KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

അറബി മലയാളം; പുതുലിപിയുടെ രൂപീകരണ പശ്ചാത്തലങ്ങൾ

ഡോ:പി. കെ. യാസർ അറഫാത്ത്

Malaibar Archives, Malaibar Foundation

മലബാർ വ്യാപാരത്തിന്റെ പ്രാദേശികവും അതിപ്രാദേശികവുമായ ചലനാത്മകത ഇന്ത്യൻ മഹാസമുദ്ര തീരത്തെ സമൂഹങ്ങളിൽ സങ്കീർണ്ണമായ ഭാഷാ ശ്രേണിയെ സുഗമമാക്കിയിട്ടുണ്ട്. പിൽക്കാലത്ത് അറബി-മലയാള സാഹിത്യത്തിന്റെ ആവിർഭാവത്തിന് ഈ വ്യാപാര കേന്ദ്രങ്ങൾ കാരണമായി. പതിനേഴാം നൂറ്റാണ്ട് മുതൽ തന്നെ അറബി-മലയാളം ഇസ്ലാമിൻ്റെ ആത്മീയ വിനിമയങ്ങളുടെയും ബൗദ്ധിക രൂപകല്പനകളുടെയും ഒരു പ്രധാന ഭാഷാ-ലിഖിത രൂപമായി പരിണമിക്കുന്നുണ്ട്. ഒടുവിൽ അത് മലബാറിലെ പ്രാദേശിക മുസ്ലിംകളുടെ മാപ്പിളമാരുടെ ഭാഷാ സങ്കേതമായി മാറുകയും ചെയ്തു. അറബി-മലയാളത്തിന്റെ ലിഖിതപരവും സാഹിത്യപരവും ഗ്രന്ഥപരവുമായ വികാസങ്ങൾ ഒരു നീണ്ട ചരിത്രത്തിന്റെ ഫലമായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തും അതിനപ്പുറത്തുമുള്ള വിവിധ തുറമുഖങ്ങളുമായും അവകൾ ബന്ധപ്പെട്ട് കിടക്കുന്നു.


ഇന്ത്യൻ മഹാസമുദ്രത്തിലെ ബഹുമൊഴികളെ (Polyglossic) പ്രതിനിധീകരിക്കുന്ന വ്യാപാര ശൃംഖലകൾ വഴി ഗണ്യമായ ഒരുപാട് വായ്പാ വാക്കുകളും ഒന്നിലധികം ലിപികളും ഉപയോഗിക്കുന്ന ഒരു ഗ്ലോസിക് പ്രദേശമായി മലബാർ മാറിയിരുന്നു. ഈ പോളിഗ്ലോസിക് സ്പേസിൽ നിന്ന് ഉയർന്നുവരുന്ന അറബി-മലയാള സാഹിത്യ പാരമ്പര്യം പതിനേഴാം നൂറ്റാണ്ട് മുതൽ മാപ്പിളമാരെ സാമൂഹികമായും മതപരമായും ആത്മവിശ്വാസത്തിന്റെ ഉത്തുംഗതയിലേക്ക് നയിച്ചു. കൂടാതെ കൊളോണിയലിസത്തിനു മുമ്പു തന്നെ ഇന്ത്യയുടെ സങ്കീർണ്ണമായ സാമൂഹിക-ഭാഷാ മേഖലയിൽ അറബി-മലയാളം, അറബി-തമിഴ് പോലുള്ള നിരവധി ലിപ്യന്തരണം ചെയ്ത ലിപി സംവിധാനങ്ങൾ നിലവിൽ വന്നിട്ടുമുണ്ട്.


പതിനാറാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പോർച്ചുഗീസുകാരുടെ വരവോടെ കോഴിക്കോട് പോലുള്ള തീരപ്രദേശങ്ങളിൽ നിന്ന് മാപ്പിളമാരുടെ ഗ്രാമീണ കുടിയേറ്റം ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം അറബി-മലയാള സാഹിത്യ രചനകൾ കുടിയേറിയ മാപ്പിളമാർ മുഖേന അവരുടെ കാർഷിക ഉൾപ്രദേശങ്ങളിൽ ഇസ്ലാമിക ആചാരങ്ങളുടെ ഇടങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. മലബാറിലെ പ്രാദേശിക മുസ്ലിംകൾ അവരുടെ സംസ്കാരത്തെ എങ്ങനെ വിഭാവനം ചെയ്തുവെന്ന് നിർണ്ണയിക്കാൻ ഇത്തരം ടെക്സ്റ്റുകൾ രൂപപ്പെടുത്തിയ മാപ്പിള ശീലങ്ങൾ (Mappila habitus) പരിശോധിച്ചാൽ മതി.


പത്തൊൻപതാം നൂറ്റാണ്ടിലെ അറബി മലയാള ഗ്രന്ഥങ്ങളും ലിത്തോഗ്രാഫിക് പ്രിന്റിംഗ് പ്രസ്സുകളും അറബി-മലയാളം ഒരു ഭാഷാ-ലിഖിത രൂപമെന്ന നിലയിൽ മാപ്പിള വിശ്വാസീ സമൂഹത്തെ എങ്ങനെ ഒരുമിച്ചു നിർത്താൻ സഹായിച്ചു എന്നതിൻ്റെ മികച്ച ഉദാഹരണങ്ങളാണ്. ഈ ഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും കൂട്ടമായ പാരായണത്തിനായി രൂപകൽപ്പന ചെയ്തവയായതിനാൽ തന്നെ, ബ്രിട്ടീഷ് മലബാറിൽ കർഷകരായ പ്രാദേശിക മുസ്ലിംകൾക്ക് ആരാധനാക്രമപരമായ സ്വത്വം സൃഷ്ടിക്കാൻ അവകൾ നിദാനമായി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി ജ്ഞാനി ശൈഖ് മുഹിയുദ്ദീൻ(റ)വിൻ്റെ ജീവിതത്തെ പ്രമേയമാക്കി ഖാളി മുഹമ്മദ് രചിച്ച മുഹിയുദ്ദീൻ മാല അവയിൽ പ്രധാനമാണ്.


ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തീരങ്ങളിൽ ശൈഖ് മുഹിയുദ്ദീനെ കുറിച്ചുള്ള പ്രകീർത്തന കാവ്യം പുതിയ സാഹിത്യ സംസ്കാരത്തിന് പിറവി നൽകുകയായിരുന്നു. മലബാറിൻ്റെ രാഷ്ട്രീയ, ഭൗതിക, സാംസ്കാരിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പതിനെട്ടാം നൂറ്റാണ്ടു മുതൽ മുഹിയുദ്ദീൻ മാലയെ അനുകരിച്ചുകൊണ്ട് മറ്റനേകം രചനകളും മുസ്ലിം പണ്ഡിത വൃത്തത്തിൽ നിന്ന് പുറത്തു വരികയുണ്ടായി. രണ്ടാമത്തെ അറബി-മലയാള ഗ്രന്ഥമാണെന്ന് വിശ്വസിക്കപ്പെടുന്ന പതിനെട്ടാം നൂറ്റാണ്ടിലെ രചനയായ നൂൽ മദ്ഹിൻ്റെ വാചകപരവും ആശയപരവുമായ ഘടനയിൽ മുഹിയുദ്ദീൻ മാലയുടെ സ്വാധീനം വ്യക്തമായി കാണാം. അതിന്റെ രചയിതാവ് കുഞ്ഞായിൻ മുസ്ലിയാർ മുഹമ്മദ് നബിയുടെ ജീവിതവും അത്ഭുതങ്ങളും നിരീക്ഷിച്ചു കൊണ്ട് നൂൽ മദ്ഹിൽ ഖാളി മുഹമ്മദ് അവതരിപ്പിച്ച ലിറ്റാനിക്കൽ രൂപവും (Litanical format) ലിറിക്കൽ ക്രമീകരണവും (lyrical designs) കൃത്യമായി പിന്തുടരുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ മലബാറിലെ ഗ്രാമീണ മുസ്ലിംകളുടെ ഭൗതികവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങളെ നേരിട്ട് സംബോധന ചെയ്യുന്ന കപ്പപ്പാട്ടിന്റെ ഉത്ഭവം മാപ്പിള സാഹിത്യത്തെ ഈടുറ്റതാക്കി. 1890-ൽ, മുൻ ഗ്രന്ഥങ്ങളുടെ സൂഫി-പ്രവാചക പ്രകീർത്തനമാതൃകയിൽ നിന്ന് മാറിയുള്ള കപ്പപ്പാട്ടിന്റെ സാങ്കൽപ്പിക വിവരണങ്ങൾ തികച്ചും സാഹിത്യ ലോകത്തിനൊരു മുതൽക്കൂട്ടായിരുന്നു. "ഭാഷയുടെ അനുഭവം" (experience of language), "സൂചനകളുടെ ക്രമം" (Order of significations) എന്നിവയെക്കുറിച്ചുള്ള ഫൂക്കോയുടെ ചിന്തകൾ, മുഹിയുദ്ദീൻ മാലയിലെ വരികളുടെ ക്രമത്തിലും ഭക്തിപരമായ സ്വഭാവത്തിലും നമുക്ക് ദർശിക്കാൻ കഴിയും. ചുരുക്കത്തിൽ ഇത്തരത്തിലുള്ള പ്രകടനാത്മക കാവ്യഗ്രന്ഥങ്ങളുടെ നീണ്ട നിര മാപ്പിള ചരിത്രം മതപരമാണെന്ന് അടിവരയിടുന്നുവെന്ന് പറയാം.


അറബിമലയാള ലിപിയുടെ ഉത്ഭവത്തെ ചില ചരിത്രകാരന്മാർ ഇസ്ലാമിന്റെ ആദ്യകാലത്തിലേക്കാണ് ബന്ധിപ്പിക്കുന്നത്. അറബ് മുസ്ലിം പ്രബോധകർ പ്രാദേശിക ഭാഷയായ മലയാളത്തിൽ എഴുതാൻ നിർബന്ധിതരായപ്പോൾ മറ്റിടങ്ങളിൽ ചെയ്ത പോലെ ഈ ലിപി അവർ രൂപപ്പെടുത്തി എന്നാണ് 1970 ൽ ഒ.അബു എഴുതിയത്. ഒ. അബുവിന്റെ അനുമാനത്തെ ചോദ്യം ചെയ്യാനാവാത്ത ചരിത്രവസ്തുതയായി കണക്കാക്കിയ സി.എ. അഹ്മദ് മൗലവിയെ പോലുള്ള പിൽക്കാല ഗവേഷകർ ബഹുഭാഷകളുള്ള ദക്ഷിണേഷ്യയിൽ അങ്ങനെയൊരു ലിപ്യന്തരണ ലിപിക്ക് വേണ്ടിവരുന്ന അനിവാര്യമായ വ്യവസ്ഥകൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തിയില്ല. ഗൗരവതരമായ ചരിത്രരചനാപരമായ ഇടപെടലുകളുടെ അഭാവം മൂലം, പ്രാദേശിക മുസ്ലിംകളുമായി അടുത്തിടപഴകുന്നതിലെ പ്രതിബന്ധങ്ങൾ മറികടക്കാനുള്ള അറബ് മുസ്ലിംകളുടെ ശ്രമങ്ങളിൽ നിന്നാണ് അറബി മലയാളം ലിപി ഉരുത്തിരിഞ്ഞത് എന്ന വിശ്വാസം ശക്തിയാർജിക്കുകയും പൂർണമായും ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ അവശേഷിക്കുകയും ചെയ്തു. എന്തായാലും, ഇവിടെ ഉയർന്നുവരുന്ന പ്രധാന ചോദ്യം ചരക്ക് കൈമാറ്റങ്ങളിലൂടെ വ്യാപാരം നടത്തുന്ന 'വാമൊഴി-സാക്ഷരരായ' തദ്ദേശീയ തീരദേശ സമൂഹത്തോടൊപ്പം ആദ്യകാലത്തെ അറബ് മുസ്ലിംകൾ ആശയ വിനിമയത്തിന് അനിവാര്യമായ ഒരു ലിപ്യന്തരണ ലിപിയുടെ രൂപീകരണത്തിന് ഊന്നൽ കൊടുത്തിരുന്നോ എന്നതാണ്.


ഇത് യുക്തിഭദ്രമാണ് എന്ന് വാദിക്കുമ്പോൾ ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ, സ്ഥിരതാമസക്കാരല്ലാത്ത ഗണ്യമായ അറബ് മുസ്ലിംകൾക്ക് പ്രാദേശിക ഭാഷയെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടെന്നും അതിനുമപ്പുറം പ്രാദേശിക മുസ്ലിംകളിൽ വളരെയധികം പേർ അറബി ഭാഷ സ്വായത്തമാക്കുകയും ചെയ്തു എന്ന് സങ്കൽപിക്കേണ്ടി വരും. തീരദേശ മലബാറിലെ വാണിജ്യ-മത- ഭാഷാ മേഖലകളെ പ്രതിഫലിപ്പിക്കുന്ന കൊളോണിയൽ പൂർവ വിവരണക്കുറിപ്പുകളുടെ നിര, ഇത്തരം അനുമാനങ്ങളുടെ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മലബാറിലെ ഇസ്ലാമിക വ്യാപനത്തിന്റെ ആദ്യവർഷങ്ങളിൽ വലിയ അളവിലുള്ള പ്രാദേശിക മുസ്ലിം ജനസംഖ്യ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ നമ്മുടെ പക്കൽ ഇല്ലാതിരിക്കുമ്പോൾ തന്നെ, പുതിയ പഠനങ്ങൾ കാണിക്കുന്നത് അറബി സംസാരിച്ചിരുന്ന മുസ്ലിംങ്ങൾ പ്രധാനമായും നൂറ്റാണ്ടുകളോളം ഇന്ത്യൻ സമുദ്രപ്രവിശ്യയിൽ പര്യടനം ചെയ്യുന്ന വ്യാപാരികളായി പ്രവർത്തിച്ചു എന്നതാണ്. അതിനാൽ ലഭ്യമായ വിവരങ്ങളിൽ നിന്ന് അറബിമലയാള ലിപിയുടെയും ഗ്രന്ഥങ്ങളുടെയും പരിണാമം ഭാഷാപരവും ആശയവിനിമയപരവും ലിപിപരവും ചരിത്രപരവുമായ ഇടപഴകലുകൾ രൂപപ്പെടുത്തിയ കൊളോണിയൽ പൂർവ്വ മലബാറിലെ രാഷ്ട്രീയം, മതം, ദൈനംദിന ജീവിതം എന്നിവയെ ചുറ്റിപ്പറ്റി സംവേദനശേഷിയുടെ ശ്രേണിയിലുള്ള മറ്റൊരിടത്ത് സ്ഥാപിക്കേണ്ടതുണ്ട്. മലബാറിലെ അറബ് വ്യാപാരികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ഇറ്റാലിയൻ സഞ്ചാരിയായ ലുഡോവിക്കോ ഡി വർത്തേമയുടെ ദീർഘമായ വിവരണം, ഇന്ത്യൻ മഹാസമുദ്രത്തിലുള്ള തുറമുഖ പട്ടണങ്ങളിലെ അറബി സംസാരിക്കുന്നവർ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ മാതൃഭാഷകൾ സംസാരിക്കുകയോ എഴുതുകയോ ചെയ്തിരുന്നില്ല എന്ന് സൂചിപ്പിക്കുന്നുണ്ട്.


ഇന്ത്യൻ മഹാസമുദ്രത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള കൊളോണിയൽ പൂർവ്വ ഉപദാനങ്ങൾ സൂചിപ്പിക്കുന്നത് അറേബ്യയിൽ നിന്നുള്ള ആദ്യകാല മുസ്ലിം മിഷനറിമാരിൽ നിന്ന് വ്യത്യസ്തരായി അവർ ലോകത്തെവിടെയും സജീവമായ ലിപിപരമായ നവീകരണങ്ങളൊന്നും നടത്തിയിട്ടില്ല എന്നാണ്. ഭാഷയിലും ലിപിയിലും അറബിയുടെ ദൈവികതയെ ലഘൂകരിക്കുക എന്ന കാര്യമായ ഭയം അവർക്കിടയിൽ നിലനിന്നിരുന്നതിനാൽ, ലിഖിതപരവും ഭാഷാപരവുമായ ചെറിയ ‘അഴിമതി’ പോലും ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും കുറഞ്ഞത് പതിനാലാം നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും അവർ സ്വീകരിച്ചിരുന്നു എന്നു മനസ്സിലാക്കാം. പതിനാലാം നൂറ്റാണ്ടിലെ ഇസ്ലാമിക തത്ത്വചിന്തകരിൽ പ്രമുഖനും ഭാഷാ പണ്ഡിതനുമായ ഇബ്നു ഖൽദൂൻ വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മഗ്രിബ് മേഖലയിലെ ഇത്തരത്തിലുള്ള ഉലമാക്കളുടെ ഉത്കണ്ഠകളെക്കുറിച്ച് വാചാലനായിരുന്നു. മഗ്രിബീ നഗരങ്ങളിലെ അറബി ഭാഷയുടെ 'അഴിമതി'ക്ക് സാക്ഷിയായതിന് ശേഷം, കൊളോണിയൽ പൂർവ്വ ഇസ്ലാമിക ലോകത്തിന്റെ പല ഭാഗങ്ങളിലും സാമ്പത്തിക - സാംസ്കാരിക പ്രവർത്തനങ്ങളിൽ നിർണായകസ്ഥാനക്കാരായി ഉയർന്നുവന്ന അറബേതരഭാഷകൾ സംസാരിക്കുന്ന വ്യക്തികളുടെ ഭാഷാപരമായ ആഗ്രഹങ്ങളാണ് അതിന് കാരണമെന്ന് അദ്ദേഹം അസന്ദിഗ്ധമായി പറയുകയുണ്ടായി. മഗ്രിബിലും അതിനപ്പുറവും പുതുതായി സ്ഥിരതാമസമാക്കിയ സമൂഹങ്ങളിലെ അറബി ഭാഷയുടെ സംസാരത്തിലും ലിഖിത രൂപത്തിലുമുള്ള വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ ഖൽദൂൻ, ലിപിപരമായ നവീകരണങ്ങളുടെയും ഭാഷാ 'അഴിമതികളുടെയും' ഉത്തരവാദി അവർക്ക് പുതുതായുണ്ടായ സ്ഥിരാവസ്ഥ (State of sedentary) യാണെന്ന് വാദിച്ചു.


അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, സ്ഥിരാവസ്ഥയിലുള്ള പുതിയ രാജ്യങ്ങളിലെ തദ്ദേശീയ ഇസ്ലാമിക സമൂഹങ്ങൾ എല്ലായ്പ്പോഴും ഭാഷാപരവും ലിപിപരവുമായ പുനഃക്രമീകരണങ്ങളിലൂടെ പുതിയ ആശയവിനിമയരീതികൾ രൂപപ്പെടുത്താനുള്ള പ്രവണത കാണിക്കുകയും അതിലൂടെ അവരുടെ പുതിയ ഭൗതിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അതിജീവിക്കുകയും ചെയ്യുന്നുണ്ട്.


പതിനഞ്ചാം നൂറ്റാണ്ടിലും കാര്യങ്ങൾ മാറ്റമില്ലാതെ തുടർന്നു. അറബി സംസാരിക്കുന്ന മുസ്ലിം വ്യാപാരികളും പണ്ഡിതന്മാരും സാധാരണക്കാരും അത്തരം ഇന്ത്യൻ മഹാസമുദ്ര മേഖലകളിലുടനീളമുള്ള ലിഖിതപരവും ഭാഷാപരവുമായ ലംഘനങ്ങളുടെ കാര്യങ്ങളിൽ ആഴത്തിലുള്ള ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു എന്നാണ് ഡിനിഷ്യസ് എ. അഗിയസ് (Dionisius A. Agius) അഭിപ്രായപ്പെടുന്നത്.


അറബ്-വ്യാപാരികളുടെ സമുദ്ര സഞ്ചാരവ്യാപാര ജീവിതത്തിന്റെ നീണ്ട ചരിത്രത്തിൽ നിന്നും കൊളോണിയൽ പൂർവ്വ മലബാറിലെ പ്രാദേശിക മുസ്ലീങ്ങളുടെ രേഖീയവും മന്ദഗതിയിലുള്ളതുമായ വികാസങ്ങളിൽ നിന്നും പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടതിന് വിഭിന്നമായി അറബി-മലയാള ലിപിക്ക് വളരെ ചെറിയ ചരിത്രം മാത്രമാണുള്ളത് എന്ന ആലോചനക്കുള്ള സൂചനകളെയും എടുക്കാം.


സമുദ്രജീവിതം കൂടുതൽ സങ്കീർണ്ണമായതിൻ്റെയും രാഷ്ട്രീയവും സാമൂഹികവും ധാർമ്മികവുമായി അറബി ഭാഷയുടെ ഘടനയിൽ സംഭവിച്ച പുനഃക്രമീകരണങ്ങൾ കാരണം കൂടുതൽ അയവുള്ളതായി തീർന്നതിന്റെയും മലബാറിലെ സ്ഥിരമായ ഒരു ജനവിഭാഗമായി തദ്ദേശീയരായ മുസ്ലീങ്ങൾ പരിണമിച്ചതിന്റെയും ശേഷമാണ് ഈ ലിപി ഉരുവം കൊണ്ടത്.


പതിനാറാം നൂറ്റാണ്ടിന് മുമ്പ് അറബി-മലയാളം സുസ്ഥിരവും സമ്പൂർണവുമായ ഒരു ലിപിയായി പരിണമിച്ചിരുന്നുവെങ്കിൽ അതിൻ്റെ സാന്നിധ്യം മധ്യകാല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലബാർ സന്ദർശിച്ച സഞ്ചാരികൾ ശ്രദ്ധയിൽപ്പെടാതെ പോകുമോ എന്ന അറബ് - മലയാള പണ്ഡിതന്മാർ ഒരിക്കലും ഉന്നയിക്കാത്ത ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഉദാഹരണത്തിന്, പതിനാലാം നൂറ്റാണ്ടിൽ മലബാറിലുടനീളമുള്ള നിരവധി നഗരങ്ങളിലെ മുസ്ലീം വാസസ്ഥലങ്ങൾ, വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, ഇസ്ലാമിക പണ്ഡിതന്മാർ, അവരുടെ ധൈഷണിക പ്രവർത്തനങ്ങൾ എന്നിവ വിശദമായി രേഖപ്പെടുത്തിയ ഇബ്നു ബത്തൂത്ത മലയാളം അറബിയിലെഴുതുന്ന രീതി സംബന്ധിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. പരാമർശിക്കാൻ മാത്രം പ്രസക്തമായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിക്കുമെന്ന് തന്റെ വായനക്കാരോട് വാഗ്ധാനം ചെയ്ത പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാല സഞ്ചാരിയായ അബ്ദുർ റസാഖിലും അതുപോലെ തന്നെയാണ്.


പതിനാറാം നൂറ്റാണ്ടിനു മുമ്പ് അറബി-മലയാള ലിപി നിലവിലില്ല എന്നതിന്റെ മറ്റൊരു തെളിവ് കയ്യെഴുത്തുപ്രതികൾ, രേഖകൾ, ലിഖിതങ്ങൾ, എഴുതപ്പെട്ട വാമൊഴികൾ എന്നിവയുടെ പൂർണ്ണമായ അഭാവവും, അതിനകം തന്നെ ഉൾനാടുകളും കണ്ണൂർ പോലുള്ള തുറമുഖ പട്ടണങ്ങളിലും മാപ്പിളമാരുടെ വർദ്ധനവിന് സാക്ഷ്യം വഹിച്ചിരുന്നു എന്നിരിക്കെ ദക്ഷിണേഷ്യയുടെ ഏതെങ്കിലും ഒരു ഭാഗത്ത് അവ സൂക്ഷിക്കപ്പെട്ടിട്ടില്ല എന്നതും കൂടിയാണ്.
എന്നാൽ തന്നെയും, മാറിക്കൊണ്ടിരുന്ന ജീവിതരീതികൾ മുതൽ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ, പോർച്ചുഗീസ് അക്രമങ്ങളുടെ ഉച്ചസ്ഥായിയിൽ വടക്കേ മലബാറിലെ നാദാപുരം പോലെയുള്ള വിദൂര പ്രദേശങ്ങളിലേക്ക് മാപ്പിളമാർ മാറിത്താമസിച്ച സമയത്ത്, ഏതെങ്കിലും സുസ്ഥിരമായ ലിപി നൂതനത്വം ഉയർന്നുവന്നതിന്റെ ഭൗതികമോ വാമൊഴിയോ ആയ തെളിവുകളുമില്ല. പതിനാറാം നൂറ്റാണ്ടിലെ മലബാറിന്റെ തീരപ്രദേശങ്ങളിലെ പോർച്ചുഗീസ് ആക്രമണത്തോടുള്ള സ്വാഭാവിക പ്രതികരണമായാണ് മാപ്പിളമാർ കുടിയേറ്റത്തെ മനസ്സിലാക്കിയത് എന്ന് മുസാഫിർ ആലമിന്റെയും (Muzaffar Alam) സഞ്ജയ് സുബ്രഹ്മണ്യത്തിന്റെയും (Sanjay Subrahmanyam) സമീപകാലത്തെ പഠനം സൂചിപ്പിക്കുന്നുണ്ട്.


പ്രദേശത്തിന്റെ പ്രാദേശിക ഭാഷയായ മലയാള ഭാഷയുടെ കൊളോണിയൽ പൂർവ്വ സാഹിത്യ രൂപീകരണത്തെക്കുറിച്ചുള്ള റിച്ച് ഫ്രീമാന്റെ(Rich Freeman) വാദങ്ങൾ പിന്തുടർന്ന് അറബി-മലയാളം ലിപിയുടെ ആവിർഭാവം തീരദേശ മലബാറിലെ നഗര സാമൂഹിക മേഖലയുടെ പ്രത്യേകതകളാൽ സ്വാധീനിക്കപ്പെട്ടു എന്ന് വാദിക്കാം. അതിനാൽ, 'പരിവർത്തന കാലഘട്ടത്തിന്' (ഏകദേശം 1600 - 1750 ന് ഇടയിലുള്ള കാലം) മുമ്പുള്ള ഒരു ചെറിയ വിഭാഗം എഴുത്തുകാർക്കും നഗരവാസികൾക്കും മാത്രമായി പരിമിതപ്പെട്ടിരുന്ന അറബി-മലയാളം, സുസ്ഥിരവും സമ്പൂർണ്ണവുമായ ഒരു ലിഖിത രൂപമായി പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ് ഉയർന്നുവന്നത്.


This work is translation of "Polyglossic Malabar: Arabi-Malayalam and the Muhiyuddinmala in the Age of Transition" published in 'Journal of the Royal Asiatic Society (Cambridge University Press,2020)

Literature
History

Related Posts

Loading