ബഹുമത ജനാധിപത്യ സമൂഹങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട അസ്തിത്വ പ്രതിസന്ധിയാണ്, സാംസ്കാരിക സ്വാംശീകരണവും (Cultural Assimilation) അതിലൂടെ സംഭവിക്കുന്ന തനിമ നശീകരണവും (Loss of Identity). പശ്ചാത്യ മതേതര സങ്കൽപ്പങ്ങൾ മേൽക്കോയ്മ പുലർത്തുന്ന പൊതുമണ്ഡലത്തിൽ, സാംസ്കാരിക സമന്വയത്തിന്റെ പരീക്ഷണശാലകളായി പലപ്പോഴും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതീകങ്ങളും ആചാരങ്ങളുമാണ് ഉപയോഗിക്കപ്പെടുന്നത്. കേരളീയ പൊതുമണ്ഡലത്തിൽ ഓണം പോലുള്ള മത-സാംസ്കാരിക ആഘോഷങ്ങളിൽ മുസ്ലിം നാമധാരികളായ പെൺകുട്ടികൾ, പ്രത്യേകിച്ച് ഹിജാബ് പോലെയുള്ള പ്രകടമായ മതചിഹ്നങ്ങൾ ധരിച്ചുകൊണ്ട് പൊതുവേദികളിലും തെരുവുകളിലും സംഘനൃത്തങ്ങളിലോ സാംസ്കാരിക പരിപാടികളിലോ പങ്കാളികളാകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഇടതു ലിബറൽ പ്രൊഫൈലുകൾ മുമ്പൊന്നും ഇല്ലാത്ത വിധം അത്തരം വീഡിയോകൾ പൊതുമാധ്യമങ്ങളിൽ പങ്കുവെക്കുന്നതും സമീപകാലത്ത് അധികമായി കാണാം. അതിനു പിന്നിലെ കാരണങ്ങൾ വിശദമായി ചർച്ചചെയ്യേണ്ടതാണ്. പ്രത്യേകിച്ച്, ഇടതു പുരോഗമന മതേതര കാപട്യം കൂടുതൽ ആഴത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്.
ആധുനിക മതേതര മാധ്യമ വിപണിയും ലിബറൽ പൊതുബോധവും ഇത്തരം പ്രകടനങ്ങളെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃകയായും മതസൗഹാർദത്തിന്റെ അടയാളമായും ചിത്രീകരിക്കുമ്പോൾ, അതിനു പിന്നിൽ പ്രവർത്തിക്കുന്ന സാംസ്കാരിക അതിക്രമങ്ങളെയും സാർവത്രികവത്ക്കരണ ശ്രമങ്ങളെയും കുറിച്ചു സമുദായ ചിന്തകർക്കിടയിലും മത പണ്ഡിതർക്കിടയിലും ആഴത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവരുന്നു എന്നത് സ്വഭാവികമായ പ്രതികരണമാണ്. ഇത്തരത്തിലുള്ള പ്രതികരണങ്ങളോടു പ്രകടമാകുന്ന ഒരു പ്രത്യേകതരം സെലക്റ്റീവ് അസഹിഷ്ണുതയാണ് ഈ എഴുത്തിനു പിന്നിലെ പ്രേരകശക്തി. അതൊരു ക്ഷണികമായ വികാരമല്ല, ഇന്നും സൂക്ഷ്മവും സ്ഥൂലവുമായ വിവിധ രൂപങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു സാംസ്കാരിക പ്രവണതയാണ്.
വിയോജിപ്പിനെ സംവാദത്തിലൂടെ നേരിടുന്നതിനു പകരം, വ്യക്തിഹത്യയിലേക്കും അസഭ്യവർഷത്തിലേക്കും അധഃപതിക്കുന്ന പ്രവണത ഇതിന്റെ ലക്ഷണമാണ്. മതപണ്ഡിതരെ അഭിസംബോധന ചെയ്യുമ്പോൾ മാന്യതയുടെ കുറഞ്ഞപക്ഷ മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടുന്നില്ല. അതിനേക്കാൾ ആശങ്കാജനകം, അസഭ്യത്തെ ഉള്ളടക്കമാക്കി മാറ്റുന്ന പുതിയ രീതിശാസ്ത്രമാണ്. ഇസ്ലാമോഫോബിയ ഇന്ന് ഒരു യാദൃച്ഛികമായ വെറുപ്പല്ല, 'സ്റ്റോറി', 'റീൽ', 'മീം' എന്നിങ്ങനെയുള്ള നവമാധ്യമ സങ്കേതങ്ങളിലൂടെ സൗന്ദര്യവത്ക്കരിക്കപ്പെട്ട്, സാധാരണീകരിക്കപ്പെട്ട ഒരു ഉപഭോഗവസ്തുവായി മാറിയിരിക്കുന്നു. ഈ അവസ്ഥയെ നോക്കി, 'എന്തൊരു മനോഹരമായ പുരോഗമനം' എന്ന് ഒരു നിമിഷം ആത്മഗതം ചെയ്തുപോകുന്നു. കാരണം, യുക്തിയെയും വിമർശനത്തെയും മുന്നോട്ടുവെക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനവാദം തന്നെ, അതിന്റെ നേർവിപരീതമായ അസഹിഷ്ണുതയുടെയും വേട്ടയാടലിന്റെയും ഉപകരണമായി മാറുന്ന വൈരുദ്ധ്യമാണ് ഇവിടെ അനാവൃതമാകുന്നത്. ഇതിനെ കുറിച്ചു പിന്നീടു പറയാം.
മതേതരത്വത്തിന്റെ പൊള്ളയായ സാക്ഷ്യപത്രങ്ങൾ കരസ്ഥമാക്കാനും പൊതുസമൂഹത്തിന്റെ കൈയടി നേടി നിലനിൽക്കാനും വേണ്ടി ഒരു ന്യൂനപക്ഷ ജനവിഭാഗം തങ്ങളുടെ അടിസ്ഥാന ആചാരങ്ങളിലും സാംസ്കാരിക തനിമയിലും നിരന്തരം വിട്ടുവീഴ്ചകൾ ചെയ്യാൻ നിർബന്ധിതരാകുന്ന അവസ്ഥ സമകാലിക സമൂഹത്തിലെ ഏറ്റവും വലിയ ദയനീയതകളിലൊന്നാണ്. സ്വത്വവും ആത്മാഭിമാനവും പണയം വെച്ചുകൊണ്ട് മാത്രം നേടിയെടുക്കേണ്ട ഒന്നായി മതേതരത്വം മാറുമ്പോൾ, അത് കേവലമൊരു ജനാധിപത്യ മൂല്യമല്ലാതായി തീരുകയും മറിച്ച് ആധിപത്യ സംസ്കാരത്തിന്റെ അദൃശ്യമായ ഒരു സമ്മർദ തന്ത്രമായി രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു സമുദായത്തിനു സ്വന്തം വംശീയവും മതപരവുമായ വ്യതിരിക്തതകൾ ഓരോന്നായി ഉപേക്ഷിക്കേണ്ടി വരുന്നത് അവരുടെ ചരിത്രപരമായ തനിമയെത്തന്നെ സാവധാനം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ഈ ഒരു അസ്തിത്വഭയവും സാംസ്കാരിക ജാഗ്രതയും കേവലം സാധാരണക്കാരായ മനുഷ്യരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ സെലിബ്രിറ്റികളെയും വൻകിട ബ്രാൻഡുകളെയും വരെ ഇത് ഒരുപോലെ വേട്ടയാടുന്നുണ്ട്. ഇന്ത്യ-പാകിസ്ഥാൻ കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട ലളിതമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റർ പങ്കുവെക്കുന്നതിൽ പോലും പ്രകടമാകുന്നത് ഈ ആഴത്തിലുള്ള ഭയവും കരുതലുമാണ്. തങ്ങളുടെ ചെറിയൊരു ഡിജിറ്റൽ ചലനം പോലും രാജ്യസ്നേഹത്തിന്റെയും മതേതരത്വത്തിന്റെയും അളവുകോലുകൾ വച്ചു വിചാരണ ചെയ്യപ്പെട്ടേക്കാമെന്ന ഭീതി ഇവിടെ പ്രകടമാണ്. ആരും ശ്രദ്ധിക്കാതെ പോകേണ്ട ഇത്തരം നിസ്സാരമായ ഇടപെടലുകൾ പോലും വലിയ അപഗ്രഥനങ്ങൾക്കു വിധേയമാക്കപ്പെടുമ്പോൾ, വ്യക്തി സ്വാതന്ത്ര്യം ഒരു മിഥ്യയായി മാറുന്നു.
മറ്റു സാംസ്കാരിക നായകർക്കു തികച്ചും അനായാസമായി സാധ്യമാകുന്ന കാര്യങ്ങൾ ഒരു ന്യൂനപക്ഷ സ്വത്വമുള്ള വ്യക്തിക്ക് അപ്രാപ്യമാകുന്നത്, കേവലം ഒരു 'വ്യക്തിഗത തിരഞ്ഞെടുപ്പ്' എന്ന നിലയിൽ ലളിതവത്ക്കരിക്കാൻ കഴിയില്ല. എന്തുകൊണ്ടു മറ്റൊരു ഇന്ത്യൻ പോപ്പുലർ താരവും അത്തരം നിലപാടുകൾക്കു മുതിരുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം തന്നെയും ഈ ഘടനാപരമായ സമ്മർദത്തിന്റെ വലിപ്പം വ്യക്തമാക്കുന്നുണ്ട്. ആധിപത്യമുള്ള പൊതുബോധത്തിനു മുന്നിൽ സ്വയം വിധേയരാകാനും, സ്വന്തം അഭിപ്രായങ്ങളെയും സ്വത്വത്തെയും മുൻകൂട്ടി സെൻസർ ചെയ്യാനും അവർ നിർബന്ധിതരാകുകയാണ്.
ഇസ്ലാമിക കർമ്മശാസ്ത്രം അനുസരിച്ച്, ഹിജാബ് അഥവാ തട്ടം എന്നതു വ്യക്തിപരമായ ഒരു ഫാഷൻ വസ്ത്രമോ കേവലമൊരു പ്രാദേശിക സാംസ്കാരിക അടയാളമോ അല്ല. മറിച്ച്, അത് നിർബന്ധിത ആചാരപരമായ വിശുദ്ധിയും (Sanctity) ഇലാഹീ (ദൈവീക) നിർദേശത്തോടുള്ള വിധേയത്വവും ഉൾച്ചേർന്ന 'ഇബാദത്ത്' എന്ന ഗണത്തിൽ പെടുന്നതാണ്. വ്യക്തിപരമായ അനുഷ്ഠാന തലത്തിൽ 'ഹയാഹ്' (Modesty/നാണം) എന്ന ആത്മീയ ഗുണത്തിന്റെ ബാഹ്യ ആവിഷ്കാരമായ ഹിജാബിനെ (നിർബന്ധ ബാധ്യതക്കൊപ്പം), അതിനു തികച്ചും വിപരീതമായ ആശയങ്ങളും സാംസ്കാരിക അന്തരീക്ഷവും നിലനിൽക്കുന്ന വേദികളിൽ പ്രദർശിപ്പിക്കുമ്പോൾ, ആ അടയാളത്തിന്റെ പ്രാഥമികമായ ഇസ്ലാമിക യുക്തി തന്നെ റദ്ദു ചെയ്യപ്പെടുന്നുണ്ട്.
ഈ വിഷയത്തെ അക്കാദമിക് തലത്തിൽ വിശകലനം ചെയ്യുമ്പോൾ മതേതര-ലിബറൽ വീക്ഷണവും ഇസ്ലാമിക കർമ്മശാസ്ത്ര ചട്ടക്കൂടും തമ്മിൽ നിർണ്ണായകമായ പല വൈരുദ്ധ്യങ്ങളും വ്യക്തമാകുന്നതായി കാണാം. ലിബറൽ വീക്ഷണത്തിൽ ഹിജാബ് എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരവും സ്വതന്ത്രമായ ഒരു സാംസ്കാരിക ചിഹ്നവുമാണ്. ഇസ്ലാമിക വീക്ഷണത്തിൽ നേരത്തേ പറഞ്ഞതു മാതിരിയുള്ള ഇബാദത്തുമാണ്. അതുപോലെ, ഭൂരിപക്ഷ ആഘോഷങ്ങളിൽ ലയിച്ചുചേരുന്നതാണ് പൊതു സ്വീകാര്യത നേടാനുള്ള വഴി എന്നു മതേതര മണ്ഡലം കരുതുമ്പോൾ, മതപരമായ അതിർവരമ്പുകൾ (അഹ്കാം) പാലിച്ചുകൊണ്ടുള്ള ഇടപഴകലുകൾ മാത്രമാണ് കർമ്മശാസ്ത്രപരമായി മുസ്ലിമിനു ശരിയായ രീതി. ദൃശ്യമാധ്യമങ്ങൾ ഇത്തരം സംഭവങ്ങളെ ലിംഗസമത്വത്തിന്റെ വിജയമായി ആഘോഷിക്കുമ്പോൾ, അതു മതചിഹ്നങ്ങളുടെ സാംസ്കാരിക വീര്യം ചോർത്തുന്ന 'ടോക്കണിസം' മാത്രമായി മാറുന്നുവെന്നാണ് കർമ്മശാസ്ത്രപരമായ നിരീക്ഷണം. അതിനെ പിന്നീടു വിശദീകരിക്കാം.
ഇത്തരം സന്ദർഭങ്ങളിൽ ഉയർന്നുവരാറുള്ള പ്രധാനപ്പെട്ട മറ്റൊരു ആക്ഷേപം, പുരുഷന്മാരുടെ ആചാര ലംഘനങ്ങളെയോ ധാർമ്മിക വീഴ്ചകളെയോ ചൂണ്ടിക്കാട്ടി സ്ത്രീകളുടെ ലംഘനങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണ്. ലിബറൽ ചിന്താഗതികൾ ആണുങ്ങളുടെ ലംഘനങ്ങൾക്കു തുല്യമായ സ്ത്രീ സ്വാതന്ത്ര്യമായി ഇതിനെ കാണുമ്പോൾ, ഇസ്ലാമിക കർമ്മശാസ്ത്ര സങ്കൽപ്പങ്ങൾ അനുസരിച്ച് ഒരു വിഭാഗത്തിന്റെ തെറ്റ് അല്ലെങ്കിൽ ലംഘനം മറ്റൊരു വിഭാഗത്തിന്റെ നിയമലംഘനത്തിനു മതപരമായ സാധുത നൽകുന്നില്ല. പുരുഷന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങൾ തെറ്റാണെന്നിരിക്കെ, അതിനെ മാതൃകയാക്കി സ്ത്രീകളും അതേ ലംഘന വഴി പിന്തുടരണമെന്ന് വാദിക്കുന്നത്, കർമ്മശാസ്ത്രപരമായും വലിയ വൈരുദ്ധ്യമാണ്. ബാഹ്യമായ ലിംഗസമത്വ വാദങ്ങൾക്കപ്പുറം, വ്യക്തിഗത ധാർമ്മികതയുടെയും ഇലാഹീ കൽപ്പനകളുടെയും അച്ചടക്കമാണ് ഇവിടെ പ്രസക്തമാകുന്നത്.
ഇതിനോടൊപ്പം തന്നെ കൂട്ടിച്ചേർത്തു വായിക്കേണ്ട അതീവ കൗതുകകരമായ മറ്റൊരു വസ്തുത, പൊതു ലിബറൽ-ഇടതുപക്ഷ ഇടങ്ങളിൽ പ്രകടമാകുന്ന വ്യാജ മതേതര ആഹ്ലാദങ്ങളാണ്. ഇതുവരെ മതേതരത്വത്തിന്റെ ആൺ-കേന്ദ്രീകൃത ആഘോഷങ്ങളെയും സാംസ്കാരിക അധിനിവേശങ്ങളെയും സൗകര്യപൂർവം കണ്ണടച്ച് ഇരുട്ടാക്കിയ ഇക്കൂട്ടർ, തട്ടമിട്ട സ്ത്രീകൾ തങ്ങളുടെ ആചാരപരമായ അതിരുകൾ ലംഘിക്കുകയും പൊതുബോധത്തിന് അനുസൃതമായി പെരുമാറുകയും ചെയ്യുന്നത് കാണുമ്പോൾ പെട്ടെന്ന് ആഹ്ലാദഭരിതരാകുന്നു. ഇവിടെ യഥാർഥത്തിൽ ആഘോഷിക്കപ്പെടുന്നത്, കേരളീയ മതേതരത്വത്തിന്റെ ഉന്നത മാതൃകയോ ബഹുസ്വരതയോ അല്ല. മതപരമായ അടയാളങ്ങളെയും സ്വത്വങ്ങളെയും അഴിച്ചുവെപ്പിക്കുന്നതിൽ ലഭിക്കുന്ന ഒരുതരം സാംസ്കാരിക വിജയമാണ്. അതിനകത്തെ മതപരമായ വിവേചന പുരോഗമന ആസ്വാദനം മറ്റൊരു ചർച്ചാ വിഷയമാണ്.
ലിബറൽ രാഷ്ട്രീയത്തിന്റെ ഈ ഇരട്ടത്താപ്പിനു കാരണം 'മതേതരത്വം നിലനിർത്തുക' എന്നതിനേക്കാൾ 'മതപരമായ സ്വത്വങ്ങളെ ഇല്ലാതാക്കുക' എന്നതിനോടുള്ള താൽപ്പര്യമാണ്. പ്രത്യേകിച്ച്, തട്ടമിട്ട സ്ത്രീകൾ പൊതുബോധത്തിന് അനുസൃതമായി തങ്ങളുടെ മതചിഹ്നങ്ങളുടെ ഗൗരവത്തെ ലഘൂകരിക്കുന്നു എന്നു തോന്നുമ്പോൾ, അത് ഇടത്-ലിബറൽ പ്രൊഫൈലുകൾക്കു വലിയ ആഘോഷവിഷയമായി മാറുന്നു. ന്യൂനപക്ഷ സ്വത്വങ്ങൾ സ്വന്തം തനിമ ഉപേക്ഷിച്ചു പൊതുധാരയിലേക്ക് 'അലിഞ്ഞുചേരുമ്പോൾ' (Assimilation) മാത്രം നൽകപ്പെടുന്ന ഈ താൽക്കാലിക അംഗീകാരം, യഥാർഥ മതേതരത്വമല്ല, ന്യൂനപക്ഷ സാംസ്കാരിക അടയാളങ്ങൾക്കു മേൽ ലിബറൽ പൊതുബോധം നടത്തുന്ന അദൃശ്യമായ വിചാരണയും അധീശത്വവുമാണ്.
ഒരു ജനാധിപത്യ ഭരണകൂടത്തിനു കീഴിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ 'ടോക്കണിസം' (Tokenism) ഇവിടെ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. തങ്ങൾ ഭൂരിപക്ഷ സമുദായത്തിനു 'സ്വീകാര്യരും' 'പരിഷ്കൃതരുമാണ്' എന്നു തെളിയിക്കാൻ ന്യൂനപക്ഷങ്ങൾക്കു ഭൂരിപക്ഷ സാംസ്കാരിക പ്രതീകങ്ങൾ കടമെടുക്കേണ്ടി വരുന്നു. സോഷ്യൽ മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങൾ ആഘോഷിക്കപ്പെടുന്നത്, മുസ്ലിം സ്ത്രീകളുടെ യഥാർഥ ഏജൻസിയെയോ വസ്ത്രധാരണ സ്വാതന്ത്ര്യത്തെയോ മാനിച്ചുകൊണ്ടല്ല, പ്രതിരോധ ശേഷിയുള്ള ഒരു മതചിഹ്നത്തെ അതിന്റെ ആത്മീയ വീര്യവും വിശുദ്ധിയും ചോർത്തിക്കളഞ്ഞ്, കേവലം വിനോദോപാധിയാക്കി മാറ്റാൻ സാധിക്കുന്നു എന്നതുകൊണ്ടാണ്. അതിനാൽ, വസ്ത്രം നോക്കി ആളുകളെ വിധിയെഴുതുന്ന തീവ്രവലതുപക്ഷ ലോജിക്കിനെ എതിർക്കുമ്പോൾ തന്നെ, സമുദായ അടയാളങ്ങളെ അതിനു വിപരീതമായ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിലെ യുക്തികേടും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. ഇതു കേവലമൊരു സ്ത്രീവിരുദ്ധ നിലപാടല്ല, മറിച്ച്, തനിമ നിലനിർത്താൻ ശ്രമിക്കുന്ന ഒരു ജനവിഭാഗത്തിന്റെ സാംസ്കാരിക പ്രതിരോധത്തിന്റെ ഭാഗമാണ്. കേരളത്തിലെ തന്നെ പണ്ഡിതനിലപാട് കടമെടുത്തു പറഞ്ഞാൽ, ആത്മീയ അച്ചടക്കം തിരഞ്ഞെടുക്കാനും അതു പഠിപ്പിക്കാനുമുള്ള അവകാശമാണത്.