KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

വെഷം

മുഹമ്മദ് അലി എരിമയൂർ

നാരായണേട്ടന്റെ ശവത്തിനരികില്‍ അയാള്‍ വായിച്ച് തീര്‍ക്കാത്ത ആ ചട്ടയില്ലാത്ത പുസ്തകം തുറന്ന് തന്നെ ഇരിക്കുന്നുണ്ട്. മരിച്ചു കിടക്കുമ്പോഴും അയാളുടെ കണ്ണുകള്‍ ഇടയ്ക്കിടെ മിഴിക്കുന്നത് പോലെ. അടുത്ത് നിന്ന അച്ഛനോട് അത് പറയാന്‍ തുനിഞ്ഞപ്പോഴേക്കും അയാള്‍ കണ്ണ് തുറന്ന് എന്നെ തുറിച്ചു നോക്കി. നാരായണേട്ടനെ കിടത്തിയിരിക്കുന്ന മുറി എന്നെ പോലെ തന്നെ ഒരുപാട് പേരെ ശ്വാസം മുട്ടിക്കുന്നുണ്ട്. അയാളെ കണ്ടപ്പോഴെല്ലാം എനിക്ക് ആ മുഷിഞ്ഞ വായന ശാലയും കാണേണ്ടി വന്നിരുന്നു എന്ന് ഞാന്‍ അപ്പോഴാണ്‌ ഓര്‍ത്തത്.കേവലം നാല് ബെഞ്ചിടാന്‍ സ്ഥലമുള്ള ആ ഇടുങ്ങിയ മുറിയില്‍ അച്ഛനോടൊപ്പം ഇരുന്ന വേളകളിലെല്ലാം നാരായണേട്ടന്റെ നരച്ച താടിയായിരുന്നു എന്റെ ബോറടി മാറ്റിയിരുന്നത്.അയാളുടെ ശവം ആദ്യം കണ്ട, പത്രമിടാന്‍ വന്ന ചെക്കന്‍ ആ നരച്ച താടി കണ്ടപ്പോള്‍ അത് ചോര പോലെ ചുവന്നിരുന്നത്രേ.


"അയളെന്തിനാണ്ടാവെഷം കുടിച്ചത്..!" "ആവോ .."ആളുകള്‍ അടക്കം പറയുന്നുണ്ട്. "ചവവെടുക്കാനായി.."ഉള്ളില്‍ നിന്നാരോ വിളിച്ചു പറഞ്ഞു. "ഇപ്പത്തെന്നയ..ഇനിയാരൂല്ലേ..!" "ആരെങ്കിലും ണ്ടാകും തോന്ന്ണ്ട.."


അടക്കം കഴിഞ്ഞ് അച്ഛന്റെ കൂടെ തിരികെ പോകുന്ന വഴിക്ക് ഞാന്‍ ഒന്നുകൂടെ വായനശാലയിലേക്ക് കേറി നോക്കി. നാരായണേട്ടന്‍ വായിച്ചു തീര്‍ക്കാത്ത ആ ചട്ടയില്ലാത്ത പുസ്തകത്തിലേക്ക് 'രവി മാസ്ടരെ'* കടിച്ചതെന്ന് തോന്നിച്ച ഒരുഗ്രന്‍ സര്‍പ്പം അരിച്ചരിച്ച് കയറിപ്പോയി. നീലിച്ചു കിടക്കുന്ന പുസ്തകം ഞാന്‍ പതിയെ അടച്ച് ഉത്തരത്തിലേക്ക് വച്ചു. തിരികെ വന്ന് അച്ഛന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു "അച്ഛാ..നാരായണേട്ടന്‍ വെഷം കുടിചെയല്ല.പാമ്പ്‌ കടിച്ചെയാണ് .." "ഏത് പാമ്പ്‌ .?" "ആ ബുക്ക്ത്തെ പാമ്പ്‌.." "ഒന്ന് പോടാ ചെക്കാ.."അച്ഛന്‍ അറിയാത്ത പോലെ ഊറിച്ചിരിച്ചു..നാരായണേട്ടന്‍ വീണ്ടും എന്നെ തുറിച്ചുനോക്കിയത് പോലെ.


*ഖസാക്കിന്റെ ഇതിഹാസത്തിലെ ഒരു കഥാപാത്രം.

Fictions

Related Posts

Loading