പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യൻതീരത്ത് എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ നാവിക ശക്തിയായ പോർച്ചുഗീസ്, ഇന്ത്യൻ മഹാസമുദ്രലോകത്തെ രാഷ്ട്രീയ-വാണിജ്യ-സാമ്പത്തിക മേഖലകളിൽ ദൃശ്യമായ മാറ്റങ്ങൾക്ക് കാരണമായിത്തീർന്നിരുന്നു. കെ.എം.പണിക്കർ അവകാശപ്പെടുന്നതനുസരിച്ച്, സമുദ്ര വാണിജ്യത്തിൽ തങ്ങളുടെ മുൻഗാമികളായ അറബികൾക്കും ചൈനക്കാർക്കും വിഭിന്നമായി പോർച്ചുഗീസ് വ്യാപാരയാത്രകൾക്ക് സുഗന്ധവ്യഞ്ജന വാണിജ്യ കുത്തക കയ്യടക്കൽ, ക്രിസ്തുമത പ്രചരണം എന്നീ രണ്ടു സുപ്രധാന ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നു കാണാം. ഈ രണ്ട് പോർച്ചുഗീസ് അജൻഡകളും കൃത്യമായി പ്രതിഫലിച്ചതിന് മകുടോദാഹരണങ്ങളാണ് കോഴിക്കോടും കായൽപട്ടണവും. തങ്ങളുടെ ലക്ഷ്യ പൂർത്തീകരണത്തിനായി ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യമായി അക്കാലത്തെ അത്യാധുനിക ആയുധങ്ങളുമായി സൈനിക ഇടപെടലുകൾ നടത്തിയതും പോർച്ചുഗീസുകാരായിരുന്നു.
1470കൾ വരെ ചെങ്കടലിലൂടെയുള്ള പരമ്പരാഗത പാതയിലൂടെയായിരുന്നു (കോഴിക്കോട് -ഏദൻ - അലക്സാണ്ട്രിയ- വെനീസ്) യൂറോപ്പിലേക്ക് സുഗന്ധദ്രവ്യങ്ങൾ എത്തിയിരുന്നത്. എന്നാൽ ഓട്ടോമൻ തുർക്കികളുടെ ദ്രുതഗതിയിലുള്ള വികാസം ഈ പരമ്പരാഗതപാതയെ തടസ്സപ്പെടുത്തുകയും സുഗന്ധവ്യഞ്ജനങ്ങൾക്കായി പുതിയ ഒരു പാതയെ കണ്ടെത്തുന്നതിലേക്ക് യൂറോപ്യരെ നിർബന്ധിതരാക്കുകയും ചെയ്തു. തത്ഫലമായാണ് വാസ്കോഡഗാമയുടെ നേതൃത്വത്തിൽ ആഫ്രിക്കയിലെ പ്രതീക്ഷമുനമ്പുമായി (Cape of Good Hope) ബന്ധിപ്പിച്ച് ലിസ്ബണിൽ നിന്ന് മലബാറിലേക്കുള്ള ഒരു പുതിയ കച്ചവട പാത രൂപപ്പെടുന്നത്. ഈ പുതിയ വാണിജ്യപാതയിലൂടെ ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കുത്തകയായിരുന്നു പറങ്കികൾ ലക്ഷ്യമിട്ടത്.
കോഴിക്കോട്
പോർച്ചുഗീസ് ആഗമനത്തിനു മുമ്പുള്ള കോഴിക്കോടിന്റെയും കായൽപട്ടണത്തിന്റെയും അറബികളുമായുള്ള ഊഷ്മളമായ നാവിക ബന്ധവും സമൂതിരിയും പാണ്ഡ്യരും അവർക്ക് നൽകിയിരുന്ന അളവറ്റ പിന്തുണയും തത്ഫലമായുള്ള ഈ തുറമുഖങ്ങളുടെ കോസ്മോപൊളിറ്റൻ വികാസവും മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. 1498 ലെ വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് നാവികസംഘം സാമൂതിരിയുടെ അധീനതയാലായിരുന്ന പന്തലായനി കൊല്ലത്ത് (കൊയിലാണ്ടി) എത്തിച്ചേർന്നതോടെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വാണിജ്യ, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥിതികളിൽ പ്രകടമായ മാറ്റങ്ങളുണ്ടാകുന്നത്. ഇത് നൂറ്റാണ്ടുകളായി കോഴിക്കോടിന്റെയും കായൽപട്ടണത്തിന്റെയും വാണിജ്യത്തെ നിയന്ത്രിച്ചിരുന്ന മുസ്ലിംകളുടെ ആധിപത്യതകർച്ചക്ക് കാരണമാകുകയും പോർച്ചുഗീസ് മേൽക്കോയ്മക്ക് വഴിവെക്കുകയും ചെയ്തു. പറങ്കികളുടെ ആഗമനത്തിന്റെ ഭാഗമെന്നോണം, പതിനാറാം നൂറ്റാണ്ടിന്റെ മലബാർ ചരിത്രത്തെ പൊതുവായി 'പോർച്ചുഗീസ് കാലഘട്ടം' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നതായി കാണാം.
മലബാർ തീരത്തെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്ന കോഴിക്കോട് കൊളോണിയൽ താത്പര്യങ്ങളുടെയും അധിനിവേശ ചെറുത്തുനിൽപ്പിന്റെയും കേന്ദ്രമായി രൂപാന്തരപ്പെടുന്നത് ഗാമയുടെ ആഗമനത്തോടെയാണ്. അപ്പോഴും ഗാമയുടെ രണ്ടാം വരവിലാണ് പറങ്കികളുടെ ആഗമന ഉദ്ദേശം പ്രകടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ആദ്യത്തെ യാത്രയുടെ ഉദ്ദേശ്യം പ്രധാനമായും കുരുമുളകു നാട്ടിലേക്ക് ഒരു സമുദ്ര പാത വെട്ടിതെളിക്കുക എന്നതായിരുന്നു. എന്നാൽ, 1502 ൽ വീണ്ടും സാമൂതിരിയുടെ കൊട്ടാരത്തിൽ എത്തിയപ്പോളായിരുന്നു കോഴിക്കോടിന്റെ വ്യാപാരത്തിൽ നിന്നു അറബി മുസ്ലിംകളെ പുറത്താക്കണമെന്നും വാണിജ്യ കുത്തക പൂർണമായി പറങ്കികൾക്ക് നൽകണമെന്നുമുള്ള നയം ഗാമ വ്യക്തമാക്കുന്നത്. എന്നാൽ നൂറ്റാണ്ടുകളായി തന്റെ അഭിവൃദ്ധിയുടെ നട്ടെല്ലായിരുന്ന അറബികളെ തിരസ്കരിക്കുവാൻ സാമൂതിരി തയ്യാറായിരുന്നില്ല. ഈ വിസമ്മതം, പറങ്കികളുടെ അപ്രമാദിത്യത്തിനായുള്ള പോരാട്ടത്തിനും സാമൂതിരിമാരുടെ ചെറുത്തുനിൽപ്പിനും ഒരു നൂറ്റാണ്ടു കാലം കോഴിക്കോടിനെ കലുഷിത ഭൂമിയാക്കി മാറ്റുന്നതിനും വഴിമരുന്നിട്ടു. തുടർന്നുള്ള പോർച്ചുഗീസ് കോളനീകരണ ശ്രമങ്ങൾക്കെതിരായ സാമൂതിരിമാരുടെ ഈ ചെറുത്തുനിൽപ്പ് ചരിത്രത്തിൽ തുല്യതയില്ലാത്തതായിരുന്നു.
മലബാറിലെ സുഗന്ധവ്യഞ്ജന കച്ചവടത്തിന്റെ കുത്തക അധീനപ്പെടുത്തുന്നതിനായും അറബികളുടെ സ്വാധീനം ഉന്മൂലനം ചെയ്യാനായും കാർട്ടസ് (cartaz) എന്ന അതുവരെ കേട്ടുകേൾവിയില്ലാത്ത അനുമതിപത്രവും പറങ്കികൾ നടപ്പിൽ വരുത്തിയിരുന്നു. പറങ്കികളുടെ സമ്പൂർണ കോളനീകരണ ലക്ഷ്യപൂർത്തീകരണത്തിന് സാമൂതിരിയുമായി ചിരകാല വൈരാഗ്യത്തിലായിരുന്ന കൊച്ചി രാജാവ് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്തിരുന്നതായി ഇവിടെ കാണാനാവും. അത്യാധുനിക യുദ്ധ സന്നാഹങ്ങളുമായി വന്ന പറങ്കികൾക്കെതിരെ പോരാടാൻ ശക്തിയില്ലാതെ അറബികൾ കാലക്രമേണ കോഴിക്കോടു നിന്നും ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിൽ നിന്നും പിന്മാറാൻ തുടങ്ങി. പറങ്കികളെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും തുരത്തുവാനായി ഗുജറാത്ത്-ബിജാപൂർ-ഈജിപ്ത് സുൽത്താന്മാരുമായി ചേർന്ന് ഒരു ആഗോള മുന്നണി പോലും സാമൂതിരി സൃഷ്ടിച്ചിരുന്നുവെങ്കിലും ഇവയൊന്നും തന്നെ ലക്ഷ്യ പൂർത്തീകരണത്തിലെത്തിയില്ല.
അറബികളുടെ പിൻമാറ്റം കോഴിക്കോടിന്റെ വ്യാപാരത്തിൽ പല സുപ്രധാന മാറ്റങ്ങൾക്കും കാരണമായിത്തീർന്നിരുന്നു. ആപേക്ഷികമായി അറബികളെക്കാൾ താഴെയായിരുന്ന സ്വദേശി മാപ്പിളമാർ കോഴിക്കോട്ടെ രാഷ്ട്രീയ-സാമ്പത്തിക-മതമേഖലകളിലെ പുതിയ ശക്തികളായി വളർന്നു എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. പിന്നീടുള്ള പോർച്ചുഗീസ് കോളനീകരണ ശ്രമങ്ങൾക്കെതിരായ സാമൂതിരിമാരുടെ ചെറുത്തുനിൽപ്പിന്റെ അടയാളമായി ഇവർ മാറുകയും ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള മാപ്പിളയുടെ അധിനിവേശവിരുദ്ധ ചെറുത്തുനിൽപ്പിന്റെ ആരംഭമായി ഇതിനെ വിലയിരുത്താം. ഇത്തരത്തിലുള്ള ആദ്യ കാല പോരാട്ടത്തിൽ പ്രധാനികളായിരുന്നു സാമൂതിരിയുടെ നാവികസേനാ തലവന്മാരായിരുന്ന കുഞ്ഞാലി മരക്കാർമാർ. സാമൂതിരി ഭരണകൂടവുമായി കൈകോർത്തായിരുന്നു മുസ്ലിംകളുടെ പോരാട്ടങ്ങൾ. പറങ്കികളുമായുള്ള നിരന്തരമായ ഏറ്റുമുട്ടലുകൾ സാമ്രാജ്യത്വ വിരുദ്ധ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മരക്കാർമാരെ പ്രതിഷ്ഠിച്ചു. മരക്കാർമാരുടെ പോർച്ചുഗീസ് അധിനിവേശവിരുദ്ധ ചെറുത്തുനില്പുകൾ കായൽപട്ടണത്തെ പരാമർശിക്കുമ്പോൾ വിശദമായി വിവരിക്കാം.
തുടരെയുള്ള പോർച്ചുഗീസ് ആക്രമണങ്ങളും മുസ്ലിംകളുടെ പ്രതികരണങ്ങളും സമകാലീന തദ്ദേശീയ മുസ്ലിം സാഹിത്യത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. പറങ്കികളുടെ അപ്രമാദ്യത്തിനെതിരെയും നാടിന്റെ സ്വാതന്ത്ര്യത്തിനായും സന്ധിയില്ലാ പോരാട്ടത്തിനായുള്ള മുസ്ലിം ഉലമാക്കളുടെ ആഹ്വാനം ഇതിൽ നിന്നും വ്യക്തമാണ്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ തഹ്രീർ അഹ്ലിൽ ഈമാൻ, സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുൽ മുജാഹിദീൻ എന്നിവയും ഖാളി മുഹമ്മദിന്റെ ഫത്ഹുൽ മുബീൻ, അൽ ഖുതുബാത്ത് അൽ ജിഹാദിയ്യ, അൽ ഖസീദ: അൽ ജിഹാദിയ്യ എന്നിവ ഇതിൽ പ്രമുഖമായവയാണ്. ഈ പോരാട്ടങ്ങൾക്ക് ആശയപ്രേരണ വഴി നേത്യത്വം വഹിച്ചിരുന്നത് ഉലമാക്കളായിരുന്നു എന്നും ഇതിൽ നിന്നും മനസ്സിലാക്കാം.
കായൽപട്ടണം
ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തെ പോർച്ചുഗീസ് കോളനീകരണശ്രമങ്ങളുടെ മികച്ച ഉദാഹരണമായിരുന്നു കായൽപട്ടണം. കോഴിക്കോടിന് സമാനമായി സ്വാതന്ത്ര്യവും സമാധാനപരവുമായ വ്യാപാരബന്ധത്തിൽ നിന്നും വാണിജ്യ നിഷേധത്തിന്റെയും പോരാട്ടങ്ങളുടെയും പ്രഭവ കേന്ദ്രമാക്കി കായൽപട്ടണത്തെ രൂപാന്തരപ്പെടുത്താൻ പറങ്കികളുടെ ആഗമനം ഹേതുവായി. പാണ്ഡ്യരാജാക്കന്മാരുടെ അറബി മുസ്ലിംകളുമായുള്ള സുപ്രധാനമായിരുന്ന വ്യാപാരബന്ധങ്ങളെ സംബന്ധിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. എന്നാൽ, പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുണ്ടായ പാണ്ഡ്യരുടെ തകർച്ചയിലൂടെ കായൽ മേഖലയിലെ വാണിജ്യാധിപത്യം സ്വദേശി മരക്കായർമാരുടെ അധീനതയിലായിത്തീർത്തിരുന്നു. കായലിനെ കൂടാതെ നാഗൂർ, കീളക്കര, കുനിമേട്, അതിരാംപട്ടണം തുടങ്ങിയവയും മരക്കായർമാരുടെ പ്രധാന കുടിയേറ്റ ഇടങ്ങളായിരുന്നു.
എ.ഡി.875ൽ ഈജിപ്തിൽ നിന്നും കായലിലേക്കു കുടിയേറിയ മഹമൂദ് ഖിൽജിയും അനുയായികളുമാണ് ആദ്യകാല മരക്കാർമാർ എന്നും ഈജിപ്തിലെ കറാഫത്തുൽ കുബ്റ എന്ന മലയോരത്തു നിന്നുള്ള ഇവരുടെ കുടിയേറ്റം കാരണത്താൽ കായൽപട്ടണം കാഹിറപട്ടണം എന്ന് അറിയപ്പെട്ടതായും ഒരു തമിഴ് ചെപ്പേടിനെ അടിസ്ഥാനമാക്കി എസ്. ജയശീല സ്റ്റീഫൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ തമിഴ് ചെപ്പേടിന്റെ ആധികാരികതയെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നതയുണ്ട്. എന്നിരുന്നാലും പതിനാറാം നൂറ്റാണ്ടുവരെയുള്ള മരക്കായർ സമൂഹത്തെക്കുറിച്ചു നമുക്ക് കൂടുതൽ ചരിത്രരേഖകൾ ലഭ്യമല്ല. ഇവരിൽ നിന്നും ഒരു വിഭാഗം മലബാറിലെ കൊച്ചിയിലേക്ക് കുടിയേറിയെന്നും പിൽക്കാലത്ത് പോർച്ചുഗീസ് വ്യാപാര കുത്തകയെ ചെറുക്കുന്നതിനായി കോഴിക്കോടെത്തി സാമൂതിരികളുടെ വിശ്വസ്തരായി എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. മലബാറിൽ മരക്കാർമാർ എന്നാണു ഇവർ അറിയപ്പെട്ടിരുന്നത്. തമിഴ് മൊഴിയിലെ "മരക്കലം" (wooden boat), അറബി ഭാഷയിലെ "മർകബ്" (ship) എന്നീ വാക്യങ്ങളിൽ നിന്നുമാകാം മരക്കായർ എന്ന പേര് ഉരിത്തിരിഞ്ഞത് എന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നത് കാണാം.
പറങ്കികളുടെ ആഗമന സമയത്തു തന്നെ കായലിലെ മുത്തു വ്യാപാരത്തിൽ അവർ കണ്ണുനട്ടിരുന്നുവെന്നു പോർച്ചുഗീസ് രേഖകൾ സൂചിപ്പിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ പരദേശി മുസ്ലിംകൾ തങ്ങളുടെ പ്രധാന ശത്രുക്കളായിരിക്കെ തന്നെ മരക്കായർമാർ തങ്ങളുടെ വ്യാപാര പങ്കാളികളായിരുന്നു എന്ന കാരണത്താൽ പറങ്കികൾ കായലിലെ മുത്തു വ്യാപാരത്തിൽ ഇടപെട്ടിരുന്നില്ല. പട്ടാൻ മരക്കാരും കുഞ്ഞാലിമരയ്ക്കാരും കുനിമേടു നിന്ന് പറങ്കികൾക്കു പതിവായി ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്നു. കോറമണ്ഡൽ കേന്ദ്രമാക്കിയുളള മലബാറിലേക്കുള്ള അരിവ്യാപാരത്തിന്റെ കുത്തക മുഹമ്മദലി മരക്കാർക്കായിരുന്നു എന്ന് പോർച്ചുഗീസ് രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇവരെ കൂടാതെ മറ്റുപല മരക്കാരുമാരുമായും പറങ്കികൾ സമാധാനപരമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു. ഇവർ പോർച്ചുഗീസുകാർക്ക് ശ്രീലങ്കയിലെ കറുവപ്പട്ടയും കോറമണ്ഡൽതീരത്തെ അരിയും മലബാറിലെ ഉൾനാടൻ കുരുമുളകും എത്തിച്ചുകൊടുത്തു. പരദേശികൾക്കെതിരായ ആക്രമണങ്ങളിലും പറങ്കികളെ മരക്കാർമാർ സഹായിച്ചിരുന്നു എന്ന് ചരിത്രരേഖകളിൽ കാണാം.
പറങ്കികളുടെ ആഗമന സമയമാവുമ്പോഴേക്കും കോറമണ്ഡൽ തീരത്തെ സുപ്രധാന വ്യാപാരികളായി മരക്കായർമാർ വളർന്നിരുന്നു. തമിഴ് ദേശത്തു നിന്നും മലബാറിലേക്കുള്ള അരി വ്യാപാരവും മലബാറിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾ കോറമണ്ഡലിലേക്കും അവിടെ നിന്ന് തുണിത്തരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും തെക്കേഷ്യ, ശ്രീലങ്ക മുതലായ ഇടങ്ങളിലേക്കും കൊണ്ടുപോയിരുന്ന ഒരു വിശാല വ്യാപാരശൃംഖല തന്നെ അക്കാലത്ത് അവർക്കുണ്ടായിരുന്നു. ഇതുകൂടാതെ കാലക്രമേണ കായൽ പ്രദേശത്തെ കടൽമുത്തിന്റെ (pearl fishery) കുത്തകയും മരക്കായർക്കു കീഴിലായിത്തീർന്നു. ലോകത്തിലെ മേന്മയുള്ള ചെറുമുത്തുകളുടെ (seed pearls) ശേഖരം കായലിലായിരുന്നു എന്ന് ഇപ്പോഴും അവകാശവാദം ഉന്നയിക്കപ്പെടുന്നതായി കാണാം.
എന്നാൽ പറങ്കികളുടെയും മരക്കാർ/മാരക്കായർമാരുടെയും ദൃഢമായ വ്യാപാരബന്ധത്തിന് അധികായുസ്സ് ഉണ്ടായിരുന്നില്ല. 1515 ൽ ലോപോ സോറിസ് (Lopo Sores) പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിൽ വന്നതിനുശേഷം അദ്ദേഹം സ്വകാര്യ പോർച്ചുഗീസ് വ്യാപാരികളായ കാസഡോകളെ (Casados) അളവറ്റ് പിന്തുണക്കുവാൻ തുടങ്ങി. പടിഞ്ഞാറൻ തീരമേഖല പോർച്ചുഗീസ് ഭരണാധികാരികളുടെ നേരിട്ടുള്ള കർശന നിയന്ത്രണത്തിൽ ആയിരുന്നതിനാൽ ഇന്ത്യയുടെ കിഴക്കൻ തീര മേഖലകളിലായിരുന്നു ഈ കാസഡോകൾ ശ്രദ്ധയൂന്നിയിരുന്നത്. പോർച്ചുഗീസ് ഭരണാധികാരികളുടെ നിയന്ത്രങ്ങളുടെ അഭാവം മൂലം അവർ ധാരാളമായി കിഴക്കൻ തീരത്തേക്കു കുടിയേറുവാൻ തുടങ്ങി. ഇതിനുശേഷമാണ് മരക്കായർമാരോടുള്ള പോർച്ചുഗീസ് മനോഭാവം മാറി തുടങ്ങിയത്. 1516 മുതലാണ് മരക്കാർ കപ്പലുകളുടെ കാർട്ടസ് പതിവായി പരിശോധിക്കുവാനും കണ്ടുകെട്ടുവനും തുടങ്ങിയത്. പതിവായുള്ള ഈ പരിശോധനകൾ മരക്കായർ വ്യാപാരത്തെയും മൂലധനത്തെയും കാര്യമായി ബാധിച്ചു. ഇതിൻ്റെ തുടർച്ചയായി 1524 ൽ കൊച്ചിയിൽ നിന്നും മരക്കാർമാർ കൂട്ടത്തോടെ കോഴിക്കോട്ടേക്ക് പാലായനം ചെയ്തു. ഇതു കോഴിക്കോടിനും കയാൽപട്ടണത്തിനുമിടയിലുള്ള വ്യാപാര-രാഷ്ട്രീയ ബന്ധങ്ങളുടെ പുതിയ തുടക്കമായിരുന്നു.
കോറമണ്ഡലിലെ പോർച്ചുഗീസ് അധിനിവേശത്തോടൊപ്പം കായലിലെ കടൽ മുത്ത് വ്യാപാരത്തിലുള്ള പറങ്കികളുടെ ഇടപെടലുകളും വർധിച്ചുവന്നു. ഇതേസമയം കടൽ മുത്തിന്മേലുള്ള അവകാശം ഉന്നയിച്ച് കായലിലെയും കീഴക്കരയിലെയും മുസ്ലിം മേധാവികൾ സംഘർഷത്തിൽ ഏർപ്പെടുകയും, തൽഫലമായി പറങ്കികളോട് സഹായമഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾ പറങ്കികൾക്ക് പുതിയ അവസരങ്ങൾ തുറന്നു കൊടുത്തു. എല്ലാ വർഷവും ഒരു നിശ്ചിത തുക കപ്പമായി നൽകാമെന്ന വ്യവസ്ഥയിലാണ് അവർ തർക്കപരിഹാരം നടത്തിയത്. തെക്കു കിഴക്കേന്ത്യൻ തീരങ്ങളുടെ വ്യാപാര കുത്തക കാസഡോകളുടെ കയ്യിലായിരുന്നെങ്കിലും മുത്ത് വ്യാപാരം പോർച്ചുഗീസ് ഭരണാധികാരത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. പോർച്ചുഗീസ് ഭരണകൂടം സ്വകാര്യ കാസഡോ വ്യാപാരികളിലെ ഉദ്യോഗസ്ഥർക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കണമെന്ന വ്യവസ്ഥ നിലനിർത്തിയിരുന്നു.
തങ്ങളുടെ വ്യാപാര സാധ്യതകൾ കവർന്നെടുത്തു എന്നു മനസ്സിലാക്കിയ മരക്കാർമാർ പോർച്ചുഗീസുകാർക്കെതിരെ നേരിട്ടും ഒളിപ്പോരിലൂടെയും ഏറ്റുമുട്ടലുകൾ ആരംഭിച്ചത് തുടർന്നായിരുന്നു. 1527 ൽ തെക്കു കിഴക്കേഷ്യയിൽ നിന്നും വന്ന പറങ്കി കപ്പലിനെ പട്ടു മരക്കാരുടെ നേതൃത്വത്തിൽ ആക്രമിച്ചു. തങ്ങളുടെ കുടുംബ ബന്ധങ്ങളെ ഉപയോഗപ്പെടുത്തി കോഴിക്കോട് സാമൂതിരിയുടെ സഹായവും മരക്കായർമാർ പറങ്കികൾക്കെതിരെ തേടി. തൽഫലമായി സാമൂതിരിയുടെ കപ്പൽസേനയും മരക്കായർ സൈന്യവും ചേർന്ന് പോർച്ചുഗീസുകാരെ ആക്രമിക്കുകയും ഒരു പറങ്കി ക്യാപ്റ്റനടക്കം ഇരുപതോളം പേരെ കൊലപ്പെടുത്തുകയുമുണ്ടായി. പിന്നീടുള്ള മരക്കാർ/മരക്കായർ ചെറുത്തുനിൽപ്പിന്റെ ഹൃദയ ഭൂമിയായി കോറമണ്ഡൽ തീരം മാറി. ഇതേ സമയം പുരാതനകാലം മുതൽ Pearl Fishery Coast ലെ മുത്ത് വേട്ടയിൽ ഏർപ്പെട്ടിരുന്ന പരവർ സമൂഹം മുസ്ലിംകളുടെ വളർച്ചയിൽ അസ്വസ്ഥരായി. കാലക്രമേണ മുത്തുവ്യാപാരം മരക്കായർമാരുടെ നിയന്ത്രണത്തിലാവുകയും ഇതു പരവർകളുടെ മോശമായ സാമ്പത്തിക-സാമൂഹിക അവസ്ഥക്കു കാരണമാവുകയുമുണ്ടായി. പോർച്ചുഗീസ് ആഗമനം പരവർകൾക്ക് പുതിയ പ്രതീക്ഷ നൽകുകയും മുസ്ലിംകൾക്കെതിരായി പരവർ അവരോട് സഹായമഭ്യർഥിക്കുകയും ചെയ്തു.
പറങ്കികൾ ക്രിസ്തുമതത്തിലേക്ക് മതം മാറിയാൽ പരവർകളെ സഹായിക്കാമെന്ന വ്യവസ്ഥ ചെയ്തിരുന്നു. ജാവോ ഡേ ക്രൗസ് (Jao de Cruz ) എന്ന കുതിര വ്യാപാരിയായിരുന്നു ഇതിനായി ഇടനിലക്കാരനായി പ്രവർത്തിച്ചത്. തൽഫലമായി 1536 ൽ 20,000 വും 1537ൽ 80,000 പരവർമാർ ക്രിസ്തുമത്തിലേക്കു മതം മാറുകയുണ്ടായി. പോർച്ചുഗീസുകാരുടെ മിഷനറി താല്പര്യങ്ങളെക്കാൾ വ്യാപാര താൽപര്യങ്ങളായിരുന്നു പരവർകളുടെ കൂട്ട മതം മാറ്റത്തിന് കാരണമായത് എന്ന് ഈ സംഭവം അടിവരയിടുന്നുണ്ട്. യഥാർത്ഥത്തിൽ, ഇത് പോർച്ചുഗീസുകാരുടെ കിഴക്കേ ഇന്ത്യൻ തീരത്തെ അധിനിവേശത്തിനെയും തെക്കുകിഴക്കേഷ്യൻ അധിനിവേശത്തിനെയും ദ്രുതഗതിയിലാക്കുകയായിരുന്നു.
പരവർമാരുടെ കൂട്ടത്തോടെയുള്ള മതംമാറ്റത്തിൽ ക്ഷുഭിതനായ മരക്കായർമാർ സാമൂതിരിയോട് സഹായമഭ്യർഥിക്കുകയും, കുഞ്ഞാലിമരക്കാർ, പട്ടു മരക്കാർ, ഇബ്രാഹിം മരക്കാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം വരുന്ന സൈന്യവുമായി പറങ്കികളെ നേരിടുന്നതിനായി Pearl Fishery Coast ലേക്കു പുറപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അഫോൻസോ ഡേ സൗസ (Affonso de Sousa ) എന്ന പറങ്കി സേനാധിപതിയുടെ അത്യാധുനിക ആയുധങ്ങൾക്കു മുമ്പിൽ സാമൂതിരിയുടെയും മരക്കായർമാരുടെയും സൈന്യം കീഴടങ്ങേണ്ടി വന്നു. ഈ ഏറ്റുമുട്ടലിൽ, സാമൂതിരിയുടെ പ്രധാന മരക്കാർ സൈന്യാധിപന്മാരെല്ലാം കൊല്ലപ്പെടുത്തുകയും മുസ്ലിംകൾ പരാജയപ്പെടുകയും വഴി പറങ്കികൾ ഇന്ത്യയുടെ കിഴക്കൻ തീരത്തിന്റെ അനിഷേധ്യ അധിപന്മാരായിത്തീർന്നു.
പോർച്ചുഗീസുകാരുടെ ആഗമന ഉദ്ദേശങ്ങളായിരുന്ന 'സുഗന്ധദ്രവ്യ വാണിജ്യ കുത്തകയും ക്രിസ്തുമത വ്യാപനവും' നടപ്പിലാക്കിയതിന് മകുടോദ്ദാഹരണങ്ങളാണ് കോഴിക്കോടും കായൽപട്ടണവും. വ്യാപാര കുത്തകക്കായി ഇന്ത്യൻ തീരങ്ങളിൽ ആദ്യമായി അത്യാധുനിക യുദ്ധോപകരണങ്ങളുമായി തദ്ദേശീയ ഭരണാധികാരികളെയും കച്ചവടക്കാരെയും ആക്രമിച്ചു അധിനിവേശവ്യാപാരത്തിനു തുടക്കം കുറിച്ചത് പറങ്കികളായിരുന്നു. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൾക്കു മികച്ച രണ്ടുദാഹരണങ്ങൾ കൂടിയാണ് കോഴിക്കോടും കായൽപട്ടണവും.