KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ബെല്ലുമ്മയും ഉപ്പൂമയും, കാലവും നിയോ ട്രഡീഷണലിസ്റ്റും മുറബ്ബിയായ ശൈഖാകുന്ന വിധം

സഫ്‌വാൻ ഹസൻ കണ്ണൂർ

ബെല്ലുമ്മ കാലമാകുന്നു. കാലത്തിന് പ്രായമായപ്പോൾ അതിന്റെ വീര്യം കുറഞ്ഞു. ജനങ്ങൾ വിഭ്രാന്തിയിലായി. എന്നിട്ടും യന്ത്ര സഹായത്തോടെ കാലം മുന്നോട്ടുള്ള പ്രയാണം തുടർന്നു കൊണ്ടേയിരുന്നു. അടങ്ങിയിരിക്കാനൊക്കില്ലല്ലോ കാലത്തിന്. ഒന്ന് നിശ്ചലമായിപ്പോയാൽ എന്തു മാത്രം പഴികൾ കേൾക്കേണ്ടി വരും, പഴികൾ കേൾക്കാൻ ആവതില്ലാത്തത് കാരണം അത് കഷ്ടപ്പെട്ട് നിരങ്ങി. ഒരർത്ഥത്തിൽ മാതാപിതാക്കളെ പോലെ.


ബെല്ലുമ്മ എന്ന കാലം പഴമയുടെ ഗരിമയിൽ ആടുകയും പാടുകയും ചെയ്യുന്നു. ഇന്ന് കോലം കെട്ടി ചലനം വീക്ഷിക്കുന്നു. ആ നോട്ടമാണോ കാലഗമനത്തിന്റെ നിദാനം? അമ്മട്ടിലാണ് നോട്ടം. ഗരിമ ഉറക്കെ ചിലക്കുന്നുണ്ട്, കാലം ചോറും പരിപ്പ് കൂട്ടാനും വെച്ചിരുന്നെന്നും, മുഹ്യിദ്ധീൻ ഷേഖ് തങ്ങക്ക് കോഴിയെ നേർച്ചയാക്കിയിരുന്നെന്നും. ശബ്ദമില്ലാത്ത ഗരിമയുടെ അട്ടഹാസം ചിലമ്പലല്ലാതെ വേറൊന്നാകാൻ തരമില്ലല്ലോ. ശൈഖിന് നേർച്ചയാക്കിയ കോഴിയുടെ കാലിലെ നൂൽ വാങ്ങാൻ പോയ ഉമ്മക്ക് ബെല്ലുമ്മ ‘ബാക്കിക്ക് മുട്ടായി മേടിച്ചോ’ എന്ന സ്വപ്ന വാക്യം മൊഴിഞ്ഞിട്ടുണ്ടാവണം, കാരണം ആ നൂലിന്റെ മഹത്വം ബെല്ലുമ്മാന്റുള്ളിൽ കുന്നോളമായിരുന്നേക്കാം. നൂൽ വാങ്ങാൻ പറഞ്ഞയച്ച കട പോലും നിർണയിക്കപ്പെട്ടതാകും. നൂല് കെട്ട് നടത്താൻ ബെല്ലുമ്മ വേറാരെയും അനുവദിക്കുക പോലുമില്ല, നേർച്ചയുടെ കരുത്ത് നഷ്ടമാകാതിരിക്കാൻ വേണ്ടി. കരുത്തിനെ മനോഹരമായി ആവിഷ്കരിക്കാൻ സ്വത്വത്തിനല്ലാതെ മറ്റാർക്കാകും? ആ കോഴി മറ്റു താമ്രചൂടങ്ങൾക്കിടയിൽ രാജാവിനെ പോലെ വിലസും.


കാലം അതിന്റെ സർവ കരുത്തോടെയും കുതിച്ചപ്പോൾ ശേഷിച്ച കരുത്തിൽ നിന്നും അല്പം കടമെടുക്കേണ്ടി വന്നത് കൊണ്ടാകാം ബെല്ലുമ്മ ഇന്ന് കട്ടിലിൽ നിന്നും മറ്റൊരാളുടെ കരുത്തിന്റെ സഹായം കൂടാതെ എണീറ്റ് ചലിക്കാത്തത്. ബെല്ലുമ്മ എന്ന കാലം പതിയെ പിൻവലിഞ്ഞ് തുടങ്ങിയത് ഒഴിച്ചിടുന്ന വലിയ വിടവുണ്ട് ആ വിടവ് കാരണമാണ് ഇന്ന് മഗ്രിബിന്റൗത്തിന് കുട്ടികൾ മൊബൈലിൽ കളിക്കുന്നത്. പള്ളിയിൽ നിന്ന് തിരിച്ച് വരുന്ന പേരമകൻ അന്നേരം ബൂട്ടഴിക്കുന്നതും ഈ വിടവിൽ നിന്ന് കൊണ്ടാണ്. ആത്മീയത എന്നാൽ കാലമാണ്. അതിനാലാണല്ലോ ശാഫിഈ ഇമാം കാലത്തെ പഴിചാരല്ലേ എന്ന് യാചിച്ചത്.


മെറ്റീരിയലിസ്റ്റിക് വേൾഡിൽ മെറ്റീരിയലുകളോട് നിസ്സംഗമായി തന്നെ ഉപ്പൂമ എന്ന നിയോ ട്രഡീഷണലിസ്റ് അതിജീവിച്ചു. പുതിയ ലോകത്തിൽ ഉപ്പൂമയുടെ വീക്ഷണങ്ങൾ അറിയാൻ ഏറെ കൊതിയോടെയായിരുന്നു ഞാൻ സംസാരിച്ചത്. മോഡേൺ വ്യൂ എന്ന്‌ വീമ്പിളക്കുന്ന സ്ത്രീ ശാക്തീകരണത്തെയും, സ്ത്രീ വിദ്യാഭ്യാസത്തെയും കുറിച്ച് ഉപ്പൂമ വാതോരാതെ സംസാരിക്കുന്നത് ആശ്ചര്യത്തോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ഇതൊക്കെ ഒരു പുസ്തകം പോലും വായിക്കാൻ ഇടയില്ലാത്ത ഉപ്പൂമ എവിടുന്ന് മനസ്സിലാക്കി എന്ന ചോദ്യം മനസ്സിലിട്ട് ഉരുട്ടുന്നതിനിടയിൽ നഫീസ മാലയിലെ ഈരടികളോടെയായി വിശദീകരണം. നഫീസ മാലയേക്കാൾ സ്ത്രീ ജീവിതത്തെ വരച്ചിടുന്ന വേറൊരു പുസ്തകം ഉപ്പൂമ വായിച്ചിട്ടുണ്ടാകാനിടയില്ല. ഉപ്പൂമയെ ആധുനികതയുടെ കുടവയറുകൾ വീർപ്പുമുട്ടിച്ചില്ല. അതിനവർ അവസരം ഒരുക്കിയില്ല. നീളമുള്ള മുസ്ഹഫും മടിയിൽ വെച്ച് എറയത്തിരുന്ന് മണിക്കൂറുകളോളം ഉപ്പൂമ ദൈവിക വചനങ്ങളിൽ നിമഗ്നയാകും. കലാമിൽ നിന്നും വരുന്ന വെളിച്ചം കൊണ്ടാകാം ഇന്നും ഉപ്പൂമയുടെ കണ്ണുകൾക്ക് തിളക്കവും തെളിമയും.


മുഹ്യിദ്ധീൻ ശൈഖ് തങ്ങളുടെ ആണ്ടിന്റെ മാസത്തിൽ ഉപ്പൂമയുടെ ആത്മീയ മധുരത്തിൽ നിന്നും അല്പം നുകരാൻ ഞങ്ങൾ പേരമക്കൾ മുഹ്യിദ്ധീൻ മാല ചൊല്ലാം എന്ന് പറഞ്ഞ് കൂടെക്കൂടി. ചോദ്യോത്തര വേളയിൽ ഉത്തരം അറിയാവുന്ന കുട്ടിയുടെ ആവേശത്തോടെ തന്റെ സ്വതത്തെ വെളിപ്പെടുത്തും പോലെ ഉപ്പൂമ മാലപ്പാട്ടിന്റെ വരികൾ ചൊല്ലാൻ തുടങ്ങി. പാതി വഴിയിൽ വരിയുടെ പ്രാസമൊപ്പിക്കാൻ കഷ്ടപ്പെട്ട ഞങ്ങൾക്ക് മുൻപിൽ ഒഴുക്കോടെ ആ വരി ചൊല്ലി മുഴുമിപ്പിച്ചു, ചെറു പുഞ്ചിരിയോടെ. ആ ചിരിയിൽ ഏതൊക്കെയോ ഓർമ്മകളുടെ കിളിവാതിലിലൂടെ ഒളി മിന്നിയിട്ടുണ്ടാകും. ടെക്സ്റ്റുകൾ അതിന്റെ പൂർണ്ണാർത്ഥത്തിലുൾകൊള്ളാനിടയില്ലെങ്കിലും ഉപ്പൂമ അതിൽ ആഴ്ന്നിറങ്ങുന്നതായി ഞാൻ അനുഭവിച്ചു. അർത്ഥ തലങ്ങൾ സ്പർശിച്ചതിനേക്കാൾ അവരെ സ്പർശിച്ചത് ശബ്ദമായിരുന്നു, വാക്കുകളില്ലാത്ത ശബ്ദം. അതാണ് ആ 'ചൊല്ലലി'നിടയിൽ അവർ കാറ്റത്ത് ചലിക്കുന്ന കവുങ്ങ് പോലെ ചലിച്ചത്.


മഗ്‌രിബ് ജമാഅത് കഴിഞ്ഞ് വന്നാൽ ബെല്ലുമ്മ പേരമക്കളോട് മൊത്തം ചുമരും ചാരി ഇരുന്ന് ദിക്റും സ്വലാത്തും ചൊല്ലാൻ പറയും. എണ്ണം പൂർത്തിയാവാതെ ആരും തന്നെ അവിടെ നിന്നെഴുന്നേൽക്കില്ല. ആർക്കും അതിൽ കവിഞ്ഞൊന്ന് ചെയ്യാൻ ഉണ്ടാകില്ല, ഉണ്ടെങ്കിലും മികച്ചതായി തോന്നില്ല. കാലം അവരെ സജ്ജമാക്കിയത് അങ്ങനെയാണ്. ദോശക്കല്ലിൽ മാവൊഴിക്കുമ്പോൾ ‘ശ്ശ്ശ്ശ്’ എന്ന ശബ്ദത്തിന് പുറമെ പതിഞ്ഞ സ്വരത്തിൽ യാസീനും വാഖിഅയും കേൾക്കാമായിരുന്നു. കുട്ടികൾ തണാലിൽ നിന്നും കുരുത്തക്കേട് കളിക്കുന്നതിന് അനുസരിച്ച് ആ ശബ്ദം ഉയരുകയും ചെയ്തേക്കാം. എന്നും തിരുനബിയെ ഓർക്കപ്പെടുന്ന വീടായത് കൊണ്ട് ആ വീട്ടിൽ സന്തോഷം തത്തിക്കളിച്ചിരുന്നു. പിന്നീടെപ്പോഴോ കാലം തളർന്നു. ഇടക്ക് ശൗര്യം വീണ്ടെടുക്കാൻ എന്നെയും കൂട്ടി ജുമുഅത്ത് പള്ളി വരെ നടക്കാൻ തുടങ്ങിയിരുന്നു, അന്നേ ബെല്ലുമാക്ക് പറയാനുള്ള കഥകൾ തീർന്നിരുന്നു. കഥ തീർന്നാൽ പിന്നെന്തിനാണ് മുത്തശ്ശി? മുത്തശ്ശി കഥകളില്ലെങ്കിൽ അവരെങ്ങിനെ മുത്തശ്ശിയാകും? ആ അഗാധമായ ചിന്തയാകും അവരുടെ പേശികളിൽ നിന്നും ഊർജത്തെ ഊറ്റിക്കുടിച്ചത്.


ന്യൂ വേൾഡ് ഓർഡർ എന്ന പദം ഞങ്ങൾ പേരമക്കൾക്ക് എളുപ്പം ഗ്രഹിക്കാനായി. ബെല്ലുമ്മ ഇല്ലാത്ത ലോകം എന്നാൽ മറ്റീരിയലിസ്റ്റിക് ലോകമാണ്. അവിടെ അതിഭൗതികമായ തൊട്ടറിവുകൾക്ക് സ്ഥാനമില്ല. തൊട്ടറിവുകൾ ഉണ്ടാവാൻ സ്പർശനം വേണം. അതു മുഴുവനും സ്ക്രീൻ കൊണ്ടു പോയല്ലോ. സ്ക്രീനിൽ മത പ്രഭാഷണങ്ങൾ കേൾക്കുന്ന ഉപ്പൂമയെ കാണുമ്പോൾ അറിയാതെ ഞാൻ സ്മരിക്കും ഇന്നും ശൈഖായി വാണ്, മുരീദുകളെ സ്വപ്നത്തിലെന്ന പോൽ നേർവഴിയിലേക്ക് നയിക്കുന്ന ബെല്ലുമ്മയെ. തെറ്റുകളിലേക്ക് അടുക്കുമ്പോൾ കാലത്തിന്റെ ഇടറുന്ന ശബ്ദം കാതുകളിലെത്തും. “അങ്ങനാക്കല്ല മോനെ, അത് ബെടക്കല്ലേ”, ഇച്ഛക്കെതിരെയുള്ള ജിഹാദിനുള്ള പ്രേരണ. ഇതു കൊണ്ടൊക്കെയാകാം ഇസ്ലാം ജിഹാദിനെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ജനങ്ങൾ അവർ പോലും അറിയാതെ പറയുന്നത്. ഓരോരിലും ആ ബോധം പടച്ചോൻ മനപ്പൂർവം ഇടുന്നതാണ്.


കാലത്തെ ഭേദിച്ച് ഉപ്പൂമ ആത്മീയ യാത്രയിൽ പരിലസിക്കുന്നു. അവരുടെ അത്യാനന്ദത്തെ തളച്ചിടാൻ ‘നീല വെളിച്ചമില്ലല്ലോ’, അവരെ നയിക്കുന്നത് അവർ വായിക്കുന്ന ഡിവൈൻ ടെക്സ്റ്റുകളാണല്ലോ അതിനാൽ അവർക്ക് വഴിപിഴക്കില്ല. നാം വായിക്കുന്നതെന്തോ അതാണ് നാം എന്ന ഐറിഷ് കവിയായ ഒസ്കാറിന്റെ വാക്കുകൾ ഓർക്കാം.


ഉപ്പൂമാക്കും ബെല്ലുമ്മാക്കുമിടയിൽ സാമ്യതകളേറെയുണ്ട്. രണ്ടു പേരും തങ്ങളുടെ സ്നേഹഭാജനത്തിലേക്കടുക്കാനുള്ള പരിശ്രമിത്തിനിടയിൽ സംഗമിക്കുന്നതാണ്, ഒരാളുടെ സ്നേഹം അദ്ദേഹത്തെ നിശ്ചലയാക്കിയപ്പോൾ മറ്റെയാളെ അത് വീണ്ടും വീണ്ടും തിരയാൻ പ്രേരിപ്പിച്ചു. ദൈവം എല്ലാവർക്കും ഒരുപോലെയല്ല. മനുഷ്യ നേത്രങ്ങളിലെ ഇഷ്ടത്തെകൾ ഗുണവത്തായതിനെ അവൻ വിധിക്കുന്നു. വർഷങ്ങൾ കൊഴിഞ്ഞാലും ഉപ്പൂമയും ബെല്ലുമ്മയും മനസ്സിന്റെ കോണിൽ നിന്നും തർബിയത്ത് ചെയ്യുന്നുണ്ടാകും, മുറബ്ബിയായ ശൈഖിനെ പോലെ.

Fictions
Feature

Related Posts

Loading