'ഉദാഹരണം പറച്ചിലുകൾക്കിടയിൽ ശൈഖുന പൊന്മള ഉസ്താദ് (പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ) ഒരു ആശ്ചര്യം പങ്കുവെച്ചു, "ൻ്റെ മമ്പുറത്തപ്പാപ്പാ", ഒരു കല്ല്യാണത്തിന് കൂടി (പങ്കെടുത്തു). ന്തല്ലാമാണ് അവിടെ ഒരുക്കി വെച്ചിരിക്കുന്നത്!'.
മമ്പുറം, മാപ്പിള മുസ്‌ലിംകളുടെ എന്നത്തേയും അഭയ കേന്ദ്രം. സ്ഥലവിദൂരതയിലും സാമീപ്യതയിലും ഭൗതിക(material)വും അഭൗതിക(immaterial)വുമായ അത്മീയബന്ധത്തിൻ്റെ നൈരന്തര്യം കാരണം മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ആശാകേന്ദ്രം. മമ്പുറത്തെ തങ്ങളും മമ്പുറം മഖാമും പരിസരവും, ഓരോ മാപ്പിള മുസ്‌ലിമിനും അത്രമേൽ പ്രിയപ്പെട്ടതും ജീവിതത്തിൻ്റെ ഓരോ നിമിഷാർദ്ദങ്ങളിലും അത്യന്താപേക്ഷിതവുമാണ്. ഭൗതികമായ തൻ്റെ വാസം കണ്ടത്തെിയ ഇടവും ജീവിതമാർഗ ഉപാധികളും അഭൗതികമായ പിടിവള്ളിയുമായി ആ ഇടം വർത്തിക്കുന്നു. മഖാം മാർക്കറ്റുകളിലെ ലളിതമായ തൊഴിലുകളും അന്തേവാസവും ചിലരുടെ വിലാസമായി തന്നെ രേഖപ്പെടുത്തപ്പെടുന്നു. സ്ഥിരമായ ഭൗതിക സാമീപ്യത്തിൻ്റെ അഭാവത്തിലും, ആത്മീയ ബന്ധങ്ങൾ നിലനിൽക്കെ തന്നെ, ഇടക്കിടെയുള്ള തീർഥാടന(pilgrimage)ങ്ങളിലൂടെ ഭൗതികമായ ബന്ധങ്ങളുടെ ഊഷ്മളതയെ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നു. വീണ്ടും വീണ്ടും അവിടെയത്താനുള്ള മാപ്പിളയുടെ അഭിലാഷങ്ങൾ സദാ മമ്പുറം മഖാമിനെ സജീവമാക്കുന്നു.
മാപ്പിള ശബ്‌ദ പ്രപഞ്ചം (Mappila Sound scape)
മതത്തിലും സമൂഹത്തിലും സമുദായങ്ങളിലും വിവിധങ്ങളായ സ്വാധീനം ചെലുത്തുന്ന ശബ്ദങ്ങളെ മാത്രം പഠന വിധേയമാക്കി ശബ്ദപഠനങ്ങൾ (sound studies) എന്ന ശാഖ തന്നെ വികാസം പ്രാപിച്ചിട്ടുണ്ട്. ടെക്സ്റ്റുകളിൽ നിന്നും വിശ്വൽ ഇമേജുകളിൽ നിന്നും ശബ്ദ സൂചകങ്ങളെ വേർതിരിച്ച് മനസ്സിലാക്കിയും ക്രോഡീകരിച്ചും ഹിസ്റ്റോറിക്കൽ എക്കൊസ്റ്റമോളജി (historical acoustemology) ശബ്ദങ്ങളെ പഠന വിധേയമാക്കുന്നു. ഈജിപ്തിലെ കാസറ്റ് ഭാഷണ(cassate sermon)ങ്ങളെ പഠനവിധേയമാക്കി, ശബ്ദങ്ങൾ, മതകീയാചാരങ്ങളിലും പൊതുവ്യവഹാരങ്ങളിലും ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് ചാൾസ് ഹിർശ്കിന്ദ് തൻ്റെ The Ethical Soundscape: Cassate Sermons and Islamic Counter publics എന്ന പഠനത്തിലൂടെ നരവംശശാസ്ത്ര(anthropological)ത്തിലെ ശബ്ദ സാധ്യതകളെ വിശദീകരിക്കുന്നുണ്ട്.
വാമൊഴി കൈമാറ്റങ്ങൾക്ക് പ്രാധാന്യം നൽകിയ സമുദായമയതിനാൽ തന്നെ, മാപ്പിള ജനതയുടെ ആചാര അനുഷ്ഠാനങ്ങളിലെല്ലാം ശബ്ദങ്ങൾ നിരന്തരമായ സഞ്ചാരക്ഷമത(mobility) നിലനിർത്തുന്നുണ്ട്. മഹാരഥന്മാരുമായി സന്ധിച്ച വ്യവഹാരങ്ങളിലും ഇവ ദൃശ്യമാണ്. ടെക്സ്റ്റുകളുടെ പാരായണവും ഭാഷണങ്ങളും വാചികമായ ആവിഷ്കാരങ്ങളും കൈമാറ്റങ്ങളും ഇതര സാമുദായികതകൾക്കുപരിയായി മാപ്പിള ജനതയിൽ കാണാനാകും, അതിൽ നിന്നുമുള്ള ശബ്ദ സൂചകങ്ങളെയും.
ഭൗതികവും ശാരീരികവുമായ സഞ്ചാരങ്ങൾക്ക് പുറമേ, വിവിധങ്ങളായ രീതിയിൽ, രൂപകങ്ങളിൽ ശബ്ദങ്ങൾ, മമ്പുറം തങ്ങളിലേക്കും മഖാമിലേക്കും സഞ്ചരിക്കുന്നുണ്ട്. വിവിധ രൂപത്തിലുള്ള പരാമർശങ്ങളായും വിളികളായും പുണ്ണ്യാത്മാക്കളെ കേന്ദ്രീകരിക്കുന്ന ശബ്ദങ്ങളിൽ മാപ്പിള സാമുദായികതയിൽ സ്വാഭാവിക മേധാവിത്വം പുലർത്തുന്ന വിളികളാണ് ഇവിടെ പ്രതിപാദിക്കുന്നത്. മഖാമിനകത്തും പുറത്തുമുള്ള മാപ്പിള മുസ്‌ലിമിൻ്റെ സംസാരങ്ങൾ, ആരാധനകൾ, അനുഷ്ഠാനങ്ങൾ, ബൗദ്ധിക വ്യവഹാരങ്ങൾ, സാഹിത്യ, കലാവിഷ്‌ക്കാരങ്ങൾ തുടങ്ങി മാപ്പിള ശബ്ദ പ്രപഞ്ച(soundscape)ത്തിൽ 'മമ്പുറത്തെപാപ്പ' എന്ന വിളിയുടെ പ്രാധിനിത്യവും അതിന് മാപ്പിളമാർ തന്നെ നൽകുന്ന മാനങ്ങളും ഈ പഠനത്തിലൂടെ വിഷയീഭവിക്കുന്നു. സ്മാരകശിലകൾ(tombstone), പൊതുവേ, അസാന്നിധ്യത്തിന്റെയും നിശബ്ദതയുടെയും അടയാളങ്ങളാണെങ്കിലും, 'പലതരം സാന്നിധ്യങ്ങളുടെ ശബ്ദങ്ങൾ(sounds of many presences)' എന്ന കുടീരങ്ങ(graves) ളുടെ വിശേഷണ പ്രയോഗവും നിശബ്ദ ഇടങ്ങളെ ശബ്‌ദമുഖരിതമാക്കുന്ന(noicy) പ്രതിഭാസവും The Graves of Tarim Genealogy and Mobility across the Indian Ocean എന്ന പുസ്തകത്തിലൂടെ എങ്സെങ് ഹൊ പങ്കുവെക്കുന്നുണ്ട്.
സാധാരണ സംസാരങ്ങളിൽ
അവസ്ഥാന്തരങ്ങളിലും വിളിക്കപ്പെടുന്ന/ അവതരിപ്പിക്കപ്പെടുന്ന "ൻ്റെ മമ്പുറത്തപ്പാപ്പാ" എന്ന ഒരൊറ്റ പ്രയോഗം, വിവിധാർത്ഥങ്ങളെ വ്യക്തമാക്കിതരുന്നത് കൂടെയുള്ള വാചകങ്ങളിൽ നിന്നോ, സാഹചര്യങ്ങളിൽ നിന്നോ ആണ്. 'ൻ്റെ മമ്പുറത്തപ്പാപ്പാ... എന്താപ്പത് കാണുന്നത് ' ആശ്ചര്യമായും 'മമ്പുറത്തപ്പാപ്പ കാത്തു' നന്ദി സൂചകമായും 'ൻ്റെ മമ്പുറത്തപ്പാപ്പാ... കാത്തു കൊള്ളണേ' എന്നത് ഒരേ സമയം കാവലായും ആത്മ ധൈര്യമായും ഉപയോഗിക്കപ്പെടുന്നത് വാചികമായി തന്നെ നാനാർത്ഥങ്ങളെ ധ്വനിപ്പിക്കുന്നതിന് ഉദാഹരണങ്ങളാണ്.
കേവലം, കാവൽ തേടുന്നതിനും സഹായ തേട്ടങ്ങൾക്കുമുള്ള മാധ്യമമല്ല, അതിശയവും കൗതുകകരവുമായ സംഭവങ്ങളുടെ സ്വാഭാവികവും പ്രാഥമികവുമായ പ്രതികരണവുമാണ് ഇത്തരം വിളികൾ. സംഭവങ്ങളുടെ ഗൗരവതയും സങ്കീർണ്ണതയും, 'വിളികളു'ടെ ശബ്ദ(sound)ക്രമത്തെയും ഭാവ(expression)ക്രമങ്ങളെയും സ്വാധീനിക്കുന്നുണ്ട്. അത് അവതരണങ്ങളിലാണെങ്കിലും പ്രകടമാക്കുന്നു. ശ്രോതാവിൽ, അതെത്ര കണ്ട് സ്വാധീനിക്കണോ, അതിനനുസരണം വിളികളെ അവതാരകൻ ശബ്ദ, ഭാവ വ്യത്യാസങ്ങളോടെ ക്രമീകരിക്കുന്നു.
ആചാര അനുഷ്ഠാനങ്ങളിൽ
അവിചാരിതവും സ്വാഭാവികവും അനൗപചാരികവുമായ ശബ്ദവ്യവഹാരങ്ങളിൽ മാത്രമല്ല, വിചാരിതവും സാന്ദർഭിക(occasional)വും ഔപചാരിക(formal)വുമായ നിർവഹണമായും ഈ വിളികൾ, മാപ്പിള സമുദായികതയിൽ ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്. സാധാരണവും ചില ലക്ഷ്യ സാഫല്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേകവുമായ, ഏകവും, കൂട്ടവുമായ പ്രാർത്ഥനകളിൽ ഇവർ നിരന്തരം സ്മരിക്കപ്പെടുന്നു. അവരുടെ പദവിയാരോഹണങ്ങൾക്കും അവരുമായുള്ള സ്വർഗീയവാസത്തിൻ്റെ ഉതവിക്കും പ്രാർഥിക്കുന്നതോടപ്പം, ആവശ്യാനുസരണമായി നിറവേറ്റപ്പെടലുകൾക്കുള്ള മാധ്യമമായും ഇത്തരം വിളികളെ ഇതേ അവസരത്തിൽ തന്നെ പ്രയോഗിക്കപ്പെടുന്നു. അറബിയിലാണെങ്കിൽ 'ഇലാ ഹള്റത്തി ഖുതുബുസ്സമാൻ' എന്നും വിവർത്തന ഭാഷയിലാണെങ്കിൽ 'മമ്പുറത്തെപ്പാപ്പൻ്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് ' എന്ന പ്രയോഗവും അനിവാര്യവും മാപ്പിള ജനതയിൽ ഏവർക്കും സുപരിചിതവുമാണ്.
പ്രസവ സമയത്ത് മമ്പുറത്തെപാപ്പയുടെ ജാറം മൂടാനും രോഗസമയത്ത് മമ്പുറത്തെപാപ്പാൻ്റെവിടുത്തെ പ്രാക്കൾക്ക് അരി നേർച്ചയാക്കാനുമുള്ള മുതിർന്നവരുടെ ആജ്ഞകളിലും ഈ ശബ്ദപ്രതിനിധാനം പ്രതിധ്വനിക്കുന്നുണ്ട്. ഒരു ആരാധനയെ ഏറ്റെടുക്കുക എന്ന സാങ്കേതികമായ നേർച്ച എന്നതിൻ്റെ സാധൂകരണം സാധ്യമാകുന്നതിന് തന്നെ 'മൊഴിയൽ' നിബന്ധനയായി കർമ്മ ശാസ്ത്രം(Islamic Law) പ്രസ്താവിക്കുന്നുണ്ട്. വർഷത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമങ്ങളും (ഉറൂസ് മുബാറക്, Urs(commomorative gatherins)) ഇത്തരം വിളികൾ കൊണ്ട് ധന്യമാണ്. അവിടം പാരായണം ചെയ്യപ്പെടുന്ന ആലാപനങ്ങളിലും സ്തുതി കീർത്തനങ്ങളിലും ഇത് സ്പഷ്ടമാണ്.
സാഹിത്യ, കലാവിഷ്കാരങ്ങളിൽ
പുണ്യാള സാഹിത്യങ്ങളിൽ (hagiographical literature) എന്നും ഗദ്യ രൂപകങ്ങളേക്കാൾ പദ്യ സാഹിത്യം മേധാവിത്വം പുലർത്താറുണ്ട്. അത് മാപ്പിള സാമുദായികതയിലും മമ്പുറം തങ്ങളെക്കുറിച്ചുള്ള സാഹിത്യ പരമർശങ്ങളിലും അങ്ങനെ തന്നെയാണ്. പദ്യങ്ങൾക്കുള്ള സജീവതത, ഈണം പകരലിലൂടെയും ആലാപനങ്ങളിലൂടെയും ലളിതമായി സാധ്യമാക്കിയെടുക്കുന്നു. ശ്രാവ്യം എന്ന കേവല മാധ്യമത്തിലൂടെ തന്നെ വൈകാരിക(emotional)വും ആധ്യാത്മിക(spiritual)വുമായ മാപ്പിള മാനങ്ങൾ സൃഷ്ടിക്കാൻ ഇത്തരം വിളികൾ ഉൾക്കൊണ്ട പദ്യങ്ങൾക്കാകുന്നു. ലിഖിതമെങ്കിലും, ഇവകളുടെ 'ശബ്ദം' എന്ന ഘടകം, ജനതയിൽ സ്മരണ നൈരന്ത്യത്തിന് പ്രധാന ഹേതുകമാകുന്നുണ്ട് എന്ന് തീർച്ചയാണ്. ദൈനദിനവും വർഷികവുമായ (daily & annual practices), വൈക്തികവും സംഗമവുമായ (self& collective performance) അനുഷ്ഠാനങ്ങളിൽ സ്മര്യ പുരുഷൻ്റെ അപദാനങ്ങൾ (devotional songs) ആലപിക്കുന്നത് ഇത്തരം സാഹിത്യ, കല രൂപകങ്ങളുടെ ആവിഷ്‌കാരങ്ങൾക്ക് ജീവൻ നൽകുന്നുണ്ട്. 'മമ്പുറപ്പൂ മഖാമിലെ' തുടങ്ങുന്ന പാട്ടുകളും വിവിധങ്ങളായ മമ്പുറം മാലകളും ഇത്തരം വിളികളാൽ സമ്പുഷ്ടമാണ്. ഇന്ന് മത സംഘടനകളുടെ വിപ്ലവ ഗാനങ്ങളിൽ വരെ ഈരടികളായി ഇവകൾ അവതരിക്കപ്പെടുന്നു. മാപ്പിള വിശ്വാസ മണ്ഡലത്തിൽ സാധാരണയായ പ്രഭാഷണങ്ങളും വൈകാരികവും ആത്മീയവുമായ അവതരണങ്ങളും ഇതിൻ്റെ പ്രതിനിധാനം ഉൾക്കൊള്ളുന്ന വിവിധ കലാ രൂപങ്ങളാണ്.
ചരിത്രത്തിലും വാമൊഴി പാരമ്പര്യങ്ങളിലും (History & Oral history)
വിളി പാരമ്പര്യങ്ങളുടെ വേരുകൾ അതിരൂഡവും മൂർത്തവുമായ ഭൂതകാലത്തിലേക്കും ദൃക്സക്ഷ്യങ്ങളിലേക്കും അനുഭവ അനുഭൂതികളേക്കുമാണ് ചെന്നെത്തുക. മമ്പുറം തങ്ങളെ നേരിട്ടനുഭവിച്ച ഒരു സമൂഹം. തങ്ങളുടെ ആഗമനത്തോടെ, വിശ്വാസ ചാഞ്ചല്യതയിൽ നിന്നുമുള്ള പരിവർത്തനത്തിനും ഇസ്‌ലാം ആശ്ലേഷങ്ങൾക്കും സധീര സ്ഥൈര്യതക്കും ത്വരിതഗതി പ്രാപിച്ച സമയം. തൻ്റെ അമാനുഷിക കഴിവുകൾ (immaterial power) കൊണ്ടും ശക്തികൾ കൊണ്ടും ആത്മീയ നേതൃത്വം കൊണ്ടും ഒരോ മാപ്പിളയുടെയും ദിശാരേഖയും കാവലുമായി നിലകൊണ്ട ആ മഹാ വ്യക്തിത്വത്തിൻ്റെ സന്നിധിയിലേക്കെത്തിയ വിളികളുടെ പ്രവാഹങ്ങളും അതിൻ്റെ രമ്യമവും നേരിട്ടുമുള്ള പരിഹാരവും ചരിത്രത്തിൽ നിരവധിയാണ്. അധിനിവേശ ക്രൂരതകളെ ചെറുക്കാനുള്ള മാധ്യമായും സമരകാലത്ത് ഈ വിളികൾ ഉപയോഗിക്കപ്പെട്ടു എന്നും സമകാലിക ബ്രിട്ടീഷ് പ്രതിരോധ തന്ത്രങ്ങളെ രേഖപ്പെടുത്തിയ ഗവണ്മെൻ്റ് ഡോക്യുമെൻ്റുകളിൽ നിന്നും വായിച്ചെടുക്കാനാകും.
ലിഖിതമായ(textual)വുടെ സന്നിധ്യത്തിലും, വാമൊഴി(oral)യായാണ് ഇതിൻ്റെ കൈമാറ്റവും വ്യവഹാരവും മാപ്പിള ജനതയിൽ നടക്കുന്നത്. ഗർഭിണിയായ മമ്പുറത്തെ മൂച്ചി(മാവ്)യും പശുവിനെ നഷ്ടപ്പെട്ടതിൻ്റെ പരിഹാരമായി സുന്നമാക്കി(വയറിളക്കുന്ന ഗുളിക) കുടിക്കാൻ ആവശ്യപ്പെട്ടതുമായ ഒത്തിരി ചരിത്ര യാഥാർത്ഥ്യങ്ങൾ, പരിഹാരങ്ങൾ, പിഞ്ചു ബാല്യങ്ങൾക്ക് വരെ ഹൃദ്യസ്ഥമുള്ളത് ഇത്തരം കൈമാറ്റങ്ങളിലൂടെയാണ്. പൂർവികരുടെ അനുഭവ വിവരണങ്ങൾ തലമുറകളിൽ ചെലുത്തുന്ന സ്വാധീനം, പാരമ്പര്യ മഹിമകൾക്ക് പ്രാധാന്യം നൽകുകയും അതിൽ ഉൽബുദ്ധരാവുകയും അതിൻ്റെ നിലനിൽപിൽ അനിവാര്യത കണ്ടത്തുകയും ചെയ്യുന്നു എന്നുള്ളതാണ്.
ബൗദ്ധിക വ്യവഹാരങ്ങളിൽ (Intellectual Discourse)
വിളിപാരമ്പര്യങ്ങളോളമില്ലെങ്കിലും, വിളികളുമായി സംബന്ധിച്ച ഇസ്ലാമിനികത്തെ വിശ്വാസ ശാസ്ത്ര(theological)പരമായ തർക്കാവിതർക്കങ്ങൾ, ബൗദ്ധിക വ്യവഹാരങ്ങൾ ആഗോള മുസ്‌ലിം ലോകത്ത് വളരെ പഴക്കം ചെന്നതും ഇന്നും നിലനിൽക്കുന്നതും തന്നെയാണ്. 1921 കൾക്ക് ശേഷമാണ് കേരളത്തിൽ ഈ ചർച്ചകൾ സജീവമാകുന്നത്. അഭൗതികമായ സഹായ തേട്ടങ്ങളുടെ പ്രതീകമായ മൺമറഞ്ഞ മഹാരഥന്മാരോടുള്ള വിളികളാണ് ഇത്തരം സംവാദങ്ങളിലെ പ്രതിപാദ്യ വിഷയം. ആദർശവും വിശ്വാസശാസ്ത്രപരവുമായ ഇത്തരം ബൗദ്ധിക വ്യവഹാരങ്ങൾ മാപ്പിള സാമൂഹികതയിൽ മമ്പുറം തങ്ങളുമായി ബന്ധിക്കുന്നുണ്ട്. മഹാരഥൻമാരോടുള്ള സഹായാർത്ഥനകളുടെ പ്രതീതാത്മക പ്രയോഗമായി മമ്പുറം തങ്ങളെയും അവിടുത്തോടുള്ള വിളിയെയും സാധാരണയായി ഉപയോഗിക്കുന്നത് കാണാം, വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും. തൻ്റെ വാദങ്ങളുടെ സമർത്ഥനങ്ങളിൽ ഇത് പലാവർത്തി പ്രയോഗിക്കുകയും ചെയ്യുന്നു. തവസ്സുൽ, ഇസ്തിഗാസ എന്ന സാങ്കേതിക ഉപയോഗത്തിൽ നിന്നും മാറി, 'മമ്പുറത്തെപ്പാപ്പാ കാക്കണേ എന്ന് പറഞ്ഞാൽ ശിർക്കിലേക്കും കുഫ്റിലേക്കും നയിക്കുമോ ' എന്നത് തന്നെ ഖണ്ഡനമായി രേഖപ്പെടുത്തുകയും സ്ഥിരീകരണ, പരിഹാസ്യ ശൈലികളിൽ മുഴക്കുകയും ചെയ്തു. വീഡിയോ ഡോക്യുമെൻ്റുകളുടെ ഡിസ്‌ക്രിപ്ഷനുകളിൽ വരെ ഇതിൻ്റെ സാന്നിധ്യം ദൃശ്യമാണ്. ഇരു വിഭാഗങ്ങളുടെയും പ്രധാന വൈജ്യാത്യമായി കണക്കാക്കപ്പെടുന്ന ഈ വിളികൾ, ഇരു വിഭാഗങ്ങളുടെ നിലനിൽപ്പോളം ബൗദ്ധികമായ വ്യവഹാരം നടത്തപ്പെടും, മാപ്പിള സാമുദായികതയിൽ മമ്പുറത്തെപ്പാപ്പയും. വിവിധ തലങ്ങളിൽ വിവിധ മാനങ്ങളിൽ വ്യവഹരിക്കപ്പെടുന്ന ഈ വിളികളും അതിൽ മമ്പുറം തങ്ങളുടെ പ്രതിനിധാനവും സ്ഥല- കാല പരിധികൾക്കതീതമായി ശബ്ദങ്ങളിലൂടെ സഞ്ചരിക്കുന്നു. തലമുറകളിലും അവ കൈമാറ്റം (transgenerational) സാധ്യമാക്കുന്നു.