മാനുഷികതക്ക് അപ്പുറത്ത് വിശുദ്ധ ഗ്രന്ഥത്തെ പ്രതിഷ്ടിക്കുന്ന ആസ്വാദന തലമാണ് ഖുർആനിന്റെ അനുകരണാതീത ഭാവം (I'jaz). കേവല വായനക്ക് പകരം ആഴമേറിയ പര്യവേക്ഷണവും സാഹിത്യ ബോധവും ധൈഷണികതയുമാണ് ഈ വായനാനുഭവത്തെ സാധ്യമാക്കുന്നത്. ഖുർആൻ ദിവ്യ ഗ്രന്ഥമായിരിക്കെ അതിന്റെ കാലാതീത പ്രസക്തിയും വായനയും പഠനവും സാധ്യമാക്കുന്നതിലും ഇതര ഗ്രന്ഥങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നതിലും ഈ അനനുകരണീയതയാണ് (Inimitability) പ്രവർത്തിക്കുന്നത്. മതത്തിലും സാമൂഹത്തിലും ചരിത്രത്തിലും ഈ ആശയത്തിന്റെ (Doctrine) ഇടവും പ്രവർത്തനങ്ങളുമാണ് ഈ രചന അന്വേക്ഷിക്കുന്നത്.
വിശുദ്ധ ഖുർആനിന്റെ ഭാഷ്യത്തിൽ നിന്നും ഈ സിദ്ധാന്തത്തിന്റെ വത്യസ്ത തലങ്ങളും ലക്ഷ്യവും പ്രവർത്തനവും വായിക്കാൻ സാധിക്കും. ഗ്രന്ഥത്തിൽ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത സൂക്തങ്ങളിലൂടെയാണ് ഇതിന്റെ പ്രതിപാദനം നടന്നിരിക്കുന്നത്. ഖുർആനിനോടുള്ള പൂർവ മക്കക്കാരുടെ വിമർശനങ്ങൾക്കുമുന്നിൽ ഒരു വലിയ സമസ്യയായിട്ടാണ് ഖുർആനിനോട് ഉപോൽപലകമായ ഒരു ഗ്രന്ഥത്തെ, അധ്യായത്തെ, സൂക്തങ്ങളെ ആവശ്യപ്പെട്ടു കൊണ്ടുള്ള ആയത്തുകൾ (Al-Isra:88, Hud:13, Yunus:38, At-Tur:34, Al-Baqarah:23) അവതീർണമാകുന്നത്. മറ്റൊരു വിധത്തിൽ, ഖുർആനിന്റെ ദൈവിക കർതൃത്വത്തെ സംശയിക്കുന്ന ഒരു മനുഷ്യന് അത്തരമൊരു ഗ്രന്ഥം സൃഷ്ടിക്കാമെന്നു കാണിച്ചുകൊണ്ട് ദിവ്യ ബോധനത്തെ നിരാകരിക്കാനുള്ള അവസരം കൂടിയായിരുന്നു അവകൾ. പക്ഷെ അവതരിക്കപ്പെട്ട ആദ്യ സൂക്തത്തിൽ നിന്നു കാലം പിന്നിടുമ്പോൾ ഫലം കാണുന്നില്ല എന്നതിന്റെ വ്യക്തതയാണ് ഒരു ഗ്രന്ഥത്തെ ആവശ്യപ്പെട്ടതിൽ നിന്നും മാറി ഒരു ചെറിയ അധ്യായമെങ്കിലും എന്ന ഭാഷയിലേക്ക് ഖുർആൻ മാറിയത്. പ്രത്യക്ഷത്തിൽ വായിക്കാൻ കഴിയുന്നതുപോലെ ഖുർആനിന്റെ വെല്ലുവിളിയാണ് അതിനോളം തികഞ്ഞ ഒരു ഗ്രന്ഥത്തെ മനുഷ്യനിൽ നിന്നും ആവശ്യപ്പെട്ടുള്ള ഈ രീതി. പല ശ്രമങ്ങങ്ങളും അതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ടെങ്കിലും ഖുർആൻ അവതരിച്ച കാലത്തെ കാവ്യ-സാഹിത്യ ലോകം പരിശ്രമിച്ചിട്ടും ഫലം കാണാതെ പോയ സംഭവങ്ങളാണ് ചരിത്രത്തിൽ കാണാൻ സാധിക്കുന്നത്.
സൈദ്ധാന്തിക തലങ്ങൾ
വിശ്വാസം എന്നതിലുപരി ഖുർആനിന്റെ ഈ വിശേഷണത്തെ സൈദ്ധാന്തികവൽക്കരിച്ചു കൊണ്ടുള്ള പഠനങ്ങൾ ഇസ്ലാമിക ലോകത്തും ഇസ്ലാമികേതരലോകത്തും കാണാൻ സാധിക്കും. മധ്യകാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്തിരുന്നത് ഖുർആനിന്റെ സാഹിത്യ ശ്രേഷ്ഠത (Sublimity) ഖുർആനിനെ അനനുകരണീയമാക്കുന്നതിന്റെ തലങ്ങളെ ആയിരുന്നു (Read the article - ഖുർആനിക സൗന്ദര്യം അതിസാഹിത്യവായനയുടെ അനിവാര്യതകൾ) . വൈയക്തിമായി ഖുർആൻ പാരായണങ്ങളിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന ആസ്വാദന തലം (Aesthetic Response) ഖുർആനിനെ അനന്യമാക്കുന്നത് അതിന്റെ മൂല്യ വായനയാണ് എന്നാണ് ഇത്തരം അന്വേഷണങ്ങളുടെ നിഗമനം. അതുകൊണ്ടു തന്നെ ഖുർആൻ മൂല്യ ഭാഷയിൽ നിന്നുള്ള വിവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചില പണ്ഡിതർ അതിനെ നിഷിദ്ധമാക്കുകയും ചെയ്തു. കാരണം ഖുർആനിന് സ്വതന്ത്രമായ ഒരു ഇടം അനുവദിക്കുന്നതിലും ആശയത്തെയും ഘടനയെയും ക്രമീകരിക്കുന്നതിലും അറബി ഭാഷക്ക് വലിയ പങ്കുണ്ട്. ആ സ്വാധീനത്തെ വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കി പറഞ്ഞത്: "മനുഷ്യന്റെ ഗ്രാഹ്യതക്ക് വേണ്ടി അറബി ഭാഷയിൽ അവതരിപ്പിച്ചു എന്നാണ്" (Yusuf :02). ഖുർആനിന്റെ സാഹിതീയതയെ പുതിയ കാലവായനകൾ സമീപിച്ചത് സൗന്ദര്യാത്മകവും കാവ്യാത്മകവുമായ തലങ്ങളെ അന്വേഷിച്ചു കൊണ്ടായിരുന്നു. ഖുർആനിന്റെ അഖ്യാനങ്ങളിലെ പാരസ്പര്യതയെ (Coherence and Cohesion) വിശദീകരിക്കുന്ന ശ്രദ്ദേയമായ ഒരു സമീപനമായിരുന്നു 'തിയറി ഓഫ് റിങ് കമ്പോസിഷൻ' (വൃത്ത രൂപത്തിൽ അല്ലെങ്കിൽ മിറർ ഇമേജായി ആശയങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആഖ്യനങ്ങൾ) പ്രയോഗിച്ചുകൊണ്ടുള്ള പഠനങ്ങൾ.
പുതിയകാല വായനകളിലൂടെ കടന്നു വന്ന മറ്റൊരു ശൈലിയായിരുന്നു ഖുർആനിനെ ശാസ്ത്രീയ അന്വേഷണങ്ങളുടെ ഭാഗമാക്കിയുള്ള വായന. ഇതിലൂടെ ഖുർആനിലെ ചില വാക്യങ്ങളിൽ ആധുനിക കാലത്ത് മാത്രം കണ്ടുപിടിച്ച ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഖുർആനിൻ്റെ അത്ഭുതത്തെ സ്ഥിരീകരിക്കുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. പ്ലേറ്റ് ടെക്‌റ്റോണിക്‌സ്, പ്രപഞ്ചത്തിൻ്റെ വികാസം, ഭൂഗർഭ സമുദ്രങ്ങൾ, ജീവശാസ്ത്രം, മനുഷ്യ പരിണാമം, മനുഷ്യജീവിതത്തിൻ്റെ ആരംഭവും ഉത്ഭവവും എന്നിവ പോലുള്ള വിഷയങ്ങളെക്കുറിച്ചുള്ള ആധുനിക ശാസ്‌ത്രീയ വസ്‌തുതകളുടെ വിശദീകരണം ചില പ്രത്യേക വാക്യങ്ങളിലും സൂക്തങ്ങളിലും അടങ്ങിയിരിക്കുന്നതായി നിരൂപകർ വാദിക്കുന്നു. ഖുർആനിൽ ഉപയോഗിച്ച പദങ്ങൾ (Diction) അലക്ഷ്യമല്ല എന്ന ധ്വനിയാണ് ഇത്തരം അന്വേഷണങ്ങൾ വ്യക്തമാക്കുന്നത്.
ആധുനിക നിരീക്ഷണം
ആധുനിക ഖുർആൻ ഗവേഷകയായ ആഞ്ചെലിക്ക ന്യൂവിർത്ത് ഇഅ്ജാസ് സിദ്ധാന്തത്തിൻ്റെ ആവിർഭാവത്തിലേക്ക് നയിച്ച ഘടകങ്ങളായി ചില കാര്യങ്ങളെ പരിഗണിക്കുന്നുണ്ട്. ഒന്ന്: നബിയുടെ പ്രവാചകത്വത്തെ തെളിയിക്കുന്ന വിശുദ്ധ ഖുർആനിലെ ഇഅ്ജാസിനെ വിവരിച്ചു വന്ന വെല്ലുവിളിയുടെ ആയത്തുകൾ വിശദീകരിക്കേണ്ടതിൻ്റെ ആവശ്യകതയും, മറ്റൊന്ന്: ഒമ്പതാം നൂറ്റാണ്ടിൽ ഇറാനിയൻ ശുഉബിയ്യ പ്രസ്ഥാനവുമായുള്ള ഏറ്റുമുട്ടലിൻ്റെ പശ്ചാത്തലത്തിൽ അറബ് ദേശീയ അഭിമാനം സംരക്ഷിക്കാൻ വേണ്ടി വികസിപ്പിച്ച മേഖല എന്നുമാണ്. ഇസ്ലാമിക വിശ്വാസശാസ്ത്രത്തിൽ ദലാഇലുന്നുബുവ്വ (പ്രവാചകത്വത്തിന്റെ തെളിവുകൾ) ഏറെ ചർച്ചയും വിശദീകരണവും നടന്ന സംജ്ഞയാണ്. ഇസ്ലാമിന്റെ ജ്ഞാനശാസ്ത്രം മുഖ്യമായി കാണുന്ന ദൈവിക വെളിപാടിനെ സാക്ഷാത്കരിക്കുന്ന ഘടകമാണ് വെളിപാടും പ്രവാചകനും അഥവാ തിരുനബിയും വിശുദ്ധ ഖുർആനും. ഖുർആനിന്റെ അനുകരണാതീതമായ ശൈലി ഖുർആൻ ഒരു മനുഷ്യകൃതിയല്ല എന്ന് വ്യക്തമാക്കുന്നതോടോപ്പോം ഇത് പ്രവാചകരാലും രചിക്കപ്പെട്ടതല്ല എന്നും അറിയിക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസശാസ്ത്ര പ്രകാരം അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളെ ജനങ്ങൾക്ക് കൈമാറുന്ന ഒരു മധ്യവർത്തിയാണ് പ്രവാചകന്മാർ. നിരക്ഷരനായ തിരുനബിയിൽ നിന്നും അത്ഭുതപ്പെടുത്തുന്ന ആഖ്യാനങ്ങളും ആശയങ്ങളും കേട്ട പല ജനങ്ങളും ഇസ്ലാമിന്റെ ആദ്യ കാലത്തു തന്നെ ഇസ്ലാമിനെ ആശ്ലേഷിച്ചിരുന്നു. ഇഅ്ജാസിന്റെ സാമൂഹികമായ സ്വാധീനത്തെയാണ് ഈ ഭാവം സൂചിപ്പിക്കുന്നത്. പൂർണമായും അനുഭവിക്കാനാവാത്ത അനുഭവ തലമായിട്ടാണ് ഇഅ്ജാസിനെ പല പണ്ഡിതരും പരിചയപ്പെടുത്തിയിട്ടുള്ളത്. കാരണം ഇഅ്ജാസ് ഖുർആനിനെ അനന്യമാക്കുമ്പോൾ, അതിന്റെ ആസ്വാദന തലം പോലും നിർണിതമല്ലാതാകുന്ന അവസ്ഥയായി ഗണിക്കപ്പെടുന്നു. ഇസ്ലാമിലെ പല നിദാനശാസ്ത്ര പണ്ഡിതരും ഖുർആനിന്റെ അനുകരണാതീതയെ ഈ ഒരർത്ഥത്തിൽ വ്യാഖ്യാനിച്ചതായി കാണാം. കൂടെ അനർത്ഥമായ മതവിശ്വാസമായി (Religious Dogmas) മാറ്റിനിർത്തേണ്ടതല്ല ഈ യാഥാർത്ഥമെന്നതിന്റെ പരീക്ഷണാത്മകമായ പ്രേരണ കൂടിയാണ് ഖുർആനിന്റെ വെല്ലുവിളികൾ തുറന്നുവെക്കുന്നത്. കാരണം അനനുകരണീയമാകുക എന്നത് കേവല വാദമായി വായിക്കാൻ ശ്രമിക്കുന്നവർക്കും ഒരു പുനരാലോചനക്കുള്ള അവസരം നൽകുകയാണ് ഇവിടെ.
ഇസ്ലാമിക ലോകത്ത് വികസിച്ചു വന്ന വിവിധ ചർച്ചകളും പണ്ഡിത വ്യവഹാരങ്ങളും കാലത്തിനോടും പുതിയ പ്രവണതകളോടും ധൈഷണികമായ സംവാദത്തിൽ ഏർപ്പെട്ടു വികാസം പ്രാപിച്ചവയാണ്. ഖുർആനിനെ കാലഹരണപ്പെട്ട വാക്യങ്ങളായി കരുതിയ ഇടത്താണ് ശാസ്ത്രീയമായ ആലോചനകളും പുതിയ സാഹിത്യ സൗന്ദര്യങ്ങളും ഖുർആനിന്റെ പദാവലികളുടെ സൂക്ഷ്മമായ വായനകളിലൂടെ ഉരുത്തിരിഞ്ഞത്. ഖുർആനിനെ അറബ് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഉപയോഗിച്ച ചില ചലനങ്ങൾ അധുനിക തുർക്കിയുടെ ചരിത്രത്തിലും വായിക്കാൻ സാധിക്കും. ഇസ്ലാമിന്റെ തനതായ പരിസ്ഥിതിയിൽ നിന്നും അടർത്തിയുള്ള കാഴ്ചപ്പാടിന്റെയും ആവിഷ്കാരത്തിന്റെയും തലങ്ങളാണ് അവയെല്ലാം. അറബി ഭാഷയുടെ പ്രാധാന്യം ഇസ്ലാമിൽ പ്രസക്തമാകുന്നത് പ്രധാനമായും വിശുദ്ധ ഖുർആനും അതിന്റെ പ്രഥമ വ്യാഖ്യാനമായ തിരുനബിയുടെ ജീവിതവും ആ ഭാഷയുടെ സാഹചര്യങ്ങളോടും പരിസ്ഥിതിയോടും ബന്ധപ്പെട്ടു കിടക്കുന്നു എന്നതിലാണ്. ലോകത്ത് തുല്യതയില്ലാത്ത ഒരു കൃതിക്ക് അറബി ഭാഷയെ പരിഗണിച്ചതും അതിന്റെ തിരഞ്ഞെടുപ്പിനെ ഖുർആൻ തന്നെ പ്രസ്ഥാവിച്ചതും അറബി ഭാഷയുടെ മറ്റൊരു പ്രത്യേകതയെയാണ് കാണിക്കുന്നത്. അറബ് ദേശീയതയുടെ അഭിമാനമായി ഖുർആനിന്റെ അനനുകരണീയതയെ വായിക്കുമ്പോഴും അറബിയേതര പ്രദേശങ്ങളിലും ഈ മാഹാത്മ്യത്തെ വിശ്വസിക്കുകയും ആശയവത്കരണ പ്രവർത്തനങ്ങളിൽ എർപ്പെടുകയും ചെയ്യുന്ന വ്യക്തികളും സമൂഹങ്ങളുമുണ്ട്. സാമൂഹികമായും ഭൂമിശാസ്ത്രപരമായും വത്യാസങ്ങൾ അവർക്കിടയിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഖുർആൻ അവയേയെല്ലാം എകാത്മമാക്കുന്ന ദൗത്യം (Standardization) സമൂഹത്തിൽ നിർവഹിക്കുന്നുണ്ട്. അഥവാ വിവിധ മുസ്ലിം സംസ്കാരങ്ങൾക്കിടയിൽ പൊതുവായ ഒരു കൂട്ടം വിശ്വാസങ്ങളും മൂല്യങ്ങളും ആചാരങ്ങളും നൽകിക്കൊണ്ട് ഖുർആൻ ഒരു സ്റ്റാൻഡേർഡൈസേഷൻ ഉപകരണമായി വർത്തിക്കുന്നു. സാംസ്കാരിക വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ വിശ്വാസം, ധാർമ്മികത, പെരുമാറ്റം എന്നിവയുടെ കാര്യങ്ങളിൽ മുസ്ലിമുകളെ നയിക്കുന്ന അധികാരമായി (Authority) പ്രവർത്തിക്കുകയും ചെയ്യുന്നു. ഖുർആനിന്റെ ഈ പ്രവർത്തനം വൈവിധ്യമാർന്ന മുസ്ലീം സമുദായത്തിനുള്ളിൽ ഐക്യവും യോജിപ്പും ഉറപ്പാക്കുന്നതോടൊപ്പം പ്രാദേശികവും സാംസ്കാരികവുമായ വ്യതിയാനങ്ങൾക്കിടയിലും ഉൾച്ചേർക്കലും (Belonging) പരസ്പര സ്വത്വബോധം (shared identity) വളർത്തുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ രൂപപ്പെടുന്ന സ്വത്വം അറബി ദേശാഭിമാനത്തിനപ്പുറം ഖുർആനിനെ സാമൂഹികമായി ഇസ്ലാമികമായ തലത്തിലേക്ക് മാറ്റുകയാണ്.