KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

മഹത്തായ പാൻ്റമിക് നോവലുകൾ നമ്മെ പഠിപ്പിക്കുന്നത്

ഓർഹാൻ പാമൂക്

ഇസ്താംബൂൾ: എഷ്യയിലെ ദശലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കിയതും എന്നാൽ യൂറോപ്പിനെ അധികം ബാധിക്കാത്തതുമായ 1901 ൽ പൊട്ടിപുറപ്പെട്ട, മൂന്നാം പ്ലേഗ് മഹാമാരി എന്ന പേരിൽ അറിയപ്പെടുന്ന പ്ലേഗിന്റെ പശ്ചാതലത്തിൽ കഴിഞ്ഞ നാലു വർഷത്തോളമായി ഞാനൊരു ചരിത്ര നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി ഞാൻ എഴുതുന്ന നോവലായ "Nights of Plague" നെ കുറിച്ച് അറിയുന്ന എന്റെ സുഹൃത്തുക്കളും കുടുംബവും എഡിറ്റർമാരും പത്രപ്രവർത്തകരും പകർച്ചവ്യാധിയുമായി സംബന്ധിച്ച് ധാരാളം ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.


നിലവിലുള്ള കൊറോണ വൈറസും കുറേ കാലം മുമ്പ് സംഭവിച്ച കോളറയും പ്ലേഗും തമ്മിൽ പല സാമ്യതകളും കാണുന്നു എന്ന് അവർ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്. ശരിക്കും അവകൾക്കിടയിൽ ധാരാളം സമാനതകളുണ്ട്. മനുഷ്യ-സാഹിത്യ ചരിത്രത്തിലുടനീളം, പകർച്ചവ്യാധികളെ ഒരു പോലെയാക്കിയത് കേവലം വൈറസിന്റെയും രോഗാണുക്കൾക്കുമിടയിലുള്ള പൊതുസ്വഭാവം മാത്രമല്ല, മറിച്ച് എല്ലാത്തിനോടുമുള്ള നമ്മുടെ പ്രാരംഭ പ്രതികരണം ഒന്നായിരുന്നു.
ഏതൊരു പകർച്ചവ്യാധിയോടുമുള്ള പ്രഥമ പ്രതികരണം എല്ലായ്പ്പോഴും നിഷേധമായിരുന്നു. ദേശീയവും പ്രാദേശികവുമായ ഭരണകൂടം വൈകിയാണ് പ്രതികരിച്ച് തുടങ്ങിയത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടില്ലെന്ന് വരുത്തി തീർക്കാൻ അവർ വസ്തുതകൾ വളച്ചൊടിക്കുകയും കൃത്രിമ കണക്കുകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു.


പകർച്ചവ്യാധിയിലും മനുഷ്യ സ്വഭാവത്തിലും ഇതുവരെ എഴുതിയിട്ടുള്ള ഏറ്റവും പ്രകാശനീയമായ സാഹിത്യ കൃതിയായ 1664 ലെ A journal of the Plague year ന്റെ ആദ്യ പേജുകളിൽ, ലണ്ടന്റെ അയല്പക്കത്തുള്ള പ്രാദേശിക അധികൃതർ കണ്ടെത്തിയ മറ്റു രോഗങ്ങളെ മരണ കാരണങ്ങളായി രേഖപെടുത്തി, പ്ലേഗ് മരണത്തിന്റെ തോത് കുറക്കാൻ വേണ്ടി ശ്രമിച്ചതായി ഡാനിയൽ ഡിഫൊ (Daniel Defoe) രേഖപ്പെടുത്തുന്നുണ്ട്.



പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും റിയലിസ്റ്റിക്കായ 'The Betrothed' എന്ന 1827 ലെ നോവലിൽ ഇറ്റാലിയൻ എഴുത്തുകാരൻ അലസാൻഡ്രോ മാൻസോണി (Alessandro Manzoni), 1630 ലെ മിലാനിലുണ്ടായ പ്ലേഗിനോടുള്ള ഔദ്യോഗിക പ്രതികരണത്തിൽ അവിടത്തെ പ്രദേശവാസികളുടെ രോഷം വിശദീകരിക്കുകയും അതിന് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. തെളിവുകളുണ്ടായിരിന്നിട്ടു കൂടിയും, രോഗം ഉയർത്തുന്ന ഭീഷണിയെ മിലാൻ ഗവർണർ അവഗണിക്കുകയും, കൂടാതെ ഒരു പ്രാദേശിക രാജകുമാരന്റെ ജന്മദിനാഘോഷം റദ്ദാക്കാതിരിക്കുകയും ചെയ്തു. കൊണ്ടുവന്ന നിയന്ത്രണങ്ങൾ അപര്യാപ്തമായതിനാലും, അവ നടപ്പാക്കുന്നതിൽ വീഴ്ച വന്നതിനാലും സഹപൗരന്മാർ അത് ശ്രദ്ധിച്ചില്ല എന്നതിനാലും വളരെ വേഗത്തിൽ പ്ലേഗ് വ്യാപിക്കാൻ കാരണമായിയെന്നും മാൻസോണി ചൂണ്ടി കാണിക്കുന്നു.


പ്ലേഗ്‌ പകർച്ചവ്യാധി സംബന്ധിത മിക്ക കൃതികളും ജനരോഷത്തിന്റെ പ്രധാന കാരണമായി വിശദീകരിക്കുന്നത് ഭരണ കർത്താക്കന്മാരുടെ ശ്രദ്ധയില്ലായ്മയും കഴിവില്ലായ്മയും സ്വാർത്ഥതയുമാണ്. എന്നാൽ, ഡിഫോയെയും കാമുവിനെയും (Camus) പോലെയുള്ള മികച്ച എഴുത്തുകാർ, ജനരോഷത്തിന് പിന്നിലായി രാഷ്ട്രീയമല്ലാത്ത മനുഷ്യാവസ്ഥയുമായി അന്തർലീനമായ മറ്റുള്ള കാര്യങ്ങളിലേക്കും കൂടെ നോക്കാൻ അവരുടെ വായനക്കാരെ അനുവദിക്കുന്നുണ്ട്.


അനന്തമായ പ്രക്ഷോഭത്തിനും അതിരുകളില്ലാത്ത സമരത്തിനും പുറമെ വിധിയെ അപലപിക്കുകയും, എല്ലാ മരണത്തിനും മനുഷ്യ വേവലാതികൾക്കും സാക്ഷിയാവുകയും ഒരു പക്ഷെ ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിനെതിരെയും, ഇതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് ഉറപ്പില്ലാത്ത സംഘടിത മതപ്രസ്ഥാനങ്ങൾക്കെതിരെയുമുള്ള രോഷവും ഡിഫോയുടെ നോവൽ നമുക്ക് കാണിച്ച് തരുന്നു. പകർച്ചവ്യാധിയോടുള്ള മനുഷ്യന്റെ പ്രോത്സാഹനീയമല്ലാത്തതും സാർവത്രികവുമായ പ്രതികരണമാണ് എല്ലായ്പ്പോഴും കിംവദന്തികൾ സൃഷ്ടിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. മുൻകാല പകർച്ചവ്യാധികളിൽ തെറ്റായ വിവരങ്ങൾ വർധിക്കുകയും സംഭവത്തിൻ്റെ യഥാർത്ഥ ചിത്രം കാണാൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്.


പ്ലേഗുകളുടെ സമയത്ത് ജനങ്ങൾ തെരുവുകളിൽ കണ്ടുമുട്ടിയാൽ അവർ പരസ്പരം ദൂരം പാലിക്കുകയും, അതോടൊപ്പം, രോഗത്തെക്കുറിച്ചുള്ള പല ചിത്രങ്ങളും ഒരുമിച്ച് ചേർക്കുന്നതിന് വേണ്ടി അതത് നഗരങ്ങളിൽ നിന്നും അയൽപക്കങ്ങളിൽ നിന്നുമുള്ള വാർത്തകളും കഥകളും പരസ്പരം ചോദിച്ചറിയുകയും ചെയ്യുന്നതായി ഡിഫോയും മാൻസോണിയും എഴുതിയിട്ടുണ്ട്. ഈയൊരു വിശാല വീക്ഷണത്തിലൂടെ മാത്രമേ മരണത്തിൽ നിന്ന് രക്ഷപ്പെടാനും ഒരു സുരക്ഷിത അഭയ കേന്ദ്രം കണ്ടെത്താനും സാധിക്കുകയുള്ളൂ എന്നാണവർ പ്രത്യാശിക്കുന്നത്.


പത്രങ്ങളും റേഡിയോയും ടെലിവിഷനും ഇന്റർനെറ്റുമില്ലാത്ത ഒരു ലോകത്ത് നിരക്ഷരരായ ബഹുഭൂരിപക്ഷത്തിന് എവിടെയാണ് അഭയമുള്ളത്, എത്രയാണ് ഇതിന്റെ തീവ്രത, ഇത് മുഖേനയുള്ള മാനസിക പ്രയാസങ്ങളുടെ തോത് എങ്ങനെയാണ് തുടങ്ങിയവയെ കുറിച്ച് ഭാവനകൾ മാത്രമാണുണ്ടായിരുന്നത്. ഭാവനയിലുള്ള ഈ കാര്യങ്ങൾ ഓരോ വ്യക്തിയുടെ ഭയത്തിനും അതിന്റേതായ വ്യക്തിഗത മാനം നൽകുകയും, പ്രാദേശികവത്കരിക്കപ്പെട്ടതും ആത്മീയമായതും പുരാണങ്ങളോട് ബന്ധിതമായതുമായ ഒരു ഭാവനാ രീതിയെ ഉൾകൊള്ളുകയും ചെയ്തു.


പ്ലേഗ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ഉണ്ടായിരുന്ന ഒരു സാധാരണ അഭ്യൂഹമായിരുന്നു ആര് ഈ അസുഖം കൊണ്ടുവന്നു, എവിടെ നിന്നും ഇത് വന്നു എന്നത്. മാർച്ച്‌ പകുതിയോടെ, തുർക്കിയിൽ പരിഭ്രാന്തിയും ഭയവും വ്യാപിച്ച് കൊണ്ടിരിക്കുന്ന സമയത്ത്, ഇസ്താംബൂളിലെ എന്റെ അയല്പക്കത്തുള്ള സിംഹഗീറിലെ (Cihangir) എന്റെ ബാങ്ക് മാനേജർ നന്നായി അറിയുന്ന പോലെ എന്നോട് പറഞ്ഞു: "ഇത്" അമേരിക്കക്കും മറ്റുള്ള ലോകരാജ്യങ്ങൾക്കുമെതിരെയുള്ള ചൈനയുടെ സാമ്പത്തിക തിരിച്ചടിയാണ്.


തിന്മയെ പോലെ പ്ലേഗും പുറത്തു നിന്നുള്ള ഒന്നായി എല്ലായ്പ്പോഴും ചിത്രീകരിക്കപ്പെട്ടു. ഇത് മുമ്പ് മറ്റൊരിടത്ത് ബാധിക്കപ്പെടുകയും എന്നാൽ അതിനെ നിയന്ത്രിക്കാൻ വേണ്ടത്ര സാധിക്കാതെ വരികയും ചെയ്തു. ഇത് പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയത് അങ്ങ് ദൂരെയുള്ള എത്യോപയിൽ നിന്നും ഇജിപ്തിൽ നിന്നുമാണെന്നാണ്, ഏഥൻസിലെ പ്ലേഗ് വ്യാപനത്തെ കുറിച്ച് തുസിഡിസീസ് (Thucydides) ചൂണ്ടിക്കാട്ടുന്നത്.


രോഗം ഒരു വിദേശിയാണ്, അതെപ്പോഴും പുറത്ത് നിന്നാണ് വരുന്നത്. അതോടൊപ്പം എപ്പോഴുമൊരു ദുരുദ്ദേഷ്യവുമുണ്ടാകും. അതിന്റെ യഥാർത്ഥ വാഹകരുടെ ഐഡന്റിറ്റിയെ കുറിച്ചുള്ള കിംവദന്തികൾ എല്ലായ്‌പോയും വ്യാപകവും ജനകീയവുമാണ്.


The Betrothed ൽ, മധ്യകാലം മുതൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ട സമയത്തുള്ള മനുഷ്യഭാവനയുടെ ഒരു ഗഹനമായ ചിത്രം മാൻസോണി വിശദീകരിക്കുന്നുണ്ട്: വാതിൽപ്പടിയിലും നീരുറവകളിലും പ്ലേഗ് ബാധിച്ച ദ്രാവകങ്ങൾ വിതറി നടക്കുന്ന പൈശാചികവും ദ്രോഹിയുമായ ഒരാളുടെ സാന്നിദ്ധ്യമുണ്ട് എന്ന കിംവദന്തി എല്ലായ്പോഴും നിലനിന്നിരുന്നു. അല്ലെങ്കിൽ, പള്ളിക്കകത്ത് ക്ഷീണമകറ്റാൻ വേണ്ടി തറയിലിരുന്ന വയോധികൻ തന്റെ കോട്ട് തിരുമ്മിയത് രോഗം പടർത്താനാണെന്ന്, അതു വഴി പോയ ഏതെങ്കിലുമൊരു സ്ത്രീ പഴിചാരിയേക്കാം. തൊട്ടടുത്ത നിമിഷം അവിടെ ഒരു ജനക്കൂട്ടം ഒത്തുകൂടിയിട്ടുണ്ടാകും.


കേട്ടുകേൾവി, പരിഭ്രാന്തി, പ്രക്ഷോഭം എന്നിവ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള അനിയന്ത്രിതവും അപ്രതീക്ഷിതവുമായ അക്രമം നവോത്ഥന കാലം മുതൽ തന്നെ പ്ലേഗ് മഹാമാരികളുടെ കണക്കിൽ സാധാരണയാണ്. റോമൻ ഭരണത്തിലുള്ള ക്രിസ്ത്യാനികൾ റോമൻ ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ആചാരങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് സ്‌മോൾ പോക്സ് ഉണ്ടായത് എന്ന് പറഞ്ഞ് മാർകോസ് ഒറേലിയാസ് (Marcus Aurelius) അവരെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അത് പോലെത്തന്നെ, ഓട്ടോമൻ ഭരണത്തിലും ക്രിസ്തീയ യൂറോപ്പിലും കിണറുകൾ വിഷമയമാക്കി എന്ന പേരിൽ തുടർന്നുള്ള പ്ലേഗ് സമയത്ത് ജൂതന്മാരും ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്.


പ്ലേഗുകളുടെ ചരിത്രവും സാഹിത്യവും നമുക്ക് കാണിച്ചു തരുന്നത്, കഷ്ടപ്പാടിന്റെയും മരണ ഭയത്തിന്റെയും ആദ്ധ്യാത്മിക ഭയത്തിന്റെയും പീഢിതരായ ജനങ്ങൾ അനുഭവിക്കുന്ന അസ്വഭാവികതയുടേയും തീവ്രത, അവരുടെ കോപത്തിന്റെയും രാഷ്ട്രീയ അസംതൃപ്തിയുടേയും ആഴം നിർണയിക്കുമെന്നാണ്.


കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്തും, പഴയ പ്ലേഗ് മഹാമാരികളെ കാലത്തെ പോലെ, അടിസ്ഥാന രഹിതമായ കിംവദന്തികളും ആരോപണങ്ങളും, ദേശീയ, മത, വംശീയ, പ്രാദേശിക സ്വത്വത്തിൽ കാര്യമായ സ്വാധീന്യം ചെലുത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളും വലതുപക്ഷ പോപുലിസ്റ്റ് മീഡിയകളും നുണകൾ വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുമുണ്ട്.


എന്നാൽ, മുമ്പുള്ള മഹാമാരിക്കാലത്തുണ്ടായിരുന്ന ജനങ്ങളേക്കാൾ നമ്മൾ ജീവിക്കുന്ന സമയത്തുള്ള മഹാമാരിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. അത് തന്നെയാണ് നാം ഇപ്പോൾ അനുഭവിക്കുന്ന ശക്തവും ന്യായവുമായ ഭയത്തെ വ്യത്യസ്തമാക്കുന്നതും. കിംവദന്തികൾ നമ്മുടെ ഭയാനകതയെ പുഷ്ടിപ്പെടുത്തുന്നത് കുറയാനും, യാഥാർത്ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങൾ നമുക്ക് ലഭ്യമാകാനും തുടങ്ങി.


നമ്മുടെ രാജ്യങ്ങളുടേയും ലോകത്തിന്റെയും ഭൂപടങ്ങളിൽ ചുവന്ന കുത്തുകൾ പെരുകുന്നത് കാണുമ്പോൾ രക്ഷപ്പെടാൻ ഒരു സ്ഥലവും ലോകത്ത് അവശേഷിക്കുന്നില്ല എന്ന് നമ്മൾ മനസ്സിലാക്കുന്നു. ഏറ്റവും മോശമായവസ്ഥയെ ഭയപ്പെടാൻ നമുക്ക് ചിന്തിക്കേണ്ട ആവശ്യം പോലുമില്ല. ചെറിയ ഇറ്റാലിയൻ പട്ടണങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വഹിച്ച് പോവുന്ന കറുത്ത വലിയ പട്ടാള ട്രക്കുകളുടെ വീഡിയോകൾ നാം കാണുന്നത് നമ്മുടെ സ്വന്തം ശവസംസ്ക്കാര ഘോഷയാത്ര കാണുന്നത് പോലെയാണ്.



എന്നിരുന്നാലും നാം അനുഭവിക്കുന്ന ഭീകരതയിൽ ഭാവനയും വ്യക്തിത്വവും വരുന്നില്ല. മാത്രമല്ല, നമ്മുടെ പരസ്പര മനുഷ്യത്വവും ദുർബലമായ ജീവിതവും എങ്ങനെയാണ് അപ്രതീക്ഷിതമായി സമാനപ്പെടുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. മരണചിന്ത പോലെയുള്ള ഭയം, നമ്മെ ഏകാഗ്രതയിൽ തളക്കുകയും അതേസമയം, ഏകാഗ്രതക്കപ്പുറം നാമെല്ലാവരും ഒരേ അനുഭവം തന്നെ അഭിമുഖീകരിക്കുന്നു എന്ന തിരിച്ചറിവ് നമ്മിൽ സംഭവിക്കുകയും ചെയ്യുന്നു. ഫേസ് മാസ്ക് എങ്ങനെ/ എവിടെ ധരിക്കണം? പലചരക്ക് കടയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യണം? സ്വയം ക്വാറന്റൈൻ ചെയ്യണോ? തുടങ്ങിയ നമുക്ക് അനുഭവപ്പെടുന്ന അതേ ആശങ്കകൾ തായ്ലന്റ് മുതൽ ന്യൂയോർക്ക് വരെയുള്ള എല്ലാ ജനതയും പങ്ക് വെക്കുന്നു എന്ന അറിവ് നമ്മൾ ഒറ്റക്കല്ല എന്ന ഒരു നിരന്തര ഉണർത്തലാണ്. അതൊരു ഐക്യദാർഢ്യ ബോധം ജനിപ്പിക്കുന്നുണ്ട്. നമ്മളിനിയും ഭയത്താൽ അപമാനിതരാവുകയില്ല. പരസ്പര ഉൾക്കൊള്ളലുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിനയഭാവം നമ്മൾ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.


ലോകത്ത് ഏറ്റവും വലിയ ആശുപത്രികളുടെ പുറത്ത് കാത്ത് നിൽക്കുന്ന വലിയൊരു ജനതയുടെ ചിത്രം ടെലിവിഷനിലൂടെ കാണുമ്പോൾ എന്റെ ഭീകരത മനുഷ്യരാശിയിലെ മറ്റുള്ളവരുമായി പങ്കിടുന്നത് എനിക്ക് കാണാൻ കഴിയുന്നു. എനിക്ക് ഏകാന്തത അനുഭവപ്പെട്ടതാകുന്നു. കാലക്രമേണ എനിക്ക് എന്റെ ഭയത്തെ കുറിച്ചുള്ള ലജ്ജ കുറയുകയും, ഇത് തികച്ചും വിവേക പൂർണമായ പ്രതികരണമായി തോന്നുകയും ചെയ്യുന്നു. മഹാമാരികളെയും പ്ലേഗിനേയും കുറിച്ചുള്ള "ഭയപ്പെടുന്നവർ കൂടുതൽ കാലം ജീവിക്കും" എന്ന പഴഞ്ചൊല്ല് എനിക്ക് ഓർമ്മ വരുന്നു.


ആത്യന്തികമായി ഭയം എന്നിൽ (ഒരു പക്ഷേ നാം എല്ലാവരിലും) രണ്ട് വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ചില സമയങ്ങളിൽ അത് എന്നെ ഏകാന്തതയും മൂകതയും പഠിപ്പിക്കുന്നു. മറ്റു ചില സമയങ്ങളിൽ അതെന്നെ വിനയവും ഐക്യദാർഢ്യവും പഠിപ്പിക്കുന്നു.


30 വർഷം മുമ്പാണ് ഒരു പ്ലേഗ് നോവൽ എഴുതുന്നത് ഞാനാദ്യമായി സ്വപ്നം കാണാൻ തുടങ്ങുന്നത്. ആ പ്രാരംഭ ഘട്ടത്തിലും എൻ്റെ ശ്രദ്ധ മരണഭയത്തിലായിരുന്നു. 1561 ൽ, മഹാനായ സുലൈമാൻ രാജാവിൻ്റെ (Suleiman the Magnificent) ഭരണകാലത്ത് ഉസ്മാനിയ സാമ്രാജ്യത്തിലേക്കുള്ള ഹപ്സ്ബർഗ് (Hapsburg) സാമ്രാജ്യത്തിന്റെ അംബാസഡറായിരുന്ന എഴുത്തുകാരൻ ഒഗിയർ (Ogier Ghiselin de Busbecq) ഇസ്‌താംബൂളിലുണ്ടായിരുന്ന പ്ലേഗിൽ നിന്ന് രക്ഷനേടിയത്, ഇസ്‌താംബൂളിലെ മർമര കടലിന്റെ (Sea of Marmara) തെക്ക് കിഴക്കൻ ഭാഗത്തുള്ള പ്രിൻസസ് ദ്വീപുകളിൽ (Princes' Islands) ഏറ്റവും വലതും ആറു മണിക്കൂർ അകലെയുള്ളതുമായ പ്രിൻകിപോ (Prinkipo) എന്ന ദ്വീപിൽ അഭയം പ്രാപിച്ചുകൊണ്ടാണ്. ഇസ്‌താംബൂളിൽ കൊണ്ടു വന്ന അപര്യാപ്തമായ കർശന ക്വാറന്റൈൻ നിയമങ്ങളെ അദ്ദേഹം അടയാളപ്പെടുത്തുകയും, അവരുടെ മതമായ ഇസ്ലാം കാരണം തുർക്കികൾ 'ഫേറ്റലിസ്റ്റ്'കളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.


തുർക്കും മുഹമ്മദൻസും മുൻകൂട്ടി പ്രവചിക്കപ്പെട്ട സങ്കൽപ്പങ്ങളെക്കുറിച്ചും, എല്ലാ മനുഷ്യന്റെയും അന്ത്യം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന വിശ്വാസത്തെക്കുറിച്ചും, ഏകദേശം ഒന്നര നൂറ്റാണ്ടിന് ശേഷം, ജ്ഞാനിയായ ഡിഫോ പോലും തന്റെ ലണ്ടൻ പ്ലേഗ് നോവലിൽ എഴുതുകയുണ്ടായി. മതേതരത്വത്തിന്റെയും ആധുനികതയുടേയും പശ്ചാതലത്തിൽ മുസ്ലിംകളുടെ ഫേറ്റലിസത്തെക്കുറിച്ച് ചിന്തിക്കാൻ എന്റെ പ്ലേഗ് നോവൽ എന്നെ സഹായിക്കുമായിരിക്കും.


മഹാമാരിക്കാലത്ത് ക്വാറന്റൈൻ നടപടികൾ സഹിക്കണമെന്ന് മുസ്ലിംകളെ ബോധ്യപ്പെടുത്തുന്നത് ചരിത്രപരമായി എല്ലായ്പോഴും ക്രിസ്ത്യനികളേക്കാൾ പ്രയാസമാണ്, പ്രത്യേകിച്ച് ഓട്ടോമൻ സാമ്രാജ്യത്ത്. ക്വാറന്റൈനിനെ ചെറുക്കുമ്പോൾ കടയുടമകളും എല്ലാ മതസ്ഥരായ ഗ്രാമീണരും ഉയർത്തുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള പ്രതിഷേധങ്ങൾ, മുസ്ലിം സമുദായങ്ങൾക്കിടയിൽ സ്ത്രീ പാതിവ്രത്യത്തിനും ഗാർഹിക സ്വകാര്യതയ്ക്കും ചുറ്റുമുള്ള പ്രശ്നങ്ങളാൽ സങ്കീർണമായിരുന്നു. 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുസ്ലിം സമുദായങ്ങൾ 'മുസ്ലിം ഭിഷഗ്വരൻ'മാരെ ആവശ്യപ്പെട്ടു. കാരണം ഓട്ടോമൻ സാമ്രാജ്യത്തിൽ പോലും മിക്ക ഡോക്ടർമാരും അന്ന് ക്രിസ്ത്യാനികളായിരുന്നു.

സ്റ്റീംബോട്ടുകളിൽ യാത്ര ചെയ്യുന്നത് വില കുറഞ്ഞതിനാൽ, 1850 മുതൽ മുസ്ലിം പുണ്യ ഭൂമികളായ മക്ക, മദീനയിലേക്ക് യാത്ര ചെയ്തിരുന്ന തീർത്ഥാടകരായിരുന്നു പകർച്ചവ്യാധികളുടെ ബഹുലരായ വാഹകരും പ്രചാരകരും. 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മക്കയിലേക്കും മദീനയിലേക്കുമുളള തീർത്ഥാടകരെ നിയന്ത്രിക്കാനും അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാനും വേണ്ടി ബ്രിട്ടീഷുകാർ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ലോകത്തിലെ തന്നെ പ്രമുഖ ക്വാറന്റൈൻ ഓഫീസുകളിലൊന്ന് സ്ഥാപിക്കുകയുണ്ടായി.


ഈ ചരിത്ര സംഭവ വികാസങ്ങൾ മുസ്ലിം ഫേറ്റലിസത്തെ കുറിച്ചുളള സ്റ്റീറിയോടൈപ്പിക്ക് സങ്കല്പം മാത്രമല്ല, അതോടൊപ്പം അവരും ഏഷ്യയിലെ മറ്റ് ജനങ്ങളും പകർച്ചവ്യാധിയുടെ ഉപജ്ഞാതാക്കളും ഏക വാഹകരുമാണെന്ന മുൻധാരണയും പ്രചരിപ്പിക്കപ്പെട്ടു.


ദാസ്തയേവസ്കിയുടെ () "കുറ്റവും ശിക്ഷയും" () എന്ന നോവലിന്റെ അവസാന ഭാഗത്ത്, നോവലിലെ നായകനായ വാസ്കോൾ നിക്കോവ് () ഒരു പ്ലേഗിനെ കുറിച്ച് സ്വപ്നം കണ്ടുകൊണ്ട് അതേ സാഹിത്യ പരമ്പരയിൽ അദ്ദേഹം സംസാരിക്കുന്നത് ഇങ്ങനെയാണ്: "ഏഷ്യയുടെ ആഴങ്ങളിൽ നിന്നും യൂറോപ്പിലേക്ക് വന്ന ഭയാനകമായ വിചിത്രമായ പ്ലേഗ് മൂലം ലോകം മുഴുവനും ശിക്ഷിക്കപ്പെടുന്നതായി അദ്ദേഹം സ്വപ്നം കണ്ടു."


17ഉം 18ഉം നൂറ്റാണ്ടിലെ ഭൂപടങ്ങളിൽ പടിഞ്ഞാറിനപ്പുറമുള്ള ലോകം ആരംഭിക്കുന്നതായി കരുതപ്പെടുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ അതിർത്തിയായി ഡാന്യൂബ് (Danube) ആയിരുന്നു അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ, രണ്ട് ലോകങ്ങൾക്കിടയിലുള്ള സംസ്കാരികവും നരവംശശാസ്ത്രപരവുമായ അതിർത്തി പ്ലേഗിലൂടെയായിരുന്നു സൂചിപ്പിച്ചിരുന്നത്. അത് പിടിപെടാനുള്ള സാധ്യത ഡാന്യൂബിൻ്റെ കിഴക്ക് കൂടുതലായിരുന്നു എന്നതാണ് വസ്തുത. ഇതെല്ലാം, കിഴക്കിലേക്കും ഏഷ്യൻ സംസ്കാരങ്ങളിലേക്കും ആരോപിക്കപ്പെടുന്ന 'ഫേറ്റലിസം' എന്ന ആശയത്തെ മാത്രമല്ല, പ്ലേഗും മറ്റ് പകർച്ചവ്യാധികളും എല്ലായ്പോഴും കിഴക്കിന്റെ ഇരുണ്ട ആഘാതങ്ങളിൽ നിന്നാണ് വരുന്നതെന്ന മുൻധാരണയെയും ശക്തിപ്പെടുത്തി.


നിരവധി പ്രാദേശിക ചരിത്ര വിവരണങ്ങളിൽ നിന്ന് നമ്മൾ ശേഖരിച്ച ചിത്രം നമ്മോട് പറയുന്നത്, വലിയ പ്ലേഗ് പകർച്ചവ്യാധികൾക്കിടയിലും ഇസ്താംബൂളിലെ പള്ളികൾ എപ്പോഴും ശവസംസ്കാര ചടങ്ങുകൾ നടത്തിയിരുന്നുവെന്നും, ദുഃഖിതർക്ക് അനുശോചനവും കണ്ണീരാലുള്ള ആലിംഗനവും അർപിക്കാൻ പരസ്പര സന്ദർശനങ്ങൾ നടത്തിയിരുന്നുവെന്നുമാണ്. ഈ അസുഖം എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് വ്യാപിക്കുന്നത് എന്നതിനേക്കാളേറെ അടുത്ത ശവസംസ്കാരത്തിന് വേണ്ട തയ്യാറെടുപ്പുകളിലായിരുന്നു ആളുകൾ ശ്രദ്ധ ചെലുത്തിയിരുന്നത്.


എന്നിട്ടും നിലവിലെ കൊറോണ വൈറസ് പാൻഡമിക് സമയത്ത് തുർക്കി സർക്കാർ ഒരു മതേതര സമീപനമാണ് സ്വീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്കാര ചടങ്ങുകൾ നിരോധിക്കുകയും, ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനയ്ക്കായി ആരാധകർ സാധാരണയായി വലിയ കൂട്ടങ്ങളായി ഒത്തുകൂടുന്ന വെള്ളിയാഴ്ചകളിൽ പള്ളികൾ അടച്ചിടാൻ അവ്യക്തമായ തീരുമാനം എടുക്കുകയുമുണ്ടായി. തുർക്കികൾ ഈ നടപടികളെ എതിർത്തിട്ടില്ല. നമ്മുടെ ഭയം എത്ര വലുതാണോ അത്ര തന്നെയാണ് ജ്ഞാനവും സഹനവും.


ഈ മഹാമാരിക്ക് ശേഷമുള്ള നിലവിലെ സാഹചര്യം സൃഷ്‌ടിച്ച എളിമയുടേയും ഐക്യദാർഢ്യത്തിന്റെയും വികാരങ്ങൾ നാം സ്വീകരിക്കുകയും പരിപോഷിപ്പിക്കുകയും വേണം. ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണത്.


വിവഃ മശ്ഹൂര്‍ അഷ്റഫ് മുണ്ടേരി


Source Text: What the Great Pandemic Novels Teach Us, Published in The New York Times

Literature
Current Affairs

Related Posts

Loading