ഒരു മുഹദ്ദിസിന്റെ ജീവിതത്തിലെ മഹാസാഫല്യമാണ് ഹദീസ് ശേഖരിക്കുന്നതിൽ നിന്നും നിവേദകനാകുന്നതിലേക്കുള്ള രൂപാന്തരവും തൻ്റെ ഹദീസ് ജീവിതത്തെ അടയാളപ്പെടുത്തുന്ന കാറ്റലോഗുകളുടെ നിർമ്മാണവും. ആധുനിക കാലത്തെ അക്കാദമിക് സി.വി പോലെ ഒരു ഹദീസ് പണ്ഡിതന്റെ കരിയറിലേക്കുള്ള എത്തിനോട്ടമാണ് മശ്‌യഖ, സബത് പോലെയുള്ള കാറ്റലോഗുകൾ. ഹിജ്റ നാലാം നൂറ്റാണ്ട് മുതൽ ഇത്തരത്തിൽ മുഹദ്ദിസുകൾ തങ്ങൾ സ്വീകരിച്ചിട്ടുള്ള ഹദീസുകളും അവ കൈമാറിയ പണ്ഡിതരുടെ വിവരങ്ങളും ഉൾപ്പെടുത്തിയ കാറ്റലോഗുകൾ സമാഹരിക്കാൻ ആരംഭിച്ചിരുന്നു. ഇത് പിന്നീട് ക്രോഡീകരണാനന്തരം ഒരു പ്രധാന മേഖലയായി ഹദീസ് പണ്ഡിതർ നിലനിർത്തി പോന്നു. അവരുടെ ഓർമ്മകൾ പിൽക്കാല ഹദീസ് സമൂഹം ഇത്തരം ഗ്രന്ഥങ്ങളിലൂടെ സജീവമാക്കുകയും ചെയ്തു. ഹദീസ് പണ്ഡിതരുടെ ഇത്തരം കാറ്റലോഗുകളിൽ പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് മശ്‌യഖയും സബതും.
മശ്‌യഖ/ മുഅജമു ശുയൂഖ് ; മുഹദ്ദിസുകളുടെ ആദ്യകാല കാറ്റലോഗുകൾ
ഹദീസ് പണ്ഡിതരുടെ കാറ്റലോഗുകളിൽ ആദ്യ നൂറ്റാണ്ടുകളിൽ തന്നെ നിലവിലുണ്ടായിരുന്ന രൂപമാണ് മശ്‌യഖ/ മുഅജമു ശുയൂഖ് തുടങ്ങിയ കാറ്റലോഗുകൾ. ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച ഈ ഹദീസ് സാഹിതീയ രൂപങ്ങൾ ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ എത്തുമ്പോഴേക്ക് ആയിരക്കണക്കിന് കാറ്റലോഗുകളായി വികസിച്ചിരുന്നു. ഹിജ്റ എട്ടാം നൂറ്റാണ്ടിലെ സിറിയൻ ചരിത്രകാരനായ സഫാദിയുടെ അഭിപ്രായത്തിൽ തിരമാലകളുടെ ഓളങ്ങൾ പോലെ ക്രമാധീതമായി കാറ്റലോഗ് സമാഹാരങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ പണ്ഡിതൻ സഖാവിയുടെ നിരീക്ഷണ പ്രകാരം തന്റെ നൂറ്റാണ്ടിൽ മാത്രമായി ആയിരത്തിലധികം മശ്‌യഖകൾ രചിക്കപ്പെട്ടിട്ടുണ്ട്.
മശ്‌യഖകളും മുഅജമു ശുയൂഖും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെങ്കിലും അവയുടെ ക്രമീകരണ രീതിയിൽ അൽപം മാറ്റങ്ങൾ കാണാൻ സാധിക്കും. മുഅജമിന്റെ ഭാഷാർത്ഥം ഡിക്ഷണറി എന്നാണ് കുറിക്കുന്നത്. മുഅജമുകളിൽ ഒരു കൃത്യമായ അറബി അക്ഷരമാല ക്രമത്തിലാണ് ഹദീസ് പണ്ഡിതരെ ക്രമീകരിക്കുന്നത്. കൂടാതെ, മുഅജമുകൾ മശ്‌യഖകളേക്കാൾ വണ്ണത്തിൽ കൂടുതൽ വലുപ്പമുള്ള രചനകളായിട്ടാണ് കാണപ്പെടുന്നത്. അതേ സമയം പ്രായോഗിക തലത്തിൽ ഇവ തമ്മിൽ മാറ്റങ്ങളൊന്നും ഇല്ല താനും. ഹിജ്റ 307 ൽ വഫാതായ അബൂ യഅല അൽ മൗസൂലിയുടെ മുഅജമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന കാറ്റലോഗ്.
മുഅജമുകൾ പല മാനദണ്ഡങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത രൂപങ്ങളിൽ ഉടലെടുത്തതായി കാണാം. ചില രചനകൾ തങ്ങളുടെ ജീവിതകാലത്ത് കണ്ടുമുട്ടിയ എല്ലാ ഹദീസ് പണ്ഡിതരെയും ഉൾക്കൊള്ളിക്കുന്നുവെങ്കിൽ മറ്റ് ചിലത് ചില പ്രത്യേകം ഭൂപ്രദേശങ്ങൾ അടിസ്ഥാനമാക്കി രചിക്കപ്പെട്ടതാണ്. ഹിജ്റ ആറാം നൂറ്റാണ്ടിലെ അൽ സിലഫിയുടെ മുഅജമു സഫർ എന്ന ഗ്രന്ഥം ഇത്തരത്തിൽ ഭൂമിശാസ്ത്രപരമായ ഹദീസ് പണ്ഡിതരുടെ വാസസ്ഥലങ്ങളെ അടിസ്ഥാനമാക്കി ക്രമീകരിച്ചിട്ടുള്ളതാണ്. 18 വർഷത്തോളം ഹദീസുകൾ ശേഖരിച്ച് വ്യത്യസ്ത നാടുകളിലൂടെ യാത്ര ചെയ്ത സിലഫിയുടെ ഈ കാറ്റലോഗിൽ ആയിരക്കണക്കിന് ഹദീസ് പണ്ഡിതരെയും പണ്ഡിതകളെയും പരാമർശിക്കുന്നുണ്ട്. അതിനു പുറമേ, സിലഫി തന്നെ ബാഗ്ദാദിലെയും ഇസ്ഫാഹാനിലെയും യാത്രക്കിടെ കണ്ടുമുട്ടിയവരെ പ്രത്യേകം പ്രത്യേകം കാറ്റലോഗുകളിലായി സമാഹരിച്ചിട്ടുണ്ട്. ഈ കൃതികളിലൂടെ അദ്ദേഹം ചെയ്ത യാത്രകളെയും കണ്ടുമുട്ടിയ പണ്ഡിതരെയും അനാവരണം ചെയ്യുക വഴി ഒരു വലിയ സാമ്രാജ്യത്തിലെ മുഴുവൻ ഹദീസുകളുടെയും പരമ്പരകൾ പിൽക്കാല സമൂഹത്തിന് വളരെ എളുപ്പം ലഭ്യമായി. മിക്ക പണ്ഡിതരും ഇത്തരത്തിൽ ഒന്നിലധികം പല വണ്ണത്തിലായി കാറ്റലോഗുകൾ രചിച്ചിട്ടുണ്ട്. വലിയ കാറ്റലോഗ് കൃതികൾ ഒരു ഹദീസ് പണ്ഡിതനിൽ നിന്നും ലഭിച്ചിട്ടുള്ള വ്യത്യസ്ത ഹദീസുകളെയാണ് ഉൾക്കൊള്ളിക്കുന്നതെങ്കിൽ ചെറിയ രചനകൾ ഒരു പണ്ഡിതനിൽ നിന്ന് ലഭിച്ച ഒരു ഹദീസിനെ മാത്രമാണ് പൊതുവേ ക്രോഡീകരിക്കുന്നത്. ത്വബ്റാനിയുടെ മുഅജമു സ്വഗീർ, മുഅജമുൽ അവ്സാത് തുടങ്ങിയവ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
ഹദീസ് പണ്ഡിതരുടെ കൂട്ടത്തിൽ തങ്ങളുടെ സ്ഥാനം എന്നും ഓർക്കപ്പെടുന്നതിന് ഒരു സംഭാവനയായി ഇത്തരം കാറ്റലോഗ് രചനകൾ മാറി. പക്ഷേ, മുസ്ലിം പണ്ഡിതരുടെ സംസ്കാരത്തിന്റെ ഭാഗമായി ഇത്തരം രചനകൾ മാറിയത് അത്തരം ഉദ്ദേശങ്ങളുടെ മാത്രം പിൻബലത്തിലല്ല. പല കാറ്റലോഗ് രചനകളും നിവേദകൻ സ്വയം രചിച്ചതല്ല, മറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാരോ അദ്ദേഹത്തിന്റെ പിൽക്കാരനോ ആയിട്ടുള്ള വ്യക്തികൾ ആയിരിക്കും ക്രോഡീകരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസൃതമായി കാറ്റലോഗുകൾ രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ എട്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ സിറിയൻ പണ്ഡിതൻ അൽ-ബിർസാലി കൈറോയിലെയും ഡമസ്കസിലെയും പ്രധാന നിയമാധിപനായിരുന്ന ബദ്‌റു ബ്നു ജമാഅയുടെ കാറ്റലോഗ് ക്രമീകരിച്ചത് ഇതിന്റെ മികച്ച ഉദാഹരണമാണ്. കൃതിയുടെ പ്രവേശികയിൽ ബിർസാലി പറയുന്നുണ്ട്: "മുസ്ലിം സമൂഹത്തിൻറെ വ്യത്യസ്ത പ്രശ്നങ്ങളിൽ എപ്പോഴും ഇടപെട്ടു കൊണ്ടിരുന്ന തിരക്കുള്ള മനുഷ്യനാ യതു കൊണ്ട് അദ്ദേഹത്തിന് തന്റെ കാറ്റലോഗ് നിർമിക്കാൻ സമയം ലഭിക്കാത്തതു കൊണ്ടാണ് താൻ ഇത് രചിക്കുന്നത്."
സബത്, ഫിഹ്റസ്; മുഹദ്ദിസുകളുടെ പിൽക്കാല കാറ്റലോഗുകൾ
മശ്‌യഖ ഒരു ഹദീസ് പണ്ഡിതന്റെ ജീവിതത്തിലെ പ്രധാന ഹദീസുകളുടെ സമാഹാരവും പിൽക്കാലക്കാർക്ക് കൈമാറാനുള്ള ഒരു മാധ്യമവും ആയിരുന്നെങ്കിൽ ഹിജ്റ അഞ്ചാം നൂറ്റാണ്ട് മുതൽ വ്യത്യസ്തമായ ഒരു പുതിയ പ്രവണത മുസ്ലിം ലോകത്ത് ഉടലെടുത്തു. ഒരു വ്യക്തിഗത ഹദീസിന് തങ്ങൾക്ക് ലഭിച്ച ആഖ്യാന ശൃംഖലയെ അവതരിപ്പിക്കുകയും കാറ്റലോഗ് ചെയ്യുകയും ചെയ്യുന്നതിന് പകരം തങ്ങൾ ഇത്തരം ഹദീസുകൾ കുറേക്കാലം കണ്ടെടുത്ത ഗ്രന്ഥങ്ങളിലേക്കും സമാഹാരങ്ങളിലേക്കും കണക്ട് ചെയ്യുന്ന ആഖ്യാന ശൃംഖലയും അവതരിപ്പിച്ചു തുടങ്ങി. ഈ സ്വഭാവം ഹദീസ് രചനകളുടെ മാത്രം പ്രത്യേകതയല്ല, ഫിഖ്ഹിലും തസവുഫിലും വ്യാകരണ ശാസ്ത്രത്തിലും സമാനമായ പ്രവണതകൾ വന്നിട്ടുണ്ട്. ഗ്രന്ഥങ്ങൾ ആഖ്യാന ശൃംഖല വഴി കൈമാറുന്ന രീതി ഹദീസ് പണ്ഡിതരുടെ ആധികാരിക നിവേദക ശൃംഖലയെ മാതൃകയാക്കിയാണ് മറ്റു മേഖലകളിലും വികസിച്ചിട്ടുള്ളത്.
ഇസ്ലാമിക ലോകത്തിലെ മധ്യ കിഴക്കൻ രാജ്യങ്ങളിലാണ് ഇത്തരം രചനകൾ ആദ്യമായി കണ്ടുവരുന്നത്. മശ്‌യഖ സമാഹരങ്ങളുടെ കൂടെത്തന്നെ പാർശ്വ തലത്തിലാണ് ഇത്തരം രചനകൾ ആദ്യം രൂപം കൊണ്ടത്. ഇറാഖി പണ്ഡിതൻ മുഹമ്മദ് ബിൻ അബ്ബാസ് അൽ മഹ്ദിയുടെ രചനയാണ് ഈ മേഖലയിൽ അറിയപ്പെട്ട ആദ്യകാല സബത് കാറ്റലോഗ്. പിന്നീട് ഒരു നൂറ്റാണ്ടിന് ശേഷം ഹിജ്റ ആറാം നൂറ്റാണ്ടിൽ ഈജിപ്തിൽ ഹദീസ് പണ്ഡിതൻ അബു അബ്ദുല്ല അൽ റാസി മശ്‌യഖയും സബതും ഒരു ഗ്രന്ഥത്തിന്റെ തന്നെ വ്യത്യസ്ത ഭാഗങ്ങളിലായി ക്രമീകരിച്ചുകൊണ്ട് രചിക്കുകയുണ്ടായി. ആധുനിക കേരളീയ മുസ്ലിം പണ്ഡിതരുടെയും സബതുകൾ ഇന്ന് നമുക്കിടയിൽ സുലഭമാണ്.
അതേസമയം മറ്റൊരു വശത്ത് ഐബീരിയൻ ഉപദ്വീപിലും മൊറോക്കോയിലും ഗ്രന്ഥങ്ങളിലേക്ക് തങ്ങളെ ബന്ധപ്പെടുത്തുന്ന ഈ വേദഗ്രന്ഥലകളെ മാത്രം ക്രോഡീകരിച്ചുകൊണ്ട് ഗ്രന്ഥങ്ങൾ രചിച്ചു. ഈ കൃതികൾ പൊതുവേ ഫിഹ് രിസ്റ്റ് / ബർനാമജ് രചനകൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം കൃതികളുടെ ആദ്യ കാല രചനകൾ ഹിജറ ആറാം നൂറ്റാണ്ടിലാണ് ഉടലെടുത്തിട്ടുള്ളത്. പിൽക്കാല രചനകളിൽ പലതും ഇതിനുമുമ്പും ഇത്തരം രചനകൾ ഉണ്ടായിട്ടുണ്ട് എന്നതിലേക്ക് സൂചന നൽകുന്നുണ്ടെങ്കിലും അവയൊന്നും കാലഗണത്തിൽ നിലനിന്നതായി അറിയപ്പെട്ടിട്ടില്ല. ഉദാഹരണത്തിന്, ഇബ്നു ഫർഹൂൻ അൽ യമാരി തന്റെ ദീബാജുൽ മുദഹബ് എന്ന ഗ്രന്ഥത്തിൽ ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ കോർദോബയിൽ ജീവിച്ചിരുന്ന അഹ്മദ് ബിൻ അബ്ദുറഹ്മാൻ എന്ന പണ്ഡിതന്റെ ബർനാമജിനെ കുറിച്ച് തന്റെ കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്. ഹിജ്റ ആറാം നൂറ്റാണ്ടിലെ അന്തലൂസിയൻ പണ്ഡിതരായ ഇബ്നു ഖൈർ അൽ ഇശ്ബീലിയും ഇബ്നു ബശകുവാലും അത്തരത്തിൽ ഒരുപാട് അഞ്ചാം നൂറ്റാണ്ടിലെ ഫിഹ് രിസ്റ്റ് രചനകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഫിഹ്റസ് രചനകളിൽ പ്രശസ്തമാണ് ഇബ്നു അത്വിയയുടെയും ഖാദി ഇയാദിന്റെയും രചനകൾ. മുഅജം, മശ്‌യഖ രചനകൾക്ക് സമാനമായ ഒരു ക്രമത്തിലാണ് ഇവരുടെ ഫിഹ്റസുകൾ രചിക്കപ്പെട്ടിട്ടുള്ളത്. ഖാദി ഇയാദിന്റെ രചന ഇബ്നു അത്വിയിനെക്കാൾ വലിയ ഗ്രന്ഥമാണ്; ഖാദി ഇയാദിന്റെ രചനയിൽ 98 നിവേദകരെ കുറിച്ചും ഇബ്നു അത്വിയിന്റെ കൃതിയിൽ 30 നിവേദകരെ കുറിച്ചുമാണ് വിവരിക്കുന്നത്.
ഉപസംഹാരം
നേരത്തെ മൂന്ന് ലേഖനങ്ങളിലും പരിചയപ്പെടുത്തിയത് പോലെ, ഇത്തരം കാറ്റലോഗുകളും ക്രോഡീകരണാനന്തര കാലത്തെ ഹദീസിന്റെ സാഹിത്യ വിഭവങ്ങളാണ്. തിരുനബിയുടെ വാക്കുകളും പ്രവർത്തികളും സംരക്ഷിക്കുന്നതിനുള്ള വ്യത്യസ്തമാധ്യമങ്ങളുടെ പ്രതിനിധാനങ്ങളായി അവ എല്ലാ കാലത്തും നിലകൊണ്ടു. മുസ്ലിം സമൂഹത്തിന്റെ ഒരു പ്രധാന സവിശേഷതയായി ഇന്നും ഇത്തരം നിവേദ ശൃംഖലകളെ ധൈഷണിക പാരമ്പര്യം നോക്കിക്കാണുന്നു. കാറ്റലോഗുകൾ സമാഹരിക്കുക വഴി ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും തന്നെ നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ബന്ധങ്ങളെയാണ് സജീവമാക്കി കൊണ്ടിരിക്കുന്നത്. കാലാന്തരത്തിൽ പല സാഹിതീയ മേഖലകൾക്കും ഉതവികളും പതനങ്ങളും സംഭവിച്ചത് പോലെ, ഇവകളിൽ പലതിനും വ്യത്യസ്തങ്ങളായ പരിണാമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്നും ഇതിൽ മിക്ക മേഖലകളും സജീവമായി വർത്തിക്കുന്നുണ്ടെന്നതാണ് സത്യം. തിരുനബിയിൽ നിന്ന് മുസ്ലിം ഉമ്മത്തിന്റെ പിന്തുടർച്ചാവകാശം സ്വീകരിച്ച പാരമ്പര്യ പണ്ഡിതർ എന്നും അവ കാത്തു സംരക്ഷിക്കും.