KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

മുസൽസലാത്ത്;പാരമ്പര്യ ഇസ്ലാമിൻ്റെ തുടർച്ച

ബാസിത് ഹംസ നൂറാനി

ഉന്നത മത പഠനത്തിനായി വന്ന വിദ്യാർത്ഥികൾക്കുള്ള 'ദർസാരംഭം' കഴിഞ്ഞ ദിവസങ്ങളിൽ നടക്കുകയുണ്ടായി. സദസ്സിന് മുഖം തിരിഞ്ഞ് സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് പാരായണം ചെയ്താണ് ദർസ് ആരംഭിച്ചത്. എന്നാൽ ബുഖാരി തുടങ്ങും മുമ്പ് അവിടുന്ന് ഒരു ഹദീസ് വിദ്യാർത്ഥികളെ കേൾപ്പിക്കുകയുണ്ടായി ; അഖ്ബറനീ ബിഹി അശ്ശൈഖ് അലമു ദ്ദീൻ അബുൽ ഫൈള് മുഹമ്മദ് യാസീൻ അൽ ഫാദാനി..... എന്ന് തുടങ്ങി ഖാല ന്നബിയ്യു സ്വലല്ലാഹു അലൈഹി വസല്ലം വരെയുള്ള മുഴുവൻ നിവേദകരെയും അവിടുന്ന് വായിച്ച് കേൾപ്പിച്ച് അതിൻ്റെ ഇജാസത്ത് നൽകി. മറ്റൊരു വേള സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് പറഞ്ഞു; ഈ ഹദീസ് കൈമാറുമ്പോൾ നിവേദകരെല്ലാം ചിരിച്ചു കൊണ്ടാണ് ഹദീസ് പറഞ്ഞു കൊടുക്കാറുള്ളത്. ചിരിയുടെ ഹദീസ് എന്നാണ് ഇതിനെ വിളിക്കപ്പെടുന്നത്. പുതുതായി സ്വഹീഹുൽ ബുഖാരി തുടങ്ങുന്ന കുട്ടികളോടു പുഞ്ചിരിച്ചു കൊണ്ട് പറയുകയാണ് ശൈഖുന. അവിടുന്ന് പുതിയ കിതാബ് തുടങ്ങുമ്പോൾ മുസൽസലായ ഹദീസുകൾ ബറകത്തിന് വേണ്ടി പങ്കു വെക്കുകയാണ്. എന്നിട്ട് തനിക്ക് ലഭിച്ചിട്ടുള്ള മുസൽസലായ ഹദീസ് പാരായണം ചെയ്യും മുമ്പ് കൂടിയിരുന്നവരോടായി പറഞ്ഞു:- "ഇന്നീ ഉഹിബ്ബുക്ക്. ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു." വർഷങ്ങൾക്ക് മുമ്പ് പ്രവാചകർ (സ) അവിടുത്തെ ശിഷ്യനായ മുആദ് ബ്നു ജബൽ (റ) നോട് ഒരു ഹദീഥ് പറയുന്നതിന് മുമ്പ് പറഞ്ഞ വാക്കുകളാണിത് . ശേഷം ശൈഖുന അവിടുന്ന് മുആദ് ബ്നു ജബൽ (റ) നോട് നബി തങ്ങൾ പറഞ്ഞ് കൊടുത്ത ആ ഹദീസ് പാരായണം ചെയ്തു. ഈ ഹദീസ് പാരായണം ചെയ്യുന്നവരെല്ലാം തങ്ങളുടെ കേൾവിക്കാരോട് അവരെ താൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് പോന്നു. അറിവന്വേഷികളുമായി ബന്ധപ്പെടുന്ന മിക്ക വേദികളിലും ചില പൊതുവായ ആത്മീയ സദസ്സുകളിലും ശൈഖുന തനിക്ക് ലഭിച്ചിട്ടുള്ള മുസൽസലായ ഹദീസുകൾ ചൊല്ലി കൊടുക്കാറുണ്ട്. തനിക്ക് ലഭിച്ച മുസൽസലായ ഹദീസുകളെ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് സുൽത്താനുൽ ഉലമ രചിച്ച കൃതിയാണ് ഫൈളാനുൽ മുസൽസലാത്.


യഥാർത്ഥത്തിൽ എന്തിനാണ് ഇത്തരം സമ്പ്രദായങ്ങൾ? ഹദീസുകൾ എല്ലാം ക്രോഡീകരിച്ച് കഴിഞ്ഞതല്ലേ, ഇവകൾ സ്വഹീഹുൽ ബുഖാരിയിലും മറ്റു സ്വിഹാഹുകളിലുമായി നേരത്തെ ലഭ്യമായിട്ടില്ലേ? എന്നാൽ ഈ സമ്പ്രദായത്തിന് വലിയ പ്രധാന്യമുണ്ട്. തലമുറകൾ തലമുറകളായി കൈമാറി വന്ന് സുൽത്താനുൽ ഉലമ വഴി മുസൽസലാത്ത് നമ്മിൽ എത്തി നിൽക്കുമ്പോൾ അതിനൊരു പ്രത്യേകതയുണ്ട്. ഒരു പാശത്തിന്റെ ഇപ്പുറത്ത് നമ്മളാണെങ്കിൽ അതിൻ്റെ മറ്റേ അറ്റത്ത് നിൽക്കുന്നത് തിരുദൂതർ (സ) തങ്ങളാണ്. ഒരു ഹദീസിന് നമ്മിൽ നിന്നും നബി(സ) യിലേക്കെത്തുന്ന സനദ് ഉണ്ടാവുക എന്നത് എത്ര വലിയ ഭാഗ്യമാണ്. ഹദീസ് ശാസ്ത്രത്തിൽ ഇത്തരം ഹദീസുകളെ ഹദീസ് അൽ മുസൽസൽ എന്ന് പറയപ്പെടുന്നു. മുമ്പെന്നോ അവസാനിച്ചെന്ന് പലരും കരുതുന്ന ഇസ്നാദുകൾ പുതുയുഗത്തിൽ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ ചെറിയ മാതൃകയായി ഇതിനെ മനസ്സിലാക്കാം. ഇതുവരെ എവിടെയും ക്രോഡീകരിക്കപ്പെടാത്തതും സനദുകളിലൂടെ ജീവിക്കുന്നതുമായ സത്യമോ വ്യാജമോ ആയ ഒരു ഹദീസ് പോലും ഉള്ളതായി ഇന്ന് ആരും അവകാശപ്പെടുന്നില്ല. എ.ഡി. 1000 ത്തോടെ സനദുകളിലൂടെ മാത്രമുള്ള ഹദീസ് കൈമാറ്റവും അവ തേടിയുള്ള യാത്രകളും അവസാനിച്ചുതുടങ്ങിയിരുന്നു. ശേഷം ഗ്രന്ഥങ്ങൾ അവലംബിക്കപ്പെടുന്ന കാലമായി. പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജീവിച്ച ഇമാം ബൈഹഖി ഇപ്രകാരം പ്രസ്താവിച്ചതായി കാണാം. അവലംബനീയമായ വഴികളിലൂടെ പ്രവാചകരിലേക്ക് ചേർക്കാവുന്ന സ്വഹീഹായ ഹദീസുകൾ മുഴുവൻ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ഇനി നബിയുടേതെന്ന് ഈ ഗ്രന്ഥങ്ങളിലില്ലാത്ത ഒരു ഹദീസ് ആരെങ്കിലും പറഞ്ഞാൽ അത് തികച്ചും വ്യാജമാണെന്ന് മനസ്സിലാക്കപ്പെടണം (മുഖദ്ദിമതു ഇബ്നു സ്വലാഹ്).


ഹിജ്റ നാലാം നൂറ്റാണ്ടിലുണ്ടായ മുസൽസലാത്തുകളുടെ ആവിർഭാവം ഹദീസ് നിവേദനത്തിൻ്റെ ആചാരവൽക്കരണം (ritualization) ത്വരിതപ്പെടുത്തുന്നതിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. അവകൾ വ്യാപകമായി പ്രചരിക്കുന്നതിൽ ഇത്തരത്തിലുള്ള മുസൽസലായ ഹദീസുകളുടെ ഇജാസത്തുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഹദീസ് വ്യാപനത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന പുരോഗനാത്മകമായ വളർച്ചയെ സൂചിപ്പിക്കുന്നതുകൂടിയാണ് ഇമാം ഗസ്സാലിയുടെ പ്രഖ്യാപനം. അറിയപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളുടെ ഏതെങ്കിലും ഒരു കോപ്പിയിൽ തെറ്റുകൾ വന്നാൽ തന്നെയും മറ്റു നിരവധി കോപ്പികളുമായി തട്ടിച്ചുനോക്കി തെറ്റുത്തിരുത്താൻ സാധിക്കുമെന്ന അവസ്ഥ സംജാതമായി. ഈ കാലഘട്ടത്തിലാണ് ഇജാസ(റിപ്പോർട്ട് ചെയ്യാനുള്ള അനുവാദം) പാരമ്പര്യം ശക്തി പ്രാപിക്കുന്നത്. ഒരു ഗ്രന്ഥം ഉസ്താദിന്റെ അടുത്തു നിന്ന് ഭാഗികമായി മാത്രം ഓതുകയും (ചിലപ്പോൾ ആദ്യ ഹദീസ് മാത്രം) ബാക്കിയുള്ളവകൂടി എന്നെ തൊട്ട് ഉദ്ധരിക്കാൻ ഇജാസത്ത് നൽകി എന്ന് പറയുകയുമായിരുന്നു പതിവ്. നേരത്തെ ഉണ്ടായിരുന്ന ഇസ്നാദ് സംസ്കാരത്തോട് തട്ടിച്ചു നോക്കുമ്പോൾ രണ്ടാം സ്ഥാനമേ ഇജാസ പാരമ്പര്യത്തിനുണ്ടായിരുന്നുള്ളൂ. എങ്കിലും ഗ്രന്ഥകർത്താവിലേക്കെത്തുന്ന സനദ് അപ്പോഴും സൂക്ഷിക്കപ്പെട്ടിരുന്നു. ഈ രീതി ചെറിയ രൂപത്തിൽ ഒൻപതാം നൂറ്റാണ്ടിൽ തന്നെ നിലനിന്നിരുന്നുവെങ്കിലും എ.ഡി. ആയിരത്തിലാണ് കൂടുതൽ സജീവമാകുന്നത്.


/

ഭാഷാപരമായി മുസൽസൽ എന്നാൽ ബന്ധിപ്പിക്കപ്പെട്ടത് അഥവാ കണക്റ്റട് എന്ന അർത്ഥത്തെയാണ് സൂചിപ്പിക്കുന്നത്. നിവേദക ശൃംഖലയിലുള്ള എല്ലാവരും ഒരു ഗുണവിശേഷത്തിലോ അവസ്ഥയിലോ സമയത്തിലോ പ്രത്യേകമായി കൈമാറുന്ന ഹദീസുകളായിരിക്കും അവകൾ. ചിരിയുടെ ഹദീസ് പോലെ പ്രസിദ്ധമാണ് ഈത്തപ്പഴത്തിൻ്റെ ഹദീസ്. ഒരിക്കൽ തിരുദൂതർ (സ) ഈത്തപ്പഴവും വെള്ളവും നൽകി രണ്ട് വിദേശികളായ സ്വഹാബത്തിന് ആതിഥ്യമരുളി. അതിന് ശേഷം അതിഥികളെ ബഹുമാനിക്കണം എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ് അവരെ കേൾപ്പിച്ചു. അവർ പിന്നീട് ഈത്തപ്പഴവും വെള്ളവും നൽകി സ്വന്തം കൂട്ടാളികൾക്ക് ആതിഥേയത്വം വഹിച്ചു. എന്നിട്ട് അതിഥികളെ ആതിഥ്യമരുളുന്നതിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ആ ഹദീസ് ഈ അതിഥികൾക്ക് പറഞ്ഞ് കൊടുത്തു. അവർ പിന്നീട് ആതിഥേയരായപ്പോൾ അവരുടെ അതിഥികൾക്ക് ഇതേ രൂപത്തിൽ ഈ ഹദീസ് കൈമാറിപ്പോന്നു. അങ്ങനെ തലമുറതലമുറയായി ഇന്നും ജീവനുള്ള രേഖകളായി ആ മുസൽസലായ ഹദീസ് നിലനിൽക്കുന്നു. ചിലപ്പോൾ നിവേദകപരമ്പരയിലെ എല്ലാവരും ഒരേ വാക്യത്തിൽ ആയിരിക്കും ഹദീസ് കൈമാറിയത്. മറ്റു ചിലപ്പോൾ ഒരുപോലെയുള്ള പ്രവർത്തനങ്ങൾ ആയിരിക്കും. ചില മുസൽസലുകളിൽ സമാനമായ വാക്കും പ്രവർത്തിയും നിവേദകരിൽ കാണാൻ സാധിക്കും.


നാലാം/പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് പണ്ഡിതന്മാർ മുസൽസലായ ഹദീസിനെ ഒരു പ്രത്യേക വിഭാഗമായി എണ്ണിതുടങ്ങുന്നത്. പേർഷ്യൻ ഹദീസ് പണ്ഡിതനായ അൽ-ഹാക്കിം അൽ-നൈസാബുരിയാണ് (d. 405/1015) ആദ്യമായി വാമൊഴിയാൽ കൈമാറി വരുന്ന ഗണത്തിൽ കണക്കാക്കി മുസൽസലുകളെ ഉൾപ്പെടുത്തുന്നതും ആ ഹദീസിനെ എട്ടോളം വ്യത്യസ്ത ഉപവിഭാഗങ്ങളായി വിഭജിക്കുന്നതും. ഏതാണ്ട് അതേ സമയത്താണ് മറ്റ് പണ്ഡിതന്മാർ മുസൽസലായ ഹദീസുകളെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് സ്വതന്ത്രമായ ഗ്രന്ഥങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. നാലാം നൂറ്റാണ്ടിലെ ബാഗ്ദാദീ ഹദീസ് പണ്ഡിതൻ അബൂബക്കർ അഹ്മദ് ബിൻ ഇബ്രാഹിം ഇബ്നു ഷാദാനിൻ്റെതാണ് (d. 383/993) ആദ്യത്തെ മുസൽസൽ ശേഖരമായി അറിയപ്പെടുന്നത്. താമസിയാതെ, അതേ നൂറ്റാണ്ടിലെ മറ്റ് പണ്ഡിതന്മാരായ അൽ-ദറാബ് (d. 392/1001), അൽ-നുഖാത്തി (d. 400/1009), ഇബ്‌ൻ ഫൻജാവയ് (d. 414/1023) തുടങ്ങിയവർ നിർമ്മിച്ച ശേഖരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. മുസൽസൽ ശേഖരത്തിലെ പുസ്തകങ്ങളുടെ എണ്ണം നൂറ്റാണ്ടുകളായി പെരുകി. പ്രത്യേകിച്ച് സ്വിഹാഹുകളിലായി മുഴുവൻ ഹദീസുകളും ക്രോഡീകരിച്ചതിന് ശേഷം സനദിൻ്റെ പ്രാധാന്യം പ്രവാചകാനുഗ്രഹമായി ഇവർ കണ്ടു. പന്ത്രണ്ടാം നൂറ്റാണ്ടിൽ, അൽ-സാബിദിക്ക് മുന്നൂറിലധികം വ്യത്യസ്ത മുസൽസലുകൾ കണക്കാക്കാൻ കഴിയും വിധം ഈ മേഖല വിശാലമായിരുന്നു.


ശൈഖ് യാസീൻ അൽ ഫാദാനിയുടെ സംഭാവനകൾ

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, വിവിധ ഇസ്ലാമിക പ്രസ്ഥാനങ്ങൾ മുസ്ലീങ്ങളുടെ സാമൂഹിക-മത പരിസരങ്ങളിൽ നുഴഞ്ഞുകയറി ഉയർന്നുവന്നതായി കാണാം. പാശ്ചാത്യ കൊളോണിയലിസത്തിൽ നിന്ന് മിക്ക മുസ്‌ലിം രാജ്യങ്ങളും സ്വാതന്ത്ര്യം നേടുന്നത് ഈയൊരു അവസരത്തിലാണ്. കോളനി കാലഘട്ടത്തിൽ ഇസ്ലാമിക ബൗദ്ധിക ചലനങ്ങൾ പല ദേശങ്ങളിലും മുരടിച്ചു പോയിരുന്നു. അങ്ങനെ വീണ്ടും ഇസ്ലാമിക സമൂഹങ്ങൾക്കിടയിൽ മതബോധം വളരുന്നു. ഹദീസിനെയും അതുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരുന്നു. എന്നാൽ പലരും ഹദീസ് ശാസ്ത്രത്തെ തെറ്റായി വ്യാഖ്യാനിക്കാൻ തുടങ്ങി എന്ന് മാത്രമല്ല, ഓറിയൻറൽ വിമർശന രീതിയെ പിന്തുടർന്നുകൊണ്ട് സനദിൻ്റെയും മറ്റു ഹദീസ് പാരമ്പര്യങ്ങളുടെയും ആധികാരികതയെ ചോദ്യം ചെയ്യാൻ തുടങ്ങി. പാരമ്പര്യ പണ്ഡിതർ സനദിന് ഇന്നും വലിയ പ്രാധാന്യം കൽപ്പിക്കുമ്പോൾ ചിലർ ഉൽപതിഷ്ണുക്കളായ സലഫി വക്താക്കൾ മുസൽസലായ ഹദീസുകൾ കൊണ്ട് ബറക്കത്ത് എടുക്കുന്നതിനെ നിശിതമായി വിമർശിക്കുന്നു. ഈയൊരു ഘട്ടത്തിലാണ് ഹദീസ് പഠനത്തിന്റെ ഉന്നതികളിലേക്ക്, മുഹമ്മദ് യാസിൻ ബിൻ മുഹമ്മദ് 'ഇസാ അൽ-ഫദാനി (1335/1916-1410/1990) അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ കൊണ്ട് ഇസ്ലാമിക ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മുസൽസലായ ഹദീസുകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളരെ പ്രസിദ്ധിയാർജ്ജിച്ച അദ്ദേഹത്തിൻ്റെ ഗ്രന്ഥമാണ് അൽ-ഉജാല ഫി അൽ-അഹാദീസ് - അൽ-മുസൽസലാ. ശീർഷകത്തിൽ വ്യക്തമായി പ്രതിഫലിപ്പിക്കുന്നതുപോലെ, ഇത് മുസൽസലിന്റെ ഒരു സമാഹാരമാണ്, അൽ-ഫാദാനിയെ പ്രവാചകനുമായി ബന്ധിപ്പിക്കുന്ന മുഴുവൻ പ്രക്ഷേപണ ശൃംഖലയും ഉപയോഗിച്ച് അദ്ദേഹം കൈമാറിയ ഹദീസുകൾ. പാരമ്പര്യ സനദുകളെ വിലകുറച്ച് കണ്ടിരുന്ന ആധുനിക വാദികൾക്ക് മുന്നിൽ സനദ് എങ്ങനെയാണ് മുസ്ലിം സമൂഹത്തെ പ്രവാചകനിലേക്ക് ആത്മീയമായി ബന്ധിപ്പിക്കുന്നത് എന്ന് തൻ്റെ ഗ്രന്ഥത്തിലൂടെ അദ്ദേഹം വരച്ചുകാട്ടി. ഇസ്ലാമിക കർമശാസ്ത്രം, ദൈവശാസ്ത്രം, വാച്യ ശാസ്ത്രം തുടങ്ങി വിവിധങ്ങളായ ശാഖകളിൽ അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഹദീസ് രംഗത്തെ സംഭാവനകളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അൽ-ഫാദാനി ഹദീസുകൾ മാത്രം സമാഹരിക്കുന്ന 70-ലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 700-ലധികം ലോക ഇസ്ലാമിക പണ്ഡിതന്മാരിൽ നിന്ന് നൂറുകണക്കിന് ഇജാസകൾ അദ്ദേഹം നേടിയെടുത്തു. അദ്ദേഹത്തിന്റെ പ്രശസ്തി സനദ് അന്വേഷകരെയും പ്രമുഖരെയും ആകർഷിച്ചു. അദ്ദേഹത്തിൻ്റെ അഗണ്യമായ സംഭാവനകളെ മുൻനിർത്തി പണ്ഡിതലോകം അദ്ദേഹത്തെ മുസ്നിദുൽ അസർ അഥവാ കാലഘട്ടത്തിൻ്റെ മുസ്നിദ്/മുഹദ്ദിസ് എന്ന് വിളിച്ചു . ഫാദാനിയുടെ ജീവചരിത്രവും അദ്ദേഹം ഇജാസത്തുകൾ സ്വീകരിച്ച പണ്ഡിതരുടെയും ചരിത്രങ്ങൾ മാത്രം വിശദീകരിക്കുന്ന ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. മഹ്മൂദ് സഈദ് മംദൂഹിൻ്റെ തസ്നീഫുൽ അസ്മാ ബി ശുയൂഖിൽ ഇജാസ വ സമാ, ബുലൂഗുൽ അമാനി തുടങ്ങിയ ഗ്രന്ഥങ്ങൾ ചില ഉദാഹരണങ്ങളാണ്.


ശൈഖ് യാസീൻ അൽ ഫാദാനിയെ സംബന്ധിച്ചിടുത്തോളം സനദുമായി ബന്ധപ്പെടുന്ന ഒരാൾക്ക് പ്രവാചകരുമായും മുൻകാല പണ്ഡിതന്മാരുമായും കൃത്യവും യാഥാർത്ഥവുമായ ബന്ധം സ്ഥാപിക്കാൻ കഴിയും. ചുരുക്കത്തിൽ കാഴ്ചയിൽ സനദ് പാരമ്പര്യ പണ്ഡിതന്മാരുടെ തുടർച്ച, സ്വത്വം, നിയമസാധുത എന്നിവ പ്രതിഫലിപ്പിക്കുന്ന പോലെ ആത്മീയമായും അവകൾക്ക് ഏറെ കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. മുഴുവൻ ഹദീസുകളും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്, ശരിയാണ്. എന്നാലും സനദിന്റെ പ്രാധാന്യം അതേപടി നിലനിൽക്കും. ഇസ്ലാമിക ശാസ്ത്രം എങ്ങനെ വരുംതലമുറയ്ക്ക് കൈമാറണം എന്നതിൻ്റെ ഉത്തരമാണത്. അത് പണ്ഡിതന്മാരിൽ നിന്ന് നേരിട്ടും മുഖാമുഖവുമായ രീതിയിൽ ആയിരിക്കണം.

Articles
Religion
Hadith Literature

Related Posts

Loading