KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

വിവർത്തനവും വിനിമയവും: ഹേബർമാസിയൻ പോസ്റ്റ്-സെക്യുലർ സിദ്ധാന്തത്തിന്റെ രാഷ്ട്രീയ മാനങ്ങൾ (Part - 3)

വാസ്വിൽ മുജീബ് നൂറാനി

സെക്യുലറൈസേഷൻ സിദ്ധാന്തത്തിലെ പോരായ്മകളെ ചൂണ്ടിക്കാട്ടുമ്പോഴും, 'പൊളിറ്റിക്കൽ തിയോളജി'യുടെ തിരിച്ചുവരവിനെ ഹേബർമാസ് വിമർശിക്കുന്നുണ്ട്. പൊളിറ്റിക്കൽ തിയോളജി പലപ്പോഴും ആധുനിക ബഹുസ്വര സമൂഹത്തിന് നിരക്കാത്ത യാഥാസ്ഥിതികമായ ഗൃഹാതുരത്വമായോ (Conservative nostalgia), അല്ലെങ്കിൽ അലൻ ബാദിയു, സ്ലാവോയ് സിസെക് തുടങ്ങിയവർ വിഭാവനം ചെയ്യുന്നത് പോലുള്ള വിപ്ലവകരമായ നിഹിലിസമായോ പരിണമിക്കുന്നു എന്നതാണ് പ്രധാന വാദം. ഇതിന് പകരമായി, ജനാധിപത്യപരമായ പൊതുസംവാദങ്ങളെ രൂപപ്പെടുത്തുന്നതിൽ മതപരമായ പാരമ്പര്യങ്ങൾക്കുള്ള പങ്ക് അംഗീകരിക്കുകയും, അതേസമയം മതവും ഭരണകൂടവും തമ്മിലുള്ള വേർതിരിവ് കർശനമായി പാലിക്കുകയും ചെയ്യുന്ന സന്തുലിതമായ ഒരു നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.


പഠനം, സംവാദം, വിവർത്തനം എന്നിവയിലൂന്നിയ ഈ സമീപനം "സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധം" (Culture wars) എന്ന തീവ്രമായ ആശയത്തിന് മികച്ചൊരു ബദൽ നൽകുന്നുണ്ട് ഇവിടെ. സാധാരണ ജനങ്ങളെ 'വിവർത്തകർ' (Translators) ആക്കി മാറ്റാനുള്ള നിർദ്ദേശം അമിതാവേശമായി വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ പ്രക്രിയയെ സാംസ്കാരികമായ വിനിമയമായും പരസ്പര സ്വാധീനമായും കണ്ടാൽ അത് വലിയ സാധ്യതകൾ തുറന്നുനൽകുമെന്നതും ഇവിടെ കാണേണ്ടതുണ്ട്. അഭയാർത്ഥി പ്രശ്നം, ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ മതപരമായ മൂല്യങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കുമെന്നും, ജനാധിപത്യത്തിന്റെ അടിത്തറയോ ധാർമ്മിക ഭാവനയോ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നും ഹേബർമാസ് സമർത്ഥിക്കുന്നു.


ആഗോളവൽക്കരണവും സാമൂഹിക മാറ്റങ്ങളും കണക്കിലെടുത്ത് മതത്തെയും ജനാധിപത്യത്തെയും വിശകലനം ചെയ്യുന്ന ഒരു സമഗ്രമായ കാഴ്ചപ്പാടാണ് അദ്ദേഹം വികസിപ്പിക്കുന്നത്. നിയമ സിദ്ധാന്തങ്ങൾക്കോ സ്ഥിതിവിവരക്കണക്കുകളെ മാത്രം ആസ്പദമാക്കിയുള്ള സോഷ്യോളജിക്കോ ഒറ്റയ്ക്ക് ഇത്തരം മാറ്റങ്ങളെ വിശദീകരിക്കാൻ കഴിയില്ല എന്നത് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്. ചരിത്രപരമായ പശ്ചാത്തലങ്ങളെയും ആഗോളതലത്തിലുള്ള പരസ്പര ബന്ധങ്ങളെയും പരിഗണിക്കുന്ന ഒരു സമീപനം ഇവിടെ അനിവാര്യമാണ്. ഹേബർമാസിന്റെ ശ്രദ്ധ പ്രധാനമായും പാശ്ചാത്യ-ക്രിസ്തീയ ലോകത്താണെങ്കിലും, വിവിധ ആത്മീയ പാരമ്പര്യങ്ങൾ വ്യത്യസ്ത ജനാധിപത്യ മാതൃകകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കാൻ അദ്ദേഹത്തിന്റെ 'കോസ്മോപൊളിറ്റൻ' കാഴ്ചപ്പാട് വഴിയൊരുക്കുന്നുണ്ട്. ലിംഗസമത്വം പോലുള്ള അധികാര അസന്തുലിതാവസ്ഥകളെക്കൂടി പരിഗണിക്കുന്ന ഒരു നവീകരിച്ച 'ക്രിട്ടിക്കൽ തിയറി' മതപരമായ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.


ഹേബർമാസിന്റെ ആദ്യകാല സാമൂഹിക സിദ്ധാന്തങ്ങളിൽ, പ്രത്യേകിച്ച് 'തിയറി ഓഫ് കമ്മ്യൂണിക്കേറ്റീവ് ആക്ഷൻ' (Theory of Communicative Action) പോലുള്ള കൃതികളിൽ, മതം പരമ്പരാഗത സമൂഹങ്ങളുടെ സവിശേഷമായ ഒരു ലോകവീക്ഷണമായാണ് അടയാളപ്പെടുത്തപ്പെട്ടിരുന്നത്. മാക്സ് വെബർ, എമിൽ ദുർഖൈം എന്നിവരുടെ ചിന്താധാരകളെ പിന്തുടർന്ന്, ആധുനികവൽക്കരണത്തിന്റെയും യുക്തിചിന്തയുടെയും വ്യാപനത്തോടെ മതം ക്രമേണ നിഷ്കാസനം ചെയ്യപ്പെടുമെന്നും, അതിനുപകരം മതരഹിതമായ (Secular) സാമൂഹിക ക്രമങ്ങൾ നിലവിൽ വരുമെന്നും അദ്ദേഹം വിശ്വസിച്ചു.


അക്കാലത്തെ ഹേബർമാസിന്റെ നിരീക്ഷണപ്രകാരം, മതവിശ്വാസങ്ങളിൽ സത്യം, ധാർമ്മികത, ആത്മാർത്ഥത എന്നിവ അവിഭാജ്യമാംവിധം കൂട്ടിയിണക്കപ്പെട്ടിരുന്നു. ഇതിനാൽ തന്നെ വിശ്വാസികൾക്ക് ഈ ഘടകങ്ങളെ വേർതിരിച്ച് വിശകലനം ചെയ്യാനോ യുക്തിസഹമായ സംവാദങ്ങൾക്ക് വിധേയമാക്കാനോ സാധിക്കുമായിരുന്നില്ല എന്നും വിശുദ്ധമായ കാര്യങ്ങളെ (Sacred) ലൗകികമായവയിൽ (Profane) നിന്ന് കർശനമായി വേർതിരിച്ചുകൊണ്ട് ഒരു അലിഖിതമായ സാമൂഹിക ധാരണ നിലനിർത്താനാണ് മതം അന്ന് സഹായിച്ചിരുന്നത് എന്നുമാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.


ആധുനികതയിലേക്കുള്ള പരിവർത്തനത്തെ ഹേബർമാസ് 'വിശുദ്ധിയുടെ ഭാഷാവൽക്കരണം' (Linguisticification of the Sacred) എന്നാണ് വിശേഷിപ്പിച്ചത്. മതപരമായ ആചാരങ്ങൾക്കും പവിത്രതയ്ക്കും ഉണ്ടായിരുന്ന അധികാരം സാവധാനം ആശയവിനിമയത്തിലൂടെ രൂപപ്പെടുന്ന പൊതുസമ്മതിക്ക് (Consensus) വഴിമാറുന്ന പ്രക്രിയയാണിത്. ആധുനിക സമൂഹങ്ങളിൽ സാമൂഹിക ഐക്യം നിലനിർത്തുന്നത് യുക്തിസഹമായി ചിന്തിക്കുന്ന വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ് (Communicative Action) എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ ഘട്ടത്തിൽ, മതം പല ലോകവീക്ഷണങ്ങളിൽ ഒന്ന് മാത്രമായി മാറുകയും, മറ്റേതൊരു ആശയത്തെയും പോലെ സംവാദങ്ങളിലൂടെ സാധൂകരിക്കപ്പെടേണ്ട ഒന്നായി മതം പരിണമിച്ചു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഈ കാലയളവിൽ ഹേബർമാസ് ആധുനികതയെ പൂർണ്ണമായും ഒരു മതരഹിത പദ്ധതിയായാണ് വിഭാവനം ചെയ്തത്.


എന്നാൽ 2001-ന് ശേഷമുള്ള തന്റെ രചനകളിൽ ഹേബർമാസ് ഈ മുൻനിലപാടുകളിൽ ഗണ്യമായ മാറ്റം വരുത്തുകയുണ്ടായി. മതം ആധുനിക ലോകത്ത് അപ്രത്യക്ഷമാകുമെന്ന തന്റെ പഴയ ഹെഗലിയൻ കാഴ്ചപ്പാട് വസ്തുതാനിരതമല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. സമീപകാല ദശകങ്ങളിൽ മതം ലോകമെമ്പാടും അതിജീവിക്കുക മാത്രമല്ല, കൂടുതൽ ശക്തമായി തിരിച്ചുവരികയും ചെയ്യുന്നതിന്റെ തെളിവുകൾ ഇതിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. മതപരമായ ആചാരങ്ങളെയും വിശുദ്ധിയെയും കുറിച്ചുള്ള തന്റെ പല കേന്ദ്രവാദങ്ങളും അദ്ദേഹം അതോടൊപ്പം നവീകരിച്ചു. അതിനുശേഷം മതവിശ്വാസത്തെ തത്ത്വചിന്തയുമായി അടുത്ത ബന്ധമുള്ള ഒന്നായും, ജനാധിപത്യ രാഷ്ട്രങ്ങളിലെ പൗരന്മാരുടെ ജീവിതത്തിൽ കേന്ദ്രസ്ഥാനമുള്ള ഒന്നായും അദ്ദേഹം അംഗീകരിച്ചു പോരുകയുണ്ടായി. വിശ്വാസവും തത്ത്വചിന്താപരമായ യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ജനാധിപത്യ സംവാദങ്ങളിൽ മതവിശ്വാസികൾക്കുള്ള പങ്കിനെക്കുറിച്ചുമുള്ള പുതിയ ഉൾക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ പിൽക്കാല 'പോസ്റ്റ്-സെക്യുലർ' (Post-secular) രചനകൾ മുന്നോട്ടുവെക്കുന്നത്.


യുർഗൻ ഹേബർമാസിന്റെ പിൽക്കാല ചിന്തകളിൽ, സവിശേഷമായി 1990-കൾക്ക് ശേഷം, ആധുനിക സമൂഹങ്ങളിലെ നൈതിക മൂല്യങ്ങളുടെ സുപ്രധാന സ്രോതസ്സായി മതങ്ങളെ അടയാളപ്പെടുത്തപ്പെടുന്നതായി കാണാം. ആധുനിക തത്ത്വചിന്ത പലപ്പോഴും ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചോ 'നല്ല ജീവിതം' (The good life) എന്ന സങ്കല്പത്തെക്കുറിച്ചോ സമഗ്രമായ ഉത്തരങ്ങൾ നൽകുന്നതിൽ പരിമിതികൾ നേരിടുന്ന പശ്ചാത്തലത്തിൽ, കലയെയും സാഹിത്യത്തെയും പോലെ മതപരമായ ഉൾക്കാഴ്ചകളെയും പൗരന്മാർ 'വിവർത്തനം' (Translate) ചെയ്ത് രാഷ്ട്രീയ-ധാർമ്മിക സംവാദങ്ങളിൽ ഉപയോഗിക്കണമെന്ന് ഹേബർമാസ് നിർദ്ദേശിക്കുന്നു. മതപരമായ പശ്ചാത്തലത്തിൽ നിന്ന് ആശയങ്ങളെ അടർത്തിമാറ്റി, അവയുടെ ധാർമ്മിക പ്രഭാവം നിലനിർത്തിക്കൊണ്ടുതന്നെ മതരഹിതമായ ഭാഷയിലേക്ക് (Secular language) ആനയിക്കുന്ന പ്രക്രിയയാണിത്.


തത്ത്വചിന്തയുടെ ചരിത്രം പരിശോധിച്ചാൽ അത് കാലങ്ങളായി മതപരമായ ആശയങ്ങളെ ഇത്തരത്തിൽ പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നതായി കാണാം. ഹെഗൽ, ഷെല്ലിംഗ്, അഡോണോ തുടങ്ങിയ ചിന്തകരുടെ പല ദർശനങ്ങൾക്കും മതപരമായ വേരുകളുണ്ടെന്നും ഇമ്മാനുവൽ കാന്റിന്റെ തത്ത്വചിന്തയിലെ 'ധാർമ്മിക നിയമം' (Moral law), 'ധാർമ്മിക കൂട്ടായ്മ' (Ethical community) തുടങ്ങിയ ആശയങ്ങൾ യഥാക്രമം 'പത്തു കൽപ്പനകൾ', 'സഭ' എന്നീ മതസങ്കല്പങ്ങളുടെ വിവർത്തനങ്ങളാണെന്നും ഹേബർമാസ് നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ സ്വന്തം സിദ്ധാന്തങ്ങളായ 'സാർവത്രിക സമത്വവാദം', 'കമ്മ്യൂണിക്കേറ്റീവ് ആക്ഷൻ' എന്നിവയും ഇത്തരത്തിൽ മതപരമായ പശ്ചാത്തലമുള്ളവയാണ്. ഈ പ്രക്രിയയെയാണ് അദ്ദേഹം 'വിനാശകരമല്ലാത്ത വിവർത്തനം' (Saving translation) എന്ന് വിശേഷിപ്പിക്കുന്നത്. മതപരമായ ആശയങ്ങൾ യുക്തിസഹമായ ചർച്ചകൾക്ക് വിധേയമാക്കാവുന്ന മതരഹിത ആശയങ്ങളായി പരിണമിക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.


തത്ത്വചിന്തയ്ക്ക് മതത്തിന് മേൽ ബൗദ്ധികമായ ആധിപത്യമുണ്ടെന്ന വാദത്തെ ഹേബർമാസ് നിരാകരിക്കുന്നു. മതം യുക്തിരഹിതമാണെന്നോ, ഭാവിയിൽ തത്ത്വചിന്ത മതത്തിന് പകരമാകുമെന്നോ അദ്ദേഹം കരുതുന്നില്ല. പകരം, തത്ത്വചിന്തയും മതവിശ്വാസവും ഒരേ ചരിത്രപരമായ ഉറവിടത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ബി.സി. 800-നും 200-നും ഇടയിൽ ലോകമെമ്പാടും സംഭവിച്ച ബൗദ്ധിക വിപ്ലവമായ 'ആക്സിയൽ ഏജ്' (Axial Age) കാലഘട്ടത്തിലാണ് ജെറുസലേമിലെ മതവിശ്വാസവും ഏഥൻസിലെ തത്ത്വചിന്തയും രൂപപ്പെടുന്നത്. അതിനാൽ, മതവും തത്ത്വചിന്തയും വിരുദ്ധ ധ്രുവങ്ങളിലല്ല, മറിച്ച് പരസ്പരബന്ധിതമായ സഹോദരങ്ങളാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.


ഒപ്പം ആധുനിക ലോകത്ത് മനുഷ്യർക്ക് ആശയവിനിമയം നടത്താനുള്ള പൊതുമാധ്യമമായി ഈ 'സെക്യുലർ യുക്തി' നിലനിൽക്കുന്നു എന്നും ഈ യുക്തിയുടെ രൂപീകരണത്തിൽ ജെറുസലേമിന്റെ വിശ്വാസത്തിനും ഏഥൻസിന്റെ വിജ്ഞാനത്തിനും തുല്യ പങ്കാണുള്ളത് എന്നും മതവിശ്വാസം എന്നത് യുക്തിക്ക് വിരുദ്ധമായ ഒന്നല്ല, മറിച്ച് തത്ത്വചിന്തയുമായി അർത്ഥവത്തായ സംവാദത്തിൽ ഏർപ്പെടാൻ കഴിയുന്ന ഒരു തുല്യ പങ്കാളിയാണെന്നും ഹേബർമാസ് സിദ്ധാന്തിക്കുന്നു.


മതനിരപേക്ഷ യുക്തിയും മതവിശ്വാസവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിലെ സംവാദങ്ങളെക്കുറിച്ചും ആഴത്തിലുള്ള സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച യുർഗൻ ഹേബർമാസിന്റെ ബൗദ്ധിക യാത്ര ആധുനിക ചിന്താലോകത്ത് സമാനതകളില്ലാത്ത സ്വാധീനമാണ് ചെലുത്തിയത്. എന്നിരുന്നാലും, ചരിത്രപരമായ അനിവാര്യതയെന്നോണം ഈ ബൗദ്ധിക ചിന്തകൻ വിടവാങ്ങുന്നതോടെ, പോസ്റ്റ്-സെക്യുലർ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനങ്ങൾ ഒരു പൂർണ്ണവിരാമത്തിലല്ല, മറിച്ച് പുതിയ സംവാദങ്ങളുടെ തുടക്കത്തിലാണ് എത്തിനിൽക്കുന്നത്. മാനവികതയുടെ ധാർമ്മിക അടിത്തറ സംരക്ഷിക്കുന്നതിനായി മതത്തെയും യുക്തിയെയും എങ്ങനെ സമന്വയിപ്പിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്ന പാത, സംഘർഷഭരിതമായ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ കൂടുതൽ പ്രസക്തമായി തുടരുന്നു. സ്വയം വിമർശനാത്മകമായ ദേശസ്നേഹവും പരസ്പര പഠനത്തിലധിഷ്ഠിതമായ സംവാദങ്ങളും മുറുകെപ്പിടിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ ആധുനികതയുടെ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയൂ എന്ന വലിയ പാഠമാണ് അദ്ദേഹം അവശേഷിപ്പിച്ചു പോകുന്നത്.

Articles
Religion

Related Posts

Loading