂൺ തന്നെ സ്ഥാപിച്ച പുരാന കിലയുടെ സമീപത്തായി ഡൽഹി നിസാമുദ്ദീൻ ഈസ്റ്റിലാണ് ഹുമയൂൺ ടോമ്പ് സ്ഥിതി ചെയ്യുന്നത്. സ്മരണാർത്ഥം ഹുമയൂണിന്റെ ആദ്യ ഭാര്യയായ ബിഗ ബീഗമാണ് മകനായ അക്ബറിന്റെ രക്ഷാകർതൃത്വത്തിൽ 1570 ൽ ഈ സമാധി പണികഴിപ്പിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ Garden-Tomb ആയി കണക്കാക്കപ്പെടുന്ന ഈ സ്മാരകം ഇസ്ലാമിക വാസ്തുവിദ്യയിലെ വിഖ്യാതമായ ചഹർ ബാഗ് (ഖുർആനിൽ പറഞ്ഞ നാല് സ്വർഗീയ നദികളെ പ്രതിനിധീകരിക്കുന്ന ചതുര്‍ത്ഥാംശത്തിലുള്ള ഉദ്യാനം) ഉദ്യാനരീതിയുടെ ഉത്തമ ഉദാഹരണമാണ്. നൂറ്റിഅൻപതോളം മുഗൾ രാജകുടുംബാംഗങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നതിനാൽ ഇതിന് മുഗളരുടെ ഉറക്കറ (Dormitary of Mughals) എന്ന പേരുകൂടിയുണ്ട്. മഹാത്മാക്കളുടെ അന്ത്യ വിശ്രമസ്ഥലത്തിന് സമീപം ഖബറടക്കൽ പുണ്യമായി കരുതിയിരുന്നതിനാൽ നിസാമുദ്ദീൻ ഔലിയയുടെ ദർഗക്ക് സമീപത്തായി തന്നെയാണ് ഇതിനവർ സ്ഥലം കണ്ടെത്തിയത്. ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹനാരയടക്കമുള്ള നിരവധി മുഗളന്മാരുടെ ഖബറുകൾ ദർഗക്ക് സമീപമാണല്ലോ.


mashrabiyya-1.jpg/

ചുവന്ന മണൽക്കല്ലും വെള്ളയും കറുപ്പും നിറത്തിലുള്ള മാർബിൾ ഡിസൈനുകളുപയോഗിച്ചാണ് മുഖ്യമായും അതിന്റെ നിർമ്മാണം. മറ്റു പല വിശേഷണങ്ങൾക്കും പുറമെ പ്രകടമായ മറ്റൊരു സവിശേഷതയാണ് മുൻപ് പരാമർശിച്ച മഷ്റബിയ്യ. നിറയെ ജാലകങ്ങൾ ഉള്ള ഹുമയൂൺ ടോമ്പിൻ്റെ ഘടനയിൽ മഷ്റബിയ്യ രീതിയുടെ പ്രയോഗം ശ്രദ്ധേയമാണ്. മഷ്റബിയ്യയെ പറ്റി പറയുമ്പോൾ ചരിത്രത്തിലിനിയും മുന്നോട്ട് പോകാനുണ്ട്. അബ്ബാസിയ ഭരണകാലത്ത് ബഗ്ദാദിന്റെ നാഗരിക വളർച്ച അതിൻറെ മൂർദ്ധന്യതയിലിരിക്കുമ്പോഴാണ് മഷ്റബിയ്യയുടെ ഉത്ഭവവും വികാസവും എന്ന് വിശ്വസിക്കപ്പെടുന്നു. ഷനാഷീൽ (Shanasheel) എന്നാണ് പേർഷ്യയിൽ ഇതറിയപ്പെടുന്നത്. ആദ്യകാലത്ത് രാജകീയ നിർമ്മിതികളിൽ മാത്രം പരിമിതപ്പെട്ടു നിന്ന ഈ രീതിക്ക് ഓട്ടോമൻ കാലത്താണ് കൂടുതൽ പ്രചാരമുണ്ടായതും ജനകീയമായതും. പിന്നീട് ദ്രുതഗതിയിൽ ഇസ്ലാമിക ലോകത്താകെ പ്രചരിച്ച മഷ്റബിയ്യയിൽ നിർമാണ രീതിക്കും അതിനുപയോഗിക്കുന്ന മെറ്റീരിയലിനനുസരിച്ചും രൂപത്തിലും ഭാവത്തിലും നാമത്തിലും വ്യത്യാസമുണ്ടായി. സൗദിയിലെ ഹിജാസ് പ്രവിശ്യയിൽ ധാരാളമായി കാണപ്പെടുന്ന റവാഷിൻ (Rawashin) ഇത്തരത്തിൽ ഒരു വകഭേദമാണ്. തുർക്കിയിലെ കുഷ്‌ക് (Kushk) നും മഷ്റബിയ്യയുമായി സമാനതകളുണ്ട്. ഇന്ത്യയിലേക്കെത്തുമ്പോൾ ജാലി (Jaali) എന്നറിയപ്പെടുന്ന ഇതിന് ഒരു മതേതരസ്വഭാവമാണ്. ഹൈന്ദവ ക്ഷേത്രങ്ങളിൽ വരെ ഈ രീതി ഉപയോഗിക്കുന്നതായി കാണാം. പാരിസ്ഥിതികമായ മെച്ചങ്ങളും കാഴ്ചയിലെ ഭംഗിയും മഷ്റബിയ്യയെ ഏവർക്കും പ്രിയങ്കരമാക്കുന്നു. കൊളോണിയൽ ഉറവിടങ്ങളിലൂടെ മഷ്റബിയ്യയുടെ ഖ്യാതി അങ്ങ് യൂറോപ്പിലുമെത്തി.


mashrabiyya-2.jpg/

അറബി ഭാഷയിലെ ശരിബ എന്ന വാക്കിൽ നിന്നാണ് മഷ്റബിയ്യയുടെ വ്യുൽപത്തിയെന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ ഉഷ്ണമേഖല നിവാസികൾ കുടിവെള്ളം നിറച്ച മൺകൂജകൾ തണുപ്പിക്കാനായി വെച്ചിരുന്ന, പ്രത്യേക രീതിയിൽ സുഷിരങ്ങളിട്ട മരനിർമ്മിതമായ ചട്ടക്കൂടോടെയുള്ള (Wooden Frame) സ്ഥലത്തെയാണ് മഷ്റബിയ്യ എന്ന് വിളിച്ചിരുന്നത്. അതും പ്രസ്തുത വാസ്തു വിദ്യയും തമ്മിലുള്ള സാമ്യതകൾ ആ നാമകരണത്തെ സാധൂകരിക്കുന്നു.


ഇസ്ലാമിക വാസ്തു വിദ്യയുടെ ഏറ്റവും പരമ്പരാഗത ഘടകങ്ങളിലൊന്നായി മഷ്റബിയ്യ കണക്കാക്കപ്പെടുന്നു. വിശിഷ്ടവും
സങ്കീർണ്ണവുമായ ജ്യാമിതീയ രൂപങ്ങൾ മരത്തിലോ മാർബിളിലോ കൊത്തിയെടുത്തുള്ള (Latticework) താരതമ്യേന വലിപ്പമുള്ള ജനവാതിലു (Window Screen) കളാണിവ. കതകുകൾക്കും ഗ്ലാസ്സുകൾക്കും പകരം തുറന്നിട്ട രീതി. പല വർണ്ണത്തിലുള്ള ഗ്ലാസുകൾ ഉപയോഗിച്ചുള്ള രീതിയും, കതകോടു കൂടിയുള്ള രീതിയും ഇതിലുണ്ട്. കലാപരമായ സൗന്ദര്യത്തിനും അലങ്കാര ധർമ്മങ്ങൾക്കും (Decorative Role) പുറമേ മറ്റു പല അനിവാര്യതകളെയും തൃപ്തിപ്പെടുത്താൻ മഷ്റബിയ്യക്കാകുന്നു.


മതിയായ വായു സഞ്ചാരം സാധ്യമാക്കുന്നു, അകത്ത് സുഖകരമായ ഊഷ്മാവ് നിലനിർത്തുന്നു, സൂര്യപ്രകാശം കടത്തിവിടുക വഴി പകൽസമയം വീടിനകം വെളിച്ചമുള്ളതാക്കുന്നു (Passage of Ambient Light), അകത്തെ സ്വകാര്യത സൂക്ഷിക്കുന്നതോടൊപ്പം (Visual Privacy) പുറം കാഴ്ച യഥേഷ്ടം സാധ്യമാക്കുന്നു (Visual Permiability) എന്നിവ ഇതിൻ്റെ മെച്ചങ്ങളാണ്. ആളുകളുടെ സാമൂഹികവും, മാനസികവും, പാരിസ്ഥിതികവും, മതപരവുമായ ആവശ്യങ്ങളെ ഇസ്ലാമിക കല എപ്പോഴും ഉൾച്ചേർത്തിട്ടുണ്ട് എന്നിതിൽ നിന്നും മനസ്സിലാക്കാം.


mashrabiyya-3.jpg/

തടി കൊണ്ടുള്ള മഷ്റബിയ്യ ജാലകങ്ങൾ ഈർപ്പം ആഗിരണം ചെയ്ത് മുറിക്കുള്ളിൽ ശീതളാന്തരീക്ഷം (Humidified Air) നിലനിർത്തുന്നു. ജാലകങ്ങൾക്ക് സമീപം വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിക്കുന്നത് തദടിസ്ഥാനത്തിലാണ്. കെട്ടിടത്തിന്റെ പരിസരത്തെല്ലാം വരണ്ട ചൂടുപിടിച്ച കാലാവസ്ഥയാണെങ്കിൽ പോലും മഷ്റബിയ്യ വഴി കെട്ടിടത്തിനകത്ത് പുറമേ നിന്നും വ്യത്യസ്തമായി സുഖപ്രദമായ കാലാവസ്ഥ (Microclimate) സൃഷ്ടിച്ചെടുക്കാനാകുന്നു. അങ്ങനെയെങ്കിൽ തന്നെ പുറത്തെ അന്തരീക്ഷത്തിലേതുപോലെതന്നെ മതിയായ കാറ്റും വെളിച്ചവും സൗകര്യപ്രദമായ അളവിൽ അകത്തും നിലനിർത്താനും (Outdoor Inspired Indoor Spaces) സഹായിക്കുന്നു.


മഷ്റബിയ്യ രീതിയുടെ മേൽപ്പറഞ്ഞ മെച്ചങ്ങളും കലാപരമായ സൗന്ദര്യവും കുറഞ്ഞ ചെലവുമെല്ലാം നൂറ്റാണ്ടുകൾക്കിപ്പുറവും അതിൻ്റ ഖ്യാതി കെടാതെ സൂക്ഷിക്കുന്നു. രാജകീയ പ്രൗഢിയുള്ള ഈ വാസ്തു രീതിക്ക് ഇന്നും അറബ് രാജ്യങ്ങളിൽ പ്രിയമേറെയാണ്. താരതമ്യേന ചൂട് കൂടിയ പ്രദേശങ്ങളായ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയിലെ രാജസ്ഥാനിലും വരെ ഈ രീതി ഇന്നും വ്യാപകമായിട്ടുണ്ട്. എ. ഡി 859 ൽ സ്ഥാപിതമായ മൊറോക്കോയിലെ ഖറവിയ്യിൻ സർവകലാശാല കെട്ടിടങ്ങളിൽ ഉൾപ്പെടെ ആധുനിക മസ്ജിദുകളിൽ വരെ കാലഭേദമന്യേ മഷ്റബിയ്യ ഉപയോഗിക്കപ്പെടുന്നു. വാസ്തുവിദ്യക്ക് പുറമേ ഫാഷൻ, ജ്വല്ലറി രംഗങ്ങളിലും ഇൻറീരിയർ ഡിസൈനിങ്ങിലുമടക്കം ഇന്ന് മഷ്റബിയ്യക്ക് ഇടമുണ്ട്. മെറ്റീരിയലിലും നിർമ്മാണ രീതിയിലുമുള്ള ചെറിയ തോതിലുള്ള പരിണാമങ്ങളോടുകൂടി മധ്യകാലഘട്ടത്തിൽ നിന്നും ഉയർന്നു വന്ന് ആധുനികതയോളം വളർന്ന് ഇന്നും ആവശ്യക്കാരുടെ പ്രിയപ്പെട്ട രീതികളിൽ ഒന്നായി മഷ്റബിയ്യ തുടരുന്നു.

Photo Essay
Fictions

Related Posts

Loading