KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

കമാലിസ്റ്റ് തുർക്കിയിലെ മതേതരത്വ ചിന്തയും സഈദ് നൂർസിയും: ചില ആലോചനകൾ

റമളാൻ അബൂബക്കർ നൂറാനി

ആധുനിക തുർക്കിയുടെ ചരിത്രത്തിൽ ജനസ്വാധീനമുള്ള വിപ്ലവകാരിയായ ഇസ്ലാമിക പണ്ഡിതനാണ് ബദീഉസ്സമാൻ സഈദ് നൂർസി. വലിയ ജനപിന്തുണയുള്ള നൂർ പ്രസ്ഥാനത്തിന്റെ മുഖ്യ ആസൂത്രികനും പ്രചോദകനുമായിരുന്നു അദ്ദേഹം. രിസാലെ-നൂർ (Risale-nur) എന്ന അദ്ദേഹത്തിന്റെ രചനയായിരുന്നു നൂർ പ്രസ്ഥാനത്തിന്റെ പ്രേരകവും അടിസ്ഥാനവും. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നൂർ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഇസ്ലാമിലെ പാശ്ചാത്യ കൈകടത്തലുകൾക്ക് അന്ത്യം കുറിക്കാൻ വ്യത്യസ്തമായൊരു രീതി വികസിപ്പിച്ചെടുത്തു. അത് സമ്പൂർണ്ണ രാഷ്ട്രീയ അട്ടിമറിയോ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലോ ആയിരുന്നില്ല. തുർക്കിയുടെ തനതായ വിശ്വാസ പാരമ്പര്യത്തിന്റെ പുനരുജ്ജീവനമായിരുന്നു അവരുടെ മാർഗം. 1923ലെ തുർക്കിയുടെ സ്വാതന്ത്ര്യത്തിന് ശേഷം മതധ്രുവീകരണം ലക്ഷ്യമാക്കി മതേതരവൽക്കരണം ത്വരിതഗതി പ്രാപിക്കുമ്പോഴാണ് നൂർസി ഇസ്ലാമിക വിശ്വാസ പാരമ്പര്യത്തെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്. കമാലിന്റെ തീവ്രമായ മതേതരവൽക്കരണം തുടക്കമിടുന്നത് 1930-കളിലാണ്. മതരഹിതമായ പൊതുമണ്ഡലം രൂപപ്പെടാനും വിശ്വാസി സമൂഹത്തിൽ തന്നെ വലിയ മാറ്റങ്ങളുണ്ടാകാനും ഇത് കാരണമായി. നിയമനിർമ്മാണങ്ങൾ കൊണ്ട് ഭരണവർഗം മതത്തിനു വരമ്പുകൾ സൃഷ്ടിക്കുമ്പോൾ സഈദ് നൂർസിയും നൂർ പ്രസ്ഥാനവും മതേതര തുർക്കിയുടെ ആധുനികവൽക്കരണത്തിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ‘ഇസ്ലാമും ആധുനികതയും പരസ്പര വിരുദ്ധമാണ്’ എന്നിങ്ങനെയുള്ള സമൂഹത്തിൽ പരക്കെ സ്വീകാര്യമായ വാദങ്ങളെ സഈദ് നൂർസി വെല്ലുവിളിക്കുന്നതായി ഡോ.ഹകാൻ കോറ തൻ്റെ Modern Interpretation of the Qur’an: The Contribution of Bediuzzaman Said Nursi എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.


യാഥാസ്ഥിക -ഭൗതിക വാദങ്ങളുടെയും മറ്റു പ്രത്യയശാസ്ത്രങ്ങളുടെയും ഫലമായി രൂപപ്പെടുന്ന നവീന ബൗദ്ധിക പ്രസ്ഥാനങ്ങളെയും, മുസ്ലിംകൾക്കിടയിൽ നിന്ന് തന്നെ ഉയർന്നുവരുന്ന നവീനചിന്തകളെയും പ്രതിരോധിക്കൽ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. ഇസ്ലാമും ആധുനികതയും പരസ്പരം സംവദിക്കുകയും കൈമാറുകയും ചെയ്യുമെന്ന് നൂർ പ്രസ്ഥാനം തെളിയിച്ചുവെന്ന് ഹകാൻ കോറ നിരീക്ഷിക്കുന്നുണ്ട്. ആധുനികതയുടെ ചില വശങ്ങളെ ഉൾകൊള്ളാനും പരിശോധനക്ക് വിധേയമാക്കാനും ഇസ്ലാം പ്രാപ്തമാണെന്ന് നൂർ പ്രസ്ഥാനം സ്ഥാപിക്കുന്നു. കമാലിന്റെ ആധുനികവത്കരണ കാലത്ത് മതേതര ആശയങ്ങളുമായി സഈദ് നൂർസി ഇടപഴകിയതെങ്ങനെയെന്ന് അദ്ദേഹത്തിന്റെ അഫിയോൺ കോടതിയിലെ പ്രഭാഷണത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. മതേതരത്വത്തിന്റെയും പാശ്ചാത്യവത്കരണത്തിന്റെയും എതിർ ചേരിയായല്ല നൂർ പ്രസ്ഥാനം നിലകൊണ്ടത്. കമാലിന്റെ നയങ്ങൾ കാരണമായി സംഭവിച്ച അടിസ്ഥാനപരമായ സാമൂഹിക മാറ്റങ്ങളിലാണ് സഈദ് നൂർസി കണ്ണുവെച്ചത്. കേവല രാഷ്ട്രീയ താല്പര്യങ്ങൾക്ക് പകരം ആത്മീയ ബോധമുള്ള പുതിയ മുസ്ലിം സമൂഹത്തെ സൃഷ്ടിച്ചെടുക്കലാണ് നൂർസിയും പ്രസ്ഥാനവും പ്രധാന ലക്ഷ്യമായി കണ്ടത്.


മതവും ഭരണകൂടവും; നൂർസിയുടെ വീക്ഷണത്തിൽ

ഭരണകൂടവും ജനങ്ങളും തമ്മിലുള്ള നിരന്തര പ്രതിസന്ധി ആധുനിക തുർക്കിയുടെ പ്രത്യേകതയാണ്. ഭരണകൂട നയങ്ങളും ഇസ്ലാമിക സാമൂഹികപ്രസ്ഥാനങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളാണ് ഇതിൽ പ്രധാനം. “സാമൂഹിക പ്രസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ സാധിക്കും” എന്ന ആൽബർട്ട് മെലൂച്ചിയുടെ നിരീക്ഷണം നുർസിയുടെ നൂർ പ്രസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ ചിത്രീകരിക്കുന്നുണ്ട്. തുർക്കിഷ് ജനതയുടെ മാനസങ്ങളെ ആത്മീയ വഴിയിലായി ഉപയോഗിക്കാൻ നൂർസി അതിസമർത്ഥനായിരുന്നു. തുർക്കി ആധുനികതയിലേക്ക് നീങ്ങുമ്പോൾ വിശ്വാസികളുടെ ‘ആത്മീയ ത്വര’ യെ ആയുധമാക്കി ഇസ്ലാമിക പാരമ്പര്യത്തെ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചു.
“മതേതര സമൂഹം അസ്ഥിരമാണ്, മതത്തെയും ധാർമികമൂല്യങ്ങളെയും പകരമാക്കാൻ അവയ്ക്ക് പറ്റില്ല. മതം മനുഷ്യന്റെ സ്വാഭാവിക പ്രകൃതമാണ്. മനുഷ്യന്റെ സാമൂഹിക ഇടപാടുകൾക്കും അനുഭവങ്ങൾക്കും ബന്ധങ്ങൾക്കും വഴിയൊരുക്കുന്നത് കുടുംബം, മസ്ജിദുകൾ പോലോത്ത സാമൂഹിക സ്ഥാപനങ്ങളാണ്” എന്നദ്ദേഹം നിരീക്ഷിക്കുന്നു. മതത്തിന്റെ അഭാവമാണ് പൊതുസമൂഹത്തിലെ സർവ്വ പ്രശ്നങ്ങൾക്കും നിദാനം. അത് സംഘട്ടനങ്ങൾക്കും അടിച്ചമർത്തലുകൾക്കും വഴിയൊരുക്കുന്നുവെന്നും ഹകാം യാവുസിന്റെ നിരീക്ഷണത്തിൽ പറയുന്നുണ്ട്. മാറുന്ന സമൂഹത്തിൽ ഇസ്ലാമിക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പുനഃസ്ഥാപനവും അതിജീവനവുമാണ് നൂർസിയും അനുയായികളും ലക്ഷ്യമിട്ടിരുന്നത്.


മതവും രാഷ്ട്രീയ ഇടപെടലുകളും

രാഷ്ട്രീയത്തെയും മതത്തെയും നൂർസി കൃത്യമായി വേർതിരിക്കുന്നുണ്ട്. “രിസാലെ-നൂർ അനുയായികളുടെ അടിസ്ഥാന സവിശേഷത അവർ രാഷ്ട്രീയ കാര്യത്തിലോ ഭരണനിർവഹണത്തിലോ ഇടപെടില്ല എന്നാണ്, കാരണം അവർ ഖുർആനിനും അവരുടെ മതത്തിനും സേവനം ചെയ്യാൻ കടപ്പെട്ടവരാണ്” എന്ന് അദ്ദേഹത്തിന്റെ അഫിയോൺ പ്രഭാഷണത്തിലെ അഞ്ചാമത്തെ തത്വത്തിൽ പറയുന്നുണ്ട്. എന്നിരുന്നാലും അദ്ദേഹം തന്റെ ആദ്യകാലങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. തുർക്കിയുടെ സ്വാതന്ത്ര്യ സമരത്തിനും, ജനാധിപത്യ ഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും അവർ പങ്കെടുത്തിട്ടുണ്ട്. പിന്നീട് 1922 ൽ തുർക്കിയിലുണ്ടായ കലാപത്തെ തുടർന്ന് രാഷ്ട്രീയ ഇടപെടലിനെ കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടായി. അതിനാൽ നൂർസി സ്വയം തന്റെ ജീവിതത്തെ പഴയ സഈദ്, പുതിയ സഈദ് എന്നിങ്ങനെ വേർതിരിച്ചു.


അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ നിന്നുള്ള വിഭാഗീകരണത്തെ പല നിലക്ക് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും, രാഷ്ട്രീയ പങ്കാളിത്തം വിശ്വാസി ഹൃദയങ്ങൾക്ക് തങ്ങളുടെ ആരാധനകളെ അവഗണിക്കാനും, ലളിതമായ ജീവിതരീതിയെ വെടിയാനുമുള്ള ഉൾപ്രേരണയാവുമെന്ന് നൂർസി വീക്ഷിച്ചു. ഇത്തരം രാഷ്ട്രീയ ഇടപാടുകൾ ഒരു വ്യക്തിയുടെ ആർത്തി വർദ്ധിപ്പിക്കാനും ആത്മീയതയെയും വിശ്വാസത്തെയും കളങ്കപ്പെടുത്താനും മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും അദ്ദേഹം വിലയിരുത്തി. രാഷ്ട്രീയത്തിന്റെ വിഭാഗീയ പ്രകൃതം നൂർസിക്ക് തന്റെ അനുയായികളെ അതിൽനിന്നു ഭ്രഷ്ട് കല്പിക്കാൻ കാരണമായി. ഈ വിഭാഗീയ സ്വഭാവം ഒരാൾക്ക് തന്റെ നേതാവിന് വേണ്ടി എല്ലാം സമർപ്പിക്കാനുള്ള മനോഭാവം ഉണ്ടാക്കും. ഇതുകൊണ്ടെല്ലാം രാഷ്ട്രീയ മാർഗത്തെ ഖുർആനിന്റെ വഴിയിൽ നിന്നുള്ള അപഥസഞ്ചാരമായി അദ്ദേഹം കണ്ടു. എന്നാൽ, രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ കാലാനുസൃതമായിരുന്നു. പാശ്ചാത്യവൽക്കരണവും ആധുനികതയും രൂക്ഷമായ സമകാലിക രാഷ്ട്രീയ പരിസ്ഥിതി വിശ്വാസപാതയെ വ്യതിചലിപ്പിച്ചേക്കാം എന്നദ്ദേഹം ഭയപ്പെട്ടു. എങ്കിലും അദ്ദേഹം ഒരു ഭരണകൂട-രാഷ്ട്രീയ വിരുദ്ധനായില്ല.


സെക്കുലർ റിപ്പബ്ലിക്

നൂർസിയുടെ മതേതര സങ്കല്പനം അതിന്റെ യഥാർത്ഥ പകർപ്പായ ഫ്രഞ്ച് മതേതരത്വത്തിൽ നിന്ന് വ്യത്യസ്തമാണ്. ആധുനിക വീക്ഷണപ്രകാരം രാഷ്ട്രീയ പുരോഗതിക്കും, സമ്പൂർണ്ണ ആധിപത്യത്തിനും പ്രതിബന്ധമായി മതത്തെ കാണുകയും ക്രമേണ അതിനെ പൊതുമണ്ഡലത്തിൽ നിന്ന് ഉന്മൂലനം ചെയ്യാനും ഏകീകരണ ശ്രമങ്ങൾ പലതും നടക്കുന്നുണ്ട്. ഇത്തരം ആധുനിക കണ്ടെത്തലുകൾ മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെത്തന്നെ ലംഘിക്കുന്നുവെന്ന് നൂർസി വാദിച്ചു. “സെക്കുലർ റിപ്പബ്ലിക്ക് എന്നാൽ പക്ഷപാതിത്വരഹിതമാണ്. ‘ചിന്താസ്വാതന്ത്ര്യം’ എന്ന അടിസ്ഥാന നിയമത്തിന്റെ മേൽ കെട്ടിപ്പടുത്ത ഒരു ഭരണകൂടത്തിന് മതരഹിതമായ സമൂഹത്തിൽ ഇടപെടാതിരിക്കുന്നത് പോലെ മതവിശ്വാസ സമൂഹത്തിൽ ഇടപെടാൻ പറ്റില്ല.” ഈ വാക്കുകളിൽ നിന്നും നൂർ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെ നമുക്ക് ദർശിക്കാനാകും.
പുതിയ ഭരണകൂടത്തിനെതിരെ പ്രതിഷേധ ചിന്തകൾ പ്രചരിപ്പിച്ചു, സാമൂഹിക ക്രമസമാധാനത്തിന് ഭീഷണിയായി, തുർക്കിഷ് ജനതയുടെ വിശ്വാസത്തെ ചൂഷണം ചെയ്തു, തുടങ്ങിയ കേസുകൾക്ക് വിചാരണ നേരിടുന്നതിനിടയിലാണ് പ്രോസിക്യൂട്ടർക്ക് മുന്നിൽ നൂർസിയുടെ പ്രശസ്തമായ പ്രഭാഷണം നടക്കുന്നത്. ഈ ആരോപണങ്ങളെ അദ്ദേഹം തള്ളുകയും ഒരു മതേതരരാഷ്ട്രം അനുവദിച്ച് മാത്രമാണ് നമ്മൾ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം സമർത്ഥിക്കുകയും ചെയ്തു.


നൂർസിയുടെ വീക്ഷണത്തിൽ തുർക്കിഷ് ഗവണ്മെന്റ് മതസമൂഹത്തോട് വിവേചനപരമായി പെരുമാറുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നു, എല്ലാ പൗരന്മാരോടും സമത്വവും പക്ഷപാതിത്വവും കാണിക്കുന്നില്ല എന്നുമാണ്. രാഷ്ട്രത്തോടുള്ള തന്റെ പ്രസ്ഥാനത്തിന്റെ പിന്തുണ അറിയിക്കാൻ നൂർസി നിരന്തരം പ്രഭാഷണങ്ങൾ നടത്തി. അദ്ദേഹം നൂർ പ്രസ്ഥാനത്തിന്റെ അനുയായികൾ നിർബന്ധമായും പാലിക്കേണ്ട അഞ്ചു കാര്യങ്ങൾ നിഷ്കർഷിക്കുന്നുണ്ട്; ‘ബഹുമാനം, ദയ, നിഷിദ്ധമായതിനെ വെടിയുക, ഗവണ്മന്റിനെ അനുസരിക്കുകയും നിയമലംഘനം നടത്താതിരിക്കുകയും ചെയ്യുക, രാജ്യത്ത് ക്രമസമാധാനം നിലനിർത്തി സാമൂഹിക ജീവിതത്തിൽ നിന്ന് അരാജകത്വത്തെ സംരക്ഷിക്കുക’ എന്നിവയാണത്. ഇങ്ങനെ, രാഷ്ട്രത്തോടുള്ള കൂറ് പുലർത്തുന്നതോടെ നൂർ പ്രസ്ഥാനത്തെ ഗവണ്മെന്റ് തുർക്കിയുടെ ഭാഗമാക്കി അംഗീകരിക്കാൻ നൂർസി ശ്രമിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എല്ലാ മതപ്രചാരണ പ്രവർത്തനങ്ങളും വിശ്വാസികളിൽ ആത്മീയ ചൂഷണത്തിനോ സമൂഹത്തിൽ ചിദ്രത സൃഷ്ടിക്കുന്നതിനോ ഹേതുവാകുന്നില്ല. മറിച്ച്, അവയെല്ലാം ചിന്താസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.


കമാലിസ്റ്റ് ഭരണകൂടത്തിന് കീഴിൽ തുർക്കിയിലെ ഇസ്ലാമിക പണ്ഡിതരുടെയും പ്രബോധകരുടെയും പ്രതിസന്ധിയെയാണ് സഈദ് നൂർസിയുടെ പ്രഭാഷണം പ്രതീകവൽക്കരിച്ചത്. കോടതിയിൽ ആരോപിക്കപ്പെട്ട കേസുകളിൽ നിന്ന് തന്നെ കമാലിസ്റ്റ് ഭരണകൂടം അനുവദിച്ച ചിന്താസ്വാതന്ത്ര്യത്തിന്റെ അളവ് മനസ്സിലാക്കാം. മതേതര റിപ്പബ്ലിക്കിൽ ചിന്താസ്വാത്രത്തിന്റെ സാധുതയെ വിശദീകരിച്ചുകൊണ്ട് കമാലിസ്റ്റ് ഗവൺമെൻ്റിൻ്റെ മതേതര വാദത്തിന്റെ അവ്യക്തതയെയും വൈരുധ്യത്തെയും തുറന്നുകാട്ടാനാണ് നൂർസി ശ്രമിച്ചത്. അദ്ദേഹം ഭരണകൂടത്തെ ശത്രുവായി കണ്ടിരുന്നില്ല എന്ന് മാത്രമല്ല, ഇസ്ലാമിക ശത്രുക്കളുടെ പരിഭവങ്ങൾക്ക് അദ്ദേഹം പരിഹാരങ്ങൾ നിർദേശിച്ചിട്ടുണ്ട്. കമാലിസ്റ്റ് തുർക്കിയുടെ മതേതരവത്കരണ സമയത്ത് വ്യത്യസ്ത ഘട്ടങ്ങളിൽ പല വിധ പ്രതിരോധ പരിപാടികൾ നൂർസി ആസൂത്രണം ചെയ്തിരുന്നു. ഭരണകൂടം ഇസ്ലാമിക സംസ്കാരത്തെയും ചിഹ്നങ്ങളെയും തുടച്ചുനീക്കാൻ ശ്രമിക്കുമ്പോഴും അവയിൽ നിന്ന് അതിജീവിക്കാൻ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് പകരം വിശ്വാസ പുനരുദ്ധാരണമാണ് അവർ മുന്നോട്ടുവെച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കതീതമായി സാമൂഹിക പ്രസ്ഥാനമായി അദ്ദേഹവും നൂർ പ്രസ്ഥാനവും എന്നും നിലകൊണ്ടു. അനന്തരഫലമായി, ‘ഇസ്ലാമിക ഉന്മൂലനം’ എന്ന കമാലിസ്റ്റ് പദ്ധതി ലക്ഷ്യം കാണാതെ പോവുകയും ആധുനിക തുർക്കിയിൽ നവീന മത-സാമൂഹിക പ്രസ്ഥാനങ്ങൾ രൂപപ്പെടുകയും ചെയ്തു.

Religion
Politics

Related Posts

Loading