കേരളത്തിലെയും ദക്ഷിണേഷ്യയിലെയും ഭൂമിയും മൂലധനവും: ഒരു പുനരാലോചന
ഭൂമി എല്ലായിടത്തും സന്നിഹിതമായിരിക്കുന്ന ഒരു വിശാലവും സങ്കീർണവുമായ സാഹിത്യം ദക്ഷിണേഷ്യൻ ചരിത്രരചന ഉത്പാദിപ്പിച്ചിട്ടുണ്ട്. കൊളോണിയൽ ഭരണകൂടം നികുതി ചുമത്തുകയും സർവേ ചെയ്യുകയും തീർപ്പാക്കുകയും (settled) ചെയ്ത വസ്തുവായി ഭൂമി പ്രത്യക്ഷപ്പെടുന്നു; വ്യാവസായിക മൂലധനം പിഴിഞ്ഞെടുക്കാൻ കരുതിയ മിച്ചമൂല്യത്തിന്റെ (surplus) ഉറവിടമായും; ജാതിയുടെ ഭൗതികഅടിത്തറയായും; കർഷകകലാപം അരങ്ങേറിയ വേദിയായും അത് പ്രത്യക്ഷപ്പെടുന്നു. ഓരോ സന്ദർഭത്തിലും, ഭരണകൂടം, മൂലധനം, ജാതി, കലാപം എന്നിങ്ങനെ മറ്റേതെങ്കിലും നാടകം അരങ്ങേറുന്ന പശ്ചാത്തലം മാത്രമാണ് ഭൂമി. ഭൂമിയെത്തന്നെ കേന്ദ്രവിശകലനവസ്തുവാക്കി, അതിന്റെ ഉടമസ്ഥത, നിയന്ത്രണം, ഭൂപ്രകൃതി (terrain), അതിനോട് ബന്ധിതമായ അധ്വാനം എന്നിവ പിന്തുടർന്നാൽ, അകാലത്തിൽ യാഥാസ്ഥിതികതയിലേക്ക് (orthodoxy) ഉറഞ്ഞുപോയ ഭരണകൂടം, നിയമം, സ്വത്ത് (property), ജാതി, മൂലധനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ നമുക്ക് വീണ്ടും തുറക്കാനാവുമെന്നതാണ് അടിസ്ഥാനപരമായ അവകാശം.
ഇതൊരു കേവല ഗവേഷണ വ്യായാമമല്ല എന്നത് ഏതൊരു ദിവസത്തെയും പ്രഭാതവാർത്തകളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, അടുത്തിടെ കൂടുതൽ തീവ്രമായി ചർച്ച ചെയ്യപ്പെട്ട, മുനമ്പം വഖ്ഫ് ഭൂമിത്തർക്കത്തിന്റെ കാര്യമെടുക്കാം. പെരിയാർ കടലിൽ ചേരുന്നതിനു സമീപമുള്ള, ഒലിച്ചുപോകുന്ന ഒരു തീരദേശഭൂമിക്കു മേൽ — ഒരേസമയം ഒരു വഖ്ഫ് ബോർഡും, പതിറ്റാണ്ടുകളായി ഭൂനികുതി അടച്ചുവന്ന നൂറുകണക്കിന് താമസക്കാരായ കുടുംബങ്ങളും, പഴയൊരു നാട്ടുരാജ്യ പാട്ടക്കരാർ കാലഹരണപ്പെട്ടെന്ന് വാദിക്കുന്ന ഒരു സംസ്ഥാന സർക്കാരും — അവകാശവാദമുന്നയിക്കുന്നു. ഈ തർക്കം പൂർണമായും, പാട്ടംവും ജന്മവും ഒരുകാലത്ത് എന്തായിരുന്നു എന്നതിനെയും, വാണിജ്യമൂലധനം എങ്ങനെ കാർഷികാ വ്യവസ്ഥിതിയുടെ കാതലായ ഭൂമിയിൽ നിക്ഷിബ്ധമായി എന്നും, കാർഷിക പട്ടങ്ങൾ മതപരമായ വഖ്ഫായും (religious endowment) മാറി എന്നതിനെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മതപരമായ രൂപീകരണങ്ങളെയും ഭൂമിയെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ പരമ്പരയുടെ വരുംഭാഗങ്ങളിൽ മുനമ്പം വിഷയത്തിലേക്ക് വിശദമായി എനിക്ക് തിരികെ വരാൻ കഴിഞ്ഞേക്കും. കോടതിവിധി എന്തുതന്നെ ആയാലും, കേരളത്തിലെ ഭൂയിടങ്ങളുടെ ചരിത്രത്തെ പഠിക്കേണ്ടതിന്റെ ആവിശ്യം എന്താണെന്നും അതിന്റെ അപാകത സമകാലീനമായി എന്തെല്ലാം പ്രശ്നങ്ങളെ നിർണയിക്കുന്നുണ്ട് എന്നും ഈ വിഷയത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ് [ഈ കേസിൽ ചരിത്രം എത്രത്തോളം നിർണ്ണായകമാണെന്നത് രണ്ട് ഭാഗങ്ങളുള്ള ഈ യൂട്യൂബ് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്]. തത്കാലം, 'പ്രാക്-ആധുനിക' കാലത്തെ ഭൂവുടമസ്ഥതാ പദാവലികൾ (tenurial vocabulary) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വ്യവഹാരവിഷയമായി തുടരുന്നു എന്നതിന്റെയും, അതിന്റെ ചരിത്രം ആവശ്യപ്പെടുന്ന ജാഗ്രതയോടെ നാം അത് എഴുതേണ്ടതുണ്ട് എന്നതിന്റെയും ഒരു ഓർമ്മപ്പെടുത്തലായി ഇത് നിലകൊള്ളുന്നു.
ഇതൊരു സങ്കുചിതമായ (parochial) പ്രാദേശിക അവകാശവാദമല്ല. ഭൂമിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന്റെ ലക്ഷ്യം, വിപുലമായ കേരളത്തിന്റെ പ്രാദേശിക ചരിത്രരേഖയെ (archive) ഈ മേഖലയിലെ ഏറ്റവും വലിയ സംവാദങ്ങളോട് സംവദിപ്പിക്കുക എന്നതാണ്: കൊളോണിയൽ-പൂർവ ഇന്ത്യയിൽ സ്വകാര്യസ്വത്ത് (private property) ഉണ്ടായിരുന്നോ, പ്രീ-മോഡേൺ ഭരണകൂടം എന്ത് രൂപമെടുത്തു, ഫ്യൂഡലിസത്തിൽനിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവർത്തനത്തെ (transition from feudalism to capitalism) എങ്ങനെ ചിന്തിക്കാം, ജാതി വർഗവുമായി (class) എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയവയാണവ. ഈ ആശയവിനിമയം ഇരുവശത്തേക്കും നടക്കേണ്ടതുണ്ട്. ഒരു വശത്ത്, മറ്റെവിടെയെങ്കിലും വെച്ച് രൂപപ്പെടുത്തപ്പെട്ട സിദ്ധാന്തങ്ങളെ തിരുത്താൻ ദക്ഷിണേന്ത്യൻ, പ്രത്യേകിച്ച് കേരളീയ ചരിത്രരേഖകൾക്ക് സാധിക്കും; മറുവശത്ത്, ബംഗാൾ, മുഗൾ ഹൃദയഭൂമി, വടക്കുപടിഞ്ഞാറൻ ഇന്ത്യ, തമിഴ് സമതലങ്ങൾ എന്നിവയെ മുൻനിർത്തി ചരിത്രരചനാ മേഖല അതീവ ജാഗ്രതയോടെ പിന്തുടർന്ന ചോദ്യങ്ങൾ മലബാറിനെയും കേരളത്തെയും സംബന്ധിച്ച് അതേ തീവ്രതയോടെ ചോദിക്കപ്പെട്ടിട്ടില്ല. പ്രാദേശികമായതിനെയും പൊതുവായതിനെയും ഒരൊറ്റ തലത്തിൽ നിലനിർത്തുക എന്നതാണ് ഇതിലുടനീളമുള്ള ലക്ഷ്യം.
ചരിത്രരചന ഇതുവരെ:
ഇന്ത്യൻ ഭൂമിയുടെ ആധുനിക ചരിത്രരചനയിലെ അടിസ്ഥാനപരമായ ചുവടുവെപ്പ് സ്വത്തിനെ ഒരു ആശയം (idea) ആയി കാണുകയായിരുന്നു. Ranajit Guha-യുടെ A Rule of Property for Bengal, 1793-ലെ Permanent Settlement-നെ ഒരു സിദ്ധാന്തത്തിന്റെ നിയമനിർമാണപരമായ ആവിഷ്കാരമായി വായിച്ചു — ബംഗാളിന്റെ സാമൂഹികയാഥാർഥ്യമെന്ന് Company ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ച ഒരു Physiocratic-Lockean സംക്ഷേപണം (abstraction), ഉത്തരവിലൂടെ ഒരു മെച്ചപ്പെടുത്തുന്ന ഉടമവർഗത്തെ (improving proprietors) സൃഷ്ടിച്ചെടുത്തു1. സ്വത്തുവ്യവസ്ഥകൾക്ക് ഒരു ബൗദ്ധികചരിത്രമുണ്ട് എന്നതായിരുന്നു ഉൾക്കാഴ്ച. Andrew Sartori ഇതേ ബംഗാൾ ആർക്കൈവിനുള്ളിൽനിന്നുതന്നെ ഇതിനെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്: അധ്വാനത്തിലുള്ള-സ്വത്ത് എന്ന Lockean ഭാഷ മുകളിൽനിന്ന് അടിച്ചേൽപ്പിക്കപ്പെട്ടത് മാത്രമല്ല, താഴെനിന്ന് സ്വീകരിക്കപ്പെട്ടതുകൂടിയായിരുന്നു — കൊളോണിയൽ പ്രജകൾ സ്വന്തം അവകാശവാദങ്ങൾ ഉന്നയിക്കാൻ ഉപയോഗിച്ച ഒരു ഭാഷാശൈലിയായി അത് മാറി, എന്ന് അദ്ദേഹം കാണിക്കുന്നു2. വായനയിൽ, കാർഷിക “പ്രാന്തപ്രദേശ”ത്തിലെ (periphery) ലിബറലിസം എന്നത് അടിച്ചേല്പിക്കപ്പെട്ട ഒന്നെന്ന പോലെ തന്നെ ഒരു വിഭവവുമായിരുന്നു; ചരിത്രരചനാ മേഖല ഇന്നും അനുമാനിച്ചുകൊണ്ടിരിക്കുന്ന, തദ്ദേശീയമായ ആചാരങ്ങളും വിദേശീയമായ അമൂർത്തതകളും തമ്മിലുള്ള വ്യക്തമായ വൈരുദ്ധ്യത്തെ ഇത് അസ്ഥിരപ്പെടുത്തുന്നു.
ഈ ആശയവാദപരമായ (idealist) ധാരയ്ക്കൊപ്പം ശക്തമായ ഒരു ഭൗതികവാദ (materialist) ധാരയും ഒഴുകി. ദേശീയവാദികളും ആദ്യകാല മാർക്സിസ്റ്റ് സാമ്പത്തികചരിത്രകാരന്മാരും (അവരുടെ സമന്വയത്തിന്റെ വലിയൊരു ഭാഗം Cambridge Economic History of India-യിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട് ) ഭൂനികുതിയെയും ഭൂവുടമസ്ഥതയെയുമാണ് കൊളോണിയൽ ചൂഷണത്തിന്റെ അച്ചുതണ്ടായും കാർഷിക വ്യവസ്ഥിതിയുടെ സംഘാടക യാഥാർത്ഥ്യമായും കണക്കാക്കിയത്. റോബർട്ട് ഫ്രൈക്കൻബർഗ് എഡിറ്റ് ചെയ്ത പുസ്തകം ഭൂമിയുടെ മേലുള്ള നിയന്ത്രണത്തെ സാമൂഹിക ഘടനയുടെ തന്നെ താക്കോലായി നിർവ്വചിച്ചു; ഇത് ഒരു തലമുറയിലെ പ്രാദേശിക പഠനങ്ങൾക്ക് വഴിവിളക്കായി മാറി. ഡി. ഡി. കോസാംബി, ആർ. എസ്. ശർമ്മ, ഇർഫാൻ ഹബീബ് എന്നിവരുടെ കാർഷിക മാർക്സിസം, ഇന്ത്യൻ ഫ്യൂഡലിസം, കാർഷിക വ്യവസ്ഥകൾ, ഗ്രാമീണ കൂട്ടായ്മകൾ എന്നിവയെക്കുറിച്ച് വലിയ മാതൃകകൾ നിർമ്മിച്ചെടുത്തു. ഗുപ്താനന്തര കാലഘട്ടത്തിൽ ഭൂമി ദാനങ്ങൾ (land grants) വ്യാപകമായതിനെ, നഗരങ്ങളുടെ തകർച്ചയ്ക്കും കർഷകരെ മണ്ണിലേക്ക് കെട്ടിയിടുന്നതിനും കാരണമായ, അധികാരത്തിന്റെ ഒരു ഫ്യൂഡൽ പ്രാദേശികവത്കരണമായാണ് (feudal localization) ശർമ്മ വായിച്ചത്3.
മാർക്സിസ്റ്റ് വിശകലന വിഭാഗങ്ങളെ യൂറോപ്പുകേന്ദ്രീകൃതമായി (Eurocentric) കാണുകയും, അതിനാൽത്തന്നെ അവ ദക്ഷിണേഷ്യയ്ക്ക് അനുയോജ്യമല്ലെന്ന് വിലയിരുത്തുകയും ചെയ്യുന്ന, ഈ ചരിത്രരചനാ മേഖലയിലെ ഏറ്റവും നിർണ്ണായകമായ ഒരു പ്രതികരണ ശൈലി രൂപപ്പെടുന്നത് കൃത്യമായി ഇവിടെ വെച്ചാണ്. ഹർബൻസ് മുഖിയയുടെ പ്രശസ്തമായ ഇടപെടൽ, ഇന്ത്യൻ ചരിത്രത്തിൽ യഥാർത്ഥത്തിൽ 'ഫ്യൂഡലിസം' നിലനിന്നിരുന്നോ എന്ന് ചോദ്യം ചെയ്യുകയും; 'ഫ്യൂഡലിസത്തെയും' 'ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെയും' (Asiatic Mode of Production) പുറത്തുനിന്ന് അടിച്ചേല്പിച്ച ചട്ടക്കൂടുകളായി നിരസിച്ചുകൊണ്ട്, ബ്രിട്ടീഷ് ഭരണത്തിന് മുൻപുള്ള ഇന്ത്യയ്ക്ക് മാത്രമായി സവിശേഷമായ ഒരു വർഗ്ഗീകരണം ആവശ്യപ്പെടുകയും ചെയ്തു. യൂറോപ്യൻ മാതൃകയിലുള്ള അടിമത്തമല്ല (serfdom), മറിച്ച് 'ജാതി'യാണ് ഭൂമിയില്ലാത്തവരിൽ നിന്ന് ഭൂമിയുള്ളവരിലേക്ക് അധ്വാനത്തിന്റെ ഒഴുക്ക് ഉറപ്പാക്കിയതെന്ന് എന്ന് അദ്ദേഹം സൂചകമായി നിരീക്ഷിച്ചു.4] യൂറോപ്യൻ ഫ്യൂഡലിസം ഇന്ത്യയുമായി പൂർണ്ണമായി ഒത്തുപോകുന്നില്ല എന്ന് കണ്ടെത്തുന്നതിനർത്ഥം ഉല്പാദനരീതി (mode of production), അധികശേഖരം പിഴിഞ്ഞെടുക്കൽ (surplus extraction), മൂലധനസഞ്ചയം (accumulation), വർഗ്ഗം (class) തുടങ്ങിയ വിശകലന വിഭാഗങ്ങൾ ഇവിടെ നിരർത്ഥകമാണെന്നല്ല; മറിച്ച് നമ്മുടെ കൈവശമുള്ള ചരിത്രസാമഗ്രികൾക്കനുസൃതമായി അവയെ പുനർനിർമ്മിക്കേണ്ടതുണ്ട് എന്നാണ്. മാർക്സിസ്റ്റ് വിശകലനം ജന്മനാ തന്നെ യൂറോപ്യൻ ആണെന്ന ഈ മൊത്തത്തിലുള്ള വിധിപ്രസ്താവം, പ്രായോഗികമായി ഭൗതികവും സാമ്പത്തികവുമായ ചോദ്യങ്ങളിൽ നിന്നുള്ള സമ്പൂർണ്ണമായ പിൻവാങ്ങലിന് വഴിയൊരുക്കി — ഈ പരമ്പര പ്രതിരോധിക്കുന്നത് ഈ പിൻവാങ്ങലിനെയാണ്. ഭൂമിയുടെയും അധ്വാനത്തിന്റെയും പൂർണ്ണമായ ചരക്കുവൽക്കരണം നടക്കാതെ തന്നെ വാണിജ്യ മൂലധനത്തിന് (merchant capital) കാർഷിക പരിവർത്തനത്തെ നയിക്കാൻ കഴിയുമെന്ന വാദത്തിലൂടെ, 'ഉല്പാദനരീതി' എന്ന സങ്കല്പനത്തെ ജയറസ് ബനാജി നവീകരിച്ചത് ഈ വിശകലനരീതിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു മാതൃകയാണ് ( Banaji stage-theory ഉപേക്ഷിക്കുന്നുണ്ടെങ്കിലും, അത് മാർക്സിസ്റ്റ് പാരമ്പര്യത്തിൽ ഉളവാക്കിയ തർക്കം പരിഗണനയർഹിക്കുന്നു). ഭൂമിയും അധ്വാനവും “വ്യാജ ചരക്കുകൾ” (fictitious commodities) ആണെന്നും, അവയുടെ കമ്പോളവത്കരണത്തിനെതിരെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടതുണ്ടെന്നുമുള്ള Karl Polanyi-യുടെ വിശദീകരണം മറ്റൊരു മാതൃകയാണ്. 1980-കളിലെ റിവിഷനിസ്റ്റ് (revisionist) വഴിത്തിരിവ് ഇതിലെയെല്ലാം ഭരണകൂട കേന്ദ്രീകൃത വാദത്തെ മറ്റൊരു രീതിയിലാണ് ചെറുത്തത്. ദക്ഷിണേന്ത്യയെക്കുറിച്ചുള്ള ഡേവിഡ് ലുഡന്റെ പഠനങ്ങൾ കാർഷിക പ്രദേശങ്ങളുടെ ദീർഘകാല ചരിത്രത്തിനും (longue durée) അത് നിർമ്മിച്ചെടുത്ത കർഷകരുടെ ഏജൻസിക്കും (agency) ഊന്നൽ നൽകി. കാലാതീതമെന്ന് തോന്നിക്കുന്ന ഗ്രാമീണ വ്യവസ്ഥിതി യഥാർത്ഥത്തിൽ ഒരു ചരിത്രപരമായ അവസാദമാണെന്നും (sediment), 'കാർഷികം' എന്നത് ഒരു സ്വാഭാവിക പശ്ചാത്തലമല്ല, മറിച്ച് ചരിത്രമുള്ള ഒരു വിശകലന വിഭാഗമാണെന്നും അദ്ദേഹം കാണിച്ചുതന്നു5. ബർട്ടൺ സ്റ്റെയ്ന്റെ 'സെഗ്മെന്ററി സ്റ്റേറ്റ്' (segmentary state) മാതൃക, ദക്ഷിണേന്ത്യൻ ഭരണകൂടങ്ങളെ ഭരണപരമായിട്ടല്ല, മറിച്ച് ആചാരപരമായി സമന്വയിപ്പിക്കപ്പെട്ട, പ്രാദേശിക കേന്ദ്രങ്ങളുടെ ആവർത്തിക്കപ്പെടുന്ന ഫ്രാക്റ്റൽ പിരമിഡുകളായി പുനർവിഭാവനം ചെയ്തു. അതേസമയം ഹെർമൻ കുൽകെയും ബി. ഡി. ചതോപാധ്യായയും ഒരു 'പ്രൊസഷനൽ' (processual) മാതൃക മുന്നോട്ടുവെച്ചു; ഇതിൽ ആറ് മുതൽ പന്ത്രണ്ട് വരെയുള്ള നൂറ്റാണ്ടുകളിലെ പ്രാദേശിക ഭരണകൂടങ്ങൾ തകർന്നടിഞ്ഞ ഒരു കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളല്ല, മറിച്ച് പ്രാദേശിക പ്രക്രിയകളുടെ മുകളോട്ടുള്ള സമന്വയമായിരുന്നു. ഇവയോരോന്നും സൂക്ഷ്മമായി വായിച്ചാൽ, മണ്ണിലിന്മേലുള്ള അവകാശങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെട്ടു, ആവർത്തിക്കപ്പെട്ടു, അധികാരവുമായി എങ്ങനെ ബന്ധിപ്പിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അന്തർലീനമായ ഭൂമി-സിദ്ധാന്തങ്ങളാണെന്ന് കാണാം. ആന്ദ്രേ വിങ്ക് ഒരു ശക്തമായ വിമർശനത്തിലൂടെ ചൂണ്ടിക്കാണിച്ചതുപോലെ, ഈ സമഗ്രമായ വ്യവസ്ഥയ്ക്ക് താഴെ ദൃഢമായ പൗരസ്ത്യവാദി (Orientalist) അനുമാനങ്ങൾ പ്രവർത്തിച്ചിരുന്നു: എല്ലാ ഭൂമിയും സ്വന്തമാക്കി വെച്ചിരുന്ന, നിലവിലില്ലാത്തതോ അല്ലെങ്കിൽ സ്വേച്ഛാധിപത്യപരമോ ആയ ഭരണകൂടം, മാറ്റമില്ലാത്ത സ്വയംപര്യാപ്തമായ ഗ്രാമം, യൂറോപ്യൻ വികാസത്തിന്റെ നിഷേധാത്മക പ്രതിബിംബമായ പൗരസ്ത്യദേശം എന്നിവയായിരുന്നു അവ6. തങ്ങൾ പൂർണ്ണമായും അനുഭവൈകവാദികളാണെന്ന് (empirical) കരുതിയിരുന്ന പണ്ഡിതന്മാരുടെ പഠനങ്ങളെപ്പോലും ഈ അനുമാനങ്ങൾ സ്വാധീനിച്ചുകൊണ്ടിരുന്നു.
ഒടുവിൽ, സബാൾട്ടേൺ (subaltern) പദ്ധതി ഭരണകൂടത്തിൽ നിന്നും ഭൂപ്രഭുക്കളിൽ നിന്നും ശ്രദ്ധ തിരിച്ച് കലാപകാരികളായ കർഷകരിലേക്ക് കേന്ദ്രീകരിക്കുകയും, ദേശീയവാദി-മാർക്സിസ്റ്റ് വിവരണങ്ങൾ ഒരുപോലെ ലഘൂകരിച്ചുകളഞ്ഞ ഒരു ബോധത്തെയും ഏജൻസിയെയും വീണ്ടെടുക്കുകയും ചെയ്തു. അതിന്റെ നേട്ടങ്ങൾ യഥാർത്ഥമായിരുന്നു. എന്നാൽ അതിനെത്തുടർന്ന് വന്ന സാംസ്കാരികവും വ്യവഹാരപരവുമായ (discursive) തിരിവ് — ഇ. പി. തോംസൺ മാർക്സിസത്തിന് നൽകിയ നവീകരണത്തിലൂടെയാണ് ഇത് ഭാഗികമായി ഇന്ത്യൻ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നത് അവബോധം, രാജസഭാസംസ്കാരം, പാർശ്വവത്കൃതശബ്ദങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തെ സമ്പന്നമാക്കിയപ്പോൾത്തന്നെ, സാമൂഹിക ചരിത്രം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്ന ഭൂമി, അധ്വാനം, സ്വത്ത് എന്നിവയെക്കുറിച്ചുള്ള ഭൗതിക ചോദ്യങ്ങളെ നിശബ്ദമായി വിസ്മൃതിയിലാഴ്ത്തി. പ്രസന്നൻ പാർത്ഥസാരഥി കൃത്യമായി ഈ വ്യതിയാനത്തെ വിലയിരുത്തുകയുണ്ടായി. ചരിത്രരചനയുടെ മുൻനിര സാംസ്കാരിക-ബൗദ്ധിക ചരിത്രത്തിലേക്ക് മാറിയതോടെ ഇന്ത്യൻ സാമൂഹിക-സാമ്പത്തിക ചരിത്രം തകർച്ചയിലായെന്നും, ഈ നീക്കം ഭൗതിക സ്ഥാപനങ്ങൾക്ക് യഥാർത്ഥത്തിൽ കേന്ദ്രസ്ഥാനം നൽകിയ ഫൂക്കോയുടെ (Foucault) ഒരു ഏകപക്ഷീയമായ വായനയെയാണ് ആശ്രയിച്ചതെന്നും അദ്ദേഹം വാദിച്ചു7.
ഈ പാരമ്പര്യങ്ങളെയെല്ലാം ഒന്നിപ്പിക്കുന്നതും ഈ പരമ്പര ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ ഘടകം, ഭരണകൂടത്തിന് മുൻകൂട്ടി നൽകപ്പെട്ടിട്ടുള്ള (a priori) കേന്ദ്രസ്ഥാനമാണ്. ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷൻ മുതൽ കൊളോണിയൽ ഭൂനികുതി വ്യവസ്ഥ വരെ, ഭൂബന്ധങ്ങൾ പരമാധികാര ശക്തിയുടെ (sovereign power) ഫലങ്ങളായാണ് വായിക്കപ്പെടുന്നത് — ഒന്നുകിൽ അതിന്റെ നികുതി ചുമത്തലിലും, സർവേയിലും, പട്ടയം നൽകലിലും അത് സന്നിഹിതമാണ്, അല്ലെങ്കിൽ ഉൾച്ചേർക്കലിനായി കാത്തിരിക്കുന്ന ഒരു 'ഭരണകൂടരഹിത' മേഖലയിൽ അത് രോഗാതുരമായി അസാന്നിധ്യമാണ്. മദ്രാസിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി, ആർക്കൊക്കെ ഭൂമി വിൽക്കാം എന്ന് തീരുമാനിക്കാനുള്ള അധികാരത്തിലൂടെ തങ്ങളുടെ പരമാധികാരം എങ്ങനെയാണ് അക്ഷരാർത്ഥത്തിൽ രൂപപ്പെടുത്തിയതെന്നും, കുടിയൊഴിപ്പിക്കലിലൂടെ സ്വയം ഒരു 'ഭൂവികസന ഏജൻസി'യായി (land developer) എങ്ങനെ അവതരിപ്പിച്ചുവെന്നും ഭവാനി രാമൻ കാണിച്ചുതന്നിട്ടുണ്ട്8. നമുക്ക് ലഭ്യമായിട്ടുള്ളതിൽ വെച്ച് ഏറ്റവും സമൂലമായ ബദൽ വരുന്നത് മനു ദേവദേവനിൽ നിന്നാണ്; അദ്ദേഹത്തിന്റെ 'ദി ഏർലി മെഡീവൽ ഒറിജിൻസ് ഓഫ് ഇന്ത്യ' (The 'Early Medieval' Origins of India) ഈ ക്രമത്തെ പൂർണ്ണമായും കീഴ്മേൽ മറിക്കുന്നു. രാജാവ് പ്രാഥമികമായി സ്വത്ത് ബന്ധങ്ങളുടെ നിയന്താവ് മാത്രമാണെന്നും, ഭരണകൂടം എന്നത് ആ ബന്ധങ്ങളുടെ വസ്തുവൽക്കരിക്കപ്പെട്ട സ്ഥാപനരൂപം മാത്രമാണെന്നും അദ്ദേഹം വാദിക്കുന്നു; അതിനാൽ ഭൂമി ഭരണകൂടത്തിൽ നിന്ന് ഉത്ഭവിക്കുന്നതല്ല, മറിച്ച് ഭരണകൂടം എന്നത് ഭൂമിയെക്കുറിച്ചുള്ള മുൻകാല ക്രമീകരണങ്ങളുടെ ഘനീഭവിച്ചതും പ്രത്യയശാസ്ത്രപരമായി മറയ്ക്കപ്പെട്ടതുമായ ആവിഷ്കാരമാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു9. ശ്രദ്ധേയമായി, നികുതി കൈവശം വെച്ചിരുന്ന കീഴുദ്യോഗസ്ഥരുടെ നിരയെ സാമന്തന്മാരിൽ (sāmanta) ഒതുക്കാതെ യുദ്ധപ്രഭുക്കൾ, പ്രാദേശിക ഭൂവുടമ വരേണ്യർ, കർഷക ഉടമകൾ, വ്യാപാരി കൂട്ടായ്മകൾ എന്നിവരിലേക്ക് ദേവദേവൻ വ്യാപിപ്പിക്കുന്നു. അത് ശരിയാണെങ്കിൽ, ഭരണകൂട രൂപങ്ങളെക്കുറിച്ചുള്ള നീണ്ട സംവാദങ്ങൾ — ഫ്യൂഡൽ, സെഗ്മെന്ററി, പ്രൊസഷനൽ, പാട്രിമോണിയൽ — തെറ്റായ ഒരു പ്രാരംഭ ഘടകത്തെക്കുറിച്ചാണ് തർക്കിച്ചുകൊണ്ടിരുന്നത്. രാജവംശ വിവരണങ്ങൾക്ക് പകരം ഭൂബന്ധങ്ങളിലെ മാറ്റങ്ങളിലൂടെ ചേര ഭരണകൂടത്തിന്റെ മാറിക്കൊണ്ടിരുന്ന ഭാഗധേയങ്ങളെ വായിക്കുന്ന അദ്ദേഹത്തിന്റെ അധ്യായം, ഭൂമിയെ ആദ്യം നിർത്തുന്ന ഒരു ദക്ഷിണേന്ത്യൻ രാഷ്ട്രീയവ്യവസ്ഥയുടെ ചരിത്രം പ്രയോഗത്തിൽ എങ്ങനെയിരിക്കും എന്ന് കാണിച്ചുതരുന്നു.
എന്തുകൊണ്ട് മലബാർ, എന്തുകൊണ്ട് കേരളം:
സിദ്ധാന്തങ്ങൾ രൂപീകരിക്കുമ്പോൾ നാം ഭരണകൂടത്തിന് മുൻഗണന നൽകുന്നതാണ് പ്രശ്നമെങ്കിൽ, അതിന് ഏറ്റവും അനുയോജ്യമായ പ്രദേശങ്ങൾ ഭരണകൂടത്തിന് തങ്ങളുടെ അധികാരം പൂർണ്ണമായി അടിച്ചേൽപ്പിക്കാൻ കഴിയാതെ പോയ ഇടങ്ങളാണ്; ദക്ഷിണേഷ്യയിൽ മലബാറിനേക്കാൾ വ്യക്തമായി ഈ വസ്തുത തെളിയിക്കുന്ന മറ്റ് പ്രദേശങ്ങൾ കുറവാണ്.
ആദ്യകാല കൊളോണിയൽ രേഖകൾ തന്നെ ഇതിന് എന്ത് സാക്ഷ്യമാണ് നൽകുന്നതെന്ന് പരിശോധിക്കുക. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയപ്പോൾ, ഹൈദരലിയുടെ അധിനിവേശത്തിന് മുൻപുള്ള മലബാറിൽ ഭൂനികുതി ഒട്ടുംതന്നെ പിരിച്ചിരുന്നില്ലെന്നാണ് പ്രാദേശിക പ്രഭുക്കൾ സാക്ഷ്യപ്പെടുത്തിയത്; ഭരണാധികാരികളുടെ വരുമാനം പ്രധാനമായും കടൽച്ചുങ്കം, പിഴകൾ, ഉത്സവങ്ങളിലെ പരമ്പരാഗതമായ കാഴ്ചവെപ്പുകൾ എന്നിവയിൽ നിന്നായിരുന്നു. ഇവിടെ ഒരിക്കലും ഭൂനികുതി നിലനിന്നിരുന്നില്ലെന്ന് 1807-ൽ വില്യം താക്കറെ ഉപസംഹരിക്കുകയും ചെയ്തു10. മലബാർ എന്നത് മദ്രാസ് പ്രസിഡൻസിയിലെ രണ്ടാമത്തെ വലിയ നെല്ലുല്പാദന മേഖലയും കയറ്റുമതിക്ക് വരെ ശേഷിയുള്ളതുമായ ഒരു നനവുനില (wet-rice) പ്രദേശമായിരുന്നു; അവിടെ കാർഷിക വ്യവസ്ഥയുടെ നിർണ്ണായക സവിശേഷത കേന്ദ്രീകൃത നികുതിയുടെ അസാന്നിധ്യമായിരുന്നു. അവിടെ വരുമാനം (rent) ലംബമായി ഒരു ഭരണകൂടത്തിലേക്ക് ഒഴുകുന്നതിന് പകരം, ജന്മിയും കുടിയാനും തമ്മിൽ തിരശ്ചീനമായാണ് (horizontally) വിനിമയം ചെയ്യപ്പെട്ടത്11. നിലവിലുള്ള പ്രമുഖ ചരിത്രമാതൃകകൾ പ്രകാരം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു സങ്കരവ്യവസ്ഥയാണിത്; ഇത് തന്നെയാണ് ഈ പ്രദേശത്തെ സൈദ്ധാന്തികമായി മൂല്യവത്താക്കുന്നത്.
കേരളത്തിലെ ഭൂവ്യവസ്ഥ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്നതിനെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായ വിവരണം പതിനാറ് മുതൽ പതിനെട്ട് വരെയുള്ള നൂറ്റാണ്ടുകളിലെ ജന്മം-കാണം ബന്ധങ്ങളെക്കുറിച്ചുള്ള കെ. എൻ. ഗണേഷിന്റെ പഠനമാണ്; അത് ആഴത്തിലുള്ളതും വിമർശനാത്മകവുമായ വായന അർഹിക്കുന്നു. അടരുകളായുള്ള അവകാശങ്ങളുടെ തദ്ദേശീയമായ ഒരു സങ്കീർണ്ണ ഘടനയും, മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ കാണം വ്യവസ്ഥയുടെ വളർച്ചയിലൂടെ ഉയർന്നുവന്ന ഒരു മധ്യവർത്തി നിയന്താക്കളുടെ — ക്ഷേത്ര ജീവനക്കാർ, സൈനികർ, രാജസേവകർ — സാന്നിധ്യവും ഗണേഷ് കാണിച്ചുതരുന്നുണ്ട്. പരമ്പരാഗത ജന്മികൾക്ക് നാമമാത്രമായ ഉടമസ്ഥത മാത്രം അവശേഷിച്ചപ്പോൾ ഈ മധ്യവർത്തികൾ ഭൂമിയുടെ യഥാർത്ഥ നിയന്ത്രണം കൈക്കലാക്കി; ഇത് ഉടമസ്ഥതയും നിയന്ത്രണവും തമ്മിലുള്ള ദൃഢമായൊരു വിഭജനത്തിന് കാരണമായി. ഇത് യഥാർത്ഥത്തിൽ പ്രയോജനപ്രദമായ ഒന്നാണ്. എങ്കിലും ഈ വിവരണത്തിന് ഘടനാപരമായ ഒരു പോരായ്മയുണ്ട്, അത് വരുംഭാഗങ്ങളിൽ വിശദമായി ചർച്ച ചെയ്യുന്നതാണ്. എങ്കിലും പ്രാഥമികമായി ചിന്തിക്കുകയാണെങ്കിൽ, കേന്ദ്രീകരണത്തിന്റെ തെളിവുകളും രാജാവ് ഉടമയായി ഉയർന്നുവരുന്ന പ്രവണതയും ഏറ്റവും ശക്തമായി നിലനിന്നിരുന്ന തിരുവിതാംകൂറിനെ മുൻനിർത്തിയാണ് ഗണേഷ് പ്രധാനമായും സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നത്, തുടർന്ന് അദ്ദേഹം ആ ചിത്രം വടക്കോട്ട് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. മലബാറിനെ സംബന്ധിച്ച്, കുന്നുകളും വനങ്ങളും നിറഞ്ഞ ഉൾപ്രദേശങ്ങളിൽ കാർഷിക വികാസം ഉണ്ടാകാതിരുന്നതിനാൽ പരമ്പരാഗത അവകാശങ്ങളെ വെല്ലുവിളിക്കാൻ ശക്തമായൊരു മധ്യവർത്തി വിഭാഗം ഉയർന്നുവന്നില്ലെന്നും, അതിനാൽ അവിടുത്തെ സംഘർഷങ്ങൾ നിയന്താക്കളും ഉടമകളും തമ്മിലുള്ള മത്സരത്തിന് പകരം ബ്രാഹ്മണ വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരുകളുടെ (പന്നിയൂർ കൂറും ചോവരം കൂറും) രൂപമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം ഉപസംഹരിക്കുന്നു12. ഇത് ഒരുപക്ഷേ തിരുവിതാംകൂറിന്റെ ചരിത്രമായിരിക്കാം; എന്നാൽ മലബാറിന്റെ ചരിത്രം ഇതാണെന്ന് പറയുവാൻ ആകില്ല. തെക്കൻ പ്രദേശങ്ങളിൽ താൻ കണ്ടെത്തിയ അതേ മധ്യവർത്തികളെ — രാജസേവനത്തിലും സൈന്യത്തിലുമുള്ള ആളുകളെ — ഗണേഷ് മലബാറിലും അന്വേഷിച്ചു; എന്നാൽ അവരെ ആവശ്യത്തിന് കണ്ടെത്താനാകാത്തതിനാൽ അവിടെ socio-economic മാറ്റങ്ങൾ ഉണ്ടായില്ല എന്ന് അദ്ദേഹം അനുമാനിച്ചു. എന്നാൽ ഈ പ്രദേശത്ത് യഥാർത്ഥത്തിൽ വലിയ ഭൂകൈവശക്കാരായി മാറിക്കൊണ്ടിരുന്ന മുസ്ലിം, ക്രിസ്ത്യൻ കാണം ഉടമകൾക്ക് അദ്ദേഹം വളരെ കുറഞ്ഞ പ്രാധാന്യം മാത്രമേ നൽകിയുള്ളൂ. മലബാറിലെ മധ്യവർത്തി വിഭാഗം എന്നത് അത്ഭുതകരമാംവിധം മുസ്ലിം വ്യാപാരികളിൽ നിന്നും 'പോർട്ട്ഫോളിയോ ക്യാപിറ്റലിസ്റ്റുകൾ' (portfolio capitalists) ആയി മാറിയവരായിരുന്നു; നടുവാഴികൾക്കും ജന്മികൾക്കും വൻതോതിൽ പണയം നൽകിയ അവരുടെ പണം നദീതീരങ്ങളിലെ ഉൾപ്രദേശങ്ങളിൽ കാർഷിക വികാസത്തിന് കാരണമായി. ഈ വികാസം തെളിയിക്കാൻ വലിയ കേന്ദ്രീകൃത എസ്റ്റേറ്റുകൾ കണ്ടെത്തേണ്ടതില്ല, കാരണം അവിടുത്തെ കാണം കൈവശാവകാശങ്ങൾ സാധാരണയായി ചെറുതും വലിയൊരു ചെറുകിട ഭൂവുടമ ജനസംഖ്യയിലുടനീളം ചിതറിക്കിടക്കുന്നതുമായിരുന്നു. തിരുവിതാംകൂർ മാതൃകയിലൂടെ മലബാറിന്റെ കാർഷിക ചരിത്രം വായിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാർഷിക യുക്തിയെ, അങ്ങനെയൊന്നിന്റെ അസാന്നിധ്യമായി തെറ്റിദ്ധരിക്കലാണ്.
ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ പഠനവിധേയമാക്കപ്പെട്ട ചരിത്രസംഭവത്തിന്റെ മുൻകാല ചരിത്രത്തെ (prehistory) സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ നിശബ്ദത. ആധുനിക മാപ്പിളയുടെ രൂപീകരണവും — അതിലുപരി 1921-ലെ കലാപത്തിൽ കലാശിച്ച കാർഷിക അസ്വസ്ഥതകളുടെ ദീർഘകാല ചരിത്രവും — പ്രധാനമായും അവബോധത്തിന്റെയും സംസ്കാരത്തിന്റെയും വിശകലന വിഭാഗങ്ങളിലൂടെയാണ് എഴുതപ്പെട്ടിട്ടുള്ളത്. കെ. എൻ. പണിക്കരുടെ 'എഗെയ്ൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്' (Against Lord and State) എന്നത് ഇന്നും ഒഴിച്ചുകൂടാനാവാത്ത ഒരു പഠനമായി നിലകൊള്ളുന്നു; ഇത് 1836–1921 കാലത്തെ കലാപങ്ങളെ കലാപാവബോധം, മതം, കലാപത്തിന്റെ ചട്ടങ്ങൾ എന്നിവയുടെ ഒരു Thompsonian-Gramscian ചട്ടക്കൂടിലൂടെ അത് വായിക്കുന്നു13. ഇത്തരത്തിലുള്ള പഠനങ്ങൾ കൊളോണിയൽ കാലഘട്ടത്തെക്കുറിച്ച് മികച്ച ഉൾക്കാഴ്ചകൾ നൽകുമ്പോഴും, അതിന് മുൻപുള്ള നൂറ്റാണ്ടുകളെക്കുറിച്ചുള്ള ഒരു കാര്യം നൽകാൻ അതിന് സാധിക്കുന്നില്ല: അത് ഭൂമിയുടെ മുൻകാല ചരിത്രമാണ്. മലബാറിൽ ഭൂപ്രഭുക്കളെയും കുടിയാന്മാരെയും അടിമവേലക്കാരെയും സൃഷ്ടിച്ച കാർഷിക രൂപീകരണം, ആദ്യകാല ആധുനിക യുഗത്തിൽ മുസ്ലിങ്ങൾ കാർഷിക ലോകത്തേക്ക് പ്രവേശിച്ചത്, പാട്ടത്തിന്റെ കേന്ദ്രീകരണം, വാണിജ്യ അധികശേഖരം ഭൂമിയുടെ മേലുള്ള അവകാശമായി പരിവർത്തനം ചെയ്യപ്പെട്ടത് — എന്നിവയെയെല്ലാം 1921-ലെ സാംസ്കാരിക ചരിത്രരചന അതിന്റെ നിശബ്ദ പശ്ചാത്തലമായാണ് സ്വീകരിക്കുന്നത്. ഭൂമിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതിനർത്ഥം ആ മുൻകാല ചരിത്രം എഴുതുക എന്നാണ്; അതിലൂടെ ഈ കലാപം കേവലമൊരു മുസ്ലിം സാംസ്കാരിക തീവ്രവാദ രൂപീകരണമായിട്ടല്ല, മറിച്ച് മലബാറിന്റെ ദീർഘകാല സാമൂഹിക-സാമ്പത്തിക പുനഃക്രമീകരണത്തിലുണ്ടായ മാറ്റങ്ങളുടെ ഒരു ഫലമായാണ് പ്രത്യക്ഷപ്പെടുന്നത്. അവസാനമായി, മലബാറിനെക്കുറിചുള്ള പഠനങ്ങൾക്ക് ഊന്നൽ നൽകാൻ മറ്റൊരു കാരണമുണ്ട്. മലബാർ വിശദീകരിക്കപ്പെടേണ്ട ഒരു അപവാദം (exception) മാത്രമല്ല; ഒരുതരം ആവർത്തിക്കുന്ന സ്ഥലത്തിന്റെ ഒരു മാതൃക (model) കൂടിയാണ്. തെക്കുകിഴക്കൻ ഏഷ്യ മുതൽ കൊങ്കൺ, കനറ, ഗോവ, ഒമാൻ, കിഴക്കൻ ആഫ്രിക്കയിലെ സ്വാഹിലി തീരം എന്നിവടങ്ങളിലെല്ലാം സമുദ്രത്തിനും കുന്നുകൾക്കും അല്ലെങ്കിൽ പർവ്വതനിരകൾക്കും ഇടയിൽ പെട്ടുപോയ ഇടുങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങൾ കാണാം; കടൽ വ്യാപാരത്തെ ഉൾനാടൻ ജനവാസകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന നദികളാൽ സമ്പന്നവും, കനത്ത മൺസൂൺ ലഭിക്കുന്നതുമായ ഈ പ്രദേശങ്ങൾ നനവുനില കൃഷിക്കും തോട്ടവിള കൃഷിക്കും ഒരുപോലെ അനുയോജ്യമാണ്. കേന്ദ്രീകൃത സാമ്രാജ്യങ്ങൾക്ക് പകരം ചിതറിക്കിടക്കുന്ന, വികേന്ദ്രീകൃതമായ ഭരണകൂടങ്ങളാണ് ഇവയെ നിയന്ത്രിച്ചിരുന്നത് (നിയന്ത്രിച്ചിരുന്നെങ്കിൽ തന്നെ). ഇവ പാരിസ്ഥിതികമായും രാഷ്ട്രീയമായും സാമ്പത്തികമായും സമാനമായ ഭൂപ്രദേശങ്ങളാണ്; അവ സാമ്രാജ്യത്തെയോ കേന്ദ്രീകൃത ഭരണകൂടത്തെയോ തന്നിരിക്കുന്ന സാമൂഹിക രൂപമായി കണക്കാക്കാത്ത, ഭൂമിയും മതപരമായ പ്രോത്സാഹനങ്ങളും സാമ്പത്തിക ഘടനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ആവശ്യപ്പെടുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രാദേശിക ചരിത്രത്തിന് കീഴിൽ ഒതുക്കേണ്ട ഒരു സവിശേഷതയല്ല കേരളം, മറിച്ച് തീരദേശവും മൺസൂൺ ലഭിക്കുന്നതുമായ, ദുർബലമായ ഭരണകൂടങ്ങളുള്ള (thin-state) ഒരു വലിയ വിഭാഗം പ്രദേശങ്ങൾക്ക് മുഴുവൻ സിദ്ധാന്തങ്ങൾ രൂപീകരിക്കാൻ കഴിയുന്ന ഒരു ഇടമാണത്.
ഭൂപ്രകൃതി, പരിസ്ഥിതി, ഭൂമിയുടെ പ്രപഞ്ചവീക്ഷണം (Cosmology)
ചരിത്രപരമായ മലബാർ എന്നത് പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ടത്തിനുമിടയിൽ, വടക്ക് കൊങ്കൺ മുതൽ തെക്ക് കൊല്ലത്തിന്റെ അക്ഷാംശം (latitude) വരെ ഏകദേശം അമ്പത് മുതൽ എഴുപത് കിലോമീറ്റർ വരെ വീതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഭൂപ്രദേശമാണ്. ഇതിന്റെ താഴ്ന്ന തീരദേശ മേഖലകളിലും ഉൾനാടൻ ചതുപ്പുനിലങ്ങളിലും നെൽക്കൃഷിയും; ഉയർന്ന മലമ്പ്രദേശങ്ങളിൽ കുരുമുളക്, ഏലം, ജാതിക്ക, തടി എന്നിവയും വിളഞ്ഞിരുന്നു; തെങ്ങ് ഇരുമേഖലകളിലും ഒരുപോലെ വ്യാപിച്ചുകിടന്നു.[14] പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ചിറങ്ങുന്ന നദികൾ ഉൾനാടൻ വാണിജ്യം സാധ്യമാക്കുകയും, തോട്ടവിളകൾ നിറഞ്ഞ മലമ്പ്രദേശങ്ങളെയും നെൽവയലുകളുള്ള താഴ്ന്ന പ്രദേശങ്ങളെയും തുറമുഖങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തു; അതിനാൽത്തന്നെ ഇവിടുത്തെ കാർഷിക മേഖലയും സമുദ്രമേഖലയും ഒരിക്കലും പരസ്പരം വേർപെട്ട രണ്ട് മണ്ഡലങ്ങളായിരുന്നില്ല. വ്യവസ്ഥാപിത ചരിത്രവിവരണങ്ങൾ പ്രകാരം, എട്ടാം നൂറ്റാണ്ടോടുകൂടി ബ്രാഹ്മണ കുടിയേറ്റവും നനവുനിലങ്ങളിലെ (wetland) നെൽക്കൃഷിയുടെ വ്യാപനവും ഒരേസമയം സംഭവിച്ച പ്രതിഭാസങ്ങളായിരുന്നു. പെരിയാറിന്റെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ഈ കുടിയേറ്റങ്ങൾ, ഉപ്പുവെള്ളം കയറുന്നത് കാരണം നെൽക്കൃഷി തീരപ്രദേശങ്ങളിൽ അസാധ്യമായിരുന്നു.[15]
ഈ ഭൂപ്രകൃതിക്ക് അതിന്റേതായ ഒരു ഭൂ-പ്രപഞ്ചവീക്ഷണം (cosmology of land) ഉണ്ടായിരുന്നു. പരശുരാമൻ എന്ന ബ്രാഹ്മണ-യോദ്ധാവ് തന്റെ മഴു എറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്തതാണ് ഈ തീരപ്രദേശം മുഴുവൻ എന്നതായിരുന്നു ഇവിടുത്തെ പ്രബലമായ ഐതിഹ്യം. തുടർന്ന് അദ്ദേഹം വടക്കുനിന്ന് കൊണ്ടുവന്ന ബ്രാഹ്മണരെ അറുപത്തിനാല് ഗ്രാമങ്ങളിൽ — മുപ്പത്തിരണ്ട് തുളുനാട്ടിലും മുപ്പത്തിരണ്ട് കേരളത്തിലും — കുടിയിരുത്തുകയും ചെയ്തു; "കുരുമുളകിനാൽ സമൃദ്ധമായ" ഈ ഭൂമിയുടെ ഫലഭൂയിഷ്ഠത തന്നെ അദ്ദേഹത്തിന്റെ ദാനമായാണ് ചിത്രീകരിക്കപ്പെട്ടത്.[16] ഇത്തരത്തിലുള്ള മിത്തുകൾ, ഭൂമിക്ക് മേൽ ആർക്കാണ് അവകാശമുള്ളതെന്നും അത് ഏത് മതപരമായ അധികാരത്തിന്റെ അടിസ്ഥാനത്തിലാണെന്നുമുള്ള അവകാശവാദങ്ങളാണ്. കേശവൻ വെളുത്താട്ട് വാദിക്കുന്നത് പോലെ, നാം ഇന്ന് കേരളം എന്ന് വിളിക്കുന്ന പ്രദേശം കൃത്യമായി ഇത്തരം ഭാവനാത്മകമായ നിർമ്മിതികളിലൂടെയാണ് ഒരു സവിശേഷ ഘടകമായി രൂപപ്പെട്ടത്; പതിനാറാം നൂറ്റാണ്ടോടുകൂടി സ്വദേശത്തുനിന്ന് മാത്രമല്ല, ഡുവാർട്ടെ ബാർബോസയെപ്പോലുള്ള വിദേശ നിരീക്ഷകരും അറബ് ചരിത്രകാരന്മാരും ഈ പ്രദേശത്തെ ഒരു പ്രത്യേക ഭൂഭാഗമായി അടയാളപ്പെടുത്തിയിരുന്നു.[17] മണ്ണിലിന്മേലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമുള്ള ഉപകരണങ്ങളുടെ ഭാഗമാണ് ഭൂമിയെയും ദൈവങ്ങളെയും നിലങ്ങളെയുമൊക്കെയുള്ള മിത്തുകൾ എന്നതാണ് ഒരു മുഖ്യധാര. ഈ പ്രദേശത്തെ ഭൂമിയെ ഗൗരവപൂർവ്വം വായിക്കുക എന്നതിനർത്ഥം, അതിന്റെ പ്രപഞ്ചവീക്ഷണങ്ങളെ നിയമപരവും മതപരവുമായ വാദങ്ങളായി (legal-religious arguments) വിശകലനം ചെയ്യുക എന്നതാണ്. എന്റെ സുഹൃത്തുക്കളായ കൗസ്തുഭ് നായിക്കും അഫീഫും ഈ പ്രപഞ്ചവീക്ഷണാന്തരീക്ഷത്തെക്കുറിച്ച് ചിന്തോദ്ദീപകമായ രണ്ട് സബ്സ്റ്റാക്ക് (Substack) ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
References:
- Ranajit Guha, A Rule of Property for Bengal: An Essay on the Idea of Permanent Settlement (first published 1963; Durham: Duke University Press, 1996). For the Physiocratic and Lockean genealogy, see esp. chaps. 1–2. ↩
- Andrew Sartori, Liberalism in Empire: An Alternative History (Berkeley: University of California Press, 2014), Introduction and chap. 1. ↩
- R. S. Sharma, Indian Feudalism, c. 300–1200 (Calcutta: University of Calcutta, 1965); D. D. Kosambi and Irfan Habib are invoked for the broader Marxist tradition. The relation of this tradition to the Veluthat school is discussed in Manu V. Devadevan, “The Burden of Being Kesavan Veluthat,” introduction to the Veluthat festschrift. ↩
- Harbans Mukhia, “Was There Feudalism in Indian History?” Journal of Peasant Studies 8, no. 3 (1981): 273–310; on caste rather than serfdom as the mechanism securing labor from the landless, see p. 291. Mukhia’s call for “a typology more specific to pre-British India” is also discussed in Jonathan Seefeldt, “Histories of the State in Premodern South Asia” (2018). ↩
- David Ludden, Peasant History in South India (Princeton: Princeton University Press, 1985); Ludden, ed., Agricultural Production and South Asian History (New Delhi: Oxford University Press, 2005); and Ludden, An Agrarian History of South Asia, New Cambridge History of India IV.4 (Cambridge: Cambridge University Press, 1999). ↩
- André Wink, “Asian Studies, Agrarian History and Orientalism.” ↩
- Prasannan Parthasarathi, “The State of Indian Social History,” Journal of Social History 37, no. 1 (2003): 1–20. ↩
- Bhavani Raman, “Sovereignty, Property and Land Development: The East India Company in Madras,” Journal of the Economic and Social History of the Orient 61 (2018): 976–1004. ↩
- Manu V. Devadevan, The ‘Early Medieval’ Origins of India (Cambridge: Cambridge University Press, 2021). See also his chapter “Changes in Land Relations and the Changing Fortunes of the Cēra State” in the same volume. ↩
- This is a finding later officials disputed but never disproved with positive evidence. See: K. N. Panikkar, Against Lord and State: Religion and Peasant Uprisings in Malabar, 1836–1921 (Delhi: Oxford University Press, 1989), 2–3, citing the testimony of local chieftains (BRM, Vols. 110-A and 110-B) that no land revenue was collected in the pre-Haidar period, and William Thackeray, A Report on Malabar, Canara and Ceded Districts, 15; the contrary views of Macleod, Logan, and Baden-Powell are noted there as unsupported by positive proof. ↩
- On Malabar as the second most rice-producing region of the Madras Presidency and a rice exporter, see Ajith, Bhoomi, Jati, Bandhanam: Keralathile Karshikaprasnam [Land, Caste, Bondage: The Agrarian Question in Kerala] 9, drawing on the Ward and Connor survey and early colonial data. On horizontal rent between janmi and kuṭiyān, see Ganesh, “Ownership and Control.” ↩
- Ganesh, “Ownership and Control,” 319–20 (forests covering two-thirds of north Malabar and the limits to agrarian expansion; conflict as Brahmin factionalism) and 321 (the Mysore revenue assessment). ↩
- K. N. Panikkar, Against Lord and State (n. 10); the study reads the 1836–1921 uprisings through a framework of rebel “consciousness” indebted to E. P. Thompson and Gramsci. The point that this and the wider cultural historiography of 1921 (e.g. Stephen Dale) lack a deeper agrarian prehistory of land is mine; on the danger of “a quite teleological reading of the politics of jihād,” see Sanjay Subrahmanyam and Muzaffar Alam, “Letters from Kannur, 1500–50,” in Clio and Her Descendants: Essays for Kesavan Veluthat, ed. Manu V. Devadevan (New Delhi: Primus, 2018), 2. ↩