KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ശൈഖ് ജീലാനിയുടെ ജീവിതവും ദർശനവും

യാസീൻ സിദ്ധീഖ് നുറാനി

ഹിജ്റ 470ൽ ജീലാനിൽ ജനിച്ച് ഹിജ്റ 561ൽ ബഗ്ദാദിൽ വഫാത്തായ മഹാ വ്യക്തിത്വമാണ് ശൈഖ് അബ്ദുൽ ഖാദർ ജീലാനി. ദീനിന്റെ മൂന്ന് തലങ്ങളായ ഈമാൻ ഇസ്ലാം ഇഹ്സാൻ എന്നീ മേഖലകളിൽ അത്യപൂർവമായ പാണ്ഡിത്യവും സേവനവും ചെയ്തവരാണവർ. അതുകൊണ്ടുതന്നെയാണ് "മുഹ്‌യുദ്ദീൻ" (ദീനിന് ഉയിർ കൊടുത്തവർ) എന്ന സ്ഥാനപ്പേര് അവർക്ക് ലഭിച്ചത്. പിൽക്കാലത്ത് വന്ന സൂഫികളുടെ, പ്രത്യേകിച്ചും ഖാദിരികളുടെ മുഖ്യ മാർഗദർശിയും അവലംബവും അവരാണ്. അവരുടെ ശിഷ്യരോ, ശിഷ്യരുടെ ശിഷ്യരോ ആയിരിക്കും ഒട്ടുമിക്ക സൂഫി പ്രസ്ഥാനങ്ങളുടെയും ആത്മീയ ഗുരുക്കന്മാർ. അതുകൊണ്ടുതന്നെ അവരുടെ നിർദ്ദേശങ്ങളും നിലപാടുകളും മനസ്സിലാക്കൽ അത്യന്താപേക്ഷിതമാണ്. ആ നിലപാടുകളും നിർദ്ദേശങ്ങളും അനുസരിച്ച് ജീവിക്കുന്നതിനാണ് ത്വരീഖത് എന്ന് പറയുന്നത്.


അറിവനുഭവം

ഓരോ വ്യക്തിയും തസവ്വുഫിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ തന്റെ മേൽ ബാധ്യതയായ അറിവുകൾ പഠിച്ചെടുക്കണമെന്നതാണ് ശൈഖ് ജീലാനിയുടെ പ്രധാന നിർദ്ദേശം. അറിവില്ലാതെ സൂഫിസത്തിലേക്ക് പ്രവേശിക്കുന്നതിനെ വളരെ നിശിതമായി തന്നെ ശൈഖ് വിമർശിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഇൽമിന് കൊടുത്ത പ്രാധാന്യവും അവർ സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. "ദറസ്തുൽ ഇൽമ ഹത്താ സിർതു ഖുതുബൻ" എന്ന ശൈഖിൻ്റെ വാക്കിന് രണ്ട് അർത്ഥ സാധ്യതകളാണുള്ളത്; ഒന്ന്; ഖുതുബ് ആകുന്നതുവരെയും ഞാൻ അറിവ് പഠിച്ചു കൊണ്ടേയിരുന്നു. രണ്ട് അറിവ് പഠനത്തിൻ്റെ ഫലമായി എനിക്ക് ഖുതുബ് എന്ന സ്ഥാനം ലഭിച്ചു. ഏത് അർത്ഥ കൽപനപ്രകാരവും അറിവ് പഠനത്തിൻറെ പ്രാധാന്യമാണ് ബോധ്യമാകുന്നത്.


ശൈഖ് ജുബ്ബാഈ പറയുന്നു: ഹിൽയതുൽ ഔലിയ എന്ന കിതാബിന്റെ ദർസ് ഇബ്നുനാസിറിൽ നിന്ന് കേട്ടപ്പോൾ എൻറെ മനസ്സ് അലിയുകയും ജനങ്ങളിൽ നിന്ന് മാറി ഒരു പർണശാലയിൽ പോയി ഒറ്റയ്ക്കിരുന്ന് ഇബാദത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അവിടെ നിന്ന് പുറപ്പെട്ട ശേഷം അബ്ദുൽ ഖാദിറിന്റെ പിറകിൽ ഞാൻ നിസ്കരിച്ചു. നിസ്കാര ശേഷം അദ്ദേഹത്തിൻറെ മുന്നിൽ ഇരുന്നു. അപ്പോൾ എന്നെ നോക്കി അദ്ദേഹം പറഞ്ഞു: ഉസ്താദുമാരിൽ നിന്ന് അകവും അറിവും പഠിച്ച ശേഷം അല്ലാതെ നീ തനിച്ച് ഇബാദത്ത് ചെയ്യാൻ പോകരുത്. ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ നിനക്ക് തനിച്ചിരുന്ന് ഇബാദത്ത് ചെയ്യാൻ അർഹതയുള്ളൂ.(ഖലാഇദുൽ ജവാഹിർ 30) ഇബാദത്ത് ചെയ്യൽ അത്യാവശ്യമാണെങ്കിലും അതിൻ്റെ മുന്നേ അതിനാവശ്യമായ അറിവുകൾ സമ്പാദിക്കൽ അനിവാര്യമാണെന്നാണ് ഈ സംഭവത്തിലൂടെ നമ്മെ ജീലാനി തങ്ങൾ പഠിപ്പിക്കുന്നത്. ശൈഖവർകളുടെ പൊതുപ്രഭാഷണങ്ങളിലും ഇക്കാര്യം പലപ്പോഴായി അവർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.


ഒരിക്കൽ അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ഒരുപാട് പേർ വിഡ്ഢികളും, ചെയ്യുന്നതൊക്കെയും വിഢിത്തരവുമാകുന്നു. നിങ്ങൾ മഠങ്ങൾക്കകത്തിരുന്ന് സൃഷ്ടാവിനെ ആരാധിക്കുന്നു. അറിവില്ലാതെ പർണശാലകൾക്കകത്ത് വെറുതെ കുത്തിയിരുന്നത് കൊണ്ടൊന്നും ഇക്കാര്യം(ആത്മീയത) നേടാനാകില്ല. ഇൽമിനെയും ഉലമാഇനെയും തേടി യാത്ര ചെയ്യുക. രണ്ട് കാലുകൾക്ക് ഇനി യാത്ര ചെയ്യാൻ കഴിയില്ല, എന്ന് തോന്നുന്നതുവരെ സഞ്ചാരം തുടരുക (ജലാഉൽ ഹാതിർ 54,213).


ഹിജ്റ 545 വർഷം ജമാദുൽ ആഖിറ 16ന് പകൽസമയത്ത് നടത്തിയ ഒരു പ്രഭാഷണത്തിൽ അവർ പറഞ്ഞു: "അറിവ് കരസ്ഥമാക്കുക, പിന്നീട് ആത്മാർത്ഥമായി അമൽ ചെയ്യുക. നബി തങ്ങൾ പറഞ്ഞിട്ടുണ്ട്: "അറിവ് പഠിക്കുക ശേഷം ഉസ്ലത്(ജനങ്ങളിൽ നിന്നും മാറി നിന്ന് ഇബാദത് ചെയ്യൽ)പാലിക്കുക". കാര്യങ്ങൾ പഠിക്കുകയും പിന്നീട് ഏകാന്തവാസത്തിന് പോവുകയും ചെയ്യുന്നവനാണ് ശരിയായ വിശ്വാസി. (അൽഫത്ഹുറബ്ബാനി 140). അറിവ് സമ്പാദനത്തിലൂടെ മാത്രമേ ആത്മീയത കരസ്ഥമാക്കാനാവൂ എന്നാണ് ജീലാനി തങ്ങൾ ഓർമപ്പെടുത്തുന്നത്.


അറിവില്ലാതെ ആത്മശുദ്ധീകരണ മേഖലയിലേക്ക് പ്രവേശിക്കുന്നതിൻ്റെ വിപത്തുക്കളെക്കുറിച്ച് കൃത്യമായി ശൈഖവർകൾ ഉൽബോധനം നടത്തിയിട്ടുണ്ട്. അവർ പറയുന്നു: "അറിവില്ലാതെയും, ഖദ്ർ ഖളാഇനെക്കുറിച്ച് അജ്ഞതയിലുമായി ഒരുപാട് ആളുകൾ രാപ്പകലുകൾ ഇബാദത് ചെയ്യുന്നു, അവർ ശരീഅത്തില്ലാതെ ഹഖീഖതിനെ കുറിച്ചു സംസാരിക്കുകയും മതത്തിൽ നിന്ന് പുറത്തു പോവുകയും ചെയ്യുന്നു. ശരീഅത്തിൻറെ സാക്ഷ്യം ലഭിക്കാത്ത ഏത് ഹഖീഖതും മതഭ്രഷ്ട് ആണെന്ന് പറയപ്പെട്ടത് ഇതുകൊണ്ടാണ് " (ജലാഉൽ ഹാതിർ 119).


ത്വരീഖത് - ഹഖീഖത് പാരസ്പര്യം

ഇസ്ലാം മതത്തിലെ പരസ്പരപൂരകങ്ങളായ രണ്ട് തലങ്ങളാണ് ത്വരീഖത്, ഹഖീഖത് എന്നിവ. ഈ ആശയം അതീവ ഗൗരവത്തോടെ സമൂഹത്തെ ബോധ്യപ്പെടുത്തിയ ആളായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ). ശരീഅതിൻ്റെ സാക്ഷ്യം ലഭിക്കാത്ത ഏത് ഹഖീഖതും വ്യാജമാണ്, തള്ളപ്പെടേണ്ടതാണ്, ശരിയല്ല എന്ന് വ്യക്തമായി തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശരീഅത്തും ത്വരീഖത്തും തമ്മിൽ എതിരുണ്ടാവുകയില്ലെങ്കിലും ശരീഅത്തും ഹഖീഖതും എതിരുണ്ടാകാമെന്ന വാദത്തെയാണ് ശൈഖവർകൾ ഇതിലൂടെ തള്ളികളയുന്നത്. ശരീഅതിനെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് നിരന്തരമായി അവർ ഉപദേശിക്കാറുണ്ടായിരുന്നു.


ഹിജ്റ 545 ദുൽഹിജ്ജ മാസം 19-ആം തിയ്യതി നടത്തിയ പ്രഭാഷണത്തിൽ അവർ പറഞ്ഞു: "നബിതങ്ങളെ അനുധാവനം ചെയ്യാത്തവർക്കോ, നബി തങ്ങളുടെ ശരീഅതിനേയും വിശുദ്ധ ഖുർആനിനെയും പിൻപറ്റാത്തവർക്കോ അല്ലാഹുവിലേക്ക് എത്തിച്ചേരാൻ സാധിക്കുകയില്ല, അവൻ നശിക്കുകയും നശിപ്പിക്കുകയും, പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യും (അൽഫത്ഹുറബ്ബാനി. 119) ശരീഅതിനെ ബഹുമാനിച്ചത് കാരണമുണ്ടായ നേട്ടം ഒരു ചരിത്രം സംഭവം ഉദ്ധരിച്ച് ഒരിക്കൽ അവർ പറയുകയുണ്ടായി: "മരണത്തിനുശേഷം ഒരു മഹാനെ സ്വപ്നത്തിൽ കാണപ്പെട്ടു. അല്ലാഹു നിങ്ങളെ എന്തു ചെയ്തു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: എനിക്കു പൊറുത്തുതന്നു. എന്തുകൊണ്ടെന്ന ചോദ്യത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഒരു ദിവസം ഞാൻ ബാത്റൂമിൽ നിന്നും വുളൂ എടുത്തു പള്ളിയിലേക്ക് നടന്നു. പള്ളിയുടെ അടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്, ഒരു നാണയത്തിന്റെ അളവിൽ കാലിൽ വെള്ളം നനഞ്ഞിട്ടില്ലായിരുന്നു. ഞാൻ തിരിച്ചു പോയി ആ ഭാഗം കഴുകി. ഇതു കാരണമായി അള്ളാഹു തആല എന്നോട് പറഞ്ഞു: നിങ്ങൾ എന്റെ ശരീഅതിനെ ബഹുമാനിച്ചത് കാരണം ഞാൻ നിങ്ങൾക്ക് പൊറുത്തുതന്നിരിക്കുന്നു (ജലാഉൽ ഹാതിർ. 137).


ആത്മീയമായി എത്രതന്നെ ഉന്നതി പ്രാപിച്ചാലും ശരീഅതിന്റെ പിൻബലം ഇല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ശൈഖവർകൾ ഉപദേശിക്കുന്നു: "അല്ലാഹുവിൽ നിന്നുള്ള ഉറച്ച നിർദ്ദേശപ്രകാരമില്ലാതെ ഒന്നുംതന്നെ ചെയ്യരുത്. ഒന്നുകിൽ ശർഉ എന്ന മാധ്യമത്തിലൂടെയോ അല്ലെങ്കിൽ ശർഇനോട് യോജിച്ചു നിന്റെ ഖൽബിൽ വരുന്ന ഇൽഹാം മുഖേനയോ.." (അൽഫത്ഹുറബ്ബാനി 141) ."യഖീൻ വരുന്നതുവരെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക" എന്ന ഖുർആനിക വചനം ദുർവ്യാഖ്യാനം ചെയ്തു അല്ലാഹുവിനെ അറിയുന്നത് വരെ മാത്രമേ ഇബാദത്ത് ചെയ്യേണ്ടതുള്ളൂ എന്ന് വാദിക്കുന്ന അഭിനവ സൂഫീ പ്രസ്ഥാനങ്ങളുണ്ട്. ഈ ആയതിലെ യഖീനിൻ്റെ വിവക്ഷ മരണമാണെന്ന് പറഞ്ഞുവെക്കുന്നത് ഫുതൂഹുൽ ഗൈബിൽ കാണാം.


ഇൽമുൽ കലാമും

വിശ്വാസകാര്യങ്ങളെ തെളിവ് സഹിതം സമർത്ഥിക്കുകയും സംശയങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി നൽകുകയും ചെയ്യുന്ന വിജ്ഞാന ശാഖയാണ് ഇൽമുൽ കലാം. ഈ വിജ്ഞാനശാഖയെ ഫർള് കിഫായ (സാമൂഹിക ബാധ്യത)യുടെ കൂട്ടത്തിലാണ് പണ്ഡിതന്മാർ എണ്ണിയിട്ടുള്ളത്. സൂഫികളും അല്ലാത്തവരുമായ പണ്ഡിതന്മാർ ഈ വിജ്ഞാനശാഖക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്. ഇൽമുൽ കലാമിനെ അംഗീകരിക്കുന്നുവെന്നും ഇൽമുൽ കലാമിന്റെ പണ്ഡിതന്മാർ മുന്നോട്ടുവെക്കുന്ന അതേ വിശ്വാസം തന്നെയാണ് സൂഫികൾക്കുള്ളതെന്നും ആദ്യകാല സൂഫീ രചനകളായ രിസാലതുൽ ഖുശൈരിയ്യ, അത്തഅറുഫ് പോലുള്ള ഗ്രന്ഥങ്ങളിൽ സമർത്ഥിക്കുന്നത് കാണാം. എന്നാൽ ശൈഖ് ജീലാനി (റ) ഇൽമുൽ കലാമിനെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും വിമർശിച്ചിരുന്നുവെന്നും ആരോപണമുന്നയിക്കുന്നവരുണ്ട്. ഇത് ശരിയല്ല. സാമൂഹിക ബാധ്യതയായ ഒരു വിജ്ഞാന ശാഖയെ ശൈഖവർകൾ എങ്ങനെ വിമർശിക്കും..!! ഇല്മുൽകലാമിൽ തന്നെ കാലം കഴിക്കുന്നതിനെയോ, അനാവശ്യ ചർച്ചകളിൽ ഇടപെടുന്നതിനെയോ വിമർശിച്ചിട്ടുണ്ടാകാം. ഇതിനാധാരമായി ഇമാം ഉമർ സുഹറവർദി(റ)യുമായി ബന്ധപ്പെട്ട ഒരു സംഭവം ഉണ്ട്. ഇമാം സുഹറവർദി പറയുന്നു: യുവാവ് ആയിരിക്കെ തന്നെ ഞാൻ ഇൽമുൽകലാമുമായി വ്യാപൃതനാവുകയും ഒരുപാട് ഗ്രന്ഥങ്ങൾ മനപ്പാഠമാക്കുകയും ചെയ്തിരുന്നു. എൻറെ പിതൃ സഹോദരൻ ഇത് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഞാൻ നിർത്തിയിരുന്നില്ല. അങ്ങനെ ഒരിക്കൽ എന്നെ അദ്ദേഹം ശൈഖ് ജീലാനി തങ്ങളുടെ അടുത്തേക്ക് കൊണ്ടുപോയി പരാതി പറഞ്ഞു: ഇതെന്റെ സഹോദര പുത്രനാണ്. ഇൽമുൽ കലാമുമായി വ്യാപൃതനാകലാണ് ഇവൻ്റെ ജോലി. കാലങ്ങളായി ഞാൻ ഇവനോട് നിർത്താൻ ആവശ്യപ്പെടുന്നു. പക്ഷേ ഇവൻ നിർത്തുന്നില്ല… ഇത് കേട്ടപ്പോൾ ജീലാനി തങ്ങൾ ചോദിച്ചു: ഏതൊക്കെ ഗ്രന്ഥങ്ങളാണ് നീ മനപ്പാഠമാക്കിയത്? ഓരോ ഗ്രന്ഥങ്ങളുടെയും പേര് എണ്ണിപ്പറഞ്ഞ് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ ശൈഖവർകൾ അവിടുത്തെ കരങ്ങൾ എൻറെ നെഞ്ചിന്മേൽ വെക്കുകയും അതെല്ലാം മായ്ച്ചു കളയുകയും പുതിയ അറിവുകൾ നിറക്കുകയും ചെയ്തു.


ഈ സംഭവത്തിൽ ഒരിക്കലും മേൽപ്പറഞ്ഞ രീതിയിലുള്ള വിജ്ഞാന ശാഖയെ നിരാകരിക്കലില്ല, മറിച്ച് ഇമാം സുഹറവർദിയുടെ വ്യക്തിപരമായ വിഷയത്തിൽ ഒരു തിരുത്ത് മാത്രമാണുള്ളത്. വ്യക്തിപരമായ ഈ സംഭവത്തെ സാമാന്യവൽക്കരിച്ച് ഇൽമുൽകലാം എന്ന വിജ്ഞാന ശാഖയെ തന്നെ എതിർക്കുന്ന നിലപാടുകാരനായിരുന്നു ശൈഖ് ജീലാനി എന്ന് പറയുന്നത് ശരിയല്ല.


ദൈവിക രഹസ്യങ്ങൾ പരസ്യമാക്കൽ

ദൈവികമായ രഹസ്യങ്ങൾ പുറത്തു പറയുന്നത് ശരിയല്ല. പ്രത്യേകിച്ചും ഉൾക്കൊള്ളാൻ പറ്റാത്ത ജനങ്ങളുടെ മുന്നിൽ. ചില ഘട്ടങ്ങളിൽ ശൈഖ് ജീലാനി പൊതുജനങ്ങൾക്ക് മുന്നിൽ ഇത്തരം രഹസ്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് അനുകരണീയമല്ല എന്ന് അവർ തന്നെ പറഞ്ഞിട്ടുമുണ്ട്. മനപ്പൂർവ്വം അനിയന്ത്രിതമായി അവരിൽ നിന്നും വന്നുപോയതായിരുന്നു അത്തരം സംസാരങ്ങൾ. "ആ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിൽ നീ എന്നോട് പൊറുക്കണം ഞാൻ അനിയന്ത്രിതമായി പറഞ്ഞു പോവുകയാണ്. പിന്നീട് സങ്കടപ്പെടേണ്ടിവരുന്ന വചനങ്ങൾ ഒന്നും തന്നെ പറയരുതെന്ന് ചില മഹത്തുക്കൾ പറഞ്ഞിട്ടുണ്ട്.


പക്ഷേ ഞാൻ സംസാരിക്കാൻ തുടങ്ങിയാൽ ബോധിപ്പിക്കേണ്ടവന് ഞാൻ കാണുന്നില്ല." (ജലാഉൽ ഹാതിർ 74) ജീലാനി തങ്ങളല്ലാത്ത മഹാന്മാരും ഇത്തരം കാര്യങ്ങൾ പറഞ്ഞതിനെ ഇങ്ങനെ തന്നെയാണ് നോക്കി കാണേണ്ടത്.


ഖദ്ർ ന്യായീകരണം

മനുഷ്യർ ചെയ്യുന്ന തിന്മകളെ, അതൊക്കെ അല്ലാഹു നേരത്തെ കണക്കാക്കിയതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കുന്നവർ ഉണ്ട്. ആളുകൾ തെറ്റ് ചെയ്യുന്നത് കാണുമ്പോൾ ഇതേ ന്യായം പറഞ്ഞു അതിനെ എതിർക്കാത്തവരും ഉണ്ട്. നീ തെറ്റ് ചെയ്യുമെന്ന് ലൗഹിൽ ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് നീ ചെയ്തോ എന്ന് പറയുന്നവർ വേറെയും. എനിക്ക് സ്വർഗം വാഗ്ദാനം ചെയ്തിട്ടുണ്ട്, മുത്ത് നബിയെ നേരിട്ട് കണ്ടപ്പോൾ എനിക്ക് അന്തിമ വിജയം ഉറപ്പു നൽകിയിട്ടുണ്ട് എന്ന് ആശ്വസിക്കുന്നവരുമുണ്ട്. ഇത്തരം എല്ലാ പ്രവണതകളെയും നിരാകരിച്ചവരായിരുന്നു ശൈഖ് ജീലാനി. ശൈഖ് പറയുന്നു: "കുല്ലമാ അമ്നനീ ഇസ്ദത്തു മിനൽ ഖൗഫ്" അല്ലാഹു എനിക്ക് നിർഭയത്വം നൽകിയപ്പോഴെല്ലാം എൻ്റെ ഭയം വർധിച്ചു കൊണ്ടേയിരുന്നു. കാരണം അവൻ എന്തും ചെയ്യാൻ അധികാരവും പ്രാപ്തിയും ഉള്ളവനാണ്. തന്നെ സന്ദർശിക്കാൻ വന്ന സുഹൃത്തിനോട് ഒരു മഹാൻ പറഞ്ഞു: വരൂ സഹോദരാ.. നമ്മെ കുറിച്ചുള്ള അല്ലാഹുവിൻറെ അറിവ് ഓർത്ത് നമുക്ക് കരയാം" (ജലാഉൽ ഹാതിർ 25) മറ്റൊരിക്കൽ അവർ പറഞ്ഞു: "അല്ലാഹുവിൻറെ മാർഗത്തിൽ നീ കഠിനമായി പ്രയത്നിക്കണം, അവൻറെ ഖദർ ഖളാഇൻ മേൽ അവലംബിച്ചിരിക്കരുത്, നമ്മുടെ കാര്യത്തിൽ കഠിനപ്രയത്നം നടത്തുന്നവരെ നേർ മാർഗ്ഗങ്ങളിലേക്ക് വഴി നടത്തുമെന്ന് അവൻ പറഞ്ഞത് നീ കേട്ടിട്ടില്ലേ…" (ജലാഉൽ ഹാതിർ. 115) "നീ വിജയിയാണോ പരാജിതനാണോ എന്ന് നിനക്കറിയില്ല, അത് അല്ലാഹുവിൻറെ നേരത്തെയുള്ള അറിവിൽ ഉണ്ട്. പക്ഷേ നീ അല്ലാഹുവിന്റെ അറിവിൽ അവലംബിക്കുകയും ശർഇന്റെ നിയമങ്ങളിൽ നിന്ന് തെറ്റി പോവുകയും ചെയ്യരുത്" (അൽഫത്ഹുറബ്ബാനി 133).


തവക്കുൽ

ആത്മീയ വഴിയിൽ പ്രവേശിച്ചവൻ, ഭാര്യയും മക്കളുമടക്കമുള്ള ആശ്രിതരുള്ളവനാണെങ്കിൽ, അവർക്ക് ജീവിക്കാനാവശ്യമായ ജീവിതോപാധിയുമായി വ്യാപൃതനാകൽ നിർബന്ധമാണ്. ഈ ബാധ്യതകളിൽ നിന്നെല്ലാം മുക്തമായവർക്കാണ് ജീവിതോപാധികളെയെല്ലാം ഒഴിവാക്കിയുള്ള തവക്കുൽ അനുവദനീയമാവുക. കുടുംബത്തിൻ്റെ ഉത്തരവാദിത്വമുള്ള പലരും ധനാർജ്ജന മാർഗത്തിൽ നിന്ന് മാറി മഖാമുകളിലും പള്ളികളിലും ചടഞ്ഞിരിക്കുന്നവരുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ മുന്നിൽ വന്ന തവക്കുലിന്റെ ഉന്നതമായ മർതബകളെക്കുറിച്ച് സംസാരിച്ച് സമ്പാധന മാർഗത്തിൽ നിന്ന് പാടേ മാറിനിൽക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ട്. ഇതൊന്നും ശരിയായ വഴിയല്ല എന്ന് ശൈഖ് പറയുന്നത് കാണുക: "അല്ലാഹുവിനെക്കുറിച്ചു നിനക്ക് നാണമില്ലേ? ജീവിതോപാധി ഉപേക്ഷിച്ച് നീ ജനങ്ങളോട് യാചിക്കുന്നു… ജീവിതോപാധിയുമായി വ്യാപൃതനാകലാണ് തുടക്കം. തവക്കുൽ ചെയ്യൽ ഒടുക്കവും. തുടക്കവും ഒടുക്കവും നിന്നിൽ ഞാൻ കാണുന്നില്ല (ജലാഉൽ ഹാതിർ 64) ഇപ്പോഴാണ് തവക്കുലിന്റെ ഉന്നതമായ സ്ഥാനങ്ങളിലേക്ക് യാത്രയാകേണ്ടത് എന്നവർ പഠിപ്പിക്കുന്നു: "നിൻ്റെ ഈമാൻ ശക്തി പ്രാപിക്കുന്നത് വരെ നീ ജീവിതോപാധിയുമായി വ്യാപൃതനാകണം. പിന്നീട് നീ കാര്യകാരണങ്ങളുടെ സംവിധായകനായ അല്ലാഹുവിലേക്ക് നീങ്ങുക. ആദ്യ ഘട്ടത്തിൽ അമ്പിയാക്കൾ കാര്യകാരണങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു പിന്നീടാണ് അവർ തവക്കുലാക്കിയത്" (അൽഫത്ഹുറബ്ബാനി 128).


സൂഫിസം; ആത്മവിമർശനം

ആത്മീയതയിലെ തെറ്റായ പ്രവണതകളെ സൂഫി ഗുരുക്കന്മാർ തന്നെ പലപ്പോഴും തിരുത്തിയിട്ടുണ്ട്. ഇമാം ഖുശൈരിയും ഇമാം ഗസ്സാലിയും ഉദാഹരണങ്ങൾ മാത്രം. ഇതേ വഴി സ്വീകരിച്ചവരായിരുന്നു ജീലാനി തങ്ങൾ. സ്വജീവനത്തിൽ ആത്മീയതയുടെ അംശസങ്ങളില്ലാതെ, സൂഫി ഗുരുക്കന്മാരുടെ സാങ്കേതിക പദങ്ങളും കവിതകളും കഥകളും ഉപദേശങ്ങളും ജനങ്ങൾക്ക് മുന്നിൽ പാടിപ്പറഞ്ഞു, സൂഫി ചമയാൻ ഉദ്ദേശിക്കുന്നവരോട് ശൈഖ് ചോദിക്കുന്നത് നോക്കൂ: "ഐഹിക സുഖാഢംബരങ്ങളും ദേഹേച്ഛയും നിറഞ്ഞതായി നിന്നെ ഞാൻ കാണുന്നു, എന്നിട്ടും എന്തിനാണ് സജ്ജനങ്ങളുടെ അവസ്ഥകളെക്കുറിച്ച് വിവരിക്കുകയും അതൊക്കെ നിൻ്റെ അവസ്ഥകളാണെന്ന് വാദിക്കുകയും ചെയ്യുന്നത്. മറ്റുള്ളവരുടെ സമ്പത്തിൽ നിന്നെടുത്ത് നീ ചെലവഴിക്കുന്നതെന്തിനാണ്? ഗ്രന്ഥങ്ങൾ വായിച്ച് കാര്യങ്ങൾ മനസ്സിലാക്കി ജനങ്ങൾക്ക് മുന്നിൽ വന്ന് സംസാരിച്ചു അതൊക്കെ നിൻറെ അവസ്ഥയും, നിൻ്റെ മനസ്സിൽ നിന്നും വരുന്നതാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണോ? (ജലാഉൽ ഹാതിർ 68) സൂഫിസത്തിന്റെ സത്ത മനസ്സിലാക്കാതെ വേഷഭൂഷാദികളിലും ബാഹ്യ ചേഷ്ടകളിലും സമാധാനം കണ്ടെത്തുന്നവരെയും അവർ തിരുത്തിയിട്ടുണ്ട്. "സൂഫി വസ്ത്രം ധരിച്ചവരെല്ലാം സൂഫികളല്ല, അല്ലാഹുവല്ലാത്ത എല്ലാവരിൽ നിന്നും ഖൽബ് ഒഴിവായവനാണ് സൂഫി. തസ്ബീഹും തഹ്ലീലും ചൊല്ലി കൈവിരലുകൾ ചലിപ്പിച്ചത് കൊണ്ടോ, സൽവൃത്തരുടെ കഥകൾ പറഞ്ഞ് നാവ് പിടപ്പിക്കുന്നതുകൊണ്ടോ, കീറക്കുപ്പായം ധരിച്ചത് കൊണ്ടോ മുഖം വിവർണ്ണമായതുകൊണ്ടോ ഈ അവസ്ഥ ലഭിക്കില്ല.." (അൽഫത്ഹുറബ്ബാനി 117) ആത്മീയതയുടെ യഥാർത്ഥ പാത വിവരിക്കുകയും അതിൽ നിന്ന് തെറ്റരുതെന്ന് സഗൗരവം ഉണർത്തുകയും ചെയ്തിരുന്നു അവർ.


"നീ അഞ്ച് വഖ്ത്ത് നിസ്കാരവും അതിൻറെ സമയത്ത് തന്നെ നിർവ്വഹിക്കണം, ശർഇൻ്റെ സർവ്വ നിയമങ്ങളെയും പാലിക്കണം. ഫർളുകൾ ചെയ്തതിനുശേഷം മാത്രം സുന്നത്തിലേക്ക് കടക്കുക, ഇളവുകൾ ഉപേക്ഷിക്കുകയും കഠിനമായവ എടുക്കുകയും ചെയ്യുക" (ജലാഉൽ ഹാതിർ 60).
നിർബന്ധമായ കാര്യങ്ങൾ പൂർത്തീകരിക്കുന്നതിന് മുന്നേ ഐച്ഛികമായ വിഷയങ്ങളിലേക്ക് കടക്കുന്നത് ശരിയല്ല, ആത്മീയത എന്ന് പറയുന്നത് സൂക്ഷ്മത പാലിക്കലാണ്. കർമശാസ്ത്രത്തിൽ വ്യത്യസ്തവും വിശാലതയുമുള്ള അഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും അതിൽ ഏറ്റവും സൂക്ഷ്മതയും പ്രയാസകരവുമായ അഭിപ്രായമാണ് മുരീദ് സ്വീകരിക്കേണ്ടത്, ഇളവുകൾ സാധാരണ ജനങ്ങൾക്കുള്ളതാണ്, മുരീദിനുള്ളതല്ല എന്നൊക്കെയാണ് ശൈഖവർകൾ പഠിപ്പിക്കുന്നത്

Religion
Sufism

Related Posts

Loading