വാസ്വിൽ മുജീബ്(മോഡറേറ്റർ):
Rendezvous ആർട്ഫെസ്റ്റ് എന്നതിലുപരിയായി ലൈഫ് ഫെസ്റ്റിവൽ, സർഗാത്മക ജീവിതത്തിൻറെ സ്വാതന്ത്ര്യമാകുന്നിടത്ത് നിന്നാണ് നമ്മുടെ പ്രമേയങ്ങളും അതിനനുബന്ധമായ മറ്റു ചർച്ചകളും വികസിക്കുന്നത്. ഓരോ വിജ്ഞാന ശാഖകളിലൂടെയും (Discipline) സഞ്ചരിക്കുന്ന വൈജ്ഞാനിക സ്വാതന്ത്ര്യത്തിന്റെ സൃഷ്ടിയെയും അതിൻറെ സർഗാത്മക ശേഷിപ്പുകളെയും കോർത്തിണക്കുന്ന വ്യവഹാര ഭാഷയായി Rendezvous വികസിക്കുന്നിടത്ത് നമുക്ക് പ്രത്യാശകളുണ്ട്. കഴിഞ്ഞ വർഷത്തെ 'ചരിത്ര'ത്തിൽ നിന്നും (remembering tomorrow) മനഃശാസ്ത്ര വിചാരത്തിലേക്കുള്ള (sensing the spaces) പ്രമേയത്തിന്റെ സഞ്ചാരത്തെ തെരഞ്ഞെടുത്ത 'വാക്യം' (theme) കൊണ്ട് തന്നെ സമീപിക്കലായിരിക്കും നല്ലത്.
കഴിഞ്ഞ വർഷത്തെ 'നാളയെ ഓർക്കൽ' ചരിത്രവൈജ്ഞാനിക സ്വഭാവത്തിൽ നിന്നുകൊണ്ട് പ്രതികരിക്കുമ്പോഴും ഭാവി- ഭൂത-വർത്തമാന സമ്മിശ്രത്വം (combination) നമുക്കതിൽ ദർശിക്കാൻ സാധിക്കും. സാധാരണയിലുള്ള ഭൂത വർത്തമാനങ്ങളിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല അതിൻറെ അർത്ഥസഞ്ചാരങ്ങൾ. സമാനമായ അതിരുഭേദിക്കൽ ഈ വർഷത്തെ പ്രമേയത്തിനും കാണാൻ സാധിക്കുന്നുണ്ട് എന്ന് തന്നെയാണ് എൻറെ നിരീക്ഷണം. എങ്കിലും ആദ്യം നമുക്കിതിലെ പദസംബന്ധിയായ അർത്ഥതീർപ്പിലേക്ക്/വികാസത്തിലേക്ക് കടക്കാം.
മുബശിർ പൊന്നാനി:
ആദ്യം അടുത്തറിയുക എന്ന പ്രയോഗത്തിന്റെ ഉദ്ദേശം ഒന്ന് ആലോചിച്ചുനോക്കാം. അറിയാവുന്ന ഒരു വസ്തുവിനെ അടുത്തുനിന്ന് അറിയുക, അല്ലെങ്കിൽ യഥാർത്ഥവിധം അറിയുക മനസ്സിലാക്കുക എന്നൊക്കെ അതിനെ വിശദീകരിക്കാമെന്ന് തോന്നുന്നു. അതോടൊപ്പമുള്ള കൗതുകം ഒരു വസ്തുവിനോടുള്ള അടുക്കൽ എന്താണ് അല്ലെങ്കിൽ അതിനെ എങ്ങനെ നിർവചിക്കും? ചില വസ്തുക്കളിൽ അത് വ്യക്തമാണ്. ഉദാഹരണം കടലിൽ സഞ്ചരിക്കുന്ന ഒരു വ്യക്തി അകലെ കാണുന്ന ഒരു വസ്തുവിനെ ആദ്യം ഒരു പാറയായി കാണുന്നു. എന്നാൽ അതിനോട് അടുക്കുംതോറും വ്യക്തത കൈവരിക്കുകയും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഒരു ബോട്ടാണ് അത് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. വസ്തുവിനോട് അടുത്തപ്പോഴുള്ള മനസ്സിലാക്കൽ തന്നെയാണിത്. എന്നാൽ അത് ബോട്ടാണെന്ന് മനസ്സിലാക്കാമെങ്കിലും ആ ബോട്ടിൽ യാത്ര ചെയ്യുന്നവരുടെതുപോലുള്ള അറിവ് നമുക്ക് അതിനെക്കുറിച്ച് ഇല്ല എന്നതാണ് വസ്തുത. അവരടുത്തത് പോലുള്ള അടുപ്പം നമുക്ക് അതിനോട് അടുക്കാൻ കഴിഞ്ഞില്ലെന്ന് സാരം. മറ്റൊരു നിലക്ക് പറഞ്ഞാൽ ഒരു മനുഷ്യൻറെ തോളിൽ കൈയ്യിട്ട് നിൽക്കുമ്പോഴും അവനും ഞാനും തമ്മിൽ ഒരു അകലം സാധ്യമാകുമെന്ന്. അടുത്തറിയുന്നതിന്റെ മറ്റൊരു അർത്ഥം ഇതാണ്. ഈ അകലം അറിയലായിരിക്കണം Sensing കൊണ്ട് അർത്ഥമാക്കേണ്ടത്. അടിസ്ഥാനപരമായി പൊതുവെയുള്ള അറിയലും, അകലവുമല്ല പ്രമേയത്തിന്റെ പദങ്ങൾ കൊണ്ട് താത്പര്യപ്പെടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മോഡറേറ്റർ:
തീർത്തും മാനുഷികമായ ഒരു അറിയലും അതിന്റെ പ്രതിഫലനവുമായി പ്രമേയത്തിന്റെ താത്പര്യത്തെ കണക്കാക്കുന്നതോടൊപ്പം അർത്ഥപരമായ അതിന്റെ സാധ്യതകൾ നിഷേധിക്കേണ്ടതില്ല എന്നർത്ഥം. യഥാർത്ഥത്തിൽ സാമൂഹ്യ ശാസ്ത്രപരമായ അന്വേഷണ സ്വഭാവത്തിലൂടെയാണ് ഇത് വികസിക്കുന്നത് എന്ന് പറയാമെങ്കിലും മനശ്ശാസ്ത്ര വിശകലനത്തിലാണ് പ്രമേയം ശ്രദ്ധയൂന്നിയത്. അതായത് നവലോക ക്രമത്തിലെ മാനുഷിക ഗുണങ്ങൾ പണ്ടത്തെപ്പോലെ സൗഹൃദപരമല്ല എന്നും ആധുനിക മനുഷ്യന് 'മനസ്സിലാക്കൽ' തന്നെ വലിയ ഗുണമായി കാണാം എന്നുമുള്ള വിചാരം പ്രമേയം ആവശ്യപ്പെടുന്നുണ്ട്. അതിനെ കുറിച്ചൊന്ന് സംസാരിക്കാം.
അമീൻ അഷ്റഫ്:
തീർച്ചയായും. പ്രമേയത്തിൻ്റെ മനഃശാസ്ത്ര സംബന്ധിയായ വീക്ഷണകോണിലൂടെയുള്ള നിരീക്ഷണം പങ്കുവെക്കുന്നത് ആശയത്തെ കുറച്ച് കൂടി വ്യക്തമാക്കാൻ ഉപകരിക്കുന്നതാണ്. മനുഷ്യരുടെ വളരെ മൗലികവും (Fundamental) ആദിമവുമായ (Primordial) ഒരു ഗുണമാണ് Empathy. ഒരു പക്ഷെ ഭാഷകൾ പോലും വികസിക്കപ്പെട്ടിട്ടില്ലാത്ത സമയത്തും മനുഷ്യൻ Empathy യിലൂടെ അതിജീവനം സാധ്യമാക്കി എന്നു പറയാം. ഒട്ടും പ്രായമാവാത്ത ശിശുക്കൾ പോലും തങ്ങളുടെ രക്ഷിതാക്കളുടെ വികാര പ്രകടനങ്ങളോട് സമാനമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. ഒരു ആർജിത ഗുണത്തേക്കാൾ നാമോരുത്തരിലുമുള്ള In-built സവിശേഷതയാണിത്. ആയതിനാൽ മനുഷ്യനെ പോലൊരു സാമൂഹ്യ ജീവിയിൽ അനുപേക്ഷണീയമായ ഗുണമായി Empathy യെ മനസ്സിലാക്കാം.
മറ്റുള്ളവരിലെ ആന്തരിക അനുഭവങ്ങളെ/ വികാരങ്ങളെയും മനസ്സിലാക്കി തദനുസൃതമായി അവരുമായി പെരുമാറലും ഇടപഴകലുമാണ് സഹാനുഭൂതി എന്ന് മലയാളീകരിക്കാവുന്ന Empathy. ജീവിതത്തിൽ നാമോരോരുത്തരും പലവിധേന അത് പ്രകടിപ്പിച്ചവരും അതിൻ്റെ ഗുണഭോക്താക്കളുമാണ്. ആധുനിക സമൂഹത്തിൽ പലവിധേന Empathy യിൽ സംഭവിക്കുന്ന ശോഷണത്തെ കുറിച്ചാലോചിക്കുമ്പോൾ നമ്മുടെ പ്രമേയം കൂടുതൽ പ്രസക്തമാവുന്നുണ്ട്. Fast Paced ആയ മോഡേൺ ജീവിതവും, അതിസാങ്കേതിക വിദ്യ കേന്ദ്രീകരിച്ചുള്ളതായ ആയ സാമൂഹികതയും, വർധിച്ചു വരുന്ന Individualistic സംസ്കാരവുമെല്ലാം ആളുകളിൽ Empathy യുടെ ശോഷണത്തിന് കാരണമാവുന്നതായി കാണാം. മനുഷ്യരുടെ പൊതുവായ ക്ഷേമത്തിനും വികാസത്തിനും അനുപേക്ഷണീയമായ പരസ്പരാശ്രയത്വവും (Co-dependence) സഹകരണവുമെല്ലാം Empathy യുടെ അഭാവത്തിൽ ക്ഷയിച്ചു പോകുന്നു. വിശിഷ്യാ ജനങ്ങളുടെ മാനസികാരോഗ്യം അഭൂതപൂർവമാം വിധം അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് സഹജീവിതങ്ങളെ കാണാനും കേൾക്കാനും അറിയാനുമുള്ള ശ്രദ്ധയും കരുതലും അന്യമാവുന്നത് ഗുരുതരമാണ്.
Psychological Disorders/ Conditions ഉള്ളവരുടെ തന്നെ കാര്യം നോക്കാം. Social Model of Disability പ്രകാരം അത്തരക്കാരുടെ രോഗാവസ്ഥയെ/ വൈകല്യങ്ങളെ നിലനിർത്തുന്നതിലും, ഗൗരവതരമാക്കുന്നതിലും ചുറ്റുമുള്ള വ്യക്തികളും പൊതുവിൽ സമൂഹവും പങ്കുകാരാവും എന്നാണ് പറയപ്പെടുന്നത്. അഥവാ Empathetic Engagement ലൂടെ അത്തരക്കാരുടെ ആരോഗ്യനില മെച്ചപ്പെടുത്താനും സമൂഹത്തിനാകും. ഉദാഹരണത്തിന്, Addiction Disorders or Autistic Conditions ബാധിതരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ Empathetic ആയ ഇടപെടലുകൾക്ക് സാരമായ സ്വാധീനം ചെലുത്താനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പൊതുവിൽ ഒരു ക്ഷേമ സമൂഹത്തിൻ്റെ സുഗമവും സുസ്ഥിരമായ വളർച്ചക്ക് അതിലെ അംഗങ്ങൾ പരസ്പരം അറിഞ്ഞും അനുഭവിച്ചും സഹകരിച്ചും കഴിയുക എന്നത് ഏതു കാലത്തും പ്രധാനമാണെന്ന് ചുരുക്കം.
മോഡറേറ്റർ:
സഹാനുഭൂതി പ്രമേയത്തിന്റെ അടിസ്ഥാന ഭാഗമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. എങ്കിൽ പോലും 'അകലങ്ങൾ' സൂചിപ്പിക്കുന്ന അർത്ഥത്തെ വിശ്വാസത്തിന്റെയും ആദർശത്തിന്റെയും രീതിശാസ്ത്രവുമായി ബന്ധപ്പെടുത്തുമ്പോൾ ഒരു അനിവാര്യതയുടെ സ്വഭാവത്തെ കൂടി അത് പ്രകാശിപ്പിക്കുന്നുണ്ട് എന്ന് തോന്നുന്നു. നികത്താനുള്ള അകലം അറിയുന്നതുപോലെ അകലാനുള്ള അകലത്തെ അറിയുക എന്ന വിചാരം. കാരണം ‘ഇട’ എന്ന ആശയം നിർമ്മിത സ്വഭാവമുള്ളതാണെങ്കിലും അതിൽ നമ്മുടെ താത്പര്യങ്ങളും, ബോധവും ഇവ രണ്ടും ഇല്ലാതെ സ്വയം സൃഷ്ടിയാകുന്നത് പോലെ തന്നെ ചില അകലങ്ങൾ സംഭവിക്കുന്നുണ്ട്. അതിനെ കുറിച്ചുള്ള ആലോചനകൾ എങ്ങനെയായിരിക്കും.
മുബശിർ പൊന്നാനി:
അകലങ്ങളെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. രണ്ടു വ്യകതികൾക്കോ വസ്തുക്കൾക്കോ ഇടയിൽ വരുന്ന/വരുത്തുന്ന അകലങ്ങളെക്കുറിച്ച് പരിശോധിക്കുമ്പോൾ പറഞ്ഞതു പോലെ നിഷേധാത്മകവും ധനാത്മകവുമായ രീതിയിൽ നമുക്ക് സമീപിക്കാവുന്നതാണ്. ചിലതിനോട് നമ്മൾ പാലിക്കേണ്ട അകലങ്ങളുണ്ട്. നേരത്തെ പറഞ്ഞ അനിവാര്യമായ അകലങ്ങൾ പോലെ. സ്ത്രീപുരുഷ സ്പർശന വിഷയത്തിൽ, ഗതാഗത വാഹനങ്ങൾ തമ്മിൽ, രോഗികളുമായുള്ള ഇടപെടലുകൾ തുടങ്ങി അനേക വിഷയങ്ങളിൽ കാണിക്കുന്ന distance, അനിവാര്യമായതോടൊപ്പം പലതും അവിഭാജ്യവുമാണ്. പക്ഷെ, ആ അകലം നിഷേധാത്മകമല്ല (Negative). കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ സുസ്ഥിരമായ ഒരു സമൂഹത്തിന്റെ നടത്തിപ്പിനും നീക്കുപോക്കിനും അത്യാവശ്യമായി വരുന്ന ചില നിർദേശങ്ങളായത് കൊണ്ട് തന്നെ ഇവയെല്ലാം ഗുണപരമായാണ് കണക്കാക്കപ്പെടുക.
ഭാഷാപരമായി നോക്കുമ്പോൾ space ന് 'വിടവ്' എന്നും 'ഇടം' എന്നും മലയാളീകരിക്കാം. 'വിടവ്' ഒരു Negative vibe ഉത്തേചിപ്പിക്കുന്നത് പോലെ 'ഇടം' Positive vibe ഉം നൽകുന്നുണ്ട്. ഈ രണ്ടു മാനസിക പരിവർത്തനങ്ങളുടെയും പൊതുവായ സാമ്യത അവിടെ അകലം ഉണ്ട് എന്നതാണ്. പക്ഷെ, അവ രണ്ടായി മാറുന്നത് അവയോടുള്ള നമ്മുടെ സമീപനം സ്വാധീനിച്ചിരിക്കുകയും ചെയ്യും.
സുരക്ഷിതത്വം, സ്വകാര്യത പോലുള്ള പൊതുവായ അർത്ഥത്തെ കുറിക്കുന്നതാണ് വീട് എന്ന space. ഇത് പൊതുവായ ഒരു വിശദീകരണമാണ്. Liminal Space തിയറി അനുസരിച്ച് ഓരോരുത്തരുടെയും ജീവിത പരിസരങ്ങളിൽ നിന്ന് രൂപപ്പെട്ട വീട് എന്ന ആശയം പലപ്പോഴും ആ അർത്ഥത്തോട് കൂറ് പുലർത്തണമെന്നില്ല. എങ്കിലും വ്യക്തിപരം എപ്പോഴും വൈയക്തികതയെ മാത്രം സൂചിപ്പിക്കുന്നതുമല്ല. ഒരു സമൂഹത്തെ/ മതത്തെ/സംഘടനയെ തുടങ്ങിയവയൊക്കെ പരാമർശിക്കാനും ഒരേ സംസ്കാരം ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം വ്യക്തികൾ കൂടിച്ചേരുന്നതാണെന്ന ബോധം വളർത്തിയെടുക്കുന്ന ഇത്തരം social institutions നെയും കൂടി വിളിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ നമ്മുടെ tradition and creativity യെ explore ചെയ്യാനും represent ചെയ്യാനുമുള്ള വലിയൊരു tool ആയിട്ടു കൂടിയാണ് ഞാനിതിനെ (Space) കാണുന്നത്. മാതാപിതാക്കളോടും ഗുരുക്കന്മാരോടും കാണിക്കുന്ന ആദരവ് (പ്രകടനം പലവിധേനയുണ്ടെങ്കിലും) Distance നെ ആശ്രയിക്കുന്നുണ്ട്. ഇത് അനിവാര്യമാണ്. മതം നിഷ്കർഷിക്കുന്നതുമാണ്. Liminal Space വെച്ച് അനുമാനിക്കുമ്പോൾ representation of tradition ലേക്ക് ചിലത് കൂടി ചേർത്തു വെക്കേണ്ടി വരും. ദർഗകൾ ഒരു സമൂഹത്തിന്റെ ആത്മീയധിഷണയുടെയും ആവശ്യനിറവേറ്റത്തിന്റെയും കേന്ദ്രമാണല്ലോ. ഈ space നിർവഹിക്കുന്ന രാഷ്ട്രീയം മറ്റുള്ളവരെ ആ ഇടത്തിലേക്ക് സ്വാധീനിക്കുക/എത്തിക്കുക എന്നാണ്. അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിൽ തവസ്സുൽ, ഇസ്തിഗാസ അനുവദനീയമാണെന്നത് ശ്രദ്ധേയമാണ്. ഇതര കക്ഷികൾക്ക് അതൊരു മഖ്‌ബറ മാത്രമായിരിക്കുന്നിടത്ത് നമ്മൾ കാണിക്കുന്ന ആദർശ സമീപനം കൂടിയാണിത്.
മോഡറേറ്റർ:
കലകൾക്കകത്ത് ഈ വിടവുകളെ അളക്കലും സർഗ്ഗാത്മകതയുടെ, RENDEZVOUS ന്റെ മോട്ടോ തന്നെ “സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തിന്റെ സർഗ്ഗാത്മകത” എന്നാണ്, സാധ്യതകളെ ഇത്തരം അകലങ്ങളിലൂടെ അറിയലും വ്യത്യസ്തമായിരിക്കുമല്ലോ. creative exploration കൊണ്ടുവരാൻ കഴിയുന്ന അകലങ്ങളെ ഭേദിക്കൽ സാഹിത്യ കലാ രൂപങ്ങളിൽ എങ്ങനെയായിരിക്കും. കലയും മനുഷ്യനും തമ്മിലുള്ള ആന്തരികമായ വശങ്ങളെ അവയുടെ ഇതിവൃത്തം/ ആശയം, കഥാപാത്രം/കലാ സൃഷ്ടി, കഥാസങ്കേതം തുടങ്ങിയ മാധ്യമങ്ങളിലൂടെ സമീപിക്കുമ്പോൾ ഏറ്റവും തീവ്രമായ അതിന്റെ സംവേദനങ്ങൾ സൗഹൃദപരമാകുന്നതും മാനുഷികമായ ഒരു ഗുണത്തിലൂടെ കലയും സാഹിത്യവും അകലങ്ങളുടെയും ഉൾക്കൊളളലിന്റെയും ആഖ്യാനങ്ങളാകുന്നതും എങ്ങനെയായിരിക്കും. അല്ലെങ്കിൽ അത്തരത്തിലൊരു വ്യാഖ്യാനം സാധ്യമാകുന്നുണ്ടോ?
മുബശിർ പൊന്നാനി:
കലയുടെ കടന്നുകയറ്റത്തെയാണ് Creative Exploration കൊണ്ട് ഉദ്ദേശിക്കുന്നത്. കല എപ്പോഴും വിപ്ലവാത്മകമായിരിക്കും. അതിന്റെ സ്വഭാവമതാണ്. രാഷ്ട്രീയ-അരാഷ്ട്രീയ ചേരിതിരിവുകൾ കാണിക്കുന്ന വിവേചനപരമായ സങ്കേതങ്ങൾ കലയിലുണ്ടെങ്കിലും മാനുഷികമാണെന്ന ബോധ്യമാണ് മനുഷ്യനെ കലയിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കുന്നത്. ഏതു കാലത്തെ കലയുടെയും താല്പര്യങ്ങൾ അത്തരത്തിൽ വിഷയീഭവിച്ചു വരുന്നതും നിലപാട് പറയുന്നതും സ്വതന്ത്രമായ ഒരു നിലനിൽപ് കലയ്ക്കുള്ളത് കൊണ്ടാണ്. അത്തരമൊരു പ്രവണത സൃഷ്ടിച്ചെടുക്കുന്നത് സ്വാഭാവികമായും വായനയിലൂടെ തന്നെയാണ്.
Catharsis ന്റെ പുതിയകാല വ്യാഖ്യാനങ്ങൾ കൂടുതലായി കാണപ്പെടുന്ന ഒരു മേഖലയാണ് വായന. Catharsis ആവശ്യപ്പെടുന്ന അനുകമ്പയും ഭയവും (Pity and Fear) ഉത്തേജിപ്പിക്കുന്നതാണ് മിക്ക കല്പന സൃഷ്ടികളും (Fictional Works). എന്താണ് വായനയുടെ അമൂർത്തതയും അപാരതയും? വായനയുടെ രസതന്ത്രവും രാഷ്ട്രീയവും? എന്നിങ്ങനെ ചോദിച്ചു നീളുന്ന, തുടരുന്ന ധാരാളം സന്ദേഹങ്ങളും സമാധാനങ്ങളും ഒരു വായനക്കാരനെന്ന നിലയിൽ പൊതുവിൽ ഉണ്ടായേക്കാവുന്ന ചിലതാണ്. അവയുടെയൊക്കെ ആന്തരികമായ വശങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, വായന നമ്മെ സ്വാധീനിക്കുന്നതിന്റെ കാരണം അത് സഹജാവബോധത്തോടെ വായനക്കാരനെ സമീപിക്കുന്നു എന്നതാണ്. വായനയുടെ Empathetic ആയ ഈ നിലപാട് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. മിക്ക കല്പനാ സൃഷ്ടികളും അവയുടെ കലാപരമായ പര്യവേക്ഷണത്തിൽ സ്ഥാപിച്ചിരിക്കുന്ന മാനവികതയുടെ ഈടുവെപ്പുകളും ലോകക്രമത്തെയും മാനുഷിക ബോധത്തെയും സുനിശ്ചിതമായി തന്നെ പരിവർത്തിപ്പിച്ചിട്ടുണ്ട്. ഇതിവൃത്തം, കഥാപാത്രം, കഥാസങ്കേതം തുടങ്ങിയ ഘടകങ്ങളിൽ പാലിക്കുന്ന വ്യക്തമായ തിരഞ്ഞെടുപ്പുകളും ക്രമങ്ങളും ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയതോ കഥയനുഭവിച്ച് പരിചയം സംഭരിച്ചതോ ആയി തോന്നിപ്പിക്കുന്നത് കൊണ്ടാണ് ഏറ്റവും തീവ്രമായ മാധ്യമമായി പുസ്തകങ്ങളെ കാണുന്നത്. സ്വയം നിർണയിക്കാനും മറ്റുള്ളവരെ ഉൾക്കൊള്ളാനും ഉതകും വിധം അപര നിർമാണ സമർപ്പണങ്ങൾ ധാരാളമായി വാക്കുകളിലൂടെ അടയാളപ്പെടുത്തേണ്ടി വരും. അത്തരം ആഖ്യാനങ്ങൾ തീർത്ത ഉൾക്കൊള്ളലിന്റെ സുന്ദര രൂപങ്ങളാണ് കഴിഞ്ഞു പോയ വിപ്ലവങ്ങളും മനുഷ്യത്വത്തിന് വേണ്ടി ഉയരുന്ന ശബ്ദങ്ങളും. കേവലമായ ചിത്രണങ്ങൾക്കപ്പുറം നിയതമായ ഒരു നിലപാട് പറയുന്നതിലൂടെ സ്വയം പൂരിപ്പിക്കാനും മറ്റുള്ളവരെ തിരിച്ചറിയാനും ഇതിനു സാധിക്കുന്നുണ്ട്.
ആലങ്കരികമായി പറയുമ്പോൾ 'പടപ്പ് ' ലും 'വിടവ് ' ലും സാമ്യമായ ഒന്ന് 'ട' യാണ്. ഒന്നിലെ ഇരുവശങ്ങളിൽ 'പ' യും മറ്റൊന്നിലെ 'വ' യും പരസ്പരം സാമ്യവുമാണ്. രണ്ടു വിടവുകൾക്കിടയിലും പൂത്ത 'ട' യാണ് ക്രിയാത്മകത. ഉപയോഗിക്കുന്നവർ ഉപയോഗിക്കും. ഇല്ലെങ്കിലത് വിടവിലൊളിക്കും. സ്വതന്ത്രമായ നിലനിൽപ്, സ്വന്തമായ അസ്തിത്വം, സർഗാത്മകമായ മുന്നേറ്റം തുടങ്ങിയവയുടെയെല്ലാം സാധ്യത രൂപം കൊള്ളുന്നത് കല കലയ്ക്കു വേണ്ടിയാണ് എന്ന ആഗോളവാക്യത്തിൽ നിന്നാണ്. തിരുത്തിക്കൊണ്ടേയിരിക്കുന്നു എന്ന നിഷേധാത്മകത പരിപൂർണമാകുന്നത് സുന്ദരമായി പുതുക്കിക്കൊണ്ടേയിരിക്കുന്നു എന്നതിലാണ്. അവിടെയാണ് കലയൊരു മുന്നേറ്റമാകുന്നതും.
മോഡറേറ്റർ:
നെഗറ്റീവ് വൈബ് തോന്നിപ്പിക്കുന്ന ‘അകലം’ മേൽ പറഞ്ഞത് പ്രകാരം representation of tradition ന്റെ പരിസരത്ത് അവിഭാജ്യമാണെന്ന് മനസ്സിലാക്കുമ്പോഴും ശരീഅത്തിന്റെ നിയമത്തിനകത്ത് നിന്നുള്ള ഫോഴ്സ് എന്നതിനപ്പുറം അത് വിശ്വാസിയിൽ സൃഷ്ടിക്കുന്ന ഒരു ബോധ്യത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ പുതിയ കാലത്തെ അസ്വസ്ത്ഥതകൾ വ്യാകുലതകൾ, വിശ്വാസത്തെ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവ് എന്നിവക്ക് പരിഹാരമാകുന്നതിന്റെ ഒരു ആഖ്യാനം കൂടി പ്രമേയത്തിന്റെ സാധ്യമായ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന് തോന്നുന്നു. മത്സര പരിപാടികളിലും വിഷയങ്ങളിലും അനുബന്ധ ചർച്ചകളിലും പ്രമേയത്തെ സംസാരിക്കുന്നതിലുപരിയായി പ്രത്യക്ഷ സ്വാഭാവത്തിലുള്ള അതിന്റെ ഭാഷാർത്ഥത്തിന്റെ നിലയിൽ നിന്നും പരോക്ഷമായി പ്രകടിപ്പിക്കുന്ന രാഷ്ട്രീയ സന്ദേശത്തെ കണ്ടെടുക്കാനുള്ള സാധ്യതയായിരിക്കും ‘അകലങ്ങളെ അറിയുക’ എന്നതിനെ വേർതിരിക്കുന്ന ഘടകം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അമീൻ അഷ്റഫിന് ഇതിന്റെ സൈക്കോളജി വിവരിക്കാൻ കഴിയുമെന്ന് തോന്നുന്നു.
അമീൻ അഷ്റഫ്:
രാഷ്ട്രീയമാകൽ പുതിയ കാലത്തിനോട് തന്നെയുള്ള പ്രതികരണമാണ്. ലിബറൽ ചിന്തകളുടെയും വ്യവഹാരങ്ങളുടെയും ഭാഗമായി പടിഞ്ഞാറൻ നാഗരികത മനുഷ്യന് വകവച്ചുനൽകിയതാണ് വ്യക്തി കേന്ദ്രീകൃത ചിന്തയും സ്വാതന്ത്ര്യവും. അതുകാരണമായി പാരമ്പര്യവും അതിലുപരി മതപരവുമായ ധാർമികതയുടെയും, കർതൃ നിർവ്വഹണത്തിന്റെയും തിരസ്കരണമാണ് ചരിത്രത്തിലുടനീളം കാണാൻ കഴിഞ്ഞത്. പുരോഗമനം എന്ന് പുറമെ തോന്നിപ്പിക്കുന്ന തനി അവസരവാദ ചിന്തയുടെ യുക്തി വിശേഷം മാത്രമാണ് അതിന്റെ മർമ്മം.
സമത്വവും, സ്വാതന്ത്രവും അടിസ്ഥാന രഹിതമായി നിർവചിച്ചു പുതിയ കണ്ടെത്തലുകളിലേക്കും ജീവിത വ്യവസ്ഥകളിലേക്കും മനുഷ്യസമൂഹത്തെ പറിച്ചുനടപ്പെട്ടതാണ് നവോത്ഥാന ചിന്തയുടെ ആകെത്തുകയായി കാണാൻ കഴിയുന്നത്. ജ്ഞാനോദയ കാലത്തെ നിർമ്മിതികൾ അതിന് ആക്കം കൂട്ടുകയും, അവ കാരണമായി ബാഹ്യവും, അതീന്ദ്രിയവുമായ സ്ഥാനങ്ങളുടെയും പദവികളുടെയും കീഴ്മേൽ മറിച്ചിലുകൾ ലോകത്ത് വിവിധ മേഖലകളിൽ അരങ്ങേറുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രവാദമായി അത് പരിണമിക്കുകയും എന്നാൽ എല്ലാ ശാസ്ത്ര സത്യവും അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന സമീപനം. ആധുനികതാ വാദത്തിന്റെ സ്ത്രീപക്ഷ സമീപനം പോലും അല്പം വിരുദ്ധമാകാം എന്നാണ് കേരളത്തിലടക്കമുള്ള നമോത്ഥാന നായകരുടെയും അവരുടെ സ്നേഹിതന്മാരുടെയും നിലപാട്. മനുഷ്യ പദവികളുടെയും, സ്ഥാനങ്ങളുടെയും മഹത്വമോ ആവശ്യകതയോ, മനുഷ്യ സൃഷ്ടിപ്പിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന അവകളുടെ പാരമ്പര്യത്തെയോ കണക്കിലെടുക്കാതെ സാമാന്യ ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചു കളഞ്ഞ സുപ്രധാന ഘടകങ്ങൾ പലതും ഇന്ന് കാണാൻ കഴിയും. വ്യക്തിയിൽ നിന്നാണ് അതിന്റെ തുടക്കം. മതമാണ് അതിൽ പ്രധാനം. പിന്നീട് കുടുംബത്തിലേക്കാണ് അതിന്റെ പോക്ക്. പ്രമേയം ആവശ്യപ്പെടുന്നതു പോലെ അറിയാനുള്ള അകലങ്ങൾ ആ അകലം പാലിക്കാൻ തന്നെയാണ്.
ചുരുക്കത്തിൽ, ഈ പ്രമേയം പൊതുവിൽ അർത്ഥവത്തായ ഒരു സാമൂഹിക ബന്ധം (meaningful social connectivity) സൃഷ്ടിക്കാനുള്ള ആഹ്വാനമാണ്. പുതിയ കാലത്തെ ചില ചിന്താ വികാസങ്ങൾ മനുഷ്യൻ്റെ അത്തരമൊരു അടിസ്ഥാന ആവശ്യത്തെ അവഗണിക്കുന്നതും നിരാകരിക്കുന്നതും അത്തരമൊരു ബന്ധത്തെ അപകടത്തിലാക്കുന്നതുമാണ്. മതങ്ങളും കുടുംബവും പോലെയുളള മനുഷ്യ ബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന സഹകരണ സംവിധാനങ്ങളെ വിലകുറഞ്ഞതും പഴഞ്ചനുമായി ചിത്രീകരിക്കുന്ന സിനിമകളും മറ്റു വിനോദങ്ങളും വലിയ രീതിയിൽ വരവേൽക്കപ്പെടുന്ന ഉണർന്ന സാമൂഹ്യ ചുറ്റുപാടിൽ അവയുടെ ആഖ്യാനങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾ പ്രവചനാധീതമാണ്. മതങ്ങളെ നികൃഷ്ടവും വ്യർഥവുമായി എഴുതി തള്ളാൻ വെമ്പൽ കൊള്ളുന്ന "പുരോഗമന" പ്രേമികൾ മതവും അതിന്റെ മൂല്യങ്ങളും തീർത്ത സുരക്ഷിത സാമൂഹ്യ കവചങ്ങളെ വകഞ്ഞു മാറ്റി ദാരുണമായൊരു ഭാവിയെ തിരഞ്ഞെടുക്കുകയാണ്. ആധുനിക ജീവിത വ്യവസ്ഥിതിയിൽ അതിന്റെ അനേകം ഗൂഢ ഗർത്തങ്ങളിൽ എളുപ്പം കാലിടറാവുന്ന മനുഷ്യന് ഊന്നു നൽകി കരപറ്റാൻ തൻ്റെ സഹജീവികളനിവാര്യമാണ്. നമ്മളോരോരുത്തരും പരസ്പരം പ്രതീക്ഷകളുടെ സാധ്യതകളാണ്. അത്തരമൊരു സദാ ബോധവും, കരുതലുമാവണം നമ്മെ നയിക്കേണ്ടത്.
മോഡറേറ്റർ:
ഈ ചർച്ചക്ക് ഇനിയും സാധ്യതയുണ്ട്. എന്നിരുന്നാലും നമുക്കിതിനെ ഇങ്ങനെ സംഗ്രഹിക്കാം. അപരനെ അറിയുന്നതിന്റെ അനിവാര്യത ചെറുതല്ല. വ്യക്തികേന്ദ്രീകൃതമായ (individualistic) ഈ ആധുനിക കാലത്ത് കണ്ടറിയാനും കേട്ട് നില്ക്കാനും ആളുകളുണ്ടാവുക എന്നത് സൗഭാഗ്യമായി മാറിയിരിക്കുകയാണ്. ഒരു വ്യക്തിയുടെ ആകുലതകൾ, നഷ്ടങ്ങൾ, പ്രതിസന്ധികൾ, ഒറ്റപ്പെടലുകൾ, വേദനകൾ, വിരഹങ്ങൾ എന്നിവയെല്ലാം അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഘടകങ്ങളാണ്. സ്വത്വപ്രതിസന്ധി പോലെ, അപകർഷതാബോധം പോലെ മനസ്സിനെ മരവിപ്പിക്കുകയും പിന്നീട് ആത്മഹത്യയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്ന തരത്തിൽ ഭീകരമാണ് ഒരാളെ ഉൾക്കൊള്ളാതിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ. മനുഷ്യർക്കിടയിലെ ഇത്തരം അകലങ്ങളെ മനസ്സിലാക്കുകയാണ് റെൻഡിവ്യൂ ’24. സഹാനുഭൂതിയുടെ കരങ്ങളെ കൊണ്ട് പരസ്പരം ചേർത്തുനിർത്തുകയാണ് നമ്മൾ.
പരസ്പരം മനസ്സിലാക്കുന്നതിലൂടെ മാത്രമേ സുദൃഢമായ ബന്ധങ്ങൾ രൂപപ്പെടുന്നുള്ളു. അപരന്റെ മനസികാവസ്ഥകളെ കൂടി അറിയുന്നതിലൂടെ മാത്രമേ അത് പൂർത്തിയാവുന്നുമുള്ളു. മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനും, അവരുടെ ആതുരതകളെ സ്വന്തം വേദനയായി തിരിച്ചറിയാനുമുള്ള സഹാനുഭൂതിയാണ് നമുക്ക് ആവശ്യം. മനുഷ്യനെ മനുഷ്യനാക്കുന്നത് മാനവികതയാണല്ലോ.
മനുഷ്യ വ്യവഹാരങ്ങളുടെ രേഖീയമായ സഞ്ചാരത്തിൽ പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത് മറ്റുള്ളവരുടെ മനസ്സിനെയാണ്. അതിനെ നമുക്ക് മനസ്സിലാക്കാം. നാമും അവരും തമ്മിലുള്ള ആ അകലം നമുക്ക് കണ്ടെത്താം. അതൊരുപക്ഷെ, അവർ ആവശ്യപ്പെട്ടു കൊള്ളണമെന്നില്ല. അവിടെയാണ് രണ്ടു വ്യക്തികൾക്കിടയിലെ ഇട/എട/അകലം (spaces) കാണപ്പെടുക. ആ ഇടത്തെയാണ് നമ്മൾ പൂരിപ്പിക്കേണ്ടത്. അവിടെയാണ് അർത്ഥവത്തായ ആശയങ്ങളായി നാം മാറേണ്ടത്. അവിടെയാണ്, വിശ്വാസികൾ ഒരു ശരീരം പോലെയാണെന്നും, ഒരു അവയവം വേദനിക്കുമ്പോൾ ശരീരം മുഴുവൻ പനിച്ച് കൊണ്ട് അതിനോട് പ്രതികരിക്കുമെന്ന തിരുനബി വചനം നാം ഓർക്കേണ്ടത്.
മറഞ്ഞു കിടക്കുന്ന യാഥാർഥ്യത്തെക്കുറിച്ചുള്ള അവബോധത്തിലേക്ക് കൂടിയാണ് പ്രമേയം ക്ഷണിക്കുന്നത്. Sensing the Spaces എന്നതിലെ Space ന്റെ ചർച്ചയിൽ നമ്മളത് മനസ്സിലാക്കി. ദൃശ്യമായ വസ്തുക്കൾ, ആളുകൾ, ചലനങ്ങൾ, ശബ്ദങ്ങൾ കൊണ്ടെല്ലാം മുഖരിതമാണ് ഇടങ്ങൾ. എന്നാൽ നിശ്ചലമായ മനസ്സുകളുണ്ട്. ശൂന്യരായ മനുഷ്യരുണ്ട്. അകന്നു കിടക്കുന്ന ഹൃദയങ്ങളുണ്ട്. വിടവുകൾ വീണ വാക്കുകളുണ്ട്. തകർന്നു പോയ മനുഷ്യരുണ്ട്. തകർന്ന ഹൃദയമുള്ളവർക്ക് സംസാരിക്കാൻ വാക്കുകൾ വിരളമായിരിക്കും. വാക്കുകൾക്കിടയിൽ വരുന്ന അകലം വലുതായത് കൊണ്ട് ആരോടും സംസാരിക്കാതെയുമാകും. വാക്കുകൾക്കിടയിലെ ഈ ഇടത്തെ സാന്ദ്രമാക്കുകയാണ് ഇവിടെ നമ്മൾ. ചുറ്റുമുള്ളതെല്ലാം സ്വയം വായിക്കാതെ നമ്മുടെ വായനയിൽ മറ്റുള്ളവരെക്കൂടി കൂട്ടുക. അവരുടെ സങ്കൽപ്പങ്ങളിലൂടെയും സഞ്ചരിക്കുക. ലോകം വിശാലമാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ നമ്മളെല്ലാവരും കൂടിച്ചേരുന്നതാണ് ഭൂമിയെന്ന ബോധ്യത്തിലേക്ക് നടന്നടുക്കുക. ആളുകളുടെ സംഭാഷണങ്ങളിലും പെരുമാറ്റങ്ങളിലും ഉള്ളടങ്ങിയ പരോക്ഷമായ തലങ്ങളെ മനസ്സിലാക്കാൻ ഇത്തരം ആത്മാർത്ഥമായ ശ്രദ്ധയിലൂടെ (Earnest Attentiveness) നമുക്ക് സാധിക്കും.
മനുഷ്യ ബന്ധങ്ങളെ ചേർത്ത് നിർത്താനുള്ള സാമൂഹ്യ മാധ്യമങ്ങളുടേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റു സാങ്കേതിക വിദ്യകളുടേയും സാധ്യതകളെ കുറിച്ച് അവബോധരായിരിക്കെ തന്നെ, മനുഷ്യനെ ഒറ്റപ്പെടുത്താനുള്ള (alienation) അതിന്റെ ശേഷിയെ കൂടി നാം തിരിച്ചറിയണം. ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള അതിന്റെ കഴിവിനെയും സാധ്യതയെയും നാം ഉൾക്കൊള്ളണം. ഡിജിറ്റൽ വേൾഡിനകത്ത് കുടുങ്ങിപ്പോകുന്ന മനുഷ്യരുടെ മരവിപ്പിനെ കുറിച്ചുള്ള ആധി നമുക്കുണ്ടാകണം.
ലോകത്തോടൊപ്പം മനുഷ്യരായിത്തന്നെ നമുക്ക് സഞ്ചരിക്കാം. ഒപ്പം നമ്മുടെ വിശ്വാസവും വിശ്വാസത്തിനകത്ത് തന്നെ നമുക്കു നമ്മളായി നിൽക്കാനുള്ള ഇടങ്ങളും, നമ്മോടല്ലാത്തതിനോട് വിയോജിക്കാനുള്ള അകലങ്ങളും മതിലുകളും നമുക്ക് സൃഷ്ടിക്കാം. അവസാനം അവസാന നാളിലെ അവസാന പിടിവള്ളിയായ ആദ്യ നൂറിന്റെ കൈപിടിക്കാൻ നമുക്ക് നമ്മുടെ പരമ്പരയിൽ തന്നെ കണ്ണി ചേരാം. പാരമ്പര്യത്തെ അറിയാനുള്ള ഓരോ അകലവും കുറച്ചു കുറച്ച് നമുക്ക് നമ്മളായി തുടർന്നിടാം.