KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ശീഇസവും ഹദീസ് വിജ്ഞാനീയത്തിലെ സംവാദങ്ങളും

ബാസിത് ഹംസ നൂറാനി

ഇസ്‌ലാമിക പ്രമാണങ്ങളുടെ തുടർച്ചയും വ്യാഖ്യാനത്തിന്റെ അധികാരവും പാരമ്പര്യ സുന്നി വിശ്വാസമനുസരിച്ച് പണ്ഡിത സമൂഹം നിർവ്വഹിക്കേണ്ട മഹത്തായ ഉത്തരവാദിത്തമാണ് . അവരുടെ ഏകോപിത തീരുമാനം (ഇജ്മാഅ്) ഖുർആനും സുന്നത്തും പോലെ സ്വീകാര്യമായ നിദർശനവും അവലംബനീയവുമാണ്. അതേ സമയം മുഖ്യധാരാ സുന്നീ വിശ്വാസത്തിൽ നിന്നും വ്യത്യസ്തമായി ഇത്തരം മേഖലകൾ പ്രവാചക കുടുംബത്തിൽ നിന്നും അറിയപ്പെട്ട ഇമാമുകളിൽ നിക്ഷിപ്തമാണെന്നാണ് ശിയാക്കൾ വാദിക്കുന്നത്. പ്രവാചകർ (സ) അലി (റ) വിന് തന്റെ വിജ്ഞാനങ്ങളെല്ലാം നൽകിയിട്ടുണ്ടെന്നും അത് അവിടുന്ന് തന്റെ സന്താന പരമ്പരകളിലൂടെ കൈമാറി വരുന്നുവെന്നാണ് ശിയാ പക്ഷം. സുന്നീ വിശ്വാസങ്ങളോട് അടിസ്ഥാനപരമായി തന്നെ ശിയാ പാരമ്പര്യം വിയോജിക്കുന്നതിനാൽ തന്നെ ശിയാ ഹദീസ് പാരമ്പര്യത്തിലും ഒരുപാട് വ്യത്യസ്തകൾ നമുക്ക് ദർശിക്കാൻ സാധിക്കും.


സുന്നീ വിശ്വാസമനുസരിച്ച് എല്ലാ നിലയിലും സത്യസന്ധനായ, അപ്രമാദിത്വം കൽപ്പിക്കപ്പെടുന്ന തിരുദൂതർ (സ) യിൽ നിന്നുമുള്ള കാര്യങ്ങളാണ് ഹദീസുന്നബവിയ്യ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇമാമീ-ശിഈ പാരമ്പര്യത്തിൽ നബി തങ്ങളും പിൽക്കാല ഇമാമുമാരും ഒരുപോലെ ഹദീസുകളുടെ സ്രോതസ്സുകളാണ്. ഹദീസ് അസ്സഖലൈനി എന്നാണ് അവർ ഹദീസുകളെ വിളിക്കുന്നത്. അഥവാ ശിഈ ഹദീസുകൾ ഇപ്രകാരം താഴെ പറയുന്ന മൂന്ന് രൂപത്തിൽ വരുന്നതാണ്;


1- തിരു ദൂതരിൽ നിന്ന് ശിഈ ഇമാമുകൾ നിവേദക ശ്യംഖലയിൽ വരുന്ന ഹദീസ്


2- ഒരു ഇമാമിന്റെ സംസാരമോ പ്രവൃത്തിയോ പിൽക്കാല ഇമാമുകൾ റിപ്പോർട്ട് ചെയ്യുന്ന രൂപത്തിലുള്ള ഹദീസ്


3- ഒരു ഇമാമിന്റെ സംസാരം അദ്ദേഹത്തിന്റെ അനുയായികൾ നിവേദനം ചെയ്തു വരുന്ന ഹദീസ്


ചുരുക്കത്തിൽ നബി തങ്ങൾക്ക് സമാനമായ അപ്രമാദിത്വവും പ്രാധാന്യവും ഇമാമുകൾക്ക് ശിയാ പാരമ്പര്യം കൽപ്പിച്ച് നൽകുന്നു. അതിനാൽ തന്നെ ശീഇസത്തിൽ നബി തങ്ങളിൽ നിന്നും ഇമാമുമാരിൽ നിന്നും ലഭിച്ച എല്ലാ കാര്യങ്ങൾക്കും പറയാവുന്നതാണ്.


ശിയാ സമൂഹത്തെയും അവയുടെ ഹദീസ് പാരമ്പര്യത്തെയും നിർവ്വചിക്കുന്നതിൽ വലിയ സ്വാധീനം വഹിച്ച മൂന്ന് സന്ദർഭങ്ങൾ നമുക്ക് നിരീക്ഷിക്കാം.


ഒന്ന്; ആദ്യകാല രാഷ്ട്രീയ-വിഭാഗീയ പ്രശ്നങ്ങളെ മുൻനിർത്തി രൂപാന്തരപ്പെട്ട ആദർശ നയങ്ങൾ. സുന്നി വിശ്വാസം എല്ലാ പ്രവാചക അനുചരന്മാരെയും നിവേദക നിരൂപണത്തിൽ നീതിയുക്തരാണെന്ന് പറയുമ്പോൾ അലി (റ) വിനെ പിന്തുണക്കാത്തവർ ഹദീസ് കൈമാറ്റത്തിന് അർഹരല്ലെന്ന് ശിയാക്കൾ ആരോപിക്കുന്നു.


രണ്ട്; ഇമാമീയത്ത് അംഗീകരിക്കുന്ന ശീഈ വിഭാഗങ്ങൾ ഹസനുൽ അസ്കരി എന്ന പതിനൊന്നാമത്തെ ഇമാമിന്റെ വിയോഗശേഷം വലിയ പ്രതിസന്ധിയിൽ എത്തിച്ചേർന്നു. വിശുദ്ധ ഖുർആൻ, സുന്നത്ത് തുടങ്ങിയ പ്രമാണങ്ങൾക്ക് വ്യാഖ്യാനം നൽകേണ്ടതും മതനേതൃത്വം വഹിക്കേണ്ടതും ഇമാമുകൾ മാത്രമാണെന്ന നിലപാട് അവർക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറി.


മൂന്ന്; തുടർന്ന് നേതൃത്വം നൽകിയിരുന്ന പന്ത്രണ്ടാമത് ഇമാമിന്റെ പ്രതിനിധികൾ എന്ന് വിശേഷിപ്പിച്ചിരുന്നവരും അധികം താമസിയാതെ മരണപ്പെട്ടപ്പോൾ വീണ്ടും ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കി.


പന്ത്രണ്ടാമത്തെ ഇമാം അപ്രത്യക്ഷമായതോടെ കൂടെ ശിയാ സമൂഹത്തിൽ ഉടലെടുത്ത പ്രതിസന്ധിയുടെ കാലഘട്ടത്തിലാണ് ശീഈ ഹദീസ് പാരമ്പര്യത്തിന്റെ ആവിർഭാവം. അതിൽ പ്രധാനമാണ് കുതുബുൽ 'അർബഅ' യുടെ രചന. സുന്നീ ബൗദ്ധിക പാരമ്പര്യത്തിലെ സ്വിഹാഹു സിത്ത പോലെ ശിയാ ഹദീസ് സംഭാവനകളിൽ പ്രസിദ്ധമാണ് കുതുബുൽ 'അർബഅ'. സ്വിഹാഹു സിത്ത പോലെ ആധികാരികമോ ശിയാ സമൂഹത്തിൽ തന്നെ സാർവത്രികമായി സ്വീകാര്യമല്ലെങ്കിലും ഇവകൾക്ക് വലിയ പ്രാധാന്യം കൽപ്പിച്ച് വരുന്നു. സ്വഹീഹ് ബുഖാരി, സ്വഹീഹ് മുസ്ലിം പോലെ നിരൂപണ മുക്തമല്ലെന്ന് മാത്രം. മുഹമ്മദ് ഖുലൈനിയുടെ കാഫി ഫി ഇൽമി ദീൻ , ഇബ്നു ബാബവയ്ഹിയുടെ 'മൻ ലാ യദ്‌ ഹുറുഹുൽ ഫഖീഹ്, അബൂ ജഅഫർ അൽ തൂസിയുടെ തഹ്ദീബുൽ അഹ്കാം, ഇസ്തിബ്സാർ തുടങ്ങിയവയാണ് കുതുബുൽ 'അർബഅ'. കുതുബുൽ 'അർബഅ' ക്ക് ശേഷം ശിയാ ഹദീസ് പാരമ്പര്യത്തിൽ വലിയ സ്വാധീനം ചെലുത്തിയ കാലഘട്ടമാണ് ഉസൂലിയ്യീങ്ങളും മുഹദ്ദിസീങ്ങളും തമ്മിൽ നടന്ന സംവാദങ്ങൾ. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യത്തിലുണ്ടായ ഈ സംവാദാനന്തരം മുഹദ്ദിസീങ്ങളുടെ പക്ഷത്തുള്ളവർ 'അഖ്ബാരി' കൾ എന്നറിയപ്പെട്ടു.


ശിയാ ഹദീസ് നിരൂപണത്തിന്റെ ഉത്ഭവവും രീതിശാസ്ത്രവും :-

സുന്നികളിൽ നിന്ന് വിഭിന്നമായി ഒരു വ്യവസ്ഥാപിത രൂപത്തിലേക്ക് ശിയാ ഹദീസ് നിരൂപണം വളരെ വൈകിയാണ് എത്തിച്ചേരുന്നത്. ആദ്യകാലങ്ങളിൽ ഇമാമുമാർ ജീവിച്ചിരിപ്പുള്ളതിനാൽ തന്നെ നിരൂപണം ആവശ്യമില്ലാതെ വരികയും പിന്നീട് പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നിരൂപണത്തിന്റെ രീതിശാസ്ത്രം നിലവിൽ വരുന്നത്. പന്ത്രണ്ടാമത്തെ ഇമാമിന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാവൽ കാരണം പിന്നീടങ്ങോട്ട് നബി തങ്ങളുടെയും ഇമാമുകളുടെയും ഹദീസുകളുടെ ആധികാരികത ഉറപ്പുവരുത്തൽ തങ്ങളുടെ കടമയാണെന്ന് ശിയാ ഉലമാക്കൾ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇബ്നു ബാബവൈഹിയുടെയും കുലൈനിയുടെയും ഹദീസ് സമാഹാരങ്ങൾ രൂപം കൊള്ളുന്നത്. സുന്നി പാരമ്പര്യത്തിന് സമാനമായി ശിയാ ഹദീസ് നിരൂപണവും നിവേദക ശൃംഖലയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഹദീസുകളുടെ സ്വീകാര്യത ഉറപ്പുവരുത്തിയത്. ശൈഖ് അൽ മുഫീദിയുടെ ശിഷ്യനായ പ്രശസ്ത ശിയാ പണ്ഡിതൻ അൽ തൂസിയാണ് (460/1067) നിവേദക നിരൂപണത്തിന്റെ രീതിശാസ്ത്രം ആദ്യമായി അവതരിപ്പിക്കുന്നത്. സുന്നി രീതിശാസ്ത്രത്തിന് തുല്യമായ സമീപനം സ്വീകരിക്കുന്ന തൂസിയെ സംബന്ധിച്ചിടത്തോളം ശിയാ സമൂഹത്തിലെ തന്നെ തീവ്ര സ്വഭാവം പുലർത്തിയിരുന്ന ഇമാമി പക്ഷക്കാരുടെ ഹദീസുകളിലെ ബദ്രുകൾ വേർതിരിക്കുക എന്നത് ശ്രമകരമായിരുന്നു. രിജാലുൽ - തൂസി എന്ന പേരിൽ പ്രശസ്തമായ നിരൂപണ ഗ്രന്ഥമാണ് തൂസിയുടെ പ്രധാന സംഭാവന. നിവേദകരെ നിരൂപിക്കുക എന്നതിലപ്പുറം ഹദീസുകളുടെ ആധികാരികതയെ നിർവചിക്കുന്നതിലും തൂസിയാണ് ശിയാ പണ്ഡിതരിലെ ആദ്യ സാന്നിധ്യം. പിന്നീട് ശിയാ ഹദീസ് ശാസ്ത്രം ബാഗ്ദാദിലെ ജമാലുദ്ദീനു ബ്നു താവുസും (673/1274) ഇറാഖിലെ ഹില്ലി സ്കൂളിന്റെ സ്ഥാപകനായ മുഹമ്മദ് ബ്നു ഇദ് രീസ് അൽ ഹില്ലിയും (726/1325) ചേർന്ന് വികസിപ്പിക്കുകയുണ്ടായി. ശിയാ ഹദീസ് നിരൂപണത്തിലെ സാങ്കേതിക പ്രയോഗങ്ങളെ കുറിച്ചുള്ള ആദ്യ രചന ഷാഹിദ് അൽ സാനിയുടെ (965/1558) ദിറായതുൽഹദീസ് എന്ന ഗ്രന്ഥമാണ്. സുന്നി ഹദീസ് ശാസ്ത്രത്തിലെ ഇബ്നു സ്വലാഹിന്റെ മുഖദ്ദിമയുടെ ഒരു സംഗ്രഹമായി നമുക്കിതിനെ വായിക്കാവുന്നതാണ്. ചുരുക്കം ചില പ്രധാന മേഖലകളിൽ മാത്രമാണ് സുന്നി പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി ശിയാ നിരൂപണ ശാസ്ത്രം നിലകൊള്ളുന്നത്.


ശിയാ - സുന്നി ഹദീസ് കൈമാറ്റങ്ങളെ കുറിക്കുന്ന രണ്ട് പ്രധാന വാദങ്ങൾ നമുക്ക് കാണാൻ സാധിക്കും.


ഒന്ന്; ശിഈ പക്ഷത്തിന് അനുകൂലമായ ഹദീസുകൾ സുന്നി ഹദീസ് ഗ്രന്ഥങ്ങളിൽ വരുമ്പോൾ അത്തരം വിഭാഗീയത കുറിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കുന്നതായി കാണാം. ഉദാഹരണത്തിന്, അലി (റ) കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്ലാമിലേക്ക് കടന്നുവന്നവരും വലിയ ജ്ഞാനിയുമാണെന്നും തുടങ്ങി എന്റെ കാലശേഷം നിങ്ങളുടെ ഖലീഫയാണെന്നും പറയുന്ന ജാബിർ ബിൻ അബ്ദുല്ല (റ) ഉദ്ധരിക്കുന്ന ഹദീസ് മുസന്നഫ് അബ്ദുറസാഖ്, മുസ്നദു ഇബ്നു ഹമ്പൽ തുടങ്ങിയ സുന്നി ഹദീസ് ഗ്രന്ഥങ്ങളിൽ അവസാന ഭാഗം ഒഴിവാക്കിയതായി കാണാം.


രണ്ട്; സുന്നികളും ശിയാക്കളും ഒരുപോലെ അംഗീകരിക്കുന്ന അലി(റ) വിനെ മഹത്വപ്പെടുത്തുന്ന ഹദീസുകൾ. മക്കയിലെ ഖുമ്മ് താഴ്‌വരയിൽ വെച്ച് അലി (റ) വിനെ പുകഴ്ത്തിയത് സുന്നി ഹദീസ് നിരൂപകരായ ഇമാം തിർമിദിയും ഹാകിം - അന്നൈസാബൂരിയും സ്വീകാര്യമായ ( സ്വഹീഹ്) ഹദീസിന്റെ ഗണത്തിൽ ഉൾപ്പെടുത്തുന്നതായി കാണാം. കൂടാതെ വിശുദ്ധ ഖുർആനും എന്റെ കുടുംബവുമാണ് നിങ്ങൾക്ക് ഞാൻ വിട്ടേച്ച് പോകുന്നത് എന്ന് കുറിക്കുന്ന ഹദീസ് ഇമാം മുസ്ലിം (റ) അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


തീർച്ചയായും സുന്നികളും ശിയാക്കളും ഇത്തരം സന്ദർഭത്തിലുള്ള ഹദീസുകൾ വ്യാഖ്യാനിക്കുന്നതിൽ തികച്ചും വ്യത്യസ്തമായ വഴികളാണ് സ്വീകരിക്കുന്നത്. ശിയാക്കൾ പ്രവാചക കുടുംബത്തിന്റെ പ്രാമാണിക തുടർച്ചയ്ക്ക് അനുകൂല തെളിവായിതിനെ സ്വീകരിക്കുമ്പോൾ സുന്നി വിശ്വാസപ്രകാരം അലി (റ) വിന്റെയും പ്രവാചക കുടുംബത്തിന്റെയും മഹത്വത്തെ വിളിച്ചോതുന്ന ഹദീസുകളായിട്ടാണ് കണക്കാക്കുന്നത്. കാരണം, സമാനമായ ഭാഷയിലും രൂപത്തിലും അത്തരത്തിലുള്ള ഒരുപാട് ഹദീസുകൾ മറ്റു മുതിർന്ന തിരു അനുചരന്മാരെ കുറിച്ചും അബൂബക്കർ (റ) , ഉമർ (റ) തുടങ്ങിയവരെക്കുറിച്ചും വന്നിട്ടുണ്ട്. അതേസമയം, വിഭാഗീയ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടാത്ത ശീഈ ഹദീസുകൾ സുന്നി ഹദീസ് ശേഖരങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. അവയിൽ മിക്കതും തസവ്വുഫിന്റെ പരിപാവനമായ പൈതൃകത്തെ അലി (റ) വിലേക്ക് ചേർത്തി പറയുന്ന ഹദീസുകളാണുള്ളത്. അബു നുഐം അൽ ഇസ്ഫഹാനിയുടെ ഹിൽയതുൽ ഔലിയ അത്തരത്തിലുള്ള ഒരു കൃതിയാണ്. പ്രവാചക കുടുംബത്തെ സ്നേഹിക്കുന്നതും ആദരിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസുകൾ സുന്നി ലോകം ഏറ്റെടുത്തതും മറ്റൊരു ഉദാഹരണമാണ്. സുന്നികൾ ഭൂരിപക്ഷമായിട്ടുള്ള ഈജിപ്ത്, ഇറാഖ്, സെൻട്രൽ ഏഷ്യ തുടങ്ങി മിക്ക രാജ്യങ്ങളിലും പ്രവാചക പരമ്പരയിലുള്ളവരുടെ മഖ്ബറകൾ ആത്മീയ കേന്ദ്രങ്ങളായി മാറുന്നതും അക്കാരണത്താലാണ്. പ്രവാചക കുടുംബത്തെ തങ്ങൾക്ക് ലഭിച്ച വലിയ അനുഗ്രഹവും മാധ്യമവുമായി കാണുന്ന സുന്നികൾ ഇത്തരം ഹദീസുകൾ കൊണ്ടുവരുന്നത് ആ വലിയ പരിഗണനയോടു കൂടെയാണ്.

Religion
Theology
Hadith Literature

Related Posts

Loading