KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഓർമകളിലെ മുഹ്‌യിദ്ദീൻ ശൈഖ്: പ്രാദേശിക ചിത്രീകരണ വായനകൾ

ഉനൈസ് വെണ്ണക്കോട്

ഇസ്‌ലാമിക ആത്മീയ ചരിത്രത്തിലെ അത്യുന്നതരായ വ്യക്തിത്വങ്ങളിൽ ഒരാളും ‘സുൽത്താനുൽ ഔലിയാ’ എന്ന നാമകരണത്തിൽ അറിയപ്പെടുന്നവരുമായ ശൈഖ് അബ്ദുൽ ഖാദർ ജീലാനി തങ്ങൾ ഹിജ്‌റ 470-കളിൽ ഇറാനിലെ ദൈലമാൻ/ഗീലാൻ പ്രദേശത്താണ് ജനിച്ചത്. തുടർന്ന് ഹിജ്‌റ 488-ഓടെ പഠനാവശ്യാർഥം ബഗ്ദാദിലെത്തിയ മഹാനവർകൾ പിന്നീട് അവിടെ സ്ഥിരതാമസമാക്കി. പഠനകാലത്തിനു ശേഷം അധ്യാപകനായും സാമൂഹിക-ആത്മീയ സേവകനായും പ്രവർത്തിച്ച അദ്ദേഹം ഹിജ്‌റ 561-ൽ വഫാത്താകുന്നതുവരെ ബഗ്ദാദിലായിരുന്നു ജീവിതം ചെലവഴിച്ചത്.


മഹാനവരുടെ വിയോഗത്തിനു ശേഷം ശിഷ്യന്മാരിലൂടെ പ്രചരിച്ച ഖാദിരി സൂഫി പാരമ്പര്യം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും പ്രധാനപ്പെട്ട ആത്മീയ പാരമ്പര്യങ്ങളിലൊന്നായി മാറുകയും ചെയ്തു. കാലക്രമേണ വിവിധ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ ഖാദിരി സൂഫിസം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ വേരുറപ്പിച്ചു.


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലവിലെ പാകിസ്താനിലെ ഉച്ച് പ്രദേശത്താണ് ഖാദിരി സൂഫിസത്തിന് ആദ്യകാലങ്ങളിൽ ശ്രദ്ധേയമായ പ്രചാരം ലഭിച്ചത്. തുടർന്ന് പഞ്ചാബ്, ഡൽഹി, ആഗ്ര, കശ്മീർ, ഗുജറാത്ത്, ഡെക്കാൻ, മലബാർ തുടങ്ങിയ പ്രദേശങ്ങളിലേക്കും അത് വ്യാപിച്ചു. മിയാൻ, മിർ, മുല്ല, ഷാ, ബാദേശി തുടങ്ങിയ വിശേഷണങ്ങളാൽ അറിയപ്പെട്ടിരുന്ന നിരവധി ആത്മീയ ആചാര്യന്മാർ ഇന്ത്യൻ ഖാദിരി പാരമ്പര്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടി.


രാഷ്ട്രീയമായി നോക്കുമ്പോൾ, മുഗൾ ഭരണകാലത്താണ് ഇന്ത്യയിൽ ഖാദിരി സൂഫിസത്തിന് ശ്രദ്ധേയമായ പ്രോത്സാഹനവും സ്വീകാര്യതയും ലഭിച്ചത്. മുഗൾ ഭരണാധികാരി ഷാജഹാന്റെ മകനായ ദാരാ ശുകോഹ് ഖാദിരി സൂഫിസത്തിന്റെ പ്രമുഖ വക്താവായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലിയ സ്വീകാര്യത നേടിയ ഖാദിരി സൂഫി പാരമ്പര്യവും അതിന്റെ ആത്മീയ പ്രതിനിധിയായ ശൈഖ് അബ്ദുൽ ഖാദർ ജീലാനി തങ്ങളും വിവിധ പ്രദേശങ്ങളിൽ വൈവിധ്യമാർന്ന രൂപങ്ങളിലാണ് പ്രതിനിധീകരിക്കപ്പെട്ടത്.


കേരളീയരായ നാം ശൈഖ് ജീലാനിയെ കൂടുതൽ മനസ്സിലാക്കുകയും പരിചയപ്പെടുകയും ചെയ്തത് പ്രധാനമായും മുഹ്‌യിദ്ദീൻ മാലയിലൂടെയായിരിക്കാം. തമിഴ്-കോസ്റ്റൽ മുസ്‌ലിം സമൂഹങ്ങൾ ഖാദിരി സൂഫിസത്തെയും ശൈഖ് ജീലാനിയെയും എങ്ങനെയാണ് പ്രതിനിധീകരിക്കുന്നതെന്നും അത് ഇസ്‌ലാമികവൽക്കരണ പ്രക്രിയയുടെ ഭാഗമായി എങ്ങനെ പ്രവർത്തിച്ചുവെന്നും Susan Elizabeth Schomburg തന്റെ ഗവേഷണപ്രബന്ധമായ Reviving Religion: The Qadiri Sufi Order, Popular Devotion, the Sufi Saint Muhyiddin Abdul Qadir Jilani and the Process of Islamization in Tamil Nadu and Sri Lanka എന്ന കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്.


ഇതുപോലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശൈഖ് ജീലാനിയുടെ വൈവിധ്യമാർന്ന പ്രതിനിധാന രൂപങ്ങൾ കാണാൻ സാധിക്കും. ഈ പഠനം പ്രധാനമായും അന്വേഷിക്കുന്നത് ശൈഖ് ജീലാനിയുടെ ഐക്കണോഗ്രാഫിക് രൂപഭാവങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എങ്ങനെയാണ് പ്രതിനിധീകരിക്കപ്പെട്ടത് എന്നതാണ്.


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്ന് വടക്കോട്ടും പടിഞ്ഞാറോട്ടും സഞ്ചരിക്കുമ്പോൾ, ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും സൂഫി ദർഗകളും മസാറുകളും വലിയ തോതിലുള്ള സാംസ്കാരിക സമന്വയത്തിന് വേദിയാകുന്നതായി കാണാം. അതിന്റെ ഭാഗമായി വലിയ ചിത്രീകരണങ്ങളോടും ഫോട്ടോകളോടും കൂടിയ സൂഫി പ്രതിനിധാനങ്ങളും പല സ്ഥലങ്ങളിലും കാണാൻ സാധിക്കും.


ഇസ്‌ലാമിലെ പ്രധാന പുണ്യസ്ഥലങ്ങളായ മക്കയുടെയും മദീനയുടെയും ചിത്രങ്ങൾ, 786 എന്ന സംഖ്യയുടെ വിവിധ രൂപ-ഭാവങ്ങൾ, മഹാന്മാരുടെ ചിത്രങ്ങൾ എന്നിവയ്ക്കു പുറമേ, ആധുനിക കാലഘട്ടത്തിൽ ഫ്ലെക്സുകളുടെ വ്യാപനത്തോടെ വഫാത്തായ മഹാന്മാരുടെയും സൂഫിയാക്കളുടെയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വലിയ ദൃശ്യാവിഷ്കാരങ്ങളും ഇന്ത്യയിലുടനീളം വ്യാപകമായി കാണപ്പെടുന്നു.


ഇത്തരം ചിത്രീകരണങ്ങളെ Folk Islam-ന്റെ ഭാഗമായി Yogesh Snehi പോലുള്ള ചരിത്രഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇത്തരം ചിത്രീകരണങ്ങൾക്ക് മുമ്പിൽ മുസ്‌ലിംകൾ മാത്രമല്ല, മുസ്‌ലിംകളല്ലാത്തവരും ആദരപൂർവം എത്തുകയും ദർശനം നടത്തുകയും ചെയ്യുന്നു. അങ്ങനെ അവ അവരുടെ വിശ്വാസ-സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു. തലപ്പാവ് ധരിച്ച ശൈഖ് ഫരീദ് ഒരേസമയം ഒരു സൂഫി ആത്മീയാചാര്യനായും സിഖ് സന്യാസിയായും ചിത്രീകരിക്കപ്പെടുന്ന സന്ദർഭങ്ങളും ഇതിന്റെ സാംസ്കാരിക സങ്കീർണത വ്യക്തമാക്കുന്നു.


ഈ ചിത്രീകരണ സംസ്കാരത്തിൽ മുഹ്‌യിദ്ദീൻ ശൈഖിന്റെ സാന്നിധ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വളരെ ശ്രദ്ധേയമാണ്. Yogesh Snehi തന്റെ Replicating Memory, Creating Images: Pirs and Dargahs in Popular Art and Media of Contemporary East Punjab എന്ന പഠനത്തിൽ ഇതിനെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.


ഖാദിരി ത്വരീഖത്തിന് വലിയ പ്രാതിനിധ്യം ലഭിച്ച പഞ്ചാബ് പ്രദേശത്ത് വിവിധ ഖാദിരി സൂഫിയാക്കളെ വ്യത്യസ്ത ചിത്രീകരണ രൂപങ്ങളിലാണ് പ്രതിനിധീകരിച്ചിരിക്കുന്നത്. അതിൽ ഖാദിരി ത്വരീഖത്തിന്റെ സ്ഥാപകനായ മുഹ്‌യിദ്ദീൻ ശൈഖിനെ പ്രതിനിധീകരിക്കുന്ന വിവിധ ചിത്രങ്ങളും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഒരു ചിത്രത്തിൽ മധ്യഭാഗത്ത് മുഹ്‌യിദ്ദീൻ ശൈഖിനെയും ഇടതുഭാഗത്ത് ഖാജാ ലോഹ്രിസിന്റെ ശ്‌റൈൻ നിർമിതിയെയും കാണാം. കിരീടത്തിന്റെ മുകളിൽ ഇരിക്കുന്നതും വിവിധ ഖാദിരി സൂഫിയാക്കൾക്ക് അനുഗ്രഹം നൽകുന്നതുമായ ശൈഖിന്റെ ചിത്രീകരണങ്ങളും അദ്ദേഹത്തിന്റെ എത്‌നോഗ്രാഫിക് ഗവേഷണത്തിൽ കാണാം.


ചിശ്തി, ഖാദിരി, കലന്ദരി തുടങ്ങിയ സൂഫി പാരമ്പര്യങ്ങളെയും വിവിധ lineage-കളെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളിൽ ഉന്നത സ്ഥാനത്താണ് മുഹ്‌യിദ്ദീൻ ശൈഖിനെ പലപ്പോഴും ചിത്രീകരിക്കുന്നത്. മുഹ്‌യിദ്ദീൻ ശൈഖിന്റെ ഓർമകൾ പേറുന്ന നിരവധി ശ്‌റൈൻ ചിത്രങ്ങളും പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ കാണാൻ സാധിക്കും. പഞ്ചാബി മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തിലെ ഓർമകളിൽ മുഹ്‌യിദ്ദീൻ ശൈഖ് ഇന്നും സജീവമായി നിലനിൽക്കുന്നു എന്നതാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.


ഇതുപോലെ, ഒരു യാത്രയുടെ ഭാഗമായി ഗുൽബർഗയിലും ഹൈദരാബാദിന്റെ വിവിധ ഗ്രാമപ്രദേശങ്ങളിലും സഞ്ചരിച്ചപ്പോൾ, മുഹ്‌യിദ്ദീൻ ശൈഖിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ടോംബ് നിർമിതികൾ വിവിധ ദർഗകളിലും മസാറുകളിലും കാണാൻ സാധിച്ചു. ഖാദിരി ത്വരീഖത്തിന് വലിയ സ്വാധീനം ലഭിച്ച പ്രദേശമല്ല ഡെക്കാൻ എങ്കിലും, അവിടെയുള്ള ഖാദിരി പാരമ്പര്യം പിന്തുടരുന്നവർ മുഹ്‌യിദ്ദീൻ ശൈഖിനെ പ്രധാന ആത്മീയ പ്രതിനിധിയായി കണക്കാക്കുന്നുണ്ട്.


നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്മറഞ്ഞ ആഗോള ആത്മീയ നേതാവിനെ പ്രാദേശിക സൂഫിയാക്കളിലൂടെയും പ്രാദേശിക സാംസ്കാരിക ആവിഷ്കാരങ്ങളിലൂടെയും മുസ്‌ലിം സമൂഹങ്ങൾ അവരുടെ ഓർമകളിൽ വലിയ സ്ഥാനത്താണ് നിലനിർത്തുന്നത്. അതിന്റെ ശ്രദ്ധേയമായ മാധ്യമങ്ങളിലൊന്നാണ് ചിത്രീകരണം.


ഇന്ത്യൻ ഐക്കണോഗ്രാഫിയിലെ മുഹ്‌യിദ്ദീൻ ശൈഖ്

Folk Islam-ന്റെയും പ്രാദേശിക മുസ്‌ലിം ഓർമകളുടെയും ഭാഗമായിട്ടു മാത്രമല്ല, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഹ്‌യിദ്ദീൻ ശൈഖ് പ്രതിനിധീകരിക്കപ്പെട്ടത്. ചരിത്രപരമായി, മുഗൾ കാലഘട്ടത്തിലും അതിനുശേഷവും വലിയ തോതിലുള്ള devotional iconography ചിത്രങ്ങളിലും മുഹ്‌യിദ്ദീൻ ശൈഖ് പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ട്.


Jürgen W. Frembgen-ന്റെ An Imaginary Assembly of Sufi Saints: Notes on Some Devotional Pictures from Indo-Pakistan എന്ന പഠനത്തിൽ, ഐക്കണോഗ്രാഫിക് ചിത്രീകരണങ്ങളിൽ മുഹ്‌യിദ്ദീൻ ശൈഖിനെ മുഗൾ രാജസദസ്സ് എങ്ങനെയാണ് പ്രതിനിധീകരിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. ഓരോ ഐക്കണോഗ്രാഫിക് രൂപത്തിലും വ്യക്തമായ ഘടനാപരമായ സൂഫി ഹയർാർക്കിയുടെ സ്വഭാവങ്ങൾ കാണാൻ സാധിക്കും.


സൂഫിയാക്കളുടെ ഖുത്ബായി കണക്കാക്കപ്പെടുന്ന അബ്ദുൽ ഖാദർ ജീലാനി തങ്ങളെ great patron എന്ന നിലയിലാണ് പല ചിത്രങ്ങളിലും പ്രതിനിധീകരിക്കുന്നത്. മുഹ്‌യിദ്ദീൻ ശൈഖ് ഉന്നതമായ ആത്മീയ അധികാരം ഉൾക്കൊള്ളുന്നു എന്ന സന്ദേശമാണ് ഇത്തരം ചിത്രീകരണങ്ങൾ നൽകുന്നത്.


ചില ചിത്രങ്ങളിൽ മുഹ്‌യിദ്ദീൻ ശൈഖ് സദസ്സിന്റെ മധ്യഭാഗത്ത് floral carpet-ൽ ഇരിക്കുന്നതായി കാണാം. ഇരു ഭാഗങ്ങളിലുമായി ഉയർന്ന രണ്ട് കുഷ്യനുകളും (takiya) അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നു. Takiya രാജകീയ പ്രൗഢിയുടെയും ആത്മീയ അധികാരത്തിന്റെയും പ്രതീകമായി വായിക്കാവുന്നതാണ്.


ചില ചിത്രങ്ങളിൽ മുഹ്‌യിദ്ദീൻ ശൈഖിന്റെ പിന്നിലായി ശാഖകൾ പടർന്നുപിടിച്ച ഒരു വൃക്ഷവും കാണാം. വലിയ മരത്തടിയിൽ നിന്ന് വ്യാപിച്ചുപോകുന്ന ശാഖകളെപ്പോലെ ചിത്രീകരിക്കപ്പെടുന്ന ഈ വൃക്ഷം മുഹ്‌യിദ്ദീൻ ശൈഖിന്റെ ആത്മീയ ശ്രേഷ്ഠതയെ പ്രതിപാദിക്കുന്നതിനൊപ്പം, അദ്ദേഹത്തിൽ നിന്ന് വ്യാപിച്ചുവന്ന വിശാലമായ സൂഫി പാരമ്പര്യത്തെയും സൂചിപ്പിക്കുന്നതായി വായിക്കാം.


മറ്റുചില ചിത്രങ്ങളിൽ മധ്യഭാഗത്ത് ഇരിക്കുന്ന മുഹ്‌യിദ്ദീൻ ശൈഖിനെ ശ്രദ്ധാപൂർവം ശ്രവിക്കുന്ന മുരീദന്മാരോടുകൂടിയ സദസ്സുകളാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ ആത്മീയ ഗുരുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധവും ജ്ഞാന-ആത്മീയ പാരമ്പര്യത്തിന്റെ കൈമാറ്റവും ദൃശ്യരൂപത്തിൽ അവതരിപ്പിക്കപ്പെടുന്നു.


സൂഫിയാക്കളുടെ നേതാവായ മുഹ്‌യിദ്ദീൻ ശൈഖിനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യത്യസ്ത തലങ്ങളിൽ പ്രതിനിധീകരിച്ചുവരുന്നു. പ്രത്യേകിച്ച് ചിത്രീകരണ രൂപങ്ങളിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനം ശ്രദ്ധേയമാണ്. ഇത്തരം ഐക്കണോഗ്രാഫിക് വായനകൾ തന്നെ പലവിധ വ്യാഖ്യാനങ്ങൾക്കും അനുമാനങ്ങൾക്കും വിധേയമാണ്.


ചരിത്രപരമായ രാജസദസ്സുകളിൽ രൂപപ്പെട്ട ഐക്കണോഗ്രാഫിക് ചിത്രീകരണങ്ങൾ പ്രധാനമായും ശൈഖ് ജീലാനിയുടെ ആത്മീയ ഉന്നതിയെയും അധികാരത്തെയും വിളിച്ചോതുമ്പോൾ, പ്രാദേശിക തലത്തിലെ ചിത്രീകരണങ്ങൾ Folk Islam-നെയും പ്രാദേശിക മുസ്‌ലിം സമൂഹങ്ങളുടെ ഓർമകളെയും സാംസ്കാരിക അനുഭവങ്ങളെയും കൂടി പ്രതിനിധീകരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ, മുഹ്‌യിദ്ദീൻ ശൈഖിന്റെ ഇന്ത്യൻ പ്രതിനിധാനം ഒരൊറ്റ ദൃശ്യഭാഷയിൽ ഒതുങ്ങുന്നതല്ല; മറിച്ച് രാജകീയ ഐക്കണോഗ്രാഫി മുതൽ ജനകീയ വിശ്വാസലോകം വരെയുള്ള വൈവിധ്യമാർന്ന സാംസ്കാരിക-ആത്മീയ തലങ്ങളിൽ രൂപപ്പെട്ട ഒരു സങ്കീർണമായ ദൃശ്യപാരമ്പര്യമാണ്.

Articles
Religion

Related Posts

Loading