KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

നസ്‌ഖും ബുദ്അയും: ഖുർആനിന്റെ സാമൂഹികതയും ആധുനികതയുടെ വിചാരണയും

ഇയാസ് സുലൈമാൻ

ഒരു നയ നിർമാതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പ്രധാനമാണ് സമൂഹത്തിന്റെ അവസ്ഥയും നിയമം നടപ്പിൽ വരുത്തേണ്ട കാലത്തെകുറിച്ചുള്ള കൃത്യമായ ബോധവും. സാമൂഹത്തിന്റെ അവസ്ഥയിലൂടെ പ്രശ്നത്തെ മനസ്സിലാക്കാനും പരിഹാരക്രിയകളെ നിർമിക്കാനും കഴിയുമെങ്കിലും കാലത്തെ അറിയുമ്പോൾ മാത്രമാണ് ഉചിതവും ഫലപ്രദവുമായ നിയമങ്ങളായി അവയെ മാറ്റാൻ സാധിക്കുന്നത്. പ്രസ്തുത നിയമങ്ങളിലൂടെ മാറ്റം കണ്ടാൽ സാമൂഹിക ഗുണത്തിന്റെ മറ്റൊരു തലത്തിനായി അതിനെ നവീകരിക്കാനും വ്യക്തികളെ കൂടുതൽ ഊർജിതമാക്കാനും കഴിയും. വിശുദ്ധ ഖുർആനിന്റെ സൂക്തങ്ങളിൽ ഇത്തരം ഒരു സ്വഭാവം ദൃശ്യമാണ്. കാലത്തിന്റെ പിരുക്കത്തെയും മുറുക്കത്തെയും ഘട്ടം ഘട്ടമായി അയവുള്ളതാക്കി സാമൂഹിക ജീവതഗുണനിലവാരത്തിലേക്ക്  വ്യകതികളെ മാറ്റുന്ന രീതി. ഖുർആനിന്റെ അവതീർണ ചരിത്രത്തിൽ പിൻവലിക്കപ്പെട്ട സൂക്തങ്ങളും ആശയങ്ങളും പാരായണങ്ങളും സൂചിപ്പിക്കുന്നത് അത്തരത്തിൽ സാമൂഹിക പുരോഗതിയൊടൊപ്പം ജീവിക്കുന്ന ഖുർആനിനെയാണ്. ആ സൂക്തത്തങ്ങളെയും സാഹചര്യങ്ങളെയും മനസ്സിലാക്കുമ്പോൾ നിയമനിർമാതാവിന്റെ (ശാരിഅ)  നിയമാവിഷ്കാരണ സ്വഭാവവും സാമൂഹിക നിർമാണത്തിന്റെ തലങ്ങളെയും കൂടെ വായിച്ചെടുക്കാനും സാധിക്കും.


നസ്ഖ്  എന്നറിയപെടുന്ന ഈ രീതി വിശുദ്ദ ഖുർആനിൽ വിവിധ രൂപത്തിൽ അവിഷ്കരിച്ചതായി കാണാം. പരോക്ഷവും പ്രത്യക്ഷവുമായ നസ്ഖുകൾ, പൂർണവും അപൂർണമായവ, സൂക്തത്തിന്റെ പാരായണം നിലനിർത്തിക്കൊണ്ട് നിയമം പിൻവലിച്ചത് (naskh al-hukm dūna al-tilāwa), നിയമത്തെ നിലനർത്തി പാരായണത്തെ നിഷേദിക്കുന്നത്  (naskh al-tilāwa dūna al-hukm), പാരായണത്തെയും നിയമത്തെയും പിൻവലിച്ചത്  (naskh al-hukm wa al-tilawah) എന്നിങ്ങനെ.  ഓരോ നസ്ഖ് രീതികളും സാമൂഹികമായി വലിയ ദൗത്യങ്ങളാണ് വിശ്വാസി ജീവിതത്തിൽ ചെലുത്തതിയിട്ടുള്ളത്. ഖുർആനിന്റെ നേരിട്ടുള്ള തീർപ്പുകൾ ഗ്രന്ഥത്തിന്റെ ബാഹ്യതയിൽ നിന്നും ലഭിക്കുമ്പോൾ മറ്റു ചിലത് ആഗ്രകണ്യരായ പണ്ഡിത വൃന്ദത്തിന്റെ ചർച്ചയിലൂടെയാണ് മനസ്സിലാക്കാൻ സാധിക്കുക. അതിനു സഹായകരമാകുന്നത് ഖുർആനിലെ ചില നസ്ഖുകളെ വ്യക്തമാക്കുന്ന തിരുനബിയുടെ വചനങ്ങളാണ്. വിശുദ്ദ ഖുർആൻ ഈ നസ്ഖ് രീതിയെ പരിചയപ്പെടുത്തിയിരിക്കുന്നത് "ഏറെ ഉത്തമമായതിനെയൊ, അല്ലെങ്കിൽ നിലവിലുള്ളതിനോട് സാമ്യമുള്ള ഒരു പകരത്തെയോ ഈ പക്രിയയിലൂടെ ആവിഷ്കരിക്കുന്നു എന്നാണ് (അൽ ബഖറ -106). ആ സൂക്തത്തിന്റെ അവസാനം “അല്ലാഹുവിന്റെ  അഭാരമായ കഴിവിനെ നീ മനസ്സിലാക്കുന്നില്ലേ” എന്ന ചോദ്യം നസ്ഖിന്റെ സൂക്തങ്ങളെ സൂക്ഷ്മമായി വായിക്കാനും സാമൂഹികമായുള്ള അതിന്റെ പ്രതിഫലനങ്ങളെ മനസ്സിലാക്കാനുമുള്ള പ്രേരണയാണ്.


ആദ്യകാലത്ത് അറബ് സമൂഹം മദ്യപാനം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. അത്രയധികം അവരുടെ ജീവിതതിന്റെ വലിയ ഭാഗമായി വർത്തിച്ചിരുന്ന ഈ ദുശീലത്തെ വളരെ ക്രിയതമകമായണ് ഖുർആൻ കൈകാര്യം ചെയ്തത്. മൂന്നു സൂക്തങ്ങളിലൂടെയുള്ള  ( അൽ ബഖറ - 219, അന്നിനിസാ' - 43, അൽ മാഇദ - 90) നസ്ഖിന്റെ പ്രായോഗികത വിശ്വാസികളെ പൂർണമായും അവരുടെ ഇസ്ലാമിക ആശ്ലേഷണത്തിനു മുമ്പുണ്ടായിരുന്ന മദ്യപാന ശീലത്തിൽ നിന്നും മുക്തരാക്കുകയായിരുന്നു. ആദ്യ ആയത്തിലൂടെ മദ്യപാനാം ഉപകാരത്തേക്കാൾ കൂടുതൽ ദൂഷ്യതയാണ് ഫലത്തിൽ എന്ന് പ്രസ്ഥാവിക്കുകയും രണ്ടാമത്തെ സൂക്തത്തിൽ മദ്യപിച്ച് ആരാധനകളിൽ ഏർപ്പെടുന്നതിനെ വിലക്കുകയും ചെയ്തു. മൂന്നാം ഘട്ടത്തിലാണ് മദ്യപാനം മനുഷ്യനെ നശിപ്പിക്കുന്നു എന്നോർമപ്പെടുത്തി "ഇജ്തനിബൂഹു" എന്ന കല്പനയോടെ വിശ്വാസി ജീവിതത്തിൽ നിന്ന് പാടെ നിരോധിക്കുന്നത്.  സമ്പൂർണ നിരോധനം വളരെ കഠിനവും അപ്രായോഗികവുമാകുമെന്നതിനാൽ മദ്യപിക്കാനുള്ള ആഗ്രഹം മറികടക്കാൻ അവരുടെ വിശ്വാസം കാലക്രമേണ ശക്തിപ്പെടുത്തിക്കൊണ്ട് അനിവാര്യമായ ഒരു സാമൂഹിക മാറ്റമാണ് ഖുർആൻ ഇവിടെ തീർത്തത്.


ചില നിരീക്ഷണങ്ങളും ചർച്ചയും 

ഏതൊരു ഗ്രന്ഥവും രചനയുടെ ആദ്യ ഘട്ടത്തിൽ തന്നെ നൂന്യതകളിൽ നിന്നും മുക്തമായി ഒരു പൂർണ കൃതിയാകൽ പ്രയാസകരമാണ്. തിരുത്തലുകളും അഭിപ്രായങ്ങളും സ്വീകരിച്ച് എഴുത്തുകാരന്റെയും പത്രാധിപരുടെയും  അവർത്തിച്ചുള്ള വായനകൾക്കു ശേഷമാണ്  പ്രസിദ്ധീകരിക്കപ്പെടാറുള്ളത്. ചരിത്രത്തിൽ എല്ലാ കൃതികളും ഇത്തരം പ്രക്രിയകളിലൂടെ കടന്നുപോയതായി കാണാം. അത്തരത്തിൽ ചില പിഴവുകൾ (God forbid) പരിഹരിക്കുകയാണ് നസ്ഖിന്റെ നിർവഹണത്തിലൂടെ വ്യക്തമാകുന്നത് എന്ന നിരീക്ഷണം ചില ഓറിയന്റലിസ്റ്റുകൾ വാദിച്ചിരുന്നു. ദൈവം ഒരിക്കൽ ഒരു കൽപ്പന ശരിയാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് തന്റെ തെറ്റുകൾ മനസ്സിലാക്കി അത് പിൻവലിച്ചു (Bida') എന്നാണ് നസ്ഖ് രീതിയുടെ അർത്ഥം എന്നവർ അഭിപ്രായപ്പെട്ടു. സ്രഷ്ടാവ് തന്റെ ശാശ്വതമായ ഇച്ഛയെ എങ്ങനെ മാറ്റിമറിക്കുമെന്ന ഈ ആശങ്ക ആധുനിക പഠിത്തക്കളിലും ഉണ്ട്.  നസ്ഖിന്റെ പാരമ്പര്യ സിദ്ധാന്തത്തെ സംശയത്തോടെ നോക്കിക്കാണുന്ന  ഈ ആശങ്ക യുക്തിവത്ക്കരണത്തിലൂടെയും (Rationalization) പുനർവ്യാഖ്യാനങ്ങളിലൂടെയുമാണ്  പരിഹാരം കാണുന്നത്. ഖുർആനിലെയും ഹദീസിലെയും നസ്ഖിന്റെ സാനിധ്യങ്ങളെയും അഖ്യാനങ്ങളെയും സ്വാതന്ത്ര്യമായി തന്നെ നിലനിർത്തി വായിക്കുന്ന ശ്രമമാണിത്. ആയത്തുകളുടെ അവതീർണ പശ്ചാത്തലങ്ങളോ കാലഗണനയോ ഇത്തരം ആയത്തുകൾ പരിശോധിക്കുന്നിടത്ത് പരിഗണിക്കാതിരിക്കുന്നു. ഖുർആനിലെ നസ്ഖ് അബ്രാമിക് മതങ്ങളായ ക്രിസ്ത്യ-ജൂത മതങ്ങളുടെ നിയമവ്യവസ്ഥയിൽ നിന്നുള്ള ഇസ്ലാമിന്റെ പരിപൂർണമായ വ്യതിയാനമാണ് അർത്ഥമാകുന്നത് എന്ന വിശദീകരണമാണ് നസ്ഖിനെ സംബന്ധിച്ച് ആധുനികർക്കുള്ളത്. 


ഓറിയന്റലിസ്റ്റുകൾ ഉയർത്തിയ എതിർപ്പ് തികച്ചും ഉപരിപ്ലവമാണ്. അൽപ്പം ചിന്തിച്ചാൽ കാര്യം ഗോപ്യാമാകും.  ഖുർആനിലെ നസ്ഖ്  (പിൻവലിക്കൽ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കാഴ്ചപ്പാടുകളിലെ മാറ്റമല്ല.  മറിച്ച് മറ്റൊരു സമയത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അസാധുവാക്കിയതിനോടുള്ള നിഷേദം അത് തെറ്റാണ് എന്നുമല്ല, ആദ്യ ഉത്തരവിന്റെ സമയപരിധി അവസാനിച്ചു എന്നും ആ പരിധിക്കകത്ത് ആദ്യ ഉത്തരവ് പ്രാബല്യത്തിൽ തുടരുമ്പോൾ നീതിപരവും ഉചിതവുമായിരുന്നു എന്നാണ്. യുക്തിസഹമായ മാനസികാവസ്ഥയിൽ അതിനെക്കുറിച്ച് ചിന്തിക്കുന്ന ആർക്കും, ഈ മാറ്റം അല്ലാഹുവിന്റെ അനന്തമായ ജ്ഞാനത്തിന് യോജിച്ചതാണ് എന്ന നിഗമനത്തിലെത്താൻ പ്രയാസമില്ല. ദിവ്യബോധനത്തെ യുക്തിസഹമാക്കുന്ന ശ്രമങ്ങൾ ഖുർആനിന്റെ ഉറവിടം ഇലാഹികമല്ലാത്ത മറ്റൊരു മെറ്റാഫിസിക്കൽ സാഹചര്യത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതിനായി പുരോഗമനവാദികൾ പഴയതും പുതിയതുമായ നിയമങ്ങളിൽ (New and Old Testaments) പ്രയോഗിച്ചിട്ടുള്ള ഗ്രന്ഥപരമായ വിമർശനത്തിന്റെ (Textual Criticism) രീതികൾക്ക് ഖുർആനിനെ വിധേയമാക്കി  ഖുർആനിലെ പരമ്പരാഗതശാസ്ത്രങ്ങളെ ദുർബലപ്പെടുത്തുന്നു. Deconstruction പോലുള്ള ആധുനിക സാഹിത്യ ഉപകരണങ്ങളും രീതിശാസ്ത്രങ്ങളും ഉപയോഗിക്കുന്നതിലൂടെ യുക്തിസഹമാവുക എന്നതിന് വിരുദ്ധമായേക്കാവുന്ന എല്ലാ വശങ്ങളും മാറ്റി നിർത്തുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ, ഇസ്ലാമികേതരമായ ഒരു വ്യവസ്ഥ ആധുനിക പ്രേരണകളുടെയും പ്രവണതകളുടെയും താല്പര്യത്തിൽ തീർത്ത് ഇസ്ലാമിനെ പുനർനിർമിക്കുന്ന ശ്രമമാണ് പുരോഗമനവാദികൾ ചെയ്തുകൊണ്ടിരിക്കുന്നത്. 


നസ്ഖിന്റെ സൗന്ദര്യം ഖുർആനിന്റെ അവതീർകാലത്തെ സാഹചര്യങ്ങളോട് ഒരു നിയമവ്യവസ്ഥ രൂപപ്പെടുമ്പോൾ സ്വീകരിക്കുന്ന പരിഗണനയും പ്രഖ്യാപനവുമാണ് വ്യക്തമാക്കുന്നത്. രൂപപ്പെട്ടതിൽ പിന്നെ പിൽകാലത്തിൽ നിന്നും മാറി നടന്ന ദീൻ എക്കാലവും ഖുർആനിന്റെ വെളിച്ചത്തിൽ മുന്നിൽ സഞ്ചരിക്കുന്നു.

Qur'anic Studies
Tafsir Literature
Modernism

Related Posts

Loading