KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

റോൾ മോഡലിംഗ്: പ്രവാചക സീമകളിലെ കുണ്ടൂർ ഉസ്താദിന്റെ സഞ്ചാരം

അമീൻ മയ്യിൽ

പ്രവാചകാനുരാഗത്തിന്റെ അന്തർധാരയായി വർത്തിച്ച അനേകം മഹാരഥന്മാരെ നമുക്ക് ചരിത്രങ്ങളിൽ കാണാൻ സാധിക്കും. മാനുഷിക മൂല്യങ്ങളേയും അതിൻ്റെ അടിസ്ഥാന തത്വങ്ങളെയും ഉത്തേജിപ്പിക്കുന്ന സൂഫികളും നമുക്ക് ചുറ്റുമുണ്ട്. അതിൽ നിന്നും വ്യതിരിക്തമായി, ജ്ഞാന പ്രഭയും ആത്മീയ സൗരഭ്യവും ചേർന്ന് പ്രവാചക പ്രകീർത്തനത്തിന്റെ വ്യത്യസ്ത വർണ്ണ ജാലകങ്ങളിലൂടെ വിശ്വാസി ഹൃദയങ്ങളെ കവർന്നെടുത്ത കേരളക്കരയിലെ മഹാ പണ്ഡിത പ്രഭയാണ് മർഹൂം ആശിഖു റസൂൽ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ. അലങ്കാര വാക്കുകളുടെ ഗർവിൽ അഭിരമിക്കുന്ന കാവ്യ ചിന്തകളായിരുന്നില്ല ഗുരുവിന്റേത്. പ്രവാചക ചര്യകളെ സരളമായ രൂപത്തിൽ വ്യക്തി ജീവിതത്തിലേക്ക് പകർത്തിയെഴുതുകയായിരുന്നു ആ മഹാ മനീഷി ചെയ്തത്.


നബി തിരുമേനിയുടെ അവതാനങ്ങൾ എഴുത്തിലൂടെ മനുഷ്യമനസ്സിലേക്ക് ലയിപ്പിക്കുകയും, ജനങ്ങൾക്ക് ആത്മീയ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത പണ്ഡിത പ്രതിഭാശാലിയായിരുന്നു കുണ്ടൂർ ഉസ്താദ്. വ്യക്തി ജീവിതത്തിൽ പ്രവാചക പാഠങ്ങൾ ഉൾകൊണ്ട്, അതുവഴി ജനങ്ങളെ സേവിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രവാചക പ്രകീർത്തനങ്ങളിൽ മുഴുകുകയും, നബി ജീവിത ശൈലികൾ ഇഴകീറി പരിശോധിക്കുകയും, പ്രാവർത്തികമാക്കുകയും ചെയ്തതിലൂടെ ഗുരുവിന് ഇഹലോക വിജയം സ്വായത്തമാക്കാൻ സാധിച്ചു. കൃത്യമായ മാതൃകാ രൂപത്തെ പിന്തുടർന്നതിൽ ലഭിച്ച ഇത്തരം അനുഗ്രഹങ്ങൾ റോൾ മോഡലിംഗ് തിയറിലൂടെ വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.


മനുഷ്യ മനസ്സുകൾ നിരീക്ഷണ, നിഗമനത്തിൽ വ്യാപൃതിപൂണ്ടിരിക്കുകയാണ്. അതിലൂടെ ഒരു മാതൃകയെ കണ്ടെത്തുകയും, ആ മാതൃക രൂപത്തെ ജീവിതത്തിലേക്ക് പകർത്തിയെഴുതാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നുണ്ട് ഓരോരുത്തരും. ഇത്തരം വീക്ഷണക്കോണിലൂടെ നാം ഇതിനെ വീക്ഷിക്കുമ്പോൾ, വ്യക്തിജീവിതത്തിൽ പുരോഗതി കൈവരിക്കുന്നവരേയും, ഉചിതമല്ലാത്ത സ്വഭാവത്തിൽ അന്തർലീനമായിക്കൊണ്ടിരിക്കുന്നവരേയും നമുക്ക് കാണാൻ സാധിക്കും. യഥാർത്ഥത്തിൽ ഒരാളുടെ സ്വഭാവഘടനയിൽ മാറ്റം സംഭവിക്കുന്നതിന് നമ്മുടെ ചുറ്റുപാടിനു വലിയ പങ്കുണ്ട്. മറ്റുള്ളവരെ കണ്ടുപടിക്കുകയും, അതിലൂടെ സ്വഭാവ വിശേഷണങ്ങളിൽ മാറ്റം സംഭവിക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ, ഈയൊരു രീതിയിലൂടെ തെറ്റായ സമ്പ്രദായത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളുടെ തോതും വലുതാണ്.


എന്താണ് റോൾ മോഡലിംഗ്?

മറ്റുള്ളവരെ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്തുകൊണ്ട് സ്വഭാവങ്ങൾ, മനോഭവങ്ങൾ തുടങ്ങിയവയ്ക്ക് മാറ്റം വരുത്തുന്നതായ, സോഷ്യൽ ലേർണിംഗ് തീയറിയിലൂടെ ആൽബേർട്ട് ബന്ദുറ വികസിപ്പിച്ചെടുത്ത സിദ്ധാതമാണ് റോൾ മോഡലിംഗ് തീയറി. പ്രത്യേകമായ ഏതെങ്കിലുമൊരു വ്യക്തിയേയോ, സംഘത്തേയോ തെരെഞ്ഞെടുത്ത് നിരീക്ഷിക്കുകയും, അറിവനുഭവങ്ങൾ പകർത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. ചിലപ്പോൾ ഇത്തരം വ്യക്തികളെ കുറിച്ച് പഠിക്കുന്ന കാര്യം അവർ അറിഞ്ഞിരിക്കണമെന്നില്ല. പൂർണ്ണമായ നിരീക്ഷണത്തിനു ശേഷമോ അല്ലെങ്കിൽ അതിനു മുമ്പോ, അവരിൽ നിന്ന് ലഭിച്ച പ്രത്യേക പെരുമാറ്റ രീതികൾ അനുകരിക്കുകയോ ആവർത്തിക്കുകയോ ചെയ്യുന്നു. ഇത്തരം വ്യക്തികളിൽ കാണുന്ന പ്രവർത്തനങ്ങൾ, നേതൃത്വ ശൈലി തുടങ്ങിയ സമാന രീതിയിലേക്ക് എത്താൻ പരിശ്രമിക്കുന്നു. അതിലൂടെ വലിയ അനുഭൂതി നേടിയെടുക്കാൻ പിന്തുടരുന്നവർക്ക് സാധിക്കുന്നു. റോൾ മോഡലുകളെ വീക്ഷിക്കുന്നതിലൂടെ സമാന സംഭവങ്ങൾ ജീവിതത്തിലേക്ക് പ്രതിഫലിപ്പിക്കാനുള്ള ആത്മദൈര്യവും വിശ്വാസവും കൂടുന്നു.പ്രവാചക സ്വഭാവ വിശേഷണങ്ങൾ പകർത്തുകയും, ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ കുണ്ടൂർ ഉസ്താദിന് വലിയ ആത്മീയാനുഭൂതി കൈവരിക്കാൻ സാധിച്ചുവെന്നത് നമുക്ക് കാണാൻ സാധിക്കും. ഇതനുസരിച്ച് വ്യത്യസ്തമായ സന്ദർഭത്തിൽ നമ്മൾ പലരേയും അനുകരിക്കാൻ സാധ്യതയുണ്ട്.


കുട്ടിക്കാലം മുതൽ മനുഷ്യൻ അറിവിനെ അനുഭവിക്കാൻ മത്സരിക്കുന്നു. മാതാപിതാക്കൾ, ഗുരുക്കന്മാർ തുടങ്ങി വിവിധ മേഖലയിലുള്ള സ്ഥാനക്കാരിൽ നിന്നും അറിവിനെ നേടുന്നു. ഈ അവസ്ഥയിൽ അവരിൽ നിന്നുണ്ടാകുന്ന പെരുമാറ്റ രീതികളും സ്വഭാവ വിശേഷണങ്ങളും പകർത്തിയെടുക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. ഒരു ജോലി സ്ഥലത്ത് റോൾ മോഡലിംഗ് അത്യന്താപേക്ഷിതമാണെന്ന് തന്നെ നമുക്ക് പറയാം. മുതലാളിമാരുടേയോ, മാനേജറുടെയോ അല്ലെങ്കിൽ സഹജീവനക്കാരിൽ നിന്നു വരെ നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും നേടിയെടുക്കാനും സാധിക്കും. തൊഴിൽ സമയങ്ങളിലെ അവരുടെ പ്രവർത്തനങ്ങളിലോ അല്ലെങ്കിൽ ജീവിത വിജയത്തിലോ നമുക്ക് ആസ്വാസ്ഥ്യം പ്രാപിക്കാൻ സാധിക്കും.


ജനങ്ങൾ മൊബൈൽ അഡിക്ക്റ്റാവുന്ന കാലത്താണ് നാം ജീവിക്കുന്നത്. സെലിബ്രിറ്റികളുടെയും, ഉന്നത വ്യക്തികളുടേയും റീലുകളും ബ്ലോഗുകളും കണ്ടാസ്വദിക്കുന്നതിലുപരി അത് അനുകരിക്കാനും ശ്രമിക്കുന്നു. പ്രകൃതി ദുരന്തങ്ങളും മറ്റും വരുന്ന സമയത്ത് ജനങ്ങളെ ഒറ്റക്കെട്ടായി നിർത്താനും, നിർദ്ദേശങ്ങൾ നൽകാനും ഇതിലൂടെ കഴിയുന്നുണ്ട്. അക്രമങ്ങളും അരാചകത്വവുമായി നാടു മുടിയുമ്പോൾ ജനങ്ങൾ സെലിബ്രിറ്റികളുടെ വാക്കുകളെ കാതോർക്കാൻ ശ്രമിക്കുന്നു.


പ്രയോജനങ്ങളും പരിമിതികളും

അനുകരണ ശൈലി മനുഷ്യനെ സൽപ്രവർത്തികളിലേക്കും ദുസ്വഭാവങ്ങളിലേക്കും നയിച്ചേക്കാം. മാത്യകാരൂപത്തിന്റെ ചലനരീതിയിലായിരിക്കും നമ്മുടെ പ്രവർത്തനങ്ങളും മാറുന്നത്. ചിലരുടെ സ്വഭാവഘടനയെ ആയിരിക്കും നമ്മൾ വായിക്കാൻ ശ്രമിക്കുക, എന്നാൽ മറ്റു ചിലർ അവരുടെ കഴിവിനെയായിരിക്കും, അല്ലെങ്കിൽ നേതൃത്വ രീതിയെ ആയിരിക്കും അനുകരിക്കുക. ഇങ്ങനെ തുടങ്ങി ഒരു മനുഷ്യനിൽ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.നബി തങ്ങളുടെ മുഴു പ്രവർത്തനത്തിലും വലിയ പാഠങ്ങൾ ഉൾകൊള്ളുന്നതാണ്. പ്രവാചകരുടെ ജീവിത ശൈലികളെയും സ്വഭാവ ഘടനകളെയും പിന്തുടർന്ന അനേകം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്തിരുന്നാലും റോൾ മോഡലിംഗ് വിഷയത്തിനു ചില പരിമിതികളുമുണ്ട്.


നമ്മൾ തെരെഞ്ഞെടുക്കുന്ന വ്യക്തികൾ ദുസ്വഭാത്തിനോ അല്ലെങ്കിൽ അനാവശ്യ കാര്യങ്ങൾക്കോ ഉടമയാണെങ്കിൽ അത് വലിയ വിപത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. പരസ്യങ്ങളിൽ മറ്റും സെലിബ്രിറ്റികൾ നൽകുന്ന സന്ദേശങ്ങൾ കണ്ട് ജീവിതത്തിലേക്ക് ആ ശൈലികൾ പകർത്തുന്നവർ ഉണ്ടായേക്കാം. ഇത് സമൂഹത്തെ വലിയ വിപത്തിലേക്ക് നയിക്കും. യൂടൂബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും അനാവശ്യമായി ഭക്ഷണ വസ്തുക്കൾ കൊണ്ട് പരീക്ഷണങ്ങും മറ്റും നടത്തുന്നവർ ഉണ്ടായേക്കാം. ഇതിലൂടെ ഭക്ഷണത്തിനോടും മറ്റു വസ്തുക്കളോടുമുള്ള വില മനുഷ്യമനസ്സിൽ കുറയാൻ സാധ്യതയുണ്ട്. ഇത്തരമൊരു വീക്ഷണക്കോണിലൂടെയും റോൾ മോഡലിംഗ് എന്ന വിഷയത്തെ നമ്മൾ സമീപിക്കേണ്ടതുണ്ട്.


ഗുരുവിന്റെ സഞ്ചാരം

പ്രവാചക പ്രകീർത്തനത്തിൽ പുളകിതം തൂകിയ സുഫീ വര്യനും പണ്ഡിത പ്രഭയുമായിരുന്നു ആശിഖു റസൂൽ കുണ്ടൂർ അബ്ദുൽ കാദർ മുസ്ലിയാർ. പ്രവാചക ചര്യകൾ മുറുകെ പിടിച്ച് ജീവിക്കുകയും, അതിലൂടെ തനിക്കു ലഭിക്കുന്ന ആനന്ദവും സന്തോഷവും ജനസമൂഹത്തിന് കാവ്യ ലോകത്തിലൂടെ പരിചയപ്പെടുത്തുകയും, ജന മനസ്സുകളിൽ കുളിർമയും പ്രതീക്ഷയും നിറച്ച മഹാവ്യക്തിയാണ് കുണ്ടൂർ ഉസ്താദ്. ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന ആറാം നൂറ്റാണ്ടിന് അത്താണിയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈയ്ഹിവ സല്ലം. അനേകം പട്ടിണി കിടന്ന വയറുകൾക്ക് സമാധാനം നൽകിയത് പ്രവാചകനായിരുന്നു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയ്ക്കുന്നവർ നമ്മിൽ പെട്ടവരല്ലെന്ന് പഠിപ്പിച്ച റസൂലിനെ പിന്തുടരുകയായിരുന്നു ഉസ്താദിന്റെ ശൈലി. അതുകൊണ്ടു തന്നെ തെന്നിന്ത്യൻ ഗരീബ് നവാസ് എന്നും ഉസ്താദിന് നാമമുണ്ട്.


സാഹിത്യ ഗർവിൽ അനേകം രചനകൾ നടത്തുന്ന സാഹിത്യകാരന്മാരെ നമുക്ക് കാണാൻകഴിയും. എഴുത്തിലൂടെ തന്റെ ആശയങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുകയെന്നത് എഴുത്തുകാരുടെ ശൈലിയാണ്. മനോവേദനകളേയും ആത്മസുന്ദര പ്രണയ താളങ്ങളേയും ഉൾകൊള്ളിക്കുന്ന കവികളേയും കവിതകളേയും കാണാറുണ്ട്. അവരുടെ പ്രണയത്തെയും വേദനകളെയും സാഹചര്യങ്ങളെയും എഴുത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും. നബിതിരുമേനിയുടെ അവതാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ എഴുതുന്നതിനു മുമ്പേ, തന്റെ ജീവിതത്തിൽ നബിയോടുള്ള സ്നേഹം ദൃഢമാക്കിയാണ് ഗുരുവര്യർ രചന നടത്തിയിട്ടുള്ളത്. പ്രവാചക ചര്യകളെ മുറുകെ പിടിക്കുന്നതിൽ വലിയ കണിശത പുലർത്തിയ വ്യക്തി പ്രഭയായിരുന്നു കുണ്ടൂർ ഉസ്താദ്. നിത്യമായ അംഗശുദ്ധി, റവാത്തിബ് സുന്നത്ത് നിസ്കാരങ്ങളിലും മറ്റുമുള്ള തീവ്ര കണിശത, തുടങ്ങി മിക്ക പ്രവർത്തനങ്ങളിലും പ്രവാചകരെ അനുകരിച്ച വ്യക്തിയായിരുന്നു കുണ്ടൂർ ഉസ്താദ്.


വളരെ ലളിതമായ രീതിയിൽ ജീവിത ശൈലിയേയും, സ്വഭാവത്തേയും നിർമിച്ചെടുക്കുകയും, സംസാര ശൈലിയും അധ്യാപന രീതിയിലും, ആശയ കൈമാറ്റ വൈവിധ്യത്തിലും ഏറെ പ്രശസ്തി ആർജിച്ചെടുത്തതുമായ വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ഉസ്താദിന്റെ വാക്കുകൾ അനുസരിക്കുന്നതിലും ചെവികൂർപ്പിക്കുന്നതിലും ജനങ്ങൾ ഏറെ താൽപര്യം കാണിച്ചിരുന്നു. നബി തങ്ങളെ സ്നേഹിക്കുകയും ചര്യകളെ മുറുകെ പിടിക്കുകയും, അതിലലിഞ്ഞു ചേർന്ന് മദ്ഹുകൾ രചിക്കുകയുമായിരുന്നു ഉസ്താദ്. ഇതിലൂടെ അനേകം ജനങ്ങളിലേക്ക് പ്രവാചക ചിന്തകൾ ഉണർത്താനും, ഇസ്ലാമിന്റെ വർണ്ണങ്ങൾ പ്രതിജ്വലിപ്പിക്കാനും ഉസ്താദിനു സാധിച്ചിട്ടുണ്ട്. കേരളത്തിലുടനീളം ആത്മീയ മജ്ലിസുകളുടെ അവസാനത്തിൽ ഉസ്താദിന്റെ ഏറെ പ്രശസ്തി നേടിയ ബൈത്തായ ‘വാ ഹലിൽ ഖുബത്തി’ ചൊല്ലുന്നത് വിശ്വാസി സമൂഹത്തിന് ആത്മീയ നിർവൃദ്ധി ലഭിക്കുന്നുവെന്നതിന് ഉദാഹരണമാണ്.


റോൾ മോഡലിംഗിന്റെ മാതൃക

പ്രവാചകരെ റോൾ മോഡലിംഗ് ചെയ്തതിനു വലിയ ഉദാഹരണമാണ് കുണ്ടൂർ ഉസ്താദ്. സമൂഹത്തിൽ അനേകം ജനങ്ങൾ നബി തങ്ങളുടെ ജീവിതങ്ങളയും സ്വഭാവ സവിശേഷതകളെയും അനുകരിച്ചതായി ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. പ്രവാചകരെ അതിരറ്റ് സ്നേഹിക്കുകയും പിൻപറ്റുകയും ചെയ്തതിലൂടെ ഇഹലോക വിജയങ്ങൾ നേടാൻ സാധിച്ച അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. പ്രവാചകർ വ്യക്തമായ സ്വഭാവ വിശേഷണങ്ങളും, ചിന്തകളും, ആശയങ്ങളും അടങ്ങിയ വ്യക്തി പ്രഭയായതിനാൽ, അദ്ദേഹത്തെ അനുകരിച്ചവർ സൽ വഴിയിൽ എത്തിച്ചേർന്നുവെന്ന് തന്നെ മനസ്സിലാക്കാം.


നമ്മൾ മാതൃകയായി കാണുന്ന അല്ലെങ്കിൽ അനുകരിക്കുന്ന വ്യക്തിയുടെ അടിസ്ഥാന ഘടകങ്ങൾ നമ്മളിൽ അലിഞ്ഞു ചേരുന്നത് സ്വഭാവികമാണ്. താരരാജാക്കന്മാരേയും, നടന്മാരെയും അനുകരിക്കുന്നവരും, അവരുടെ പ്രവൃത്തികൾ റീൽസുകളും ഷോർട്ട് വീഡിയോകളുമായി പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്നവരുമുണ്ട്. അത്തരം വ്യക്തികൾ യഥാർത വ്യക്തി സ്വഭാവങ്ങൾക്കോ, കഴിവുകൾക്കോ പ്രാപ്തരാകണമെന്നില്ല. ഡ്യൂപ്പുകളുടെ സഹായത്താൽ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ കാണുന്ന ജനങ്ങൾ അയാളുടെ കഴിവായി മനസ്സിലാക്കുകയും അതുപോലെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിലൂടെ സ്വന്തമായ കഴിവുകളെ തിരിച്ചറിയാതെ ട്രെന്റിനു പിന്നിൽ പോകുന്ന അവസ്ഥയുണ്ടാകുന്നു.


യുവത്വമാണ് ഇത്തരം പ്രവർത്തനങ്ങളിൽ അടിമയാകുന്നതെന്നു തന്നെ പറയാം. ഇൻസ്റ്റാഗ്രാമിലേയും മറ്റു സമൂഹ മാധ്യമങ്ങളിലേയും വീഡിയോകൾ കാണുകയും അനാവശ്യമായി സമയം ചെലവഴിക്കുകയുമാണ് ഇത്തരം വ്യക്തികൾ ചെയ്യുന്നത്. ഭാവിയിലേക്കുള്ള നാല്ലൊരു സമൂഹത്തെ ഇല്ലാതാക്കുകയാണ് ഇത്തരം സാഹചര്യങ്ങളിലൂടെ ഉണ്ടാവുന്നത്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ കുട്ടികളിലുടനീളം ഉണ്ടാവേണ്ടതുണ്ട്.

Religion
Prophet

Related Posts

Loading