KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഖാദി മുഹമ്മദും സമീപനങ്ങളിലെ സാമൂഹികതയും

ഡോ:പി. കെ. യാസർ അറഫാത്ത്

മാപ്പിളമാർ കാർഷിക മേഖലകളിലേക്ക് വലിയ തോതിൽ പിൻവാങ്ങുന്നതിന് കാരണമായിത്തീർന്ന ഫസാദിന്റെ ഘട്ടത്തിലെ അക്രമത്തിന്റെയും വ്യാപാര തകർച്ചയുടെയും സ്വഭാവം വിശദീകരിക്കുന്ന പ്രചോദനാത്മകവും വാക്ചാതുര്യമുള്ളതുമായ നിരവധി സാഹിത്യ ഇടപെടലുകൾ ഖാദി മുഹമ്മദിനെയും മഖ്ദൂം രണ്ടാമനെയും പോലുള്ള സമകാലീന പണ്ഡിതന്മാർ പതിനാറാം നൂറ്റാണ്ടിലെ മലബാറിൽ നടത്തിയിരുന്നു. പോർച്ചുഗീസുകാർക്കെതിരെ ഉപയോഗിക്കാവുന്ന വീരത്വം, ശൗര്യം, പുരുഷത്വം, രക്തസാക്ഷിത്വം തുടങ്ങിയ നിരവധി ആശയങ്ങൾ അറബിയിൽ എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങൾ വളരെ ആവേശത്തോടെ ചർച്ച ചെയ്തു. വ്യാപാര സമൂഹങ്ങളുടെ പിൻവലിയൽ, ശിഥിലമായ രാജഭരണസംവിധാനങ്ങൾ, നാട്ടുരാജ്യങ്ങൾ തമ്മിലുള്ള നിലക്കാത്ത സംഘർഷങ്ങൾ, മേഖലയിലെ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന അരാജകത്വത്തിന്റെ പശ്ചാത്തലത്തിൽ ഈ ആശയങ്ങൾ നഗര മുസ്ലീങ്ങൾക്ക് പ്രതിരോധവും ആത്മവിശ്വാസവും പകർന്നു. ഇന്ത്യൻ മഹാസമുദ്രചരിത്രത്തിലെ ഒരു കലുഷിതഘട്ടമായി അവയെ മുസ്ലീം സാഹിത്യകാരന്മാർ കാണുകയും നഗര മുസ്ലിംകളുടെ ശൂരതയെയും സാമുദായിക ബന്ധത്തെയും പുനരുജ്ജീവിപ്പിക്കാനായി ദൈവത്തെയും ഖുർആനെയും പ്രവാചകന്റെ ആദ്യകാല അനുചരന്മാരെയും തങ്ങളുടെ ചർച്ചകളുടെ മുൻനിരയിൽ പ്രതിഷ്ഠിക്കാൻ താൽപ്പര്യപ്പെടുകയും ചെയ്തു. ഈ ഇസ്ലാമിക ആശയങ്ങളെ കേവലമായ വാചക സങ്കൽപ്പങ്ങളിൽ നിന്ന് ഒരു കൂട്ടം സാമൂഹിക ഉത്തേജകങ്ങളായി പണ്ഡിതന്മാർ (Ulema) രൂപാന്തരപ്പെടുത്തുകയും പ്രതിരോധം, ഭക്തി, ശൂരത എന്നിവയുടെ സങ്കൽപ്പങ്ങളെ പുനർനിർവചിക്കുകയും ചെയ്തു. വ്യത്യസ്തമായ ഈ സാഹചര്യത്തെ വിലയിരുത്തി, വേൽചെറു നാരായണ റാവുവിനെ (Velcheru Narayana Rao) പോലുള്ള ചരിത്രകാരന്മാർ ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിൽ മുസ്ലീമേതര പണ്ഡിതന്മാരും കവികളും സമാനമായ ഗ്രന്ഥങ്ങൾ രചിച്ചത് എങ്ങനെയാണെന്ന് മനസ്സിലാക്കുകയും, ജ്ഞാനോൽപ്പാദനത്തിന്റെ ഒരു പൂർവ്വാധുനിക ലോകത്ത് അവരുടെ ലക്ഷ്യപ്രേക്ഷകരുടെ വാമൊഴി സാക്ഷരസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.


മറ്റു പലപ്പോഴും ഗവേഷകന്മാർ ഉന്നയിച്ചതുപോലെ, പ്രദേശത്തെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ചട്ടക്കൂടിനെ അഭിസംബോധന ചെയ്യുന്നതിനായി മാപ്പിളമാർക്കിടയിൽ നിലവിലുള്ള ബഹുമൊഴി ഭാഷാ ഭാഷണരീതികളെ ഖാദി മുഹമ്മദ് മുഹിയുദ്ദീൻ മാലയിൽ ഉപയോഗപ്പെടുത്തിയിരുന്നു. സമാനമായ പരിവർത്ത രാഷ്ട്രീയവും സാമ്പത്തികവും ധാർമ്മികവുമായ മാറ്റങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്ന മറ്റു പ്രാദേശിക ഗ്രന്ഥങ്ങളിൽ നിന്ന് മുഹിയുദ്ദീൻ മാല ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ ഭാഷാപരവും ഗ്രന്ഥപരവും ലിഖിതപരവുമായ രൂപാന്തരപ്പെടലുകൾ വ്യത്യസ്തമായിരുന്നില്ല. മുസ്ലിമീങ്ങൾ അവരുടെ പുതിയ പ്രദേശങ്ങളിൽ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിനായാണ് ഖാദി മുഹമ്മദ് സമാനമായ ഒരു ഭാഷ-ലിപി പ്രയോഗിക്കുന്നത്. ഒരു നഗര സാഹിത്യകാരൻ എന്ന നിലയിലുള്ള തന്റെ അനുഭവത്തിന്റെയും ഉൾപ്രദേശങ്ങളിലെ കർഷക മുസ്ലീങ്ങളുടെ മേലുള്ള മതപരമായ അധികാരത്തിന്റെയും അടിസ്ഥാനത്തിൽ, സാംസ്കാരിക അസ്വസ്ഥതകൾ, ദാരിദ്ര്യം, പട്ടിണി, അരക്ഷിതാവസ്ഥ, സംരക്ഷണമില്ലായ്മ, ധാർമ്മിക ലംഘനങ്ങൾ, മതാനുഷ്ഠാനങ്ങളുടെ അഭാവം, സ്ഥായിയായ ഭയം, ജ്ഞാനസമ്പാദനത്തിന്റെ അഭാവം, വഞ്ചന, പകർച്ചവ്യാധി, ദുരഭിമാനം, കുറഞ്ഞ വിളവെടുപ്പ്, മതപരിവർത്തനം, മലബാർമേഖലയിലെ കനത്ത മഴയും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾക്ക് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ പലരീതിയിൽ അഭിസംബോധന ചെയ്യുന്നുണ്ട്.


ഇസ്ലാമികാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മോഹ-മാതൃകസൂഫിവര്യനായ ജീലാനിയാണെന്ന് വിശേഷിപ്പിക്കുന്നതിലൂടെ, മാപ്പിളമാരുടെ ദൈനംദിന ജീവിതത്തിലെ ഒരു സ്വാധീനശക്തിയായ സൂഫി സംരക്ഷകന്റെ സാന്നിധ്യത്തെയാണ് ഖാദി മുഹമ്മദ് പരിചയപ്പെടുത്തിയത്. ജീലാനിയുടെ ഇസ്‌ലാമിക സദ്‌ഗുണങ്ങളുടെ പൂർണമായ ആൾരൂപം മാപ്പിളമാർക്ക് 'ആത്മബോധത്തിനും' ശക്തിക്കും വേണ്ടിയുള്ള പരിശ്രമത്തിൽ അനുകരിക്കാനുള്ള ഒന്നായി അദ്ദേഹം വിശദീകരിച്ചു. പുതിയ മാപ്പിള അധിവാസകേന്ദ്രങ്ങളിലെ പുതുമുസ്ലിംകൾ സ്വയം അറിവും പഠനവും തേടുക വഴി ജീലാനിയുടെ ദിവ്യമായ ആശീർവാദം പ്രത്യേകം ഉറപ്പുനൽകിയിരുന്നു. ദിവസേനയുള്ള പ്രാർത്ഥനകൾ (തൊളുത്തോവർ), നോമ്പ് (റമദാൻ), പശ്ചാത്താപം (തൗബ), തീർത്ഥാടനം (ഹജ്ജ്), ഖുർആൻ പാരായണം (ഖതം തീർത്തോവർ ) എന്നിവ ഉൾപ്പെടുന്ന ആചാരപരവും ധാർമ്മികവുമായ ശരിയായ അനുസരണത്തിലൂടെയും വഅള് (മതപ്രഭാഷണം) പോലെയുള്ള പ്രബോധന പ്രവർത്തനങ്ങളിലൂടെയുമാണ് ജീലാനി തന്റെ പുണ്യസ്വഭാവം സ്വായത്തമാക്കിയതെന്ന് ഖാദി മുഹമ്മദ് ചൂണ്ടിക്കാട്ടി. ഉൾനാടുകളിലും പട്ടണങ്ങളിലും ആവശ്യമായ മതാദ്ധ്യാപകരുടെ അഭാവത്തിൽ ദൈവികമായി നിയുക്തനായ ഒരു അധ്യാപക - പ്രഭാഷകൻ എന്ന നിലയിൽ ജീലാനിയുടെ വ്യക്തിപ്രഭാവം ഒരു പര്യയന കാവ്യഗ്രന്ഥത്തിൽ ആശയവിനിമയം നടത്തിയത്, മിക്കപ്പോഴും നഗരത്തിലെ വിദ്യാഭ്യാസകേന്ദ്രങ്ങളിൽ നിന്നും ഖാദികളും മുഫ്തികളും പോലുള്ള മതാധികാരികളിൽ നിന്നും വിദൂരത്തായിരുന്ന പുതിയ ഉൾനാടൻ വാസസ്ഥലങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു.


കൂടാതെ പ്രബോധനാത്മകമായ രണ്ടു വരികളിൽ, ഭൗതിക ലോകത്ത് ദൈവത്തിന്റെയും സൂഫിയുടെയും അനുഗ്രഹങ്ങളും സ്വർഗത്തിലെ മനോഹരമായ വീടുകളിൽ (മണിമാടം) ഒരു സ്ഥാനവും ഉറപ്പുവരുത്തുന്ന മുഹിയുദ്ദീൻമാലയുടെ ശ്രദ്ധാപൂർവമായ എഴുത്ത്/പകർത്തൽ (എശുദികിൽ), പാട്ട് (ചോന്നോർക്ക്), ശ്രവിക്കൽ (കേക്കുന്നോർക്കും) എന്നിവയിലൂടെ പ്രചരിപ്പിക്കാൻ ഖാദി മുഹമ്മദ് മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, ഖാദി മുഹമ്മദ് തന്റെ രചന തെറ്റായി കൈകാര്യം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഭയം പ്രകടിപ്പിക്കുകയും ദൈവികമായ കോപം വരുത്തിവെക്കുന്ന ലിപിയുടെയും ഭാഷയുടെയും തെറ്റായ ഉപയോഗത്തിനെതിരെ മുസ്ലീം പകർപ്പെഴുത്തുകാർക്കും എഴുത്തുകാർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു.പ്രദേശത്തെ "അനന്തമായ വ്യവഹാരികസാധ്യതയുടെ " രൂപീകരണത്തിലേക്ക് ആത്യന്തികമായി നയിച്ച 'എഴുത്തുകളിലെ' നിർബന്ധബുദ്ധിയോട് കടപ്പെട്ടുകൊണ്ട്, "വ്യവഹാരസമ്പ്രദായങ്ങളുടെ തുടക്കക്കാർ " (initiators of discursive practices) എന്ന ഫൂക്കോയുടെ സങ്കൽപപ്രകാരം മലബാറിലെ ഇസ്ലാമിക പ്രാദേശിക ഭാഷാവ്യവഹാരങ്ങളുടെ സ്ഥാപകനായി ഖാദി മുഹമ്മദ് ഉയർന്നുവന്നു എന്ന് തീർച്ചയായും നമുക്ക് വാദിക്കാം .'എഴുത്തിന്റെ' പ്രസക്തിയെക്കുറിച്ച് സംസാരിച്ച ആദ്യത്തെ പ്രാദേശിക മുസ്ലീം പണ്ഡിതൻ എന്ന നിലയിൽ, പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഒരു വിഭാഗത്തിലെ ഉദാസീനരായ ഉന്നതമാപ്പിളമാരെങ്കിലും അറബി-മലയാള ലിപിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു എന്ന വസ്തുതയിലേക്ക് ഖാദി മുഹമ്മദ് നമ്മെ തിരിച്ചുവിടുന്നുണ്ട്. തങ്ങളുടെ വൈജ്ഞാനികവും വ്യവഹാരികവുമായ ഘടന കൂടുതലും വഅള് (ഉപദേശം/പ്രസംഗം), ഖുത്ബ (പ്രസംഗം) പോലോത്ത സുപ്രധാന മണ്ഡലങ്ങളിൽ അവബോധജന്യമായ ശ്രവണ (സമാഅ്) പ്രവർത്തനത്താൽ രൂപപ്പെട്ട വാമൊഴി സാക്ഷരരായ മാപ്പിളമാർക്കിടയിലെ 'പഠനം' എന്ന പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ രചന ഗണ്യമായ പുരോഗതി അടയാളപ്പെടുത്തി. അപ്രകാരം, എഴുത്ത്, പാട്ട്, കേൾക്കൽ എന്നിവയിൽ മുഹിയുദ്ദീൻ മാല ഊന്നിപ്പറയുന്നത് പ്രാദേശിക മുസ്ലീം മത പൊതുമണ്ഡലത്തിൽ പ്രാദേശിക ഭക്തി രൂപീകരണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്. ഫസാദിന്റെ കാലഘട്ടത്തിൽ അറബിക് കാവ്യഗ്രന്ഥങ്ങൾ ചെയ്തതിന്റെ തുടർച്ചയായി, കൂട്ടായ അനുസ്മരണത്തിന്റെ ഒരു പ്രാദേശിക നിർവഹണശൃംഖല സൃഷ്ടിക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിച്ചു. ഉദാഹരണത്തിന്, സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ മൻഖൂസ് മൗലിദ് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ സൂഫികൾ, വ്യാപാരികൾ, പണ്ഡിതന്മാർ, സഞ്ചാരികൾ, കരകൗശല വിദഗ്ധർ തുടങ്ങിയ വൈവിധ്യമാർന്ന സംഘങ്ങൾ പങ്കുകൊള്ളുന്ന മുസ്ലീങ്ങളുടെ മതകീയ പൊതുമേഖലയിലെ ഇത്തരത്തിലുള്ള കൂട്ടായ ആവിഷ്കരണങ്ങളുടെ വികാസത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.


എന്തായാലും, അറബി-മലയാള കല്ലച്ചടി പ്രിന്റുകളുടെ ആവിർഭാവം അറബിഭാഷയിലുളള പ്രാർഥനാഗ്രന്ഥങ്ങളെയും സജീവമാക്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ മുസ്ലീം വ്യവഹാര സമ്പ്രദായങ്ങളിലെ മൻഖൂസ് മൗലിദിന്റെ ജനപ്രീതി ഉദ്ദാഹരണം. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവകളുടെ പ്രേക്ഷകർ കൂടുതലും തുറമുഖപട്ടണങ്ങളിലായിരുന്നുവെന്ന് ഇവിടെ നാം ഓർക്കണം. അങ്ങനെ, ഖാദി മുഹമ്മദ് തുറമുഖ നഗര പ്രദേശങ്ങൾക്ക് പുറത്ത് ഒരു വലിയ സമുദായിക ആരാധനാക്രമത്തിനായി ഒരു പ്രാദേശികഭാഷയും ഭക്തി നിർവഹണപരവുമായ അജണ്ഡയും മുഹിയുദ്ദീൻ മാലയിലൂടെ രൂപപ്പെടുത്തി. ഒരു സൂഫിവക്താവ് മുഖേനയുള്ള അന്തരാർഥവിവരണങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചുവെന്ന് മാത്രമല്ല, ഒരു ഇസ്ലാമിക പ്രാദേശിക ആരാധനാക്രമത്തിന്റെ രൂപീകരണത്തിനും അദ്ദേഹം രൂപം നൽകി. അതനുസരിച്ച്, മാപ്പിളമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ദൈവം അവർക്ക് നൽകിയ സമീപസ്ഥനായ സംഭാഷകനായി ജീലാനി അവതരിപ്പിക്കപ്പെട്ടു. ഒരു സൂഫിയുടെ മാദ്ധ്യമത്തിലൂടെയുള്ള കൂട്ടായ ദൈവസ്മരണയെക്കുറിച്ചുള്ള ഖാദി മുഹമ്മദിന്റെ ആശയം, മധ്യകാലഘട്ടത്തിൽ സദ്ഗുണമുള്ള മുസ്ലിം ശീലങ്ങളും നഗരങ്ങളും സൃഷ്ടിക്കുന്നതിന് ഭക്തിപരവും സാഹിത്യപരവുമായ ശ്രമങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടിയ അബു നാസർ അൽ ഫാറാബിയെ (870-950) പോലെയുള്ള ആദ്യകാല മധ്യകാല ഇസ്ലാമിക പണ്ഡിതൻമാരെ പ്രതിനിധീകരിക്കുന്നുണ്ട്.


അറബി-മലയാളത്തിന്റെ അക്ഷരവത്കരണവും മുഹിയുദ്ദീൻ മാലയുടെ രചനയും പ്രതിസന്ധിസമയത്ത് ഒരു ഖാദി ആവുക എന്നതിന്റെ അർത്ഥമെന്താണെന്ന് നമ്മോട് പറയുന്നു. 'കോഴിക്കോട് ഖാദി' എന്ന നിലയിൽ സൂചകത്തിന്റെ ലക്ഷ്യവർഗ്ഗീകരണം നടത്തുന്നതിന് തന്റെ ഗ്രന്ഥകര്‍തൃത്വവും (authorship) ഔദ്യോഗിക പദവിയും പരാമർശിക്കൽ, പ്രദേശത്തെ സാംസ്കാരികവും ഭൗതികവുമായ മാറ്റങ്ങളുടെ പശ്ചാത്തലങ്ങൾക്ക് വിരുദ്ധമായി ഭക്തിയുടെ ഒരു പുതിയ രൂപത്തിന് തുടക്കം കുറിക്കുന്നതിനായി തന്റെ സാമർഥ്യത്തിന് നിയമസാധുത നൽകാനാവുന്ന ഖാദി മുഹമ്മദിനെ സംബന്ധിച്ച് അനിവാര്യമായിരുന്നു. എന്നിരുന്നാലും, മുഹിയുദ്ദീൻമാലയുടെ സാമൂഹിക പിറവിയെ കോഴിക്കോട്ടെ ഒരു യുദ്ധസന്നദ്ധനായ മതാധികാരി എന്ന നിലയിൽ ഖാദി മുഹമ്മദിന്റെ പദവിയുമായി ബന്ധിപ്പിക്കുന്നത് നിലവിലുള്ള ചരിത്രചർച്ചകളിൽ മുമ്പ് പ്രധാനമായി കണക്കാക്കപ്പെട്ടിരുന്നില്ല. അറബി-മലയാളം അക്ഷരവത്കരിക്കാനുള്ള തന്റെ എഴുത്തു കഴിവ് പ്രസ്താവിച്ച ശേഷം, ഖാദി മുഹമ്മദ് തന്റെ അംഗീകൃത സ്വയംഭരണാധികാരമായ ഖാദിസ്ഥാനവും പരാമർശിക്കുന്നുണ്ട്. " കണ്ടൻ അറിവാളൻ കാട്ടിത്തരും പോലെ ഖാളി മുഹമ്മദതെന്നു പേരുള്ളോവർ "


ഫൂക്കോയുടെ അഭിപ്രായത്തിൽ, എഴുത്തുകാരന്റെ അജ്ഞാതവസ്ഥയും നിഗൂഢമായ അസ്തിത്വവും വായനക്കാർക്ക് അഭികാമ്യമല്ലാത്തതിനാൽ പേരിന്റെയും പദവിയുടെയും വ്യക്തമായ പരാമർശങ്ങളിലുള്ള അത്തരം എഴുത്തുകാരുടെ അവകാശവാദങ്ങൾ പതിനേഴാം നൂറ്റാണ്ടോടെ ലോകമെമ്പാടുമുള്ള ഒരു പ്രധാന സാഹിത്യ പ്രവണതയായി ഉയർന്നുവന്നിരുന്നു. നിയമസാധുത മാത്രമല്ല, "ആശ്രയിക്കുന്ന വാചകത്തിന് ചുമത്തുന്ന അർത്ഥവും മൂല്യവും" ഇത്തരത്തിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടുന്നതിനെ അവലംബിച്ചിരിക്കുന്നു. അതുപോലെ, മുഹിയുദ്ദീൻമാലയിലെ സ്വയം സൂചകങ്ങളായ ഇത്തരം പ്രസ്താവനകളെ പ്രതിസന്ധിസമയത്ത് സദ്യുത്തരാകാനുള്ള മുസ്ലിംകളുടെ ആഗ്രഹങ്ങളിൽ നിർണായക പങ്കുവഹിച്ച പണ്ഡിതന്മാരിൽ നിന്ന് മതപരമായ അറിവ് നേടേണ്ടതിന്റെ പ്രാധാന്യം ഖാദി മുഹമ്മദ് വിശദീകരിക്കുന്ന നിരവധി വാക്യങ്ങൾ പിന്തുണക്കുന്നുണ്ട്.


ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇസ്ലാമിക ചംക്രമണസ്മരണകൾ പ്രാദേശിക ഭാഷയിലാക്കാനുള്ള തന്റെ പണ്ഡിതാധികാരം സ്ഥാപിക്കാനായി ഖാദി മുഹമ്മദ് ദക്ഷിണേഷ്യയിലുടനീളമുള്ള ഇസ്ലാമിക ജ്ഞാനപാരമ്പര്യങ്ങളുടെ അധ്യാപനശാസ്ത്രചട്ടക്കൂടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുവെന്നത് വ്യക്തമാണ്. ലിപിപരവും നിയമപരവും ഭാഷാപരവുമായ അധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സംബോധനകളെ ഫസാദിന്റെ കാലഘട്ടത്തിലെ പുരുഷത്വത്തിന്റെയും ശൂരതയുടെയും ആശയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമായ ഫത്ഹുൽ മുബീനിൽ അദ്ദേഹം സ്ഥാപിച്ച വംശാവലി നിയമത്തിന്റെ തുടർച്ചയായി വീക്ഷിക്കാം. നിര്യാതനാവുന്നത് വരെ കോഴിക്കോട് ഖാദിയായി സേവനമനുഷ്ഠിച്ച തന്റെ പിതാവ് ഖാദി അബ്ദുൾ അസീസിനെ കുറിച്ച് അതിൽ ഖാദി മുഹമ്മദ് സംസാരിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ കോഴിക്കോട് ഖാളിയായിരുന്ന ശൈഖ് മുഹമ്മദ് ളിയാഹ്വുദ്ദീനിൽ ഖാദി അബ്ദുൾ അസീസിന്റെ വംശാവലി കണ്ടെത്താൻ കഴിയുമെന്ന് പരപ്പിൽ മമ്മദ് കോയയെപ്പോലുള്ള മാപ്പിള വംശാവലി രചയിതാക്കൾ വിശ്വസിക്കുന്നു. ളിയാഹ്വുദ്ദീനിന്റെ വംശാവലിവേരുകൾ മുമ്പേ കേരളത്തിലെത്തിയ ആദ്യത്തെ മുസ്ലീം സംഘത്തിലെ പ്രമുഖനായ മുഹമ്മദ് ബിൻ മാലിക്കിലാണ് എത്തിചേരുന്നത്. ഖാദി മുഹമ്മദ് ളിയാഹ്വുദ്ദീനിന്റെ കുടുംബത്തിലെ എട്ടാം തലമുറയിലെ അനന്തരഗാമിയാണെന്ന് വിശ്വസിക്കപ്പെടുന്നു. സത്യം എന്തുതന്നെയായാലും, ബൗദ്ധികവും മതപരവുമായ സംരംഭങ്ങളിൽ "വിശ്വസ്തത " അഭംഗുരമായി മുന്നോട്ടു കൊണ്ടുപോകാൻ തങ്ങളുടെ വംശാവലി ആനുകൂല്യങ്ങളിലേക്ക് ആസൂത്രിതമായി ശ്രദ്ധ ആകർഷിക്കുന്ന മധ്യകാല ഇസ്ലാമിക പണ്ഡിതന്മാർക്കിടയിലെ ഒരു പൊതു പ്രവണതയ്ക്ക് അനുസൃതമായി ഖാളി മുഹമ്മദ് തന്റെ ഗ്രന്ഥകാരന്റെ നിയമസാധുതയെയും പണ്ഡിതാധികാരത്തെയും തന്റെ വംശാവലി പിതാവിന്റെ സ്മരണയുമായി ബന്ധിപ്പിക്കുന്നുണ്ട്.


പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുളള ഒരു കൊളോണിയൽ രേഖയിൽ 1849-53 കാലഘട്ടത്തിലെ മലബാറിലെ ജീലാനിയുടെ ഈ ദൈർഘ്യമേറിയ സ്മരണ, ‘മലബാറിലെ മാപ്പിള അതിക്രമങ്ങളെക്കുറിച്ചുള്ള കത്തിടപാടുകൾ’ എന്ന തലക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാപ്പിളമാരുടെ നിത്യജീവിതത്തിൽ മുഹിയുദ്ദീൻമാലയുടെ ആരാധനാക്രമവും പ്രകടനപരവുമായ തുടർച്ചയെ ചൂണ്ടിക്കാണിക്കുന്ന ഈ രേഖ മുഹിയുദ്ദീൻമാലയുടെ ആദ്യ കൊളോണിയൽ അംഗീകാരമായിരിക്കാം. ഈ രേഖയനുസരിച്ച്, 'മൊയ്തീൻ' മാലപ്പാട്ടിന്റെ പാരായണവും അനുഷ്ഠാനവും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ "അതിശീഘ്രമായ വിജയങ്ങൾ" ഉറപ്പാക്കുമെന്ന് മുസ്ലീങ്ങൾ വിശ്വസിച്ചിരുന്നു. അതുപോലെ, പത്തൊൻപതാം നൂറ്റാണ്ടിൽ പുനഃപ്രസിദ്ധീകരിച്ച മുഹിയുദ്ദീൻമാലയുടെ നിരവധി പതിപ്പുകളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗണ്യമായ മെച്ചപ്പെടുത്തലുകളും പരിഷ്ക്കരണങ്ങളും ജീലാനിയുടെ ദീർഘകാല നിലനിൽപ്പിനെയും ഈ ഗ്രന്ഥത്തിന്റെ സ്വാധീനത്തെയും പിന്തുണച്ചിട്ടുണ്ട്. ശൈഖ് മുഹിയുദ്ദീൻ ബൈത്ത് (1909), പുതിയ മുഹിയുദ്ദീൻമാല (1910), മുഹിയുദ്ദീൻ മൻഖൂസ് (1923), മുഹിയുദ്ദീൻ ഖിസ്സപ്പാട്ട് (1930) പോലെയുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ മിക്ക രചനകളും പതിനേഴാം നൂറ്റാണ്ടിൽ ഖാദി മുഹമ്മദ് ആരംഭിച്ച "വ്യവഹാര മേഖലയ്ക്കുള്ളിൽ" എങ്ങനെയാണ് അനുഷ്ഠാനഗ്രന്ഥങ്ങളുടെ ഒരു ശ്രേണിയുടെ ഉള്ളടക്കവും ഘടനയും അവശേഷിപ്പിച്ചതെന്ന് കാണിക്കുന്നുണ്ട്.

Literature
History

Related Posts

Loading