KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

'ശുക്റുന്നിഅ്‌മ'യിലെ രാഷ്ട്രീയ തത്വങ്ങൾ: ഇമാം സുബുകിയുടെ മുഈദുന്നിഅഃമിനെ വായിക്കുന്നു - Part 3

അബ്ദുൽ ഫത്താഹ് നൂറാനി

ഷുക്റുന്നിഅ്മയുടെ രാഷ്ട്രീയ ഘടന

മുഈദിലെ സാമൂഹിക-രാഷ്ട്രീയ സിദ്ധാന്തങ്ങൾ ശരീഅത്തിന്റെ ഒരു വൈജ്ഞാനിക ചട്ടക്കൂടിനുള്ളിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. തുർക്കിക് മംലൂക്ക് ഭരണവ്യവസ്ഥയിലെ ഓരോ രാഷ്ട്രീയ-സാമൂഹിക പദവികളെയും, അവ വഹിക്കുന്ന വ്യക്തിയുടെ നേട്ടങ്ങളെയും ദൈവത്തിൽ നിന്നുള്ള ഒരു 'നിഅ്മത്ത്' (അനുഗ്രഹം) ആയാണ് ഈ ചട്ടക്കൂട് അടയാളപ്പെടുത്തുന്നത്. ഓരോ ഔദ്യോഗിക പദവികളുടെയും ഉത്തരവാദിത്തങ്ങളെക്കുറിച്ച് പ്രവാചകൻ ശരീഅത്തിൽ സൂചനകൾ നൽകിയിട്ടുണ്ടെന്നും, അതിനാൽത്തന്നെ ഓരോ തൊഴിലിനെയും ശരീഅത്തിൻ്റെ തന്നെ മാനദണ്ഡങ്ങൾക്കനുസരിച്ച് നിലനിർത്തണമെന്നും സുബ്കി വിശ്വസിച്ചിരുന്നു എന്നതാണ് ഇതിന് കാരണം. ഇമാം ഗസ്സാലി പറയുന്നത് ഭരണാധികാരം (വിലായത്ത്) സർവ്വശക്തനായ ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമാണ് എന്നാണ്. ഒരു ദാസനെ സംബന്ധിച്ചിടത്തോളം സുൽത്താൻ എന്ന പദവി ലഭിക്കുന്നതിനേക്കാൾ വലിയൊരു അനുഗ്രഹം മറ്റൊന്നില്ല. ഈ അനുഗ്രഹത്തെ വിലമതിക്കാതെ അക്രമത്തിലും ദേഹേച്ഛകളിലും മുഴുകുന്ന ഭരണാധികാരികൾ ദൈവത്തിന്റെ കോപത്തെ ഭയപ്പെടേണ്ടതുണ്ട് എന്നും ഗസ്സാലി സൂചിപ്പിക്കുന്നുണ്ട്. പണ്ഡിതസമൂഹത്തിനിടയിൽ (ഉലമ) നിലനിന്നിരുന്ന ഈ സുസ്ഥിതമായ ആശയത്തെ അടിസ്ഥാനമാക്കിയാണ് സുബ്കി തന്റെ വിപുലമായ സിദ്ധാന്തം രൂപപ്പെടുത്തിയത്. ഇത് ഒരു മാതൃകാ ഭരണസംവിധാനത്തിലെ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തങ്ങളെ പരലോകവുമായി ബന്ധിപ്പിക്കുന്ന ഒരു ആധാരമായി (anchor) മാറുന്നു.


ദൈവികാനുഗ്രഹം (നിഅ്മത്ത്) ഒരു സമൂഹത്തിന് ലഭിക്കുന്നത് ആ സമൂഹത്തോടുള്ള അല്ലാഹുവിന്റെ പ്രീതിയെയാണ് സൂചിപ്പിക്കുന്നതെങ്കിലും, അത് ഒരു ദൈവശാസ്ത്രപരമായ സങ്കീർണ്ണത (Theological aporia) കൂടി സൃഷ്ടിക്കുന്നുണ്ട്. ദൈവം തന്റെ ഔദാര്യം ഇത്രമേൽ ഉദാരമായി ചൊരിയുമ്പോൾ, മനുഷ്യർ തങ്ങൾ തന്നെയാണ് ഇതിന്റെ ഉറവിടമെന്ന് സ്വയം കരുതാനും ദൈവത്തോട് നന്ദികേട് (കുഫ്റുന്നിഅ്മത്ത് - Kufr al-Ni’mah) കാണിക്കാനുമുള്ള സാധ്യത അവിടെ നിലനിൽക്കുന്നു. നന്ദിപ്രകാശനത്തിൽ (ശുക്റുന്നിഅ്മത്ത് - Shukr Al-Ni’mah) നിന്ന് നന്ദികേടിലേക്കുള്ള ഈ എളുപ്പത്തിലുള്ള വഴുതിവീഴലാണ് രാഷ്ട്രീയ തകർച്ചയുടെ പ്രധാന കാരണമെന്ന് സുബ്കി നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു: "നന്ദി രേഖപ്പെടുത്താത്ത ഏതൊരു അനുഗ്രഹവും തിരിച്ചെടുക്കപ്പെടാൻ അർഹമാണ്... എന്നാൽ നന്ദിയുള്ളിടത്ത് അത് തിരിച്ചെടുക്കപ്പെടില്ല... അനുഗ്രഹം എന്നത് വന്യമായ ഒന്നാണ്, നന്ദി പ്രകടിപ്പിക്കുന്നതിലൂടെ അതിനെ മെരുക്കിയെടുക്കുക (അന്നിഅ്മത്തു വഹ്ശിയ്യത്തുൻ ഫശ്കിലൂഹാ ബിശുക്ർ)." അനുഗ്രഹം 'വന്യമാണ്' എന്ന പ്രയോഗം പൊതുവെ രാഷ്ട്രീയ ലോകത്തിന്റെയും, പ്രത്യേകിച്ച് ഓരോ ഭരണാധികാരിയുടെയും (വലിയ്യുൽ അംർ) പരിധികളില്ലാത്ത അധികാരത്തെയും സാധ്യതകളെയുമാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ശരീഅത്തിൽ അധിഷ്ഠിതമായ നന്ദിപ്രകടനം കൊണ്ട് അതിനെ മെരുക്കിയില്ലെങ്കിൽ, അത് അസ്ഥിരതയുടെയും സംഘർഷത്തിന്റെയും ഉറവിടമായി മാറും.


എങ്കിൽ എങ്ങനെയാണ് ഈ നന്ദി പ്രകടിപ്പിക്കേണ്ടത് അല്ലെങ്കിൽ രാഷ്ട്രീയ-സാമൂഹിക തകർച്ചയ്ക്കുള്ള പ്രതിവിധി എങ്ങനെയായിരിക്കണം? മംലൂക്ക് ഭരണവ്യവസ്ഥയിലെ ജനങ്ങൾക്കായി സുബ്കി മൂന്ന് ഘട്ടങ്ങളുള്ള 'ശുക്റുൻ നിമത്ത്' സിദ്ധാന്തം അവതരിപ്പിക്കുന്നു: ഒന്നാമതായി, അനുഗ്രഹങ്ങളുടെ നഷ്ടത്തിലേക്ക് നയിച്ച കാരണങ്ങളും അശ്രദ്ധകളും തിരിച്ചറിയുക. രണ്ടാമതായി, പരീക്ഷണങ്ങളിലെ ഗുണങ്ങളെ തിരിച്ചറിയുകയും അതിൽ സംതൃപ്തനായിരിക്കുകയും ചെയ്യുക. മൂന്നാമതായി, നിർദ്ദേശിക്കപ്പെട്ട രീതിയിൽ ദൈവത്തോട് പ്രാർത്ഥിക്കുക. ഭൗതികമായ അനുഗ്രഹങ്ങൾ നഷ്ടപ്പെടാനുള്ള കാരണം, ഒരാൾ തന്റെ ഉത്തരവാദിത്തങ്ങളിൽ കാണിച്ച അശ്രദ്ധയോ വീഴ്ചയോ ആണെന്ന കാര്യത്തിൽ സംശയമില്ല; ഈ അശ്രദ്ധയെ നിഷേധിക്കുന്നത് അജ്ഞതയാണ്. അതുകൊണ്ടാണ് മംലൂക്ക് ഭരണകൂടത്തിലെ സാമൂഹിക-രാഷ്ട്രീയ തകർച്ചയെ അംഗീകരിക്കുക എന്നത് സുബ്കിയുടെ പരിഹാരക്രിയകളിലെ ഒന്നാം ഘട്ടമായും 'ശുക്റുന്നിഅ്മത്തി'ന്റെ ഭാഗമായും മാറുന്നത്


മനുഷ്യ കൃതജ്ഞതയും ദൈവീക അനുഗ്രഹവും തമ്മിലെ അസമത്വം

സുബ്കിയെ സംബന്ധിച്ചിടത്തോളം 'ശുക്ർ' അഥവാ നന്ദിപ്രകടനം എന്നത് ഹൃദയം, നാവ്, കർമ്മങ്ങൾ എന്നിവയിലൂടെയാണ് പൂർത്തിയാകുന്നത്. ഇതിൽ ഹൃദയം കൊണ്ടുള്ള നന്ദിക്കാണ് അദ്ദേഹം ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത്. ഓരോ അനുഗ്രഹത്തിന്റെയും, അതുവഴി ഓരോ രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെയും യഥാർത്ഥ ഉറവിടം അല്ലാഹുവാണെന്നും മറ്റാരുമല്ലെന്നും പൂർണ്ണമായി ഉറച്ചുവിശ്വസിക്കുക എന്നതാണ് ഹൃദയം കൊണ്ടുള്ള നന്ദി.
ഈ ലോകത്തെ ഭൗതിക നേട്ടങ്ങൾ മറ്റ് സൃഷ്ടികളിലൂടെയാകാം നിങ്ങളിലേക്ക് എത്തുന്നത്; ഒരുപക്ഷേ നിങ്ങളുടെ പദവി നൽകിയത് നിങ്ങളെക്കാൾ ഉയർന്ന ഒരു അധികാരശക്തിയുമാകാം. എന്നാൽ, പേനയും മഷിയും ഒരു പ്രവൃത്തിയുടെ ഉപാധികളാകുന്നതുപോലെ, ആ അധികാരശക്തിയെ നിങ്ങൾക്കായി വിധേയനാക്കിത്തന്നത് ദൈവമാണ്. യഥാർത്ഥ ഉറവിടത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവ്, ദൈവത്തോട് പൂർണ്ണമായ അർത്ഥത്തിൽ തിരിച്ചു നന്ദി പ്രകാശിപ്പിക്കുക എന്നത് അസാധ്യമാണെന്ന ബോധ്യത്തിലേക്ക് നയിക്കുന്നു. ഇത് ദൈവത്തിന് മുന്നിൽ മനുഷ്യന്റെ കഴിവിനെയും സാധ്യതകളെയും കുറച്ചു കാണുന്നതിലേക്ക് നയിക്കുന്നു. ഇമാം ഷാഫിയിൽ നിന്ന് സുബ്കി ഉദ്ധരിക്കുന്നതുപോലെ, ദൈവത്തിന്റെ ഒരു അനുഗ്രഹത്തിന് നന്ദി പറയുക എന്നത് തന്നെ മറ്റൊരു അനുഗ്രഹമാണ് (അതിനും നന്ദി പറയേണ്ടതുണ്ട്); ഈ ചക്രം അവസാനമില്ലാതെ തുടരുന്നതിനാൽ ദൈവത്തിന്റെ മഹത്വത്തിന്റെ വ്യാപ്തി വിവരിക്കാൻ ആർക്കും സാധ്യമല്ല. അതിനാൽത്തന്നെ, പ്രജകളുടെ നന്ദിയും (ശുക്ർ) ദാതാവിന്റെ അനുഗ്രഹവും (നിഅ്മത്ത്) തമ്മിൽ യഥാർത്ഥത്തിലുള്ള ഒരു തുല്യത (മുക്കാഫഅ) ഒരിക്കലും സംഭവ്യവുമല്ല.


ഇതർത്ഥമാക്കുന്നത്, നന്ദി പ്രകാശിപ്പിക്കുമ്പോൾ പ്രജകളുടെ ശ്രദ്ധ ആ അനുഗ്രഹം അതിൻ്റെ ദാതാവിൽ നിന്നാണെന്ന ഔദാര്യത്തിലായിരിക്കണം കേന്ദ്രീകരിക്കേണ്ടത് എന്നാണ്; അല്ലാതെ ആ അനുഗ്രഹത്തിന്റെ (നിഅ്മത്ത്) ഭൗതിക യാഥാർത്ഥ്യത്തിലല്ല. കാരണം, ലഭിച്ച ഭൗതിക വസ്തു ഗുണഭോക്താവിനെ സംബന്ധിച്ചിടത്തോളം ചിലപ്പോൾ നിസ്സാരമായി തോന്നാം. എന്നാല്, ശരീഅത്തുമായുള്ള ഈ ബന്ധത്തിൽ നിന്ന് സ്വതന്ത്രനാകാൻ (ഇസ്തിഖ്‌ലാൽ) ആഗ്രഹിക്കുന്ന, ധാർമ്മികമായി അധഃപതിച്ച ഒരു വ്യക്തി, അനുഗ്രഹത്തിന്റെ ഉറവിടത്തെക്കാൾ അതിന്റെ ഭൗതിക വശത്തെക്കുറിച്ചായിരിക്കും ചിന്തിക്കുക. സുബ്കി ഒരു ലൗകിക ഉദാഹരണത്തിലൂടെ ഈ ആശയം വിശദീകരിക്കുന്നു: ഒരു രാജാവ് യാത്രയ്ക്കൊരുങ്ങുമ്പോൾ തന്റെ അകമ്പടിക്കാരിലൊരാൾക്ക് ഒരു കുതിരയെ സമ്മാനിക്കുകയാണെങ്കിൽ, ആ വ്യക്തിയുടെ സന്തോഷം കുതിര എന്ന ഭൗതിക വസ്തുവിൽ നിന്നല്ല ഉണ്ടാകേണ്ടത്, മറിച്ച് താൻ രാജാവിനോട് കൂടുതൽ അടുത്തിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നായിരിക്കണം. നിഅ്മത്തും ശുക്റും തമ്മിലുള്ള ഈ ശാശ്വതമായ അസമത്വത്തെ (Asymmetry) വിശദീകരിക്കാൻ ഗ്രന്ഥകർത്താവ് ലൗകിക രാഷ്ട്രീയത്തിലെ ഉദാഹരണങ്ങൾ കൊണ്ടുവരുന്നത് ശ്രദ്ധേയമാണ്. ഇത് വായനക്കാർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കാൻ മാത്രമല്ല, ലൗകിക രാഷ്ട്രീയ വ്യവസ്ഥയിലെ അധികാരത്തിന്റെ പരിമിതികളെയും ദൈവത്തിന്റെ യഥാർത്ഥ പരമാധികാരവുമായി താരതമ്യം ചെയ്യുമ്പോൾ അതിൻ്റെ ദൗർബല്യതയെയും അറിയാൻ കൂടിയാണ്.
നിഅ്മത്തിൻ്റ ഭൗതിക യാഥാർത്ഥ്യം നിസ്സാരമാണെന്ന് തിരിച്ചറിയുമ്പോൾ, മുൻപത്തെ ഭാഗത്ത് നമ്മൾ സൂചിപ്പിച്ച സാമൂഹിക-രാഷ്ട്രീയ പദവികൾക്കിടയിലുള്ള ശ്രേണീബദ്ധമായ വ്യത്യാസം ഇല്ലാതാവുകയും ധാർമ്മികമായ സമത്വം നിലവിൽ വരികയും ചെയ്യുന്നു. മനുഷ്യർക്ക് അനുഗ്രഹങ്ങളിൽ (നിഅ്മത്ത്) സ്വന്തമായി യാതൊരു അവകാശവുമില്ലാത്തതിനാൽ, ഭരണവർഗത്തെ പ്രജകളിൽ നിന്ന് വേർതിരിക്കുന്നത് അവർ സ്വയമല്ല, മറിച്ച് ദൈവമാണെന്ന് സുബ്കി പറയുന്നു. ദൈവം ആഗ്രഹിച്ചിരുന്നുവെങ്കിൽ ഈ സ്ഥാനങ്ങൾ പരസ്പരം മാറ്റാമായിരുന്നു; ഒരു കർഷകനെ സൈനികനാക്കാനും സൈനികനെ കർഷകനാക്കാനും അവന് സാധിക്കുമായിരുന്നു. നിശ്ചയിക്കപ്പെട്ട ഈ രാഷ്ട്രീയ പദവികളുടെ താത്കാലിക സ്വഭാവവും ദൗർബല്യവും അവരുടെ ധാർമ്മിക ഉത്തരവാദിത്തങ്ങളിൽ സ്വാധീനവും ചെലുത്തുന്നുണ്ട്.


ഇവിടെ, ഇസ്‌ലാമിക ഭരണക്രമത്തിൽ ധാർമ്മിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനമായി കാണുന്ന 'രാഷ്ട്രീയ സ്വത്വത്തിന്റെ ദൈവിക പരമാധികാരത്തിന് മുന്നിലുള്ള കീഴടങ്ങലിനെ' ജ്ഞാനോദയ കാലഘട്ടത്തിലെ (Enlightenment) നന്ദിപ്രകാശനത്തെക്കുറിച്ചുള്ള ചർച്ചകളുമായി (discourse of gratitude) താരതമ്യം ചെയ്യുന്നത് അത്യന്തം താൽപ്പര്യജനകമാണ്. ഒരു ഉപഹാരം സ്വീകരിക്കുന്ന നിമിഷം വ്യക്തിക്ക് തന്റെ സ്വയംഭരണാധികാരവും (Individual Autonomy) പരമാധികാരവും നഷ്ടപ്പെടുമോ എന്ന ആശങ്ക കാന്റ് മുതലുള്ള പാശ്ചാത്യ ചിന്തകരെ അലോസരപ്പെടുത്തിയിരുന്നു. കാന്റിനെ കുറിച്ചുള്ള കുറച്ചുകൂടി ഹിതകരമായ അഭിപ്രായത്തിൽ, ദാതാവും ഗുണഭോക്താവും തമ്മിലുള്ള ബന്ധം (benefactor-beneficiary relationship) സൃഷ്ടിക്കുന്ന അസമത്വത്തെ അദ്ദേഹം തിരിച്ചറിയുന്നുണ്ട്. എങ്കിലും, നന്ദിയും ആത്മാഭിമാനവും (self-esteem) തമ്മിലുള്ള സംഘർഷം യഥാർത്ഥമല്ലെന്നും, ഒരാളുടെ ധാർമ്മികമായ ആത്മാഭിമാനം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതിനെക്കുറിച്ചുള്ള തെറ്റായ ധാരണയിൽ നിന്നാണ് ഈ സംഘർഷം ഉടലെടുക്കുന്നതെന്നും അദ്ദേഹം കരുതുന്നു.
എന്നാൽ നീച്ഹാ (Nietzsche), ഉപഹാരത്തെയും നന്ദി പ്രകടിപ്പിക്കേണ്ടി വരുന്നതിനെയും വ്യക്തിസ്വത്വത്തിന് മേലുള്ള ഒരു "ആക്രമണമായി" (Assault) വിശേഷിപ്പിക്കുന്നു. ഒരു ഉപഹാരം ലഭിക്കുമ്പോൾ അത് അറുത്തുമാറ്റാനാവാത്ത നന്ദിയുടെ ഭാരം സൃഷ്ടിക്കുന്നുണ്ടെന്നും, ആ നിമിഷം തന്നെ ഉപഹാരത്തിന്റെ മൂല്യം നശിക്കുകയും സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഡെറിഡ (Derrida) നിരീക്ഷിക്കുന്നു.


ആധുനിക വ്യക്തിത്വത്തിന്റെ വർദ്ധിച്ചുവരുന്ന ആത്മനിഷ്ഠതയും (Subjectivity), സ്വന്തം താൽപ്പര്യങ്ങൾക്കും അവകാശങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാനുള്ള അവരുടെ സ്വാതന്ത്ര്യവും "മറ്റൊരാളോടുള്ള കടപ്പാടിനെ നിഷേധിക്കുകയും അതുവഴി നന്ദിപ്രകാശനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു" എന്ന് വായേൽ ഹല്ലാഖ് (Wael Hallaq) വാദിക്കുന്നു. നന്ദിയും ആത്മാഭിമാനവും തമ്മിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ പാശ്ചാത്യ പാരമ്പര്യത്തിന് കഴിയാത്തതിന്റെ കാരണം, കാന്റിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപ്പത്തിലും സ്വതന്ത്ര യുക്തിചിന്തയിലും (Autonomous rationality) അധിഷ്ഠിതമായി ഒരു ധാർമ്മിക രാഷ്ട്രീയ കർതൃത്വത്തെ (Moral political agent) രൂപപ്പെടുത്തിയെടുക്കാൻ സാധിക്കില്ല എന്നതുകൊണ്ടാണ്. നന്ദിയുടെ ഭാരം ഒഴിച്ചുകൂടാനാവാത്തതാണെന്ന് പാശ്ചാത്യ തത്വശാസ്ത്രവും ഇസ്‌ലാമിക ദൈവശാസ്ത്രവും ഒരുപോലെ അംഗീകരിക്കുന്നുണ്ടെങ്കിലും, അനുഗ്രഹങ്ങളുടെ അന്തിമ ഉറവിടത്തെ (Final cause) തിരിച്ചറിയുന്നതിലൂടെ ആ ഭാരത്തെ ധാർമ്മികതയുമായി സമന്വയിപ്പിക്കാൻ സുബ്കിയെപ്പോലെയുള്ള മുസ്ലിം പണ്ഡിതന്മാർക്ക് സാധിച്ചു.


ഷുക്ർ: ഒരു രാഷ്ട്രീയ കർത്തവ്യവും സാമൂഹിക ബാദ്ധ്യതയും

രാഷ്ട്രീയ സ്വത്വവും പരമാധികാരിയായ ദൈവവും തമ്മിലുള്ള അങ്ങേയറ്റം അസമമായ ഈ ബന്ധം സ്ഥാപിച്ചുകഴിഞ്ഞതോടെ, കർമ്മങ്ങളിലൂടെയുള്ള നന്ദിപ്രകടനത്തെക്കുറിച്ച് (അഫ്ആൽ ) ഇമാം സുബ്കി സിദ്ധാന്തിക്കുന്നുണ്ട്. അതായത്, അനുഗ്രഹം നൽകിയ ദാതാവിന്റെ കൽപ്പനകൾ അനുസരിക്കുകയും വിലക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്നതാണ് അത്. ശുക്റിന്റെ ഈ അന്തിമ സ്തംഭം ഓരോ രാഷ്ട്രീയ പദവിക്കും സവിശേഷമായ ഒന്നാണ്; കാരണം ശരീഅത്തിൽ ഓരോരുത്തർക്കുമായി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ വ്യത്യസ്തങ്ങളാണ്. ഇതിനായി അദ്ദേഹം സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ വിവിധ ഔദ്യോഗിക പദവികളെ ഉദാഹരണങ്ങളായി നിരത്തുന്നത് മുന്നേ സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ശുക്ർ എന്നത് ഓരോ പദവിയുടെയും ഉത്തരവാദിത്തങ്ങൾ (വ മിൻ ഹഖിഹിം) പൂർത്തിയാക്കുക എന്നതാണെങ്കിൽ, ലൗകികമായ ഉത്തരവാദിത്തങ്ങൾക്കുള്ള പാരത്രികാധാരം മാത്രമല്ല സുബ്‌കി നിർവചിക്കുന്നത്. മറിച്ച്, രാഷ്ട്രീയ ഘടനയ്ക്ക് നിരന്തരം ഭീഷണിയുയർത്തുന്ന വിധത്തിൽ ഉത്തരവാദിത്തങ്ങൾ പരസ്പരം കലർന്നുപോകുന്നതിനും അധികാരങ്ങൾ കൈയേറുന്നതിനും എതിരായ ഒരു പരലോക നിയന്ത്രണം കൂടിയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത് (ഫമൻ അദല അൻഹാ ഇലാ നൗഇൻ ആഖറ മിന ശ്ശുക്രി ഫഖദ് ഖസ്സറ).


മനുഷ്യ യുക്തിയും മൂല്യങ്ങളും തമ്മിലുള്ള 'മഹത്തായ സമന്വയം' (Great Synthesis) എന്ന് ഹലാഖ് വിശേഷിപ്പിച്ച ഒരു പക്രിയയിലൂടെ രൂപപ്പെട്ട അശ്അരി ദൈവശാസ്ത്രത്തിന്റെ വക്താവ് ആയിരുന്നല്ലോ സുബ്കി. അതിനാൽത്തന്നെ, അനുഗ്രഹം ലഭിക്കുന്ന നിമിഷത്തിൽത്തന്നെ ദൈവത്തിന് കീഴടങ്ങുന്ന ഒരു രാഷ്ട്രീയ പ്രജയ്ക്ക് (Subject), സ്വന്തമായ കർതൃത്വവും (Agency) ഉത്തരവാദിത്തവും കൽപ്പിച്ചു നൽകാൻ സുബ്കിക്ക് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. തന്റെ സമകാലിക പശ്ചാത്തലത്തെ ഒരു പരിധിവരെ പ്രതിഫലിപ്പിക്കുന്ന ഒരു ഉപമ സുബ്കി ഇവിടെ പങ്കുവെക്കുന്നുണ്ട്:
"നിങ്ങൾ ഒരു അമീർ ആകുകയും അല്ലാഹു നിങ്ങൾക്ക് ധാരാളം അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ആഴത്തിൽ ചിന്തിച്ചാൽ അവയുടെ ഏറ്റവും ചെറിയൊരു അംശത്തിന് പോലും നിങ്ങൾ അർഹനല്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും... എന്നിട്ടും അല്ലാഹുവിന്റെ കൽപ്പനകളെ ധിക്കരിച്ചുകൊണ്ട് നിങ്ങൾ ജനങ്ങളെ ഭരിക്കുകയും, നിങ്ങളുടെ ഭരണമാണ് ഏറ്റവും ശ്രേഷ്ഠമെന്നും അല്ലാഹുവിന്റെ കൽപ്പനകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും നിങ്ങൾ വിശ്വസിക്കുകയും ചെയ്താൽ, എന്തായിരിക്കും നിങ്ങളുടെ പ്രതിഫലം! ഈ അനുഗ്രഹങ്ങൾ നിങ്ങളിൽ നിന്ന് എന്തുകൊണ്ട് തിരിച്ചെടുക്കപ്പെടാതിരിക്കണം?”


ഭരണാധികാരികൾ തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ചുമതലകളിൽ നിന്ന് വ്യതിചലിക്കുകയും അനാചാരങ്ങളിൽ മുഴുകുകയും ചെയ്യുമ്പോൾ, അനുഗ്രഹങ്ങൾ (രാഷ്ട്രീയ സ്വത്വത്തിന്റെ ) നഷ്ടപ്പെടുന്നതിനെക്കുറിച്ചും അത് തകർച്ചയിലേക്ക് നയിക്കുന്നതിനെക്കുറിച്ചുമുള്ള ഈ കാര്യകാരണബന്ധം (Causality) സുബ്കി പലയിടങ്ങളിലും ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, ശുക്റിന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റപ്പെടുകയും പരമാധികാരിയായ ദൈവത്തിന് മുന്നിൽ ധാർമ്മിക പ്രജകൾ പുലർത്തേണ്ട മുകളിൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ, അത് കൂടുതൽ അനുഗ്രഹങ്ങളിലേക്ക് നയിക്കും. സുബ്കി പറയുന്നതുപോലെ: "അനുഗ്രഹങ്ങളോടുള്ള നന്ദികേട് അവയുടെ അപ്രത്യക്ഷമാകലിന് കാരണമാകുന്നു, എന്നാൽ നന്ദിപ്രകാശനം അവയുടെ വർദ്ധനവിന് വഴിതുറക്കുന്നു."


അതേസമയം, ഇബ്നു മൻളൂർ തന്റെ നിഘണ്ടുവിൽ (Lexical dictionary) രേഖപ്പെടുത്തുന്നത് 'ശുക്ർ' (നന്ദി) എന്ന വാക്കിന്റെ നിഷ്പത്തി തന്നെ (Etymology) അതിനെത്തുടർന്ന് ഉണ്ടാകുന്ന സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അറബിയിലെ 'ശകറതിൽ ഇബിൽ' എന്ന പ്രയോഗത്തിൽ നിന്നാണ് ശുക്ർ എന്ന വാക്ക് രൂപപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. "പുൽമേടുകളിൽ മേഞ്ഞ് കൊഴുത്ത ഒട്ടകങ്ങൾ" എന്നാണ് ഇതിന്റെ അർത്ഥം. അതായത്, ഒരു ഒട്ടകത്തിന് നല്ല പുല്ലും മേച്ചിൽപ്പുറവും ലഭിക്കുമ്പോൾ അത് മുൻപത്തേക്കാൾ സമൃദ്ധമായി പാൽ ഉത്പാദിപ്പിക്കുന്നു.
എന്നിരുന്നാലും സുബ്കിയെ സംബന്ധിച്ചിടത്തോളം, ഓരോ തൊഴിലിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ധാർമ്മിക ഉത്തരവാദിത്തം എന്നത് കേവലം അവരുടെ വ്യക്തിപരമായ ഇടങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; മറിച്ച് അത് ആ ഭരണക്രമത്തിലെ മറ്റ് അംഗങ്ങളോടുള്ള സാമൂഹിക ഉത്തരവാദിത്തമായി എളുപ്പത്തിൽ പരിവർത്തനം ചെയ്യപ്പെടുന്നു. സുബ്കി ഈ ആശയത്തെ ഇപ്രകാരം വിഭാവനം ചെയ്യുന്നു: "ഓരോ ദാസനും മുസ്ലിംകളോട് ചില കടമകളുണ്ടെന്നും, അത് നന്ദിപൂർവ്വം നിറവേറ്റാൻ അവൻ ബാധ്യസ്ഥനാണെന്നും മനസ്സിലാക്കുക. ഒരു രാജാവ് നിങ്ങളെ ഏറ്റവും ലളിതമായ ഒരു ജോലി ഏൽപ്പിക്കുകയാണെങ്കിൽ പോലും നിങ്ങൾ അതിൽ സന്തുഷ്ടനാകും എന്ന് നിങ്ങൾക്ക് വ്യക്തമാണല്ലോ, അങ്ങനെയെങ്കിൽ രാജാക്കന്മാരുടെ രാജാവായ ദൈവത്തിന്റെ കാര്യം പറയേണ്ടതുണ്ടോ! ഓരോ പദവിയിലുമുള്ള വ്യക്തിക്കും മേൽ മുസ്ലിംകൾക്ക് അവകാശങ്ങളുണ്ട്…”


ഇവിടെ, 'ശുക്റുന്നിഅ്മത്ത്' അഥവാ നന്ദിപ്രകാശനം എന്നത് കേവലം മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, മറിച്ച് മുസ്ലിംകളുടെ സാമൂഹികവും രാഷ്ട്രീയവുമായ കടമകളുടെ അടിസ്ഥാനം കൂടിയാണെന്നും നമുക്ക് കാണാൻ സാധിക്കും. ഇത് ഒരു വശത്ത് ദൈവവുമായുള്ള ആത്മീയ ഉടമ്പടിയെയും (Divine covenant), മറുവശത്ത് ഒരു മുസ്ലിം ഭരണക്രമത്തിലെ മാനുഷിക ഉടമ്പടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. ഇതിലൂടെ പരമാധികാരിയായ ദൈവത്തോടുള്ള കടമകളും പ്രജകളുടെ അവകാശങ്ങളും പരസ്പരം ലയിച്ചുചേരുകയും, ജനങ്ങളെ സേവിക്കുക എന്നത് ഒരുതരം 'ഇബാദത്ത്' (ആരാധന) ആയി മാറുകയും ചെയ്യുന്നു. എന്നാൽ, രാഷ്ട്രീയ പ്രതിസന്ധികളുടെ ഘട്ടങ്ങളിലും ലിഖിതമായ ഉടമ്പടികൾ ഇല്ലാത്തപ്പോഴും, മുസ്ലിം ഭരണാധികാരികൾ തങ്ങളുടെ അനുയായികളുടെ വിശ്വസ്തത ഉറപ്പാക്കുന്നതിനായി 'നിഅ്മത്ത്', 'ശുക്ർ' എന്നീ പദപ്രയോഗങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തിട്ടുണ്ടാകാം എന്നതുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുത്. സുബ്കി ഇവിടെ പ്രാധാന്യം നൽകുന്നത് ഭരണാധികാരികൾക്ക് പ്രജകളോടുള്ള രാഷ്ട്രീയ കടപ്പാടിന്റെ ഉന്നതമായൊരു തത്വത്തിനാണ്. അത് ദൈവത്തെ അനുഗ്രഹങ്ങളുടെ ഉറവിടമായി കാണുന്നതിനെ നിഷേധിക്കുന്നില്ല എന്ന് മാത്രമല്ല, മറിച്ച് അതിൽ നിന്ന് തന്നെ രൂപപ്പെടുന്ന ഒന്നാണ്.


വാഇൽ ഹല്ലാഖ് വാദിക്കുന്നതുപോലെ, ശരീഅത്തിലെ നന്ദിപ്രകാശനത്തിന്റെ ഈ അന്തിമ ലക്ഷ്യത്തിന് (Teleology) ഒരു നരവംശശാസ്ത്രപരമായ പ്രതിഫലനം (Anthropological reflexivity) കൂടിയുണ്ട്; ഇത് ദരിദ്രർക്ക് ദാനം നൽകുന്നതിലൂടെ പ്രകടമാവുകയും സാമൂഹിക ഉത്തരവാദിത്തമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു.
ഭൗതിക സമ്പത്ത് ആഗ്രഹിക്കുമ്പോഴും ഉന്നതമായ ധാർമ്മിക നിയമങ്ങൾക്ക് കീഴ്പ്പെടുകയും സാമൂഹിക ഉത്തരവാദിത്തങ്ങളോട് പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിലെയും അതിന്റെ ഭരണക്രമത്തിലെയും ധാർമ്മികമായി രൂപപ്പെടുത്തപ്പെട്ട ഈ മാതൃകാ മനുഷ്യനെ, അഥവാ ഹോമോ ഇക്കണോമിക്കസിനെ (Homo economicus), ഭൗതിക ലാഭം മാത്രം അന്തിമ ലക്ഷ്യമായി കാണുന്ന ആധുനിക ഹോമോ ഇക്കണോമിക്കസുമായി നമുക്ക് താരതമ്യം ചെയ്യാം. സുബ്കിയെ സംബന്ധിച്ചിടത്തോളം, 'ശുക്റുൻ നിമത്ത്' എന്ന മനുഷ്യ-ദൈവ ബന്ധത്തിലൂടെ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിന്റെ പ്രധാന ലക്ഷ്യം, വ്യക്തികളോ രാഷ്ട്രീയ പദവികൾ വഹിക്കുന്നവരോ തങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തടയുക എന്നതാണ്. ആധുനിക ബ്യൂറോക്രസിയിൽ കാണുന്ന, ഹന്നാ അറേൻഡ് സിദ്ധാന്തവൽക്കരിച്ച, 'തിന്മയുടെ സ്വാഭാവികവൽക്കരണവും' (Banality of Evil) വ്യക്തിപരമായ മനസ്സാക്ഷിയുടെ (individual conscience) നഷ്ടവും എന്നാല് ഇതിന് കാരണമാവുകയാണ് ചെയ്തത്. ആധുനിക തൊഴിൽ വിഭജനവും (Division of labour), ലക്ഷ്യങ്ങളിൽ നിന്നുള്ള ബ്യൂറോക്രാറ്റിക് 'അകലവും' (Remoteness) എങ്ങനെയാണ് "ധാർമ്മിക ഉത്തരവാദിത്തത്തിന്" പകരം "സാങ്കേതിക ഉത്തരവാദിത്തത്തെ" (Technical responsibility) പ്രതിഷ്ഠിച്ചതെന്നും, അത് എത്രത്തോളം വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചുവെന്നും സിഗ്മണ്ട് ബൗമാൻ (Zygmunt Bauman) വിശകലനം ചെയ്തിട്ടുണ്ട്. നേരെമറിച്ച്, സമയക്കുറവോ അനുകൂലമല്ലാത്ത സാഹചര്യങ്ങളോ (യഅ്തബുൽ സമാൻ വ യശ്കു ദഹ്ർ) കാണിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന ഭരണാധികാരികളെ സുബ്കി കർശനമായി ശാസിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.


ഷുക്ർ: ശരീഅ-സിയാസ ചർച്ചകളുടെ പശ്ചാത്തലത്തിൽ

ശറഇനെക്കുറിച്ചും പ്രാദേശിക കീഴ്‌വഴക്കങ്ങളെക്കുറിച്ചും (al-ādat) അജ്ഞരായ ബ്യൂറോക്രാറ്റിക് ഉദ്യോഗസ്ഥരെയും സുബ്കി കഠിനമായി വിമർശിക്കുന്നുണ്ട്. വ്യക്തിപരമായ ധാർമ്മിക ഉത്തരവാദിത്തത്തെ കുറിച്ചുള്ള സുബ്‌കിയുടെ സാക്ഷ്യപ്പെടുത്തൽ, ഇസ്‌ലാമിക ഭരണകൂടത്തിന്റെ ഭരണഘടനാപരമായ പ്രാമാണ്യമായി ശരീഅത്തിന്റെ മേധാവിത്വം സ്ഥാപിക്കുന്നതിനോടും, അതിന് പിന്നിലെ പാരത്രിക കണ്ണിയായി 'ശുക്റുൻ നിമത്തിനെ' പ്രതിഷ്ഠിക്കുന്നതിനോടും അത്രമേൽ അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണിത്.
അധികാര വിഭജനത്തെക്കുറിച്ചുള്ള (separation of powers) ഇസ്‌ലാമിക സങ്കൽപ്പത്തിൽ , എക്സിക്യൂട്ടീവിൽ (ഭരണനിർവ്വഹണ വിഭാഗം) നിന്ന് സ്വതന്ത്രമായ നിയമനിർമ്മാണ അധികാരം പുലർത്തുന്നതും, പണ്ഡിതസമൂഹം (ഉലമ) കാത്തുസൂക്ഷിക്കുന്നതുമായ, ശരീഅത്താണ് രാഷ്ട്രീയ ഭരണനിർവ്വഹണത്തിന് (സിയാസ) ആവശ്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചു നൽകിയത്. രാജ ഭരണത്തിലെ (ദൗല - dawla) എക്സിക്യൂട്ടീവ് സുൽത്താനേറ്റ് എന്നത് ശരീഅത്തിന്റെ ശാശ്വതമായ നിയമനിർമ്മാണ ഘടനയെ അടിസ്ഥാനമാക്കി നിലനിൽക്കുന്ന ഒരു താത്കാലിക സംവിധാനം മാത്രമാണ്. പരിമിതമായ ചില മേഖലകളിൽ നിയമനിർമ്മാണം നടത്താൻ ശരീഅത്ത് ഇവർക്ക് അധികാരം നൽകിയിട്ടുണ്ടാകാമെങ്കിലും, അത് കേവലം ഒരു വ്യുൽപന്നം (Derivative) മാത്രമാണ്. എക്സിക്യൂട്ടീവിന് പലപ്പോഴും അനിയന്ത്രിതമായ നിയമനിർമ്മാണാധികാരമുള്ള ആധുനിക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ നിസ്സാരമാണ്.


ഈ ഘടനയെ നിലനിർത്തുക എന്നത് 'ശുക്റുനിഅ്മത്തി'ന്റെ സാമൂഹിക ധർമ്മത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ സുബ്കി സുൽത്താനോട് ആവശ്യപ്പെടുന്നത് നോക്കൂ: "തീർപ്പുകൽപ്പിക്കൽ ശരീഅത്തിന് വിട്ടുകൊടുക്കുക; കാരണം സർവ്വശക്തനായ അല്ലാഹുവല്ലാതെ മറ്റൊരു ഭരണാധികാരിയില്ല, മനുഷ്യന്റെ കേവല യുക്തിക്ക് ('അഖ്ല്) സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല." മാത്രമല്ല, തന്റെ രാജ്യത്തെ കേവലം "സ്വന്തം ആനന്ദങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതിഫലനമായി" (അൽ-മുൽകു ഇബാറതുൻ അൻ ദാലിക്) കാണരുതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ശരീഅത്തിന്റെ നിയമസംഹിതകളിൽ നിന്നുള്ള അജ്ഞതയും അകലവും മുൻനിർത്തി, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് സുബ്കി നൽകുന്ന ഉപദേശങ്ങൾ കൂടുതൽ നേരിട്ടുള്ളതാണ്. ഹാജിബിനോട് (Hājib - ചേംബർലെയ്ൻ/അധികാരി) സുബ്‌കി പറയുന്നു:
"തന്റെ ബുദ്ധി കൊണ്ടും ('അഖ്ലിഹി) സ്വന്തം അഭിപ്രായങ്ങൾ (റഅ്‌യിഹി) കൊണ്ടും സിയാസത്ത് (നയം) കൊണ്ടും ലോകത്തെ പരിഷ്കരിക്കാമെന്നും രാജ്യം ഭരിക്കാമെന്നും വിശ്വസിക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല—അങ്ങനെയുള്ളവരുടെ അന്ത്യം ദുരന്തപൂർണ്ണമായിട്ടല്ലാതെ കലാശിച്ചിട്ടില്ല. അവർ ഒരു ഫിത്‌ന പരിഹരിക്കുമ്പോൾ അതിലൂടെ മറ്റ് അനേകം പ്രശ്നങ്ങൾക്കാണ് വഴിതുറക്കുന്നത്.” ബ്യൂറോക്രാറ്റിക് നിയമങ്ങൾ (ഷറഉദ്ദീവാൻ - Shara’ al-Dīwān) ചൂണ്ടിക്കാട്ടി സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന നാളിറുൽ ജയ്ഷിനോട് (Nāẓir al-jaysh - സൈനിക കാര്യനിർവ്വാഹകൻ) സുബ്കി തിരിച്ചടിക്കുന്നത് ഇപ്രകാരമാണ്: "ദീവാന് സ്വന്തമായി യാതൊരു ശറഉമില്ല, മറിച്ച് ശറഅ് എന്നത് അല്ലാഹുവിന്റെ നിയമം മാത്രമാണ്." സുബ്കിയെ സംബന്ധിച്ചിടത്തോളം ശരീഅത്തിന്റെ പരിധികൾക്ക് പുറത്ത് യാതൊരുവിധ രാഷ്ട്രീയ യുക്തിക്കും (Political reason) നിലനിൽപ്പില്ല; കാരണം ശരീഅത്ത് കാത്തുസൂക്ഷിക്കുന്ന 'ശുക്റുൻ നിമത്തി'ന്റെ പരിധികൾക്ക് പുറത്ത് മാതൃകാപരമായ പങ്കോ ധാർമ്മിക ഉത്തരവാദിത്തമോ ഉള്ള ഒരു രാഷ്ട്രീയ പദവിയും നിലനിൽക്കുന്നില്ല.


നിയമനിർമ്മാണത്തെ എക്സിക്യൂട്ടീവിൽ നിന്ന് വേർതിരിച്ചുനിർത്തുന്ന മുസ്ലിം ഭരണക്രമത്തിലെ ഈ മാതൃകയെ, മാക്കിയവെല്ലി തന്റെ 'ദി പ്രിൻസ്' (The Prince) എന്ന കൃതിയിലൂടെ തുടക്കം കുറിച്ച ആധുനിക ഭരണകൂടത്തിന്റെ ചില രാഷ്ട്രീയ സങ്കൽപ്പങ്ങളുമായി നമുക്ക് പെട്ടെന്ന് തന്നെ താരതമ്യം ചെയ്യാൻ സാധിക്കും. മാക്കിയവെല്ലിയുടെ ദർശനപ്രകാരം രാഷ്ട്രീയം എന്നത് "ഭരണകൂടത്തിന്റെ നിലനിൽപ്പിനായുള്ള യുക്തി" (Reason of state) മാത്രമാണ്—അതായത് നീതിപൂർവ്വമോ അനീതിപൂർവ്വമോ ആയ ഏത് മാർഗ്ഗത്തിലൂടെയും ഭരണകൂടത്തെ സംരക്ഷിക്കുക എന്ന നയം. കാൾ സ്മിത്തിന്റെ (Carl Schmitt) 'പൊളിറ്റിക്കൽ' എന്ന സങ്കൽപ്പവുമായി ചേർത്തു വായിക്കുമ്പോൾ ഇതിനർത്ഥം, "അധികാരവും പോസിറ്റിവിസ്റ്റ് നിയമങ്ങളും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്നായി മാറി; അതായത് ആധുനിക ഭരണകൂടത്തിനുള്ളിൽ രാഷ്ട്രീയവും നിയമപരവുമായ കാര്യങ്ങൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഒന്നായി പരിവർത്തിക്കപ്പെട്ടു" എന്നാണ്.
ഈ ആധുനിക രാഷ്ട്രീയ യുക്തിക്കുള്ളിൽ നിന്നുകൊണ്ട്, മനുഷ്യരിൽ നിന്നുള്ള ആനുകൂല്യങ്ങളിലൂടെയും നന്ദിപ്രകടനങ്ങളിലൂടെയും തന്റെ രാജകുമാരന് നിയമസാധുത നേടിയെടുക്കാൻ മാക്കിയവെല്ലി ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന് ഒരു നൂറ്റാണ്ടിലധികം മുൻപ് തുർക്കിക് മംലൂക്ക് സുൽത്താനേറ്റിൽ ജീവിച്ചിരുന്ന സുബ്കിക്ക്, ദൈവിക അനുഗ്രഹങ്ങളോടുള്ള നന്ദിപ്രകാശനത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തമായൊരു സിദ്ധാന്തം കൈവശമുണ്ടായിരുന്നു. അത് രാഷ്ട്രീയ പശ്ചാത്തലത്തിൽ കൃത്യമായി പ്രയോഗിക്കാനും, ജനങ്ങളുടെ രാഷ്ട്രീയ കടപ്പാടും ഉത്തരവാദിത്തവും ഉണർത്താനും പ്രായോഗികവുമായ ഒന്നായിരുന്നു.


സുബ്കിയെ സംബന്ധിച്ചിടത്തോളം, 'ശുക്റുന്നിഅ്മത്ത്' അഥവാ ശരീഅത്തിന്റെ രാഷ്ട്രീയ ദർശനങ്ങളുടെ പുനരാവിഷ്കാരം സാധ്യമാകണമെങ്കിൽ, ഒന്നാമതായി മനുഷ്യപ്രകൃതത്തെക്കുറിച്ച് അന്വേഷിക്കുകയും, ദൈവത്തിന്റെ അനുഗ്രഹങ്ങൾക്ക് തുല്യമായി പ്രത്യുപകാരം നൽകാൻ മനുഷ്യന് ഒരിക്കലും സാധ്യമല്ല എന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഉടലെടുക്കുന്ന തീവ്രമായ ആത്മനിഷ്ഠതയെ (Radical subjectivity) തിരിച്ചറിയുകയും വേണം. മനുഷ്യപ്രകൃതത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ധാർമ്മികമായ കീഴടങ്ങലുകളുടെയും ആത്മസംസ്കരണ പ്രക്രിയകളുടെയും (Technologies of self) നഷ്ടമാണ് ഭരണകൂടത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഭരണഘടനാപരവും നിയമപരവുമായ പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്ന നിരീക്ഷണം ഇസ്‌ലാമിക ഭരണക്രമത്തിന്റെ കേന്ദ്രബിന്ദുവാണ്; ഇത് തന്നെയാണ് അതിനെ ആധുനിക രാഷ്ട്രീയ സിദ്ധാന്തങ്ങളിൽ നിന്ന് വേർതിരിക്കുന്നതും. മംലൂക്ക് ഭരണകൂടത്തിലെ ഉപരിപ്ലവമായ സാമൂഹിക-രാഷ്ട്രീയ ശ്രേണികളെ ധാർമ്മികമായ തലത്തിൽ ഇല്ലാതാക്കാനും, സാമൂഹിക ഉത്തരവാദിത്തം കൽപിച്ചു നൽകാനും, വ്യത്യസ്ത രാഷ്ട്രീയ പദവികൾക്കിടയിലുള്ള അധികാര പരിധി ലംഘനങ്ങൾ തടയാനും ഈ ദർശനം ഒരേസമയം സഹായിക്കുന്നു.

Religion
Islam

Related Posts

Loading