KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

പ്രവാചകൻ വരുന്ന നേരം

ഇ കെ മുഹമ്മദ് നൂറാനി

Nature photo created by wirestock

മതിലു കീറിക്കേറിയ അയൽവരമ്പിൽ
കഠാരയുടെ മൂർച്ച കൂട്ടിയ സമയം
അമുസ്ലിമാണെങ്കിലും
അയൽവാസിയെ ആദരിക്കണമെന്നോതി
മതിലിൻ്റെ മനസ്സലിയിപ്പിച്ചപ്പോഴും,

കുറഞ്ഞു പോയ സ്വർണമാലയെ
മാല്യം കഴിച്ചവളുടെ
കഴുത്തറുക്കാൻ പോകവെ
പരസ്പര വസ്ത്രങ്ങളെന്നു മൊഴിഞ്ഞ്
തുന്നിച്ചേർത്തപ്പോഴും,

അധികാര പാദുകത്താൽ
നീതിയെ ചവിട്ടിത്താഴ്ത്താനിറങ്ങിയ നേരം
നേതാവ് സമൂഹ സേവകനാണെന്നരുളി
നീതിയെ നായകനാക്കിയപ്പോഴും,

അസൂയ മേഞ്ഞലയുന്ന
മനസ്സിനെ മുലയൂട്ടി,
വിഷം ചീറ്റിയപ്പോൾ
അപര സ്നേഹം ആത്മ സ്നേഹമെന്നോതി
ഹൃദയങ്ങളെ ചേർത്തി വെച്ചപ്പോഴും,

വഴിയെ
വിഴുങ്ങി നിൽക്കുന്ന
വിസർജ്യങ്ങളെ
വിരൽ കൊണ്ട് വലിച്ചെടുത്ത വേള
വിശ്വാസ വാക്യമുൽഘോഷിച്ച്
വീഞ്ഞ് പകർന്നപ്പോഴും,

പാപപ്പൊത്തിൽ
ആത്മനിന്ദക്കൊപ്പം ഭജനയിരുന്ന നിമിഷം
ആത്മാവൂർന്നിറങ്ങാനൊരുങ്ങവെ
മനസ്താപമെത്രേ ദൈവപ്രീതിയെന്ന് ചൊല്ലി
വെളിച്ചം വിതറിയപ്പോഴും

പച്ചനാമ്പിൻ്റെ
ഇളം ഞരമ്പുകൾ മുറിച്ച്,
നീരിൻ്റെയറ്റം നീക്കി മാറ്റുമ്പോൾ സ്തുതിഗീതികളാണ് പച്ചിലകളെന്ന് കൽപിച്ച്
മനസ്സിലെ പായലു നീക്കിയപ്പോഴും,

പ്രവാചകൻ വന്നിരുന്നു.
അന്നേരം,
പ്രാണനറ്റു വീഴുന്ന
ഇരുളിനെ നോക്കി
വെളിച്ചം മന്ദഹസിക്കാറുണ്ട്.
സാക്ഷയിട്ടടച്ച ഹൃത്തിൽ,
വരമ്പുപാകിയ മേനികളിൽ
ആകാശം പെയ്തിറങ്ങാറുണ്ട്.
വാക്കൊട്ടി നിൽക്കുന്ന
വരികൾക്കിടയിൽ
അർത്ഥം ജനിക്കാറുണ്ട്.

പ്രവാചകൻ
വന്നുകൊണ്ടേയിരിക്കുകയാണ്…

Fictions

Related Posts

Loading