ആനെ മദനപ്പൂങ്കനി തേനാളെ
അടങ്കൽ വഴി പെട്ടാർ എനൈ ഇന്നാളെ
ബാനെ പുരി ഹുസ്നുൽ ജമാലോടിപ്പോൾ
ബദറുൽമുനീറുരയ് പയക്കം എപ്പോൾ
ഈ വരികൾ പരിചയിക്കാത്ത മലയാളികൾ വിരളമായിരിക്കും. അത്രമേൽ സമൂഹത്തെ ഗ്രസിക്കത്തക്ക ആത്മാവുള്ള ആശയവും ആഖ്യാനവുമാണ് 'ഹുസ്നുൽ ജമാൽ ബദറുൽ മുനീറി'ൻ്റെത്. മഹാകവി മോയിൻകുട്ടി വൈദ്യർ തൻ്റെ ഇരുപതാം വയസ്സിൽ (1872) കോർത്ത പ്രണയകാവ്യം (കെട്ടുകഥ) വിഖ്യാത സാഹിത്യകാരനായ ഖാജാ മുഈനുദ്ദീൻ ശാഹ് ശീറാസ് പേർഷ്യനിൽ രചിച്ച പ്രണയ നോവലിൻറെ അറബിമലയാള കാവ്യാവിഷ്കാരമായാണ് ഗണിക്കപ്പെടുന്നത്. വൈദ്യരുടെ ഇതര രചനകളിലും ഈ കടം കൊള്ളൽ പ്രക്രിയ പ്രകടമാണ്. പ്രണയവും സ്ത്രീ വർണ്ണനകളും അറബിമലയാളത്തിന് അന്യമായിരുന്ന കാലത്താണ് വൈദ്യർ ഈ ഉദ്യമത്തിന് മുതിരുന്നത്. യൗവനതീക്ഷ്ണതയും വൈകാരികബോധമനസ്സും സ്വാഭാവികമാവുന്ന വിശേഷ ഘട്ടത്തിൽ പിറവികൊണ്ട കാവ്യമെന്ന നിലക്ക് വിരചിതഭാഷക്ക് അനിതരസാധാരണമായ പുതിയൊരു മാനം സാധ്യമാക്കുകയായിരുന്നു കവി. 'യാഥാസ്ഥിക' പണ്ഡിത സമൂഹം ഇതിനെ സഗൗരവം എതിർക്കുകയും വായന വിലക്കുകയും കൃതിയുടെ സാമൂഹികമായ ദൂഷ്യഫലങ്ങളെ വൈദ്യർക്ക് ഉപദേശിച്ചുകൊടുക്കുകയും ചെയ്തത് ചരിത്രം. പക്ഷേ ഇന്ന് 'ബദറുൽമുനീർ' നെഞ്ചേറ്റാൻ വെമ്പൽ കൊള്ളുകയും വൈദ്യർ എന്ന ആത്മീയസരണികളിൽ കണ്ണിചേർന്നൊരു കവിയെ പ്രണയകാവ്യത്തിൻ്റെ അച്ചുനിർമാതാവായി വാഴ്ത്തിപ്പാടുകയും ചെയ്യുന്ന 'നിഷ്കാമരായ കലാസ്നേഹികളുടെ' പ്രവൃത്തി ബോധപൂർവ്വമുള്ള നിഗൂഢതയുടെ ഉൽപന്നമാണെന്നത് സുചിന്തിതം.
വിമർശനം; കാരണങ്ങൾ
മുഖ്യമായും 'ഹുസ്നുൽജമാൽ' വിമർശിക്കപ്പെടുന്നത് സ്ത്രീവർണ്ണനാവരികളെ മുൻനിറുത്തിയാണ്.
ആറാം ഇശലിൽ
മാല അണിന്ദ് പാരുവാൻ
മാറിൽ മുല കനിന്ദതാൽ
എന്ന് തുടങ്ങി അവസാനം വരെയും പുഷ്പിണിയായ കഥാനായിക ഹുസ്നുൽ ജമാലിൻ്റെ അംഗലാവണ്യമാണ് വർണിക്കുന്നത്. തൊട്ടുശേഷമുള്ള "പൂമകളാണേ ഹുസ്നുൽ ജമാൽ" എന്നാരംഭിക്കുന്ന ഇശലിൽ (ഇശൽ:ആരംഭ) നായകൻ ബദറുൽ മുനീറിനെ വർണിക്കാനും കവി വിസ്മരിക്കുന്നില്ല. അവസാന അടിയിലെ
കാമിനി ജീൻമനുപൂമദർകൾ
കണ്ടാൽ മതിമറന്നിൻസാലെത്തും
എന്ന രണ്ട് വരി മതി കവിയുടെ കാമോദ്ധീപകശരീരവർണ്ണനയുടെ ഊറ്റം മനസ്സിലാക്കാൻ. മതകീയ അനുശാസനകളും (കപ്പപ്പാട്ട്) സീറ ഗണത്തിൽ പെടുന്ന ജീവചരിത്ര (മുഹ്യുദ്ദീൻ മാല) രചനകളും തുടങ്ങി മതകീയവും സാംസ്കാരികവുമായ തലങ്ങളിൽ മാത്രം സംവദിച്ചു പോന്ന, ഭൂമിശാസ്ത്രപരമായി ഒരു മതവിഭാഗത്തിൻ്റെ പേരിലറിയപ്പെട്ട വിശിഷ്ട ഭാഷയിൽ മത-സാമൂഹിക നൈതികതയോട് കൂറ് പുലർത്താത്ത ഇതിവൃത്തങ്ങൾ കടന്നുവരുമ്പോൾ പണ്ഡിത സമൂഹം ചോദ്യം ചെയ്യുക സ്വാഭാവികം. ഇക്കാരണമൊന്ന് കൊണ്ട് ബദറുൽമുനീറിൻറെ മറ്റു വശങ്ങളെ തമസ്കരിക്കാനും കാവ്യാനുഭവത്തെ നഖശിഖാന്തം എതിർക്കാനും ശ്രമിക്കുന്നത് മൗഢ്യതയാണ്.
ആറാം നൂറ്റാണ്ടിൻ്റെ കാവ്യസങ്കൽപങ്ങളിൽ പരിലസിച്ചു നിന്ന മദ്യവും പെണ്ണും ഗോത്രമഹിമയും പ്രവാചകാഗമനത്തോടെ വിജ്ഞാനത്തിലേക്കും നൈതികതാബോധത്തിലേക്കും വഴിമാറുകയായിരുന്നു. ബദറുൽ മുനീറിനെ സമാന്തരമായി ഗണിക്കാവുന്ന, അറേബ്യയിൽ വാമൊഴിയായി പ്രസിദ്ധിയാർജിച്ച 'ലൈലാമജ്നു' വായനയടക്കം പ്രവാചകൻ നിഷിദ്ധമാക്കിയ സാഹചര്യം. എന്നിരിക്കെ, ജാഹിലിയ്യത്തിലെ കവികളിൽ പ്രമുഖനായ കഅബ് ബ്നു സുഹൈർ പ്രവാചക സന്നിധിയിൽ വന്ന് വിഖ്യാത പ്രവാചക പ്രകീർത്തനകാവ്യം 'ബാനത് സുആദ്' ആലപിക്കുന്ന ഒരനുപമ ചിത്രമുണ്ട് ചരിത്രത്തിൽ. തൻ്റെ കാമിനി സുആദയെ സ്മരിച്ചും വർണ്ണിച്ചുമാണ് കവി പദ്യമാരംഭിക്കുന്നത്. രണ്ടാം വരിയിൽ തന്നെ സുറുമയെഴുതി, മിഴി കൂമ്പിയ സുആദയെ പേടമാനിനോട് ഉപമിക്കുന്നു. മൂന്നാം വരിയിൽ തെളിഞ്ഞ വെള്ളം ചേർന്ന വീഞ്ഞിനെ അനുസ്മരിപ്പിക്കുമാറാണ് അവളുടെ ഉമിനീരിൽ കുളിച്ച് നിൽക്കുന്ന ദന്തനിരകളെ കവി ആവിഷ്കരിക്കുന്നത്. മദ്യം നിഷിദ്ധമാക്കിയ, സ്ത്രീ വർണനകളെ ആപാദചൂഡം നിരോധിച്ച ഒരു വിശേഷ സാഹചര്യമായിരുന്നു അത്. എന്നിട്ടും കവിക്ക് സമ്മാനിക്കപ്പെട്ട പ്രവാചകൻ്റെ അഭിനന്ദനവായ്‌പുകൾ കവനനിർമിതിയിലെ വിശാലതയെയും വർണനകളിലെ സ്വാതന്ത്ര്യത്തെയുമാണ് അപഗ്രഥിക്കുന്നതെന്ന് മലയാളത്തിലെ ബാനത് സുആദ് വിശദീകരണ കാവ്യകർത്താവ് മമ്മുട്ടി കട്ടയാട് നിരീക്ഷിക്കുന്നു. ഇനി ബദറുൽമുനീറിലേക്ക് വരാം, അന്നത്തെ പണ്ഡിതരുടെ കാർക്കശ്യ നിലപാടിൻ്റെ പൊരുളും വിമർശനങ്ങളുടെ അർത്ഥവും എന്തായിരിക്കും. മുഖ്യമായും രണ്ട് നിരീക്ഷണങ്ങൾക്കാണ് സാധ്യത. ഒന്ന്, ഇത്തരം പ്രായാനുബന്ധിയായ ചാപല്യങ്ങൾ തുടർന്ന് കഴിഞ്ഞാൽ അഭിനവ മലയാള നോവലുകളിൽ കാണും വിധം ലൈംഗിക വാഗ്മയചിത്രങ്ങളിലേക്ക് അറബിമലയാള സാഹിത്യം വ്യതിചലിക്കുമോ എന്ന ഭയം ഉൾച്ചേർന്ന വീക്ഷണമാണ്. ഇത്രമേൽ പരിശുദ്ധിയുള്ള ഒരു സാഹിത്യശാഖയെ 'അറുനൂറ് വർഷത്തെ മാപ്പിള മണ്ടത്തരമായി' ചാപ്പകുത്താൻ ഉത്സാഹിച്ചവരുടെ കൃതികൾക്ക്, നിയന്ത്രണങ്ങളും പരിമിതികളുമില്ലാത്ത സ്വതന്ത്ര്യകാലത്ത് സാധ്യമായ വൈകാരിക/അംഗലാവണ്യ വർണ്ണങ്ങളുടെ പതിന്മടങ്ങ് 'ബദറുൽ മുനീറിന്' പ്രാപ്യമായി എന്നത് മറ്റൊരു സത്യം. രണ്ടാമത്തേത്, അറബിയോട് നിരന്തരം സമ്പർക്കപ്പെട്ട് രൂപം കൊണ്ട ഒരു ഭാഷയിൽ ജാഹിലിയ്യൻ കാവ്യാത്മകതയുടെ സ്വഭാവഗുണങ്ങൾ പുനർജനിക്കുന്നത് പുതുതലമുറയെ പിറകോട്ട് നയിക്കാനുള്ള പ്രേരകമാവുമോ എന്ന ആശങ്കയാണ്. നവോത്ഥാനദശയിലെ മുന്നേറ്റങ്ങളിൽ അറബിമലയാള രചനകളുടെ പങ്ക് കൂടി ഇവിടെ ചേർത്തി വായിക്കേണ്ടിയിരിക്കുന്നു.
ഇനി ചില 'അഭ്യുദയകാംക്ഷികളെ'യും അവരുടെ 'നിഷ്പക്ഷത'യെയും വായിക്കാം. 'ഹുസ്നുൽ ജമാലിനെ' സ്ത്രീശാക്തീകരണത്തിൻ്റെ പ്രഥമപ്രഖ്യാപനമായി വിളംബരപ്പെടുത്തുന്ന ഇക്കൂട്ടരുടെ ഉദ്ദേശ്യശുദ്ധി സ്പഷ്ടമാണ്. അഥവാ തങ്ങളുടെ ആശയങ്ങളോട് തീർത്തും വിരുദ്ധസ്വഭാവം പുലർത്തുന്ന ഒരു വ്യക്തിയിൽ നിന്ന് താന്താങ്ങളുടെ ആശയങ്ങളെന്ന് തെര്യപ്പെടുത്താൻ/അവകാശപ്പെടാൻ പ്രാപ്തമായ വല്ലതും ലഭിക്കുക എന്നത് അത്രമേൽ അപ്രതീക്ഷിതവും സന്തോഷദായകവുമാണ്. യഥാർത്ഥത്തിൽ ഹുസ്നുൽ ജമാലിൻ്റെ പദ്യാവിഷ്കാരം മാത്രമാണ് വൈദ്യർ അറബിമലയാളത്തിൽ സാധ്യമാക്കുന്നത്. അതിനെ പ്രസിദ്ധപ്പെടുത്തുന്ന കാലത്തിൻറെ സാമൂഹ്യഘടനയോട് കൃതിയെയും കർത്താവിനെയും സമാന്തര വായന നടത്തുന്നതിൽ പ്രമാദമില്ല. പക്ഷേ, രചയിതാവിൻ്റെ ഉദ്ദേശ്യശുദ്ധിയും പൊതുസ്വഭാവവും തിരിച്ചറിഞ്ഞ് വേണം നേതൃപ്രതിഷ്ഠയും വിമർശനവും എന്ന് മാത്രം. 'ഉദ്ധരിക്കുന്ന വ്യക്തി ചോദ്യം ചെയ്യപ്പെടരുത്' (ആന്നാഖിലു ലാ യുസ്അലു) എന്ന തർക്കശാസ്ത്ര തത്വാടിസ്ഥാനത്തിൽ (റശീദിയ്യ) ഹുസ്നുൽ ജമാലിലെ ശൃംഗാരങ്ങളുടെ പേരിൽമാത്രം വൈദ്യരെ കൂട്ട് പിടിക്കുന്നതും പ്രതിയാക്കുന്നതും ന്യായമല്ല.പക്ഷേ, മൂലകൃതിക്ക് അന്യമായ വിശദീകരണങ്ങളിൽ/വർണ്ണനകളിൽ ഉള്ള ന്യൂനതകളെ/അനീതികളെ വിമർശിക്കുന്നതിൽ അധിക്ഷേപമില്ല. കാവ്യരചനയിലുടനീളം അനിവാര്യതകൾക്കപ്പുറത്തേക്ക് അംഗവർണ്ണനകൾ കവിയാതിരിക്കാനും കവി ശ്രമിക്കുന്നതായി കാണാം. കവിത ദീർഘിക്കും എന്നതാണ് ആണ് അതിന് വൈദ്യർ കൊണ്ടുവരുന്ന ന്യായം. വിമർശനത്തിൻ്റെ/അനുധാവനത്തിൻ്റെ മറ്റൊരു തലം അതിൻ്റെ കഥാതന്തുവാണ്. ആത്മീയതയുടെ അടിസ്ഥാനത്തിൽ തന്നെ കഥാ ഇതിവൃത്തം വായിച്ചാൽ, സൗന്ദര്യവും പ്രതാപവും ഒത്തിണങ്ങിയ നിരവധി പുരുഷന്മാരെ/സ്ത്രീകളെ ലഭിച്ചിട്ടും തൻറെ കാമുകന്/കാമിനിക്ക് നൽകിയ വിശ്വാസത്തിൻറെ ഈടുറപ്പിൽ നിഷിദ്ധവേഴ്ചക്ക് വഴങ്ങാത്ത പ്രണയിനികളാണ് കഥയിലുടനീളം ദർശിക്കാനാവുന്നത്. സകല മോഹവാഗ്ദാനങ്ങളും നിരസിച്ച് തൻ്റെ ശരീരശുദ്ധി സംരക്ഷിക്കുകയാണ് ധീരവനിത ഹുസ്നുൽ ജമാൽ. മറുവശത്ത് തികഞ്ഞ സ്ഥൈര്യത്തോടെ തൻ്റെ മനോവികാരങ്ങളെ നിയന്ത്രിക്കാനും സന്ധിഗ്ധ ഘട്ടങ്ങളിൽ കളവുകൾ പറഞ്ഞും അനിവാര്യതയെങ്കിൽ ഒരു ചുംബനത്തിൽ അവസാനിപ്പിക്കാനും ശ്രമിക്കുകയാണ് ബദറുൽമുനീർ. കഥയുടെ കർമശാസ്ത്ര വശങ്ങളെക്കുറിച്ചല്ല ഇവിടെ പ്രതിപാദ്യം. കാവ്യനീതി സാധ്യമാവാൻ അതിൻ്റെ നൈതിക വായനകൾക്ക് കൂടി ആധുനിക സ്ത്രീപക്ഷവാദികളും നിസ്സീമ ലൈംഗികതക്ക് മുറവിളി കൂട്ടുന്ന (കപട)വൈദ്യർപ്രേമികളും ഇടം കൊടുക്കണം എന്നതിലേക്കുള്ള ഒരു സൂചന മാത്രം.
കവിതയുടെ ആത്മീയ വിതാനങ്ങൾ
'ഗസ്വത് ബദ്റിൽകുബ്റ' അടക്കം നിരവധി മഹദ്പ്രകീർത്തന കാവ്യങ്ങൾ വിടർന്ന തൂലികയെ കേവലമൊരു പ്രണയകാവ്യാടിസ്ഥാനത്തിൽ വായിക്കുന്നതിൽ മനോവിഷമമുണ്ട്. തൻ്റെ കൗമാര-യൗവന 'ചാപല്യങ്ങളെ' നാൽപതാണ്ടിൻ്റെ പരിമിതിയിൽ നിന്നുതന്നെ തിരുത്ത് നൽകാനും, ചില വൈയക്തിക ബന്ധങ്ങളുടെ പ്രേരണയിൽ (അ)ചരിത്രമെഴുതിയ പേനയിൽ ആധികാരികതയുള്ള മഹദ്ജീവചരിത്രങ്ങൾ വിഷയീഭവിക്കാനും ഭാഗ്യം ലഭിച്ച അനുഗ്രഹീതനാണ് മഹാകവി. ഹുസ്നുൽ ജമാൽ ബദറുൽ മുനീറിൻറെ തുടക്കത്തിൽ തന്നെ (ഒന്നാം ഇശൽ:മുനാജാത്ത്)
തരപെടാ മൊളി കവിക്കെ
നായനെ കാപ് യെമയ്ക്കെ
എന്ന് കവന നിർമിതിയിൽ വന്നേക്കാവുന്ന ന്യൂനതകളിൽ നിന്നും തിന്മകളിൽ നിന്നും സ്രഷ്ടാവിനോട് സംരക്ഷണം ചോദിച്ചുകൊണ്ടാണ് കവി ആരംഭിക്കുന്നത്. രണ്ടാം ഇശലിലെ പന്ത്രണ്ട് അടികളിലും, പിഴവുകൾ ഭവിക്കുന്നതിൽ നിന്ന് പ്രവാചകനെയും നാല് ഖലീഫമാരെയും ശേഷം പ്രവാചക പൗത്രൻമാരായ ഹസൻ,ഹുസൈൻ എന്നവരെയും മാധ്യമമാക്കി(തവസ്സുൽ) സ്രഷ്ടാവിനോട് പ്രാർത്ഥിക്കുകയാണ് കവി. കേവലം ഒരു പ്രണയ ചാപല്യകാവ്യമായിരുന്നു ഉദ്ദേശ്യമെങ്കിൽ അല്പം വിശ്വാസപരമായിത്തന്നെ, പ്രവാചകനെ മോഹിച്ച ഖദീജ(റ)യെയും ആദമിനെ(അ) കാമിച്ച ഹവ്വായേയും പറഞ്ഞു തുടങ്ങാമായിരുന്നു കവിക്ക്. 'ബദറുൽ കുബ്റ'യിലൂടെ സഞ്ചരിക്കുമ്പോൾ വൈദ്യരുടെ വിശ്വാസദൃഢതയും ആശയാടിത്തറയും കൂടുതൽ ബോധ്യമാകും. നവീകരണ പ്രസ്ഥാനങ്ങളോട് ശക്തിയുക്തം കലഹിച്ചിട്ടല്ലാതെ ഒരു മതവിശ്വാസിക്ക് ബദർ കിസ്സപ്പാട്ടിൽ നിന്ന് തിരിഞ്ഞു നടക്കാനാവില്ല.
അന്ദം മുദലില്ലാദവനെ ഗഫാറെ
അടിയൻ പിഴച്ചുള്ളെ പിഴപോക്ക് അല്ലാഹ്
എന്ന് ബദറുൽമുനീറിൻറെ അവസാന ഇശലിലെ ഇരുപതാം അടിയിൽ കുറിച്ചിടുന്നതോടെ കവിയുടെ നിഷ്കാപട്യം തെളിഞ്ഞു കാണുന്നു. മനപൂർവ്വം ഒരു സമൂഹത്തിൻ്റെ ശൃംഗാര കുഴലൂത്തുകാരനാവുകയായിരുന്നെങ്കിൽ കവിയൊരിക്കലും ഈ പാപമോചനത്തിന് ഇരവ് തേടുമായിരുന്നില്ല. അല്ലെങ്കിൽ സ്വബോധത്തോടെ കവനം തന്നെ നശിപ്പിക്കുകയോ 'നിഷിദ്ധമായ' വർണ്ണനകളെ മായ്ച്ചുകളയുകയോ പുനരാഖ്യാനിക്കുകയോ ചെയ്യുമായിരുന്നു. ചുരുക്കത്തിൽ കാലഗണനാനുസൃതം മറ്റു ചില താരതമ്യങ്ങളിൽ 'ഹുസ്നുൽ ജമാൽ ബദറുൽമുനീർ' വിമർശനവിധേയമാണെങ്കിലും കഥാതന്തുവും ആഖ്യാനരീതിയും കൊണ്ട് സ്തുത്യർഹമാണ്. കൗമാര-യൗവന കാലത്തെ വൈകാരിക രചനകൾക്ക് ശിഷ്ടകാലം കൊണ്ട് ബദൽ സമർപ്പിച്ച വൈദ്യരും തഥൈവ.