1970 കളിൽ സ്വാതന്ത്ര്യാനന്തര നൈജീരിയയിലെ വീടുകളിൽ, നിങ്ങളൊരു ക്രിസ്ത്യാനിയാണെങ്കിൽ ബൈബിളും, മുസ്ലിമാണെങ്കിൽ ഖുർആനും, ഹൈനെമാൻ ആഫ്രിക്കൻ റൈറ്റേഴ്സ് പരമ്പരയിലെ പുസ്തകങ്ങളും എപ്പോഴും ലഭ്യമായിരുന്നു. ചിനുവ അച്ചെബെയുടെ (Chinua Achebe) തിംഗ്സ് ഫാൾ അപ്പാർട്ട് (Things Fall Apart) എന്ന കൃതിയും, വോൾ സോയിങ്കയുടെ (Wole Soyinka) നാടകങ്ങളും (മിക്കവാറും ദി ലയൺ ആന്റ് ദി ജുവൽ (The Lion and the Jewel), അല്ലെങ്കിൽ ദി ട്രയൽസ് ഓഫ് ബ്രദർ ജെറോ (The Trials of Brother Jero) അതിൽ പ്രധാനമായിരുന്നു. പലപ്പോഴും അവയ്ക്കൊപ്പം ങ്ഗുഗി വാ തിയോങ്കോയുടെ പുസ്തകങ്ങളുമുണ്ടായിരുന്നു. വീപ്പ് നോട്ട് ചൈൽഡും ( Weep Not Child) ദി റിവർ ബിറ്റ്വീനും ( The River Between) ഞങ്ങളുടെ പക്കലുണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു. ഇനി അഥവാ ഈ പുസ്തകങ്ങൾ നിങ്ങളുടെ വീട്ടിലില്ലെങ്കിൽ സമീപഭാവിയിൽ തന്നെ സ്കൂളിൽ വെച്ച് നിങ്ങളവയെ കണ്ടുമുട്ടും. കാരണം, അവ സെക്കൻഡറി സ്കൂൾ മുതൽ കോളേജ് തലം വരെയുള്ള അംഗീകൃത നിർണിത പാഠങ്ങളായിരുന്നു.
1950 കളിലും 1960 കളിലും പ്രസിദ്ധീകരണം തുടങ്ങിയ ആഫ്രിക്കൻ എഴുത്തുകാരുടെ ആദ്യ തലമുറ എന്ന് വിളിക്കപ്പെടുന്ന തലമുറയിൽ പെട്ടവരായിരുന്നു ഈ മൂന്ന് എഴുത്തുകാരും. ഒരു കലത്തിന്റെ മൂന്ന് കാലുകൾ പോലെ അവർ ആഫ്രിക്കൻ സാഹിത്യത്തെ താങ്ങി നിർത്തി. കലത്തിൽ അവരുടെ മനസ്സ് സങ്കൽപ്പിച്ചതെല്ലാം വെച്ച് അവർ പാചകം ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യാനുകൂല സിദ്ധാന്തം, പാൻ-ആഫ്രിക്കൻ സിദ്ധാന്തം, പോസ്റ്റ് കൊളോണിയൽ സിദ്ധാന്തം തുടങ്ങി വിഷയങ്ങളിൽ അവർ സമാനതകൾ പങ്കിട്ടുവെങ്കിലും ശൈലീപരമായി അവർ പരസ്പരം വളരെ വ്യത്യസ്തരായിരുന്നു. നൈജീരിയക്കാരായ മറ്റു രണ്ട് പേരിൽ നിന്നും വ്യതിരിക്തമായി, കെനിയക്കാരനായ ങ്‌ഗുഗിയെ രൂപപ്പെടുത്തിയത് കടുത്ത രാഷ്ട്രീയ പ്രതിബന്ധങ്ങളായിരുന്നു. രാഷ്ട്രീയത്തിലും ഭാഷയിലും വളരെ തീവ്രമായ നിലപാടുകൾ സ്വീകരിക്കാൻ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
1955 ൽ, അവധിക്കാലത്ത് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ അദ്ദേഹം കാണുന്നത്, ബ്രിട്ടീഷ് കൊളോണിയൽ പട്ടാളക്കാർ നശിപ്പിച്ച തന്റെ കുടുംബ വീടാണ്. ജന്മനാടായ ലിമുരു നിലംപരിശായി കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാർ മൗ മൗ പ്രക്ഷോഭം എന്ന് വിളിച്ചിരുന്ന അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്. അദ്ദേഹത്തിന്റെ ആദ്യകാല നോവലുകളിലെ മുഖ്യ പ്രതിപാദ്യ വിഷയം ഈ സംഭവ വികാസങ്ങളാണ്. ആദ്യകാല നോവലുകളായ വീപ്പ് നോട്ട് ചൈൽഡ് (Weep Not Child) (1964), ദി റിവർ ബിറ്റ്വീൻ (The River Between) (1965), എ ഗ്രെയിൻ ഓഫ് വീറ്റ് (A Grain of Wheat) (1967), പെറ്റൽസ് ഓഫ് ബ്ലഡ് (Petals of Blood) (1977) എന്നിവ ജെയിംസ് ങ്ഗുഗി എന്ന പേരിൽ ഇംഗ്ലീഷിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. പിന്നീട്, ഇംഗ്ലീഷിൽ എഴുത്ത് നിർത്തിയ ശേഷമാണ് ങ്ഗുഗി വാ തിയോങ്കോ എന്ന പേരിലേക്ക് മാറുന്നത്.
1960 - 70 കളിൽ നയ്റോബി സർവകലാശാലയിലെ(Nairobi University) ഇംഗ്ലീഷ് വിഭാഗത്തിൽ ഫാക്കൽറ്റി അംഗമായിരുന്ന കാലത്താണ് പാഠ്യപദ്ധതിയിലെ സമൂലമായ മാറ്റത്തിനായി അദ്ദേഹം പോരാടുന്നത്. ഇംഗ്ലീഷ് സാഹിത്യ പഠനം മാറി, ഇംഗ്ലീഷിൽ സാഹിത്യ പഠനം എന്ന നിലയിലേക്ക് നാമകരണത്തിലും സത്തയിലും മാറ്റം വരണമെന്ന് അദ്ദേഹം വാദിച്ചു. ഇംഗ്ലീഷ് സാഹിത്യവും ഇതര സാഹിത്യങ്ങളും തമ്മിൽ, പ്രത്യേകിച്ച് ആഫ്രിക്കൻ ഭാഷകൾ, അവയുടെ മൂലഭാഷാ സ്വഭാവത്തിലും വിവർത്തനങ്ങളിലും മറ്റെല്ലാ തലങ്ങളിലും തുല്യത വേണമെന്ന ശാഠ്യം മുഖേന, ആഫ്രിക്കയിലുടനീളമുള്ള നവജാത ഇംഗ്ലീഷ് സാഹിത്യ വിഭാഗങ്ങളെ രൂപപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു നീക്കമായിരുന്നു അത്.
കൊളോണിയലിസം ബലമായി അടിച്ചേൽപ്പിച്ച, ആധുനിക ലോകത്തെ മനസ്സിലാക്കാൻ പാടുപെടുന്ന, പുതുതായി സ്വതന്ത്രരായ ആഫ്രിക്കക്കാരുടെ ഒരു അധ്യാപകൻ എന്ന നിലയിലാണ് ങ്ഗുഗിയുടെ തലമുറ എഴുത്തുകാരനെന്ന സ്ഥാനത്തെ കണക്കാക്കിയിരുന്നത്. ങ്ഗുഗിയുടെ സങ്കൽപ്പത്തിലെ അധ്യാപകൻ എപ്പോഴും ഒരു മാർക്സിസ്റ്റ് പ്രവർത്തകനായിരുന്നു, ഒരുതരം കമ്മ്യൂണിറ്റി സംഘാടകൻ. അദ്ദേഹത്തിന്റെ നാടകങ്ങളായ ദി ട്രയൽ ഓഫ് ഡെദാൻ കിമാത്തി (Trial of Dedan Kimathi) (1976), ഐ വിൽ മാരി വെൻ ഐ വാണ്ട് (I Will Marry When I Want) (1977) എന്നിവ ജനങ്ങൾക്കു വേണ്ടി, ജനങ്ങളുടെ നിലവാരത്തിലുള്ള ഒരു കമ്മ്യൂണിറ്റി നാടകം എന്ന നിലയിലാണ് പ്രസിദ്ധിയാർജ്ജിച്ചത്. കൂടാതെ, അരങ്ങിലെത്തിയതിനെ തുടർന്ന്, അവയുടെ ഉയർന്ന രാഷ്ട്രീയവും വിമർശനാത്മകമായ ഉള്ളടക്കവും തെരുവുകളിൽ കലാപങ്ങൾക്ക് കാരണമായി. തുടർന്ന്, ങ്ഗുഗിയെ ഡാനിയൽ അരപ് മോയി ഭരണകൂടം അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റുകളും തടങ്കലുകളും നാടുകടത്തലുകളും ആദ്യ തലമുറയിലെ ആഫ്രിക്കൻ എഴുത്തുകാർക്ക് ഒരു ആചാരമായിരുന്നു. ങ്ഗുഗിയുടെ രാജ്യഭ്രഷ്ട് അദ്ദേഹത്തിന്റെ കൃതികളെ പുതിയ പല പ്രേക്ഷകരും പരിചയപ്പെടുന്നതിലേക്ക് വഴിവെച്ചു. ശേഷം, അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട ചില വിമർശനാത്മക ഉപന്യാസങ്ങളും സംവാദാത്മക കൃതികളും രചിച്ചു. പോസ്റ്റ് കൊളോണിയൽ സാഹിത്യ സിദ്ധാന്ത മേഖലയിൽ ആദ്യകാലങ്ങളിൽ തന്നെ പ്രത്യേകമൊരു അടിത്തറ സ്ഥാപിച്ച കാരണത്താലാണ്, ഡീകോളനൈസിംഗ് ദി മൈൻഡ്: ദി പൊളിറ്റിക്സ് ഓഫ് ലാംഗ്വേജ് ഇൻ ആഫ്രിക്കൻ ലിറ്ററേച്ചർ (Decolonising The Mind: The Politics of Language in African Literature) (1986) അദ്ദേഹത്തിന്റെ കൃതികളിലെ കേന്ദ്ര സ്ഥാനം വഹിക്കുന്നത്.
അദ്ദേഹത്തിന്റെ കുടിയേറ്റം, ഇംഗ്ലീഷ് ഭാഷയിൽ നിന്ന് മാതൃഭാഷയായ ഗികുയുവിലേക്കുള്ള ഭാഷാപരമായ ദേശാന്തരഗമനം കൂടി ഉൾപ്പെടുന്നതാണ്. ലോക, ആഗോള സാഹിത്യങ്ങളുടെ ഉദയത്തിനും മുൻപായതിനാൽ, മാതൃഭാഷയിൽ എഴുതേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് അത്രമേൽ ശ്രദ്ധിക്കപ്പെടാതിരുന്നെങ്കിലും അദ്ദേഹം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ അടിയുറച്ചു നിന്നു. അത് എന്തെങ്കിലും പ്രായോഗിക മൂല്യത്തിനു വേണ്ടിയായിരുന്നില്ല, മറിച്ച് മനുഷ്യ മനസ്സിനെ അപകോളനീകരിക്കുക എന്ന പ്രതീകാത്മക ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. കാലത്തിന്റെ വളർച്ചയിൽ, ങ്ഗുഗിയുടെ തലമുറയിലെ എഴുത്തുകാരെ പഴയനിയമത്തിലെ കഥാപാത്രങ്ങളായ പ്രവാചകന്മാരെപ്പോലെയാണ് നമ്മൾ ഗണിച്ചത്. അതുകൊണ്ടാണ്, അവർ മരിക്കുമ്പോൾ, പ്രവാചകന്മാരുടെ യുഗം അവസാനിക്കുകയാണെന്ന് നാം കരുതുന്നത്. അവശേഷിക്കുന്ന നാം, നമുക്ക് കഴിയുന്നിടത്തോളം, സാധ്യമായതിൽ ഏറ്റവും മികച്ചതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കണം.
വിവർത്തനം : എം ഹുസ്ന ഫാത്തിമ