KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

വഹ്-യ്, സബബ്, തൻസീൽ: ഖുർആൻ അവതീർണ്ണ പശ്ചാത്തലങ്ങളും ടെക്സ്റ്റിന്റെ സാന്ദർഭികവത്കരണവും

ഇയാസ് സുലൈമാൻ

ഖുർആനിന്റെ അവതീർണം മറ്റു ദിവ്യ ഗ്രന്ഥങ്ങളിൽ നിന്നും ഏറെ വത്യസ്തമായിരുന്നു. ദൈവികനിശ്ചയവും കാലിക പ്രസക്തിയും മതനിർദ്ദേശങ്ങളും എല്ലാ ഗ്രന്ഥങ്ങളിലും ഉൾക്കൊണ്ടിരുന്നെങ്കിലും, ഖുർആൻ ഇതര ഗ്രന്ഥങ്ങൾ പ്രവാചകന്മാരിലേക്ക് ആദ്യമായി ലഭിക്കുന്നത് അതിന്റെ പരിപൂണ്ണതയോടെയാണ്. എങ്കിൽ, ഖുർആനിന്റേതു അവതീർണ കാലവുമായി ഇഴകുന്ന രൂപത്തിൽ പ്രത്യേക സന്ദർഭങ്ങളിലായി ആവിശ്യാനുസരണം തിരുനബിയിലേക്ക് വിവിധ ഭാഗങ്ങളായിട്ടാണ് ലഭിച്ചത് (തൻസീൽ). അതുകൊണ്ടുതന്നെ അവതീർണത്തിന്റെ കാലവും ഇടവും സമയവും ഖുർആൻ പഠനങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. ഉലമാക്കൾ കാലത്തെയും സ്ഥലത്തെയും ഖുർആൻ അവതരിച്ച വിവിധ സമയങ്ങളെയും പരിഗണിച്ചു കൊണ്ടുള്ള വർഗ്ഗീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആയത്തുകളുടെ അവതീർണ കാരണം (അസ്ബാബുന്നുസൂൽ) പ്രസ്താവിക്കുന്ന ഹദീസുകൾ വലിയൊരു പഠനഭാഗമാണ്. കാരണം ഖുർആനിന്റെ ആശയങ്ങൾ അത്തരം ഹദീസുകളോട് ചേർത്തി വായിക്കുമ്പോഴാണ് വ്യക്തവും പരിപൂർണവുമാകുന്നത്.


ഖുർആനിൽ പ്രത്യേക അവതരണ പശ്ചാത്തലങ്ങൾ ഉള്ള ആയത്തുകളും പശ്ചാത്തലങ്ങൾ അറിയേണ്ടതില്ലാത്ത ആയത്തുകളും ഉണ്ട്. എണ്ണത്തിൽ അവതരണ പശ്ചാത്തലങ്ങൾ ഉള്ള ആയത്തുകൾ മറ്റു ആയത്തുകളെ അപേക്ഷിച്ചു കുറവാണെങ്കിലും, ഇസ്ലാമിക നിയമങ്ങൾ അടങ്ങുന്ന സൂക്തങ്ങളും തിരുനബിയുടെ കാലത്തെ പ്രശ്നങ്ങളിൽ ഉള്ള വിധിതീർപ്പുകളും കൂടുതലായും ഉൾകൊള്ളുന്നത് അവതരണ പശ്ചാത്തലങ്ങൾ ഉള്ള ആയത്തുകളിലാണ്. തീർപ്പുകൾക്കായി അനുചരർ വഹ്-യിനെ പ്രതീക്ഷിക്കുന്നതും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ ഖുർആനിന്റെ ഇടപെടലുകളും ഹദീസുകളിലൂടെ അറിയാൻ കഴിയുന്ന ഖുർആനിന്റെ സാമൂഹിക സമ്പർക്കങ്ങളാണ് (Social Interactions). സ്രഷ്ടാവ് അടിമയുടെ ജീവിത സന്ദർഭങ്ങളിലും പ്രശ്നങ്ങളിലും നിർദ്ദേശകനും പരിഹാരവുമാകുന്ന ഒരു സ്ഥിതിവിശേഷമാണ് മറ്റൊരർത്ഥത്തിൽ ഖുർആൻ സൂക്തങ്ങളുടെ അവതീർണ പശ്ചാത്തലങ്ങളും കാരണങ്ങളും വ്യക്തമാക്കുന്നത്. കാരണം അസ്ബാബുന്നുസൂലുകളെ വിശകലനം ചെയ്യുമ്പോൾ തിരുനബിയുടെ ജീവിത സന്ദർഭങ്ങളെയും അക്കാലത്തെ വ്യക്തികൾ തിരുനബിയോട് ചോദിച്ചിരുന്ന കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കും. അതിൽ തന്നെ തുടർച്ചയായി സംഭവിച്ച സമാനതയുള്ള പ്രശ്നങ്ങളിൽ തീർപ്പായി അവതരിക്കുന്ന ഒരു ആയത്തോ, ആയത്തുകളോ അല്ലെങ്കിൽ ഒരു കാരണത്തിനു തന്നെ ഒന്നിലധികം ആയത്തുകളോ അവതരിച്ചതായി കാണാം.


ഹദീസ് പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ പ്രത്യേകം പരിഗണിക്കുക കൂടി ചെയ്ത ഭാഗമാണിത്. മാത്രമല്ല, അബുൽ ഹസൻ അലിയ്യുബ്നു അഹ്മദ് അൽ വാഹിദി അൽ നൈസാബൂരിയുടെ "കിതാബു അസ്ബാബി നുസൂലിൽ ഖുർആൻ" ഇമാം സുയൂത്വിയുടെ "ലുബാബു-ന്നുകൂൽ ഫീ അസ്‌ബാബി-ന്നുസൂൽ" എന്നീ ഗ്രന്ഥങ്ങൾ അസ്ബാബു-ന്നുസൂൽ വിജ്ഞാനത്തിൽ പ്രസിദ്ധമായ ഗ്രന്ഥങ്ങളാണ്. കൂടാതെ അലിയ്യു-ബ്നു-ൽ മദനിയ്യ്, ജഅബരിയ്യ്, ഇബ്നു ഹജർ അൽ അസ്ഖലാനി എന്നിവരുടെ ഇടപെടലുകളും ശ്രദ്ദേയമാണ്.


sababunnuzool.jpg/

ഉപയോഗരീതികൾ

പ്രധാനമായും ഇസ്ലാമിക കർമ്മ ശാസ്ത്ര നിയമങ്ങൾ ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്യാനുള്ള മാർഗമായാണ് പണ്ഡിതർ ഇത്തരം ഹദീസുകളെയും അവ സൂചിപ്പിക്കുന്ന ഖുർആൻ ആയത്തുകളെയും (അൽ ആയാതുൽ മുതഅല്ലിഖതു ബിൽ അഹ്കാം/Ethico Legal Texts) ഉപയോഗിച്ചിരുന്നത്. ഇതിലൂടെ ആയതുകളിൽ ഉപയോഗിച്ച വാക്യത്തിന്റെ നിയമപരമായ സാധ്യതകൾ എന്തൊക്കെയാണ്, മതനിയമത്തിന്റെ ശേഷിക്കുന്ന സ്രോതസ്സുകളുമായി (ഹദീസുകൾ, മറ്റു ആയത്തുകൾ) എങ്ങനെ ഇവ ബന്ധപ്പെട്ടിരിക്കുന്നു, തീരുമാനങ്ങൾ ആണെങ്കിൽ അവ വഹ്-യിറങ്ങിയ സാഹചര്യങ്ങളിലോ വ്യക്തികളിലോ പരിമിതപ്പെടുത്തിയിട്ടുണ്ടോ, അതോ വിശാലമായ പ്രയോഗക്ഷമതയുള്ള ഒരു പൊതു തത്വത്തെയാണോ വിവരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ പണ്ഡിതർ ഇതിലൂടെ ചർച്ച ചെയ്തിരുന്നു.


ചരിത്രപരവും നരവംശശാസ്ത്രപരവുമായ മറ്റൊരു ഗവേഷണ ഗുണവും അസ്ബാബുന്നുസൂൽ കൈകാര്യം ചെയ്തുകൊണ്ടുള്ള തഫ്സീറുകളിൽ കാണാൻ സാധിക്കും. ഖുർആന്റെ അവതരണത്തിനു കാരണമായ സാഹചര്യങ്ങളെയും അതിൽ ഏർപ്പെട്ട വ്യക്തികളെയും കണ്ടെത്തുക, പരാമർശിക്കപ്പെട്ട സാംസ്കാരിക ആചാരങ്ങൾ അറിയുക, കൂടാതെ അത്തരമാചാരങ്ങളെല്ലാം ജാഹിലീ കാലഘട്ടവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നീ കാര്യങ്ങളും ഇവ ഉൾക്കൊള്ളിക്കുന്നുണ്ട്. ഉപയോഗിക്കപ്പെട്ട വാക്കുകളുടെ അർത്ഥം (Lexical), പരാമർശിക്കപ്പെട്ട പ്രത്യേക സർവനാമത്തിലൂടെ സൂചിപ്പിക്കുന്ന വ്യക്തി അല്ലെങ്കിൽ കാര്യം (Intra-versal/Sentential), ഖുർആനിന്റെ ചരിത്രപരാമർശങ്ങളിലൂടെ കൈമാറുന്ന കാര്യങ്ങൾ, ചരിത്ര സംഭവങ്ങളിലുള്ള കഥാപാത്രങ്ങളുടെ പ്രതികരണ രീതി (Narratological) എന്നിങ്ങനെയുള്ള ദൗത്യങ്ങൾ തഫ്സീറുകളിൽ അസ്ബാബു-ന്നുസൂലിനെ ഉപയോഗിച്ചു കൊണ്ട് നിർവഹിച്ചതായി കാണാം.


ആധുനിക സമീപനങ്ങളും സാന്ദർഭികവത്കരണവും

ആധുനിക പഠിതാക്കൾ ഖുർആൻ വ്യാഖ്യാനങ്ങളിൽ സബബുന്നുസൂലിനുള്ള ദൗത്യത്തെ (function) മനസ്സിലാക്കാനും വിവരിക്കാനുമാണ് ആദ്യ കാലത്ത് ശ്രമം നടത്തിയിരുന്നത്. William Montgomery Watt ഖുർആനിക അവതരണ പശ്ചാത്തലങ്ങളെ Narratological ആയാണ് പരിഗണിച്ചിരുന്നത്. അഥവാ, ഖുർആനിലെ ഭാഗികമായ ചരിത്ര സംഭവങ്ങളെയോ സൂചനകളെയോ വിവരിക്കുകയും പൂർണമാക്കുന്നതുമായ ഘടകമായി സബബൂന്നൂസൂൽ ആഖ്യാനങ്ങളെ എണ്ണി. John Wansbrough സബബുന്നുസൂലിലൂടെയുള്ള നിയമ നിർധാരണ ദൗത്യവും ശൈലിയുമാണ് പരിഗണിച്ചിരുന്നത്. അഥവാ നിയമപരമായ തത്ത്വങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകുന്ന വ്യാഖ്യാനങ്ങളായി (Halakhic Exegesis) അവകളെ പരിഗണിച്ചു. അതിനായി ഖുർആനിന്റെ അവതീർണ ചരിത്രത്തിന്റെ കാലക്രമത്തിൽ (തർതീബുന്നുസൂൽ) ഖുർആനിനെ മാറ്റി എഴുതുകയും ചെയ്തിരുന്നു . പക്ഷെ കനേഡിയൻ അക്കാഡമിസ്റ്റായ Andrew Rippin “Functions of Sabab al Nuzul in the Quranic Exegesis” എന്ന പഠനത്തിലൂടെ മുമ്പുനടന്ന ഖുർആൻ അവതീർണ പശ്ചാത്തലങ്ങളെ കേന്ദ്രീകരിച്ചുള്ള പാരമ്പര്യവും ആധുനികവുമായ പഠനങ്ങളെ വിശകലനം ചെയ്തുകൊണ്ട് സബബുന്നുസൂലുകൾ Haggadic exegesis കൾ ആണെന്ന നിഗമനത്തിൽ എത്തിച്ചേരുകയാണ് ഉണ്ടായത്. ഗ്രന്ഥങ്ങളുടെ നിയമവശങ്ങളെക്കാൾ കൂടുതലായി നൈതിക ധാർമിക ചരിത്ര ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്തുള്ള വ്യാഖ്യാനരീതിയാണ് Haggadic Exegesis. പക്ഷേ ഇതിലൂടെ Andrew Rippin അഭിപ്രായപ്പെടുന്നത് സബബുന്നുസൂലുകളുടെ രൂപീകരണം കാഥികരിലൂടെയും പ്രഭാഷകരിലൂടെയും ആരാധനാ ദൗത്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ട ആഖ്യാനങ്ങളാണ് എന്നായിരുന്നു. ചുരുക്കത്തിൽ, ഖുർആൻ ഒരു സ്വതന്ത്ര ടെക്സ്റ്റ് ആണെന്നും, ഖുർആനിന്റെ അവതീർണ പശ്ചാത്തലങ്ങളായി വിവരിക്കുന്ന ഹദീസുകളും സംഭവങ്ങളും (ഖുർആൻ എന്ന ടെക്സ്റ്റിന്റെ പുറത്തുള്ള കാര്യങ്ങൾ) ഖുർആനിന്റെ ആശയങ്ങളെ വിപുലീകരിക്കാൻ നിർമ്മിക്കപ്പെട്ട വ്യാഖ്യാനങ്ങൾ ആണെന്നുമാണ് അവർ വാദിക്കുന്നത്.


modern-scholars-iyas.jpg/

മുൻവിധികളും വ്യക്തി താൽപര്യങ്ങളുമാണ് സബബുന്നുസൂൽ രചനകളുടെ പിന്നിൽ എന്നു നിരീക്ഷിക്കുന്ന ഇത്തരത്തിലുള്ള ആധുനിക അക്കാദമിക വായനകൾ, ദിവ്യബോധനത്തെ ചരിത്രവത്കരിക്കുന്നതിലൂടെയാണ് (Historization of Revelation) പരിഹാരം കാണുന്നത്. ഖുർആനിന്റെ അവതീർണ കാലത്തെ ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ സാഹചര്യങ്ങളിലേക്ക്‌ ഖുർആനിക സൂക്തങ്ങളെ സാന്ദർഭികവത്കരിച്ചുകൊണ്ട് (Contextualization) പുതിയ കാലത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയാണ് ആശയ നിർമാണത്തിലൂടെ (Historization) ശ്രമിക്കുന്നത്. പാരമ്പര്യ ചരിത്ര രചനയിൽ കണ്ടുവന്നിരുന്ന കാലക്രമവും വ്യക്തി നിരീക്ഷണങ്ങളും മാറ്റി ഒരു ടെക്സ്റ്റിന്റെ ആഴത്തിലുള്ള അർത്ഥവും അതിന്റെ ആധുനിക പ്രസക്തിയുമാണ് ഇതിലൂടെ അന്വേഷിക്കുന്നത്. Singular Narrative രീതിയിൽ നിന്നും വത്യസ്തമായി വിവിധ അക്കാദമിക വിജ്ഞാന ശാഖകളുടെ ടൂളുകൾ ഉപയോഗിക്കുന്ന വ്യാഖ്യാനവും ബഹുമുഖ സമീപന രീതികളും (Multiple Perspectives) ഇതിന്റെ ശൈലിയാണ്. ചുരുക്കത്തിൽ, ഒരു ടെക്സ്റ്റിന്റെ കോൺടെക്സ്റ്റ് മനസിലാക്കി പുതിയ കാലത്തെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്ക്‌ ടെക്സ്റ്റിനെ മാറ്റിസ്ഥാപിച്ചു കൊണ്ട് അർത്ഥത്തെ വികസിപ്പിക്കുന്ന ശൈലിയാണിത്. അവിടെ ആശയപരമായ അധീശത്വം അധുനിക ചിന്താധാരകൾക്കും പുരോഗമന ആശയങ്ങൾക്കുമാണ്. അതുകൊണ്ട് തന്നെ വിശുദ്ധ ഖുർആനിനെ ഈ സമീപന രീതിയിലൂടെ വായിക്കുമ്പോൾ അല്ലാഹുവിന്റെ ഉദ്ദേശവും (Intentions) തിരുനബിയുടെ വിശദീകരങ്ങളും (Hadith) ഇസ്ലാമിക മൂല്യങ്ങളും (Values) നൈതികതയും (Ethics) അന്യം നിർത്തപ്പെടുന്നു.


യഥാർത്ഥത്തിൽ ചരിത്രവൽക്കരണത്തിലൂടെ ഖുർആനിന്റെ പവിത്രതയും ദൈവികതയുമാണ് നഷ്ടമാകുന്നത്. ദീനിൽ മാറ്റമില്ലാത്ത ഹുകുമുകൾ (അഹ്‌കാം സാബിത) പൊളിച്ചെഴുതുക കൂടിയാണ് ഖുർആനിന്റെ അവതീർണ കാലത്തിലെ സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ കോൺടെസ്റ്റുകളിൽ വെച്ച് അധുനികമായുള്ള വായനയിലൂടെ അധുനിക പഠിതാക്കളും വ്യാഖ്യാതാക്കളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആദ്യകാലത്തെ മുസ്ലിം ജനതക്ക് യുക്തിപരമായുള്ള നിരീക്ഷണത്തിനും വിശകലനത്തിനുമുള്ള കഴിവ് (Analytical Reasoning) കുറവായിരുന്നുവെന്ന പ്രസ്താവനയാണ് യഥാർത്ഥ യുക്തികളായി ഖുർആനിനെ വായിക്കാൻ ഇവർക്ക് പ്രേരണയാകുന്നത്. ഖുർആനിന്റെ അവതീർണ പശ്ചാത്തലങ്ങളും സബബുന്നൂസൂൽ ആഖ്യാനങ്ങളും അറിയുന്നതിലൂടെ ഗ്രന്ഥത്തെ മനസ്സിലാക്കാൻ സാധിക്കുമെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും കൈകടത്തലുകൾ സംഭവിച്ച ഹദീസുകളാണ് സബബുന്നുസൂലിൽ അധികവും എന്ന് അവർ വാദിക്കുന്നു. ആദ്യകാല പണ്ഡിതർ ചരിത്രവത്കരണത്തിൽ ഏർപ്പെട്ടിരുന്നു എന്ന് വാദിച്ചുകൊണ്ട് അസ്ബാബുന്നുസൂലുകളിൽ സ്വീകാര്യവും അസ്വീകാര്യവുമായ ഹദീസുകൾ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഖുർആനിന്റെ ഭാഷ അവ്യക്തമാണെന്നും ഫിഖ്ഹിന്റെ പണ്ഡിതന്മാർ നടത്തുന്ന നിയമപരമായ നിരീക്ഷണങ്ങൾ എല്ലാകാലത്തും ശരിയായിരിക്കണമെന്നില്ല എന്നും അവർ വാദിക്കുന്നു. ഖുർആനിന്റെ ഭാഷ അവ്യക്തമാണെന്നും ഫിഖ്ഹിന്റെ പണ്ഡിതന്മാർ നടത്തുന്ന നിയമപരമായ നിരീക്ഷണങ്ങൾ എല്ലാകാലത്തും ശരിയായിരിക്കണമെന്നില്ല എന്നും അവർ വാദിക്കുന്നു. ഖുർആനിന്റെ മൃദുലമായ ബാഹ്യതയാണ് പരിഷ്കരണ വാദികൾ ദുരുപയോഗം ചെയ്ത് സമകാലിക സന്ദർഭത്തിന് അനുയോജ്യമായി പരിഷ്കരിക്കുന്നത്.Sources

1. Suyuti, Hafiz Jalal al-Din. al Itqan fi 'Ulum al-Qur'an. Resalah Publishing, 2013.
2. Zarqani, ShaykhAbdulAzim. Manahil al-irfan Fi ‘Ulum al-Qur’an Volume1. Dar al Kitab al ‘lmiyyah, 1995.
3. Muhammed, Adnan. Asbab al Nuzul Wa Asraruha Fi Tafsir al Qur’an (55-80). Al Ihya’, 2017. https://www.asjp.cerist.dz/en/article/22568
4. Saeed, Abdulla. Reading the Qur’ān Contextually: Approaches and Challenges, New Trends in Qur’anic Studies, Lookwood Press, 2019.
5. Rippin, Andrew. Occasions of Revelation, Encyclopedia of the Quran. Brill, 2001.
6. Rippin A. The function of asbāb al-nuzūl in Qur'ānic exegesis. Bulletin of the School of Oriental and African Studies. 1988;51(1):1-20. doi:10.1017/S0041977X00020188
7. GÖKKIR, Necmettin. "Western Impact on Contemporary Qur’anic Studies: The Application of Literary Criticism." Usul İlmi Araştırmalar Dergisi , no.3, pp.67-90, 2005

Qur'anic Studies
Tafsir Literature
Modernism

Related Posts

Loading