KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

എന്താണ് ഒരു ‘മുസ്‌ലിം ഇക്കോളജി’ യെ രൂപപ്പെടുത്തുന്നത് ? ഇന്ത്യയിലെ പവിത്ര ഭൂപ്രദേശങ്ങളും ഇസ്‌ലാമിന്റെ പ്രാദേശിക ജീവിതവും

മുകുൽ ശർമ

ബംഗാൾ തീരം വേലിയേറ്റ നദികളായും നിബിഡ വനങ്ങളായും വഴിമാറുന്ന സുന്ദർബൻസിലെ വിശാലമായ കണ്ടൽക്കാടുകളിൽ, അതിജീവനം എന്നത് കേവലം ഒരു തോണിയിലോ വലയിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. തേൻ ശേഖരിക്കാനോ വിറകുവെട്ടാനോ കാട്ടിലേക്ക് ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ്, അവിടുത്തെ മീൻപിടുത്തക്കാരും വിറകുശേഖരിക്കുന്നവരും വനാതിർത്തിയിലുള്ള ചെറിയ ആരാധനാലയങ്ങൾക്ക് മുന്നിൽ പ്രാർത്ഥനാപൂർവ്വം അല്പനേരം നിൽക്കാറുണ്ട്. വനത്തിന്റെ കാവൽദേവതയായി അവർ വിശ്വസിക്കുന്ന 'ബോൺബിബി'യുടെ (Bonbibi) അനുഗ്രഹം തേടലാണത്. പത്തൊൻപതാം നൂറ്റാണ്ടിൽ അവിടങ്ങളിൽ സന്ദർശിച്ച ഒരു വിദേശ സഞ്ചാരി അത്ഭുതത്തോടെ 'വിചിത്ര ദേവത' (Strange goddess) എന്ന് വിശേഷിപ്പിച്ചതും ഈ ബോൺബിബിയെക്കുറിച്ചാണ്.


ദക്ഷിൺ റായ് എന്ന കടുവകളുടെ ദൈവമായും, മധ്യസ്ഥനായ ഗാസി മിയാൻ എന്ന സൂഫി വര്യനുമായും കോർത്തെടുത്ത അവരുടെ ഐതിഹ്യവും ചേർന്നാണ് ഈ സമ്പൂർണ്ണ ആവാസവ്യവസ്ഥയുടെ പ്രപഞ്ചശാസ്ത്രപരമായ ഘടന (cosmological grammar) രൂപപ്പെടുന്നത്. വന്യതയും മനുഷ്യവാസവും തമ്മിലുള്ള അതിരുകളെ കടുവകളും മനുഷ്യരും വനദൈവങ്ങളും മുസ്ലിം സൂഫിവര്യന്മാരും ചേർന്ന് പുനർനിർവചിക്കുന്ന ഒരു പങ്കുവെക്കപ്പെട്ട വിശുദ്ധ ലോകമാണത് (shared sacred world).


യഥാർത്ഥത്തിൽ എന്താണ് ഇതിനൊരു മുസ്‌ലിം പരിസ്ഥിതിബോധം (Muslim ecology) നൽകുന്നത്? കേവലം മുസ്‌ലിംകളുടെ സാന്നിധ്യം മാത്രമല്ല അതിന്റെ നിദാനം; കാരണം, ഹൈന്ദവരും പ്രകൃത്യാരാധകരും (Animist) ഗോത്രവിഭാഗങ്ങളുമെല്ലാം (Tribal communities ) ഒരുപോലെ ബോൺബിബിയെ ഭക്തിയോടെ കാണുന്നുണ്ട്. മറിച്ച്, ഇതിനെ ഒരു മുസ്‌ലിം ബോധമാക്കുന്നത് അതിൽ അന്തർലീനമായിരിക്കുന്ന ഇസ്‌ലാമിക അടയാളങ്ങളാണ് (Islamic idiom). അതായത്, വിശുദ്ധൻ (Saint) , പവിത്രമായ ഒരു വംശാവലി (Sacred genealogy), ഇസ്‌ലാമിക ആത്മീയ അനുഷ്ഠാനങ്ങളിൽ നിന്ന് രൂപപ്പെട്ട സംരക്ഷണത്തിന്റെയും അതിർലംഘനങ്ങളുടെയും ധാർമ്മിക ഭാഷ തുടങ്ങിയ പ്രയോഗങ്ങളാണവ. ഭേദചിന്തകളില്ലാതെ ആ നാട്ടുകാർ ഒന്നടങ്കം, അപകടം നിറഞ്ഞതും എന്നാൽ ഒഴിച്ചുകൂടാനാവാത്തതുമായ ആ ഭൂപ്രദേശത്തോട് തങ്ങൾക്കുള്ള ബന്ധത്തെ മനസ്സിലാക്കാനും ക്രമീകരിക്കാനും മതഭേദമന്യേ ആ പ്രദേശത്തെ ഒരു വലിയ സമൂഹം ഉപയോഗിക്കുന്നത് ഈ ഇസ്‌ലാമിക അടയാളങ്ങളെയാണ് എന്നതാണ് ഇതിന്റെ സവിശേഷത.


ഈയൊരു പശ്ചാത്തലത്തിലാണ് മുസ്‌ലിം പരിസ്ഥിതിബോധത്തെക്കുറിച്ച് (Muslim ecologies) ഈ പ്രബന്ധം അന്വേഷണം നടത്തുന്നത്. മുസ്‌ലിംകളുടെ പക്കലുള്ള കേവലം വെറുമൊരു പരിസ്ഥിതി ജ്ഞാനത്തെക്കുറിച്ചല്ല ഇത് സംസാരിക്കുന്നത്; മറിച്ച്, ഇസ്‌ലാമിക പദാവലികളും സങ്കല്പങ്ങളും സജീവമായി ഇടപെടുന്ന ആവാസവ്യവസ്ഥാപരമായ പ്രയോഗങ്ങളെയും (Ecological practices) ധാർമ്മിക യുക്തിചിന്തകളെയും (ethical reasoning) കുറിച്ചാണ്. കാടിനെ വിഭജിക്കുക, ജലാശയങ്ങളെ പവിത്രീകരിക്കുക (Sanctifying), നീർച്ചാലുകളെ ക്രമീകരിക്കുക, വൃക്ഷലതാദികളെ സംരക്ഷിക്കുക തുടങ്ങിയ പ്രായോഗിക തലങ്ങളിൽ ആ ഇസ്‌ലാമികബോധം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് ഇതിൽ വിശകലനം ചെയ്യുന്നത്. എന്നാൽ പ്രകൃതിയോട് മുസ്‌ലിംകൾക്ക് മാത്രമായി എന്തോ സവിശേഷമായ ആത്മബന്ധമുണ്ടെന്ന അവകാശവാദമല്ല ഇവിടെ ഉന്നയിക്കുന്നത്. മറിച്ച്, ഇന്ത്യയുടെ വിവിധ ദേശങ്ങളിൽ ഇസ്‌ലാമിന്റെ പ്രാദേശിക ജീവിതം, അതിലെ പുണ്യപുരുഷന്മാരും ശരീഅത്ത് സങ്കല്പങ്ങളും (legal concepts)ആത്മീയ ഭൂമിശാസ്ത്രവുമെല്ലാം ( Devotional geography ) ഭൂമിയും വെള്ളവും ജീവജാലങ്ങളും എങ്ങനെ പരിപാലിക്കപ്പെടണം എന്നതിനെ നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട് എന്നതാണത്. എന്നാൽ, ഇന്ത്യയുടെ പരിസ്ഥിതി ചരിത്രത്തെക്കുറിച്ചുള്ള ഭൂത-വർത്തമാനകാല ചർച്ചകളിൽ ഈയൊരു ചരിത്രം ഒട്ടുംതന്നെ അടയാളപ്പെടുത്തപ്പെടാതെ പോവുകയാണ് ചെയ്തിട്ടുള്ളത്.


ബംഗാൾ ഡെൽറ്റ: സൂഫിവര്യനും കടുവയും തമ്മിലുള്ള ഉടമ്പടി

ബോൺബിബിയുടെ ഐതിഹ്യം കേവലമൊരു നാടോടിക്കഥയുടെ കൗതുകം മാത്രമല്ല; മറിച്ച്, ദുർഘടമായ ഒരു ഭൂപ്രകൃതിയെ അതിജീവിക്കാൻ മനുഷ്യൻ തന്നെ വികസിപ്പിച്ചെടുത്ത പ്രായോഗികമായൊരു പ്രപഞ്ചവീക്ഷണം കൂടിയാണത്(working cosmology). ഓരോ കാലവർഷത്തിലും കരയും പുഴകളും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നിടമാണ് സുന്ദർബൻസിലെ ഈ വേലിയേറ്റ വനം. ബംഗാൾ കടുവകളുടെ ഭീതിജനകമായ സാന്നിധ്യം നിഴലിക്കുന്ന ഈ കാടുകളിലേക്കുള്ള മനുഷ്യന്റെ ഓരോ പ്രവേശനവും അക്ഷരാർത്ഥത്തിൽ മരണവുമായുള്ള മുഖാമുഖമാണ്. തലമുറകളായി കാട്ടുതൊഴിലാളികൾക്കിടയിലും മത്സ്യത്തൊഴിലാളികൾക്കിടയിലും വാമൊഴിയായി പ്രചരിക്കുന്ന 'ബോൺബിബി ജൊഹുരാനാമ' (Bonbibi Johuranama) എന്ന കാവ്യത്തിൽ, കാട്ടിലെ ദരിദ്രരായ മനുഷ്യരെ സംരക്ഷിക്കാൻ പ്രകൃതിയാൽ/ഈശ്വരനാൽ നിയോഗിക്കപ്പെട്ടവളാണ് ബോൺബിബി. വന്യതയുടെ അധിപനായിരുന്ന ദക്ഷിൺ റായിയെ ബോൺബിബി പരാജയപ്പെടുത്തുന്നുണ്ടെങ്കിലും, അവനെ ഉന്മൂലനം ചെയ്യാൻ മുതിരുന്നില്ല. മറിച്ച്, ഒരു സന്ധിയെന്നോണം അവർ വനഭൂമിയെ വിഭജിക്കുകയാണ് ചെയ്യുന്നത്. കാടിന്റെ മർമ്മമായ ഉൾവനങ്ങളെ കടുവകളുടെ അധീനതയിൽ വിട്ടുകൊടുക്കുന്നതോടപ്പം, വിനയത്തോടേയും പ്രാർത്ഥനയോടും കൂടി പ്രവേശിക്കുന്ന മനുഷ്യർക്ക് വനത്തിന്റെ അരികുകൾ ഉപജീവനത്തിനായി ഉപയോഗിക്കാമെന്നും അവർ ഉടമ്പടി നിശ്ചയിക്കുന്നുണ്ട്. ഈ സവിശേഷമായ ഉടമ്പടിക്ക് സാക്ഷിയായും കാവലാളായും നിലകൊള്ളുന്നത് ഗാസി മിയാൻ എന്ന മുസ്‌ലിം യോദ്ധാവും സൂഫിവര്യനുമാണ് എന്നതാണ് യാഥാർത്ഥ്യം.


പതിനാറാം നൂറ്റാണ്ടു മുതൽ ബംഗാൾ ഡെൽറ്റയിലെ ജനവാസം കുറഞ്ഞ കാട്ടുപ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ച ചരിത്രം ഈറ്റൺ (Richard Eaton) വിശദീകരിക്കുന്നുണ്ട്. ഈ മുന്നേറ്റത്തിന് പലപ്പോഴും നേതൃത്വം നൽകിയത് 'പീർമാരും' (Pirs) സൂഫി പയനിയർമാരുമായിരുന്നു. അധിനിവേശകരായല്ല, മറിച്ച് കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയ മുൻഗാമികളായാണ് (pioneers) അവർ അവിടെയെത്തിയത്. പ്രാദേശിക തൊഴിലാളികളെ സംഘടിപ്പിക്കാനും തദ്ദേശീയമായ അംഗീകാരം നേടിയെടുക്കാനും ഇവർക്ക് ശേഷിയുണ്ടായിരുന്നതുകൊണ്ടുതന്നെയാണ് മുഗൾ ഭരണാധികാരികൾ ഇവർക്ക് ഭൂമി അനുവദിച്ചു നൽകിയതും. തുടർന്ന്, തദ്ദേശീയരുടെ കൂട്ടായ്മകളിൽ (local memory) ഈ പീർമാർ കടുവകളെ സവാരി ചെയ്യുന്നവരും, മുതലകളെ മെരുക്കുന്നവരും, കാട്ടിലെ അദൃശ്യശക്തികളുമായി സംവദിക്കുന്നവരുമായി രൂപാന്തരപ്പെട്ടു. ഈറ്റന്റെ പ്രയോഗത്തിൽ പറഞ്ഞാൽ, ഇവിടുത്തെ സൂഫി ദർഗകൾ ഒരു 'ധാർമ്മിക ആവാസവ്യവസ്ഥയുടെ' (moral ecology) പ്രഭവകേന്ദ്രങ്ങളായി (nodes) മാറുകയായിരുന്നു. അതായത്, കാട് വെട്ടിത്തെളിക്കാനുള്ള അധികാരം, വന്യമൃഗങ്ങളുമായി മധ്യസ്ഥത വഹിക്കാനുള്ള ആത്മീയശേഷി, അനുഗ്രഹിക്കാനും ശപിക്കാനുമുള്ള പദവി എന്നിവയെല്ലാം ഒരേ പുണ്യപുരുഷനിൽ തന്നെ കേന്ദ്രീകൃതമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു തനത് ജ്ഞാനശാസ്ത്ര ഭൂമിക (cognitive map) അവിടെ രൂപപ്പെടുകയായിരുന്നു.


ഉപരിപ്ലവമായി അടിച്ചേൽപ്പിക്കപ്പെട്ട ഏതെങ്കിലും മതപ്രമാണങ്ങളിലൂടെയല്ല ഇസ്‌ലാമിക സങ്കല്പങ്ങൾ ഈ നാടിന്റെ പ്രാദേശിക പരിസ്ഥിതിബോധമായി മാറിയത്. മറിച്ച്, അധിവാസത്തിന്റെയും കൃഷിയുടെയും അതിർത്തികൾ വ്യാപിപ്പിക്കുന്നതിൽ ആധുനികപൂർവ്വ ബംഗാളിലെ സൂഫി വര്യന്മാർ നടത്തിയ പ്രായോഗികമായ ഇടപെടലുകളിലൂടെയാണ് ചരിത്രപരമായി ഈയൊരു മാറ്റം സാധ്യമായത്. കടുവപ്പുറത്ത് സഞ്ചരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഐതിഹാസിക പുരുഷൻ 'സിന്ദാ ഗാസി'യും, പുതുതായി കുടിയേറിയ മനുഷ്യരും അവിടുത്തെ വന്യമൃഗങ്ങളും പ്രകൃതിശക്തികളും തമ്മിൽ മധ്യസ്ഥത വഹിച്ച്, ഇന്നത്തെ തെക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ കാടുകൾ വെട്ടിത്തെളിച്ച് മനുഷ്യവാസയോഗ്യമാക്കിയ 'ഖാൻ ജഹാനും' ഇതേ ആത്മീയ പാരമ്പര്യത്തിൽ പെട്ടവരാണ്. ഈ പാരമ്പര്യത്തിന്റെ ഏറ്റവും ദൃഢമായ ജനകീയ രൂപമാണ് ‘ബോൺബിബി’. കണ്ടൽക്കാടുകളിൽ ജീവൻ നിലനിർത്തുക എന്ന അതിജീവനപ്പോരാട്ടം, അതിന് വഴിയൊരുക്കിയ മതപരമായ വേർതിരിവുകളെപോലും മറികടക്കുകയും ഉൾക്കൊള്ളുകയും ചെയ്ത ഒരു പ്രദേശത്ത്, ഇന്നും ഹിന്ദു-മുസ്‌ലിം വ്യത്യാസമില്ലാതെ കാട്ടിലേക്ക് പോകുന്ന ഏവരും തങ്ങളുടെ കാവലാളായി ബോൺബിബിയെ വിളിച്ചപേക്ഷിക്കുന്നതും അതുകൊണ്ടാണ്.


മഖാം കുളങ്ങൾ: സംരക്ഷണത്തിന്റെ ആത്മീയരൂപങ്ങൾ

അപൂർവ്വവും എന്നാൽ വംശനാശഭീഷണി നേരിടുന്നതുമായ വന്യജീവികളുടെ അനൗദ്യോഗിക സങ്കേതങ്ങളായി സൂഫി മഖാമുകൾ (ദർഗകൾ) വർത്തിക്കുന്നതാണ് ഇതിനോട് ചേർത്തുവായിക്കാവുന്ന, കൂടുതൽ ദൃശ്യമായ മറ്റൊരു മാതൃക. ഇവിടെ അതിന്റെ പ്രവർത്തനരീതി (mechanism) തികച്ചും വ്യത്യസ്തവും സസൂക്ഷ്മം വിശകലനം ചെയ്യപ്പെടേണ്ടതുമാണ്.


ചിറ്റഗോംഗിലെ പ്രശസ്ത സൂഫിവര്യൻ ബായാസിദ് ബിസ്താമിയുടെ മഖാമിൽ സ്ഥിതിചെയ്യുന്ന പവിത്രമായ കുളം, ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വ ഇനത്തിൽപ്പെട്ട കറുത്ത മൃദുഓടുള്ള ആമകളുടെ (black soft-shell turtle) സങ്കേതമാണ്. ഇന്നത്തെ ബംഗ്ലാദേശിലും പാകിസ്താനിലുമുടനീളം, ഭക്തർ ആഹാരം നൽകി പരിപാലിക്കുന്നതും ഉപദ്രവിക്കാൻ പാടില്ലാത്തതുമായ മത്സ്യങ്ങളും മുതലകളും നിറഞ്ഞ സമാനമായ മഖാം കുളങ്ങൾ ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജീവികൾ ഏതെങ്കിലുമൊരു തലത്തിൽ ആ മഖാമിന്റെ സ്വന്തമാണെന്നാണ് വിശ്വസം . അവ ആ സൂഫിവര്യന്റെ 'ബറകത്ത്' (baraka - ആത്മീയ ചൈതന്യം) ഉൽപ്പാദിപ്പിക്കുന്ന പ്രഭാവലയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം . ദേശങ്ങൾക്കനുസരിച്ച് ഈ സങ്കല്പത്തിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ആ ജലാശയങ്ങളെയും അതിലെ ജീവജാലങ്ങളെയും സാധാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്നും കൂടെ ചൂഷണം ചെയ്യുന്നതിൽ നിന്നും വിലക്കുന്നതിൽ ഈ വിശ്വാസം സമാനമായ പങ്കുവഹിക്കുന്നുണ്ട്.


ജീവിവർഗ്ഗങ്ങളെക്കുറിച്ചുള്ള സാർവ്വലൗകികമായ ഏതെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങളിലല്ല ഇതിന്റെ ചാലകശക്തി നിലകൊള്ളുന്നത്; മറിച്ച്, മഖാമുകളുടെ പവിത്രതയുമായി ബന്ധപ്പെട്ട എന്നാൽ തികച്ചും സവിശേഷവും പ്രാദേശികവുമായ യുക്തിസങ്കല്പങ്ങളിലാണ്. ഒരു സൂഫിവര്യന്റെ മഖാം, അതിന്റെ തൊട്ടടുത്തുള്ള ഭൗതിക പരിസരങ്ങളിലേക്ക് ഒരു ആത്മീയ സംരക്ഷണവലയം പ്രസരിപ്പിക്കുന്നുണ്ട്. മഖാമിനോട് ചേർന്നുനിൽക്കുന്ന ജലാശയങ്ങളും ഈ പ്രഭാവലയത്തിന്റെ (Sacred micro-ecology) പരിധിയിലാണ് വരുന്നത്. അതിനാൽ, അവിടുത്തെ മത്സ്യങ്ങളെ വേട്ടയാടുന്നതോ ആമകളെ ഉപദ്രവിക്കുന്നതോ ആ സ്ഥലത്തിന്റെ മഹത്വത്തെതന്നെ ലംഘിക്കുന്നതിന് തുല്യമാണ്. ചുരുക്കത്തിൽ, അത് ആ മഖാമിനോട് കാട്ടുന്ന ധാർമ്മിക അപരാധമായാണ് (Transgression) വിലയിരുത്തപ്പെടുന്നത്. ഈ ഭക്തിബോധത്തിന്റെ അനന്തരഫലമായാണ് ആ ജീവിവർഗ്ഗങ്ങൾ സംരക്ഷിക്കപ്പെടുന്നത്. എങ്കിലും, പരിസ്ഥിതിശാസ്ത്രപരമായി ഇത് ഉണ്ടാക്കുന്ന സ്വാധീനം അതീവ നിർണ്ണായകമാണ്. 'കൺസർവേഷൻ ബയോളജി' (Conservation Biology) എന്ന ആധുനിക സങ്കല്പം രൂപപ്പെടുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ, സൂഫി മഖാമുകളോട് അനുബന്ധിച്ചുണ്ടായിരുന്ന ഈ ആത്മീയ ഭൂമിശാസ്ത്രം ദക്ഷിണേഷ്യയിലുടനീളം പ്രായോഗികമായി ഒരു 'സംരക്ഷിത മേഖല ശൃംഖല'യായി (Protected-area network) പ്രവർത്തിച്ചുപോന്നു. ഇവിടെ മഖാം കുളത്തിലെ ആമ എന്നത് കേവലം പരിസ്ഥിതി സംരക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്ന മതപരമായ ഒരു പ്രതീകമല്ല. മറിച്ച്, 'ഈ ജലാശയം ആ പുണ്യപുരുഷന് അവകാശപ്പെട്ടതാണ്' എന്ന പ്രാദേശിക അറിവിലാണ് അതിന്റെ നിലനിൽപ്പ് സാദ്ധ്യമാകുന്നത്. ആ വിശ്വാസമാകട്ടെ, ഒരേസമയം ഇസ്‌ലാമിക ആത്മീയതയോടും ആ നിർദ്ദിഷ്ട ഭൂപ്രദേശത്തോടും ഒരുപോലെ ബന്ധപ്പെട്ടു കിടക്കുന്നു എന്നുമാത്രം.


കാർഗിൽ: പ്രകൃതിവിഭവ നിയമമായി മാറുന്ന ഇസ്‌ലാമിക നിയമസംഹിത

ലഡാക്കിന്റെ ഭാഗമായ കാർഗിലിലെ അതിശൈത്യ മലമ്പ്രദേശങ്ങളിൽ കാണുന്ന മൂന്നാമതൊരു മാതൃക വ്യക്തമാക്കുന്നത്, ഇതേ ഇസ്‌ലാമിക പ്രയോഗങ്ങൾ തികച്ചും വ്യത്യസ്തമായ മറ്റൊരു പരിസ്ഥിതി ധർമ്മമാണ് നിർവ്വഹിക്കുന്നത് എന്നാണ്. ഇവിടെ അത് കാടിനെ അതിർത്തിതിരിക്കുകയോ ജലാശയങ്ങളെ പവിത്രീകരിക്കുകയോ അല്ല ചെയ്യുന്നത്; മറിച്ച്, വെള്ളത്തിനും തടിക്കും കടുത്ത ക്ഷാമം നേരിടുന്ന ഒരു ഭൂപ്രദേശത്ത് അവയുടെ വിതരണത്തെയും ഉപഭോഗത്തെയും ക്രമീകരിക്കുകയാണ്. കാർഗിലിലെ മുസ്‌ലിം സമൂഹങ്ങളെക്കുറിച്ചുള്ള പ്രാദേശിക പഠനങ്ങൾ (Field studies) വ്യക്തമാക്കുന്നത്, അവിടുത്തെ ദുർബലമായ ആവാസവ്യവസ്ഥയിൽ മണ്ണൊലിപ്പ് തടയുന്നതിനും ഇന്ധനത്തിനും അത്യന്താപേക്ഷിതമായ, വളരെ സാവധാനം മാത്രം വളരുന്ന 'ജൂനിപ്പർ' (Juniper) വൃക്ഷങ്ങൾ മുറിക്കുന്നത് സാമൂഹികമായ വിലക്കുകളിലൂടെ നിയന്ത്രിച്ചിരിക്കുന്നു എന്നാണ്. ഇസ്‌ലാമിക ആത്മീയതയിലെ 'ഖിലാഫത്ത്' അഥവാ പ്രകൃതിയുടെ സംരക്ഷണോത്തരവാദിത്വം (Islamic stewardship) എന്ന സങ്കല്പത്തിന്റെ പദാവലികൾ ഉപയോഗിച്ചാണ് അവിടുത്തെ മനുഷ്യർ ഈ നിയന്ത്രണങ്ങളെ കൃത്യമായി വിശദീകരിക്കുന്നത്. അതായത്, പ്രകൃതിവിഭവങ്ങൾ മനുഷ്യന് അല്ലാഹു ഏൽപ്പിച്ച ഒരു 'അമാനത്ത്' (വിശ്വസ്ത നിക്ഷേപം) ആണെന്നും, അവ ദുർവ്യയം ചെയ്യുന്നതും അമിതമായി ചൂഷണം ചെയ്യുന്നതും പരലോകത്ത് വിചാരണ ചെയ്യപ്പെടുന്ന വലിയൊരു തെറ്റാണെന്നുമുള്ള ബോധ്യമാണത്. ഒഴുകുന്ന വെള്ളം (ശേഖരിച്ചു വെച്ചതോ കെട്ടിനിർത്തിയതോ ആയ വെള്ളത്തിൽ നിന്ന് വ്യത്യസ്തമായി) ആർക്കും സ്വകാര്യമായി ഉടമപ്പെടുത്താൻ കഴിയില്ലെന്ന ഫിഖ്ഹിലെ (ഇസ്‌ലാമിക കർമ്മശാസ്ത്രം) കൃത്യമായൊരു തത്വത്തെ അടിസ്ഥാനമാക്കിയാണ് കാർഗിലിൽ കൂട്ടായ ജലസേചന സംവിധാനങ്ങളിലൂടെ വെള്ളം വിതരണം ചെയ്യുന്നത്. പ്രകൃതിയോടുള്ള കേവലമൊരു ആത്മീയ ആഭിമുഖ്യമല്ല ഇത്. മറിച്ച്, ഇസ്‌ലാമിക കർമ്മശാസ്ത്ര (Fiqh) പാരമ്പര്യത്തിൽ നിന്ന് ഉൾക്കൊണ്ട ഈ നിയമസങ്കല്പം അവിടുത്തെ ജലസേചന വ്യവസ്ഥയിൽ പ്രകൃതിവിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കുന്ന ഒരു ധർമ്മമാണ് നിർവ്വഹിക്കുന്നത്: അതായത്, ആർക്കൊക്കെ വെള്ളം ഉപയോഗിക്കാം, ഏത് മുൻഗണനാ ക്രമത്തിൽ ഉപയോഗിക്കണം, നീർച്ചാലുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഏത് മാനദണ്ഡത്തിൽ പരിഹരിക്കണം എന്നതൊക്കെ നിശ്ചയിക്കുന്നത് ഈ നിയമതത്വമാണ്.


കാർഗിലിന്റെ പശ്ചാത്തലത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്നത്, അവിടുത്തെ ഇസ്‌ലാമിക പദാവലികൾ അവിടുത്തെ പാരിസ്ഥിതിക പ്രതിസന്ധികളോട് എത്രമാത്രം കൃത്യതയോടെയാണ് പൊരുത്തപ്പെട്ടുപോകുന്നത് എന്നതാണ്. ആ അതിശൈത്യ മരുഭൂമിയിലെ ഏറ്റവും ദുർലഭമായ രണ്ട് വിഭവങ്ങളായ വിറകും വെള്ളവും, യഥാക്രമം വിചാരണാർഹമായ സംരക്ഷണോത്തരവാദിത്വം (accountable stewardship) എന്ന ധാർമ്മിക ബോധ്യത്താലും, ഒഴുകുന്ന ജലം സ്വകാര്യസ്വത്തല്ലെന്ന കർമ്മശാസ്ത്ര തത്വത്താലുമാണ് നിയന്ത്രിക്കപ്പെടുന്നത്. ഇവയൊന്നും തന്നെ 'ഇസ്‌ലാം ഒരു ഹരിതമതമാണ്' എന്ന തരത്തിലുള്ള ഉപരിപ്ലവമായ അവകാശവാദങ്ങളല്ല. മറിച്ച്, തങ്ങൾക്ക് മുന്നിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ കൃത്യമായി കണ്ടത്തി ഉപയോഗിച്ച മതപ്രമാണ സങ്കൽപ്പങ്ങളാണ് (doctrinal resources) ഇവ. പുറത്തുനിന്നുള്ള ഒരാൾ അവരുടെ ആചാരങ്ങളിലേക്ക് മതത്തെ പിന്നീട് കൂട്ടിച്ചേർത്തു വായിക്കുന്നതിനേക്കാൾ, വിഭവക്ഷാമം അനുഭവിക്കുന്ന മനുഷ്യർ തങ്ങളുടെ പ്രകൃതിനിർവ്വഹണത്തിനായി മതപദാവലികളെ ഒരു നിയന്ത്രണസംവിധാനമായി എങ്ങനെ മാറ്റിയെടുക്കുന്നു എന്നതിന്റെ തെളിവാണിത്.


വിവർത്തനം: മിദ്ലാജ് വാഫി കൊടിയത്തൂർ

Articles
Sufism
Religion

Related Posts

Loading