KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ആധുനികതയിലെ നൈതിക സ്രോതസ്സുകൾ: മതപരമായ ധാർമ്മികതയും ഹേബർമാസിയൻ ക്രിട്ടിക്കൽ തിയറിയും (Part-1)

വാസ്വിൽ മുജീബ് നൂറാനി

ആധുനിക രാഷ്ട്രീയ-സാമൂഹിക ചിന്താമണ്ഡലത്തിൽ യുർഗൻ ഹേബർമാസിന്റെ വൈജ്ഞാനിക ദർശനങ്ങൾ, സെക്യുലറിസം (മതനിരപേക്ഷത) എന്ന ആശയത്തെ പുനർനിർവ്വചിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. മതം ആധുനികതയുടെ വളർച്ചയോടെ അപ്രത്യക്ഷമാകുമെന്ന പരമ്പരാഗത നിഗമനങ്ങളെ തിരുത്തിക്കൊണ്ട്, സമകാലിക സമൂഹങ്ങളിൽ മതത്തിനുള്ള സ്വാധീനത്തെ ജനാധിപത്യപരമായ സംവാദങ്ങളുടെ ഭാഗമാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. യുക്തിയും വിശ്വാസവും തമ്മിലുള്ള അകൽച്ച കുറയ്ക്കുന്നതിനായി അദ്ദേഹം മുന്നോട്ടുവെച്ച ‘മതേതരാനന്തര സമൂഹം' (Post-secular society), 'ഭരണഘടനാപരമായ ദേശീയത' (Constitutional Patriotism) തുടങ്ങിയ ആശയങ്ങൾ ആഗോളവൽക്കരണ കാലത്തെ വംശീയവും രാഷ്ട്രീയവുമായ പ്രതിസന്ധികൾക്ക് ബൗദ്ധികമായ പരിഹാരം നിർദ്ദേശിക്കുന്ന ആലോചനകളായിരുന്നു. തത്ത്വചിന്തയും മതപരമായ ഉൾക്കാഴ്ചകളും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള ഹേബർമാസിന്റെ വിശകലനങ്ങൾ മറ്റുള്ള ആധുനിക ചിന്തകന്മാരിൽ നിന്നും വ്യത്യസ്തമാകുന്നത് ഇത്തരം ആലോചനകളിലൂടെയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുർഗൻ ഹേബർമാസിന്റെ ബൗദ്ധിക ചിന്താഗതികളിൽ പ്രകടമായ പരിണാമം ദൃശ്യമാണ് എന്നാണ് അദ്ദേഹത്തെ നിരൂപിച്ച ഒരുകൂട്ടം പണ്ഡിതർ അഭിപ്രായപ്പെടുന്നത്. തന്റെ മുൻകാല സിദ്ധാന്തങ്ങൾക്ക് നേരെ ഉയർന്ന വിമർശനങ്ങളെ ക്രിയാത്മകമായി ഉൾക്കൊള്ളുന്നതോടൊപ്പം തന്നെ, രാഷ്ട്രീയ-മാനദണ്ഡാധിഷ്ഠിത തത്ത്വചിന്തയിലെ (Political and normative philosophy) അടിസ്ഥാനപരമായ പ്രമേയങ്ങളിലേക്ക് അദ്ദേഹം മടങ്ങുകയും ചെയ്യുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ നിലനിൽക്കുന്ന ജനാധിപത്യ ഭരണകൂടങ്ങളുടെ നിയമസാധുതയെയും (Legitimate democratic government) അവയുടെ നിലനിൽപ്പിന് ആധാരമായ മുൻധാരണകളെയും ഹേബർമാസ് ഈ ഘട്ടത്തിൽ ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കുകയാണ് ചെയ്തത്. യൂറോപ്യൻ യൂണിയന്റെ ഭാവി, ദേശീയതയുടെ സങ്കീർണ്ണതകൾ, ആഗോളവൽക്കരണത്തിന്റെ പ്രഭാവം, വിശ്വാസവും യുക്തിയും തമ്മിലുള്ള വൈരുദ്ധ്യാത്മക സംവാദം എന്നിവയായിരുന്നു ഈ കാലയളവിലെ അദ്ദേഹത്തിന്റെ രചനകളിലെ പ്രധാന ചർച്ചാവിഷയങ്ങൾ.


ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങളെ ഐക്യപ്പെടുത്തുന്ന ഘടകത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് 'ഭരണഘടനാപരമായ ദേശീയത' (Constitutional Patriotism) എന്ന ശ്രദ്ധേയമായ ആശയം അദ്ദേഹം വികസിപ്പിക്കുന്നത്. വംശം, മതം, ഭാഷ അല്ലെങ്കിൽ രക്തബന്ധം തുടങ്ങിയ ‘സങ്കുചിത താല്പര്യങ്ങളിൽ’ ഊന്നിയുള്ള പരമ്പരാഗത ദേശീയതാ സങ്കല്പങ്ങൾ ആധുനിക സമൂഹങ്ങളിൽ വിഭജനത്തിന് കാരണമാകുമെന്ന് ഹേബർമാസ് നിരീക്ഷിക്കുന്നു. ഇതിനു പകരമായി, സാർവത്രിക മനുഷ്യാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, നീതിയുക്തമായ നിയമവ്യവസ്ഥ എന്നിവയോടുള്ള പൗരന്മാരുടെ പ്രതിബദ്ധതയാണ് ദേശീയ ഐക്യത്തിന്റെ അടിസ്ഥാനശിലയാകേണ്ടത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇതിലൂടെ ഓരോ പൗരനും തങ്ങളുടെ സാംസ്കാരിക സ്വത്വവും വിശ്വാസങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ, തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനാ തത്വങ്ങൾക്ക് കീഴിൽ രാഷ്ട്രീയമായി ഒരുമിക്കുന്ന ഒരു ബഹുസ്വര സമൂഹത്തെയാണ് ഹേബർമാസ് വിഭാവനം ചെയ്യുന്നത്.


ആധുനികതയുടെ വികാസത്തോടെ മതം പൂർണ്ണമായും നിഷ്കാസനം ചെയ്യപ്പെടുമെന്ന പരമ്പരാഗത 'സെക്യുലറൈസേഷൻ' (Secularization) സിദ്ധാന്തത്തെ പിൽക്കാലത്ത് ഹേബർമാസ് പരിഷ്കരിക്കുകയുണ്ടായി. സമകാലിക സമൂഹങ്ങളിൽ മതത്തിനുള്ള ശക്തമായ സ്വാധീനത്തെ വിസ്മരിക്കുന്നത് ജനാധിപത്യ പ്രക്രിയയ്ക്ക് ഗുണകരമല്ലെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് മതരഹിതമായ യുക്തിയും (Secular reason) മതവിശ്വാസവും (Religious faith) പൊതുമണ്ഡലത്തിൽ സഹവർത്തിത്വത്തോടെ നിലകൊള്ളുന്ന അവസ്ഥയെയാണ് 'പോസ്റ്റ്-സെക്യുലർ സമൂഹം' എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു സാമൂഹിക ക്രമത്തിൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും തുല്യമായ പൗരാവകാശങ്ങൾ വിഭാവനം ചെയ്യപ്പെടുന്നതോടൊപ്പം മതം കേവലം വ്യക്തിപരമായ വികാരമായി ഒതുങ്ങാതെ, സാമൂഹിക നീതിയെയും മാനവികതയെയും കുറിച്ചുള്ള പൊതുസംവാദങ്ങളിൽ സജീവമായി ഇടപെടണമെന്നാണ് ഹേബർമാസിന്റെ പക്ഷം.


വിശ്വാസവും യുക്തിയും തമ്മിലുള്ള അർത്ഥവത്തായ സംവാദത്തിന് മതപരമായ ആശയങ്ങളിലെ ധാർമ്മിക മൂല്യങ്ങളെ മതരഹിതമായ ഭാഷയിലേക്ക് (Secular language) വിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണെന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന ആശയമാണ്. എങ്കിൽ മാത്രമേ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ പങ്കെടുക്കുന്ന ജനാധിപത്യ സംവാദങ്ങളിൽ ഇത്തരം ആശയങ്ങൾക്ക് പ്രസക്തി കൈവരുകയുള്ളൂ എന്നതാണ് കാരണമായി പറയുന്നത്. അതോടൊപ്പം, മതരഹിത ചിന്തകർ മതങ്ങളെ അന്ധവിശ്വാസങ്ങളായി തള്ളിക്കളയാതെ, അവ മുന്നോട്ടുവെക്കുന്ന ഉൾക്കാഴ്ചകളെ വിശകലനം ചെയ്യാൻ സന്നദ്ധരാകേണ്ടതുണ്ട് എന്ന വിമർശനവും അദ്ദേഹത്തിനുണ്ട്. യുക്തിയും വിശ്വാസവും തമ്മിലുള്ള ഈ പരസ്പര വിവർത്തന പ്രക്രിയ ആധുനിക സമൂഹങ്ങളിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും സഹായിക്കുമെന്ന് ഹേബർമാസ് വാദിക്കുന്നു.


രാഷ്ട്രം (Nation-state) കൈവരിച്ച നിയമപരവും സാമൂഹികവുമായ നേട്ടങ്ങളെ അംഗീകരിക്കുമ്പോഴും, യുക്തിസഹമായ സംവാദങ്ങളെ തടസ്സപ്പെടുത്തുന്ന വംശീയവും സാംസ്കാരികവുമായ പക്ഷപാതങ്ങളെ ഹേബർമാസ് വിമർശനാത്മകമായി സമീപിക്കാനാണ് ശ്രമിക്കുന്നത്. ആധുനിക രാഷ്ട്രങ്ങൾ ജനകീയ പരമാധികാരം, മനുഷ്യാവകാശം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങൾ ഭരണഘടനയിലൂടെ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും, ഒരു സമൂഹത്തെ ദീർഘകാലം ഒന്നിപ്പിച്ചു നിർത്താൻ നിയമങ്ങൾ മാത്രം പര്യാപ്തമല്ലെന്ന തിരിച്ചറിവ് ദേശീയത (Nationalism) എന്ന വൈകാരിക ഘടകത്തിന് പ്രാധാന്യം നൽകുകയുണ്ടായി എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഹേബർമാസിന്റെ നിരീക്ഷണത്തിൽ, രാഷ്ട്രീയ തീരുമാനങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും മുൻപേ രൂപപ്പെടുന്ന ഒരു വൈകാരിക ബന്ധമാണ് ദേശീയത. ഇത് ആധുനിക രാഷ്ട്രങ്ങളെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന സാർവത്രിക നിയമസമൂഹം, ചരിത്രപരമായ പശ്ചാത്തലത്തിൽ രൂപപ്പെട്ട സവിശേഷ ജനവിഭാഗം എന്നീ രണ്ട് വിരുദ്ധ ധ്രുവങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയതയുടെ പുനരുജ്ജീവനത്തിനുള്ള സാധ്യതകളെ ഹേബർമാസ് ഗൗരവകരമായി വിശകലനം ചെയ്യുന്നുണ്ട്. സാമ്പത്തിക ഏകീകരണവും കുടിയേറ്റം മൂലമുണ്ടാകുന്ന സാംസ്കാരിക പരിവർത്തനങ്ങളും യൂറോപ്യൻ രാഷ്ട്രങ്ങളിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നും ആഭ്യന്തരതലത്തിൽ ബഹുസാംസ്കാരികതയും (Multiculturalism) ബാഹ്യമായി അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകളും പരമ്പരാഗത രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നുണ്ട് എന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ സാമൂഹിക ഐക്യത്തിനായി ദേശീയതയെ ആശ്രയിക്കുന്നത് പ്രായോഗികമായി തോന്നാമെങ്കിലും, അത് ആധുനികത കൈവരിച്ച നേട്ടങ്ങളെ തകർക്കാൻ കാരണമായേക്കാവുന്ന അപകടകരമായ നീക്കമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ആധുനിക ജനാധിപത്യ സമൂഹങ്ങളിൽ സ്വീകാര്യമായ ഏക ദേശസ്നേഹ മാതൃക 'ഭരണഘടനാപരമായ ദേശീയത' (Constitutional Patriotism) ആണെന്ന് ഹേബർമാസ് സിദ്ധാന്തിക്കുന്നു. 1980-കളിൽ ജർമ്മനിയിലെ നാസി ഭൂതകാലത്തെ പുനർവ്യാഖ്യാനിക്കാൻ ചില ചരിത്രകാരന്മാർ ശ്രമിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഈ പദം ആദ്യമായി പ്രയോഗിക്കുന്നത്. ഫാസിസത്തെ അതിജീവിച്ച് നീതിയുക്തമായ ഒരു രാഷ്ട്രീയ ക്രമം സ്ഥാപിച്ചതിലുള്ള പൗരബോധത്തെയാണ് അദ്ദേഹം ഇതിലൂടെ വിഭാവനം ചെയ്തത്. സാർവത്രിക ജനാധിപത്യ മൂല്യങ്ങളെ അതത് രാജ്യങ്ങളുടെ ചരിത്രവുമായി ബന്ധിപ്പിക്കുമ്പോൾത്തന്നെ, സ്വന്തം പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്താൻ ഇത് പൗരന്മാരെ പ്രാപ്തരാക്കുന്നുവെന്നും ഒപ്പം സാംസ്കാരികമോ ഭൂമിശാസ്ത്രപരമോ ആയ സങ്കുചിതത്വങ്ങൾക്ക് അതീതമായി പൗരന്മാരെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കാൻ ഈ ബോധത്തിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. എങ്കിലും, ഇത്തരം ഒരു ധാർമ്മിക അടിത്തറയ്ക്ക് വൈകാരികമായ ദേശീയതയ്ക്ക് തുല്യമായ അചഞ്ചലമായ ഭക്തി പൗരന്മാരിൽ ജനിപ്പിക്കാൻ കഴിയുമോ എന്നത് ഇന്നും ഒരു സംവാദ വിഷയമായി അവശേഷിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.


യൂറോപ്യൻ യൂണിയന്റെ (EU) രാഷ്ട്രീയ ഏകീകരണത്തിന് ഏറ്റവും അനുയോജ്യമായ മാതൃകയായാണ് ഭരണഘടനാപരമായ ദേശീയത വിലയിരുത്തപ്പെടുന്നത്. വൈവിധ്യമാർന്ന ഭാഷകളും സംസ്കാരങ്ങളും ചരിത്രപശ്ചാത്തലങ്ങളുമുള്ള യൂറോപ്യൻ രാജ്യങ്ങളെ വംശീയമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഏകീകരിക്കുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ, ജനാധിപത്യം, മനുഷ്യാവകാശം, നിയമവാഴ്ച തുടങ്ങിയ സാർവത്രിക പ്രമാണങ്ങളിലുള്ള പൊതുവായ വിശ്വാസത്തിലൂടെ യൂറോപ്യൻ പൗരന്മാരെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് ഹേബർമാസ് വാദിക്കുന്നു. ഇത്തരമൊരു രാഷ്ട്രീയ ബോധം യൂറോപ്പിനെ കേവലമൊരു സാമ്പത്തിക കൂട്ടായ്മ എന്നതിലുപരി ഏകീകൃതമായ ഒരു രാഷ്ട്രീയ സമൂഹമായി പരിവർത്തിപ്പിക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.


എന്നിരുന്നാലും, സമീപകാലത്ത് യൂറോപ്പിൽ തീവ്ര ദേശീയവാദ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുന്നത് ഹേബർമാസിന്റെ സിദ്ധാന്തങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്നതും ശ്രദ്ധേയമായ മറ്റൊരു വിമർശനമാണ്. കുടിയേറ്റം, സാമ്പത്തിക അസ്ഥിരത തുടങ്ങിയ പ്രതിസന്ധികളെ മുൻനിർത്തി പല രാജ്യങ്ങളും തങ്ങളുടെ വംശീയ സ്വത്വങ്ങളിലേക്ക് (Ethnic identities) മടങ്ങാൻ ശ്രമിക്കുന്നത് കാണാം എന്നാണ് അത്തരക്കാർ അഭിപ്രായപ്പെടുന്നത്. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാൻ 'ഭരണഘടനാപരമായ ദേശീയത' എന്ന യുക്തിസഹമായ (Rational) ആശയത്തിന് എത്രത്തോളം സാധിക്കുമെന്നത് ആധുനിക രാഷ്ട്രീയ ചിന്തയിലെ പ്രധാന ചർച്ചാവിഷയമാണ്. വംശീയ ദേശീയത പൗരന്മാർക്ക് നൽകുന്ന വൈകാരികമായ സുരക്ഷിതബോധം നൽകുന്നതിനെക്കാൾ കൂടുതൽ ബൗദ്ധികമായ ഭരണഘടനാ ദേശീയത പരാജയപ്പെടുന്നു എന്ന വിമർശനവും ഈ പശ്ചാത്തലത്തിൽ ഉന്നയിക്കപ്പെടുന്നുണ്ട്.


ഹേബർമാസിന്റെ വീക്ഷണപ്രകാരം പൗരന്മാർ തങ്ങളുടെ സാംസ്കാരിക പാരമ്പര്യങ്ങളെ വിമർശനാത്മകമായി സമീപിക്കേണ്ടത് അനിവാര്യമാണ്. ജർമ്മനിയിലെ തന്റെ അനുഭവങ്ങളെ മുൻനിർത്തി, ഭൂതകാലത്തിലെ ചരിത്രപരമായ തെറ്റുകളെ അംഗീകരിക്കുകയും അവ ആവർത്തിക്കില്ലെന്ന് ഭരണഘടനാ മൂല്യങ്ങളിലൂടെ ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം വാദിക്കുന്നു. ഈ 'സ്വയം വിമർശനാത്മകമായ ദേശസ്നേഹം' (Self-critical patriotism) ബഹുസാംസ്കാരിക സമൂഹങ്ങളിൽ സമാധാനപരമായ സഹവർത്തിത്വത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചുരുക്കത്തിൽ യൂറോപ്പിന്റെ ഭാവി, വംശീയമായ വേർതിരിവുകൾക്ക് അപ്പുറം ചിന്തിക്കുന്ന ഇത്തരം ഒരു രാഷ്ട്രീയ ബോധത്തിലാണെന്ന് ഹേബർമാസ് ഉറപ്പിച്ചു പറയുന്നു. എങ്കിലും ഇത്തരം നിലപാടുകൾക്കൊപ്പം നിൽക്കുമ്പോഴും ഫലസ്‌തീൻ-ഇസ്രായേൽ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

Articles
Religion

Related Posts

Loading