ഇന്ത്യയിലെ പ്രധാനപ്പെട്ട ഇടയ നാടോടി (Pastoral Nomadic) സമൂഹങ്ങളിൽ ഒന്നാണ് ഗുജ്ജറുകൾ. ജമ്മു കാശ്മീരിലും പഞ്ചാബിലുമാണ് പ്രധാനമായും ഗുജ്ജറുകൾ അധിവസിക്കുന്നത്. ശൈത്യകാലത്ത് ജമ്മുവിലെയും പഞ്ചാബിലെയും സമതലങ്ങളിൽ വസിക്കുന്ന ഇവർ, വേനൽ തുടങ്ങുന്നതോടെ കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് കന്നുകാലികളുമായി കുടിയേറ്റത്തിൽ (transhumance) ഏർപ്പെടുന്നു. പർവ്വതങ്ങളിലെ മേച്ചില്പുറങ്ങളാണ് ലക്ഷ്യം. കാലാനുസൃതമായ കുടിയേറ്റവും കന്നുകാലികളെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയും ഗുജ്ജർ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തെ ആഴത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്.
ആധുനികതയുടെ വേലിയേറ്റത്തിൽ ഭൂരിഭാഗം ആളുകളും നാടോടി ജീവിതം ഉപേക്ഷിച്ചുവെങ്കിലും, ഗുജ്ജറുകളുടെ സാമൂഹിക ഘടനയിലും ആചാരാനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും നാടോടി ജീവിതത്തിന്റെ അനുരണനങ്ങൾ കാണാനാകും. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന നാടോടി ജീവിതത്തിന്റെ സഞ്ചയിക ഓർമ്മക്ക് (Collective Memmory) ഗുജ്ജറുകളുടെ സാമൂഹിക ഘടനയെയും സംസ്കാരത്തെയും നിർണ്ണയിക്കുന്നതിലും നിലനിർത്തുന്നതിലും വലിയ പങ്കുണ്ട് . ഭൂമിശാസ്ത്രപരമായ നാടോടിത്തം അവസാനിച്ചുവെങ്കിലും ബോധമണ്ഡലങ്ങളിൽ നാടോടിത്തം അവസാനിക്കാത്ത സ്ഥിതി വിശേഷത്തെ 'സാമൂഹ്യശാസ്ത്രപരമായ നാടോടിത്തം' എന്നാണ് ഈ ലേഖനം വിശേഷിപ്പിക്കുന്നത്. ഗുജ്ജറുകൾക്കിടയിൽ നടത്തിയ ഫീൽഡ് വർക്കിന്റെയും സെക്കന്ററി സാഹിത്യങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ ഒരു എത്‌നോഗ്രാഫിക് വിവരണമാണ് ഈ ലേഖനം.
ഗുജ്ജറുകളുടെ ഉത്ഭവവും ചരിത്രവും.
ഗുജ്ജറുകളുടെ ജന്മദേശത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. നാടോടി ജീവിതശൈലിയും ഭാഷാപരവും ശാരീരികവുമായ സവിശേഷതകളും ഗുജ്ജറുകളുടെ മധ്യേഷ്യൻ വേരുകളിലേക്ക് വിരൽ ചൂണ്ടുന്നു. പേർഷ്യൻ,അറബി ഭാഷകളിൽ ഗുജ്‌റിസ്ഥാൻ എന്ന് അറിയപ്പെട്ട ജോർജിയയാണ് ഗുജ്ജറുകളുടെ ഉദ്ഭവ സ്ഥാനം എന്നതാണ് അഭിപ്രായങ്ങളിലൊന്ന്. ഇറാനും അഫ്ഗാനിസ്ഥാനും കടന്ന് സിന്ധു നദീതടത്തിലൂടെ ഗുജറാത്തിലേക്കെത്തിയെന്നും പറയപ്പെടുന്നു. എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ഹൂനുകളുടെ അധിനിവേശത്തോടെയാണ് ഗുജ്ജറുകൾ ഉപഭൂഖണ്ഡത്തിലെത്തിയതെന്നും, 5,6 നൂറ്റാണ്ടുകളിൽ ഗുജറാത്തിലെ ശക്തമായ വരൾച്ചയെ തുടർന്ന് വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് കുടിയേറിയതാണെന്നും അഭിപ്രായമുണ്ട്. റാണ അലി ഹസൻ ചൗഹാന്റെ താരീഖെ-ഗുജ്ജർ പ്രകാരം ഗുജ്ജറുകൾ മധ്യേഷ്യയിൽ നിന്നും ഇറാൻ വഴി രാജസ്ഥാനിലെത്തുകയും അവിടെ ശക്തമായ ഭരണകൂടങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എട്ടാം നൂറ്റാണ്ടിൽ അറബ് മുസ്ലിം അധിനിവേശത്തോടെയാണ് ഗുജ്ജർ ഭരണകൂടങ്ങൾ തകരുന്നതെന്നും ചൗഹാൻ എഴുതുന്നു. 6,7 നൂറ്റാണ്ടുകളിൽ രാജസ്ഥാനിലും ഗുജറാത്തിലും നിലനിന്നിരുന്ന വ്യത്യസ്ത ഗുജ്ജർ രാജഭരണകൂടങ്ങളെ അദ്ദേഹം പരാമർശിക്കുന്നുണ്ട്.
ഗുജ്ജർ, ഗുർജർ തുടങ്ങിയ പേരുകളിൽ ഇവരെക്കുറിച്ചുള്ള പരാമർശങ്ങൾ ചരിത്രരേഖകളിൽ കാണാനാകും. പദോല്പത്തിശാസ്ത്രമനുസരിച്ച് ഗുജ്ജർ എന്ന പദം മധ്യേഷ്യൻ തുർകിക് ഭാഷയിൽ നിന്നുത്ഭവിച്ചതാണ്. പശുപരിപാലകർ എന്നർത്ഥം വരുന്ന 'ഗോചരണ' എന്ന സംസ്‌കൃത പദം ലോപിച്ചതാണെന്നും പറയപ്പെടുന്നു. ശത്രു എന്നർത്ഥം വരുന്ന 'ഗുർ' എന്ന പദവും നശിപ്പിക്കുന്നവർ എന്നർത്ഥം വരുന്ന 'ജർ' എന്ന പദവും ചേർന്നാണ് ഗുർജർ എന്നത് രൂപപ്പെട്ടതെന്നും കാണാനാകും.
കന്നുകാലി സമ്പദ്‌വ്യവസ്ഥ, നാടോടിത്വം , സ്ഥിര താമസം
കന്നുകാലികളെ പരിപാലിക്കലാണ് ഗുജ്ജറുകളുടെ പരമ്പരാഗത തൊഴിൽ. പശു ,പോത്ത് , ആട് ,ചെമ്മരിയാട് എന്നിവയാണ് പ്രധാന വളർത്തുമൃഗങ്ങൾ. ചുമടുകൾ കൊണ്ടുപോകുന്നതിനും യാത്രകൾക്ക് വേണ്ടിയും കുതിരകളെയും മ്യൂളുകളെയും വളർത്താറുണ്ട്. തൊഴുത് വൃത്തിയാക്കൽ, ഭക്ഷണം വെള്ളം എന്നിവ നൽകൽ, കറവ, പുല്ലു വെട്ടൽ തുടങ്ങി കന്നുകാലി പരിപാലനവുമായി ബന്ധപ്പെട്ട ദൈനംദിനചര്യകളാണ് ഗുജ്ജറുകളുടെ ജീവിതത്തെ ക്രമീകരിക്കുന്നത്. പാൽ, ലെസ്സി, നെയ്യ്, വെണ്ണ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനത്തിലൂടെയാണ് ഇവർ വരുമാനമാർഗം കണ്ടെത്തുന്നത്. 30 മുതൽ 60 വരെ കന്നുകാലികളെ ഒരു സാധാരണ ഗുജ്ജർ വീട്ടിൽ കാണാനാകും. ഇറച്ചിക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കലാണ് പഞ്ചാബിലെ രീതി. ഒരു ശരാശരി മാടിന് 60000 വരെ വില ലഭിക്കും. കന്നുകാലികളുമായി ബന്ധപ്പെട്ട ജോലികളെല്ലാം പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. കുട്ടികളുടെ പങ്കാളിത്തം പരമ്പരാഗത അറിവുകളുടെ അനൗപചാരിക പകർച്ച സംവിധാനമായി പ്രവർത്തിക്കുന്നു. പുതിയ തലമുറയെയും പരമ്പരാഗത കന്നുകാലി പരിപാലനത്തിലേക്ക് തന്നെ എത്തിക്കുന്ന ചാലക ശക്തിയായി പ്രവർത്തിക്കുന്നത് ഇത്തരത്തിലുള്ള പരിശീലനവും അറിവുകളുടെ കൈമാറ്റവുമാണ്. എന്നാൽ, തങ്ങളുടെ പരമ്പരാഗത ഉപജീവനമാർഗ്ഗത്തിൽ ഉറച്ചുനിൽക്കാനുള്ള ഗുജ്ജർ സമുദായത്തിന്റെ കടുത്ത നിർബന്ധം, പുതിയ തലമുറയിൽ അപകടകരമായ രീതിയിലുള്ള വിദ്യാഭ്യാസ സ്തംഭനാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. ഏതാണ്ട് എല്ലാ കുട്ടികളും എട്ടാം ക്ലാസ്സോടെ സ്കൂൾ പഠനം അവസാനിപ്പിക്കുന്നു. എട്ടാം ക്ലാസ്സിന് ശേഷം സ്കൂൾ പഠനം തുടർന്നവരെ കണ്ടെത്തുക ഏറക്കുറെ അസാധ്യമാണ്.
നാടോടി ജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിലേക്ക് മാറുന്ന പ്രവണത ഇന്ന് ഗുജ്ജറുകൾക്കിടയിൽ വ്യാപകമാണ്. ഗുജ്ജറുകളുടെയും, സമാന സവിശേഷതകൾ പ്രകടിപ്പിക്കുന്ന ബക്രവാലകളെ പോലോത്ത ഗോത്ര സമൂഹങ്ങളുടെയും സാമൂഹ്യ ജീവിത ക്രമത്തിലെ ഈ മാറ്റം പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യനുപാതത്തിൽ വലിയ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഈ ജനസംഖ്യ വ്യതിയാനം പ്രാദേശിക സിഖ് സമൂഹങ്ങൾക്കിടയിൽ ചെറുതല്ലാത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ പോലോത്ത രാഷ്ട്രീയ സംഭവ വികാസങ്ങൾ ഗുജ്ജറുകൾക്കിടയിലും വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ ഉരസലുകൾക്കിടയിലും ഗുജ്ജറുകളെ സിഖ് കർഷക ഗ്രാമങ്ങളിലേക്കും, ഈ ഗ്രാമങ്ങൾ തിരിച്ച് ഗുജ്ജറുകളെ തങ്ങളിലേക്കുംആകർഷിക്കുന്നതിന് മുഖ്യ കാരണം പാലും, പാലുൽപ്പന്നങ്ങളും , അവ നിർമ്മിക്കുന്ന സാമ്പത്തിക സാധ്യതകളും തന്നെയാണ്.
അധിവാസ പാറ്റേണും വീട് നിർമ്മാണവും
ഗുജ്ജർ ഗ്രാമങ്ങളധികവും നഗരങ്ങളിൽ നിന്ന് മാറി ഉൾഗ്രാമങ്ങളിൽ കേന്ദ്രീകരിക്കുന്നതായി കാണാം. ഗ്രാമങ്ങളിൽ തന്നെ അങ്ങാടികളിൽ നിന്നും വാസയിടങ്ങളിൽ നിന്നും ദൂരെ കൃഷിയിടങ്ങൾക്കിടയിലാണ് ഇവരുടെ വീടുകൾ കാണാനാവുക. ശക്തമായ ബന്ധുത്വവും വംശബോധവും കാരണം സാമുദായിക ഐക്യം ശക്തമാണെങ്കിലും, അടുത്തടുത്ത് താമസിക്കാൻ ഗുജ്ജറുകൾ ഇഷ്ടപ്പെടാറില്ല. കൃഷിയിടങ്ങളോട് ചേർന്ന് ഒറ്റയിട്ട കൂരകളാണ് അധിക ഗുജ്ജർ വീടുകളും. ഇത്തരത്തിൽ ചിതറി കിടക്കുന്ന അധിവാസ രീതി കന്നുകാലി സമ്പദ്‌വ്യവസ്ഥ നിർമ്മിച്ച സാമൂഹിക വ്യവസ്ഥയുടെ അനന്തരഫലമാണ്. നാടോടി ജീവിതം ഒരു പരിധി വരെ ഉപേക്ഷിച്ചുവെങ്കിലും ബലമുള്ള വീടുകൾ ഇപ്പോഴും ഇവർ നിർമിക്കുന്നില്ല. കാലങ്ങളായുള്ള നാടോടി ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ട താല്കാലികവും ചലനാത്മകവുമായ ജീവിത-ലോക സങ്കല്പങ്ങളുടെ പ്രതിഫലനമായി ഈ വീടുനിർമ്മാണത്തെ കാണാം. മുളയും ചെളിയും ചേർത്ത് നിർമിച്ച പുല്ലുമേഞ്ഞ കൂരകളാണ് അധികവും. ഇത്തരം വീടുകൾ നിർമിക്കുന്നതിൽ ഇവർ അഗ്രഗണ്യരാണ്. കന്നുകാലി പരിപാലനത്തിന്റെ സാങ്കേതികതകൾക്കൊപ്പം കൈമാറി വരുന്ന പരമ്പരാഗത അറിവാണ് ഈ കൂര നിർമാണവും. നീളത്തിലുള്ള, മുറികളോ മറ്റു വിഭജനങ്ങളോ ഇല്ലാത്ത വലിയ ഹാൾ കണക്കെയുള്ള നിർമ്മിതികളാണ് ഈ വീടുകൾ. വർഷത്തിലൊരിക്കൽ ഈ വീടുകൾ അറ്റകുറ്റപണികൾ നടത്തേണ്ടതുണ്ട്. കൂട്ടുകുടുംബമായി ജീവിക്കുന്ന ഇവർ ഇത്തരം വീടുകളിൽ ഒരേ മുറികളിൽ തന്നെയാണ് കിടന്നുറങ്ങുക. സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും പോലുള്ള ആധുനിക വ്യക്തിനിഷ്ഠ മൂല്യങ്ങൾ ഈ സമൂഹത്തിന്റെ കൂട്ടായ ജീവിതരീതിയിൽ (Collective way of life) ശക്തമായി പ്രതിഫലിക്കുന്നതായി കാണുന്നില്ല.
മതവും ആചാരപരതയും
ഗുജ്ജർ ജീവിതത്തിന്റെ മറ്റൊരു പ്രധാന ഘടകം ഇസ്ലാം തന്നെയാണ്. 5 നേരത്തെ നിസ്കാരം, റമളാൻ മാസത്തിലെ വ്രതാനുഷ്ടാനം തുടങ്ങി ഇസ്ലാമിക വിശ്വാസാചാരങ്ങൾ മുറപോലെ കൊണ്ട് നടക്കുന്നവരാണ് ഇവർ. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക മുസ്ലിം സമൂഹങ്ങളെയും പോലെ ഗുജ്ജറുകളും സുന്നി ഹനഫി - മാതുരീദി മുസ്ലിംകളാണ്. മുസ്ലിംകൾക്കിടയിൽ അവാന്തര വിഭാഗങ്ങളായ ബറേലി, ദയൂബന്ദി, അഹ്‌ലെ ഹദീസ് തുടങ്ങിയ പ്രസ്ഥാനങ്ങൾ ഗുജ്ജറുകളിക്കിടയിലും വേരുപിടിച്ചിട്ടുണ്ട്. എങ്കിലും ബഹുഭൂരിപക്ഷം ആളുകളും ബറേലി പാരമ്പര്യ ധാരയെ പിന്തുടരുന്നവരാണ്. റമളാൻ, 2 ഈദുകൾ, നബിദിനാഘോഷം എന്നിവക്ക് പുറമെ ബൈശാഖി എന്ന വസന്തോത്സവവും ഇവർ ആഘോഷിക്കുന്നുണ്ട്. തണുപ്പ് കാലം കഴിഞ്ഞു മലമുകളിലേക്ക് പലായനം ആരഭിക്കുമ്പോഴാണ് ബൈശാഖി ആഘോഷിക്കുന്നത്.
ഗുജ്ജർ ഗ്രാമങ്ങളിൽ പ്രാർത്ഥനകൾക്കും മറ്റു മതാചാരങ്ങൾക്കും നേതൃത്വം നൽകുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൗലാനമാരാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ ജമ്മു കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇത്തരത്തിൽ മൗലാനമാർ ഗുജ്ജർ ഗ്രാമങ്ങളിലെത്തുന്നത്. ഗുജ്ജറുകൾക്കിടയിൽ മതപരിജ്ഞാനം നേടിയവർ വളരെ കുറവാണ്. അതുകൊണ്ടുതന്നെ മത പരിജ്ഞാനം നേടിയവരോട് വലിയ ബഹുമാനം ഇവർ വെച്ച് പുലർത്തുന്നുണ്ട്. മൗലാനമാർക്ക് പുറമെ പരമ്പരാഗത മന്ത്രോച്ചാരണങ്ങൾ മനഃപാഠമാക്കിയ ഖതം വാലകൾക്കും മതപരമായ അധികാരമുണ്ട്. ഗ്രാമങ്ങൾ തോറും അലഞ്ഞു നടന്ന് ജീവിക്കുന്ന 'പീർ' കൾക്കും വലിയ ബഹുമാനം നൽകുന്നു.
ഇവർക്കിടയിൽ നഖ്‌ശബന്ദി സൂഫി സരണിക്ക് വലിയ പ്രചാരമുണ്ട്. നഖ്‌ശബന്ദി ത്വരീഖത്തിന്റെ ഭാഗമായുള്ള മന്ത്രോച്ചാരണങ്ങളുടെ (ദിക്ർ) സമാഹാരങ്ങൾക്ക് ഖതം എന്നാണ് പേര്. ഉദ്ദേശങ്ങൾ നടപ്പിലാവാനും, മരണപ്പെട്ടവരുടെ ഓർമ്മദിനത്തിനും ഇവർ ഖതം പരിപാടികൾ നടത്തുന്നു. ഖത്മേ ഗൗസിയ്യ, ഖത്മേ അമ്പിയാ എന്നിവയാണ് പ്രചാരത്തിലുള്ളവ. ഇവയുടെ ഉള്ളടക്കം അല്ലാഹുവിന്റെയും പ്രവാചകന്റെയും പുണ്യാത്മാക്കളുടെയും പ്രകീർത്തനങ്ങളാണ്. ഖതം നടക്കുന്ന മജ്ലിസുകളിൽ കാണിക്കയെന്നോണം പാൽ, മധുരം കലക്കിയ വെള്ളം, ഇറച്ചി, മധുരമിട്ടായികൾ, പണം തുടങ്ങിയവ കൊണ്ട് വെക്കുന്ന പതിവും ഇവർക്കിടയിലുണ്ട്. ഈ വസ്തുക്കളിൽ വർദ്ധനവ് പ്രതീക്ഷിച്ചാണത്രെ ഇങ്ങനെ ചെയ്യുന്നത്. മരിച്ചവർക്ക് വേണ്ടി 70000 ദിക്റുകൾ ചൊല്ലി തീർക്കുന്ന ആചാരത്തിന് വലിയ പ്രാധാന്യമുണ്ട്. അറബി ഭാഷയിലുള്ള ദിക്റുകൾക്ക് പുറമെ പേർഷ്യൻ ഉറുദു ഭാഷകളിലും ഇവർ മന്ത്രോച്ചാരണങ്ങൾ ചൊല്ലുന്നു. മതം, ഗുജ്ജർ സാമൂഹികതയിൽ ആചാരാനുഷ്ടാനങ്ങളുടെയും വിശുദ്ധതയുടെയും ലോകം എന്നതിന് പകരം, ദൈനംദിന ജീവിതത്തിന്റെ സർവ്വ അടരുകളെയും സ്പർശിക്കുന്ന അനുഭവമാണ്. ഇസ്ലാം പോലെയുള്ള ഒരു ആഗോള പ്രതിഭാസം എങ്ങനെയാണ് പ്രാദേശിക വ്യത്യാസങ്ങൾക്കനുസൃതമായി മാറ്റങ്ങളെ സ്വീകരിക്കുന്നതെന്നും പരുവപ്പെടുന്നതെന്നും ഗുജ്ജർ ഗ്രാമങ്ങളിൽ കാണാനാകും.
ഉപസംഹാരം
ഗുജ്ജർ സമൂഹത്തിന്റെ ജീവിത യാഥാർഥ്യങ്ങളെ, ജീവനോപാധി , അധിവാസ രീതി , മതജീവിതം എന്നീ തലങ്ങളിലൂടെ വരച്ചിടാനുള്ള പരിമിതമായ ശ്രമമാണ് ഈ ലേഖനം. നാടോടി ജീവിതം ഏറക്കുറെ അവസാനിച്ചിട്ടും, നാടോടി ഭൂതകാലം എങ്ങനെയാണ് ഗുജ്ജർ സത്വം നിലനിർത്തുന്നതിലും പുതിയ സാഹചര്യങ്ങളിൽ വിഭിന്ന സാംസ്‌കാരിക സവിശേഷതകൾ നിലനിർത്തുന്നതിലും ഗുജ്ജറുകളെ സഹായിക്കുന്നത് എന്ന അന്വേഷണമാണ് ഈ വിവരണം. ആധുനികതയുടെ സമ്മർദ്ദങ്ങൾക്ക് വിധേയമാവുമ്പോഴും, തങ്ങളുടെ സാമൂഹിക ആവാസവ്യവസ്ഥ നിലനിർത്തിയും വത്യസ്തത നഷ്ടപ്പെടാതെ സൂക്ഷിച്ചും ഗുജ്ജറുകൾ ആധുനികതയുടെ പുതിയെ വകഭേദത്തെ നിർമ്മിക്കുകയാണ്. ആധുനികതക്ക് നിയതമായ ഒരു രൂപമില്ലെന്നും, വത്യസ്ത സമൂഹങ്ങൾ ആധുനികമായിരിക്കുന്നതിന്റെ തങ്ങളുടേതായ രീതികൾ നിർമ്മിക്കുകയാണെന്നുമുള്ള Shmuel Eisenstadt ന്റെ 'multiple modernities 'സിദ്ധാന്തത്തിന്റെ നേർ രൂപമാണ് ഗുജ്ജറുകളുടെ 'ആധുനിക നാടോടിത്വം'.
റഫറൻസ്
• Sakib Marazi & Rukshana Zaman (2024). Exploring Lifecycle Rituals of the Gujjar Tribe in Kashmir Valley. Studies in Indian Anthropology and Sociology, 1:1, pp. 1-23.
• Abdullah, Mohd., et al. "Historical Background and Socio-Cultural Aspects of the Gujjar Community in Jammu and Kashmir: A Case Study.”
• Hussain, Rafaqat, and Mohammad Idris. “Socio-Cultural and Economic Conditions of the Gujjar Community in the Punjab (1849–1947 CE).” Proceedings of the Indian History Congress, vol. 83, Dec. 2024, pp. 684–696
• Chauhan, Rana Hasan Ali. Tarikh-e-Gujjar.