കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏകാന്തത കൂട്ടിനുള്ളതു കൊണ്ടു മാത്രമാണ് ഞാൻ ഒറ്റക്കായിപ്പോകാതിരുന്നത്. ദൈർഘ്യമേറിയ പകലുകൾ തീർന്നു കിട്ടാനാണ് ജീവിതത്തിൽ ബുദ്ധിമുട്ട്. രാത്രികൾ പൊതുവേ സുന്ദരമാണ്. പ്രത്യേകിച്ചും പകൽ പോലെ വെളിച്ചമുള്ള രാത്രികൾ. അത്തരം രാത്രികളിൽ, മിനു അവസാനമായി വരച്ച അക്വാറിയത്തിന്റെ പെയിന്റിങ്ങിലേക്ക് കുറേ നേരം നോക്കിക്കിടക്കും. അന്നേ ദിനങ്ങളിൽ ഞാൻ കണ്ണടക്കാതെ ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യും. രസകരമാണത്, മിനു ഇതുവരെ മരിച്ചിട്ടില്ലെന്നു വരെ തോന്നും.
ഈയിടെ, സ്വപ്ന ദർശനങ്ങൾക്കിടയിൽ ഒരു ദുസ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണർന്നു. ഒരുപാട് ഓടിയതിന്റെ ക്ഷീണം പോലെ ശരീരം കിതക്കുകയും വിയർക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. വേണ്ടുവോളം വെള്ളം കുടിച്ച് കിതപ്പു മാറ്റി. ഒരു വരിഞ്ഞു മുറുകൽ അനുഭവപ്പെട്ടപ്പോൾ വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി. ഇരുട്ട് കലർന്ന വെളിച്ചത്തിൽ മുറ്റത്ത് വീണു കിടന്നിരുന്ന മുല്ലപ്പൂക്കൾ കാണാമായിരുന്നു. ഒന്നെടുത്ത് മണത്തു നോക്കി. ആ സുഗന്ധം ഉടലിലെ വിയർപ്പു കണങ്ങളെ വറ്റിച്ചു കളഞ്ഞു. അമിതമായ ഒരു ഉന്മേഷം തോന്നിയപ്പോൾ മുന്നിൽ കണ്ട മരത്തിൻ്റെ മുകളിലേക്ക് ഞാൻ ഓടിക്കയറി. അതിന്റെ ശിഖരങ്ങൾ താഴോട്ടാണ് തഴച്ചു വളർന്നിരുന്നത്. ഒടുവിൽ മുകളിലെത്തി. മുകളിൽ മുഴുവൻ വേരുകൾ! ഞാൻ കയറിയത് മുകളിലേക്കല്ലായിരുന്നോ? മുകളിലേക്കല്ലാതെ ഒരാൾക്ക് കയറാനാകുമോ?
ഇരുട്ടിൽ, മുകളിലേക്ക് നോക്കുമ്പോൾ ഒരു ഭീമൻ ഗോൾഡ് ഫിഷും ഒത്തിരി ചെറിയ മീൻകുഞ്ഞുങ്ങളും നീലക്കുളത്തിൽ മുങ്ങിക്കുളിക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് ഭൂമിയിലേക്ക് തന്നെ ഇഴഞ്ഞിറങ്ങി. ഒരുപാടിറങ്ങി. എത്രയിറങ്ങിയിട്ടും താഴെയെത്തുന്നില്ല! ഞാൻ പേടിച്ചരണ്ടു. വേഗം മുകളിലേക്ക് തന്നെ തിരിച്ചു കയറി. വേരിൽ പിടിച്ച് തൂങ്ങി ആ കുളത്തിലേക്ക് എടുത്തു ചാടി. ഒരുപാട് ദൂരം നേരെ നീന്തി. ഒടുവിലൊരു തുരുത്തിലെത്തി.
അവിടെയും ഒരു മരം തല കുത്തനെ വളർന്നതുണ്ടായിരുന്നു. താഴേക്കു വളർന്ന ആ മരമിറങ്ങി ഞാൻ ഭൂമിയിലെത്തി. മുറ്റത്ത് അപ്പോഴും മുല്ലപ്പൂക്കൾ അങ്ങിങ്ങായി വീണു കിടക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് ഒന്നെടുത്ത് ഞാൻ വീണ്ടും മണത്തു നോക്കി. പെട്ടെന്ന് ചുറ്റിലും ഇരുട്ട് മാറി വെളിച്ചം വന്നു. ഞാനൊന്ന് കണ്ണ് മുറുക്കിച്ചിമ്മി. ഒരു ദീർഘ ശ്വാസം വലിച്ച് കണ്ണ് തുറന്നു. പകൽ എന്നെ നോക്കി പല്ലിളിച്ചു. രാത്രിയിൽ മാത്രം വരുന്ന മിനുവിന്റെ അക്വാറിയത്തിലെ മീനുകൾക്കായി ഞാൻ കാത്തിരുന്നു