സാഹിത്യത്തിന് ആഴവും സങ്കീർണ്ണതയും അർത്ഥവും കൂട്ടുന്ന, ആശയങ്ങളിൽ പുതിയ പര്യവേക്ഷണങ്ങൾ നടത്താൻ എഴുത്തുകാർക്ക് വിളനിലമൊരുക്കുന്ന, സാമൂഹിക മാനദണ്ഡങ്ങളെ വിമർശിക്കാനും സൂക്ഷ്മമായ കഥാപാത്രങ്ങളെ സൃഷ്ടിക്കാനും വഴി തുറക്കുന്ന സാഹിത്യ സൂത്രമാണ് (Literary device) വിരോധാഭാസം (Irony). പെട്ടന്നുള്ള എ.ഐ സെർച്ചുകളിൽ കാണുന്ന ഐറണിയുടെ വിഭാഗങ്ങൾ ഇവയൊക്കെയാണ്:
1. വാചിക വിരോധാഭാസം (Verbal Irony). ഉദാ: രാവിലെ എണീക്കുമ്പോൾ തന്നെ കട്ടിലിൽ നിന്നും വീണ ഒരാൾ “എത്ര മനോഹരമായ സുദിനം” എന്ന് പറയുന്നു.
2. സാഹചര്യ വിരോധാഭാസം (Situational Irony). ഉദാ: ഫയർ സ്റ്റേഷന് തീ പിടിക്കുന്നു.
3. നാടകീയ വിരോധാഭാസം (Dramatic Irony). ഉദാ: കണ്ണട പരതുന്ന കഥാപാത്രം, അയാളത് നെറ്റിയിൽ കയറ്റി വെച്ചിട്ടുണ്ടെന്ന് വായനക്കാരനറിയുകയും ചെയ്യാം.
4. വിധിയുടെ വിരോധാഭാസം (Irony of Fate). ഉദാ: എല്ലാ ദുശീലവുമുള്ള കഥാപാത്രത്തിന്റെ പേര് സുശീലൻ.
5. പ്രാപഞ്ചിക വിരോധാഭാസം (Cosmic Irony). ഉദാ: പ്രകൃതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തി മണ്ണിടിച്ചിൽ മരണപ്പെടുന്നു.
ഐറണിയുടെ മറ്റൊരു വിഭാഗീയത വരുന്നത്, സറ്റയറും സർക്കാസവും വിറ്റുമാണ്. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദുരാചാരങ്ങളെയോ ചെയ്യരുതായ്മകളെയോ ദുരുപയോഗങ്ങളെയോ മറ്റെന്തെങ്കിലും പ്രതിഷേധിക്കപ്പെടേണ്ട പ്രവർത്തനങ്ങളെയോ തുറന്നുകാട്ടാനും വിമർശിക്കാനുമുപയോഗിക്കുന്ന സാഹിത്യ രീതിയാണ് ആക്ഷേപഹാസ്യം (Satire) എന്ന് പറയാം. വാക്കുകൾ ഒരർത്ഥത്തെ ദ്യുതിപ്പിക്കുകയും വിരോധാർത്ഥത്തെ ഉദ്ദേശിക്കപ്പെടുകയും ചെയ്യുന്ന രീതിയാണ് സർക്കാസം (Sarcasm). നിന്ദാസ്തുതിയെന്നോ വ്യംഗ്യാർത്ഥ പ്രയോഗമെന്നോ ഒക്കെ തർജമ ചെയ്യാവുന്ന ഒന്നാണത്. അവഹേളനമോ നിന്ദയോ പ്രകടിപ്പിക്കാനാണ് പൊതുവെ ഈ രീതിയിൽ എഴുത്തുകൾ സംവിധാനിക്കാറുള്ളത്. പദങ്ങൾ അടുക്കി വെക്കുന്നതിലെ രസം, ദ്വയാർത്ഥം പോലെയുള്ള ഭാഷാകേളികൾ തുടങ്ങിയവ കൊണ്ട് വായനക്കാരന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർത്തുന്ന ശൈലിയാണ് ഫലിതം (Wit).
ഇവ ഓവർലാപ് ചെയ്തും പരസ്പരം പിന്താങ്ങിയും കെട്ടിപ്പിടിച്ചുമാണ് മിക്കവാറും വരിക. മലയാളത്തിൽ ഐറണിയെ വേണ്ടുവോളം ഉപയോഗിച്ച പല എഴുത്തുകാരുമുണ്ട്. കുഞ്ചൻ നമ്പ്യാരും കുഞ്ഞുണ്ണി മാഷുമൊക്കെയാണ് ബഷീറിനു ശേഷം മനസ്സിലേക്ക് ഓടിവരുന്ന മുഖങ്ങൾ. ബഷീർ തന്നെയാണ് സറ്റയറും സർക്കാസവും ഉത്സവമാക്കുകയും അതിൽ വിജയിക്കുകയും ചെയ്ത ഏറ്റവും മഹാനായ സമീപസ്ഥ എഴുത്തുകാരൻ.
ചുവടെ കൊടുക്കുന്നത് പക്ഷേ, ഇറ്റാലോ കാൽവിനോയുടെ (Italo Calvino) ഐക്യദാർഢ്യം (Solidarity) എന്ന കഥയാണ്. ഐറണിക്കൽ കഥകളുടെ തലതൊട്ടപ്പന്മാരിൽ ഒരാളെന്ന് നിസംശയം പറയാവുന്ന ഒരാളാണ് കാൽവിനോ. യുദ്ധാനന്തരം (Post-war) എന്ന പൊതുസ്വഭാവം കാൽവിനോ കഥകളിൽ കാണാൻ സാധിക്കും. സോളിഡാരിറ്റിയും ഒരു അപവാദമല്ല.
ഒരേസമയം ഇരക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കുന്ന ഇരട്ടത്താപ്പിനെയും, ആവശ്യവും അറിവുമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് നേതാവ് ചമയലിനെയും പരിഹസിക്കുന്ന കഥയിൽ ഏറ്റവും വലിയ തലക്കടി കിട്ടുന്നത് പക്ഷേ, ‘ഞാനുള്ളത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്’ എന്ന നിരർത്ഥക ചിന്താഗതിക്കാണ് എന്നാണ് വ്യക്തിപരമായി തോന്നിയത്. കഥയിലെ ഒരു വിഭാഗം കള്ളന്മാരും, മറു വിഭാഗം പോലീസുകാരുമാണ്. ‘അവർ, മറ്റവർ’ എന്നൊക്കെയാണ് കഥാപാത്രങ്ങൾ പരസ്പരം വിളിക്കുന്നത്. അത്രയൊക്കേ പറയേണ്ടതുമൊള്ളൂ!
ഐക്യദാർഢ്യം
അവരെ കണ്ട് ഞാൻ നടത്തം നിർത്തി.
വിജനമായ തെരുവിൽ, ഒരു കടയുടെ ഷട്ടറിൽ എന്തോ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവർ.
അതൊരു വമ്പിച്ച ഷട്ടറായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഉയർത്താൻ നോക്കിയിട്ടും അതൊന്ന് അനങ്ങുന്നു പോലുമുണ്ടായിരുന്നില്ല.
പ്രത്യേകിച്ച് എങ്ങോട്ടെന്നില്ലാതെ, വെറുതെ ചുറ്റി നടക്കുകയായിരുന്നു ഞാൻ. അവർക്കൊരു സഹായമാകട്ടെ എന്ന് കരുതി ഞാനും ദണ്ഡിലൊന്ന് കൈ വെച്ചു. പിടിക്കാൻ അവരെനിക്കൊരു സ്ഥലം നൽകുകയും ചെയ്തു.
ഞങ്ങളുടെ വലി ഒരുമിച്ചായിരുന്നില്ല. ഞാൻ “പൊക്ക്, പൊക്ക്” എന്ന് പറഞ്ഞപ്പോൾ എന്റെ വലതു വശത്തുണ്ടായിരുന്നയാൾ എന്നെ കൈമുട്ട് കൊണ്ട് കുത്തിയിട്ട്, “വായടക്ക്. നിനക്കെന്താ ഭ്രാന്താണോ? മറ്റവരെ കേൾപ്പിക്കണോ നിനക്ക്?” എന്ന് പറഞ്ഞു.
വായിൽ നിന്നും വീണു പോയതാണെന്ന മട്ടിൽ ഞാൻ തല കുലുക്കി.
കുറച്ച് സമയമെടുക്കുകയും ഞങ്ങൾ വിയർക്കുകയും ചെയ്തു. ഒരാൾക്ക് കുനിഞ്ഞ് മാത്രം അകത്തു കടക്കാൻ പാകത്തിലെങ്കിലും ഒടുവിൽ ഞങ്ങൾ ഷട്ടർ പൊക്കി. ഞങ്ങൾ പരസ്പരം ആഹ്ലാദത്തോടെ നോക്കി, അകത്ത് കടന്നു. എന്റെ കയ്യിൽ ഒരു ചാക്ക് നൽകപ്പെട്ടു. ബാക്കിയുള്ളവർ ഓരോ സാധനങ്ങൾ കൊണ്ടുവന്ന് അതിലിടാൻ തുടങ്ങി.
“ആ പണ്ടാരം പിടിച്ച പൊലീസ് വരാതിരുന്നാൽ മതിയായിരുന്നു,” എന്നവർ പറയുന്നുണ്ടായിരുന്നു.
“അതെ. അവർ ശരിക്കും പണ്ടാരം പിടിച്ചവരാണ്,” ഞാനും പറഞ്ഞു. ഓരോ നിമിഷവും, “മിണ്ടാതിരിക്ക്, നിനക്കവരുടെ കാലൊച്ച കേൾക്കുന്നുണ്ടോ?” എന്നവർ ആകുലപ്പെടുന്നുണ്ടായിരുന്നു. അല്പം പേടിയോടു കൂടെത്തന്നെ ശ്രദ്ധിച്ചു നോക്കിയിട്ട് ഞാൻ പറഞ്ഞു: “അല്ല, അതവരല്ല.”
“ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിലാണ് ആ വസൂരികൾ കയറി വരുക.” കൂട്ടത്തിൽ ഒരാൾ പറഞ്ഞു.
ഞാൻ തല കുലുക്കി, “അവരെല്ലാവരെയും കൊല്ലണം, അതാണ് വേണ്ടത്,” എന്ന് മറുപടി പറഞ്ഞു.
ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി, കുറച്ച് നേരം പുറത്തുള്ള ഒരു മൂലയിൽ പോയി നിൽക്കാൻ അവരെന്നോട് നിർദേശിച്ചു. ഞാനങ്ങനെ ചെയ്തു.
പുറത്ത് മൂലയിൽ, പ്രവേശന കവാടത്തിൽ മതിലിൽ അള്ളിപ്പിടിച്ച് മറ്റവർ എനിക്ക് നേരെ വരുന്നുണ്ടായിരുന്നു.
ഞാനവരോടൊപ്പം കൂടി.
“താഴെ, ആ കടകളുടെ ഭാഗത്ത് നിന്നും ഒച്ച കേൾക്കുന്നുണ്ടല്ലോ.” എന്റെ തൊട്ടടുത്തുണ്ടായിരുന്ന വ്യക്തി പറഞ്ഞു.
ഞാനങ്ങോട്ടൊന്ന് എത്തി നോക്കി.
“തല താഴ്ത്തിപ്പിടി മരത്തലയാ. നമ്മളെ കണ്ടാൽ അവരിനിയും രക്ഷപ്പെടും.” അയാളെന്നോട് ചീറി.
“ഞാൻ നോക്കുകയായിരുന്നു,” ഞാൻ വിശദീകരിക്കാൻ ശ്രമിക്കുകയും ചുമരിനു താഴേക്ക് കുനിയുകയും ചെയ്തു.
“അവരറിയാതെ നമുക്ക് അവരെ വളയാൻ കഴിഞ്ഞാൽ, നമുക്കവരെ എന്തായാലും കീഴ്പ്പെടുത്താൻ സാധിക്കും. അവരധികം പേരില്ല.” മറ്റൊരാൾ പറഞ്ഞു.
പെരുവിരൽ കുത്തി ശ്വാസം അടക്കിപ്പിടിച്ച് ഞങ്ങൾ ഞൊടിയിടയിൽ മുന്നോട്ട് നീങ്ങി. ഓരോ നിമിഷവും ഞങ്ങൾ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നോട്ടങ്ങൾ കൈമാറി.
“ഇപ്രാവശ്യം അവർ രക്ഷപ്പെടാൻ പോകുന്നില്ല,” ഞാൻ പറഞ്ഞു.
“ഒടുവിൽ നമ്മളവരെ കയ്യോടെ പിടികൂടാൻ പോകുന്നു,” ആരോ ഒരാൾ പറഞ്ഞു.
“അതിനുള്ള സമയമായിരിക്കുന്നു,” ഞാൻ പറഞ്ഞു.
“കടകൾ കുത്തിത്തുറക്കുന്ന വൃത്തികെട്ട തെണ്ടികൾ,” മറ്റൊരാൾ പറഞ്ഞു.
“തെണ്ടികൾ,” ഞാൻ ദേഷ്യത്തോടെ അതാവർത്തിച്ചു.
ഒന്നെത്തി നോക്കാൻ അവരെന്നെ കുറച്ച് മുന്നോട്ടേക്ക് പറഞ്ഞയച്ചു. ഞാൻ തിരിച്ച് കടയിൽ തന്നെയെത്തി.
“ഇനിയവർക്ക് നമ്മളെ പിടികൂടാൻ കഴിയില്ല,” ഒരു ചാക്ക് തന്റെ തോളിൽ കേറ്റി വെച്ചിട്ട് ഒരാൾ പറഞ്ഞു.
“വേഗമാവട്ടെ, നമുക്ക് പിന്നാമ്പുറത്തു കൂടി ഇറങ്ങാം. അങ്ങനെ അവരുടെ മൂക്കിന് താഴെ നിന്നും നമുക്ക് രക്ഷപ്പെടാം,” വേറൊരാൾ പറഞ്ഞു.
ഞങ്ങളുടെയെല്ലാം ചുണ്ടിൽ വിജയത്തിന്റെ പുഞ്ചിരി വിടർന്നു.
“അവർ ശരിക്കും സങ്കടപ്പെടാൻ പോവുകയാണ്,” ഞാൻ പറഞ്ഞു. കടയുടെ പിൻഭാഗത്തേക്ക് ഞങ്ങൾ പതുങ്ങി നീങ്ങി.
“നമ്മൾ ആ വിഡ്ഢികളെ വീണ്ടും വിഡ്ഢികളാക്കിയിരിക്കുന്നു!” അവർ പറഞ്ഞു. പക്ഷേ, അപ്പോഴൊരു ശബ്ദമുയർന്നു: “നിൽക്കവിടെ, ആരാണ് കടക്കകത്ത്,” പെട്ടെന്ന് ലൈറ്റുകൾ പ്രകാശിച്ചു. വെളിച്ചം കുറഞ്ഞ ഭാഗത്ത് എന്തിന്റെയൊക്കെയോ പിറകിൽ, കൈകൾ കോർത്തു പിടിച്ച്, ഞങ്ങൾ ഒളിച്ചിരുന്നു. മറ്റവർ പിറകിലെ റൂമിലേക്ക് ഇടിച്ചു കയറി. ഞങ്ങളെ കാണാതെ അവർ കുറച്ച് നട്ടം തിരിഞ്ഞു. ഞങ്ങൾ ഭ്രാന്തരെ പോലെ വെടിവെച്ച് ഓടാൻ തുടങ്ങി. “നമ്മളത് ചെയ്തിരിക്കുന്നു!” ഞങ്ങൾ ആർത്തട്ടഹസിച്ചു. ഞാൻ ഒന്നു രണ്ട് തവണ തെന്നിവീണ് കുറച്ച് പിറകിലായിപ്പോയി. മറ്റവർ അവരുടെ പിന്നാലെയോടുന്നത് ഞാൻ കണ്ടു.
“വാ, നമുക്കവരെ പിടിക്കണം,” അവർ പറഞ്ഞു.
ശേഷം, അവരെ പിടിക്കാൻ വേണ്ടി ഇടുങ്ങിയ തെരുവുകളിലൂടെ എല്ലാവരും ഓടാൻ തുടങ്ങി. “ഈ വഴിയോടാം, അങ്ങോട്ടേക്ക് പോകാം,” ഞങ്ങൾ പറഞ്ഞു. മറ്റവർ അതിനും മാത്രം മുന്നിലല്ലായിരുന്നത് കൊണ്ട് ഞങ്ങൾ അലറിവിളിച്ചു: “വരൂ, അവർ രക്ഷപ്പെട്ടു കൂടാ.”
അവരിലൊരാളെ കൂടെയെത്താൻ എനിക്ക് കഴിഞ്ഞു. അയാളെന്നോട് പറഞ്ഞു: “കൊള്ളാം, നീ രക്ഷപ്പെട്ടല്ലോ. വാ, ഇതിലെ പോകാം. നമുക്കവരെ നഷ്ടപ്പെട്ടു കൂടാ.” ഞാനയാളുടെ കൂടെ പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരിടവഴിയിൽ ഞാൻ തനിച്ചായി. ഒരാൾ ഒരു മൂലയിലൂടെ ഓടി വന്ന് പറഞ്ഞു: “ഈ വഴി വാ, ഞാനവരെ കണ്ടു. അവരധികം ദൂരെ എത്തിയിട്ടുണ്ടാവില്ല.” ഞാനയാളുടെ പിന്നാലെയും കുറച്ചു ദൂരം ഓടി.
പിന്നെ ഞാൻ വിയർത്തു നിന്നു. അവിടെയാരും ഉണ്ടായിരുന്നില്ല. ഒരു അലറലും കേൾക്കാനും കഴിഞ്ഞില്ല. ഞാനെന്റെ കൈകൾ കീശയിലിട്ട്, പ്രത്യേകിച്ച് എങ്ങോട്ടെന്നില്ലാതെ, വീണ്ടും എന്റെ നടത്തം നടക്കാൻ തുടങ്ങി.