KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

പ്രവാചക പ്രകീർത്തനങ്ങളുടെ ആദ്ധ്യാത്മിക ലോകവും ഷിമ്മലിന്റെ അക്കാദമിക പ്രയാണവും

അൻഷിഫ് അലി തൃപ്പനച്ചി

മുഹമ്മദ് നബി (സ്വ) യുടെ മാതൃകാ യോഗ്യമായ ജീവിതവും അമൂല്യമായ സന്ദേശങ്ങളും ചരിത്രത്തിലുടനീളം പലയാവർത്തി ചർച്ച ചെയ്യപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, അനുദിനം വിശാലമായിക്കൊണ്ടിരിക്കുന്ന അവിടുത്തെ സ്വാധീന വലയം കാരണമായി പ്രവാചകനെ പഠിക്കാനും പകർത്താനുമുള്ള ശ്രമങ്ങൾ ലോകത്ത് ഇന്നും സജീവമായി നടന്നു കൊണ്ടിരിക്കുന്നു. പവിത്രമായ ആ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ നവീനമായ വീക്ഷണ കോണുകളിലൂടെ നോക്കിക്കാണാനുള്ള ശ്രമങ്ങൾക്ക് മുസ്ലിം പണ്ഡിത ലോകത്തെന്ന പോലെ തന്നെ സെക്കുലർ അക്കാദമിക പരിസരങ്ങളിലും വലിയ പ്രചാരമുണ്ട്. യൂണിവേഴ്സിറ്റികളിൽ പഠന വിഭാഗങ്ങളായും പാഠ്യപദ്ധതിയുടെ ഭാഗമായും ചർച്ച ചെയ്യപ്പെടുന്ന പ്രവാചക ജീവിതത്തെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും കൃതികളും അക്കാദമിയയിൽ നിന്നും പുറത്തുവരുന്നു. ഇത്തരം പ്രോത്സാഹനാർഹമായ ഉദ്യമങ്ങളിൽ വളരെയധികം പ്രത്യേകതകളുള്ളതും വ്യത്യസ്ഥത പുലർത്തുന്നതുമായ ഒന്നാണ് ജർമൻ പണ്ഡിതയായ ആൻ മേരി ഷിമ്മലിന്റെ 1985 ൽ പ്രസിദ്ധീകരിക്കപ്പെട്ട And Muhammad Is His Messenger: The Veneration of the Prophet in Islamic Piety എന്ന പുസ്തകം. ഗവേഷണ മാതൃകയിലും അവതരണ രീതിയിലും അസാധാരണമായ മികവ് പുലർത്തുന്ന പുസ്തകത്തിന്റെ വ്യതിരക്തതയുടെ പ്രധാന കാരണം പ്രവാചകനെ പഠനവിധേയമാക്കുന്നതിന് ഷിമ്മൽ തെരഞ്ഞെടുത്ത പ്രമേയം തന്നെയാണ്. ചരിത്രത്തിലെ പ്രവാചകനെ (Muhammad in history) അന്വേഷിക്കുന്നതിനപ്പുറം വിശ്വാസത്തിലെ പ്രവാചകനെ (Muhammad in faith) കണ്ടെത്താനാണ് ഗ്രന്ഥകാരി ശ്രമിക്കുന്നത്. നബി (സ്വ) യുടെ ബാല്യത്തെയും യൗവനത്തെയും പ്രവാചക നിയോഗത്തെയുമെല്ലാം ആഖ്യാനിക്കുന്ന, അക്കാലത്തെ അറേബ്യൻ ജനതയെയും അവരുടെ സാമൂഹിക സാംസ്കാരിക വ്യവസ്ഥിതികളെയും സംബന്ധിച്ചുള്ള രേഖകളെ വ്യക്തമായ സ്രോതസ്സുകളിൽ നിന്നും ശേഖരിച്ച് ചരിത്രത്തിന്റെ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്ന പ്രബല ഗവേഷണ രീതിയിൽ നിന്നും മാറി, ഇസ്ലാമിക ലോകത്ത് പല ദേശങ്ങളിൽ പല കാലങ്ങളിലായി വിരിചിതമായ പ്രകീർത്തന സാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെടുന്ന പ്രവാചക സവിശേഷതകളെയും സ്വാധീനത്തെയും ചർച്ച ചെയ്യുകയാണ് ഈ ഗ്രന്ഥം. അറബി, പേർഷ്യൻ, തുർക്കിഷ്, ഉറുദു തുടങ്ങിയ വ്യത്യസ്തമായ ഇസ്ലാമിക ഭാഷകളിൽ ലഭ്യമായ അനേകം കൃതികളെ അത് ഉപജീവിക്കുന്നു.


നേതൃത്വം, നയതന്ത്രജ്ഞത, രാഷ്ട്രീയം, സാമൂഹിക പരിഷ്കരണം, കുടുംബം തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സർവ്വ മേഖലകളിലും അതുല്യമായ മാതൃക സൃഷ്ടിക്കുന്നതിൽ പ്രാഗൽഭ്യം കാണിച്ച ചരിത്ര പുരുഷനായി പ്രവാചകനെ അവതരിപ്പിക്കുന്നതിനാണ് ഒട്ടുമിക്ക ആധുനിക കൃതികളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്നാൽ ഇസ്ലാമിന്റെ ചരിത്ര യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുന്നതിൽ പിൽകാല സമൂഹങ്ങളിലും സാഹിത്യത്തിലും കടന്നുവന്ന പ്രവാചക ചിത്രീകരണങ്ങൾക്ക് അനിഷേധ്യമായ പങ്കുണ്ടെന്നും ചരിത്രപരമായി ഇസ്ലാമിനെ പുനർനിർമ്മിക്കുമ്പോൾ ഈ വാസ്തവം കൂടി മുഖവിലക്കെടുക്കേണ്ടതുണ്ടെന്നും പ്രൊഫസർ ഷിമ്മൽ തന്റെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു. രാഷ്ട്രീയവും നാഗരികവുമായ പ്രമേയങ്ങളിൽ മാത്രം പലപ്പോഴും കുടുങ്ങിക്കിടക്കാനുള്ള ഇസ്ലാമിക ചരിത്രത്തിന് കൂടുതൽ വിശാലവും ജൈവികവുമായ ഒരു പ്രതിച്ഛായ നൽകുന്നതിനും ഇസ്ലാമിന്റെ ആന്തരിക വൈജാത്യങ്ങളിലേക്കും ഏകതയിലേക്കും കാലാനുക്രമം രൂപപ്പെട്ടുവന്ന സാംസ്കാരിക വ്യവഹാരങ്ങളിലേക്കും കൂടി ഗവേഷണ ശ്രദ്ധ ക്ഷണിക്കുന്നതിനും ഇത്തരം ശ്രമങ്ങൾ സഹായകമാകുന്നതായി നിരീക്ഷിക്കാം. കൂടാതെ മുസ്ലിം പ്രകീർത്തന പാരമ്പര്യത്തിന്റെ മാതൃകകൾ പേർഷ്യൻ, തുർക്കിഷ്, ഉറുദു, സിന്ദി സാഹിത്യങ്ങളിൽ നിന്നും കണ്ടെടുക്കുന്നതോടുകൂടി ഇസ്ലാമിന് മേൽ ആരോപിക്കപ്പെടാറുള്ള ചരിത്രപരവും സാംസ്കാരികവുമായ അറബ് കേന്ദ്രീകരണത്തിൽ നിന്നും മാറി വിശാലമായ മുസ്ലിം ലോകത്തേക്ക് ചർച്ചകളെ വികസിപ്പിക്കേണ്ടതിനുള്ള ഒരു കാരണം കൂടിയാണ് ഷിമ്മൽ നൽകുന്നത്.


വസ്തുക്കളായും അവർക്കിടയിലെ പരസ്പര ഇടപെടലുകളായും ലോകത്തെ നോക്കിക്കാണുന്ന cartesion വിചാര മാതൃകയിൽ നിന്നും വിഭിന്നമായി, വ്യക്തിയുടെ അനുഭവ തലത്തിൽ സാധ്യമാകുന്ന ബോധഘടനയെ അടിസ്ഥാനപ്പെടുത്തിയുള്ള phenomenological സമീപനമാണ് തന്റെ പഠനത്തിനായി ഷിമ്മൽ സ്വീകരിക്കുന്നത്. പ്രാതിഭാസിക വിജ്ഞാനീയത്തിന്റെ വീക്ഷണകോണിലൂടെ ഇസ്ലാമിലെ പ്രവാചക പ്രതിരൂപത്തെ പഠനവിധേയമാക്കുകയും, മതത്തിലെ പണ്ഡിതന്മാരും നിയമജ്ഞരും പ്രവാചകനെ മനസ്സിലാക്കിയതിനപ്പുറം സൂഫികളുടെയും സാധാരണക്കാരുടെയും അവിടുത്തെ കുറിച്ചുള്ള ധാരണകളെ പ്രധാനമായും ചർച്ച ചെയ്യുകയാണ് അവർ ചെയ്യുന്നത്. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ കണ്ടും, കേട്ടും, പറഞ്ഞും അനുഭവിക്കുന്ന ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ "വ അന്ന മുഹമ്മദൻ റസൂലുഹു" എന്നതുകൊണ്ടാണ് പുസ്തകം നാമകരണം ചെയ്യപ്പെടുന്നതും. നാല് പതിറ്റാണ്ടുകളോളം ഇസ്ലാമിലെ പ്രവാചക പ്രകീർത്തനങ്ങളിൽ താല്പരരായി അക്കാദമിക അന്വേഷണങ്ങൾ നടത്തിയ ഷിമ്മലിന്റെ ആഗ്രഹസാഫല്യമാണ് ഈ പുസ്തകം. Mystical Muhammad എന്ന ആശയത്തിൽ കൗമാരക്കാലം മുതലേ ആകൃഷ്ടയായിരുന്ന അവർ ഭാഷാപഠനങ്ങളിലൂടെയും ചരിത്രപഠനങ്ങളിലൂടെയും ഇസ്ലാമിനെ കൂടുതൽ അടുത്തറിഞ്ഞു. സയ്യിദ് സമീർ അലിയുടെ The Life and Teachings of Muhammad (or The Spirit of Islam) 20, eso memos Die person Muhammads in lehre und glaube seiner gemeinde ao, monet ചെലബിയുടെ മൗലിദുശ്ശരീഫുമായിരുന്നു പ്രവാചക പഠനങ്ങളുടെ പ്രചോദനം. അഞ്ചുവർഷത്തെ തുർക്കിയിലെ അധ്യാപിക ജീവിതവും അക്കാലയളവിൽ പങ്കെടുത്ത മൗലിദ് സദസ്സുകളും മുസ്ലിം സമൂഹങ്ങളിൽ സജീവമായ പ്രകീർത്തന പാരമ്പര്യങ്ങളുടെ അന്തസത്തയെ അറിയാൻ അവർക്ക് സഹായകമായി. ഇന്തോ-പാക്കിസ്ഥാനി ഉപഭൂഖണ്ഡത്തിലെ കാവ്യരൂപങ്ങളിലും സൂഫി സാഹിത്യങ്ങളിലുമുള്ള അഗാധ താൽപര്യം അവരെ പ്രവാചകാനുരാഗത്താൽ സവിശേഷമായ ഇഖ്ബാൽ കവിതകളുടെ ആശയ ലോകത്തേക്ക് നയിച്ചു. സിനി നാടോടി സാഹിത്യങ്ങളെ കുറിച്ചുള്ള പഠനവും ഈ അന്വേഷണങ്ങൾക്ക് മികവ് കൂട്ടി. ഇത്തരത്തിൽ ദീർഘകാലം നടത്തി വന്ന അക്കാദമിക വ്യവഹാരങ്ങളുടെ അനന്തരഫലമായാണ് ഈ പുസ്തകം പുറത്ത് വരുന്നത്. ഷിമ്മലിന്റെ തന്നെ Mystical dimensions of Islam (1975) ന്റെയും As though a veil (1983) ന്റെയും പൂർണതയായും ഇതിനെ നിരൂപകർ കണക്കാക്കുന്നുണ്ട്.


ആമുഖത്തിൽ യൂറോപ്പിലെ പ്രവാചക പഠനങ്ങളുടെയും ജീവചരിത്ര രചനകളുടെയും പാരമ്പര്യത്തെ വിശദീകരിച്ചും പ്രസ്തുത വിഷയത്തിൽ രചിക്കപ്പെട്ട കൃതികളുടെ അവലോകനം (literature review) നടത്തിയുമാണ് പുസ്തകം ആരംഭിക്കുന്നത്. നബി (സ്വ) യുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട പണ്ഡിതാഭിപ്രായങ്ങളുടെ ലഘു വിശദീകരണത്തോടുകൂടി ചർച്ചകൾ തുടങ്ങുന്ന പുസ്തകം അവിടുത്തെ ജനനം, വിവാഹം, മുഅജിസത്തുകൾ, ആകാശാരോഹണം തുടങ്ങിയ സംഭവവികാസങ്ങളെ കുറിച്ചുള്ള ആഖ്യാനങ്ങളും ഇതിഹാസങ്ങളും ഏതു വിധമാണ് കവിതകളിലും പാട്ടുകളിലും നാടോടി കഥകളിലും അവതരിപ്പിക്കപ്പെടുന്നതെന്ന് വിവരിക്കുന്നു. പ്രവാചകന്റെ ശാരീരികവും ആത്മീയവുമായ ഗുണ വിശേഷണങ്ങൾ, അവിടുത്തെ പേരുകൾ, അന്നൂറുൽ മുഹമ്മദിയും അതുമായി ബന്ധപ്പെട്ട സൂഫി വ്യവഹാരങ്ങൾ, പ്രവാചക പ്രകീർത്തന കാവ്യങ്ങളുടെ അനേകം പാരമ്പര്യങ്ങൾ, മീലാദാഘോഷത്തിന്റെ വ്യത്യസ്ത വകഭേദങ്ങൾ തുടങ്ങി നരവംശശാസ്ത്രപരമായും പ്രതിഭാസിക വിജ്ഞാനീയപരമായും നബി ജീവിതത്തെ കൃത്യമായി വരച്ചുകാട്ടുന്ന പന്ത്രണ്ട് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.


Biographical and Hagiographical notes എന്ന ആദ്യ അധ്യായത്തിൽ ഖുർആൻ, ഹദീസ്, സീറകൾ, കവിതകൾ, ഇതിഹാസങ്ങൾ, മറ്റു സാഹിത്യ കൃതികൾ തുടങ്ങി പ്രവാചകന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്ര രേഖകൾ സുലഭമാണെന്നും, അതിലൂടെ അവിടുത്തെ ജനനവും ബാല്യവും, ചെറുപ്പത്തിലെ ദൃശ്യമായ അത്ഭുത പ്രതിഭാസങ്ങളും, കൗമാരക്കാലത്തെ കച്ചവട യാത്രകളും, വിവാഹം, ഏകാന്തവാസം, നുബുവ്വത്, വഹ്യ് തുടങ്ങിയ അവിടുത്തെ ജീവിതത്തിലെ സവിശേഷമായ സംഭവവികാസങ്ങളെയും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നും പറയുന്നു. ഖുർആനിന്റെ ക്രമാനുഗതമായ അവതീർണത്തെ കുറിച്ചും, ഓരോ ഘട്ടങ്ങളിലെയും അതിന്റെ ആശയ കേന്ദ്രീകരണത്തിന്റെ വ്യത്യസ്തകളെയും, അത് നബി (സ്വ) യുടെ പ്രബോധന ജീവിതത്തിന് പ്രോത്സാഹനമായതിനെ സംബന്ധിച്ചുമെല്ലാം അധ്യായത്തിൽ വിശദമായി പ്രതിപാദിക്കുന്നു. ഖുർആനിന്റെ സ്രോതസിനെക്കുറിച്ചുള്ള പാശ്ചാത്യ പണ്ഡിതരുടെ അഭിപ്രായവ്യത്യാസങ്ങളും, ജൂത-ക്രിസ്ത്യൻ പാരമ്പര്യത്തിലെ സംഭവവികാസങ്ങൾ അതിൽ കടന്നുവന്നതിനേയും, നബി (സ്വ) യുടെ നിരക്ഷരതയെയും ചൊല്ലിയുള്ള സംവാദങ്ങളും പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിശയകരമായ ഈ മാതൃകാ ജീവിതത്തിന്റെ നാൾ വഴികളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നതിന് പുറമെ, നാല് ഖലീഫമാരുടെ ചെറു ജീവ ചരിത്രവും, ശീഈ ആശയധാരയുടെ വളർച്ചയെയും, പ്രവാചക കുടുംബത്തെ ബഹുമാനിക്കുന്നതിന് ഇസ്ലാമിന്റെ രാഷ്ട്രീയ ചരിത്രത്തിലുള്ള നിർണായക പങ്കിനെയും സംബന്ധിച്ചുള്ള ചർച്ചയും ഈ അധ്യായത്തിൽ കടന്നുവരുന്നു. ബിലാൽ ബിൻ റബാഹ്, അബൂ ദർ, സൽമാനുൽ ഫാരിസി, ഉവൈസുൽ ഖറനി (റ) തുടങ്ങിയ പ്രവാചകാനുരാഗികളെ പരിചയപ്പെടുത്തിയും അവർക്ക് ഇസ്ലാമിലുള്ള പ്രതീകാത്മകമായ സ്ഥാനത്തെ അടിവരയിട്ടുമാണ് ഒന്നാം അധ്യായം അവസാനിക്കുന്നത്.


Muhammad the beautiful model എന്ന രണ്ടാം അധ്യായത്തിൽ ഹദീസ് സാഹിത്യത്തിലൂടെയും ശമാഇൽ - ദലാഇൽ സാഹിത്യത്തിലൂടെയുമുള്ള അന്വേഷണങ്ങളിലൂടെ ലോകജനതയ്ക്ക് പ്രവാചകരിലുള്ള ഉത്തമ മാതൃകയെ മനസ്സിലാക്കാനാണ് ഗ്രന്ഥകാരി ശ്രമിക്കുന്നത്. കാലാനുഗതം ഒട്ടേറെ വികാസങ്ങളിലൂടെ കടന്നുപോയ ഹദീസ് സാഹിത്യത്തിനും അതിന്റെ ക്രോഡീകരണ ശാസ്ത്രത്തിനും പുറമേ നബി (സ) യുടെ ശാരീരികവും ആത്മീയവുമായ മനോഹാര്യതയെ വർണ്ണിക്കുന്ന ശമാഇൽ ഗ്രന്ഥങ്ങളുടെയും, പ്രവാചകത്വത്തിന്റെ തെളിവുകളെ വിശദീകരിക്കുന്ന ദലാഇൽ ഗ്രന്ഥങ്ങളുടെയും വിശാലമായൊരു സാഹിത്യ ലോകം തന്നെ ഇസ്ലാമിലുണ്ട്. ഇമാം ബൈഹഖി, ഇമാം തുർമുദി, ഖാളി ഇയാള് തുടങ്ങിയ പണ്ഡിന്മാരുടെ സംഭാവനകളാൽ സമ്പുഷ്ടമായ ഈ സാഹിത്യ മേഖലകൾ പ്രവാചക പ്രകീർത്തന കാവ്യങ്ങളുടെയും ആഖ്യാനങ്ങളുടെയും അടിസ്ഥാനങ്ങളായി വർത്തിക്കുന്നതായി നിരീക്ഷിക്കാനാകും. നബി (സ്വ) യുടെ ശാരീരിക ഗുണങ്ങളും, പ്രവാചക മുദ്രയും, പ്രകാശവും, സുഗന്ധവുമെല്ലാം ഒട്ടേറെ ശമാഇലി ഗ്രന്ഥങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മൗലാനാ റൂമിയുടെയും ഖാകാനിയുടെയും സഅദുന്ന ഉമ്മു സഅദു ബിൻത് ഇസാമുൽ ഹിംയാരിയുടെയുമെല്ലാം കവിതകളിൽ കടന്നുവരുന്ന പ്രവാചക സൗന്ദര്യ പ്രകീർത്തനത്തിന്റെ മനോഹരമായ ആവിഷ്കാരങ്ങൾ രണ്ടാം അധ്യായത്തിൽ ചേർത്തിട്ടുണ്ട്. കൂടാതെ, നബി (സ്വ) യുടെ സ്വഭാവവൈശിഷ്ട്യത്തിന്റെയും പെരുമാറ്റ രീതിയെയും വിശദീകരിക്കുന്ന ആഖ്യാനങ്ങളിലൂടെയും അധ്യായം കടന്നുപോകുന്നു.


പ്രവാചകന്മാരുടെ പാപസുരക്ഷിതത്വത്തെയും അവർക്ക് അനിവാര്യമായ നാല് ഗുണങ്ങളെയും പ്രതിപാദിച്ചു തുടങ്ങുന്ന മൂന്നാം അധ്യായം നബി (സ്വ) ക്ക് ഇസ്ലാമിലുള്ള അതുല്യമായ സ്ഥാനത്തെയും അതിന്റെ വിവിധ കാരണങ്ങളെയും അന്വേഷിക്കുകയാണ്. ചെറുപ്പം മുതലേ ശിർക്കിൽ നിന്നും മറ്റ് തിന്മകളിൽ നിന്നും വിട്ടുനിന്ന റസൂലിന് ഇതര പ്രവാചകന്മാരെക്കാൾ ഉന്നതമായ പദവിയാണുള്ളത്. അവിടുത്തെ പാപസുരക്ഷിതത്വത്തെ കുറിച്ചുള്ള ദൈവശാസ്ത്രപരമായ വ്യത്യസ്ത ആദർശ ധാരകളിലെ വിശദീകരണങ്ങളിലൂടെ കടന്നുപോകുന്ന ഈ അധ്യായത്തിൽ നബി തങ്ങൾക്കെതിരെയുള്ള ഒരുപാട് തെറ്റിദ്ധാരണകൾക്കുള്ള പണ്ഡിതന്മാരുടെ മറുപടികളെയും ചേർത്തിട്ടുണ്ട്. റൂമിയെ പോലെയുള്ള ഒരുപാട് സൂഫി കവികളുടെ ഉദ്ധരണികളും ഇടയ്ക്കിടക്ക് പുസ്തകത്തിൽ കടന്നുവരുന്നുണ്ട്. പലപ്പോഴും തെറ്റായ വായനകൾക്ക് വിധേയമാകുന്ന അവരുടെ ആശയങ്ങളുടെയും ഉപമകളുടെയും പശ്ചാത്തലത്തെ കൃത്യമായി മനസ്സിലാക്കുന്നതിനും അല്ലാഹുവിനും പ്രവാചകനും അവരുടെ കവിതകളിലുള്ള കേന്ദ്ര സ്ഥാനത്തെ തിരിച്ചറിയുന്നതിനും ഇത് ഉപകാരപ്രദമാണ്.


തിരുനബി യുടെ ജീവിതത്തിൽ നിന്നുമുള്ള ഇതിഹാസ കഥകളെയും മുഅജിസത്തുകളെയും ക്രോഡീകരിച്ച് ഒരുപാട് ആഖ്യാനങ്ങൾ ചരിത്രത്തിൽ വിരചിതമായിട്ടുണ്ട്. വേട്ടക്കാരന്റെ കയ്യിലകപ്പെട്ട മാൻപേടയോട് കരുണ കാണിച്ച നബി തങ്ങളുടെ സംഭവത്തെ മനോഹരമായി അവതരിപ്പിക്കുന്ന സിന്ദി നാടോടി കവിയുടെയും, ചന്ദ്രനെ പിളർത്തിയ അത്ഭുതത്തെ പറയുന്ന റൂമിയുടെയും, പ്രവാചകൻ ഉമ്മിയ്യായതിന്റെ ശ്രേഷ്ഠത പറയുന്ന സഅദിയുടെയും ഫാഇസിയുടെയും കവിതകൾ നാലാം അദ്ധ്യായത്തിൽ കടന്നു വരുന്നു. ഇത്തരത്തിൽ പ്രകീർത്തന കാവ്യങ്ങളും ഇതിഹാസങ്ങളും രചിക്കുന്നതിലൂടെയും പാടി പറയുന്നതിലൂടെയും പ്രവാചകനുമായി ആത്മബന്ധം സ്ഥാപിക്കാമെന്നും അവിടുത്തെ സ്വപ്നദർശനത്തിനുള്ള നിദാനമായി അത് മാറാമെന്നും വിശ്വാസികൾ കരുതുന്നു. നബിയുടെ കാരുണ്യ ലോകത്തെ വർണിച്ചു തുടങ്ങുന്ന അഞ്ചാം അധ്യായം അവിടുത്തെ ശഫാഅത്തിനെ സംബന്ധിച്ച് തുർക്കിയിലെയും, സിന്ദിലെയും, അഫ്ഗാനിസ്ഥാനിലെയും, ആഫ്രിക്കയിലെയുമെല്ലാമുള്ള അനുരാഗികളുടെ കവിതകളെയും ആഖ്യാനങ്ങളെയും ചർച്ചക്കെടുക്കുന്നു. പ്രവാചകന്റെ പേരുകളുടെ മഹത്വവും പ്രത്യേകതകളും അവയുടെ ആന്തരികാർത്ഥങ്ങളെയും ചർച്ച ചെയ്യുന്നതാണ് ആറാം അധ്യായം.


പ്രവാചകനെ സംബന്ധിച്ചുള്ള അദ്ധ്യാത്മിക വ്യവഹാരങ്ങളിൽ പ്രധാനമായും കടന്നുവരുന്ന ആശയമാണ് അന്നൂറുൽ മുഹമ്മദി. മിസ്റ്റിക്കൽ ഇസ്ലാമിന്റെ വിവിധ സാഹിത്യ രൂപങ്ങളിലും ഇതിന്റെ സജീവമായ സാന്നിധ്യം കാണാനാകും. ഗസലുകളിലും ഖവ്വാലികളിലും മറ്റു ഹിന്ദുസ്ഥാനി സംഗീതങ്ങളുടെ വകഭേദങ്ങളിലുമെല്ലാം പ്രവാചക പ്രകാശത്തിന്റെ വ്യത്യസ്തമായ വ്യാഖ്യാനങ്ങളും വിവരണങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്. ശംഎ മഹ്ഫിൽ, സിറാജുൽ മുനീർ, നൂറുൽ ഹുദ, ബദ്ർ, മിസ്ബാഹ് തുടങ്ങി ഭൗതികവും ആത്മീയവുമായ അർത്ഥ തലങ്ങളിൽ അത് അവതരിക്കപ്പെട്ടിരിക്കുന്നു. ഖുർആനിലും സുന്നത്തിലുമെല്ലാം കടന്നുവരുന്ന ഈ പ്രമേയത്തിന്റെ സാഹിത്യ വർണനകളിലേക്കാണ് ഏഴാം അധ്യായം വെളിച്ചം വീശുന്നത്. ഷിമ്മലിന്റെ അദ്ധ്യാത്മിക പഠനങ്ങളുടെ പ്രധാന ഭാഗമായി വരുന്നതുകൊണ്ട് തന്നെ ഈ ആശയത്തിന്റെ നിഗൂഢതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിശദമായൊരു പഠനമായിട്ടാണ് അധ്യായം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. എട്ടാം അധ്യായത്തിൽ നബി (സ്വ) യുടെ ജന്മദിനത്തിന്റെ മഹാത്മ്യവും മൗലിദാഘോഷങ്ങളുടെ ചരിത്രവുമാണ് ചർച്ച ചെയ്യുന്നത്. ഈജിപ്ത്, തുർക്കി, സിറിയ, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള മൗലിദാഘോഷങ്ങളുടെ നരവംശശാസ്ത്രപരമായ വിശദീകരണങ്ങളാണ് ഇതിലുള്ളത്. സുലൈമാൻ ചെലബിയുടെ മനോഹരമായ കൃതിയായ മൗലിദ് ശരീഫിൽ നിന്നുമുള്ള ഭാഗങ്ങളുടെ വിവർത്തനവും അധ്യായത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അദ്ധ്യാത്മിക ചിന്തയിലും വ്യത്യസ്ത സംസ്കൃതികളിലെ കവിതകളിലുമുള്ള നബി (സ്വ) യുടെ ഇസ്റാഅ് മിഅ്റാജിന്റെ ആഖ്യാനങ്ങളിലൂടെയും, അത് സംബന്ധിച്ച പ്രധാന ബിംബങ്ങളുടെ ഭാവുകത്വപരമായ വിശദീകരണങ്ങളിലൂടെയുമാണ് ഒമ്പതാം അധ്യായം സഞ്ചരിക്കുന്നത്. കൂടാതെ, പാരിസിൽ സൂക്ഷിക്കപ്പെട്ട ഉഴുഗൂർ മിഅ്റാജുന്നാമയുടെ പ്രതിയിലും ദാന്തേയുടെ Divine comedy യിലുമൊക്കെയുള്ള മിനിയേച്ചറുകളെയും ചിത്രീകരണങ്ങളെയും കുറിച്ചുള്ള ഭാഗം ഏത് വിധേനയാണ് വ്യത്യസ്ത സംസ്കൃതികളിൽ മിഅ്റാജിനെ അവതരിപ്പിക്കപ്പെട്ടതെന്നതിനെ അന്വേഷിക്കുന്നതാണ്.


സുദീർഘമായ പത്താം അധ്യായം പ്രവാചകനെ പ്രകീർത്തിച്ച് കൊണ്ട് അറബ് സംസ്കൃതിയിൽ വിരചിതമായ കവിതകളുടെയും, മദീനയിലെത്താൻ ആഗ്രഹിക്കുന്ന അനുരാഗികളായ കവികളുടെ വികാരങ്ങളുടെയും, പേർഷ്യനെറ്റ് പാരമ്പര്യത്തിലെ നഅ്തിയ്യ കവിതകളുടെയും ഒരുപാട് ഉദാഹരണങ്ങൾ നിറഞ്ഞതാണ്. ഇസ്ലാമിക ലോകത്ത് പലപ്പോഴായി ഉയർന്നുവന്ന ത്വരീഖത്തുകളുടെയും അവയുടെ ആചാര്യന്മാരുടെ ചരിത്രത്തെയും, അവകളിൽ പ്രവാചക വ്യക്തിത്വം വ്യാഖ്യാനിക്കപ്പെട്ട രൂപങ്ങളെയുമാണ് The Muhammadon Path എന്ന പതിനൊന്നാം അധ്യായത്തിൽ പരാമർശിക്കുന്നത്. പ്രവാചക പ്രകീർത്തനത്തിന്റെ വിവിധ തലങ്ങൾ മുഹമ്മദ് അല്ലാമാ ഇഖ്ബാലിന്റെ കവിതകളിൽ സമ്മേളിക്കുന്നുവെന്ന് അവസാന അധ്യായത്തിൽ ഷിമ്മൽ നിരീക്ഷിക്കുന്നു. ഇസ്ലാമിക മൗലികവാദം മുതൽ പാശ്ചാത്യ ശാസ്ത്രതത്വങ്ങൾ വരെയും, ദൈവിക സാമീപ്യത്തിലേക്കുള്ള അധ്യാത്മിക പ്രയാണങ്ങൾ മുതൽ ആത്മീയ ലോകത്തിന്റെ യുക്തി കേന്ദ്രീകൃതമായ വിലയിരുത്തലുകൾ വരെയും അദ്ദേഹത്തിന്റെ കവിതകളുടെ വിഷയങ്ങളായി കടന്നു വന്നു. മുസ്ലിം ആത്മീയ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി റസൂലിനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ രചനകളുടെ വിശദമായ വിവരണം തന്നെ ഈ അധ്യായത്തിലുണ്ട്. ഖുർആനിൽ പ്രവാചകന് നൽകിയിട്ടുള്ള പേരുകളടങ്ങിയ അനുബന്ധത്തോട് കൂടിയാണ് പുസ്തകം അവസാനിക്കുന്നത്.


ക്രിസ്ത്യൻ മതവിശ്വാസത്തിന്റെയും യൂറോപ്യൻ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ നിന്നും കടന്നു വന്നിട്ടും, മറ്റു പാശ്ചാത്യ പണ്ഡിതന്മാർക്കും സാഹിത്യങ്ങൾക്കും പ്രവാചകനെ പഠിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വന്ന വീഴ്ച്ചകളെ ആവർത്തിക്കാതെ, ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വിശാലമായ മുസ്ലിം ലോകത്തിലെ സമ്പന്നമായ പ്രവാചക പ്രകീർത്തനങ്ങളിൽ നിന്നും, യാതൊരു മുൻവിധിയോ പക്ഷപാതമോ കൂടാതെ നബി ജീവിതത്തെ പഠിക്കാനും മനസ്സിലാക്കാനും മനോഹരമായ രൂപത്തിൽ അവതരിപ്പിക്കാനും സാധിച്ചു എന്നതാണ് ആൻ മേരി ഷിമ്മലിന്റെ ഈ പുസ്തകത്തെ വേറിട്ടു നിർത്തുന്നത്. പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്നതിലും, ആധികാരിക പ്രമാണങ്ങളോട് വലിയ അളവിലും നീതി പുലർത്തുന്നതിലും അത് വിജയിച്ചിട്ടുണ്ട്. പുസ്തകത്തിലുടനീളമുള്ള പ്രവാചക കാവ്യങ്ങളുടെ മനോഹരമായ വിവർത്തനങ്ങളും കാലിഗ്രാഫിക് ചിത്രങ്ങളും അതിന്റെ മാറ്റുകൂട്ടുന്നു. ഇസ്ലാമിന്റെ വിശ്വാസാചാരങ്ങളെ കുറിച്ച് ആത്മാർത്ഥമായി അടുത്തറിയാൻ ആഗ്രഹിക്കുന്ന, പ്രവാചക ജീവിതത്തിന്റെ കലർപ്പില്ലാത്ത ആഖ്യാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഉദ്ദേശിക്കുന്ന ആർക്കും അനുയോജ്യമായൊരു ഗ്രന്ഥമാണ് And Muhammed Is His Messenger.

Religion
Prophet
Spirituality

Related Posts

Loading