നേരത്തെ സൂചിപ്പിച്ചതുപോലെ, മലബാറിലെ വിവിധ തുറമുഖ നഗരങ്ങളിലെ പോളിഗ്ലോസിക് സാമൂഹിക പശ്ചാത്തലമാണ്, പതിനാറാം നൂറ്റാണ്ടിന് മുമ്പേയുള്ള മേഖലയിലെ സാമ്പത്തിക, രാഷ്ട്രീയ, മതകീയ, സാഹിത്യ, ആത്മീയ വികാസങ്ങളെ രൂപപ്പെടുത്തിയത്. പതിനേഴാം നൂറ്റാണ്ട് മുതൽക്കെയുള്ള പ്രദേശത്തെ പുനക്രമീകരിച്ച സാമൂഹിക-ആത്മീയ ഇടത്തിന്റെ സൂചകമായി ഒരു പുതിയ സാഹിത്യശാഖ മുസ്ലിം പണ്ഡിതരായ എഴുത്തുകാർ രൂപപ്പെടുത്തിയത്, ദക്ഷിണേഷ്യയിലെ ഏറ്റവും ആകർഷകമായ നാവിക-തുറമുഖമെന്ന പദവി കോഴിക്കോട് നഗരത്തിന് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നഷ്ടപ്പെടുകയും പ്രാദേശിക മുസ്ലിംകൾ ഉൾനാടുകളിലേക്ക് പിൻവാങ്ങുകയും ചെയ്തപ്പോളായിരുന്നു.
മതപണ്ഡിതന്മാർ (ulema) ബഹുമൊഴി മലയാളത്തെ അറബി-മലയാള ലിപ്യന്തരണമായി അക്ഷരവൽക്കരിക്കാൻ തുടങ്ങിയതോടെ, അറബി ഭാഷ അധിഷ്ഠിതമാക്കിയുള്ള സാഹിത്യ ഇടപെടലുകളിൽ നിന്നുള്ള ഒരു പരിവർത്തനത്തിന് മലബാർ സാക്ഷ്യം വഹിച്ചു. അപ്പോഴും ഈ പരിവർത്തനം, അറബി-മലയാള സാഹിത്യ രൂപീകരണത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കാവുന്ന പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെ മന്ദഗതിയിലായിരുന്നു. എന്തായാലും, പേർഷ്യനേറ്റ് ഇതര പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള ഇത്തരം പ്രാദേശിക ഭാഷകളിലെ പരമ്പരാഗതകവിതകളും ഗദ്യങ്ങളും നിലവിലുള്ള ആംഗ്ലോഫോൺ ചരിത്രരചനയിൽ (anglophone historiography) എങ്ങനെയാണ് അവഗണിക്കപ്പെട്ടിരിക്കുന്നത് എന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അറബി-മലയാളലിപിയിൽ ബഹുമൊഴി മലയാളത്തിന്റെ അക്ഷരവൽക്കരണം ആരംഭിച്ചത് ആരാണെന്ന് തിരിച്ചറിയാൻ ശക്തമായ തെളിവുകളില്ലാത്തതിനാൽ, അറബി മലയാളത്തെ സാഹിത്യവൽക്കരിച്ചത് ഖാദി മുഹമ്മദ് (മരണം : 1616 ) ആണെന്ന് പറയാൻ പറ്റും. പതിനേഴാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള കാലഘട്ടത്തെ വിശാലമായി ഉൾക്കൊള്ളുന്ന 'പരിവർത്തനത്തിന്റെ യുഗ' ത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരേയൊരു അറബി-മലയാള സാഹിത്യകാരനായാണ് അദ്ദേഹം നിലനിൽക്കുന്നത്. ഖാദി മുഹമ്മദ് മുഹിയുദ്ദീൻമാല രചിച്ചത്, പിതാവ് ഖാദി അബ്ദുൽ അസീസ് നിര്യാതനായതിനെ തുടർന്ന് കോഴിക്കോട് ഖാദിയായി (1606) നിയമിതനായി ഒരു വർഷത്തിന് ശേഷമായിരുന്നു.
"മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ, മുഹിയുദ്ദീൻ മാലേനെ കോർത്തേൻ ഞാൻ ലോകരെ" ഈ വരിയിലൂടെ ലിപ്യന്തര ലിപിയിൽ ഒരു പുതിയ വാചകഘടനയുടെ യുക്തിയെയാണ് ഖാദി മുഹമ്മദ് പരാമർശിക്കുന്നത്. മുഹിയുദ്ദീൻമാലയുടെ അടിസ്ഥാനരൂപമായിരുന്ന അറബി ലിപിയെ വിലപിടിപ്പുള്ള സമുദ്രോത്പന്നമായ 'മുത്ത്' എന്നതിനോട് ഉപമിക്കുന്നതിനോടൊപ്പം തന്നെ, അതിന്റെ ടെക്സ്റ്റിനെ രൂപപ്പെടുത്തിയ പോളിഗ്ലോസിക് സംസാര മലയാളത്തെ വിലയേറിയ ഭൗമവസ്തുവായ 'മാണിക്യം' എന്നതിനോടാണ് ഖാദി മുഹമ്മദ് ഉപമിക്കുന്നത്. കൊളോണിയൽ പൂർവ്വ കേരളത്തിലെ ഒരു വരേണ്യ ഭാഷാ ഉത്പന്നമായ മണിപ്രവാളം ഭാഷയടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളെ സംബന്ധിച്ച ഫ്രീമാന്റെ എഥ്നോ ആന്ത്രപ്പോളജി പഠനം, ഈ പ്രാദേശികമേഖലയിലെ അമുസ്ലിം എഴുത്തുകാരുടെ ഇത്തരം വ്യത്യസ്തമായ പ്രയോഗങ്ങളുടെ നീണ്ട ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
സാഹിത്യവൽക്കരണ പ്രക്രിയയിൽ ഖാദി മുഹമ്മദ്, മതിയായ അക്ഷരശുദ്ധി സമീകരണമുള്ള (orthographic incorporation) ഒരു അറബി ലിഖിത ഭാഷണരീതി സ്വീകരിക്കുകയും നിലവിലുള്ള മലയാളം വ്യാകരണവുമായി സംയോജിപ്പിക്കുകയും അറബി-മലയാള ലിപിയുടെ നിലവിലുള്ള മാതൃക കാണത്തക്കവണ്ണം അതിനെ രൂപീകരിക്കുകയുമാണ് ചെയ്തത്. മുസ്ലീം എഴുത്തുകാരോട് സൂക്ഷ്മതയോടെയും പൂർണതയോടെയും ടെക്സ്റ്റ് പകർത്താൻ ആവശ്യപ്പെടുന്ന 'കൂടാതെ ഇതിനെ എഴുതുകില്‍ ' പോലെയുള്ള നിർദ്ദേശപരമായ ഭാവങ്ങൾക്കപ്പുറം ഇത്തരമൊരു ലിപിയുടെ അസ്തിത്വം സൂചിപ്പിക്കുന്നത്, പ്രദേശത്തെ എഴുത്തുകാരായ പണ്ഡിതരിൽ (അറിവാളൻ) നിന്ന് അദ്ദേഹത്തിന് ലഭിച്ച ഉപദേശ-നിർദ്ദേശങ്ങളിലുള്ള അംഗീകരണം കൂടിയാണ്. അതുപോലെ, ഇന്ത്യൻ മഹാസമുദ്ര ഇസ്ലാമിക ശൃംഖലയിലെ ലിപ്യന്തരണം ചെയ്യുന്ന മറ്റിതര എഴുത്തുകാർ ചെയ്തതുപോലെ, മലയാള ഭാഷയുടെ വ്യാകരണപരവും ഘടനാപരവുമായ മൗലികതത്വങ്ങൾ ഖാദി മുഹമ്മദ് ഈ പ്രക്രിയയിൽ നിലനിർത്തിയിരുന്നു.
മലബാറിലെ വിശാലമായ ഭാഷാ സങ്കേതത്തിൽ ജീവിച്ചിരുന്ന ഖാദി മുഹമ്മദ് മുഹിയുദ്ദീൻ മാലയിൽ ബലത്ത് (വലതുവശം - മലയാളം), പാക്കിയം (അനുഗ്രഹം - മലയാളം), ഉസ്താദ് (മാസ്റ്റർ - പേർഷ്യൻ), കീൽ(താഴെ - തമിഴ്) എന്നിവയുൾപ്പെടെ ധാരാളം പോളിഗ്ലോസിക് പദപ്രയോഗങ്ങൾ കൊണ്ടുവരുന്നതായി കാണാം. ഇത്തരം ജനകീയമായിരുന്ന പോളിഗ്ലോസിക് സാങ്കേതികപദങ്ങൾക്കൊപ്പം ത്വവാഫ് (പ്രദക്ഷിണം) പോലുള്ള നിർണിതമായ നിരവധി ഇസ്ലാമിക പദപ്രയോഗങ്ങൾ സാഹിത്യ ഏകകങ്ങളായി ഉപയോഗിച്ച്, ഫസാദിന്റെ കാലഘട്ടത്തിലെ എഴുത്തുകളിൽ അറബിയിൽ മുമ്പ് അഭിസംബോധന ചെയ്തവരിൽ നിന്ന് വ്യത്യസ്തരായ 'വാമൊഴി-സാക്ഷരരായ' മാപ്പിള സദസ്സിലേക്ക് നേരിട്ട് എത്തിച്ചേരാനാണ് അദ്ദേഹം ശ്രമിച്ചത്. ടെക്സ്റ്റിലെ അറബി,പേർഷ്യൻ പദപ്രയോഗങ്ങൾ നിലനിർത്തുക വഴി ഖാദി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അധികാരത്തെ ഉറപ്പിക്കുകയും, മലയാളഘടനയും വ്യാകരണവും വഴി ഖാദി മുഹമ്മദ് സ്വയം ഒരു സ്വാഭാവിക പ്രാദേശിക പണ്ഡിതനായി സ്വയം തിരിച്ചറിയുകയും ചെയ്യുന്നതായി കാണാം.
മലബാറിലെ അറിയപ്പെടുന്ന ആദ്യത്തെ മുസ്ലീം ഗ്രന്ഥകാരനായ ആൽക്കെമിസ്റ്റ് എന്ന നിലയിൽ ഖാദി മുഹമ്മദ്, 1607-ൽ ഒരു രചന നിർവഹിച്ചതിനാൽ , അറബി-മലയാളത്തിലെ ആദ്യത്തെ തിരിച്ചറിയാവുന്ന സാഹിത്യ ഗ്രന്ഥമായി മുഹിയുദ്ദീൻമാല മാറി. സാഹിത്യവൽക്കരണത്തിന്റെ മൂന്ന് നിർണ്ണായക ഘടകങ്ങളായ പോളിഗ്ലോസിക് ഭാഷയുടെ പദവിന്യാസക്രമത്തിലുള്ള യഥാർത്ഥ പ്രയോഗം, പരിഷ്‌ക്കരിച്ച അറബിക് അക്ഷരമാലകളുടെ ഉപയോഗം, ഒപ്പം അത്യധികം സങ്കീർണ്ണമായ സാഹിത്യ പദപ്രയോഗങ്ങൾ എന്നിവയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ, ആരാധനപരവും അനുഷ്ഠാനപരവുമായ മാപ്പിള ഉപഭോഗത്തിനുള്ള പരമ്പരാഗത-മതകീയ ടെക്സ്റ്റിനെ രൂപപ്പെടുത്തിയ ഒരു 'സ്‌ക്രൈബൽ സബ്‌ലിമേഷൻ' (scribal sublimation) എന്ന ക്രിയയായി നിർവചിക്കാം. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ സ്വഭാവത്തിലും മതകീയ വ്യവഹാരങ്ങളുടെ ഉള്ളടക്കത്തിലും ദീർഘകാലത്തേക്കുള്ള ഘടനാപരമായ മാറ്റങ്ങൾ വരുത്തിയതിനാൽ, അദ്ദേഹത്തിന്റെ സാഹിത്യവൽക്കരണ പ്രവർത്തനത്തെ 'ഉലമാ ആൽക്കെമി'(ulemite alchemy) എന്നും വിളിക്കാം. പരസ്പരബന്ധിതമായ 'ഉലമൈറ്റ് ആൽക്കെമി', 'സ്‌ക്രൈബൽ സബ്‌ലിമേഷൻ' എന്നീ ആശയങ്ങൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഖാദി മുഹമ്മദ് മുഹിയുദ്ദീൻമാലയിൽ ക്രമീകരിച്ച ഭാഷാപരവും സാഹിത്യപരവുമായ പ്രവർത്തനങ്ങളുടെ ഒരു ശ്രേണിയെ സൂചിപ്പിക്കാനാണ്. അവയിൽ മലബാറിലെ 'പരിവർത്തനയുഗത്തിലെ' അറബിയിൽ നിന്ന് പോളിഗ്ലോസിക് മലയാളത്തിലേക്കുള്ള വ്യതിചലനം (deviation), വീരത്വ കേന്ദ്രീകൃതവിഭാഗത്തിൽ നിന്ന് ഭക്തി വിഭാഗത്തിലേക്കുള്ള കീഴ് വിന്യാസം (inversion), പുതിയ വ്യഞ്ജനാക്ഷരങ്ങളും അക്ഷരമാലകളും കൊണ്ടുള്ള നവീകരണം (innovation), നിലവിലുള്ള വ്യാകരണത്തിന്റെയും വാക്യഘടനയുടെയും ഉപയോഗം (co-option) എന്നിവ ഉൾപ്പെടുന്നു. ഖാദി മുഹമ്മദിന്റെ സാഹിത്യവൽക്കരണം, മറ്റ് ഇന്ത്യൻ മഹാസമുദ്ര സമൂഹങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ സമാനമായ ലിഖിത സമവാക്യങ്ങൾ നടക്കുന്ന അതേ സമയത്താണ് സംഭവിച്ചത്. ഉദാഹരണത്തിന്,പഴയ മലയാളത്തിലെ മിക്ക വ്യഞ്ജനാക്ഷരങ്ങളോടെ എഴുതിയിരുന്ന സുറിയാനി-മലയാളം (ഗർശുനി) രൂപപ്പെടുത്താൻ ഗണ്യമായ സഭാ പിന്തുണയോടെ ക്രിസ്ത്യൻ പണ്ഡിതന്മാരായ എഴുത്തുകാർക്ക് സാധിച്ചിരുന്നു. ഒരു ലിഖിത-ഭാഷാ പാരമ്പര്യമെന്ന നിലയിൽ, പതിനാറാം നൂറ്റാണ്ടിൽ തന്നെ പ്രാദേശിക ക്രിസ്ത്യാനികളുടെ മതമേഖലയിൽ ഗർശുനി വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ സെന്റ് തോമസ്-ക്രിസ്ത്യാനികളുടെ ജീവിതത്തിലെ ലിപിപരമായ അഭാവം പതിനാറാം നൂറ്റാണ്ടിൽ ഗർശുനിയുടെ ആവിർഭാവത്തിന് വഴിയൊരുക്കിയതെങ്ങനെയെന്ന് പെർസെൽ (István Perczel) ചൂണ്ടിക്കാട്ടുന്നതായി കാണാം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ, കോറോമണ്ടൽ തീരത്തെ അത്തരം 'ആൽക്കെമിസ്റ്റ്' ഉലമ, തങ്ങളുടെ സ്വന്തം ലിപ്യന്തരണം അറബി/അറബി-തമിഴ് ഭാഷകളിൽ രൂപകല്പന ചെയ്ത രീതികൾ, മറ്റൊരു പ്രധാനപ്പെട്ട പഠനത്തിൽ, ഷാച്ചർ (Torsten Tschacher) പരാമർശിക്കുന്നുണ്ട്. യഹൂദ-മലയാളത്തെക്കുറിച്ചുള്ള തന്റെ സുപ്രധാന ഗവേഷണത്തിൽ, ധര്‍മ്മോപദേശ ഗ്രന്ഥങ്ങൾ എഴുതാൻ ഹീബ്രു ലിപി ഉപയോഗിച്ചിരുന്ന യഹൂദ എഴുത്തുകാരുടെ അത്തരം ലിഖിത ആൽക്കെമിയുടെ ഒരു നീണ്ട ചരിത്രം ഗാംലിയൽ (Ophira Gamliel) സൂചിപ്പിക്കുന്നു.
വാമൊഴി-സാക്ഷരരായ മാപ്പിളമാർക്കിടയിൽ സുസ്ഥിരമായ നാട്ടുഭാഷാ ആശയവിനിമയത്തിനായി വാമൊഴിയായി കൈമാറാവുന്ന അനുഷ്ഠാന ഗ്രന്ഥമായാണ് ഖാദി മുഹമ്മദ് മുഹിയുദ്ദീൻമാലയെ രൂപകല്പന ചെയ്തത് എന്ന വാദം ഈ ലേഖനം മുന്നോട്ടുവെക്കുകയാണ്. അതിനാൽ, പൊള്ളോക്കിന്റെ (Sheldon Pollock) ആശയസംഹിതയായ "പ്രാദേശികഭാഷാ നവീകരണം" (vernacular innovation) അനുസരിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിലെ മഅ്ബർ മുതൽ മലബാർ വരെയുളള പ്രാദേശികഘടനയിൽ പ്രഥമ ഇസ്‌ലാമിക പ്രാദേശിക ആൽക്കെമിസ്റ്റായി ഖാദി മുഹമ്മദ് ഉയർന്നുവന്നു എന്ന് നമുക്ക് പറയാം. മുഹിയുദ്ദീൻമാലയുടെ മുമ്പ് വിവിധതരം സൂക്ഷ്മമായ മുസ്ലിം ശീലങ്ങളെ പങ്കിടുന്ന വിശ്വാസ സമ്പ്രദായങ്ങളുമായും ശാഫിഈ കർമശാസ്ത്ര അവലംബനങ്ങളുമായും ബന്ധിപ്പിക്കുന്ന അത്തരം മികച്ച ഇസ്ലാമിക ഗ്രന്ഥങ്ങളെ സംബന്ധിച്ച യാതൊരു തെളിവും ഈ 'പ്രാദേശികഘടന' യിൽ നമുക്ക് ലഭിച്ചിട്ടില്ല. മുഹിയുദ്ദീൻമാലയ്ക്ക് മുമ്പുള്ള ചരിത്രരേഖ ശേഖരണങ്ങളിലും വാമൊഴിയിലുമുള്ള ഇത്തരത്തിലുള്ള കാവ്യഗ്രന്ഥങ്ങളുടെ പൂർണ്ണമായ അഭാവം, മുൻകാല ഉലമകൾ പരിവർത്തിത ഇസ്‌ലാമിക സമൂഹങ്ങളുമായി ഇടപഴകുന്നതിനിടയിൽ മികച്ച സാഹിത്യവൽക്കരണത്തിന്റെ സാധ്യതകളിലേക്ക് ആഴ്ന്നിറങ്ങിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നുണ്ട്.
വ്യക്തതയോടെ എഴുതിയ മുഹിയുദ്ദീൻമാലയുടെ ചരണങ്ങൾ, സാങ്കൽപ്പിക പ്രതിബിംബം, സൂഫി അത്ഭുതങ്ങളുടെ ജനപ്രിയ കഥകൾ എന്നിവ ഭാഷാപരമായ ഉജ്ജ്വലതയുടെ സാധ്യതകളും മാപ്പിളമാരുടെ വാചാലതയും ഖാദി മുഹമ്മദ് എങ്ങനെ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ പ്രക്രിയയിൽ, പൊള്ളോക്ക് മറ്റൊരു സന്ദർഭത്തിൽ വാദിച്ചതുപോലെ, പോളിഗ്ലോസിക് തീരദേശ മലയാളത്തെ ഖാദി മുഹമ്മദ് അക്ഷരവൽക്കരണത്തിലേക്ക് വഴിനടത്തുകയും, തുടർന്ന് സാഹിത്യവൽക്കരണ പ്രക്രിയയിലൂടെ " സാഹിത്യത്തിന് ഇടം നൽകുകയും " ചെയ്തു. പ്രാദേശിക മുസ്‌ലിംകൾക്കിടയിൽ അത്തരം ഗ്രന്ഥങ്ങളുടെ വാമൊഴിയാലും അനുഷ്ഠാനപരവുമായ വ്യാപനത്തെക്കുറിച്ചുള്ള ഖാദി മുഹമ്മദിന്റെ ആത്മവിശ്വാസവും മുഹിയുദ്ദീൻമാല പ്രതിഫലിപ്പിക്കുന്നുണ്ട്. തുടർന്ന് ലിപിപരവും ഭാഷാപരവും ഗ്രന്ഥപരവുമായ പരിവർത്തനാത്മക പോളിഗ്ലോസിക് ടെക്‌സ്‌റ്റിൽ ആ സമയത്ത് പ്രക്രിയയിലായിരുന്ന ഖാദിയുടെ ലിപിപരമായ ബാഷ്പീകരണം (scribal sublimation), മലയാള ഭാഷയുടെ 'പ്രാദേശികവൽക്കരണ'ത്തിന്റെ വളർച്ചയായ പരിഷ്‌ക്കരണത്തിന് സഹായകമായിത്തീർന്നു.
ഭാഷയും ലിപിയും കൂടാതെ, തന്നിലെ എഴുത്തുകാരനെ പ്രാദേശികവൽക്കരിക്കാൻ ശ്രമിക്കുന്നതിൽ ഖാദി മുഹമ്മദ് മറ്റു രണ്ടു നിലക്ക് വേറിട്ടുനിൽക്കുന്നുണ്ട്. അതിൽ ഒന്നാമത്തേത്, ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിർബന്ധിത ഘടകമായി കണക്കാക്കപ്പെട്ടിരുന്ന ഹിജ്റ കലണ്ടറിന് പകരം ഈ രചനയിൽ അദ്ദേഹം മലയാളത്തിലെ പ്രാദേശിക കലണ്ടറായ കൊല്ലവർഷം അവതരിപ്പിച്ചു എന്നതാണ്. രണ്ടാമതായി, കോഴിക്കോട് തന്റെ ജന്മസ്ഥലമാക്കുക എന്നതിലെ ഖാദി മുഹമ്മദിന്റെ നിർബ്ബന്ധബുദ്ധിയാണ്. അത് ഒരു സമ്പൂർണ്ണ അറബി സാഹിത്യകാരൻ എന്ന തന്റെ മുൻ സ്വത്വത്തെ ഫലപ്രദമായി സ്വയം നിർവീര്യമാക്കിക്കൊണ്ട് പുതിയ മേഖലയിലെ പ്രേക്ഷകർക്ക് മുന്നിൽ, തന്നെ പ്രാദേശികവൽക്കരിച്ച എഴുത്തുകാരനായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പണ്ഡിതന്റെ സ്വതസിദ്ധമായ ആഗ്രഹത്തെയാണ് പ്രകടമാക്കുന്നത്.