പൂഞ്ചിലെ ഇ.സി.എസ്. ക്യാമ്പസിലെ മഹബ്ബ സ്ക്വയറായിരുന്നു അരങ്ങ്. പ്രണയത്തിന്റെ ചതുരംഗ കള്ളികളിലെ കളങ്കമില്ലാത്ത ഇശ്ഖിന്റെ പൂർണ്ണഭാവം. കുഞ്ഞു മാനസങ്ങളായിരുന്നു ചുറ്റിലും. പാടാനും പറയാനും ആരംഭ പൂവിനോട് കിന്നാരം പറയാനും ഏറ്റവും സുന്ദരികളും സുന്ദരന്മാരുമായാണ് അവർ അന്നേ ദിനം പാഠശാലയിൽ വിരുന്ന് വന്നത്. നിറമുള്ള അമാമകളിലെ വാലിന്റെ നീളത്തിന്റെ വലുപ്പം പറഞ്ഞ് പിന്നിലേക്ക് നീട്ടി വലിച്ചിട്ട് സുന്നത്തിന്റെ ആനന്ദം ഗർവ് പറയുന്ന മക്കൾ.
രംഗം സുന്ദരം. പ്രവാചക നാമങ്ങൾ തുന്നി പിടിപ്പിച്ചു ഭംഗിയാക്കിയ ഉറുമാലുകളും, മനോഹരമായ കാലിഗ്രഫികളും കൊണ്ട് അലങ്കാരം കൊണ്ട സദസും പരിസരവും. ഇരിക്കാൻ വിരിച്ച, അറേബ്യൻ മജ്‌ലിസുകളിൽ കാണുന്ന പോലുള്ള പരവതാനികൾ. ഊദിന്റെ സുഗന്ധവും പുകച്ചുരുളുകളും പടർന്നു പിടിച്ച സദസ്സ്. പാതി മാത്രം പഠിച്ച ബൂസൂരി വരികൾ അത്ര താളമൊന്നുമില്ലാതെ കുട്ടികൾ പാടുന്നുണ്ട്. പാതി മുറിഞ്ഞാണെങ്കിലും, അറുന്നൂറോളം കുട്ടികൾ ഓരോ വരികളും ചൊല്ലുമ്പോഴുമുള്ള ഇമ്പം അങ്ങനെ മുഴങ്ങുന്നുണ്ട്.
കുട്ടികൾ കൊണ്ടു വന്ന പുന്നാര പൂവിന് ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കാരക്ക, കക്കരി, തേൻ, പാൽ പ്രത്യേകമായി വിതരണം ചെയ്യുന്നു. എല്ലാവരും അതിന്റെ തിരക്കിലാണ്. അതിനിടയിൽ എപ്പോഴാണ് എന്ന് അറിയില്ല, കുട്ടികളൊക്കെയും കവാടത്തിനരികിലേക്ക് ഓടി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു പ്രായമായ മനുഷ്യൻ നടന്നു വരുന്നു. കുട്ടികൾ അദ്ദേഹത്തെ ആനയിച്ചു കൊണ്ട് വരുന്നു എന്ന് പറയുന്നതാവും ശരി. ധാരാളം കുട്ടികൾക്കിടയിൽ അവരുടെ കൈ പിടിച്ചു ഒരു തേജസ്വിയായ മനുഷ്യൻ.
അയാൾ നേരെ നടന്നു വന്ന് മജ്‌ലിസിൽ ഇരുന്നു. എന്താണ് നടക്കുന്നത് എന്ന് അറിയാതെ ഞങ്ങൾ പരസ്പരം നോക്കി. കലപില ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്ന കുട്ടികളടക്കം സദസ്സ് നിശബ്ദമായി. വളരെ കൗതുകത്തോടെ എല്ലാവരും നോക്കി നിന്നപ്പോൾ ആകസ്മികമായി സംഭവിച്ചതായിരിക്കണം ആ നിശബ്ദത. പതിയെ പുഞ്ചിരി തൂകി അയാൾ സംസാരിച്ചു തുടങ്ങി. "നബിയുടെ മുഹബ്ബത്ത് പാടി പറയുന്നിടത്ത്, അത് കേട്ടിട്ട് ഞാൻ വന്നില്ല എങ്കിൽ, അവിടെ ചെല്ലുമ്പോൾ എന്നോട് പിണങ്ങും, എനിക്കും പാടണം, എന്റെ കൂടെ നിങ്ങളും പാടണം, നമുക്ക് ഒരുമിച്ചു ഒരുപാട് പാടാം. നിങ്ങൾ എന്റെ കൂടെ പാടില്ലേ?"
എന്ത് മധുരമായ ശബ്ദം, ഈ പട്ടണത്തിൽ മുമ്പൊന്നും കണ്ടിട്ടില്ല. ഏറെ ദൂരം യാത്ര ചെയ്ത ക്ഷീണം ഒന്നും മുഖത്ത് കാണാനുമില്ല, എന്ത് പ്രസന്നമാണ്! നരച്ചു നരച്ചു വെളുത്ത അഴകുള്ള താടി നെഞ്ചിനോളം നീണ്ടു കിടക്കുന്നുണ്ട്. അപൂർവം ആളുകൾ മാത്രമേ ഈ പട്ടണത്തിൽ ചാര നിറത്തിലുള്ള കനമില്ലാത്ത തൊപ്പി ധരിക്കുന്നത് കണ്ടിട്ടുള്ളൂ. ഒട്ടും ചുളിയാത്ത, വെളുപ്പിൽ ഇളം പിങ്ക് നിറം ചാലിച്ച ഖമീസ്.
ഞങ്ങളെയും നോക്കി പുഞ്ചിരി തൂകി കൊണ്ട് മനോഹരമായി അയാൾ പാടി തുടങ്ങി. ആവേശം പൂണ്ട് മക്കളും കൂടിയപ്പോൾ അവിസ്മരണീയമായി.
തേരാ ഖവാൻ മെ തേരേ ഗീത് ഗവാൻ,
യാ റസൂലല്ലാഹ്
(അല്ലാഹുവിന്റെ ദൂതരേ, ഞാൻ നിങ്ങളുടെ പാട്ടുകൾ പാടും അല്ലാഹുവിന്റെ ദൂതരേ)
സുനാ ഹേ ആപ് ഹർ ആശിഖ് കേ ഘർ തശ്രീഫ് ലതേ ഹേ,
മേരേ ഘർ മേ ഭീ ഹോ ജായേ ചരഘൻ, യാ റസൂലല്ലാഹ്
(എല്ലാ ആശിഖിങ്ങളുടെയും വീടുകൾ നിങ്ങൾ സന്ദർശിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
ദൈവദൂതരേ, എന്റെ വീട്ടിലും അങ്ങയുടെ പ്രകാശം ഉണ്ടാകട്ടെ)
ഓരോ വരിയും, അത്രമേൽ ആർദ്രമായി അയാൾ പാടി. നബിയുടെ ഉമ്മത്ത് ആക്കിയതിന് നന്ദി പറഞ്ഞു പാടിയപ്പോൾ ആ സ്വരം ഒന്നിടറി, ആ കാലത്ത് പിറക്കാൻ ഭാഗ്യം ലഭിച്ചില്ലല്ലോ എന്ന വരി പാടിയപ്പോൾ കടലോളം നീലിമയുള്ള ആ കണ്ണിൽ തിരകൾ തല്ലി.
അപ്നാ ജീന അപ്നാ മർണ അബ് അസി ജോ കട് പി ഹെ
അബ് കഹാം സർകാർ ജായേം ആപ് കേ ഹോതേ ഹോയേ
(എന്റെ ജീവിതവും, എന്റെ മരണവും
അവിടുത്തെ വാതിൽപ്പടിയിൽ, മറ്റെവിടെ പോകണം)
എന്ന് പാടിയപ്പോൾ കണ്ഡമിടറി അല്പം നേരം മൗനമായി ഇരുന്നു,ശേഷം വെള്ളം കുടിച്ചു. ഒരു പ്രത്യേക താളത്തിൽ, ദുആ ചൊല്ലി സലാം പറഞ്ഞു നിറുത്തി. പാട്ടിനിടയിൽ സാരോപദേശം നൽകി, വരികളിൽ പറഞ്ഞ സംഭവങ്ങൾ ചെറിയ കഥകളായി പറഞ്ഞു നൽകി, നായകനെ ഇശ്ഖ് വെക്കുന്നതിന്റെ മഹത്വം വ്യക്തമാക്കി പറഞ്ഞു. സ്വലാത്ത് ചൊല്ലി.
ഗുലാം ഹെ ഗുലാം ഹെ
റസൂൽ കി ഗുലാം ഹെ
മുദ്രാവാക്യം വിളിപ്പിച്ചു. സമയം പോയത് അറിഞ്ഞതെയില്ല, മധുരം നൽകിയപ്പോൾ ആസ്വദിച്ചു കഴിച്ചു. അല്പം ഇരുന്നതിന് ശേഷം, ഇനി ഞാൻ വരട്ടെ എന്നും പറഞ്ഞു അയാൾ ഇറങ്ങി. പേര് എന്താണെന്നോ, നാട് എവിടെയാണെന്നോ , എവിടെ നിന്നും വരുന്നു എന്നോ, എവിടേക്ക് പോകുന്നു എന്നോ ചോദിക്കാൻ ആർക്കും മനസ്സു വന്നില്ല.
പോയി ഏറെ നേരമായിട്ടും ആ മനുഷ്യൻ ബാക്കി വെച്ച, വന്ന സമയം മുതൽ ഉണ്ടായിരുന്ന ആ സുഗന്ധം മാത്രം ചുറ്റിലും നിർഗളിച്ചു. അർദ്ധ രാത്രികളിൽ മാത്രം പൂക്കുന്ന ഒരു തരം വെളുത്ത പൂവിന്റെ മണമാണതിന് എന്ന് ആരോ പറഞ്ഞു. എന്താണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളിൽ ഇവിടെ നടന്നത് എന്ന് എത്ര വീണ്ടെടുപ്പ് നടത്തിയിട്ടും പറയാൻ മനസ്സ് സമ്മതിക്കുന്നില്ല.
പണ്ട് കാലങ്ങളിൽ സൂഫികൾ മാത്രം കൂടുന്ന സദസ്സുകളിൽ പാട്ട് പാടി പറയുന്ന സൂഫികളുടെ ഒരു പാട്ടുകാരൻ വരാറുണ്ടായിരുന്നുവത്രേ. പാടിയ വരികളുടെ ഈണത്തിൽ രാത്രി മുഴുവനും ആസ്വദിച്ചു ലയിച്ചിരുന്ന്, സുബ്ഹിക്ക് മുമ്പ് തഹജ്ജുദ് നിസ്കരിക്കാനായി അല്പം നേരം ഉറങ്ങാൻ സമയം നൽകാൻ, അന്നുള്ള സൂഫി വര്യരിലെ പ്രധാനികൾ പാട്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ഒരു കഥ ഇവിടെ വാമൊഴിയായി നിലനിൽക്കുന്നുണ്ട്. ഈ സംഭവം ചിലരോടൊക്കെ പറഞ്ഞപ്പോൾ ആ കഥയാണ് പകരം പറഞ്ഞു തന്നത്.
Photo credits: jauhar_muthu_ap