ടർക്കിക് മംലൂക്ക് സുൽത്താനേറ്റിന്റെ അവസാന ഘട്ടത്തിൽ, മുസ്ലീം രാഷ്ട്രീയ/സമൂഹിക ചിന്തയിൽ നിലനിന്നിരുന്ന ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ഗ്രന്ഥമായി താജുദ്ധീൻ അബ്ദുൽ വഹാബുസ്സുബ്കിയുടെ (727–771 A.H / 1327–1370 CE) മുഈദുന്നിഅം വ മുബീദുന്നിഖം (Muʾīd al-Niʾam wa-Mubīd al-Niqam) എന്ന കൃതിയെ വിശകലനം ചെയ്യുകയാണ് ഈ പഠനം. സുബ്കിയുടെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ ഗ്രന്ഥം, ഒരാളുടെ സാമൂഹിക/ രാഷ്ട്രീയ നിലയെ ആശ്രയിച്ച് വ്യത്യസ്ത രീതികളിൽ സങ്കൽപ്പിക്കപ്പെടുന്ന ‘അനുഗ്രഹങ്ങൾ’ (Niʿmah) എങ്ങനെ വീണ്ടെടുക്കാമെന്നതിനും നിലനിർത്താമെന്നതിനുമുള്ള പ്രായോഗിക വഴികാട്ടിയായി കാണാം. എന്നാല് അക്കാദമിക ലോകത്ത് ഈ ഗ്രന്ഥം വലിയതോതിൽ പഠനവിധേയമാക്കപ്പെട്ടിട്ടില്ല. ജ്ഞാനോദയത്തിനു ശേഷമുള്ള പാശ്ചാത്യ രാഷ്ട്രീയ ചിന്ത പ്രധാനമായും രാഷ്ട്രീയത്തിൻ്റെ നടപടിക്രമപരമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലായിരിക്കണം, പലപ്പോഴും വിശാലമായ നൈതിക ചട്ടക്കൂടുകളിൽ വേരൂന്നിയ രാഷ്ട്രീയ ആശയങ്ങളെ, പ്രത്യേകിച്ച് പാശ്ചാത്യ പാരമ്പര്യത്തിന് പുറത്തുള്ളവയെ അക്കാദമിക ലോകം അവഗണിച്ചിരുന്നു.
നഷ്ടപ്പെട്ട ദൈവികമോ ലൗകികമോ ആയ പ്രീതി എങ്ങനെ വീണ്ടെടുക്കാം എന്നന്വേഷിച്ചുവന്ന ഒരു ചോദ്യകർത്താവാണ് ഗ്രന്ഥത്തിന്റെ പ്രചോദനം എന്ന് ഇമാം സുബുകി പറയുന്നുണ്ട്. പ്രബന്ധത്തിലുടനീളമുള്ള ശക്തമായ രാഷ്ട്രീയ അന്തർധാരകൾ സൂചിപ്പിക്കുന്നത് ചോദ്യകർത്താവ് മംലൂക്ക് ഭരണകൂടത്തിനുള്ളിൽ പുരോഗതി ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വമായിരിക്കാം എന്നാണ്. ശുക്റുന്നിഅ്മ (gratitude for blessings) എന്ന ഘടനാപരമായ, മൂന്ന് ഘട്ടങ്ങളുള്ള സിദ്ധാന്തത്തിലൂടെയാണ് സുബ്കി ഇതിനോട് പ്രതികരിക്കുന്നത്. മംലൂക് രാഷ്ട്രീയസാമൂഹിക വ്യവസ്ഥയുടെ ഉദാഹരണമായി 114 തൊഴിലുകളുടെ വിശദമായ വിവരണങ്ങൾ നൽകിയും ഓരോ കർത്തവ്യങ്ങളെയും ഒരു ദൈവിക അനുഗ്രഹമായി (Niʿmah) ചിത്രീകരിച്ചുമാണ് ഈയൊരു തത്വത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഉദാഹരിക്കുന്ന ഓരോ സ്ഥാനങ്ങൾക്കും, അതിന്റെ ഉത്തരവാദിത്തങ്ങളും, അവ അവഗണിക്കുന്നതിലൂടെ ഉദ്ധിഷ്ട സേവനത്തിൻ്റെ അനുഗ്രഹങ്ങൾ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന അനന്തരഫലങ്ങളും (Kufr al-Niʿmah) അദ്ദേഹം വിവരിക്കുന്നുണ്ട്. ഇതിനാൽ തന്നെ, ഗ്രന്ഥകർത്താവ് പുസ്തകത്തെ പരിചയപ്പെടുത്തുന്നത് സാധാരണക്കാർക്കും (‘āmm) പ്രമാണിവർഗ്ഗത്തിനും (khāṣṣ) ചോദ്യകർത്താവിനെ പോലെ മറ്റ് ലൗകികാശിസ്സുകളിൽ (al-Ni’mah al-Dunyawiyyah) ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കും വേണ്ടി എഴുതപ്പെട്ടത് എന്ന രീതിയിലാണ്.
ധർമ്മോപദേശപരമായ (didactic tone) ശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം പലപ്പോഴും നിർദ്ദിഷ്ട തൊഴിലുകാരെ കുറിക്കുന്നതിനായി ഒരു സെക്കൻഡ് പേഴ്സൺ നരേറ്റീവ് സ്വീകരിക്കുന്നുണ്ട്. ഇത് ഒരേസമയം പ്രാമാണിക ആധിപത്യം നൽകുന്നതിനൊപ്പം തന്നോട് ചേർന്ന് നിൽക്കുന്ന വായനക്കാരോട് സംഭാഷണ രൂപത്തിൽ ഇടപെടുന്നതിനും സുബ്കിയെ അനുവദിക്കുന്നു എന്ന് കാണാം.
ഖിലാഫത്ത് ത്വത്വങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും
ടർകിക്ക്/ബഹരി മംലൂക്ക് സുൽത്താനെറ്റിൻ്റെ (648 – 784 A. H) അവസാനകാലത്ത് നിലനിന്നിരുന്ന രാഷ്ട്രീയ ഘടനയെ കൃത്യമായി രേഖപ്പെടുത്തുന്ന ഗ്രന്ഥമാണ് മുഈദ്. അതിനാൽ തന്നെ ഈ കൃതി, ഫുഖഹാ വർഗത്തിനിടയിൽ അപൂർവ്വമായി കാണപ്പെടുന്നു എന്ന് ക്രിസ്റ്റ്യൻ സ്റ്റിൽട് നിരീക്ഷിച്ച ഒരു എഴുത്ത് രീതി പ്രകടമാക്കുന്നുണ്ട്. അതായത് നൈതിക അനുശാസനകൾ നൽകുന്നോടൊപ്പം നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള വിവരണവും ഗ്രന്ഥത്തിൽ കാണാം.
ഖലീഫയടങ്ങുന്ന ഭരണ സ്ഥാനങ്ങളിൽ (Wadhā’if al-Dawla) നിന്നു തുടങ്ങി സൈനിക, ന്യായാധിപ കർത്തവ്യങ്ങൾ, പണ്ഡിത സ്ഥാനങ്ങൾ, സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജോലികൾ എന്നിങ്ങനെ തെരുവിലെ ഭിക്ഷക്കാരിലേക്ക് (Shuḥḥādh al-ṭaraqāt) എത്തുന്ന ഒരു സാമൂഹിക, അധികാര ശ്രേണി വാഴ്ചാ ക്രമത്തിൽ തന്നെ മുഈദ് മുന്നോട്ട് വെക്കുന്നുണ്ട്. സാമൂഹിക വേർതിരിവുകളെ ഗ്രന്ഥകർത്താവ് നേരിട്ട് വ്യക്തമാക്കുന്നില്ലെങ്കിൽ പോലും, രാഷ്ട്രീയ, മത, സാമ്പത്തികപരമായ വേർതിരിവുകൾ തൊഴിലിനെ അടയാളപ്പെടുത്തുകയും ലൗകിക പദവിയെ ബാധിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ, അദ്ദേഹം നൽകിയ ചിത്രം മംലൂക്ക് രാജ്യഘടനയിലെ സാമൂഹിക ശ്രേണിയുടെ സ്വഭാവങ്ങളായിരുന്നു എന്ന് പറയാം. സുബ്കിയെ സംബന്ധിച്ചിടത്തോളം, ഈ വേർതിരിവുകൾ ലൗകികാനുഗ്രഹങ്ങളുടെ (Al-Ni’mah al-Dunyawiyyah) ഭാഗമായിരുന്നു, അതിനാൽ തന്നെ താൻ ഉൾപ്പെടുന്ന പണ്ഡിത വർഗ്ഗത്തേക്കാൾ കൂടുതൽ ലൗകിക അനുഗ്രഹങ്ങൾ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും സൈനിക മേധാവികൾക്കും ഉണ്ടാവുക എന്നത് സ്വാഭാവികവുമായിരുന്നു. എന്നിരുന്നാലും, സുബ്കി തന്റെ കാലഘട്ടത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയ-സാമൂഹിക ഘടനയുമായി പൊരുത്തപ്പെടുന്ന(conformist) വ്യക്തിയായിരുന്നില്ല.
മുഈദ് വെളിപ്പെടുത്തുന്ന മുസ്ലിം രാഷ്ട്രീയ സമൂഹത്തിൻറെ പരികൽപന, ഇസ്ലാമിക രാഷ്ട്രീയ തത്വങ്ങളിലെ നിയമസംബന്ധിയായ പൂർവ്വകാലസംവാദങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നില്ലെങ്കിലും സുബ്കി തൻ്റെ ചുറ്റുമുള്ള രാഷ്ട്രീയ യാഥാർഥ്യങ്ങളെ പ്രത്യേകം കണ്ടുമനസ്സിലാക്കിയിരുന്നു. നേത്രങ്ങൾ, ചെവികൾ എന്നീ അനുഗ്രഹങ്ങളെ പൊതുവായി സൂചിപ്പിച്ചതിന് ശേഷം തൻ്റെ മൂന്നാമത്തെ ഉദാഹരണത്തിലാണ് രാഷ്ട്രീയ സ്ഥാനങ്ങളെ പറഞ്ഞു തുടങ്ങുന്നത്. മൂന്നാമത്തെ ഉദാഹരണം "ഖലീഫയെയും തുടർന്ന് അദ്ദേഹത്തിന് കീഴിലുള്ളവരെയും (fa-man dūnahu), സുൽത്താൻ, അദ്ദേഹത്തിന്റെ പ്രതിനിധികൾ, ജഡ്ജിമാർ, മറ്റല്ലാ പൊതു ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളുന്നു" എന്ന് സുബ്കി കുറിക്കുന്നത് കാണാം. ഈ തൊഴിലുകളെല്ലാം വലിയുൽ അംറ് () എന്ന് വിളിക്കുന്ന കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഖലീഫ ഒഴിച്ചുള്ള വലിയുൽ അംറിലെ () ഓരോ വിഭാഗങ്ങൾക്കും സുബ്കി വ്യത്യസ്തമായ ഉദാഹരണങ്ങൾ, അല്ലെങ്കിൽ ഭാഗങ്ങൾ, നൽകുന്നുണ്ട്. പുറമേ ഒരു പ്രത്യേക ഉദ്യോഗസ്ഥാനത്തോട് ചേർന്ന് നിൽക്കാതെ ഇവയെല്ലാത്തിനെയും സ്വാധീനിക്കുന്ന (Maqbūl Al-Kalimah) പൊതുവായ ഒരു വിഭാഗത്തെ കൂടി നാലാമത്തെ ഉദാഹരണമായി അവതരിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഖലീഫയുടെയും മഖ്ബൂലുൽ കലിമയുടെയും പങ്കിനെ ഒരു പൊതു വിഭാഗത്തിലേക്ക് ചുരുക്കിയത്, ഇവ രണ്ടിനെയും, മംലൂക്ക് സാഹചര്യത്തിൽ മറ്റ് സ്ഥാനങ്ങളിൽ നിന്നും അധികാരസ്വാധീനങ്ങളിൽ നിന്നും സ്വതന്ത്രമായി നിലനിൽക്കുന്ന രാഷ്ട്രീയ പദവിയായി കാണാൻ സാധിക്കില്ല എന്നതിൻ്റെ സൂചനയാകാം.
ഈ ഘടനാപരമായ രൂപം (), അക്കാലത്ത് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള സുബ്കിയുടെ ഒരു സവിശേഷബോധത്തെയാണ് കുറിക്കുന്നത്. മുസ്ലിം രാഷ്ട്രീയ ചിന്തയുടെ സിദ്ധാന്തവത്കൃത കാലം മുതൽക്ക് തന്നെയുള്ള ന്യായാനുസൃത രൂപം എന്ന നിലയിൽ, ഖലീഫയെ, ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും, മുസ്ലിം രാഷ്ട്രീയ സ്ഥാപനത്തിൻ്റെ കാലികവും മതപരവുമായ പ്രതിനിധിയായി ഗണിക്കുകയും ചെയ്യുന്നുണ്ട് സുബുകി. എന്നിരുന്നാലും, ജുവൈനിയെ പോലുള്ള മുൻകാല ഷാഫിഈ നിയമജ്ഞരെപ്പോലെ (ജുവൈനിയുടെ Ghiyāth al-Umam നെ സുബ്കി മറ്റൊരിടത്ത് പ്രശംസിച്ചിരുന്നതായ് കാണാം) അബ്ബാസിദ് ഖിലാഫത്തിന്മേലുള്ള സെൽജുക് ആധിപത്യത്തിനുശേഷം, ഖിലാഫത്തിന് ലൗകികാധികാരവും യഥാർത്ഥ കാര്യനിർവഹണവും നഷ്ടപ്പെട്ടുവെന്ന് അദ്ദേഹത്തിന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. ഇമാം മാവർദിയെപ്പോലുള്ള ആദ്യകാല സൈദ്ധാന്തികരിൽ നിന്ന് വ്യത്യസ്തമായി ജുവൈനി, ഇമാമിനെ (ഖലീഫയെ) ഒരു താൽക്കാലിക സ്ഥാനമായി തരംതാഴ്തിയെന്നും ഖലീഫയ്ക്ക് പകരമായി സമൂഹത്തിന്റെ കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ശക്തനായ ഒരു സുൽത്താനാണു അദ്ദേഹത്തിൻ്റെ ഗിയാസുൽ ഉമം പ്രാധാന്യം നൽകുന്നതെന്നും ഹല്ലാഖ് വാദിക്കുന്നത് കാണാം. ടർക്കിക് മംലൂക്ക് പശ്ചാത്തലത്തിൽ, ഇബ്‌നു ജമാഅ, ഇമാം ജുവൈനി സ്ഥാപിച്ച ഈ ആശയപരമായ ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തി അബ്ബാസിദ് ഖലീഫയിൽ നിന്ന് മംലൂക്ക് സുൽത്താനിലേക്കുള്ള സമഗ്രമായ അധികാര നിയോഗത്തിന്റെ (tafwīd ‘āmm) നിയമസാധുത അംഗീകരിക്കുന്നുണ്ട്. ഇബ്‌നു ജമാഅയുടെ തഹ്‌രീറുൽ അഹ്കാമിൽ (Taḥrīr al- Aḥkām) നേതൃത്വത്തെയും ഭരണത്തെയും കുറിച്ചുള്ള ഇസ്ലാമിക നിയമ ചർച്ചകളുടെയും അതിന്റെ പ്രായോഗിക പ്രയോഗത്തിന്റെയും (അതായത് ഇമാമേറ്റിൻ്റെ) യഥാർത്ഥ ബിന്ദുവായി മംലൂക്ക് സുൽത്താനെയാണ് കാണുന്നതെന്നും ഖലീഫയെ അല്ലെന്നും മോനാ ഹസ്സൻ നിരീക്ഷിക്കുന്നുണ്ട്.
ലിൻഡ എസ്. നോർത്ത്റപ്പ് വിവരിക്കുന്നത് പോലെ, സുബ്കിയുടെ കാലഘട്ടത്തിൽ തന്നെ സുൽത്താൻ നാസിർ അഹമ്മദിൻ്റെ സിംഹാസനാരോഹണം ടർക്കിക് മംലൂക്ക് സുൽത്താനേറ്റിന് കീഴിലുള്ള അബ്ബാസിദ് ഖലീഫയുടെ രാഷ്ട്രീയ നില - അതിലുപരി അധികാരം - അത്രയധികം വഷളാക്കിയിരുന്നു. സുൽത്താൻ ഖലീഫയ്ക്ക് പ്രതിജ്ഞ നൽകുന്ന പരമ്പരാഗത രീതിക്ക് വിപരീതമായി ഖലീഫ സുൽത്താനോട് കൂറ് പുലർത്തുകായിരുന്നുവെന്ന് അവർ രേഖപെടുത്തു. ഈ മാറിയ രാഷ്ട്രീയ യാഥാർത്ഥ്യത്തെ താൻ അംഗീകരിക്കുന്ന നിയമശാസ്ത്ര ചട്ടക്കൂടിലേക്ക് സമന്വയിപ്പിക്കുകയായിരുന്നു സുബുകി. മറ്റൊരിടത്ത് പരമ്പരാഗതമായി ഖലീഫയ്ക്ക് മാത്രം നൽകിയിരുന്ന ഇമാമുൽ അഅസം (al-Imām al-Aʾẓam) എന്ന പദവി സുൽത്താന് നൽകുകയും കൂടി ചെയ്യുന്നുണ്ട്. ഇതിലൂടെ, സുൽത്താനെ തന്റെ രാഷ്ട്രീയ-ധാർമ്മിക കുറിപ്പടികളുടെ യഥാർത്ഥ കേന്ദ്രമായി സ്ഥാപിക്കുന്നതായി വിവക്ഷിക്കാം..
സുൽത്താനേറ്റിൻ്റെ അസ്ഥിരതയും 'മഖ്ബൂലുൽ കലിമയും'
ഇമാം സുബുക്കിയുടെ രാഷ്ട്രീയ ആശയവൽക്കരണത്തിൻ്റെ കൂടുതൽ വ്യതിരിക്തമായ ഒരു ഘടകം, മംലൂക്ക് രാഷ്ട്രീയ ഘടനയിൽ സൽത്തനെറ്റിൻ്റെ കുറഞ്ഞുവരുന്ന ശേഷിയും ദുർബലമായ സ്വഭാവവും അദ്ദേഹം അംഗീകരിക്കുന്നു എന്നതാണ്. പ്രധാനമായും 1341 ൽ നാസിർ മുഹമ്മദിൻറെ മരണത്തിനുശേഷം, ഖുഷ്ദാഷിയാ(similar to kingship ties) തത്വങ്ങളിലൂടെ അമീറുമാർ പരമ്പരാഗതമായി തങ്ങളുടെ സുൽത്താന് നൽകിയിരുന്ന ബഹുമാനം പൂർണ്ണമായും അപ്രത്യക്ഷമായതായി അമേലിയ ലെവനോനി രേഖപ്പെടുത്തുന്നത് കാണാം.
പാരമ്പര്യമായ ഐക്യദാർഢ്യം നഷ്ടപ്പെട്ടതോട് കൂടെ, അമീറുമാർക്ക്ക്ക് പണം നൽകിയും, സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തും, ഭൂദാനം ചെയ്തും (iqtā’āt) അവരുടെ കൂറ് (Allegiance) നേടിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇത്, അധികാരത്തിനുവേണ്ടി കാലക്രമേണ കൂടുതൽ പണം വിനിയോഗിക്കേണ്ടി വരുന്ന വിനാശകരമായ തുടർച്ച (Vicious cycle)യിലേക്ക് നയിക്കുകയും സുൽത്താനെറ്റിനെ കൂടുതൽ അപകടാവസ്ഥയിലാക്കുകയും ചെയ്തു. നാസിർ മുഹമ്മദിനു ശേഷം ഈജിപ്ത് ഭരിച്ച മിക്ക ഭരണാധികാരികളും ഫലത്തിൽ സുൽത്താനായിരുന്ന തങ്ങളുടെ തന്നെ ഉദ്യോഗസ്ഥൻ്റെ കല്പനകൾ അനുസരിക്കുന്നവരായിരുന്നുവെന്ന് ഇബ്‌നു തഗ്രി ബിർദി കുറിക്കുന്നത് കാണാം. നാസിർ മുഹമ്മദിന്റെ മരണത്തെ തുടർന്നുള്ള ഇരുപത്തിനാല് വർഷത്തെ ഇടവേളയിൽ പന്ത്രണ്ട് സുൽത്താന്മാർ പ്രത്യക്ഷപ്പെട്ടുവെങ്കിലും ചുരുക്കം ചിലർ ഒഴികെ മറ്റാർക്കും ചേരിതിരിഞ്ഞ അമീറുമാരുടെ നിയന്ത്രണങ്ങൾക്ക് പുറത്ത് യഥാർത്ഥ അധികാരം ഉണ്ടായിരുന്നില്ലന്ന യഥാർത്ഥത്തെ ഉൾക്കൊള്ളുകയും ഈയൊരു രാഷ്ട്രീയ ക്ഷണികതയോടും (Temporariness) അസ്ഥിരതയോടും (Instability) പ്രതികരിക്കുക കൂടി ചെയ്യുകയായിരുന്നു ഇമാം സുബുക്കി.
മഖ്ബൂലുൽ-കലിമ എന്ന നൂതന ഘടകത്തെ കുറിച്ചുള്ള സുബ്കിയുടെ ആശയങ്ങൾ സുൽത്താനേറ്റിന് പുറത്തുള്ള ഇത്തരം അധികാരികളുടെ ഉപദേശക ശക്തിയെ ഉൾക്കൊള്ളുന്ന ഒന്നാണ്. അവർ പ്രജകളുടെ സാഹചര്യങ്ങൾ സുൽത്താനെ അറിയിക്കണമെന്നും, കഴിവിന്റെ പരമാവധി സുൽത്താൻ്റെ സത്യാന്വേഷണത്തിൽ സഹായിക്കണമെന്നും മുഈദ് നിർദ്ദേശിക്കുന്നുണ്ട്. ഈ സ്വാധീനങ്ങൾ അവരുടെ ലൗകിക ലക്ഷ്യങ്ങളിൽ മാത്രം വിനിയോഗിക്കരുതെന്നും അല്ലാത്തപക്ഷം സ്വാധീനവും അനുഗ്രഹവും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്.
ഇവിടെ, സുൽത്താന്റെ മതിയായ ശിക്ഷാധികാരത്തിനും (ഷൗക്ക/Punitive Power), സമർപ്പിത രാഷ്ട്രീയ കഴിവിനും (കിഫായ/Political Capability) അപ്പുറത്തേക്ക്, രാഷ്ട്രീയ വ്യവസ്ഥയുടെയും സ്ഥിരതയുടെയും ആത്യന്തിക മാനദണ്ഡമായി കേന്ദ്ര അധികാരത്തിന് പുറത്തുള്ള വ്യത്യസ്ത സ്വാധീനങ്ങളെ കൂടി - അസ്വസ്ഥതയോടെയാണെങ്കിലും - ഉൾക്കൊള്ളുന്ന രീതിയാണ് ഇമാം സുബുക്കിയുടേത്. ജയിലർമാർ (jailors), തെരുവ് കാവൽക്കാർ (street guardians) തുടങ്ങിയ താഴ്ന്ന തലത്തിലുള്ള ഉദ്യോഗസ്ഥർക്ക്, അവരുടെ കഴിവിന്റെ പരമാവധി യജമാനന്മാരുടെ അന്യായമായ ഉത്തരവുകൾക്കെതിരെ പ്രവർത്തിക്കാൻ മുഈദ് അനുവാദം നൽകുന്നുണ്ട്.
സുൽത്താനേറ്റിന്മേലുള്ള രാഷ്ട്രീയ സ്വാധീനത്തിന്റെ അതിരുകവിഞ്ഞ പ്രവാഹത്തിന് ഒരു മതപരമായ നിർഗ്ഗമനമാർഗ്ഗം (religious-driven outlet) ഒരുക്കുവാനുള്ള ശ്രമം സുബുകിയിൽ (Subkī) നിശ്ചയമായും ഉണ്ട്; എന്നിരുന്നാലും, ഈ പൊരുത്തക്കേടുകളെ (inconsistencies) ആഘോഷിക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ലതാനും. അതിനാൽ തന്നെ, മുഈദിലുടനീളം അനാവൃതമായ ബൃഹത്തായ രാഷ്ട്രീയ- ധാർമ്മിക "അധഃപതന ആഖ്യാനങ്ങൾക്കുള്ളിൽ" (narrative of decline) ഈ സൈദ്ധാന്തിക പൊരുത്തപ്പെടുത്തലുകളെ സ്ഥാപിക്കേണ്ടത് പ്രധാനമാണ് (തുടരും)