KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

സൂഫിയും സുൽത്താൻമാരും : സമാധാനത്തിൻ്റെ സർഖേജി സ്ഥലികൾ

മിദ്ലാജ് തച്ചംപൊയിൽ

ചില സ്ഥലങ്ങൾ അതിഗംഭീരമായ നിർമിതികളും മിനാരങ്ങളും കൊണ്ടായിരിക്കും അവയുടെ ചരിത്രം നമ്മോട് പറയുക. എന്നാൽ ചില സ്ഥലങ്ങൾ നമ്മെ മാടി വിളിക്കുന്നത് വളരെ പതിഞ്ഞ മന്ത്രങ്ങൾ പോലെയാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന അഹ്‌മദാബാദിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന സർഖേജ് റോസ അത്തരം ഒരു മന്ത്രമാണ്. ലോക പൈതൃക നഗരങ്ങളിൽ ഉൾപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് അഹ്‌മദാബാദ്. നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ മക്രബ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർഖേജ് റോസ സമുച്ചയം അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്. 17 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അഹ്മദ് സർ തടാകം ഉൾപ്പെടെ 32 ഏക്കറിലായാണ് സർഖേജ് റോസാ സമുച്ചയം നില കൊള്ളുന്നത്. അഹ്‌മദാബാദിന്റെ ആത്മീയ മുഖമായ ശൈഖ് അഹമ്മദ് ഖട്ടുവിന്റെ അന്ത്യവിശ്രമ കേന്ദ്രമാണ് സർഖേജ്. എല്ലാവിധ ബഹളങ്ങൾക്കിടയിലുമുള്ള ഒരു ചെറിയ അഭയ കേന്ദ്രം. സർഖേജിന്റെ ഒരു വൈകുന്നേരത്തിലേക്കാണ് ഞങ്ങൾ എത്തിയത്. വിശാലമായ കവാടം കടന്ന് മുന്നോട്ട് നടക്കുമ്പോൾ ആദ്യം കാണുന്നത് വലിയൊരു വേപ്പ് മരമാണ്. മസ്ജിദ്, തടാകം, സുൽത്താന്മാരുടെ ഖബറുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമുച്ചയത്തിൽ ഏറ്റവും പ്രൗഡിയിൽ ശൈഖ് അഹ്‌മദ് ഖട്ടുവിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നു. അഹ്മദാബാദ് നഗരം കെട്ടിപ്പടുക്കുന്ന കാലത്ത് നിറക്കൂട്ടുകാരും നെയ്ത്തുകാരും താമസിച്ചിരുന്ന സ്ഥലമായ സർഖേജിന് പിന്നെ ശൈഖ് അഹ്‌മദ് ഖട്ടു ഗഞ്ച് ബഖ്ശ് എത്തുന്നതോടെയാണ് പ്രസിദ്ധി കൈവരിക്കുന്നത്.


54c583e454df47078dd28c0310458664.jpg.jpg/

ചരിത്രം

അഹ്‌മദ് ശാഹി സുൽത്താന്മാർ എന്ന് പൊതുവേ അറിയപ്പെടുന്ന മുസഫ്ഫരിദ് സുൽത്താന്മാരാണ് അഹ്‌മദാബാദ് നഗരം നിർമ്മിക്കുന്നത്. ഗുജറാത്ത് സുൽത്താനേറ്റിനെക്കുറിച്ചുള്ള ആധികാരികമായ രചനകളിൽ പെട്ട സിക്കന്ദർ ബിൻ മുഹമ്മദ് രചിച്ച മീറാത്ത് ഇ സിക്കന്തരിയിൽ (Mir'at-i-Sikandari) പറയുന്നത് പ്രകാരം അഹ്‌മദാബാദ് നഗരത്തിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ ദൂരത്തുള്ള ഗുജറാത്ത് സുൽത്താനേറ്റിന്റെ ആദ്യ തലസ്ഥാനമായ പടാനിയിൽ നിന്ന് ശൈഖ് അഹ്മദിന്റെ നിർദ്ദേശപ്രകാരമാണ്‌ സുൽത്താൻ അഹ്മദ് ശാഹ് ഒന്നാമൻ 1411 ഇൽ അഹ്‌മദാബാദ് നഗരം പണിയുന്നത്. രാജ്യ ഭരണവും ആത്മീയ ഭരണവും കയ്യാളുന്ന ഈ രണ്ട് അഹ്മദ്മാരുടെ പേരിലാണ് ഈ നഗരം നിലകൊള്ളുന്നത്. ഡൽഹി സുൽത്താൻ ഫിറോസ് ശാഹ് തുഗ്ലക്കിന്റെ മകൻ നാസിറുദ്ദീൻ മുഹമ്മദ് ശാഹ് മൂന്നാമന്റെ ഭരണകാലത്ത് അദ്ദേഹത്തിൻറെ ഗവർണറായി ഗുജറാത്ത് പ്രവിശ്യയിൽ നിയമിതനായ സഫർഖാൻ ആണ് മുസഫ്ഫരിദ് രാജവംശത്തിനു തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിൻറെ പേരമകനാണ് അഹ്‌മദ് ശാഹ് ഒന്നാമൻ. ഈ രാജവംശത്തിലെ ഏറ്റവും പ്രശസ്തനും ശക്തനുമായ ഭരണാധികാരിയായിരുന്നു സുൽത്താൻ മഹ്മൂദ് ബെഗ്‌ദ. 'രണ്ട് കോട്ടകൾ കീഴടക്കിയവൻ' എന്ന അർത്ഥത്തിലാണ് അദ്ദേഹത്തിന് 'ബെഗ്‌ദ' എന്ന പേര് ലഭിക്കുന്നത്. ശൈഖ് അഹമ്മദ് ഖട്ടുവിനോട് അഗാധമായ സ്നേഹമുണ്ടായിരുന്ന ബെഗ്‌ദയാണ്, യഥാർത്ഥത്തിൽ ശൈഖിന്റെ ദർഗയും പള്ളിയും മാത്രമായിരുന്ന ഈ സമുച്ചയത്തെ ഇന്നത്തെ ബൃഹത്തായ രൂപത്തിലേക്ക് വികസിപ്പിച്ചത്.


3d1458fa3fd94bda81186ae84d52b69b.jpg/

സർഖേജ് സമുച്ചയത്തിലേക്കുള്ള മനോഹരമായ കവാടം കടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്നത് വിശാലമായ മുറ്റത്തു പന്തലിച്ചു നിൽക്കുന്ന വേപ്പിൻ മരത്തിനു കീഴിൽ പന്ത് തട്ടിക്കളിക്കുന്ന കുട്ടികളെയാണ്. അതിൻ്റെ വലതു വശത്തായി ശൈഖ് അഹ്മദിന്റെ ദർഗയിലേക്കുള്ള കവാടമെന്നോണം നിലത്തു വർണശബളമായ മാർബിളുകൾ പാകിയ, 16 തൂണുകൾ താങ്ങി നിർത്തുന്ന ഒൻപതു ഖുബ്ബകൾ അടങ്ങിയ, ഫ്രഞ്ച് വാസ്തുശില്പി ലെ കോർബുസിയേർ (Le Corbusier) അഹ്മദാബാദിന്റെ അക്രോപോളിസ് എന്ന വിശേഷിപ്പിച്ച ബറാദരി നിലകൊള്ളുന്നു. അവിടെയിരുന്ന് ഖുർആൻ പാരായണം ചെയ്യുന്ന ഉമ്മമാർക്കിടയിലൂടെ കുട്ടികൾ പന്ത് തട്ടിക്കളിക്കുന്നുണ്ടായിരുന്നു. 2001 ലെ ഭൂകമ്പത്തിൽ പരിക്കുകൾ പറ്റിയ കാരണത്താൽ പിന്നീട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ബറാദരി പുതുക്കിപണിതിട്ടുണ്ട്. ശൈഖ് അഹ്മദിന്റെ ദർഗയിൽ നിന്ന് ഞങ്ങൾ ജമാമസ്ജിദിലെത്തി. മസ്ജിദിലേക്ക് കയറിയ ഞങ്ങളെ ഏറ്റവും ആദ്യം ആകർഷിച്ചത് അഹ്മദ് സർ തടാകത്തിലേക്ക് തുറന്നു കിടക്കുന്ന കിളിവാതിലുകളാണ്. കൊത്തുപണികളാൽ തീർത്ത ജാലികൾക്കും കിളിവാതിലുകൾക്കുമരികെ കുറച്ചു കുട്ടികൾ ഇരിക്കുന്നുണ്ട്. ക്യാമറ കണ്ടപ്പോൾ അവർക്കും കൗതുകം. കുട്ടികൾ പെട്ടെന്ന് ഫോട്ടോക്ക് പോസ് ചെയ്ത് നിന്നു. അൽപനേരം മസ്ജിദിന്റെ കൊത്തുപണികൾ ശ്രദ്ധിച്ചു വരാന്തകളിലൂടെ നടന്നു. സൂറത്തുൽ ഹജ്ജിൽ നിന്നുള്ള ഒരു സൂക്തം മസ്ജിദിന്റെ കിഴക്കു ഭാഗത്തായിട്ടുള്ള ചുമരിൽ അറബിക് കാലിഗ്രഫിയിൽ എഴുതി വെച്ചിട്ടുണ്ട്. തുല്യ വലിപ്പത്തിലുള്ള 120 തൂണുകളിൽ നിലകൊള്ളുന്ന ലളിതമായ ഒരു മസ്ജിദ്. ഇസ്ലാമിക ജ്യാമിതിയും ഗുജറാത്തിന്റെ തനത് നിർമ്മാണ രീതിയും ഒന്നിക്കുന്ന 'ഇൻഡോ-സാർസെനിക്' വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണമായി ഈ പള്ളി നിലകൊള്ളുന്നു. അസർ നിസ്കാര ശേഷം ഒരു നിക്കാഹ് നടക്കാനുണ്ടെന്ന് മനസ്സിലാക്കി ഞങ്ങൾ അവിടെ തന്നെ ഇരുന്നു. വരന്റെ മുഖം പൂക്കൾ കൊണ്ട് മറച്ചിരുന്നു. ഉത്തരേന്ത്യൻ വിവാഹങ്ങളിൽ വ്യാപകമായ ഈ സംസ്കാരം സെഹ്റ എന്നാണ് അറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ നിക്കാഹുകൾ സർഖേജ് മസ്ജിദിൽ വച്ചാണ് നടത്താറുള്ളത് എന്ന് നാട്ടുകാരിൽ ഒരാൾ ഞങ്ങളോട് പറഞ്ഞു.


0344f5f5efed4232a76f876f7bcb81b4.jpg/

ജാലികളിലൂടെ കടന്നുവന്ന് മസ്ജിദിലാകെ സ്വർണനിറം പൂകിനിന്ന സൂര്യൻ പതിയെ മാഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴാണ് ദർഗയിൽ നിന്ന് നകാര മുട്ടുന്നത് കേട്ടത്. ഞങ്ങൾ അങ്ങോട്ട് ചെന്നു . ചെറിയ കുട്ടികളാണ് നകാര മുട്ടുന്നത്. ആ സമയം ദർഗയിൽ ആകെ സുഗന്ധദ്രവ്യങ്ങൾ പുകച്ചു തുടങ്ങി. തദ്ദേശീയ ഭാഷയിൽ ലോബാൻ എന്നറിയപ്പെടുന്ന ഈ പതിവ് നിത്യേന രണ്ടുനേരം -സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് - നടക്കാറുണ്ടെന്ന് ദർഗയുടെ സൂക്ഷിപ്പുകാരിൽ ഒരാൾ ചോദിച്ചപ്പോൾ ഞങ്ങളോട് പറഞ്ഞു.


vishwasikal.jpg/

ശൈഖ് അഹ്മദിന്റെ ദർഗക്ക് നേരെ എതിർവശത്താണ് സുൽത്താൻ മഹ്മൂദ് ബെഗ്‌ദയുടെ ഖബർ സ്ഥിതി ചെയ്യുന്നത്. തന്റെ ആത്മീയ ഗുരുവിന്റെ കാൽക്കീഴിലായാണ് താൻ അന്ത്യവിശ്രമം കൊള്ളേണ്ടതെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഈ സ്ഥാനം തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. സർഖേജ് റോസ സമുച്ചയത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും പ്രൗഢിയിൽ ശൈഖ് അഹ്മദും ആ സാമീപ്യം തേടി വർഷങ്ങൾക്കുശേഷം സുൽത്താൻ മഹ്മൂദ് ബെഗ്‌ദയും വിശ്രമിക്കുന്നു. സുൽത്താൻ മഹ്മൂദ് ബെഗ്‌ദ , സുൽത്താൻ മുസഫർ രണ്ടാമൻ, സുൽത്താൻ മെഹമൂദ് ശാഹ് മൂന്നാമൻ എന്നിവരുടെ ഖബറുകൾ ആണ് സർഖേജിലെ റോയൽ മൗസോളിയത്തിൽ സ്ഥിതി ചെയ്യുന്നത്.


മഗ്‌രിബ് ബാങ്ക് കൊടുത്തു തുടങ്ങിയപ്പോഴേക്ക് ദർഗയും പരിസരവും ബൾബുകൾ തെളിയിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് നേരത്തെ ലോബാൻ നടക്കുമ്പോൾ കണ്ട മനുഷ്യനെ വീണ്ടും കണ്ടത്. ഫരീദ് ഭായ്. ഞങ്ങൾ ബറദരിയോട് ചേർന്നുള്ള കല്ലുകളിൽ ഇരുന്നു. അദ്ദേഹമാണ് ലോബാനെക്കുറിച്ചും ശൈഖിന്റെ ഖബറിന് അരികിലുള്ള മറ്റു ചെറിയ ഖബറുകളെക്കുറിച്ചും ഞങ്ങളോട് പറഞ്ഞത്. വൈകുന്നേരം പള്ളിയിൽ നടന്ന നിക്കാഹിനെക്കുറിച്ചും പിന്നീട് പൊതുവിൽ ഗുജറാത്തി മുസ്ലിം വിവാഹങ്ങളിലെ ആചാരങ്ങളെക്കുറിച്ചും ഞങ്ങൾ ഫരീദ് ഭായിയോട് സംസാരിച്ചു. കുട്ടികൾ മുതൽ വൃദ്ധർ വരെ എല്ലാ പ്രായത്തിലുള്ളവരും സർഖേജിന്റെ വൈകുന്നേരങ്ങളിലുണ്ട്. എല്ലാ തരം തിരക്കുകളിൽ നിന്നും ഒരു അഭയം തേടി മനുഷ്യർ ഇങ്ങോട്ടേക്കെത്തുന്നു.


648c193fbb01480aa2f0e32693fd9dc4.jpg/

കുട്ടികളുടെ പൊട്ടിച്ചിരികളും പ്രാവുകളുടെ മർമരങ്ങളും നിറഞ്ഞ റോസയിൽ നിന്ന് മടങ്ങുമ്പോഴാണ് സർഖേജ് വളരെ വലിയ രീതിയിൽ മുസ്ലിം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണെന്ന് മനസ്സിലായത്. ഇതേ കുറിച്ച് സുഹൃത്തുമായി പിന്നീട് സംസാരിച്ചപ്പോഴാണ് സർഖേജിന്റെ രാഷ്ട്രീയ,സാമൂഹിക ചിത്രവും പ്രാധാന്യവും തെളിഞ്ഞു വന്നത്. 2002 കലാപ സമയത് അഹ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എല്ലാം ഇട്ടെറിഞ്ഞു വന്ന ജനങ്ങൾ അഭയം തേടിയത് സർഖേജിലും തൊട്ടടുത്ത ജുഹാപുരയിലുമാണ്. നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മോചനം തേടി വീണ്ടും സർഖേജിൽ എത്തുമെന്ന് മനസ്സിൽ കരുതി ഞങ്ങൾ പിരിഞ്ഞു.

Fictions
Photo Essay

Related Posts

Loading