KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

'ശുക്റുന്നിഅ്‌മ'യിലെ രാഷ്ട്രീയ തത്വങ്ങൾ: ഇമാം സുബുകിയുടെ മുഈദുന്നിഅഃമിനെ വായിക്കുന്നു - Part 2

അബ്ദുൽ ഫത്താഹ് നൂറാനി

A Narrative of Decline ഒരധഃപതനത്തിൻ്റെ ആഖ്യാനം

ഇമാമേറ്റിന്റെ ആദർശപരമായ ആശയവൽക്കരണത്തിൽ നിർമിതമായ ഇമാം മാവർദിയുടെ അഹ്കാമു സുൽത്താനിയ പോലുള്ള നിയമ ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് മുഈദിനെ ഇമാം സുബ്ക്കി സ്ഥാപിക്കുന്നത്. അതിനാൽ തന്നെ, റാഷിദൂൻ ഖിലാഫത്തിന്റെ ഉൽകൃഷ്ട ഭരണത്തിന് ശേഷം മുസ്ലിം ഉമ്മത്തിന് ശോഷണം സംഭവിക്കുകയാണ് എന്ന രാഷ്ട്രീയ- ധാർമിക ‘അധഃപതന ആഖ്യാനം’(decline narrative) മുഈദ് മുന്നോട്ട് വെക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ‘അധഃപതനത്തിൻ്റെ ആഖ്യാനം’ എന്നത് അപൂർവ്വമായതോ സുബ്‌കിയുടെ മാത്രം സങ്കല്പത്തിലോ ഉള്ളതായ ഒരു ആഖ്യാനമല്ല, മറിച്ച് പൗരസ്ത്യ സമൂഹങ്ങളിലെല്ലാം പ്രസക്തമായ ഒന്നാണ്.


കൊളോണിയൽ കാലഘട്ടത്തിൽ പൗരസ്ത്യ ചരിത്രത്തെ നിർണ്ണയിച്ച പുരോഗതിയുടെ ദൈവശാസ്ത്രത്തിൻ്റെ (Western theology of progress) സാർവത്രികവൽക്കരണവും (Universalization) നിയമാധിഷ്ഠിതത്വവും (Normativity) ഈ ചരിത്രാഖ്യാനത്തിൻറെ ധാർമികവും ജ്ഞാനശാസ്ത്രപരവുമായ ലക്ഷ്യത്തെ മാറ്റിമറിച്ചിരുന്നു. വർത്തമാനകാലത്തിന്റെ അനിവാര്യമായ പുരോഗമനാത്മകതയെ പിന്നോക്ക ഭൂതകാലത്തിനു മുകളിൽ ആന്തരികവൽക്കരിച്ച, പുരോഗതിയുടെ ഒരു ദൈവശാസ്ത്രത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഹല്ലാഖ് പ്രബോധനാത്മകമായി എഴുതുന്നത് കാണാം: “ജ്ഞാനോദയത്താൽ ഒരു പുതിയ ഘടന നൽകപ്പെട്ടതോടെ, ചരിത്രം ധാർമ്മിക പ്രബോധനത്തിന്റെ ഒരു ആഖ്യാനമല്ലാതാവുകയും (narrative of moral instruction) എല്ലാ മനുഷ്യാനുഭവങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ചിന്താ ഘടനയായി മാറുകയും ചെയ്തു.”


തുർക്കിക് മംലൂക്ക് കാലഘട്ടത്തിലെ തകർച്ചയെക്കുറിച്ചുള്ള സുബ്കിയുടെ ആഖ്യാനം, ഒരേസമയം ധാർമ്മിക പ്രബോധനത്തിന്റെ ആഖ്യാനമാണ്, അതിനാൽ യൂറോപ്പിന്റെ 'പുരോഗമന കാലഘട്ട'ത്തിലൂടെയല്ല, മറിച്ച് ഒരു 'ധാർമ്മിക സമയ'(ethical time)ത്തിലൂടെയാണ് അത് പ്രവർത്തിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ള പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം, ഈ തകർച്ച കണ്ടെത്തുന്നതിനുള്ള ധാർമ്മികവും സദാചാരപരവുമായ അനിവാര്യത, അഹ്‌ലുൽ ഹഖി വദ്ധീൻ (Ahl al-Haqq Wa- al-Dīn) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാം തലമുറയുടെ ആദർശ കഥയിലേക്ക് മടങ്ങാനുള്ള സമകാലിക ഭരണാധികാരികളുടെ കഴിവിലല്ല, കാരണം ഇത് അസാധ്യമാണ്, മറിച്ച് അദ്ദേഹത്തിന്റെ കാലത്തെ രാഷ്ട്രീയ ഘടന അവരുടെ അടുത്ത ഭൂതകാലത്തിൽ നിന്നും ആചാരങ്ങളിൽ നിന്നും (ammā hum fīhi) പിന്മാറാതിരിക്കുക എന്നതാണ്.


പല സന്ദർഭങ്ങളിലും, പ്രവാചക അനുചരന്മാരുടെ (sahaba) ഭരണത്തിന്റെ ധാർമ്മികവും ഭൗതികവുമായ നിലയിൽ നിന്നുള്ള തകർച്ചയായി തുർക്കികളുടെ ഭരണം അദ്ദേഹം കാണുന്നു. റാഷിദൂൻ, ഉമയ്യദ് ഖിലാഫേറ്റുകൾ വളരെ വലിയ സൈന്യത്തെ ഫലപ്രദമായി കൈകാര്യം ചെയ്തിരുന്നതോടൊപ്പം തന്നെ തങ്ങളുടെ സൈനികർക്ക് ഉയർന്ന ഗ്രാന്റുകളും വേതനവും വിതരണം ചെയ്തിരുന്നുവന്ന് അദ്ദേഹം പറയുന്നു. ഖിലാഫേറ്റിൻ്റെ ഈ ചെലവുകൾക്കായുള്ള ധന വിനിമയം തങ്ങളുടേതുമായി താരതമ്യപ്പെടുത്തി അത്ഭുതപ്പെട്ടുപോയ മംലൂക് രാജകുമാരന്മാരുമായുള്ള തന്റെ സംസാരം സുബ്കി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാലത്തെ 'ഉമറാ ഉദൗല' മാർ ചെയ്തിരുന്നതിന് വിപരീതമായി ധാരാളം പണം നൽകി ആഡംബരപൂർണ്ണമായ ആഭരണങ്ങൾ, വസ്ത്രങ്ങൾ, കുതിരവണ്ടികൾ, കുതിരകൾ, മറ്റ് സ്വകാര്യ വസ്തുക്കൾ എന്നിവ സമ്പാദിക്കാൻ ഖലീഫമാർ ശ്രമിച്ചിരുന്നില്ല എന്നാണ് സുബ്കി ഇതിന് മറുപടി നൽകുന്നത്. ഭരണവർഗത്തിന്റെ ധാർമ്മികമായ മൂല്യച്യുതിയും ഭൗതികമായ അപ്രാപ്തിയും അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നു എന്ന പണ്ഡിതസമൂഹത്തിന്റെ ദീർഘകാലമായുള്ള ബോധ്യത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം രൂപപ്പെട്ടിരിക്കുന്നത്. തന്റെ ഈ ഉപദേശത്തിന്, താതാരികൾക്കെതിരെയുള്ള ഐൻ ജാലൂത്ത് യുദ്ധത്തിന് പണം കണ്ടെത്താനുള്ള വഴികളെക്കുറിച്ച് സൈഫുദ്ദീൻ ഖുതുസ് അന്വേഷിച്ചപ്പോൾ ഇസ്സുദ്ദീൻ ഇബ്നു അബ്ദിസ്സലാം (577– 660/1181– 1262) നൽകിയ സമാനമായ ഉപദേശവുമായി ബന്ധമുണ്ടെന്ന് സുബ്കി തന്നെ തിരിച്ചറിയുന്നുണ്ട്.


‘Ulama’ Discontents (അസംതൃപ്തരായ പണ്ഡിതസമൂഹം)

തുർക്കിക് മംലൂക്ക് സുൽത്താനേറ്റിന്റെ കാലഘട്ടത്തിൽ പണ്ഡിതസമൂഹവും ഭരണവർഗത്തിലെ ചില വിഭാഗങ്ങളും തമ്മിൽ ഉടലെടുത്ത ധ്രുവീകരണവും വിയോജിപ്പുകളുമാണ് ഈ പ്രബന്ധത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്ന മറ്റൊരു പ്രധാന വിഷയം. ഇസ്‌ലാമിക ഭരണക്രമത്തിൽ ഭരണനിർവ്വഹണ വിഭാഗവും(ദൗല) നീതിന്യായ വ്യവസ്ഥയും ഇസ്‌ലാമിക നിയമസംഹിതയായ ശരീഅത്തിന് വിധേയമായിരുന്നു. അതിനാൽത്തന്നെ, നിയമസംവിധാനത്തിന്റെ കാവൽക്കാർ എന്ന നിലയിൽ പണ്ഡിതവർഗത്തിലെ നിയമവിദഗ്ധർ (ഫുഖഹാഅ്), ഭരണവർഗത്തേക്കാൾ ഉയർന്ന ധാർമ്മികാധികാരം കൽപ്പിച്ചുപോന്നു. മുഈദിന്റെ സാമൂഹിക-രാഷ്ട്രീയ ശ്രേണിയിൽ, 'ഉലമ' എന്നത് മുഫ്തി, മുദരിസ്, ഫുഖഹാഉൽ മദ്‌റസ തുടങ്ങിയ വിവിധ കർമ്മപഥങ്ങളിൽ ഏർപ്പെട്ടിരുന്നവരെ ഉൾക്കൊള്ളുന്ന ഒരു പൊതുവിഭാഗമാണ്. ഇവർ പലപ്പോഴും ഖാസി പോലുള്ള ഔദ്യോഗിക പദവികൾക്കൊപ്പം തന്നെ ഈ ചുമതലകളും ഒരേസമയം വഹിച്ചിരുന്നു.പണ്ഡിതസമൂഹത്തിന്റെ പ്രതിനിധിയായിരിക്കെത്തന്നെ, ഈ വർഗത്തിന് കൽപ്പിക്കപ്പെട്ടിട്ടുള്ള ധാർമ്മികമായ മേധാവിത്വം വെല്ലുവിളിക്കപ്പെടുന്നു എന്ന കാര്യത്തിൽ സുബ്കിക്ക് വ്യക്തമായ ആശങ്കയുണ്ട്.


പണ്ഡിതന്മാരെക്കുറിച്ച് ചില അമീറുകൾക്ക് (ഭരണാധികാരികൾക്ക്) ഇപ്പോൾ നല്ലൊരു അഭിപ്രായം (ഹുസ്നുദ്ദൻ) ഇല്ലെന്ന വസ്തുതയും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നു. പതിവായി തെറ്റുകൾ ചെയ്യുന്ന ഭരണാധികാരികൾ, പണ്ഡിതന്മാർ ചെയ്യുന്നതായി പറയപ്പെടുന്ന പിഴവുകളെ വിമർശിക്കുന്നത് തികച്ചും വിരോധാഭാസമായാണ് അദ്ദേഹം കാണുന്നത്. കാരണം, പണ്ഡിതന്മാർക്ക് അവരുടെ വീഴ്ചകൾക്ക് പരിഹാരമായി മറ്റ് പുണ്യപ്രവൃത്തികൾ ഉണ്ടായേക്കാം; എന്നാൽ ഭരണാധികാരികളുടെ കാര്യത്തിൽ അതിന് സാധ്യതയില്ല. ഒരു കർമ്മശാസ്ത്ര വിശാരദൻ (ഫുഖഹാഅ്) തെറ്റ് ചെയ്തതാണെങ്കിൽ പോലും, ഭരണാധികാരികളേക്കാൾ ധാർമ്മികമായ ഔന്നത്യം അദ്ദേഹത്തിനുണ്ട് എന്നും സുബ്കി വാദിക്കുന്നുണ്ട്. കാരണം, അത്തരം സന്ദർഭങ്ങളിൽ ഭരണാധികാരികൾ രണ്ട് തെറ്റുകളാണ് ഒരേസമയം ചെയ്യുന്നത്: ഒന്ന് ആ തെറ്റ് പ്രവർത്തിക്കുന്നു എന്നത്, രണ്ട് അതിനെക്കുറിച്ച് ബോധപൂർവ്വമായ അജ്ഞത പുലർത്തുന്നു എന്നത്.


സുൽത്താന് വേണ്ടിയുള്ള തന്റെ രാഷ്ട്രീയ-ധാർമ്മിക നിർദ്ദേശങ്ങളിൽ, ധാർമ്മികമായ പദവിയെക്കുറിച്ചുള്ള ആശങ്കകൾക്കും അപ്പുറത്തുള്ള കാര്യങ്ങളാണ് സുബ്കി പങ്കുവെക്കുന്നത്. പണ്ഡിതന്മാരുടെ (ഫുഖഹാഅ്) സമ്പാദ്യം അമിതമാണെന്ന് ഭരണാധികാരികൾ കരുതുന്നതും, അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി മുൻതലമുറകൾ നൽകിയ വഖഫ് സ്വത്തുക്കളിൽ (ഔഖാഫ്) ഭരണകൂടം ഇടപെടുന്നതും അദ്ദേഹത്തെ ഏറെ അലോസരപ്പെടുത്തുന്നു. ഭരണാധികാരികൾ അത്തരം വഖഫ് സ്വത്തുക്കളെ കച്ചവടച്ചരക്കാക്കുന്നതും, അവ അർഹരല്ലാത്തവരുടെ കൈകളിൽ എത്തിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം അവർക്ക് മുന്നറിയിപ്പ് നൽകുന്നു. പണ്ഡിതർക്ക് അവരുടെ ഔദ്യോഗികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക സഹായം നൽകാതിരിക്കുന്നതിനൊപ്പമാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നതെന്ന കാര്യവും അദ്ദേഹം ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നു. പണ്ഡിതസമൂഹത്തിന്റെ (ഉലമ) സാമ്പത്തിക ഭദ്രതയിലുള്ള ഇത്തരം ഇടപെടലുകളെ "ഭയഭക്തിയുടെ തിരശ്ശീല കീറുന്നതിന്" (ഖർഖു ഹിജാബിൽ ഹൈബ - Kharq ḥijāb al-haybah) തുല്യമായാണ് സുബ്കി വിശേഷിപ്പിക്കുന്നത്. ഈ പ്രശ്നം എത്രത്തോളം ഗൗരവകരമാണെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.


മതസംവിധാനങ്ങളുടെ മേൽ ഭരണവർഗത്തിന് പ്രായോഗികമായി യാതൊരു നിയന്ത്രണവുമില്ലായിരുന്നു എങ്കിലും, മദ്‌റസകൾക്കും ഖാൻഖാകൾക്കും സാമ്പത്തിക സഹായം നൽകുന്നതിനായി മംലൂക്ക് പ്രഭുക്കന്മാർ തന്നെ നൽകിയ വഖഫ് സ്വത്തുക്കൾ, നിയമവിദഗ്ധരും ഭരണവർഗവും തമ്മിലുള്ള തർക്കവിഷയങ്ങളായി മാറിയിരിക്കാം. ഇസ്‌ലാമിക ഭരണക്രമത്തിലെ അധികാര വിഭജനത്തിന്റെ കാര്യക്ഷമതയ്ക്കും മതസംവിധാനങ്ങളുടെ സാമ്പത്തിക നിലനിൽപ്പിനും വഖഫ് അടിസ്ഥാന സൗകര്യങ്ങളുടെ സ്വയംഭരണാധികാരമുള്ള ഘടനകൾ അത്യന്താപേക്ഷിതമായിരുന്നു. വാസ്തവത്തിൽ, പത്തൊൻപതാം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ ഈ ഭരണസംവിധാനത്തിന്റെ തകർച്ചയ്ക്ക് കാരണം, യുദ്ധാവശ്യങ്ങൾക്കായി വഖഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനം കേന്ദ്രീകരിക്കാൻ ഭരണകൂടം നടത്തിയ ശ്രമങ്ങളാണെന്ന് കാണാൻ സാധിക്കും.


നിയമസംവിധാനത്തിന്റെ കാവൽക്കാർ എന്ന നിലയിൽ പണ്ഡിതവർഗത്തിന് മംലൂക്ക് കാലഘട്ടത്തിൽ രാഷ്ട്രീയ ഭരണകൂടത്തിന്മേലുള്ള സ്വാധീനം നഷ്ടപ്പെട്ടുവെന്ന് പറയുന്നത് ഒരു അതിശയോക്തിയായിരിക്കും. മറിച്ച്, രാഷ്ട്രീയ അധികാരികളോട് മുഈദ് ഉപയോഗിക്കുന്ന ആജ്ഞാപിത സ്വഭാവമുള്ള ഭാഷ തന്നെ, സുബ്കിയും അദ്ദേഹത്തിന്റെ സമകാലികരും ആസ്വദിച്ചിരുന്ന സ്വതന്ത്രമായ അധികാരത്തിന്റെ സൂചനയാണ്. ഒരവസരത്തിൽ, തന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സമയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ഒരു നായിബ് സുൽത്താനെ സുബ്കി നേരിട്ട് ശാസിക്കുന്നുണ്ട്: "ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ കഴിവിനനുസരിച്ച് പ്രവർത്തിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്" (അന്തും മുത്വാലിബൂന മിൻ കുല്ലി മാ നഅ്മുറുക്കും ബിഹി ബിമാ തസിലു ഇലൈഹി ഖുദ്‌റതിക്കും). ഗ്രന്ഥകർത്താവിന്റെ പ്രശസ്തി കൊണ്ടും ചീഫ് ഖാസി എന്ന അദ്ദേഹത്തിന്റെ പദവി കൊണ്ടും മംലൂക്ക് രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണികളിൽ വായിക്കപ്പെടാൻ സാധ്യതയുള്ള ഒരു കൃതി എന്ന നിലയിൽ, താൻ ഉപയോഗിക്കുന്ന ഈ ആധികാരിക ഭാഷയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുബ്കി പൂർണ്ണ ബോധവാനായിരുന്നിരിക്കണം. സാമൂഹിക-രാഷ്ട്രീയ തിന്മകളെ വിട്ടുവീഴ്ചയില്ലാതെ തുറന്നെതിർത്ത ഒരു വിമർശകനായിരുന്നു അദ്ദേഹം എന്നതുപോലെതന്നെ, ഈ ഉന്നതമായ ധാർമ്മികനിലപാടും ആധികാരികമായ ഭാഷാശൈലിയും അദ്ദേഹത്തിന് മുൻപ് ജീവിച്ചിരുന്ന പല പണ്ഡിതന്മാരുടെയും സവിശേഷതയായിരുന്നു. സെൽജുക് ഭരണാധികാരിക്കായി രചിച്ച 'തിബ്‌റുൽ മസ്ബൂഖ് ഫീ നസ്വീഹത്തിൽ മുലൂക്' (Ṭibr al-Masbūq Fī Naṣīḥat al-Mulūk) എന്ന ഉപദേശഗ്രന്ഥത്തിലൂടെ പ്രശസ്തനായ ഇമാം ഗസ്സാലിയും ഇതിന് ഉദാഹരണമാണ്.


പലപ്പോഴും ഖാളി സ്ഥാനത്ത് നിന്നും സ്ഥാനഭ്രഷ്ടനായിട്ടുണ്ടെങ്കിലും കുറ്റാരോപണങ്ങളിൽ നിന്ന് മുക്തനായ ഓരോ തവണയും അദ്ദേഹം അതേ പദവിയിൽ തന്നെ തിരിച്ചെത്തി എന്നത് ഒരു പ്രധാന വസ്തുതയാണ്. രാഷ്ട്രീയ മണ്ഡലത്തിലെ മതപരവും ധാർമ്മികവുമായ കാര്യങ്ങളിൽ പണ്ഡിതസമൂഹം പുലർത്തിയിരുന്ന ഈ ആധിപത്യം ഒരു അപവാദമല്ല, മറിച്ച് തികച്ചും സ്വാഭാവികമായ ഒന്നായിരുന്നു എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അവിശ്വാസികളായ അടിമകളായിലായിരുന്നു (pagan-slaves) എന്ന പാരമ്പര്യവും, പലപ്പോഴും പൊതുജനമധ്യത്തിൽ അധികാരം പിടിച്ചെടുത്തവർ (Usurpers) എന്ന പ്രതിച്ഛായയും മംലൂക്ക് ഭരണാധികാരികൾക്ക് എന്നും ഒരു ന്യൂനതയും (Status deficiency) സാധുതയില്ലായ്മയും (Legitimacy crises) ആയിരുന്നു . ഇതാകട്ടെ, സുബ്കിയെപ്പോലെയുള്ള പണ്ഡിതന്മാർക്ക് ഭരണാധികാരികൾക്ക് മേൽ വ്യക്തമായ ആധികാരികതയും കർക്കശമായ അധികാരവും പ്രയോഗിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കിക്കൊടുത്തു.

Religion
Islam

Related Posts

Loading