KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ആത്മീയതയുടെ തിരസ്കാരവും ആധുനികതയും; ബിഹേവിയറൽ സൈക്കോളജി വരെ എത്തി നിൽക്കുമ്പോൾ

അബ്ദുൽ ഖാദിർ അലവി

ആധുനികത, ലിബറലിസം, നാസ്തികത തുടങ്ങിയ പ്രത്യയശാസ്ത്രങ്ങൾ മാനവകുലത്തിന്റെ കാലപ്രവാഹത്തിലുള്ള ഒരു ചരിത്ര ഘട്ടം മാത്രമാണ്. നവലോക ക്രമം ശാസ്ത്ര സാങ്കേതിക പുരോഗതി പ്രാപിച്ചിട്ടും മനുഷ്യന്റെ ആത്മാവ്, ധാർമികത, മൂല്യബോധം തുടങ്ങിയവയോട് അത്ര കാര്യക്ഷമമായിട്ടല്ല അത് പെരുമാറുന്നത്. ആധുനികത സമ്മാനിച്ച വികസിത സാങ്കേതിക വിജ്ഞാനീയങ്ങളെ പരിപാലിക്കുമ്പോഴും അവയുടെ പുരോഗമന ചിന്താധാരകളെ ആദരിക്കുമ്പോഴും ആധുനികതയും അതുയർത്തിവിട്ട പ്രസ്ഥാനങ്ങളും ദയനീയമായി മറ്റു പലയിടങ്ങളിൽ പരാജയപ്പെട്ടതായി വിലയിരുത്താനാവും. മനുഷ്യനിലും മറ്റു മനുഷ്യേതര വസ്തുക്കളിലുമുള്ള അദൃശ്യ ഘടകങ്ങളെ തിരസ്കരിക്കുകയും മാനവമൂല്യങ്ങളെ നിരാകരിക്കുകയും ചെയ്തു കൊണ്ടാണ് പ്രസ്തുത പ്രസ്ഥാനങ്ങളെ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. ആധുനികതയുടെ ശാസ്ത്രമാത്ര സത്യവാദത്തെ (sientism) പിന്തുടരുന്നിടത്തോളം കാലം ആത്മാവ്, ധാർമികത, മൂല്യബോധം തുടങ്ങിയ ഇസ്ലാമിക വിജ്ഞാന പരിധിയിൽ വരുന്ന മെറ്റാഫിസിക്കൽ ആവിഷ്കാരങ്ങളെ നിഷേധിക്കേണ്ടി വരുന്നു. എന്നാൽ ആ നിഷേധാത്മക സമീപനം സമാധാനപരമായ മാനുഷിക നിലനിൽപ്പിന്റെ സന്തുലിതാവസ്ഥക്ക് വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.


മസ്നവി: വിമലീകരണത്തിന്റെ സൂഫിമോഡൽ

നഗരവൽകൃത ലോകത്ത് റൂമിയുടെ കാവ്യശകലങ്ങൾക്ക് സവിശേഷമായ ഒരു സാംസ്കാരിക സ്വാധീനമുണ്ട്. സമീപകാലത്ത് ഒരു യു.എസ് പോപ്‌ ഗായിക തന്റെ കുട്ടിക്ക് പേരുവെച്ചത് റൂമി എന്നാണ്. നാഗരികതയെ അലട്ടുന്ന അതിപ്രസരണങ്ങളെ അതിജീവിക്കാനും അസ്വസ്ഥതകളെ ശമിപ്പിക്കാനും സാധിക്കുന്ന ഘടകങ്ങൾ റൂമിയുടെ മസ്നവി പോലുള്ള കാവ്യസമഹാരങ്ങളിലുള്ളതിനാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ അസംഖ്യം ഇംഗ്ലീഷ് പരിഭാഷകളാണ് റൂമിയുടെ ഭാവഗീതങ്ങൾക്കുണ്ടായിട്ടുള്ളത്. ഇത്തരം വിവർത്തനങ്ങളുടെയും അതു തേടുന്ന അനുവാചകരുടെയും താൽപര്യം മതപരമോ ദൈവികമോ അല്ലെന്നതാണ് കൗതുകകരം. ഇവിടെ റൂമിയുടെ കാവ്യ പശ്ചാതലവും ആശയ സ്രോതസ്സും മനസ്സിലാക്കുമ്പോഴാണ് മതാതീയ വ്യവഹാരങ്ങളിൽ റൂമിയുടെ ആത്മാവുളള കവിതകൾ ഇടപെടുന്നത് എങ്ങനെയാണെന്ന് ബോധ്യമാവുന്നത്. മതത്തെയും വിശ്വാസത്തെയും റൂമിയിൽ നിന്ന് മാറ്റി വെച്ചാൽ അവിടെ കവിതയില്ല. മസ്നവിയുടെ ശകലങ്ങളെ കമിതാക്കൾ അവരുടെ പ്രേമഭാജനത്തെ വർണ്ണിക്കാനുപയോഗിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ആത്മാവിൻറെ സംസ്കരണമാണ് റൂമി തന്റെ കാവ്യലോകത്ത് ഇന്നും നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം മതാത്മകമായ ചോദനയിൽ നിന്ന് ഉടലെടുത്ത റൂമിയുടെ കാവ്യങ്ങൾക്ക് മതനിരപേക്ഷമായ സാഹചര്യങ്ങളിലും മനുഷ്യഹൃദയങ്ങളെയും ആത്മാവിനെയും, വിമലീകരിക്കാനും സ്വാധീനിക്കാനുമുള്ള ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ടു.


modernity_and_denial_of_spirituality-1.JPG/

മനുഷ്യ ആത്മാവിൻറെ സ്വാഭാവിക സവിശേഷതകളെ മനസ്സിലാക്കപ്പെടുന്നത് അവൻ ഇടപെടുന്ന ഇടങ്ങൾ മനസ്സിനെ സ്വാധീനിക്കുന്ന രീതിയെ ആശ്രയിച്ചാണ്. പദാർത്ഥ താല്പര്യങ്ങൾ സാക്ഷാത്കരിക്കുമ്പോൾ സന്തോഷവും ത്യജിക്കുമ്പോൾ സംതൃപ്തിയും ഉണ്ടാവുന്ന പ്രകൃതമാണ് മനുഷ്യന്റേത്, അല്ലെങ്കിൽ ആത്മാവിന്റേത്. സന്തോഷമെന്നത് നൈമിഷികമായ വൈകാരികാനന്ദത്തെ അടയാളപ്പെടുത്തുമ്പോൾ സംതൃപ്തി ശ്രമകരമായ മാനുഷിക ദൗത്യ നിർവഹണത്തിന്റെ പ്രതിഫലനമാണ്. അത് നിരന്തരം മനസ്സിനെ വലയം ചെയ്തു കൊണ്ടിരിക്കുന്ന നിത്യശാന്തിയുമാണ്. ഒരു ഉദാഹരണം പരിശോധിക്കാം. ബസ് യാത്രക്കിടയിലെ മ്യൂസിക് ആസ്വാദനം ആ യാത്രയോടെ അവസാനിക്കും. എന്നാൽ അടുത്തു വന്നുനിൽക്കുന്ന വൃദ്ധനായ ഒരാൾക്കു വേണ്ടി ത്യജിച്ച ഇരിപ്പിടം ഓരോ തവണത്തെ ഓർമ്മയിലും ആനന്ദദായകമായിരിക്കും. ലളിതമായി പറഞ്ഞാൽ തൃപ്തി എന്നത് ആത്മാവ് അനുഭവിക്കുന്ന നിത്യനിർവൃതിയും സന്തോഷം/ സല്ലാപം എന്നത് ശാരീരികമായ മോഹ ചാപല്യങ്ങളുടെ സാധൂകരണവുമാണ്.


ആത്മാവിൻറെ അളവുകോലായി ഭൗതിക മാപിനികൾ ഉപയോഗിക്കാൻ സാധ്യമല്ലെന്ന് വന്നേക്കാം. പക്ഷേ ജീവനും ചിന്താശേഷിയുമുള്ള ഏതൊരാളും അനുഭവിക്കുന്ന ഒരു യാഥാർത്ഥ്യമാണത്. അതിനെ നിഷേധിക്കുക എന്നത് സ്വന്തം അസ്തിത്വത്തെ മാത്രമല്ല, ആദരവിനുള്ള അർഹതയും പ്രപഞ്ചത്തിലുള്ള സ്വാധീനശേഷിയുടെ കാരണവും സമത്വത്തിന്റെ മാനദണ്ഡവും കൂടിയാണ് നിഷേധിക്കുന്നത്. അതുമുഖേന ആന്തരികമായ അഭൗതിക ഗുണങ്ങളുടെ നിലനിൽപ്പിനെയാണ് അവർ ചോദ്യം ചെയ്യുന്നത്. മനുഷ്യനെ ഇതര ജീവികളിൽ നിന്നും വ്യതിരക്തമാക്കുന്ന ധാർമിക മാനങ്ങൾക്ക് നേരെ അന്ധത നടിക്കലാണത്.


ബിഹേവിയറിസം മന:ശാസ്ത്രത്തെ നിർണയിക്കുമ്പോൾ

ആധുനിക മനശാസ്ത്രത്തിന്റെ ഗവേഷണ വ്യവഹാരങ്ങൾ വ്യക്തിയുടെ പെരുമാറ്റ രീതിയെ (behaviour) കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. മനഃശാസ്ത്ര ചരിത്രത്തിന്റെ ആരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നത് പോലെ മനസ്സ്(Mind), ബോധമണ്ഡലം (Consciousness), ആത്മാവ്(Soul) എന്നിവയെ കുറിച്ചുള്ള ശാസ്ത്ര അന്വേഷണങ്ങൾ ഇന്ദ്രിയ അനുഭവങ്ങൾക്കതീതവും ഗവേഷണോപകരങ്ങളെ ഉൾക്കൊള്ളാനാവാത്തതുമായതിനാൽ ഉപര്യുക്ത മെറ്റാ ഫിസിക്കൽ വിജ്ഞാന ശാഖകളെ മാറ്റിനിർത്തപ്പെടേണ്ടി വന്നു. ആദ്യകാലങ്ങളിൽ സൈക്കോളജി നിലനിന്നിരുന്നത് ഫിലോസഫിയുടെ ഉപശാസ്ത്ര ശാഖയായികൊണ്ടാണ്. സൈക്കോളജിയുടെ ധർമ്മവും ഇടപെടുന്ന മേഖലയും പരിഗണിച്ച് ആത്മാവിനെ കുറിച്ച് അന്വേഷിക്കാനായി അത് കരുതപ്പെട്ടു. അങ്ങനെ ഒരാൾ തൻ്റെ ആത്മാവിനെ കണ്ടെത്തുക അല്ലെങ്കിൽ അനുഭവസാധ്യമായ ഒരു പ്രതിഭാസമാണെന്ന് തിരിച്ചറിയുക എന്നെല്ലാമാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പോലും അവർ ധരിച്ചുവച്ചു. ഇക്കാലയളവിൽ ഗ്രീക്ക് തത്ത്വ ചിന്തകന്മാർ ആത്മാവിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങളിൽ അത്യധികം ആവേശഭരിതരാവുകയും വ്യാപൃതരാവുകയും ചെയ്തു.


ആത്മാവിനെ കുറിച്ചുള്ള ശാസ്ത്രം (scientific study of soul) എന്ന് സൈക്കോളജിയെ നിർവചിക്കുന്നതിലുള്ള വിരോധാഭാസത്തെ തുറന്നുകാട്ടി വിമർശനങ്ങൾ ഉയർന്നതോടെ മനശാസ്ത്ര വ്യവഹാരങ്ങൾ ഇടപെടുന്ന മേഖലകളിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. കാലാന്തരങ്ങളുടെ അങ്കലാപ്പിൽ പെട്ട് മനസ്സ്, ബോധമണ്ഡലം എന്നിവയിലൂടെ മനഃശാസ്ത്രത്തിന്റെ അക്കാഡമിക് സംവാദങ്ങൾ മാറി വന്നു. വിവിധങ്ങളായ മേഖലകളിലേക്കുള്ള പരിണാമങ്ങൾക്കു നിദാനമായത്, അത് പ്രതിനിധാനം ചെയ്യുന്ന മേഖലകൾക്ക് മെറ്റാഫിസിക്കൽ സ്വഭാവമുണ്ട് എന്നതുകൊണ്ടാണ്. കൃത്യമായി അളക്കാനോ തിട്ടപ്പെടുത്താനോ സാധിച്ചിരുന്നില്ല എന്ന പരിമിതിയാണ് അവർ പ്രധാനമായും ചൂണ്ടിക്കട്ടിയത്. എന്നാൽ ഈ വിമർശന വാദത്തിലേക്ക് നയിച്ച പ്രേരണകളെ കുറിച്ചന്വേഷിക്കുമ്പോഴാണ് അധുനിക സങ്കൽപ്പങ്ങളുടെ സ്വാധീനം ശാസ്ത്ര രംഗത്ത് വരുത്തിവെച്ച വസ്തുതാന്വേഷണത്തിന്റെ നിയന്ത്രണങ്ങളെ പറ്റി നാം കൂടുതൽ ബോധവാന്മാരാവുന്നത്. പദാർത്ഥ ബന്ധിതമല്ലാത്തതൊന്നും യാഥാർത്ഥ്യമല്ലെന്ന ശാസ്ത്രമാത്രവാദത്തെ അടിസ്ഥാനമാക്കി ഉയർന്നുവന്ന മിഥ്യാസങ്കല്പങ്ങളുടെ അനന്തരഫലമായിരുന്നു സൈക്കോളജിയിൽ കടന്നുകയറിയ ഈ പരിണാമപ്രക്രിയകൾ. പ്രപഞ്ചേതര വസ്തുതകൾ അവർ അംഗീകരിക്കുകയില്ല. എന്നെങ്കിലും അതംഗീകരിക്കുകയാണെങ്കിൽ മറ്റു പലതിനെയും അതോടൊപ്പം അവർ സ്വീകരിക്കേണ്ടിവരും.


പ്ലാറ്റോ അടിത്തറ പാകിയ ആദർശവാദ(Idealism)ത്തെ യൂറോപ്യൻ ജ്ഞാനോദയ കാലത്ത് ദെക്കാർത്തയിലൂടെ  വീണ്ടും പ്രകാശിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പടിഞ്ഞാറിലെ സ്വാഭാവിക സാമൂഹിക ഘടന ഉദാരതവാദം, നാസ്തികവാദം അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെട്ടത്. സ്ട്രക്ച്ചറലിസം, ഫങ്ഷണലിസം , ജസ്റ്റാൾട്ട് സൈക്കോളജി, ബിഹേവിറിസം, സൈക്കോ അനാലൈസിസ്, ഹ്യൂമനിസ്റ്റിക് സൈക്കോളജി, കോഗ്നിറ്റീവ് സൈക്കോളജി എന്നിങ്ങനെ ഏഴ് ചിന്താധാരകളിലൂടെയാണ് പാശ്ചാത്യലോകത്ത് സൈക്കോളജി വികസിച്ചു വന്നിരുന്നതെങ്കിലും എമ്പിരിസിസ്റ്റ് മോഡേണിസത്തിന്റെ സ്വാധീന വലയത്തിലായിരുന്നതുകൊണ്ട് മനുഷ്യന്റെ ആത്മാവിനെയും അതുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന അതിഭൗതികമാനങ്ങളെയും പാശ്ചാത്യ ചിന്തകർ പരിഗണനക്കെടുത്തില്ല. എന്നു മാത്രമല്ല, The Future of an Illusion എന്ന തന്റെ കൃതിയിൽ സിഗ്മണ്ട് ഫ്രോയിഡ് മതം ഒരു കൂട്ടായ മാനസികവിഭ്രാന്തിയാണെന്നു(Collective neurosis) വരെ പറഞ്ഞുവെക്കുന്നുണ്ട്. ആധുനിക സൈക്കോളജിയുടെ പരികൽപ്പനകൾ മുഖ്യധാരാ ശാസ്ത്ര വ്യവഹാരങ്ങളിൽ വേണ്ടത്ര നീതിപരമായിട്ടല്ല ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നിഷ്പക്ഷമായി ചിന്തിക്കുന്ന അന്വേഷണകുതുകികളെയാണ് ശാസ്ത്രത്തിനാവശ്യം.


ശാസ്ത്രമാത്രവാദത്തിന്റെ പരിമിതികൾ

ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതു മാത്രമാണ് സത്യം. അല്ലാത്തതൊന്നും യാഥാർത്ഥ്യമല്ലെന്നതാണ് ശാസ്ത്രമാത്രവാദം (Sientism). പദാർത്ഥ ബന്ധിത ലോകത്തെ കുറിച്ചുള്ള ജ്ഞാനാന്വേഷണമാണല്ലോ ശാസ്ത്രം. അപ്പോൾ പദാർത്ഥാതീയമായ ലോകത്തെ അഭിസംബോധന ചെയ്യുന്നതിൽ അതിനു ധാരാളം പരിമിതികളുണ്ട്. എന്നു കരുതി പദാർത്ഥ ബന്ധിതമല്ലാത്ത, അഥവാ അതിഭൗതികമായ (Metaphysical) വസ്തുതകളെ നിരാകരിക്കുക എന്നത്  അജ്ഞതയുടെയും ദുശ്ശാഠ്യത്തിന്റെയും പര്യായമായിട്ട് മാത്രമേ വിലയിരുത്താനാവൂ. ആധുനികത ആത്മാവിനെ നിഷേധിക്കുന്നതിന് ഊർജ്ജം സംഭരിക്കുന്നത് പ്രസ്തുത ശാസ്ത്ര മാത്രസത്യവാദത്തിൽ നിന്നും മെറ്റീരിയലിസത്തിന്റെ തത്വങ്ങളിൽ നിന്നുമാണ്. സൈന്റിസം മാനവകുലത്തോട് ചെയ്ത ഏറ്റവും വലിയ പാതകവും ഈ ആത്മീയാസ്ഥിത്വത്തിനോടുള്ള നിഷേധാത്മക സമീപനം തന്നെയാണ്.       


ആത്മാവിനെ അംഗീകരിക്കാൻ വൈമനസ്യം കാണിക്കുന്നവരോട് ഹംസ സോഡിസ്(Hamza Tzortis) ന്റെ The Divine Reality എന്ന ഗ്രന്ഥത്തിൽ ആവർത്തിച്ച് ഉന്നയിക്കുന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. മനുഷ്യൻ കേവലം പദാർത്ഥങ്ങളുടെ ക്രോഡീകരണമാണെങ്കിൽ മനുഷ്യേതര പദാർത്ഥങ്ങളിൽ ഇല്ലാത്ത ഗുണങ്ങൾ എങ്ങനെ മനുഷ്യരിൽ ഉണ്ടായി. പദാർത്ഥങ്ങൾക്ക് യുക്തിബോധമോ(Rationality) ബോധമനസ്സോ(Consciousness) ധർമ്മ ബോധമോ(Morality) വികാരങ്ങളോ(Feelings)യില്ല. വെള്ളച്ചാട്ടം കാണാൻ പോയ യുവതിയെ ബലാത്സംഗം ചെയ്യുന്ന ദുഷ്ടന്റെ ശരീരത്തിലേക്ക് വിഴാമെന്ന് പാറക്കെട്ടുകൾ കരുതുന്നില്ല. പാറ പൊട്ടിക്കുന്ന പണിക്കാരനോട് ദേഷ്യപ്പെടാനോ പ്രതികാരം ചെയ്യാനോ അത് തുനിയുന്നുമില്ല. അപ്പോൾ എവിടെ നിന്നാണ് അവകൾക്കൊന്നുമില്ലാത്ത പ്രതികാര ബുദ്ധിയും വൈകാരിക ചിന്തകളും മനുഷ്യനിൽ ഉടലെടുക്കുന്നത്.       


പ്രപഞ്ചത്തിൽ മനുഷ്യനും മനുഷ്യേതര വസ്തുക്കൾക്കും തുല്യമായ സൃഷ്ടിപ്പാണുളളത് എന്ന് പറയണമെങ്കിൽ മനുഷ്യനിൽ കാണപ്പെടുന്ന ഗുണങ്ങൾ മറ്റിതര വസ്തുക്കളിലും ഉണ്ടാവണം. അല്ലെങ്കിൽ എന്നെങ്കിലും ഉണ്ടാവാനുള്ള സാധ്യത നിലനിൽക്കണം. അതുമില്ലെങ്കിൽ മനുഷ്യേതര വസ്തുക്കൾക്ക് പ്രസ്തുത ഗുണങ്ങളുണ്ടാവാനുള്ള അസാധാരണമായ ഒരു സ്രോതസ്സുണ്ടാവണം. മനുഷ്യനിലെ അദൃശ്യ ഗുണങ്ങൾ മറ്റു പദാർത്ഥങ്ങൾക്കുമുണ്ട് എന്ന് പറയണമെങ്കിൽ ഈ മൂന്ന് സാധ്യതകല്ലാത്ത വേറൊരു വഴിയും കണ്ടെത്താൻ സാധ്യമല്ല. അതിനാൽ   മനുഷ്യനും ഇതര വസ്തുക്കളും ഒരുപോലെയുള്ള ഘടകങ്ങളാണ് അവയുടെ സൃഷ്ടിപ്പിൽ ഉൾക്കൊണ്ടിരിക്കുന്നതെന്ന് ഒരു തരത്തിലും സാമാന്യവൽക്കരിക്കാൻ കഴിയില്ല. കാരണം കീശയിൽ അഞ്ഞൂറ് രൂപയില്ലാതെ അത് മറ്റൊരാൾക്ക് നൽകാൻ സാധിക്കുകയില്ലല്ലോ. അല്ലെങ്കിൽ എന്നെങ്കിലും അധ്വാനിച്ചുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷ വേണം. അതുമില്ലെങ്കിൽ ഇവിടെ മൂന്നാമതൊരു സാധ്യത, മറ്റൊരാളിൽ നിന്ന് കടം വാങ്ങുക എന്നതാണ്. കേവലപദാർത്ഥങ്ങൾക്ക് യുക്തിബോധം, ധാർമിക ചിന്ത തുടങ്ങിയ വിശേഷണങ്ങളില്ല. ഈ ഗുണങ്ങളെല്ലാം പദാർത്ഥാതീയമായതിനാൽ ഉണ്ടാകാനുള്ള പ്രതീക്ഷയുമില്ല. ഭൗതിക ഗുണങ്ങൾ ചേർന്നതു കൊണ്ട് മറ്റൊരു അഭൗതിക സ്വഭാവം ഉണ്ടാവാനുള്ള സ്രോതസ്സുമില്ല.        


ആത്മാവിനെക്കുറിച്ചും അതിൻറെ അനുഭവങ്ങളെക്കുറിച്ചും സമകാലിക പ്രതിഭാസ വിജ്ഞാനിയർ (philosophers) നിരന്തരം വാചാലരായി കൊണ്ടിരിക്കുന്നു. 'ഞാൻ ചിന്തിക്കുന്നു അതിനാൽ ഞാനുണ്ട്' എന്ന ദെക്കാർത്തയൻ  ആശയത്തെ പ്രശസ്ത ഫ്രഞ്ച് ദാർശനികൾ ഫിജോഫ് ഷൂഓൻ ഞാൻ പ്രാർത്ഥിക്കുന്നു; അതിനാൽ ഞാനുണ്ട് (I pray I exist) എന്ന ആത്മീയ ദർശനത്തിലേക്ക് പുതുക്കിപ്പണിയുന്നത് ഏറെ ചിന്തോദ്ദീപകമാണ്. കാരണം പ്രാർത്ഥന, ധ്യാനം, യോഗ എന്നീ അനുഷ്ഠാനങ്ങളിലൂടെ മനുഷ്യൻ കണ്ടെത്തുന്നത് ആത്മാവിനെയും അത് പ്രകാശിപ്പിക്കുന്ന നിത്യശാന്തിയെയുമാണ്. മേലുദ്ധരിച്ച ദാർശനിക വീക്ഷണങ്ങളെല്ലാം പദാർത്ഥ സംയോജന നിർമിതി എന്നതിനപ്പുറത്ത് മനുഷ്യൻ അതിഭൗതികമായ പലതിന്റെയും വാഹകനാണെന്ന് വരച്ചുകാട്ടുന്നുണ്ട്. 


ഇനി ചാൾസ് ഡാർവിൻ വിഭാവനം ചെയ്ത പരിണാമ സിദ്ധാന്തത്തിലേക്കൊന്ന് ദൃഷ്ടി തിരിക്കാം. മനുഷ്യന്റെ ആത്മീയമായ അസ്തിത്വത്തെ നിഷേധിക്കുക വഴി അവനെ മൃഗതുല്യമാക്കാനാണ് ഡാർവിനിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് മുന്നോട്ടുവെക്കുന്ന വാദപ്രകാരം മനുഷ്യൻ ഒരു 'സൂപ്പർ അനിമൽ' മാത്രമാണ്. പരിണാമ ചങ്ങലയിലെ മികച്ച കണ്ണി. മറ്റു മൃഗങ്ങളെക്കാൾ കൂടുതൽ ബുദ്ധിയും ഓർമയുമുള്ള ഒരു മൃഗം. രണ്ടുപേരുടെയും ആവശ്യം ഒന്നുതന്നെയാണ്. അതിജീവിക്കുക, അടുത്ത തലമുറയെ ഉത്പാദിപ്പിക്കുക. അലിജാ ഇസ്സത് ബെഗോവിച്ച്(Aliga Izetbegovic) തന്റെ Islam between East and West എന്ന പുസ്തകത്തിൻറെ ആദ്യ അധ്യായത്തിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. 'ഡാർവിനിസം മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സാമ്യതകൾ ചർച്ച ചെയ്യുമ്പോൾ മതങ്ങൾ അവ തമ്മിലുള്ള വ്യത്യാസങ്ങളെ ഓർമിപ്പിക്കുകയാണ്'.         


എന്നാൽ മതപരമായ പരിപ്രേക്ഷ്യത്തിൽ മനുഷ്യൻ മൃഗങ്ങളിൽ നിന്ന് വിഭിന്നമായി ചിന്താശേഷിയുള്ള, നന്മതിന്മകളെ വിവച്ഛേദിച്ച് മനസ്സിലാക്കാൻ പ്രാപ്തനായ ഒരു ദൈവിക സൃഷ്ടിയാണ്. അതുകൊണ്ടാണ് പദാർത്ഥ ലോകത്തുള്ള ദൈവിക കീർത്തനങ്ങൾ മനുഷ്യ കേന്ദ്രീകൃതമായത്. പ്രപഞ്ചസൃഷ്ടിപ്പിനെയും സൃഷ്ടാവിനെയും ചിന്തിക്കാൻ ആവശ്യപ്പെടുന്നത്. മനുഷ്യനും മനുഷ്യേതര ജീവികളും തമ്മിലുള്ള പ്രധാന വ്യത്യാസമായി മതം/ഇസ്ലാം കണക്കാക്കുന്നത് അവയുടെ സൃഷ്ടിപ്പിലടങ്ങിയ ഘടകങ്ങളെയാണ്. മൃഗങ്ങൾ വികാരത്തിൽ  പരിമിതമായിരിക്കെ മനുഷ്യന് വികാരത്തോടൊപ്പം വിവേകവും നൽകപ്പെട്ടിരിക്കുന്നു. മനുഷ്യനിലുള്ള ഈ വിവേക ശക്തിയാണ്  ധാർമിക മൂല്യങ്ങളെയും സൽപ്രവർത്തനങ്ങളെയും രൂപപ്പെടുത്തുന്നത്. അവൻ്റെ വികാര ചാപല്യങ്ങളാണ് മൂല്യച്യുതിയിലേക്കും യുക്തിരാഹിത്യ ലേക്കും അവനെ കൂട്ടിക്കൊണ്ടുപോകുന്നത്. അതേസമയം മൃഗങ്ങൾക്ക് മനുഷ്യർക്കുള്ള  വിവേകം നൽകപ്പെട്ടിട്ടില്ല. ഇതിനെ കുറിച്ച് ഹാസ്യകരമായി പറയപ്പെടാറുളളത്, മനുഷ്യന് വേണമെങ്കിൽ തന്റെ മനുഷ്യത്വത്തെ മറച്ചുവെച്ച് മൃഗീയ തൃഷ്ണയിലൂടെ ഒരു 'മൃഗ'മായി മാറാം. പക്ഷേ ഇല്ലാത്ത മനുഷ്യത്വം സ്വയം നിർമ്മിച്ച മൃഗത്തിന് ഒരു മനുഷ്യനായി മാറാൻ സാധിക്കുകയില്ല എന്നാണ്.       


ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ദാർശനികനായ അൽബർട്ട് കാമു (Albert Camus)വിന്റെ പ്രസിദ്ധമായൊരു വചനമുണ്ട്.'മൃഗത്തെ പോലെയാകാൻ ശ്രമിക്കാത്ത ഏക മൃഗമാണ് മനുഷ്യൻ'. മതങ്ങൾ മനുഷ്യനെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത് മൃഗത്തെ നോക്കാനും അതുപോലെ ആകാതിരിക്കാനുമാണ്.വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായത്തിന് സൂറത്തുൽ ബഖറ (പശുവിന്റെ പേരിലുള്ള അധ്യായം) എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. അവസാന ഭാഗത്തേത് സൂറത്തുന്നാസ്(മനുഷ്യന്റെ പേരിലുള്ള അദ്ധ്യായം). മൃഗഭാവത്തിൽ നിന്ന് മനുഷ്യ ഭാവത്തിലേക്ക് ഖുർആനിന്റെ ഈ നാമങ്ങൾ വരെ മനുഷ്യനെ ക്ഷണിക്കുന്നു.       


അലിജയുടെ ഡാർവിനിസത്തെക്കുറിച്ചുള്ള പരാമർശത്തിനു ശേഷം നാം ബഹുദൂരം  പിന്നിട്ടെന്ന് തോന്നുന്നു. അദ്ദേഹം അതേ അധ്യായത്തിൽ തുടർന്ന് എഴുതുന്നുണ്ട്, മനുഷ്യന് മാത്രമേ ധർമ്മബോധമുള്ളു. നന്മയുടെയോ തിന്മയുടെയോ ലോകത്ത് നിന്നു പുറത്ത് പോവാൻ അവനാവില്ല. വേണമെങ്കിൽ തിന്മകൾ മാത്രം ചെയ്തു ജീവിക്കാം. എങ്കിലും ആ ധാർമിക വലയത്തിന്റെ ഇരുദ്രുവങ്ങളിലായി അവൻ്റെ കർമ്മങ്ങൾ നിരതമാകും. അതേസമയം മൃഗചെയ്തികളെ ആവരണം ചെയ്യുന്ന ഒരു ധാർമിക വലയമില്ല. നന്മയോ തിന്മയോ ഏതാണ് തെരഞ്ഞെടുക്കേണ്ടത് എന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ മനുഷ്യനുള്ള കഴിവ് മൃഗങ്ങൾക്ക് നൽകപ്പെട്ടിട്ടില്ലെന്നതിനാലാണത്.


ലിബറൽ ധാർമികതയുടെ വൈരുദ്ധ്യാത്മകത

ആത്മീയ നിരാകാരം എന്നത് പാശ്ചാത്യ ചിന്താധാരയുടെ ആധുനിക ഉൽപന്നമാണ്. അതിനെ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ധാർമിക ഉദാരതാവാദ (moral liberalism) ത്തിന്റെ പ്രധാനപ്പെട്ട മൂന്ന് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സുഖമാത്രവാദം(Hedonism) പ്രയോജനവാദം(Utilitarianism), ഹാനി സിദ്ധാന്തം(Harm principle) എന്നിവയാണവ. ധാർമികമായി മനുഷ്യ ജീവിതത്തെ എങ്ങനെ ചിട്ടപ്പെടുത്തണം എന്നതിന്   ലിബറലിസം ചില ഉപാധികൾ മുന്നോട്ട് വെക്കുന്നുണ്ട്. വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവും ഭരണകൂടം പിടിച്ചു വെക്കാതിരിക്കാനാണ് ലിബറലിസം ഇത്തരം ധാർമിക നിർണയ രേഖകൾ കൊണ്ടുവരുന്നത്. പക്ഷേ ധാർമിക നിയമങ്ങൾ അനുസരിക്കാതിരിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമില്ല എന്നത് ജീവിതാവകാശത്തിന് അവർ മാനദണ്ഡമാക്കുന്ന സ്വതന്ത്രചിന്താ പ്രകാരം ഒരു പരിമിതിയായിട്ടേ വിലയിരുത്താനാവൂ. ലിബറൽ ചിന്താധാരയോടൊപ്പം ധാർമിക മാനങ്ങളെ ചേർത്തു പറയുന്നതിലുള്ള നിരർത്ഥകത ഇതിൽ നിന്നും സുവ്യക്തമാണ്.


ഒന്നാമതായി ഹെഡോണിസത്തിന്റെ ആശയവാദത്തിലേക്ക് വരാം. ഇത് വിവക്ഷിക്കുന്നത് മനുഷ്യന്റെ സുഖം പരമാവധി വർധിപ്പിക്കുക എന്നതായിരിക്കണം ജീവിതലക്ഷമായി ഗണിക്കപ്പെടേണ്ടത് എന്നാണ്. അതിന് സഹായകമാകുന്നതെല്ലാം ധാർമികമായി ശരിയായി അവർ കണക്കുകൂട്ടുന്നു. സോക്രട്ടീസിന്റെ ശിഷ്യനായ അരിസ്റ്റിപ്പസാണ് (മ. ബി.സി. 346) ഹെഡോണിസത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നതെങ്കിലും എപിക്യൂറസാണ് (മ.ബി.സി 270) പ്രസ്തുത ദർശനത്തെ ജനകീയമാക്കിയത്. ഈ ആശയം മുന്നോട്ടുവെക്കുന്ന 'പരമാവധി സുഖമാണ് ജീവിതലക്ഷ്യ'മെന്ന വാദം, കേവലം ഭൗതിക കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാൽ മനശാസ്ത്രപരമായി ഹെഡോണിക് തിയറിയുടെ അടിസ്ഥാനം നിരർത്ഥകവും അപ്രയോഗികവുമാണെന്ന് വിലയിരുത്താനാവും. കാരണം മനുഷ്യന്റെ മുന്നോട്ടുള്ള ചലനത്തിന് പ്രചോദിപ്പിക്കുന്നത് സുഖവും ദുഃഖവും ആണെന്നതാണ് ആധുനിക സൈക്കോളജിയുടെ പക്ഷം. മാത്രമല്ല പരമാവധി സുഖം ആസ്വദിക്കലാണ് ഹെഡോണിസം എന്ന് അതിനെ നിർവചിക്കുമ്പോൾ ആ സുഖത്തിനു വേണ്ടി അപരന്റെ സുഖം ഇല്ലാതാക്കുന്നതിനെ  എങ്ങനെയാണ് ന്യായീകരിക്കപ്പെടുക.


രണ്ടാമത്തേത് യൂട്ടിലിറ്റേറിയനിസമാണ്. മോറൽ ലിബറസത്തിന്റെ അടിസ്ഥാന ആശയങ്ങളിലെ മറ്റൊരു വകഭേദമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തത്തചിന്തകനായ ജെറിമി ബെന്താമാണ്(Jeremy Bentham) യൂട്ടിലിറ്റേറിയനിസത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. സുഖവും സന്തോഷവും നൽകുന്നതെല്ലാം അനുവദനീയവും ദുഃഖവും വേദനയും നൽകുന്നവയെ ഒഴിവാക്കപ്പെടേണ്ടതുമാണ് എന്നതാണ് ഈ സിദ്ധാന്തത്തിന്റെ ഇതിവൃത്തം. പക്ഷേ ഭൗമനിരീക്ഷണം കൊണ്ട് തന്നെ പ്രസ്തുത തിയറിയുടെ പ്രായോഗിക വശം അപ്രാപ്യവും ബുദ്ധിക്ക് നിരക്കാത്തതുമാണെന്നും മനസ്സിലാകും. സുഖം ഉണ്ടാക്കുന്നതെല്ലാം നന്മകൾ ആണെങ്കിൽ പ്രാഥമികമായി 'സുഖ'ത്തെ നിർവചിക്കണം. എന്താണ് സുഖം. ആരാണ് അത് തീരുമാനിക്കുന്നത്. സമൂഹത്തിൽ വിവേചനപരമായിട്ടായിരിക്കും അതിന്റെ ഉത്തരങ്ങൾ നടപ്പാക്കപ്പെടുക. കാരണം വ്യക്ത്യാധിഷ്ഠിത കാര്യങ്ങളുടെ പരിധിയിൽ വരുന്നതാണ് സുഖവും ദുഃഖവും. അപേക്ഷികവും അനുപാധികവുമാണവ. ഉദാഹരണത്തിന് ആസ്വാദനം തരുന്ന അതേ മന്ദമാരുതൻ തന്നെയാണ് പനിക്കുമ്പോൾ അലോസരപ്പെടുത്തുന്നത്. ചിലർക്ക് സുഖം മറ്റൊരാളെ തോൽപ്പിച്ച് മുന്നേറുമ്പോഴാണെങ്കിൽ ചിലർക്ക് അവസരങ്ങൾ വിട്ടുകൊടുക്കുമ്പോൾ ആയിരിക്കും. ഇങ്ങനെ വ്യക്തികൾക്ക് അനുസരിച്ച് സുഖ-ദുഃഖ അനുഭവങ്ങൾ മാറി മാറിയാണ് വരിക. അപ്പോൾ അതിൻറെ അടിസ്ഥാനത്തിൽ കർമ്മങ്ങളെ ധാർമികമെന്നും അധാർമ്മികമെന്നും എങ്ങനെയാണ് വിലയിരുത്താനാവുക.       


മൂന്നാമത്തേത് ഹാം പ്രിൻസിപ്പളാണ്. ആർക്കും എന്തും ചെയ്യാം, പക്ഷേ മറ്റൊരാൾ അതിന്റെ പേരിൽ വേദനിക്കരുത് എന്നതാണ് ഈ ഹാനി സിദ്ധാന്തത്തിന്റെ അകംപൊരുൾ. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഫിലോസഫറായ ജോൺ സ്റ്റുവർ മിൽ (John Stuart Mill)ആണ് ഈ ആശയത്തെ മുന്നോട്ടുവച്ചത്. പ്രത്യക്ഷത്തിൽ ഗുണകരമെന്ന് തോന്നിക്കുമെങ്കിലും സൂക്ഷ്മവും സ്ഥൂലവുമായ പരിശോധനയിൽ അതിൻറെ പ്രായോഗികതലത്തിൽ വരുന്ന യുക്തി ചാപല്യം സുവ്യക്തമാകും. നമുക്ക് സുഖം നൽകുന്ന കാര്യങ്ങൾ നാം ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ദുഃഖം ഉണ്ടാവാനുള്ള സാധ്യത എന്തായാലുമുണ്ട്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നവന് സന്തോഷമുണ്ടാകുന്നു. പരാജയപ്പെടുന്നവന് സങ്കടവും. ഹാം പ്രിൻസിപ്പിൾ പ്രകാരം തോറ്റാൽ എതിർ സ്ഥാനാർത്ഥിക്കുണ്ടാവുന്ന വേദന മനസ്സിലാക്കി ജയിക്കാതിരിക്കാൻ ശ്രമിക്കുകയല്ലേ ഒരാൾ ചെയ്യേണ്ടത്.      


അനന്തമായി നീളുന്ന ഇത്തരം ബൗദ്ധിക ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പോലും നവലിബറൽ വാദത്തിന് സാധ്യമല്ല. കാരണം യുക്തി, ശാസ്ത്രം മുതലായ തത്വങ്ങളിലുള്ള വിശ്വാസം നിരന്തരം തകർക്കപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. അതിനാൽ ആ വിശ്വാസം മത വിശ്വാസത്തെ പോലെയല്ല. അത് നിരന്തരം അർത്ഥരാഹിത്യത്തെയും അതുവഴി നൈരാശ്യബോധത്തെയും ക്ഷണിച്ചു വരുത്തുന്നു. ലിബറൽ വാദികൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന യുക്തി എന്ന് പറയുന്ന ആശയത്തിന്റെ സാധുതയെക്കുറിച്ച് നാം വിചിന്തനം ചെയ്യുകയാണെങ്കിൽ ഇമാം അബു ഹാമിദുൽ ഗസ്സാലിയടക്കമുള്ള പണ്ഡിതവര്യർ യുക്തിയുടെ ചാപല്യത്തെ കുറിച്ച് വ്യക്തമാക്കിയത് കാണാനാവും. ഫ്രഞ്ച് ദാർശനികനായ ഴാക് ദറീദ (Jacques Derrida) വളരെ രസകരമായി യുക്തി മേൽകോയ്മയെ നിരീക്ഷിക്കുന്നതിങ്ങനെയാണ്; 'സർവ്വ യുക്തിയും അന്തിമമായ ഒരു യുക്തിരഹിതമായ വിശ്വാസത്തിന്റെ മേൽ എടുക്കപ്പെട്ടതാണ്'. ഇങ്ങനെയുള്ള ഒരു വിശ്വാസത്തിൽ നിന്നാണ് ലിബറൽ ചിന്താധാരയും അതുമായി ബന്ധപ്പെട്ട വാദഗതികളുമെല്ലാം ഉയർന്നുവന്നിട്ടുള്ളത്. മതേതരമായ എല്ലാ പ്രത്യാശാസ്ത്രങ്ങൾക്കും നിയമ സംഹിതകൾക്കും ഉപര്യുക്ത പരിമിതികളോട് സമാന്തരമായി ചിലത് കാണാനാവും. എന്നാൽ മതമാവട്ടെ അത് ദൈവികമാണ്. മനുഷ്യചിന്തകൾക്കതീതമായ ഒരു ജീവിത മാർഗരേഖയാണെന്നതിനാൽ അത് തീർത്തും അന്യൂനമായിരിക്കും. ആ മാർഗരേഖയെ അംഗീകരിക്കലും അതിന്റ നിയമ സംഹിതകൾക്കനുസരിച്ച് ജീവിക്കലുമാണ് മനുഷ്യന്റെ ഉത്തരവാദിത്വം. അപ്പോൾ അദ്യശ്യമായ പല യാഥാർത്ഥ്യങ്ങളെയും നമുക്ക് അംഗീകരിക്കാനാവും.

Study
Psychology

Related Posts

Loading