പോസ്റ്റ് ക്ലാസിക്കൽ കാലഘട്ടത്തിൽ ഏറ്റവും വികാസം പ്രാപിച്ച ശാസ്ത്ര ശാഖയായിരുന്നു ഗ്രീക്ക്, റോമൻ, പേർഷ്യൻ, ഇന്ത്യൻ എന്നീ വൈദ്യങ്ങളെ സമന്വയിപ്പിച്ച ഇസ്ലാമിക് മെഡിസിൻ. AE 8, 14 നൂറ്റാണ്ടുകൾക്കിടയിലെ ഈ വൈജ്ഞാനിക വികാസം എന്നാൽ ഏറെ സ്മരിക്കപ്പെട്ടില്ല. ഗ്രീക്ക് - റോമൻ നാഗരികതകളെയാണ് നവോത്ഥാനത്തിൻ്റെ ഉൽപാദകരായി യൂറോപ്പ് വാഴ്ത്തിപ്പാടുന്നത്. യത്ഥാർത്ഥത്തിൽ വിജ്ഞാന കൈമാറ്റത്തിനുള്ള ഭാഷയുടെ പരിമിതികളെ ഇല്ലാതാക്കി സുവർണ്ണ കാലഘട്ടത്തിലുണ്ടായ വ്യാപകമായ വിവർത്തനങ്ങളാണ് വിജ്ഞാനത്തിൻ്റെ അതിപ്രസരണത്തെ ലോകത്ത് സാധ്യമാക്കിയത്. അതിൽ നിന്ന് കടമെടുത്താണ് യൂറോപ്പ് വൈജ്ഞാനിക മുന്നേറ്റത്തിലേക്ക് നടന്നുകയറിയതും.
പന്ത്രണ്ടാം നൂറ്റാണ്ടിലെ മംഗോൾ അധിനിവേശത്തിൽ മെഡിക്കൽ മേഖലയിലേതടക്കമുള്ള ലക്ഷക്കണക്കായ കൈയ്യെഴുപ്രതികൾ (Manuscripts) നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില കൃതികളും കണ്ടുപിടുത്തങ്ങളും ആധുനിക കാലം വരെ അവശേഷിച്ചിട്ടുണ്ട്. ഇസ്‌ലാമിക് മെഡിസിനിൽ കൃതികളുടെ ബാഹുല്യത്താലും ആധുനിക കാലത്ത് പോലും അവലംബിക്കുന്ന ചികിത്സ രീതികളെക്കൊണ്ടും മുൻനിരയിൽ നിന്നത് നേത്ര ചികിത്സ (Opthalmology) വിഭാഗമായിരുന്നു. നേത്ര ചികിത്സയിലെ നൂതനമായ മേഖലകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥങ്ങളുടെ പിറവിക്കും മിഡീവൽ കാലഘട്ടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗ്രീക്ക് മെത്തഡോളജിയിൽ നിന്ന് സ്വാംശീകരിച്ച തത്വങ്ങളിലേക്ക് തങ്ങളുടേതായ സംഭാവനകൾ കൂടി അറബികൾ കൂട്ടിച്ചേർത്തു. അൽ കഹാൽ എന്നായിരുന്നു നേത്ര വിദഗ്ധൻമാർക്ക് അറബ് ലോകത്ത് വിളിക്കപ്പെട്ടിരുന്ന നാമം. കുഹ്ൽ ഉപയോഗിച്ച് ചികിത്സ നടത്തുന്നവർ എന്നാണതിൻ്റെ അർത്ഥം.(1)
അറബ് നേത്ര വിദഗ്ധർ നിരന്തരമായ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. മനുഷ്യരുടെ കണ്ണുകൾ (ഹബീബതാനി എന്ന് ഒരു ഹദീസിൽ കണ്ണുകളെ പരിചയപ്പെടുത്തിയിട്ടുണ്ട്) അതിനോടുള്ള ബഹുമാനം കാരണം ലഭ്യമല്ലാത്തതിനാൽ മൃഗങ്ങളുടെ കണ്ണുകളിലായിരുന്നു പരീക്ഷണങ്ങൾ. ഇത്തരം പരീക്ഷണങ്ങളിലൂടെ പിറവി കൊണ്ടത് ലോകത്ത് ലഭ്യമായ ഏറ്റവും പഴയ നേത്ര ഘടനാ ചിത്രങ്ങളാണ്.
ആതുരാലയങ്ങളിൽ പ്രത്യേകം നേത്ര വാർഡുകൾ സജ്ജമാക്കിയത് അവർ കൈവരിച്ച പുരോഗതിയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. നാമ മാത്രമായ ചികിത്സാ സംവിധാനങ്ങൾ മാത്രം പടിഞ്ഞാറൻ ലോകത്ത് പ്രത്യക്ഷപ്പെട്ട കാലത്താണിത്. (2 ) ഹിപ്പോക്രറ്റിസ് (3) മുതൽ പൗളസ് (4) വരെയുള്ള ആയിരം വർഷത്തെ പുരാതന മെഡിസിൻ കാലഘട്ടം കേവലം അഞ്ചു ഗ്രന്ഥങ്ങൾ മാത്രം ലോകത്തിനു സമ്മാനിച്ചപ്പോൾ 870 നും 1370 നുമിടയിൽ മുപ്പത് ഗ്രന്ഥങ്ങളാണ് നേത്ര ചികിത്സയെ അടിസ്ഥാനപ്പെടുത്തി ഇസ്ലാമിക ലോകത്ത് നിന്ന് പിറവിയെടുത്തത്. അതിൽ പതിനാലെണ്ണം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. തിമിര ചികിത്സയെ ആദ്യമായി അവതരിപ്പിച്ചതും ഈ കാലത്താണ്. അൽമാ ഉന്നാസിൽ ഫിൽ ഐൻ (കണ്ണിൽ ഇറങ്ങിയ വെള്ളം) എന്ന അർത്ഥത്തിലായിരുന്നു തിമിരത്തെ അക്കാലയളവിൽ വിളിച്ചിരുന്നത്. ഹുനൈൻ ബിൻ ഇശാഖ്, സാബിത് അൽ ഹറാനി, ഇബ്നു ഹൈസം, അമ്മാർ അൽ മൂസിലി( 5), അലി ബിൻ ഈസ എന്നിവരാണ് മെഡീവൽ കാലത്തെ പ്രസിദ്ധരായ നേത്രരോഗ വിദഗ്ധർ.
ഇസ്‌ലാമിക് ഒക്യുലിസ്റ്റുകളിൽ ഏറ്റവും പ്രമുഖനായി കണക്കാക്കപ്പെടുന്നത് ശറഫുദ്ദീൻ അലിയ്യ് ബിൻ ഈസ അൽ മൂസിലിയെയാണ്. വേസ്റ്റേൺ ലോകത്ത് Jesu oculist എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹിജ്റ 430 ൽ അബ്ബാസി ഖിലാഫത്തിൻ്റെ തലസ്ഥാനമായ ബഗ്ദാദിലാണ് അദ്ദേഹം ജനിക്കുന്നത്. ചെറുപ്പത്തിലെ നേത്ര ചികിത്സയോട് അലിബിൻ ഈസക്ക് കമ്പമുണ്ടായിരുന്നു. അബ്ബാസി കാലഘട്ടത്തിലെ പ്രസിദ്ധനായ തത്വചിന്തകനും വൈദ്യനുമായ അബുൽ ഫറജ് ഇബ്നു ത്വയ്യിബിൽ ( 980- 1043) നിന്നാണ് വിദ്യകൾ കരസ്ഥമാക്കിയത്. പഠനശേഷം ശീറാസിലെ രാജാവായ അളുദു ദൗല ബിൻ റുക്നുദ്ദൗലയുടെ ( 936-983) പേരിലുള്ള ബീമാരിസ്താൻ അളുദിയ്യയിൽ അദ്ദേഹം അധ്യാപകനായും ചികിത്സകനായും സേവനമനുഷ്ഠിക്കുകയും ചെയ്തു. തദ്കിറത്തുൽ കഹാലീൻ, മനാഫിഉ അഅ്ളാഇൽ ഹയവാൻ, രിസാലത്തുൻ ഫി ഇൽമി അസ്ത്രുലൂബ് എന്നിവ അദ്ദേഹത്തിൻ്റെ വിശ്രുത രചനകളാണ്.
തദ്കിറത്തുൽ കഹാലീൻ (Memorandum of the oculists) എന്ന കൃതിയാണ് അദ്ദേഹത്തിൻ്റെ മാസ്റ്റർ പീസ്. കണ്ണിനെക്കുറിച്ചും അതിന് ബാധിക്കാവുന്ന രോഗങ്ങളെക്കുറിച്ചും രചിക്കപ്പെട്ട ഏറ്റവും സമഗ്ര സമ്പൂർണമായ കൃതിയായി ഇതു ഗണിക്കപ്പെടുന്നു. ഗ്രീക്ക്-റോമൻ അറബ് സ്രോതസ്സുകളെ അവലംബമാക്കി രചിച്ച ഈ ഗ്രന്ഥത്തിൽ നൂറ്റി മുപ്പതിൽ അധികം നേത്രരോഗങ്ങളെയും അവയുടെ ചികിത്സകളെയും പരാമർശിക്കുന്നുണ്ട്. ഒരു ആമുഖവും മൂന്ന് ഖണ്ഡികകളുമായാണ് ഗ്രന്ഥം സംവിധാനിച്ചിരിക്കുന്നത്. ആമുഖത്തിൽ വളരെ വിനയത്തോടെ നേത്ര ചികിത്സയിൽ താനൊന്നുമല്ല എന്നും തൻ്റെ മുൻഗാമികളായ ഗാലൻ, ഡിയോ സ്കോറിഡ്സ്, അരിബാസ്യൂസ്, ഹുനൈൻ ബിൻ ഇശാഖ് എന്നിവർ നടത്തിയ കണ്ടു പിടുത്തങ്ങളെ ഞാൻ ക്രോഡീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നുണ്ട്.
ആദ്യത്തെ എസ്സേയിൽ കണ്ണിൻ്റെ നിർവചനം, അതിലെ ഞരമ്പുകൾ, പേശികൾ, പാളികൾ, ഈർപ്പം, പ്രവർത്തനം, കണ്ണിൻ്റെ അസ്ഥി ബന്ധങ്ങൾ തുടങ്ങി ഇരുപത്തിയൊന്ന് അധ്യായങ്ങളുണ്ട്. രണ്ടാമത്തേതിൽ എഴുപത്തിമൂന്ന് ഭാഗങ്ങളിലായി കണ്ണിലുണ്ടാവാകുന്ന ബാഹ്യമായ രോഗങ്ങൾ അവയുടെ കാരണങ്ങൾ എന്നിവ പ്രതിപാദിക്കുന്നു. ഹുനൈൻ ബിൻ ഇശാഖ് തൻ്റെ The Ten Articles on the Eye എന്ന കൃതിയിൽ പിന്തുടർന്ന കണ്ണിൻ്റെ അനാട്ടമി അടിസ്ഥാനത്തിനു ക്രമമായുള്ള രോഗങ്ങളുടെ പരാമർശം ഇതിൽ കാണാം. ഇരുപത്തിയൊമ്പത് രോഗങ്ങളെയാണ് ഈ ഭാഗത്ത് പരാമർശിക്കുന്നത്. ഇതേ ഭാഗത്ത് തന്നെ തിമിരത്തെ (Cataract) പരാമർശിക്കുന്നുമുണ്ട്. തിമിരത്തെക്കുറിച്ചുള്ള പിൽക്കാല പഠനങ്ങൾക്കെല്ലാം അലി ബിൻ ഈസയുടെ കണ്ടുപിടുത്തങ്ങൾ അവലംബമായിട്ടുണ്ട്.
മൂന്നാമത്തേതിൽ എഴുപത്തി ഏഴ് ഭാഗങ്ങളിലായി ആന്തരികമായ രോഗങ്ങളെയാണ് പരാമർശിക്കുന്നത്. കണ്ണിൻ്റെ Retina, Optic Nerve, Vitreous Body എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ അവയുടെ കാരണങ്ങൾ. കൂടാതെ തലവേദനയിലേക്കു നയിക്കുന്ന നേത്രരോഗങ്ങൾ ഹ്രസ്വ കാഴ്ച (Short Sight) ദീർഘക്കാഴ്ച (Long Sight ) എന്നിവയെയും പ്രതിപാദിക്കുന്നു. കണ്ണുമായി ബന്ധപ്പെട്ട നൂറ്റി നാൽപതിൽ അധികം ചികിത്സ രീതികളെ അക്ഷരമാലാ ക്രമത്തിൽ രേഖപ്പെടുത്തിയാണ് ഗ്രന്ഥം അവസാനിക്കുന്നത്. അവയിൽ ഭൂരിഭാഗവും ആയുർ വേദ ചികിത്സാ മാർഗങ്ങളാണ്. തൻ്റെ ഗ്രന്ഥത്തിൽ മെഡിക്കൽ ലോകത്തിനു അന്നേവരെ പരിചിതമല്ലായിരുന്ന നിരവധി കണ്ടു പിടുത്തങ്ങൾ അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി.
ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ രോഗികൾക്ക് വേദന അറിയാതിരിക്കാൻ കൊടുക്കുന്ന അനസ്തേഷ്യയുടെ ഏറ്റവും പൂർവ്വികമായ രൂപത്തെ അലി ഈസ തദ്കിറയിൽ അവതരിപ്പിച്ചു. തൻ്റെ നേത്ര രോഗികളെ ശസ്ത്രക്രിയ വിധേയരാക്കുമ്പോൾ അദ്ദേഹം മയക്കുമരുന്നുകൾ രോഗികളെ മയക്കിക്കിടത്താൻ ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ കണ്ണ് വീക്കം, കാഴ്ച നഷ്ടം, കൺപുരികം, കൺ പീലികൾ, തലമുടികൾ എന്നിവയുടെ ക്രമാതീതമായ നരയിലേക്ക് നയിക്കുന്ന VKH syndrome ത്തെ (Vogt Koyangi Harada ) ആദ്യമായി അദ്ദേഹമാണ് അവതരിപ്പിച്ചത്.
ഹുനൈൻ ബിൻ ഇസാഖിനു ശേഷം കണ്ണിൻ്റെ ഏറ്റവും വ്യക്തമായ, വിശദമായ രേഖാ ചിത്രം അദ്ദേഹം തൻ്റെ ഗ്രന്ഥത്തിൽ വരച്ചു വെച്ചു. ഹുനൈൻ ബിൻ ഇശാഖ് വരക്കാത്ത Optic chiasm (6) ത്തെയും തലച്ചോറിനെയും അദ്ദേഹം വ്യക്തമായി ചിത്രീകരിച്ചു. അമിതമായ കണ്ണുനീരിന് കാരണമാകുന്ന Epiphora യെ അദ്ദേഹം പരിചയപ്പെടുത്തുകയും അതിൻറെ കാരണം കണ്ണിനകത്തെ സുതാര്യമായ കോശത്തിനകത്തുണ്ടാവുന്ന വളർച്ചയായ Pterygium ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് അമോണിയ സാൾട്ട് പോലോത്ത രൂക്ഷമായ പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതിയും അദ്ദേഹം രേഖപ്പെടുത്തി. അത് കൂടാതെ തലച്ചോറിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ വീക്കത്തിന് കാരണമാകുന്ന Temporal Arteritis നെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.
പതിനെട്ടാം നൂറ്റാണ്ടുവരെ യൂറോപ്പ് നേത്രചികിത്സ പഠനത്തിനായി അവലംബിച്ചിരുന്നത് ഈ ഗ്രന്ഥമായിരുന്നു. തദ്കിറയുടെ ജർമൻ വിവർത്തനത്തിൻ്റെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് “പതിനെട്ടാം നൂറ്റാണ്ടുവരെ ഇതുപോലെ ഒരു ഗ്രന്ഥം യൂറോപ്പിന് ലഭിച്ചിട്ടില്ല. തൻ്റെ മുൻഗാമികളെയെല്ലാം ഈ മേഖലയിൽ അലി ബിൻ ഈസ കവച്ചു വെച്ചു” എന്നാണ്.
അലി ബിൻ ഈസക്കു ശേഷം വന്ന പ്രഗൽഭരായ നേത്രചികിത്സകരെല്ലാം അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തെ അവലംബമാക്കുകയുണ്ടായി. ഗാഫിഖി (മുഹമ്മദ് ബിൻ ഖസൂം) ഹരീരി (അബ്ദുല്ലാഹിബിൻ ഖാസിം അൽഇശ്ബീലി) യഹിയ ബിൻ അബി റജാഅ് തുടങ്ങിയ പ്രമുഖരായ പിൽക്കാല ഒക്യുലിസ്റ്റുകളും അവയിലുണ്ട്. 15-ാം നൂറ്റാണ്ടിൽ ഗ്രന്ഥം ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജർമൻ വിവർത്തനം (1904) നിർവഹിച്ചത് ജൂലിയസ് ഹിർഷ്ബെർഗും (Julius Hirschberg) ജൂലിയസ് ലിപ്പർട്ടും (Julius Lippert) ചേർന്നാണ്. 1936 ൽ C wood ഗ്രന്ഥം ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തു.
ഫൂട്ട് നോട്സ്:
1. കുഹ്ൽ എന്ന പേര് അക്കാലത്ത് നേത്ര ചികിത്സക്ക് ഉപയോഗിക്കുന്ന പൊടിക്ക് ഉപയോഗിച്ചിരുന്നു.
2. The United States National Library of Medicine ൻ്റെ രേഖകൾ പറയുന്നത്: ഹോസ് പിറ്റലുകളുടെ ആവിർഭാവം സാധ്യമാക്കിയത് മീഡവൽ ഇസ്ലാമിക ലോകമാണെന്നാണ്. അതെ സമയത്ത് യൂറോപ്പിലെ ചില മിഷണറികളും ചർച്ചുകളും അവരുടെ കീഴിൽ ലഭ്യമാക്കിയ ചികിത്സാ രീതികൾ നൂതനമല്ലാത്തതും അശാസ്ത്രീയവുമായിരുന്നു.
3. Hippocrates: ( BC - 460 - 370 ) ആധുനിക മെഡിക്കൽ സയൻസിൻ്റെ പിതാവായി ഗണിക്കപ്പെടുന്നത് ഇദ്ദേഹത്തെയാണ്.
4. Paules Aegineta: (AE 625 - 690) ബൈസാൻ്റിയൻ വൈദ്യനായ ഇദ്ദേഹം
തൻ്റെ Medical Encyclopaedia medical Compendium എന്ന കൃതി കൊണ്ട് പ്രസിദ്ധനാണ്.
5. അമ്മാർ അൽ മൂസിലി: തിമിര ചികിത്സക്കായി പ്രത്യേകമായ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയത് ഇദ്ദേഹമാണ്.
6. Optic chias: തലച്ചോറിനകത്തെ എക്സ് ആ കൃതിയിലുള്ള കാഴ്ചാ ഞരമ്പുകൾ കടന്നു പോകുന്ന ഭാഗം.
റഫറൻസ്:
1. താരീഖു അതിബാഇ ഉയൂനിൽ അറബ്
2. അലി ബിൻ ഈസ, തഹ്ഖീഖു ഗൗസി മുഹ്യിദ്ദീനുൽ ഖാദിരി
3. The Tadhkirat of Ali ibn Isa of Baghdad, Memorandun of a tenth-century oculist, for the use of modern ophthalmologists