KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഹസ്റത് നിസാമുദ്ദീൻ, ജമാ മസ്ജിദ്; ഡൽഹിയുടെ സംസ്കാരിക കാഴ്ചകളിലെ മീലാദാഘോഷങ്ങൾ

മിദ്ലാജ് തച്ചംപൊയിൽ

സൂഫി ഖാൻഖാഹുകളാലും ദർഗകളാലും ചരിത്ര പ്രസിദ്ധമായ ഡൽഹിയിലെ മീലാദാഘോഷങ്ങൾ എപ്രകാരമാണ് എന്ന ആലോചനയിലാണ് അഞ്ച് ദിവസത്തെ അവധി ലഭിച്ചിട്ടും ഈ മീലാദിന് നഗരത്തിൽ തന്നെ തുടരാൻ തീരുമാനിച്ചത്. മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രവും കലയും സംസ്കാരവുമെല്ലാം വായനയ്ക്ക് വിധേയമായപ്പോൾ അക്ബർ, ഷാജഹാൻ ചക്രവർത്തിമാരുടെ കാലത്തെ മൗലിദ് സദസ്സുകളെ കുറിച്ചറിയാൻ സാധിക്കുകയുണ്ടായി. അക്ബർ ചക്രവർത്തിയുടെ കൊട്ടാരം ചരിത്രകാരനായ ബദായൂനി രേഖപ്പെടുത്തിയത് പ്രകാരം റബിഉൽ അവ്വൽ മാസത്തിൽ ദരിദ്രർക്ക് ഭക്ഷണവും പണവും പ്രത്യേകം വിതരണം ചെയ്യാറുണ്ടായിരുന്നു. കൊട്ടാരം ദർബാറിൽ മദീനയെക്കുറിച്ചും പ്രവാചകർ (സ്വ) യെ കുറിച്ചുമുള്ള കവിതാലാപനവും പ്രവാചകരുടെ കാൽപാദമുദ്ര, താടിരോമങ്ങൾ തുടങ്ങിയ തിരുശേഷിപ്പുകളുടെ പ്രദർശനവുമുണ്ടാവാറുണ്ടായിരുന്നു. ഷാജഹാൻ ചക്രവർത്തിയുടെ ഭരണകാലത്ത് റബിഉൽ അവ്വൽ പതിനൊന്നിനാണ് മൗലിദ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. പ്രവാചകരുടെ ജീവിതത്തെക്കുറിച്ചുള്ള പണ്ഡിതരുടെ പ്രസംഗങ്ങളും ആഗ്രയിലെ കൊട്ടാരത്തിൽ അരങ്ങേറിയിരുന്നു. മധുരപലഹാരങ്ങളും ഹൽവയും ജനങ്ങൾക്ക് വിതരണം ചെയ്യുകയും ഏകദേശം ആ കാലത്തെ പന്ത്രണ്ടായിരം രൂപ മൂല്യമുള്ള പണം ഷാജഹാൻ ധർമ്മം ചെയ്തുവെന്നും ചരിത്രത്തിൽ കാണാം. റബിഉൽ അവ്വൽ പതിനൊന്നിനും പന്ത്രണ്ടിനുമാണ് ഡൽഹിയിലെ മീലാദാഘോഷങ്ങൾ വിപുലമാവുന്നത്. റബിഉൽ അവ്വൽ പതിനൊന്നിന് ഏകദേശം മൂന്ന് മണിയോടടുപ്പിച്ചാണ് ഹസ്റത് നിസാമുദ്ദീൻ ഔലിയ ദർഗയിലെത്തിയത്. മെഹ്ഫിലെ മീലാദ് സദസ്സും ഖദം ശരീഫ് സിയാറത്തുമാണ് ലക്ഷ്യം. ദർഗയുടെ പരിസരമാകെ വർണ്ണക്കടലാസുകൾ കൊണ്ടലങ്കരിച്ചിട്ടുണ്ട്. ദർഗയുടെ മുറ്റത്ത് ഖവാലി ഗായകർ നല്ല ഈണത്തിൽ നഅതുകൾ പാടിക്കൊണ്ടിരിക്കുന്നുണ്ട്. നേരെ ചെന്ന് നിസാമുദ്ദീൻ ഔലിയ തങ്ങളെ സിയാറത് ചെയ്ത് മെഹ്ഫിൽ ഖാനയിൽ വന്നിരുന്നു. ഇടക്ക് മിഠായികളും ശർബത്തും സദസ്സിൽ വിതരണം ചെയ്യുന്നുമുണ്ട്. ദർഗയിലെ ജമാഅത് ഖാന എന്ന മസ്ജിദിനോട് ചേർന്ന ഭാഗത്തായാണ് ആസാർ ശരീഫിന്റെ പ്രദർശനമുണ്ടായത്. അലാവുദ്ദീൻ ഖിൽജിയുടെ മകനായ ഖിസ്ർ ഖാനാണ് 1325 ൽ ഈ മസ്ജിദ് പണിതത്. നിസാമുദ്ദീൻ ബസ്തി പരിസരത്തെ ഏറ്റവും പുരാതനമായ നിർമ്മിതിയും കൂടിയാണിത്.


meelad-celebration-at-delhi-cultural-centres-1.jpg/

ആസാർ ശരീഫ് നിസാമുദ്ദീൻ ദർഗയിൽ

നിസാമുദ്ദീൻ ദർഗയിലേക്ക് തിരുശേഷിപ്പുകളെത്തിയതിന്റെ ചരിത്രം ഇപ്രകാരമാണ്; 1858 സെപ്റ്റംബർ 20 നാണ് ഒന്നാം സ്വാതന്ത്ര്യ സമരം പരാജയപ്പെട്ട് അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫർ ഖില-ഇ-മുഅല്ല(ചെങ്കോട്ട അന്ന് അറിയപ്പെട്ട പേര്) ബ്രിട്ടീഷ് സൈന്യത്തിന് അടിയറവ് വെച്ച് ഹുമയൂൺ ടോംബിൽ അഭയം തേടിയത്. കുടുംബത്തെ ആദ്യം ഹുമയൂൺ ടോംബിലേക്ക് പറഞ്ഞയച്ച ശേഷം ചക്രവർത്തി നേരെ ഹസ്റത് നിസാമുദ്ദീൻ ദർഗയിലെത്തി. 1920 ന്റെ തുടക്കത്തിൽ ഖാജ ഹസൻ നിസാമി എഴുതിയ 'ബേഗം കെ ആൻസു' വിലെ ദൃക്സാക്ഷിവിവരണ പ്രകാരം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ സമയത്ത് സുൽത്താൻ യിൽദറാം ബയാസീദിൽ നിന്ന് തിമൂർ കൈവശപ്പെടുത്തിയ തിരുശേഷിപ്പുകളിൽ ചിലത് പാരമ്പര്യമായ് കൈമാറി ബഹദൂർ ശാഹിന്റെ സൂക്ഷിപ്പ് ശേഖരത്തിലുണ്ടായിരുന്നു. "ഈ ഭൂമിയിലും ആകാശത്തിലും എനിക്കിനി അഭയമില്ല, ഇവയെ ഞാൻ അങ്ങയുടെ സുരക്ഷിതത്തിൽ ഏൽപ്പിക്കുന്നു." ദർഗയുടെ അന്നത്തെ കാര്യസ്ഥനായ ശാഹ് ഗുലാം ഹസന്റെ കൈയിൽ ചക്രവർത്തി തിരുശേഷിപ്പികളെ ഏൽപ്പിച്ചു. ഹസൻ അവയെ ദർഗയുടെ ട്രഷറിയിൽ രേഖപ്പെടുത്തി സ്വീകരിച്ചു വെച്ചു. തിരുനബിയുടെ കാൽപാദം പതിഞ്ഞ ഖദം ശരീഫും ദർഗയിൽ പ്രദർശനത്തിന് വെച്ചിരുന്നു. വിവിധ തരം പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട് ദർഗയുടെ ഭാഗങ്ങൾ. എല്ലാ വിധ മതങ്ങളിൽ പെട്ടവരും സമാധാനം തേടി വരുന്നൊരു ഇടമാണ് ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയുടെ ദർഗ. ഓരോ കോണുകളിലും തങ്ങളുടെ സന്ദേഹങ്ങളുടെ കൂമ്പാരങ്ങൾ ഇറക്കി വെക്കുന്ന കൂട്ടങ്ങൾ. ആവലാതികൾ ഇറക്കി വെക്കാനുള്ള ഇടങ്ങളാണല്ലോ മനുഷ്യനെ ജീവിപ്പിച്ച് നിർത്തുന്നത്. മെഹ്ഫിൽ ഖാനക്കെതിർവശം ലങ്കർ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ബറകത്തിന്റെ ഭക്ഷണം വാങ്ങാൻ ഒരു വലിയ ജനക്കൂട്ടം തന്നെയവിടെ വരി നിൽക്കുന്നുണ്ട്. നിസാമുദ്ദീൻ തങ്ങൾക്കൊരു സലാമോതി ദർഗയിൽ നിന്ന് പിരിഞ്ഞു.


റബീഉൽ അവ്വൽ പന്ത്രണ്ടിലെ പ്രഭാത മൗലിദ് സജ്ജീകരിച്ചിട്ടുള്ളത് ദരിയാഗഞ്ചിലെ വിസ്ഡം ഹോംസിലാണ്. എസ് എസ് എഫ് ഡൽഹി സംസ്ഥാന കമ്മറ്റിയാണ് മൗലിദിന്റെ സജ്ജീകരണങ്ങൾ ഒരുക്കിയത്. ഊദ് പുകപ്പിച്ച മജ്ലിസിൽ ഏവരും വരിയൊപ്പിച്ചിരുന്ന് ഖസീദതുൽ ബുർദയും മൗലിദുമോതി അശ്റഖയുടെ ഈരടികളോടെ ദുആ ചെയ്തു. ശേഷം കശ്മീരിൽ നിന്നുള്ള സുഹൃത്തുക്കളുടെ നേതൃത്വത്തിൽ അതിമനോഹരമായ നഅത് ആലാപനവുമുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് പിരിഞ്ഞതിന് ശേഷം നേരെ പോയത് നടക്കാൻ പാകത്തിൽ ദൂരത്തിലുള്ള ജമാമസ്ജിദിലേക്കാണ്. ജമയിലെ ആസാർ ശരീഫ് കാണുകയാണ് ലക്ഷ്യം. എല്ലാ ദിവസവും വൈകുന്നേരം ചെന്നാൽ ആസാർ ശരീഫ് കാണാൻ സാധിക്കുമെങ്കിലും റബിഉൽ അവ്വൽ പന്ത്രണ്ടിന്റെ പുലരിയിൽ ബറക്കത്തെടുക്കുന്നതിന്റെ അനുഭൂതി വേറെത്തന്നെയാണല്ലോ...


meelad-celebration-at-delhi-cultural-centres-2.jpg/

ദർഗാ ആസാർ ശരീഫ്

ജമാ മസ്ജിദിലെ ദർഗയിൽ പ്രവാചകർ (ﷺ ) യിൽ നിന്നുള്ള ഒട്ടേറെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. മംഗോൾ രാജാവ് തിമുറിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട് ഓട്ടോമൻ ചക്രവർത്തിയായ ബയാസീദ് ഒന്നാമനിലൂടെയാണിവ ഡൽഹിയിലെത്തിയതെന്ന് പറയപ്പെടുന്നു. തിരുനബി (ﷺ) യുടെ ശഅർ, കാൽപാദമുദ്ര, ഹസ്റത്ത് അലി (റ), ഹുസൈൻ (റ) എന്നിവരുടെ ഖുർആനുകൾ എന്നിവ ദർഗയിലുണ്ട്. സദർ ബസാറിൽ നിന്ന് ജമയുടെ പടവുകളിലേക്കുള്ള കിലോമീറ്ററുകൾ നീളുന്ന റാലിയും കഴിയുന്നതോടെ വർഷത്തെ മിലാദാഘോഷത്തിന് അന്ത്യമാവുന്നു.


meelad-celebration-at-delhi-cultural-centres-3.jpg/

ഖില ഖദം ശരീഫ്

ഡൽഹിയിലെ പഹർഗഞ്ചിലുള്ളൊരു പുരാതനമായ കോട്ടയാണ് ഖില ഖദം ശരീഫ്. ചരിത്രത്താളുകളിൽ നൂറ്റാണ്ടുകൾ പിന്നോട്ട് ചെന്ന് തുഗ്ലക്ക് രാജവംശത്തിലെ ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്തോളം ചെല്ലുമ്പോഴാണ് ഖിലയുടെ മഹത്വം മനസ്സിലാക്കാനാവുന്നത്. ഖദം ശരീഫിന്റെ ചരിത്രത്തെക്കുറിച്ച് 1844 ൽ എഴുതപ്പെട്ട 'ഇംപീരിയൽ ഡൽഹിയിൽ' മെത്കാഫെ പറയുന്നത് ഇപ്രകാരമാണ്: "അഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ഫിറോസ് ശാഹ് തുഗ്ലക്കിന്റെ ഭരണകാലത്ത് ചക്രവർത്തിയുടെ അനുചരരിലൊരാൾ ഖലീഫയെ സന്ദർശിക്കാനായി മക്കയിലേക്ക് യാത്രയായി. ഖലീഫയിൽ നിന്ന് ചക്രവർത്തിയുടെ ഭരണാംഗീകാരത്തിനായുള്ള സ്ഥാനവസ്ത്രം സ്വീകരിച്ചു. അതോടൊപ്പം പ്രവാചകർ (സ്വ)യുടെ പാദം പതിഞ്ഞിട്ടുള്ളൊരു ഫലകവും ഖലീഫ ഫിറോസ് ഷാക്ക് സമ്മാനിച്ചു."


meelad-celebration-at-delhi-cultural-centres-4.jpg/

ഖലീഫയുടെ സമ്മാനങ്ങൾ ഡൽഹിയിലേക്ക് കൊണ്ട് വരപ്പെട്ടു. തിരുശേഷിപ്പിനോടുള്ള ബഹുമാനാർത്ഥം ചക്രവർത്തിയും കൊട്ടാരം പണ്ഡിതരും നഗരത്തിൽ നിന്ന് 15 മൈൽ ദൂരം ഖദം ശരീഫിനെ അനുഗമിക്കുകയും ശേഷം ചക്രവർത്തിയുടെ കൽപ്പന പ്രകാരം ഖദം ശരീഫ് കൊട്ടാരം ഖജനാവിൽ നിക്ഷേപിക്കുകയും ചെയ്തു. സുൽത്താന്റെ ആത്മീയ ഗുരുവായിരുന്ന മഖ്ദൂം ജഹനിയൻ ജഹാൻ എന്ന സൂഫിയാണ് മക്കയിൽ നിന്ന് ഖദം ശരീഫ് ഡൽഹിയിലേക്ക് കൊണ്ട് വന്നത്. ഒരിക്കൽ ഫിറോസ് ഷാഹ് തന്റെ പ്രിയപുത്രനായ ഫതേഹ് ഖാനോട് രാജകീയ ഖജനാവിൽ നിന്നെന്താണ് വേണ്ടതെന്ന് ആരാഞ്ഞപ്പോൾ ഖദം ശരീഫ് നൽകണമെന്ന് രാജകുമാരൻ ആവശ്യപ്പെട്ടു. പക്ഷെ സുൽത്താൻ അത് നിരസിച്ചു. എങ്കിലും തങ്ങളിൽ നിന്ന് ആദ്യം മരണപ്പെടുന്നവരുടെ ഖബറിൽ ഖദം ശരീഫ് സ്ഥാപിക്കാമെന്ന് ഫിറോസ് ശാഹ് ഉറപ്പു നൽകി. അങ്ങനെ 1734 ൽ രാജകുമാരൻ ഫതേഹ് ഖാൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഖബറിൽ ഫിറോസ് ശാഹ് തിരുശേഷിപ്പിനെ സ്ഥാപിച്ചു. വർഷങ്ങൾക്ക് ശേഷം ഫതേഹ് ഖാന്റെ ഖബറിൽ നിന്ന് തിരുശേഷിപ്പ് പുറത്തെടുക്കുകയും സിയാറത്തിനായി സൂക്ഷിച്ചു വെക്കുകയും ചെയ്തു. ദർഗാഹ് ഖുലി ഖാൻ തന്റെ 'മുറഖയെ ദില്ലിയിൽ' ഖില ഖദം ശരീഫിനെ പരിചയപ്പെടുത്തുന്നതിപ്രകാരമാണ്; "നഗരത്തിന്റെ ദൂര ദിക്കുകളിൽ നിന്ന് പോലും ഖദം ശരീഫ് സന്ദർശിക്കാൻ വിശ്വാസികൾ വരാറുണ്ടായിരുന്നു. വ്യാഴായ്ചകളിലെ വൈകുന്നേരങ്ങളിൽ മെഹ്ഫിൽ ഖാനകളാൽ ദർഗയും പരിസരവും തിരക്കേറുമായിരുന്നു". ഫതേഹ് ഖാന്റെ മഖ്ബറയിൽ നിന്ന് പുറത്തെടുത്ത ഖദം ശരീഫ് റബിഉൽ അവ്വൽ പന്ത്രണ്ടിന് വിശ്വാസികൾക്കായ് പ്രദർശനത്തിന് വെക്കാറുണ്ട്.

Religion
Feature
Prophet

Related Posts

Loading