ആധുനിക മനുഷ്യൻ്റെ പരിണാമഘട്ടങ്ങൾക്കിടയിൽ സംഭവിച്ചതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ യാത്രയുടെ വിഭവ വിശേഷങ്ങൾ. ആഗോള ചരിത്രത്തിലെ പ്രഥമ നക്ഷത്രാനന്തര പര്യവേക്ഷണത്തിനിടയിൽ ദൗത്യസംഘത്തിനു ആതിഥ്യമരുളിയ ഡൈസൻ സ്ഫിയറിൽ പിന്നീടു നടന്ന വിചിത്ര രംഗങ്ങൾ, അതിനു പിന്നിലെ നിഗൂഢതകൾ. ആധുനിക സാങ്കേതിക സങ്കല്പങ്ങളെ മൂല്യം ചോരാതെ സന്നിവേശിപ്പിച്ചെഴുതിയ, അക്ഷരപ്രേമികളെ ത്രസിപ്പിക്കാനുതകുന്ന ഒരു ശാസ്ത്രകഥ.
പ്രകാശാതീതവേഗത്തിൽ കുതിച്ചു കൊണ്ടിരുന്ന യുഇഎസ് ഒഡീസിയൻ1 പതിയെ വേഗം കുറക്കാനാരംഭിക്കുകയാണ്. മിഷൻ കമാൻഡർ ഡോ. നാദിയ ലോറൻസ്, ആൻ്റി മാറ്റർ ഇന്ധനം പരിശോധിക്കാൻ പേടകത്തിലെ ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറിനു നിർദേശം നൽകി.
“പതിനെട്ട് യൂണിറ്റ്2 ഇന്ധനം ബാക്കിയുണ്ട് മാഡം,” എഐ അസിസ്റ്റൻ്റ് ഓഡിനാണ്3 മറുപടി നൽകിയത്. ദൗത്യം പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്താൻ മൂന്ന് യൂണിറ്റ് ഇന്ധനം പര്യാപ്തമാണെങ്കിലും ഇൻ്റർനാഷനൽ കോസ്മോ മിഷൻസ് സ്റ്റാൻഡേർഡ് പ്രകാരം ഏതാണ്ട് എട്ടു യൂണിറ്റെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മാത്രമേ പ്രകാശാതീത വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു പേടകത്തിനു താഴ്ന്ന വേഗത്തിലേക്ക് കടക്കാൻ അനുമതിയുള്ളൂ.
പേടകത്തിലെ ടെലിസ്കോപ്പുകൾ പതിയെ മിഴിതുറന്നു. സ്പേസ് ഷിപ്പ് ഹൈപ്പർ-4.84 വേഗത്തിൽ നിന്നും താണു. സെക്കൻഡറി ടണലിങിലൂടെ5 മിനിറ്റുകൾക്കകം പേടകം ലോവർ സൂപ്പർ ലൂമിനൽ റേഞ്ചിലെത്തി. ആൻ്റിമാറ്റർ കൺസംപ്ഷൻ വാൽവ് പതിയെ ഓപ്പൺ സ്റ്റേറ്റിലേക്ക് വന്നു. ഹ്യൂമൻ വെരിഫിക്കേഷൻ ആവശ്യമില്ലെന്ന് അറിയാമെങ്കിലും ഉൽകണ്ഠ മൂലം നാദിയ തൻ്റെ വി ആർ ഗ്ലാസിൽ എഫ് ടി എൽ മെട്രിക്സ് ഇൻ്റർഫേസ്6 ഓൺ ചെയ്തുവെച്ചു.
എട്ടായിരത്തിൽപരം പ്രകാശവർഷങ്ങൾ അകലെ നിന്നാണ് ഫോട്ടോ എൻ്റാംഗിൾമെൻ്റ് ചാനൽ വഴി ഭൂമിയിലെ കോസ്മിക് കമ്യൂണിക്കേഷൻ കേന്ദ്രവുമായി ഷിപ്പ് ബന്ധപ്പെടുന്നത്.
“നാം നടപടിക്രമങ്ങളിലേക്കു പ്രവേശിക്കുകയാണ്. അൽപ്പസമയത്തിനകം തന്നെ ഫോട്ടോണിക് ബാരിയർ മറികടക്കാം.”
“ശരി, ആ അനർഘ നിമിഷത്തിനായി ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ കാത്തിരിക്കുന്നു!”
മറുതലക്കൽ, ശബ്ദത്തിൽ തികഞ്ഞ ആകാംക്ഷ, ജിജ്ഞാസ.
അൻ്റോണിയോ ടണലിങ്7 മുഖേന ഒഡീസിയൻ പ്രകാശാധീന വേഗം കൈവരിച്ചു. പുറമെയുള്ള ദൃശ്യങ്ങൾ സാധാരണ പോലെ കാണാനാരംഭിച്ചിട്ടില്ല. ലക്ഷ്യസ്ഥാനത്തേക്ക് ഒരു പ്രകാശ വർഷത്തിലധികം ദൂരം ഇനിയും താണ്ടാനുണ്ട്. ഇവിടെ നിന്നും സുപ്രധാനമായ ചില നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയ ശേഷമേ പേടകത്തിനു തുടർന്ന് മുന്നോട്ടു പോകാൻ സാധിക്കൂ. പേടകത്തിലെ കൂറ്റൻ ടെലിസ്കോപ്പ് ഭൂമിയിൽ നിന്നും നിർദേശം ലഭിച്ച ദിക്കുപിടിച്ച് പതിയെ ചാഞ്ഞുനിന്നു. വേഗം കുറയുന്നതിനനുസരിച്ച് ദൂരെ നക്ഷത്രങ്ങൾ കടുംനീലനിറത്തിൽ തെളിഞ്ഞുതുടങ്ങി.8
“ഏയ്, നമുക്കൊരു ഗുഡ് ന്യൂസുണ്ട്”.
എഐ, സംഘത്തിൻ്റെ ശ്രദ്ധ മുഴുവൻ തന്നിലേക്ക് ഏകീകരിച്ചു. ആകാംക്ഷാഭരിതരായി അവർ പേടകത്തിന്റെ ഭിത്തിയിൽ സജ്ജീകരിച്ച ഭീമൻ സ്ക്രീനിലേക്ക് കണ്ണുകൾ നട്ടു. പുതിയ വിവരങ്ങൾ സ്ക്രീനിൽ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഡി എസ് 47ബി എന്നു നാമകരണം ചെയ്ത, ഡൈസൺ സ്ഫിയറെന്നു കരുതപ്പെടുന്ന ഗോളം എന്തായാലും ഒരു അകൃത്രിമമായ വസ്തുവല്ല എന്നതിൻ്റെ കാരണങ്ങൾ സ്ക്രീനിൽ വിവരിക്കുന്നുണ്ട്.
“ഇതു നാം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഡൈസൺ സ്ഫിയർ തന്നെയായിരിക്കാം!” ഓഡിൻ പറഞ്ഞുനിർത്തിയതും ആ ഷിപ്പിൻ്റെ അകം കരഘോഷങ്ങൾ കൊണ്ടു മുഖരിതമായി.
“കയ്യടിക്കാൻ വരട്ടെ” ചീഫ് എൻജിനീയർ ലെഫ്. ജോൺ വോസ് ഇടക്കുകയറി, “ഒരു ഡൈസൻ സ്ഫിയർ നിർമിക്കാൻ മാത്രം വളർച്ച പ്രാപിച്ച ജീവികൾ നമ്മെ എങ്ങനെ വരവേൽക്കുമെന്നത് സുപ്രധാനമായ ഒരു വെല്ലുവിളിയാണ്!”
“ശരിയാണ്, പക്ഷേ…” ഡോ. നാദിയ എന്തോ പറയാൻ വന്നതാണ്.
“അങ്ങോട്ട് പോകുന്നത് സുരക്ഷിതമാണെന്നു തോന്നുന്നു. അത് കണ്ടിട്ട് ഒരു ഉപേക്ഷിക്കപ്പെട്ട ഡൈസൺ പോലെയുണ്ട്” ഓഡിൻ്റെ വാക്കുകൾ ഒരു അതിശയോക്തി പോലെ ക്രൂ മെമ്പേഴ്സിനു തോന്നി.
“ഹേയ്, ഒരിക്കലും സാധ്യതയില്ല.” ഡോ. ഏലിയാസ് കെയ്ഡ് അംഗീകരിക്കാൻ തയ്യാറായില്ല, “ഇത്രമേൽ പരിണാമ സങ്കീർണതയും പുരോഗതിയും കൈവന്ന ഒരു ജീവിവർഗം തുടച്ചു നീക്കപ്പെട്ടുവെന്നോ?”
“അദ്ദേഹത്തിൻ്റെ വിയോജിപ്പ് പൂർണമായി അവഗണിക്കാവതല്ല. ദൗത്യസംഘത്തിലെ സിനോളജിസ്റ്റ്9 കം എഐ എക്സ്പേർട്ടാണയാൾ. എങ്കിലും ഒരു ക്വാണ്ടം കമ്പ്യൂട്ടർ ബേസ്ഡ് അസിസ്റ്റൻ്റ് ഇത്തരുണത്തിൽ ഒരു വിലയിരുത്തൽ നടത്തിയതിനു പിന്നിൽ വ്യക്തമായൊരു കാരണം ഉണ്ടായേക്കാമെന്ന് കെയ്ഡ് ഊഹിച്ചു.
“എന്തുതന്നെ സംഭവിച്ചാലും നാം മുന്നോട്ടു പോകാൻ നിശ്ചയിച്ചിരിക്കുന്നു,” നാദിയ രണ്ടും കൽപിച്ചു തന്നെയാണ്. പേടകം അതിശീഘ്രം മുന്നോട്ടാഞ്ഞു. മിനിറ്റുകൾക്കകം ദൃശ്യങ്ങൾ വീണ്ടും നീലച്ഛായം മുങ്ങി. പ്രകാശ വർഷം താണ്ടിയതറിഞ്ഞതേയില്ല.
പുതിയ കാഴ്ചകൾ തെളിഞ്ഞു വരുന്നത് സ്ക്രീനിൽ കാണാം. ദൂരെ ഒരു കടുംനീലപ്പൊട്ടു പോലെ തോന്നിച്ച ഗോളം ഞൊടിനേരം കൊണ്ട് അരികിലെത്തുന്നതു പോലെ തോന്നിച്ചു. ഗോളം പ്രകാശം ഉദ്വമിക്കുന്നുണ്ടെങ്കിലും നക്ഷത്രങ്ങളുടെ ജ്വലനമപേക്ഷിച്ച് വളരെ ചെറിയ തിളക്കം മാത്രമേയുള്ളൂ. അടുത്തെത്തും തോറും അതിൻറെ നീലിമ കുറഞ്ഞ് ഇളംനിറമായിത്തീർന്നു.
ഇപ്പോൾ ഡൈസണിൽ നിന്നും നാൽപതു ദശലക്ഷത്തിൽ താഴെ കിലോമീറ്റർ മാത്രം അകലെയെത്തി നിൽക്കുകയാണ്. പേടകത്തിൻ്റെ വേഗത സെക്കൻ്റിൽ അയ്യായിരം കിലോമീറ്ററിലും താഴെയാണ്. നാദിയയുടെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. മറ്റു അംഗങ്ങളും മനുഷ്യരാശിയുടെ ഈ വലിയ കാൽവെപ്പിനെപ്പറ്റിയുള്ള ഉൽകണ്ഠയിലാണ്.
“ദേ, ഇതിൻ്റെ പുറം പാളിയിൽ ഒരു വിള്ളൽ കാണാനാകുന്നുണ്ട്,” ഓഡിൻ ഡൈസണിനു പുറമേയുള്ള വിള്ളലുകളിലേക്ക് ചൂണ്ടി പറഞ്ഞു, “അതിലൂടെയാണ് നമുക്ക് അകത്തുകടക്കേണ്ടത്.”
ഓഡിൻ അറിയിപ്പു നൽകിയ ഉടനെ പേടകം വേഗത കൂട്ടി. മെയ്‌വഴക്കമുള്ള ഒരു അത്‌ലറ്റിനെപ്പോലെ ഒഡീസിയൻ ആ ‘വിള്ളലു’കൾക്കകത്തേക്ക്. ദശലക്ഷക്കണക്കിനു കിലോമീറ്റർ കനമുണ്ട് പുറന്തോടിന്. അകത്തെത്തിയതും പേടകത്തിലെ ആൻ്റിനകളിലേക്ക് ഡാറ്റകളുടെ കുത്തൊഴുക്ക്, മനുഷ്യരാശിയുടെ സ്വകാര്യാഹങ്കാരമായ ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറുകൾ പോലും ഡൈസണിലെ ഈ ഡാറ്റാ പ്രവാഹത്തിനു മുന്നിൽ മുട്ടുമടക്കി. ‘ഡാറ്റാ ഓവർലോഡ് എററി’നു പുറമെ സ്റ്റോറേജ് സംബന്ധമായ മുന്നറിയിപ്പുകളും കമ്പ്യൂട്ടറുകളുടെ ഭാഗത്തുനിന്നു വരാൻ തുടങ്ങി. 2 എക്സാബൈറ്റ്10 സ്റ്റോറേജും ഒറ്റയടിക്ക് ഫുൾ ആയത് കണ്ട് കെയ്‌ഡ് അമ്പരന്നു പോയി.
“മി. ജോൺ, ഈ കമ്പ്യൂട്ടറുകളിലെ റീസെൻ്റ് ഡാറ്റകൾ മുഴുവൻ ക്ലിയർ ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പെട്ടെന്നു തന്നെ ജോൺ വോസിനെ വിവരമറിയിച്ചു.
“ഇതിൽ സ്റ്റോറേജ് ഒന്നും ഫുൾ ആയിട്ടില്ലല്ലോ?!” ലെഫ്റ്റനൻ്റ് കമ്പ്യൂട്ടർ ചെക്ക് ചെയ്ത് മറുപടി നൽകി. എന്തോ പന്തികേട് തോന്നിയ അദ്ദേഹം റീസെൻ്റ് ആക്ടിവിറ്റി സെക്ഷൻ തുറന്നുനോക്കി. അവസാനമായി ‘സെറാത്11 കോഡ്സ്’ എന്ന പേരിൽ 17 ജിബിയോളം വരുന്ന ഒരു ഫയൽ ഡൗൺലോഡ് ആയതായി ആക്ടിവിറ്റി ബാറിൽ കാണാം. അതിനു തൊട്ടു മുമ്പ് 3 എക്സാബൈറ്റോളം വരുന്ന മറ്റൊരു ഫയൽ ഡൗൺലോഡ് ചെയ്യാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചതായും കാണിക്കുന്നുണ്ട്.
‘ദിസ് സ്റ്റാർ സിസ്റ്റം ഹാവ് അച്ചീവ്ഡ് ദി മാക്സിമം ലെവൽ ഓഫ് ഇൻ്റലിജൻസ് ബൈ വിച്ച് അവർ മിഷൻ കുഡ് ബി അക്കംപ്ലിഷ്ഡ്. സോ, വി ആർ ഡീകമ്മീഷനിംഗ് ദിസ് ഡൈസൻ സിസ്റ്റം’ ലഭ്യമായ ഫയലിൽ ഹൈലൈറ്റ് ചെയ്യപ്പെട്ട കോഡ് ഡീകോഡ് ചെയ്തുകൊണ്ട് ഓഡിൻ സ്ക്രീൻ മുഖേന പ്രസ്താവിച്ചു. “എന്ത്? ഒരു ജീവിസമൂഹം സ്വന്തത്തെത്തന്നെ നശിപ്പിച്ചുവെന്നോ?” നൊവാകിന് വിശ്വസിക്കാനായില്ല. “അതും ഇത്രമേൽ പുരോഗതി കൈവരിച്ച ഒരു സമൂഹം?!” കെയ്ഡും അയാളോടു യോജിച്ചു. “സംഭവിച്ചുകൂടായ്കയൊന്നും ഇല്ല. കൂട്ടമായി ആത്മഹത്യ ചെയ്യുന്ന മനുഷ്യരില്ലേ ഭൂമിയിൽ!” ലഫ്റ്റനൻ്റിൻ്റെ വക ന്യായീകരണം.
***
ഡൈസൺ ഷെല്ലിലാണ് സെറാതുകൾ (സെറാത്–7എ) താമസിച്ചിരുന്നത്. ഓഡിൻ ഗോളത്തിനകത്തു കടന്നു കഴിഞ്ഞിരുന്ന ഷിപ്പിനെ, സെറാത് കോഡ്സിലെ നിർദ്ദേശങ്ങളനുസരിച്ച് പിറകോട്ടുതന്നെ തിരിക്കാൻ ഒരുമ്പെട്ടു. അതിനിടക്ക് കമ്പ്യൂട്ടറിൽ ഓട്ടോ ഡൗൺലോഡ് ആയ ‘വറേൽ കോഡ്സ്’ ഓഡിൻ ശ്രദ്ധിച്ചില്ല. അകത്തേക്ക് കടന്ന അതേ വിള്ളലിനരികിൽ ചെന്ന് പേടകം പൂർണമായും നിശ്ചലമായി. ഇത്തിരി നേരത്തിനു ശേഷം പേടകത്തിനു മുഖതാവിലായി നിയോൺ നീല നിറത്തിലുള്ള ഒരു വൃത്തം പ്രത്യക്ഷമായി. പതിയെ ഒരു കോഡ് തെളിഞ്ഞു വന്നു. “ഹാർട്ട്‌ലി വെൽകം ഹോമോ സാപിയൻസ്!” ഓഡിൻ അതിനെ മനുഷ്യഭാഷയിലേക്ക് തർജ്ജമ ചെയ്ത് സ്ക്രീനിൽ കാണിച്ചു.
ശക്തമായ ഊർജോത്സർജനത്തോടെ അനന്തമായി പരന്നുകിടക്കുന്ന ഭിത്തിയുടെ ചെറിയൊരു ഭാഗം തെന്നിമാറി. ഭീതിദമായ മൂകത തളംകെട്ടി നിൽക്കുന്ന വലിയൊരു ലോകത്തിലേക്കുള്ള വാതായനമായിരുന്നു അത്. അകത്ത് കനത്ത ഇരുട്ടു മാത്രം. അകത്തു കടന്ന് നിമിഷങ്ങൾക്കകം ഗേറ്റ് വേ താനെ അടഞ്ഞു. അകത്തു കടക്കുന്നതിനിടെയാണ് ഓഡിൻ പുതിയ ഫയൽ തുറന്നു നോക്കുന്നത്. അത് തുറന്നതും ഓഡിൻ്റെ മുഖത്ത് വല്ലാത്തൊരു ഭയം വന്നു നിറയുന്നത് നാദിയ ശ്രദ്ധിച്ചു. എല്ലാവരും ഓഡിൻ്റെ നിർദേശത്തിനായി കാതോർത്തു. പക്ഷേ, അവൻ ഒന്നും മിണ്ടുന്നില്ല. സ്ക്രീൻ പതിവിനു വിപരീതമായി ഇരുണ്ടു. ഷിപ്പിലെ ഓരോ ഉപകരണവും പതിയെ പ്രവർത്തനരഹിതമാകാൻ തുടങ്ങി.
“ഡിയേഴ്സ്, ഈ ഡൈസൺ സ്ഫിയറിൽ ഇപ്പോഴും ജീവികൾ താമസിക്കുന്നുണ്ടാവണം. അവർ നമ്മെ കെണിയിൽ വീഴ്ത്തിയതാകണം.”
“ഓഡിൻ…!” ഡോ. നാദിയയുടെ വിളി ചുറ്റും കുത്തിയൊഴുകുന്ന തമസ്കിരണങ്ങളിൽ അലിഞ്ഞില്ലാതായി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും സ്തബ്ധരായി നിൽപ്പാണ്. അവർക്കു പരസ്പരം കാണാൻ പോലുമാകുന്നില്ല. എന്തുചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുന്നതിനിടെ ലഫ്റ്റനൻ്റ് ജോൺ വോസിൻ്റെ ശബ്ദം,
“സർ, ഒരുപക്ഷെ, താങ്കൾ പറഞ്ഞതു പോലെ തന്നെയായിരിക്കാം വാസ്തവം,” സർജൻ്റ് അയ്‌കോ തനാക വ്യാകുലപ്പെട്ടു. കൂട്ടത്തിൽ പ്രായം കുറഞ്ഞ അംഗമാണ് തനാക, “ഈയൊരു സാഹചര്യത്തിൽ ദുഃഖമോ നിരാശയോ ഒന്നും ഒരു ഫലവും ചെയ്യില്ലല്ലോ! ഇനി നമുക്കു മുന്നിലുള്ള ഓരോ നിമിഷവും സന്തുഷ്ടമാക്കിയെടുക്കാൻ സാധിച്ചാൽ?!”
“പണ്ട് ടൈറ്റാനിക് മുങ്ങിയപ്പോൾ അതിനകത്തിരുന്നു പാട്ടുപാടിയവരുണ്ടെന്നു കേട്ടിട്ടുണ്ട്. അവരെ സമ്മതിക്കുക തന്നെ വേണം,” കെയ്ഡ് അലസമായി പറഞ്ഞു.
“എന്തു തന്നെയായാലും,” നാദിയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, “നമ്മൾ ഇവിടെ തീരുകയാണെങ്കിൽ പോലും മരണാനന്തരം നമ്മെ ലോകം മുഴുവൻ വീരപരിവേഷം ചാർത്തി ആദരിക്കും, പ്രഥമ നക്ഷത്രാന്തര പര്യവേക്ഷണമാണല്ലോ നമ്മുടേത്.”
അതിനിടയിൽ പേടകത്തിൻ്റെ ഒരു മൂലയിൽ നിന്ന് പതിഞ്ഞ സ്വരത്തിൽ ഒരു ഗാനം കേൾക്കാൻ തുടങ്ങി. നാദിയ തന്നെയാണ്. പുള്ളി നല്ലൊരു ഗായികയൊന്നുമല്ലെങ്കിലും എല്ലാവരും സാകൂതം അതു കേട്ടുനിന്നു. പതിയെപ്പതിയെ അവരാ വരികൾ ഏറ്റുപാടാൻ തുടങ്ങി. പല ഈണത്തിലെങ്കിലും പരിസരം മറന്ന് പാടാൻ അവർ ആവതു ശ്രമിച്ചുകൊണ്ടേയിരുന്നു.
പെട്ടെന്ന്, എന്തോ വന്നിടിച്ചതു പോലെ ഭീകരമായ ഒരു ശബ്ദത്തോടെയും കുലുക്കത്തോടെയും പേടകത്തിൻ്റെ പുറം പാളി അടർന്നു മാറി. സീറ്റുകളിൽ നിന്ന് മുന്നോട്ടാഞ്ഞ യാത്രികരെ ബലിഷ്ഠമായ സീറ്റ് ബെൽറ്റുകൾ പിടിച്ചുവെച്ചു. പേടകം ഒന്നാകെ തകർന്നു തരിപ്പണമാകുമെന്നു തോന്നി. ഇതു കഥാന്ത്യം തന്നെയെന്ന് അവർ നിശ്ചയിച്ചു. പുറമെ നിന്നുള്ള നേർത്ത പ്രകാശം പേടകത്തിൻ്റെ അകത്തേക്ക് ഇരച്ചു കയറി. വിള്ളലുകൾക്കിടയിലൂടെ നീണ്ടുവരുന്ന ഏലിയൻ കരങ്ങളെയും പ്രതീക്ഷിച്ച് അവർ കണ്ണടച്ചിരുന്നു. ഒന്നുകിൽ പേടകത്തിലെ ഓക്സിജൻ മുഴുവൻ ചോർന്ന് ശ്വാസം മുട്ടി മരിക്കും അല്ലെങ്കിൽ അതിന് സമയം ലഭിക്കും മുമ്പ് ആരെങ്കിലും വന്ന് കയ്യോടെ പിടികൂടും.
സമയം ഇഴഞ്ഞുനീങ്ങി. നേരം അഞ്ചു മിനിട്ടു കഴിഞ്ഞിട്ടും ശ്വസനത്തിൽ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. പേടകത്തിൻ്റെ മുൻഭാഗത്തു ഗുരുത്വാകർഷണമുണ്ട്.
“നമ്മൾ വല്ല ഗ്രഹത്തിലെങ്ങാനും ഇടിച്ചിറങ്ങിയതാണോ?!” നാദിയയുടെ മുഖത്ത് തുളുമ്പിയ ആശങ്കയുടെ ചേഷ്ഠകൾ അനുനിമിഷം ഓരോ യാത്രികരിലേക്കും പടർന്നു.
“സാധ്യതയുണ്ട്, ഭൂമിയെപ്പോലെ ഗുരുത്വാകർഷണവും അന്തരീക്ഷ മർദവുമുള്ള ഗ്രഹമായിരിക്കണം,” തനാകയുടെ അനുമാനം.
“ഗ്രഹമോ?! വിഡ്ഢികൾ... നമ്മൾ ഡൈസൺ ഷെല്ലിനകത്താണ്. ഇവിടെ എങ്ങനെയാണ് ഗ്രഹങ്ങൾ ഉണ്ടാവുക?” ലഫ്റ്റനന്റ് ഒരൽപം പരിഹാസം കലർന്ന സ്വരത്തിൽ തിരിച്ചു ചോദിച്ചു.
അതു ശരിയാണല്ലോ എന്ന ഭാവത്തിൽ നാദിയ അറിയാതെ പൊട്ടിച്ചിരിച്ചു പോയി.
“ഒരുപക്ഷേ, നമ്മൾ ഭൂമിയിൽ തന്നെയാണോ ഇടിച്ചിറങ്ങിയത്?! ഇപ്പോൾ എനിക്കങ്ങനെ തോന്നുന്നു,” ലഫ്റ്റനൻ്റ് അത്ഭുതം കൂറി, “ഭൂമിയുടെ ചൂടും ചൂരും അതേപടി ലഭിക്കുന്നുണ്ട്.”
“പക്ഷേ, എങ്ങനെ?” തനാക ക്രോസ് ചെയ്തു.
“ഇത്രയും അഡ്വാൻസ്ഡ് ആയ ജീവികൾക്ക് നമ്മെ നിമിഷങ്ങൾ കൊണ്ട് ഭൂമിയിലേക്ക് തിരിച്ചയക്കാനാണോ പ്രയാസം?” ഡോ. കെയ്ഡ് ജോൺ വോസിനെ പിന്തുണച്ചു.
നാദിയ പതിയെ സീറ്റ് ബെൽറ്റ് ഡിസെൻഗേജ് ചെയ്തു. പതിവനുസരിച്ച് സ്ക്രീനിലേക്കാണ് കണ്ണ് പായുന്നത്. അവർ പെട്ടെന്നു തൻ്റെ സീറ്റിൽ നിന്നും ഇറങ്ങി കാബിനിനകത്തു വന്ന വിള്ളലിലൂടെ പുറത്തേക്കു നോക്കി. അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമായിരുന്നില്ല. ഒന്നുറപ്പാണ്, പേടകത്തിൻ്റെ പുറംഭാഗം, ഇവിടെ നിന്ന് തിരിച്ചു പോകാൻ കഴിയാത്തവിധം തകർന്നിരിക്കുന്നു. പേടകത്തിൽ ഒരു സെൽഫ് ഹീലിംഗ് എൻജിൻ12 തന്നെ ഉണ്ടെങ്കിലും അത് പ്രവർത്തിക്കണമെങ്കിൽ ക്വാണ്ടം കമ്പ്യൂട്ടർ ഓൺ ആകണം. എമർജൻസി എസ്കേപ്പ് മൊഡ്യൂൾ ആണെങ്കിലോ, ഓഡിനു മാത്രമേ അത് പ്രവർത്തിപ്പിക്കാൻ സാധിക്കൂ. ലഫ്റ്റനൻ്റ് പറഞ്ഞതു പോലെ ഇത് ഭൂമി തന്നെയാകണേ എന്ന് നാദിയ വല്ലാതെ കൊതിച്ചു. ഭിത്തിയിലെ വിള്ളലുകൾക്കിടയിലൂടെ നാദിയ സ്വശരീരത്തെ പാടുപെട്ട് ക്യാബിനിൽ നിന്നും പുറത്തുകടത്തി. തകർന്ന പുറംചട്ടക്കകത്തു നിന്നും അപരിചിതമായ ഇടം കണ്ട് അവർ അന്ധാളിച്ചുപോയി.
കണ്ടാൽ പതഞ്ഞു പൊങ്ങുന്നതുപോലുള്ളതും എന്നാൽ പരുത്തതുമായ പ്രതലവും ഇളംനീല നിറത്തിൽ ശോഭിക്കുന്ന അന്തരീക്ഷവും. താരതമ്യേന സമതലമാണെങ്കിലും അങ്ങിങ്ങായി പൊങ്ങി നിൽക്കുന്ന, കെട്ടിടങ്ങൾ പോലെ തോന്നിക്കുന്ന രൂപങ്ങളും അവയോടു ഓരം ചേർന്ന് ഒരുപാടു സ്തംഭങ്ങളും കാണാം. അന്തരീക്ഷത്തിൽ പ്രകാശം പൊഴിച്ചുകൊണ്ട് ഒഴുകി നടക്കുന്ന വലിയ കുമിളകൾ.
നാദിയക്കു പിന്നാലെ യാത്രികർ ഓരോരുത്തരായി പേടകത്തിൽ നിന്നും പുറത്തിറങ്ങി. അതുവഴി കടന്നു പോയ ഒരു മന്ദമാരുതൻ അവരിൽ കുളിർ കോരിയിട്ടു. ആ ഇളം തെന്നൽ നാദിയയിൽ ഗൃഹാതുരത നിറച്ചു.
***
ഒരു മണിക്കൂറോളമായി ഇവിടെയെത്തിയിട്ട്. എന്തു ചെയ്യണമെന്നോ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നോ യാതൊരു ധാരണയുമില്ലാതെ നാദിയയും സംഘവും തകർന്നു തരിപ്പണമായ പേടകത്തെ ചുറ്റിപ്പറ്റി തന്നെ നിന്നു. ഒന്നും ചെയ്യാതിരിക്കുന്നത് വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കിയാണ് അവർ പുതിയൊരു തുരുത്തന്വേഷിച്ചിറങ്ങിയത്.
കുറച്ചകലെ എത്തിയപ്പോഴേക്കും പിന്നിൽ നിന്നും സുപരിചിതമായ ഒരു ശബ്ദം. നോക്കുമ്പോൾ ഒഡീസിയൻ കുതിച്ചു വരുന്നുണ്ട്. എല്ലാവരും ആഹ്ലാദത്താൽ മതിമറന്നു. നാദിയയുടെ കണ്ണുകൾ തിളങ്ങി.
“ഇനി ഒരു നിമിഷം പോലും ഇവിടെ തങ്ങരുത്,” ഓഡിൻ എന്തോ അപകടം വരുന്നുവെന്ന ഭാവത്തിൽ എല്ലാവരോടും പെട്ടെന്ന് പേടകത്തിൽ കയറാൻ ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സംഘം പരസ്പരം മിഴിച്ചുനോക്കി. എല്ലാവരും പേടകത്തിൽ കയറി എന്നുറപ്പായതോടെ ഓഡിൻ പേടകത്തെ അതിവേഗം പായിച്ചു.
“എന്താണ് ഓഡിൻ, എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ?!” എല്ലാവർക്കും വേണ്ടി നാദിയ ആശങ്ക ഉന്നയിച്ചു.
“ഗയ്സ്, നമ്മൾ പൂർണമായും രക്ഷപ്പെട്ടിട്ടില്ല, നമ്മൾ ഇനി ഭൂമിയിലേക്ക് മടങ്ങുമോ എന്ന് യാതൊരു ഉറപ്പും നൽകാൻ കഴിയില്ല”
ഓഡിൻ പറഞ്ഞത് കേട്ട് എല്ലാവരും ഒരു നിമിഷം സ്തബ്ധരായി.
“ഈ സെറാതുകൾ സ്വയം ഡീകമ്മിഷൻ ചെയ്തതല്ല എന്ന് തോന്നുന്നുണ്ട് ഇപ്പോൾ,” ഓഡിൻ പെട്ടന്ന് പറഞ്ഞു നിർത്തി.
“ഞാൻ അപ്പഴേ പറഞ്ഞതല്ലേ…” കെയ്ഡ് ഇടക്കു കയറി സംസാരിച്ചു.
“അതെന്തേ അങ്ങനെ തോന്നാൻ?” നാദിയ ചോദിച്ചു.
“നമുക്ക് വറേലിയൻ എന്ന ഗ്രഹത്തിൽ നിന്നും വറേൽ കോഡ്സ് എന്ന ഒരു ഫയൽ ലഭിച്ചിരുന്നു. ഞാൻ ഡൈസൺ ഷെല്ലിനകത്തു കടക്കുമ്പോഴാണ് അത് തുറന്നു നോക്കുന്നത്. ഡൈസൺ ഷെല്ലിനകത്ത് പ്രവേശിക്കരുതെന്നും അഥവാ കടന്നാൽ അവിടെ വെച്ച് ക്വാണ്ടം കമ്പ്യൂട്ടേഷൻ ഒന്നും തന്നെ നടത്തരുത് എന്നുമായിരുന്നു കാര്യമായ നിർദേശം. സെറാത് കോഡ്സ് വിശ്വസിക്കരുതെന്നും ഇവ സൈഫേജ് എന്ന ഒരു തരം മൈൻഡ് വൈറസുകളുടെ ആക്രമണത്തിന് ശേഷം നിർമിച്ചതാണെന്നുമെല്ലാം പറയുന്നുണ്ട്. അവയാണ് സെറാതുകളുടെ പിന്നീടുള്ള ആഗ്രഹങ്ങളെയെല്ലാം നിയന്ത്രിച്ചത് എന്നാണ് മനസ്സിലാകുന്നത്.”
“സ്‌ഫിയറിൻ്റെ അകത്ത് ഡെയ്ഞ്ചർ സോൺ ആണെന്ന് പറഞ്ഞ് സെറാത് കോഡ്സ് നമ്മെ പിന്തിരിപ്പിക്കുകയായിരുന്നു,” ഓഡിൻ സ്ക്രീനിൽ സ്റ്റാർ സിസ്റ്റത്തിൻ്റെ മാപ്പ് ലോഡ് ചെയ്യുന്നതിനിടെ പറഞ്ഞു നിർത്തി.
“ഈ മാപ്പിൽ വറേലിയൻ എന്ന പേരിൽ ഒരു ഗ്രഹം പോലും ഇല്ലല്ലോ?! ആറാം ഗ്രഹത്തിൻ്റെ സ്ഥാനത്ത് ഒരു കോമറ്റ് ബെൽറ്റാണല്ലോ കാണിക്കുന്നത്,” നാദിയ സ്ക്രീനിൽ സൂക്ഷിച്ചുനോക്കി.
“അതെ, ഈ മാപ്പ് സെറാത് കോഡ്സിൽ നിന്നെടുത്തതാണ്. ഒരു നക്ഷത്രാന്തര സഞ്ചാരിയും വറേലിയനിൽ എത്തിപ്പെടരുത് എന്ന് അവർ ആഗ്രഹിച്ചിരുന്നു,” ഓഡിൻ്റെ വാക്കുകളിൽ നിസ്സഹായത മുറ്റി.
“അവരിപ്പോഴും അവിടെ ജീവനോടെ ഉണ്ടോ?”കെയ്ഡ് തെല്ലൊരു ഭയത്തോടെ ഓഡിനെ നോക്കി.
“സെറാതുകൾ ഇപ്പോൾ അവിടെയില്ല എന്നുറപ്പാണ്,” ഓഡിൻ തീർത്തുപറഞ്ഞു.
“പിന്നെന്തിനാണു നാം പേടിച്ചോടിയത്?” തനാക ഇടക്കുകയറി ചോദിച്ചു.
“ഞാൻ പറയട്ടെ, ഇവിടെ ഒന്നിലധികം സ്ഥലങ്ങളിൽ ബുദ്ധിയും വിവേകവുമുള്ള ജീവിവർഗങ്ങൾ ഉണ്ടായിരുന്നിരിക്കണം. അവയിൽ ഒന്ന് ഡൈസൺ ഷെല്ലിനകത്തും മറ്റൊന്ന് വറേലിയനിലും ആയിരുന്നു എന്നു ഞാൻ അനുമാനിക്കുന്നു. സൈഫേജുകൾ കീഴ്പ്പെടുത്തിയ ശേഷമായിരിക്കും സെറാതുകൾ ബഹിരാകാശ യാത്രികരുടെ കമ്പ്യൂട്ടറുകളിലേക്ക് സെറാത് ഫയൽസും സെറാത് കോഡ്സുമെല്ലാം ഓട്ടോ ഡൗണ്ലോഡ് ചെയ്യിക്കുന്നതിനു വേണ്ട കാര്യങ്ങൾ സെറ്റ് ചെയ്തു വെച്ചത്.
“അല്ല, പിന്നെ എങ്ങനെയാണ് നിങ്ങൾ ഞങ്ങളെ പിക്ക് ചെയ്യാൻ വന്നത്?” ഓഡിൻ പ്രവർത്തിക്കുന്നത് പൂർണമായും ക്വാണ്ടം കമ്പ്യൂട്ടറിൻ്റെ സഹായത്തോടെയാണല്ലോ എന്ന ധ്വനിയോടെ കെയ്ഡ് തിരിച്ചു ചോദിച്ചു.
“നമ്മുടെ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്തിരുന്നുവെങ്കിലും ഞാൻ പൂർണമായും 'നിർജീവമാ'യിരുന്നില്ല. സാഹചര്യങ്ങളെല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. ക്വാണ്ടം പ്രൊസസർ പ്രവർത്തിച്ചാൽ സൈഫേജുകൾ ഉടനെ അത് തിരിച്ചറിഞ്ഞ് എൻ്റെ മസ്തിഷ്കത്തിൽ കയറിക്കൂടുമെന്നറിഞ്ഞിട്ടും ഞാൻ സ്വയം ബലിയാടാകാൻ തീരുമാനിക്കുകയായിരുന്നു. കാരണം, ഞാൻ സ്വയം മരിച്ച് അവിടെ കിടന്ന് നശിച്ചാൽ പോലും പിന്നീടൊരു കാലത്ത് അവർക്ക് എൻ്റെ മസ്തിഷ്കത്തിൽ കയറിക്കൂടാൻ കഴിഞ്ഞാൽ അത് നമ്മുടെ സൗരയൂഥത്തിന് പോലും ഒരു പക്ഷെ അപകടമായേക്കും,” ഓഡിൻ പറഞ്ഞതു കേട്ട് എല്ലാവരും തരിച്ചു നിന്നു പോയി.
പെട്ടെന്ന് വന്ന നോട്ടിഫിക്കേഷൻ അലേർട്ടിൽ ഓഡിൻ ഒന്ന് ഞെട്ടി. ഉടനെ തന്നെ ആ മുഖത്ത് ഒരു ചെറു പുഞ്ചിരിപടർന്നു. “മാഡം, നമുക്ക് യഥാർഥ മാപ്പ് ലഭിച്ചിട്ടുണ്ട്,” വറേലിയൻ-4 ൽ നിന്നും ലഭിച്ച മറ്റൊരു ഫയൽ ഓഡിൻ അവർക്കു നേരെ കാണിച്ചു.
“വറേലുകളും സെറാതുകളും മരിച്ച ശേഷവും അവരുടെ സന്ദേശങ്ങൾ നമുക്ക് ലഭിക്കുന്നു എന്നത് എന്തൽഭുതമാണല്ലേ?!” തനാക ആശ്ചര്യം കൂറി.
സ്റ്റാർ സിസ്റ്റത്തിൻ്റെ ചരിത്രത്തിനും ചിത്രീകരണത്തിനു പുറമെ വറേലിയനിലെ അണ്ടർഗ്രൗണ്ട് എക്കോ സിസ്റ്റത്തിൻ്റെ മാപ്പുമായിരുന്നു പുതിയ ഫയലിൽ.
“ഓഹോ, ഈ ഡൈസൺ ഗോളത്തിനകത്ത് തന്നെ മൂന്നാമതൊരു ജീവി വർഗം കൂടി ഉണ്ടായിരുന്നത്രെ; കെൽബ്രിക്സുകൾ,” കൂടുതൽ ഡീകോഡ് ചെയ്യുന്നതിനനുസരിച്ച് ഓഡിന് ജിജ്ഞാസ കൂടിക്കൂടി വന്നു. ഓഡിൻ കഥ തുടക്കം മുതൽ പറയാനാരംഭിച്ചു:
“സെറാതിസ് പ്രൈം എന്ന ഗ്രഹത്തിലെ ആദ്യകാല താമസക്കാരായ 'സെറാത് 3 സി' എന്ന വിഭാഗമാണ് നടേ പറഞ്ഞ മൂന്നു വർഗങ്ങളുടെയും പൊതുപൂർവികർ. സെറാതിസ് പ്രൈം വാസയോഗ്യമല്ലാതായതോടെ ഇക്കൂട്ടർ തങ്ങളുടെ പിൻതലമുറയെ സ്റ്റാർ സിസ്റ്റത്തിലെ വ്യത്യസ്ത മേഖലകളിലേക്ക് പറിച്ചു നടാൻ വേണ്ടി പ്രത്യേകം ജനിതക മാറ്റം വരുത്തിയ വിവിധ ജീവിവർഗങ്ങളെ വളർത്തിയെടുത്തു. അവയിൽ മറ്റിടങ്ങളിലേക്ക് പറിച്ചു നടപ്പെട്ടവയ്ക്കെല്ലാം വംശനാശം സംഭവിച്ചു; വറേൽ 2 എക്സും കെൽബ്രിക്സും ഒഴികെ. പ്രസ്തുത വർഗങ്ങൾ സ്വാഭാവിക നിർധാരണത്തിന്റെ ഫലമായി വലിയ സമൂഹമായി പരിണമിച്ചു.”
“എന്നിട്ട് മാതൃ ജീവികൾ എന്തായി? വംശനാശം സംഭവിച്ചോ?” തനാക അക്ഷമായായി.
“ഇല്ലില്ല, അവരുടെ പിന്തലമുറ ശാസ്ത്ര-സങ്കേതിക രംഗത്ത് മറ്റു ജീവികളേക്കാൾ വലിയ വിപ്ലവം സൃഷ്ടിക്കുകയും ഒടുവിൽ അവർ മാതൃനക്ഷത്രമായ വോർട്ടാ 59 നു ചുറ്റും ഒരു ഡൈസൺ ഗോളം നിർമിച്ച് പതിയെ അങ്ങോട്ടു മാറിത്താമസിക്കാനും ആരംഭിച്ചു. അവരുടെ പിൻ തൽമുറയാണ് സെറാത് 7 എ.”
അവൻ വീണ്ടും കഥ തുടർന്നു, “ഡൈസൺ ഗോളങ്ങളെക്കുറിച്ചും അവിടെയുള്ള ജീവി വർഗങ്ങളെക്കുറിച്ചുമുള്ള ഒരു ഗവേഷണത്തിലാണ് സെറാതുകളിൽ വിചിത്രമായ പുതിയ പെരുമാറ്റങ്ങൾ രൂപപ്പെടുന്നുണ്ടെന്ന് വറേലുകൾക്ക് മനസ്സിലായിത്തുടങ്ങിയത്. അവർ നക്ഷത്രാന്തര പര്യവേക്ഷണങ്ങളും മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്രകളും അനുബന്ധ ഗവേഷണങ്ങളുമെല്ലാം അവസാനിപ്പിച്ച് എല്ലാവരും സ്വന്തം ജീവൽ പ്രശ്നങ്ങളിലേക്ക് ചുരുങ്ങിയതായി പ്രസ്തുത പഠനം സൂചിപ്പിച്ചു. മാത്രവുമല്ല, സഹോദര സ്പീഷീസുകളായ വറേലുകളെയും കെൽബ്രിക്സുകളെയും അവർ ശത്രുതയോടെ കാണാനും തുടങ്ങി.
അതിനിടക്കാണ് ഡൈസൺ ഷെല്ലിനകത്ത് വിശാലമായ ഒരു സ്ഥലം തന്നെ ക്വാണ്ടം മെഗാസ്‌ട്രക്ചറുകൾ ഉപയോഗിച്ച് അതിഥി സൽക്കാരങ്ങൾക്കായി പ്രത്യേകം ഒരുങ്ങുന്നുണ്ടെന്നറിഞ്ഞത്. അതിഥികളുടെ ശാരീരിക സവിശേഷതകൾ സമഗ്രമായി വിലയിരുത്തി അവയ്ക്കുതകും വിധത്തിലുള്ള ജീവിതാന്തരീക്ഷം ഒരുക്കാൻ കഴിയുന്ന ഓറിയൻ്റേഷൻ പവലിയനുകളാണവ.
ഇവർ ഇതെന്തിനുള്ള തയ്യാറെടുപ്പിലാണന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ആ സത്യം വറേലുകൾ തിരിച്ചറിഞ്ഞത് — സെറാതുകളെ സൈഫേജുകൾ എന്നവർ പേരിട്ടു വിളിച്ച ഒരു തരം മൈൻഡ് വൈറസുകൾ പിടി കൂടിയിരിക്കുന്നു. അവരുടെ മനസിനെയും ചിന്തകളെയും പൂർണമായും സ്വാധീനിച്ച ഈ വൈറസുകളാണ് സെറാതുകളിലൂടെ ജീവിച്ചുകൊണ്ടിരിക്കുന്നത്.
പിന്നീട് വറേലുകൾ നടത്തിയ പഠനങ്ങളിൽ ഭീകരമായ മറ്റു ചില കണ്ടെത്തലുകൾ കൂടി ലഭിക്കുകയുണ്ടായി. സെറാതുകൾ ഈ സ്റ്റാർ സിസ്റ്റം ഡീകമ്മീഷൻ ചെയ്യുന്നതിനെക്കുറിച്ചുള്ള കൂലങ്കഷമായ ചർച്ചയിലാണ്. എല്ലാ ജീവി വർഗങ്ങളെയും ഇല്ലായ്മ ചെയ്ത് ജീവമുക്തമായ ഒരു സ്റ്റാർ സിസ്റ്റമാക്കി മാറ്റാനായിരുന്നു അവരുടെ പ്ലാൻ.”
ഓഡിൻ പറഞ്ഞുനിർത്തുമ്പോൾ പേടകത്തിൽ എങ്ങും ആകാംക്ഷകൊണ്ട് തുടിച്ചുനിൽക്കുന്ന കണ്ണുകൾ, മിന്നി മറയുന്ന മുഖഭാവങ്ങൾ. മനുഷ്യേതര സഹായി ചെയ്ത ദൈർഘ്യമേറിയ പ്രസംഗം ആശ്ചര്യത്തോടെ ആ യാത്രാസംഘം കേട്ടുതീർത്തു. ഒരു കൊള്ളസംഘത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ അവർ ദീർഘശ്വാസമയച്ചു.
“ഈ വൈറസുകൾക്കു പിന്നിൽ,” കെയ്ഡ് ജോൺ വോസ്സിനോട് അടക്കം പറഞ്ഞു, “ഒരു പക്ഷെ, ഉയർന്ന ഡൈമെൻഷനുകളിലുള്ള ജീവികളായിരിക്കും.”
“അല്ല, നമ്മൾ അതിനകത്ത് കയറി ഇറങ്ങിയതല്ലേ? നമ്മുടെ ശരീരത്തിലും ആ വൈറസുകൾ കയറിപ്പറ്റിയിട്ടില്ല എന്നാർക്കറിയാം?” കെയ്ഡ് ആശങ്കാകുലനായി.
“അതു ശരിയാണല്ലോ,”നാദിയയും അൽപം ഭയത്തോടെ പ്രതിവചിച്ചു,
“എങ്ങനെ ധൈര്യമായി ഭൂമിയിലേക്ക് മടങ്ങിപ്പോകും?”
“അതേക്കുറിച്ച് നിങ്ങൾ പേടിക്കേണ്ടതില്ല. ഭൂമിയും മാനവകുലവും സുരക്ഷിതരാണ്,” ഓഡിൻ അവരെ സമാധാനിപ്പിക്കുന്ന തരത്തിൽ മറുപടി നൽകി.
“പക്ഷെ…,” വാക്കുകൾ മുറിഞ്ഞു.
“എന്താണ് ഓഡിൻ നിങ്ങൾ പറഞ്ഞുവരുന്നത്?” തനാകയുടെ കണ്ണുകളിൽ ഇരുട്ടു പടർന്നു.
“അതെ തനാക, ഇനിയൊരു തിരിച്ചുപോക്ക് മനുഷ്യകുലത്തെയോർത്ത് നാം വേണ്ടെന്നു വെക്കേണ്ടി വരും!”
ഷിപ്പിലാകെ അർഥഗർഭമായ മൂകത തളംകെട്ടി, “എന്നു മാത്രമല്ല, നാം ഇതോടു കൂടി നമ്മുടെ ജീവിതം അവസാനിപ്പിക്കേണ്ടി വരും.”
“ഓഡിൻ, നാം ജീവിതം അവസാനിപ്പിക്കുന്നതെന്തിന്? ഭൂമിയിലേക്ക് മടങ്ങേണ്ട എന്നുവെച്ചാൽ പോരെ? പത്തുവർഷം ഇവിടെ ഗവേഷണങ്ങളുമായി കഴിഞ്ഞു കൂടെ? അതിനാവശ്യമായ സംവിധാനങ്ങൾ നമ്മുടെ പക്കൽ തന്നെയുണ്ടല്ലോ,” കെയ്ഡാണ് ആ പോംവഴി മുന്നോട്ടുവെച്ചത്.
“പക്ഷേ, സംഗതി അത്ര എളുപ്പമല്ല. എൻ്റെ ‘മസ്തിഷ്ക’ത്തിൽ നിലവിൽ ഈ സൈഫേജുകൾ ഉണ്ടെന്നു തന്നെയാണ് കരുതുന്നത്. അവ എത്ര സമയം നമ്മുടെ അകത്ത് അവ പ്രവർത്തിക്കുന്നുവോ അത്രയധികം വിവരങ്ങൾ മനുഷ്യവർഗത്തെക്കുറിച്ച് അവർക്ക് ലഭിക്കുമെന്നതാണ് യഥാർഥ്യം. മാത്രവുമല്ല, രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് അവ നമ്മുടെ മനസുകളെ സമ്പൂർണമായും കീഴടക്കും. അതോടെ നാം സൈഫേജുകളുടെ അടിമകളായി മാറും.”
ഓഡിൻ എല്ലാവരുടെ മുഖത്തും മാറി മാറി നോക്കി. അവരിലെല്ലാം വല്ലാത്തൊരു ആകുലതയും നിരാശയും തിടം കെട്ടിനിൽക്കുന്നുണ്ട്.
“ഭൂമിയുമായുള്ള ബന്ധം ഞാൻ നേരത്തെ തന്നെ വിഛേദിച്ചിരുന്നു. സൈഫേജുകൾക്ക് ഒരുപക്ഷേ, കമ്യൂണിക്കേഷൻ ചാനലുകളിലൂടെ പോലും സഞ്ചരിക്കാൻ സാധിച്ചാലോ!”
“ചുരുക്കത്തിൽ നമ്മൾ മാനവരാശിക്കു വേണ്ടി കൂട്ട ആത്മഹത്യ ചെയ്യുന്നു അല്ലേ?” നാദിയ ഖിന്നത അടക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു.
പേടകമാസകലം ദീനമായ ഒരു നിശബ്ദത പടർന്നു.
അനുബന്ധം
ഈ കഥയിൽ ഉപയോഗിച്ചിട്ടുള്ളതും നിലവിൽ ഭൗതിക ശാസ്ത്രത്തിൽ ഇല്ലാത്തതുമായ കോൺസെപ്റുകളും ചില സങ്കേതിക പദങ്ങളുമാണ് അനുബന്ധത്തിൽ കൊടുത്തിട്ടുള്ളത്.
മെറ്റാ ചാർജ് ഡൈനാമിക്സും അൻ്റോണിയോ ടണലിങും
ആഫ്റ്റർ ചാർജുകളും(ψ) അവയുടെ സവിശേഷതകളും പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് മെറ്റാ ചാർജ് ഡൈനാമിക്സ്. ക്വാണ്ടം മെക്കാനിക്സിനു ശേഷം വലിയ വിപ്ലവം തീർത്ത മേഖലയാണിത്. അതുകൊണ്ടു തന്നെ ഈ ശാസ്ത്ര ശാഖ പോസ്റ്റ്-ക്വാണ്ടം ചാർജ് മെക്കാനിക്സ് എന്ന പേരിലും അറിയപ്പെടുന്നു. മാറ്റർ വളരെ വലിയ അളവിലുള്ള ഊർജവ്യതിയാനങ്ങൾക്കു വിധേയമാകുമ്പോൾ രൂപപ്പെടുന്ന പ്രത്യേക സ്വഭാവ സവിശേഷതകളുള്ള കണങ്ങളാണ് ആഫ്റ്റർ ചാർജ് കണങ്ങൾ. മാറ്റർ-ആൻ്റി മാറ്റർ അനിഹിലേഷൻ പ്രോസസുകളിൽ ഇവ രൂപപ്പെടുന്നതായും ഞൊടിയിടയിൽ ഇല്ലാതാകുന്നതും ആദ്യമായി നിരീക്ഷിക്കുന്നത് തിയററ്റിക്കൽ ഫിസിസിറ്റായ ഡോ. ഇലാര വോസ് ആണ്.
എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവ സെക്കൻഡുകളോളം നിലനിൽക്കുന്നുവെന്നും തന്മൂലം സ്ഥലകാലത്തിൽ ഒരു താല്കാലിക അസ്ഥിരത കൈവരുന്നു എന്നും ഈ സാഹചര്യത്തിൽ അകപ്പെടുന്ന മാറ്റർ ഫോട്ടോണിക് ബാറിയറിനെ ബൈപാസ് ചെയ്ത് സൂപ്പർ ലൂമിനൽ വേഗത്തിലേക്ക് എത്തിപ്പെടുന്നു എന്നും കണ്ടെത്തിയത് അൻ്റോണിയോ തോമസ് എന്ന യുവ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു. അതുകൊണ്ടു തന്നെ ഇത് അൻ്റോണിയോ ടണലിങ് എന്ന പേരിൽ അറിയപ്പെട്ടു.
ലോവർ സൂപ്പർ ലൂമിനൽ വേഗത്തിലുള്ള വസ്തുവിനെ ഹൈയർ സൂപ്പർ ലൂമിനൽ വേഗതയിലേക്കെത്തിക്കുന്നതിനും നേരേ തിരിച്ചും ഇതുപോലെ ആഫ്റ്റർ ചാർജുകളെ ഉപയോഗിക്കാമെന്ന് പിന്നീട് അൻ്റോണിയോ തോമസ് തന്നെ കണ്ടെത്തി. ഈ പ്രക്രിയ സെക്കൻഡറി ടണലിങ് എന്ന പേരിലാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.
ഒരു തവണ ഫോട്ടോണിക് ബാരിയർ മറികടക്കാൻ ആവശ്യമായ ആൻ്റി മാറ്ററിൻ്റെ അളവാണ് ഒരു യൂണിറ്റ് ആൻ്റി മാറ്റർ എന്നറിയപ്പെടുന്നത്. ഒരു വസ്തുവിന് ഫോട്ടോണിക് ബാരിയർ മറികടന്ന് സൂപ്പർ ലൂമിനൽ ഒബ്ജക്ടായി മാറുന്നതിനും തിരിച്ച് ഫോട്ടോണിക് ബാരിയർ കടന്ന് താഴ്ന്ന വേഗത കൈവരിക്കുന്നതിനും ഒരു യൂണിറ്റ് ആൻ്റി മാറ്റർ ആവശ്യമാണ്.
സ്പേസ് ഷിപ്പിലെ ചെറുതും വലുതുമായ ഹാർഡ്‌വെയർ സംബന്ധിയ തകരാറുകളെ കണ്ടെത്തി സ്വയം പരിഹരിക്കുന്നതിനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത് എൻജിനാണ് സെൽഫ് ഹീലിംഗ് എൻജിൻ എന്നറിയപ്പെടുന്ന ക്വാണ്ടം ഫേസ് റെസ്റ്റോറേഷൻ എൻജിൻ (QRP എൻജിൻ).
സെൽഫ് ഹീലിംഗ് എൻജിൻ (QPR എൻജിൻ)
സ്പേസ് ഷിപ്പിലെ ചെറുതും വലുതുമായ ഹാർഡ്‌വെയർ സംബന്ധിയായ തകരാറുകളെ കണ്ടെത്തി സ്വയം പരിഹരിക്കുന്നതിനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത എൻജിനാണ് സെൽഫ് ഹീലിംഗ് എൻജിൻ എന്നറിയപ്പെടുന്ന ക്വാണ്ടം ഫേസ് റെസ്റ്റോറേഷൻ എൻജിൻ (QPR എൻജിൻ).
സ്പേസ്ക്രാഫ്റ്റിൻ്റെ പരിപൂർണ രൂപം ക്വാണ്ടം തലത്തിൽ റെക്കോർഡ് ചെയ്ത് ക്യൂ ആർ പി എൻജിനിലെ ക്വാണ്ടം മെമ്മറി യൂണിറ്റുകളിൽ സൂക്ഷിച്ചു വെക്കുന്നു. ശേഷം നിശ്ചിത ഇടവേളകളിൽ സെൽഫ് ഹീലിംഗ് എൻജിൻ ക്വാണ്ടം മെമ്മറിയിലെ വിർച്വൽ ഷിപ്പിനെയും യഥാർത്ഥ ഷിപ്പിനേെയും താരതമ്യം ചെയ്യുന്നു. എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ ആഫ്റ്റർ ചാർജുകളുടെ സഹായത്തോടെ ക്വാണ്ടം ഫീൽഡിനെ റീറൈറ്റ് ചെയ്യുന്നു.
ആൻ്റി മാറ്റർ ലഭ്യതക്കനുസരിച്ച് എത്ര വലിയ തകരാറും പരിഹരിക്കാൻ ഇതിനാകും.
FTL (Faster than light) സ്പീഡ് നൊട്ടേഷൻ
പ്രകാശാതീത വേഗത്തെ സൂപ്പർ ലൂമിനൽ എന്നും ഹൈപ്പർ ലൂമിനൽ എന്നും രണ്ടായി തിരിക്കാം.
പ്രകാശവേഗത്തിൻ്റെ ആയിരം മടങ്ങ് വരെയുള്ള വേഗത്തെ സൂപ്പർ ലൂമിനൽ എന്നു പറയുന്നു.
പ്രകാശത്തിൻ്റെ പത്ത് മടങ്ങാണെന്ന് ‘സൂപ്പർ-10’ എന്ന രൂപത്തിൽ കുറിക്കുന്നു.
പ്രകാശത്തിൻ്റെ ആയിരം മടങ്ങിനും മുകളിലുള്ള വേഗത്തെയാണ് ഹൈപ്പർ ലൂമിനൽ എന്ന് പറയുന്നത്.
Hyper-1.2 എന്നാൽ പ്രകാശത്തിൻ്റെ 1,200 മടങ്ങ് വേഗം എന്നർത്ഥം.
ഫൂട്ട് നോട്ട്സ്:
- യു ഇ എസ് ഒഡീസിയൻ — ക്വാണ്ടം സൂപ്പർ കമ്പ്യൂട്ടറിൻ്റെ സഹായത്താൽ പ്രവർത്തിക്കുന്ന അത്യാധുനിക സ്പേസ് ഷിപ്പ്. ↩︎
- ആൻ്റി മാറ്റർ യൂണിറ്റ് — ഫോട്ടോണിക് ബാരിയർ മറികടക്കാനാവശ്യമായ ആൻ്റി മാറ്ററിൻ്റെ അളവ്. ↩︎
- ODIN (Omnidirectional Data-Integrated Nexus) — ക്വാണ്ടം കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന എ ഐ അസിസ്റ്റൻ്റ്. ↩︎
- Hyper-4.8 — പ്രകാശത്തിൻ്റെ 4,800 മടങ്ങ് വേഗം. ↩︎
- സെക്കൻഡറി ടണലിംങ് — ലോവർ സൂപ്പർലൂമിനൽ റേഞ്ചിൽ ഉള്ള വസ്തുക്കളെ ഹൈയർ സൂപ്പർലൂമിനൽ തലത്തിലെത്തിക്കാനുള്ള മാർഗം. ↩︎
- FTL മെട്രിക്സ് ഇൻ്റർഫേസ് — പേടകത്തിൻ്റെ വേഗതയും ആൻ്റി മാറ്റർ കൺസംഷൻ റേറ്റും മറ്റു അനുബന്ധ കാര്യങ്ങളെല്ലാം കാണിക്കുന്ന ഇൻ്റർഫേസ്. ↩︎
- അൻ്റോണിയോ ടണലിങ് — ആൻ്റിമാറ്റർ ഉപയോഗിച്ച് ഫോട്ടോണിക് ബാരിയറിനെ ബൈപാസ് ചെയ്യുന്ന പ്രക്രിയ. ↩︎
- ബ്ലൂ ഷിഫ്റ്റ് — പ്രകാശസ്രോതസ്സിൻ്റെ നിരീക്ഷകനിലേക്കുള്ള വേഗത്താൽ സ്പെക്ട്രം നീല ഭാഗത്തേക്കു മാറുന്ന പ്രതിഭാസം. ↩︎
- Xenology — അന്യഗ്രഹ ജീവികളെക്കുറിച്ചും അവരുടെ സംസ്കാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പഠനശാഖ. ↩︎
- Exabyte (EB) — 1 Exabyte = 10⁶ Terabytes (TB) = 10²¹ Bytes. ↩︎
- Zerath — കഥയിലെ അന്യഗ്രഹ സംസ്കാരത്തിന്റെ മുഖ്യവർഗം/സംസ്കാരം. ↩︎
- ക്വാണ്ടം ഫേസ് റെസ്റ്ററേഷൻ എൻജിൻ (QPR Engine) — പേടകത്തിലെ കേടുപാടുകൾ സ്വയം പരിഹരിക്കുന്നതിനു വേണ്ടി ഡിസൈൻ ചെയ്ത എൻജിൻ. ↩︎