കഥ തുടങ്ങുന്നത് ഒരു സ്വപ്നത്തിൽ നിന്നുമാണ്. ഏതാണ്ട് മുപ്പത് വയസ്സ് പ്രായമുള്ള ഒരു യുവാവിനെ സങ്കൽപ്പിക്കുക. ടിയാനെ ഞാൻ യാസീൻ എന്ന് വിളിക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ജോസഫ്, സണ്ണി, മുരളി, കണ്ണൻ, കാദർ, ഖാലിദ്, അങ്ങനെ ഇഷ്ടമുള്ള പേര് വിളിക്കാം. ഇനി കാര്യം പറയാം, ഒരാൾ അറിയാതെ അയാളുടെ സ്വപ്നത്തിൽ എത്തിച്ചേരേണ്ടതുണ്ട്. 'എങ്ങനെ' എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
'വെള്ള വസ്ത്രം ധരിച്ച് യാസീൻ നടക്കുകയാണ്. പതുക്കെ വസ്ത്രത്തിന്റെ നിറം മാറി ചാര നിറമാകുന്നു. മഞ്ഞു മൂടി കിടക്കുന്ന താഴ്‌വാരം, മഞ്ഞിനും ചാര നിറം തന്നെ. മരങ്ങൾക്കാവട്ടെ, കറുപ്പ് നിറം. സമയം രാത്രിയല്ല, പകലാണ്. ഇരുട്ടിന്റെ ഉറവിടം അവ്യക്തം. ദൂരെ കണ്ട മഞ്ഞ നിറം ലക്ഷ്യമാക്കി യാസീൻ നടക്കാൻ തുടങ്ങി. പിന്നീടുള്ള കാഴ്ച്ച ഒരു വലിയ കെട്ടിടത്തിന്റെ 671 ആം നിലയാണ്. താഴേക്ക് നോക്കിയപ്പോൾ, ഒരു ശവസംസ്കാരം നടക്കുന്നത് കണ്ടു. വ്യക്തമായല്ല കാണുന്നത്. പിന്നെ? പിന്നെ എങ്ങനെ മനസ്സിലായി താഴെ നടക്കുന്നത് ശവസംസ്കാരമാണെന്ന്? ആരോ പറയുന്നുണ്ട്. ആരാണ് പറയുന്നത്? പറയുന്ന ആളിന് രൂപമോ ശബ്ദമോ ഇല്ല. ഒരു പക്ഷേ അത് മനസാക്ഷിയായിരിക്കും. ഒരാളുടെ ഉയരത്തിൽ വളർന്നു നിൽക്കുന്ന മുൾച്ചെടികൾക്കിടയിലാണ് സംസ്കാരം നടക്കുന്നത്.'
അയാൾ ഉറക്കമുണർന്നത് ഞെട്ടിക്കൊണ്ടാണ്. പരതിക്കൊണ്ട് കമ്പിളി വലിച്ചു നീക്കി ചുവരിലേക്ക് നോക്കി. ഇല്ല! ഇന്നല്ല. ആശ്വാസം! എങ്കിലും ആകെ ഒരു പുകച്ചിൽ അനുഭവപ്പെട്ടു. കാലയളവ് കുറയുകയാണല്ലോ. അതോ കൂടുകയോ? ഈ കാത്തിരിപ്പ് അസഹ്യം തന്നെ, മടുപ്പ് ഭയത്തിന് വഴിമാറി. ഇപ്പൊൾ എല്ലാത്തിനോടും ഭയവും വെറുപ്പുമാണ്. സർവ്വ ഭൂഗോളവാസികളോടും അവജ്ഞ. അയാൾക്ക് സ്വയം ഈർഷ്യ തോന്നി. മുഷിഞ്ഞ വസ്ത്രം മാറ്റിയിട്ട് തന്നെ നാളുകളായി. വഴിയോരത്തെ വൃദ്ധനായ യാചകനെ പോലെ അയാളും ഓരോ ദിവസവും ആരോടെന്നില്ലാതെ യാചന നടത്തി. ഇങ്ങനെ ഇരുന്നാൽ പറ്റില്ല, ഇനിയുള്ള ദിവസങ്ങൾ പാഴാക്കാനുള്ളതല്ല.
'യാസീൻ....'
യാസീൻ മുഹമ്മദ് എഴുന്നേറ്റു പുറത്തേക്ക് നോക്കി.
'ഇന്നും ഇങ്ങനെ കിടക്കാനാണോ നിന്റെ ഭാവം?’
സൂപ്രണ്ടിന്റെ ശബ്ദമായിരുന്നു അത്. പൊലീസുകാരനല്ല, സൂപ്രണ്ട് എന്ന് വിളിപ്പേരുള്ള സഹതടവുകാരൻ. സൂപ്രണ്ട്, യജമാനൻ, ബൂട്സ് അങ്ങനെ അനേകം വിളിപ്പേരുകളുള്ള ആരെല്ലാമോ അവിടെയുണ്ട്. യാസീനിൻ്റെ കണ്ണുകൾ കുഴിഞ്ഞിരുന്നു. ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക് പാതാളത്തിലേക്ക് പോകാനുള്ള വഴി പോലെയാണ് അയാളുടെ കണ്ണുകൾ. കൺപീലികൾ ശവപ്പറമ്പിലെ മുൾച്ചെടികൾക്ക് സമാനമായിരുന്നു. ശരീരം, മനസ്സിനും എത്രയോ മുമ്പ് മരണത്തെ വരവേൽക്കാൻ തയ്യാറായ പോലെ.
'യാസീൻ, എന്താണ് മിസ്റ്റർ? മതി ഈ ഇരുപ്പ്. പുറത്തേക്ക് ഇറങ്ങി വാ.'
അഴികളിൽ തട്ടിക്കൊണ്ട് വാർഡൻ പറഞ്ഞു.
യാസീൻ പുറത്തേക്ക് ഇറങ്ങി. നേരിയ ചാറ്റൽ മഴയുള്ള പ്രഭാതം, മങ്ങിയ ഒരു വെയിലും. എല്ലാവരും പ്രാതൽ കഴിക്കാനുള്ള ഒരുക്കത്തിലാണ്. യാസീൻ തൻ്റെ ബക്കറ്റ് എടുത്ത് കുളിമുറിയിലേക്ക് പോയി. അവിടെ മറ്റു ചിലർ കുളിക്കുന്നുണ്ടായിരുന്നു. യാസീൻ വന്നതോടെ അവർ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി അവനത് പിടിച്ചില്ല. എല്ലാവരുടെയും മനസ്സിലെ സഹാനുഭൂതി മുഖങ്ങളിൽ നിഴലിച്ചു.
'എന്തിനാണ് നോക്കുന്നത്? നിങ്ങൾ ഇങ്ങനെ നോക്കിയാൽ ശിക്ഷ വെട്ടിക്കുറക്കുകയൊന്നുമില്ലല്ലോ?'
അവൻ പിറുപിറുത്തു.
അയാൾക്ക് അവരോടെല്ലാം വെറുപ്പ് തോന്നി. ഭയം യാസീൻ എന്ന മുപ്പതുകാരനെ കാർന്നു തിന്നുന്നുണ്ടായിരുന്നു. കുളി കഴിഞ്ഞ് അവൻ പ്രാതൽ കഴിച്ചു എന്ന് വരുത്തിയ ശേഷം വീണ്ടും തന്റെ മുറിയിലേക്ക് പോയി. ഒരു മരപ്പലക കൊണ്ടുള്ള ബെഞ്ച് മാത്രമാണ് മുറിക്ക് സ്വന്തമെന്ന് അവകാശപ്പെടാനുള്ളത്. തനിക്കാവട്ടെ, അതു പോലുമില്ല. അയാളുടെ കേസിൻ്റെ വിധി വന്നിട്ട് ഏതാനും ദിവസങ്ങളായി, വധശിക്ഷ. മുറിയിലെ ചുമരിൽ ഒരു കലണ്ടർ ഒട്ടിച്ചു വെച്ചിട്ടുണ്ട്. ദിവസം എണ്ണിയിരിക്കൽ അയാൾക്കൊരു പതിവായിട്ടുണ്ടായിരുന്നു.
"യാസിയെ, പിന്നേം കിടപ്പാണോ?"
ബൂട്സ് എന്ന് വിളിപ്പേരുള്ള ബാലൻ വന്ന് ചോദിച്ചു.
"ബൂട്സെ, നീ വാർഡനോട് പറഞ്ഞ് എനിക്കൊരു പേനയും കടലാസും കൊണ്ടു താ. കുറച്ച് ആളോൾക്ക് കത്തയക്കണം."
'പ്രിയപെട്ട ഹലീം,
ഇത് ഇക്കയാണ്. നിൻ്റെ യാസീക്കാ. നിനക്ക് സുഖ...'
'എത്രയും പ്രിയപെട്ട ഖൈറുന്നിസാ,
..സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. ഈ കത്ത്...'
അയാൾ കടലാസ് ചുരുട്ടിയെറിഞ്ഞു. ആരാണ് തനിക്ക് പ്രിയപ്പെട്ടവർ? ആരും തന്നെയില്ല! ആർക്കാണ് ഈ എഴുത്ത്? ഏതു പ്രിയപ്പെട്ടവർ? ആരുമില്ല!
യാസീൻ മുഖം പൊത്തി ഇരുന്നു. രാത്രികളിൽ അയാൾ പൂർണമായും അലഞ്ഞ് നടക്കാൻ തുടങ്ങി. ഉറക്കമില്ല, വവ്വാലുകളുടെ ചിറകടി കേൾക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. ശരീരമാകെ ചൂട് പടരുന്നു. കാലിൻ്റെ അടിവശം പൊള്ളുന്നു. മേലാകെ നീറ്റൽ.
"യാസീൻ, തെറ്റ് ചെയ്യുന്നവരെ സർവ ശക്തൻ നരകത്തിന്റെ ചൂടിൽ നടത്തിക്കും.”
"ഒന്ന് പോയേ ഉമ്മ. ഏത് നരകം? ഇന്നെ ഒരു സർവ ശക്തനും തൊടില്ല. ഇന്റെ ദൈവം ഞാൻ തന്നെ."
ഉമ്മയുമായി പണ്ട് നടത്തിയ സംഭാഷണം അയാൾ ഓർത്തു. താൻ പറഞ്ഞത് ശരിയാണെന്ന് യാസീൻ ഉറച്ച് വിശ്വസിച്ചു. അയാളുടെ നരകത്തെ അയാൾ സ്വയം വിധിച്ചത് തന്നെയാണെന്നും കരുതി. എന്നാൽ, മരണമെന്ന നിത്യസത്യത്തെ ഉൾക്കൊള്ളാൻ അയാൾ തയ്യാറായിട്ടില്ല. വൈകാതെ അയാളെ ഏകാന്ത തടവു മുറിയിലേക്ക് മാറ്റി. ഇപ്പൊൾ ഭയമല്ല, ഇനി എന്താണ് ചെയ്യേണ്ടത് എന്ന ആശങ്കയായിരുന്നു തലയിൽ മുഴുവനും. എന്തൊക്കെയോ ചെയ്ത് തീർക്കാനുള്ള വെപ്രാളം. അങ്ങനെ, ആയിടക്ക് ഒരു പുസ്തകത്തിനായി അയാൾ ആവശ്യപ്പെട്ടു. പുസ്തകം കിട്ടി. ഒറ്റപ്പെടൽ മറക്കാൻ തനിക്ക് ഒരു കാമുകിയുണ്ടെന്നും അവൾ തന്നെ കാത്തു നിൽക്കുകയാണെന്നും മട്ടിൽ കത്തുകൾ എഴുതി.
പിന്നീട്, അതെല്ലാം വലിച്ച് കീറി കളഞ്ഞു. അങ്ങനെ സങ്കൽപ്പ ലോകത്തും മരണം സംഭവിച്ചു. പിന്നീടുള്ള രാപ്പകലുകൾ അയാൾ ശ്രദ്ധിച്ചില്ല. രാത്രികൾക്ക് നീളം കൂടുതലുണ്ടോ? അതോ പകലുകൾ ചുരുങ്ങിയതോ? യാസീന് അതൊന്നും അറിയണമായിരുന്നില്ല. അയാൾ കൂടുതൽ ശാന്തനായി കാണപ്പെട്ടു. ഉറക്കമില്ലെങ്കിലും ഭക്ഷണം കഴിച്ചിരുന്നു. അവസാനത്തെ അത്താഴം തന്റെ പ്രിയപെട്ടവർക്കൊപ്പം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതും കഴിഞ്ഞ് യാസീൻ തന്റെ മുറിയിലേക്ക് മടങ്ങി.
"നാളെ എന്നെ നേരത്തെ വിളിക്കോ? ഇന്ന് ഞാൻ സൂര്യോദയം കണ്ടു. നാളെ കാണലുണ്ടാവില്ലല്ലോ. ഞാൻ നല്ലോണം കണ്ട്. ഇക്ക് ഒന്ന് കുളിക്കാൻ പറ്റ്വോ ഇപ്പം. നാളെ ഇനി ഒന്നും വേണ്ട."
ഉറച്ച ശബ്ദം. ഭയമില്ല. യാസീൻ കുളിമുറിയിലേക്ക് നടന്നു. ഒഴിഞ്ഞ മുറി. അയാൾ തൻ്റെ നീല ബക്കറ്റിൽ വെള്ളം കോരി നിറച്ച് തലയിൽ ഒഴിച്ചു. വീണ്ടും വീണ്ടും വെള്ളം ഒഴിച്ചു. കണ്ണുകൾ നിറഞ്ഞു.
"ഉമ്മാ, എന്നോട് പൊറുക്കണം..." അയാൾ ഉച്ചത്തിൽ കരഞ്ഞു. അടുത്തുള്ള ഒരു കല്ലിൽ ഇരുന്ന് യാസീൻ മുഹമ്മദ് തേങ്ങി. വീണ്ടും എഴുന്നേറ്റ് വെള്ളം ഒഴിച്ച് സോപ്പ് തേച്ചു. ഈറൻ മാറി പുതിയ മുണ്ടും ജുബ്ബയും ധരിച്ച് മുറിയിലേക്ക് നടന്നു. മരബെഞ്ചിൽ ഇരുന്നുകൊണ്ട് അയാൾ പുറത്തേക്ക് നോക്കി. നല്ല നിലാവുണ്ട്. തലയുയർത്തി നോക്കിയാൽ പൗർണമിയെ കാണാം. നിലാവെളിച്ചം, വെള്ളി ഉരുക്കി ഒഴിച്ചതു മാതിരി ഓടിലും അഴികളിലും പടർന്ന് കയറിയിരിക്കുന്നു. അയാളുടെ മനസ്സ്, അപ്പോൾ ഒന്നും പറഞ്ഞില്ല. നിശബ്ദം!! ചീവീടിൻ്റെ ഒച്ച മാത്രം കേൾക്കാമായിരുന്നു. സമയം എത്രകണ്ട് പോയി എന്ന് അറിയില്ല. സൂപ്രണ്ട് വന്ന് വിളിക്കുമോ എന്ന് അയാൾ ഇടയ്ക്കിടെ അഴികളിലൂടെ നോക്കിക്കൊണ്ടിരുന്നു. വെളിച്ചം അങ്ങോട്ടേക്കില്ല. അയാൾക്ക് ഇരുട്ടല്ലാതെ ഒന്നും കാണാൻ വയ്യ. കണ്ണുകൾ അടക്കാൻ ശ്രമിച്ചു. 'ഒന്ന് ഉറങ്ങാൻ കഴിഞ്ഞെങ്കിൽ' അയാൾ ഉച്ചത്തിൽ നെടുവീർപ്പിട്ടു.
രണ്ടു പോലീസുകാർ വന്നു വിളിച്ചു.
"യാസീൻ..."
അയാൾ എഴുന്നേറ്റ് ചുറ്റും നോക്കി. ഇതാ താൻ സമയം എന്ന സത്യത്തിൽ നിന്നും മോചിതനാകാൻ പോകുന്നു. യാസീൻ പല്ല് തേച്ചു. ഒരു ചായ ആവശ്യപ്പെട്ടു. കുടിക്കാൻ കഴിഞ്ഞില്ല. നെഞ്ചിടിപ്പ് നിശബ്ദമായ മുറിയിൽ ക്ലോക്കിൻ്റെ സെക്കന്റ് സൂചിയുടെ ശബ്ദമെന്നോണം കേൾക്കാമായിരുന്നു.
"യാസീൻ, ബ്ലാക്ക് വാറന്റ് വന്നിരിക്കുന്നു. ഡോക്ടർ നിങ്ങളെ ഒന്ന് പരിശോധിക്കും. വേറെ എന്തെങ്കിലും ഉണ്ടോ?"
"എൻ്റെ ശരീരം പൊതു ശ്മശാനത്തിൽ സംസ്കരിക്കണം. വീട്ടുകാർക്ക് വിട്ടു കൊടുക്കരുത്. ഞാൻ വേദനിപ്പിച്ചവർ എന്നോട് ക്ഷമിച്ചു കഴിഞ്ഞൂ."
ഡോക്ടർ പരിശോധിച്ച് ഉറപ്പ് വരുത്തി. യാസീൻ കണ്ണുകൾ അടച്ചു. കറുത്ത തുണി അയാളുടെ മുഖം മൂടി. കൈ പിൻവശത്തേക്ക് കെട്ടി.
"നടന്നോളൂ യാസീൻ"
ആരാണ് ശബ്ദത്തിൻ്റെ ഉടമ? തിരിച്ചറിയാനായില്ല. എല്ലാം അപരിചിതം. ഉയർന്ന ഒരു പ്രതലത്തിൽ അയാൾ കയറി നിന്നു. കഴുത്തിന് ചുറ്റും മരണക്കയർ വീണു. യാസീൻ കണ്ണ് തുറന്നു. കറുപ്പ്! മറ്റൊന്നുമില്ല. അയാൾ കണ്ണുകൾ തുറന്നു തന്നെ പിടിച്ചു. ഒരു ഇരുമ്പ് ലെവർ ഞരങ്ങി. നിലവിട്ട് അയാൾ വീണു. ആഴങ്ങളും ദൂരങ്ങളും സമയങ്ങളും അളവുകോലല്ലാത്ത മറ്റൊരു പ്രപഞ്ചത്തിലേക്ക്. ഇരുട്ടിൻ്റെ നിറം കറുപ്പല്ല. ഇതു വരെ കണ്ടിട്ടില്ലാത്ത നിറം. ഇരുട്ടും അയാളും പരസ്പരം ലയിച്ചു ചേർന്നു. ചിന്തകൾ മുറിഞ്ഞു. ഇരുട്ട് കണ്ണുകളിൽ നിന്നും ഹൃദയം വഴി നാഭി വഴി സിരകൾ വഴി ഇരച്ചു കയറി. പരിപൂർണമായ ഇരുട്ട്. ദൂരെ ഒരു കൂറ്റൻ കെട്ടിടം, താഴെ മുൾച്ചെടികൾ!